ആ പുസ്തകം അടയുമ്പോള്‍ 

മലയാള പ്രസാധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ കൂടി വിട വാങ്ങി. റെയിന്‍ബോ ബുക്സ് ഉടമ എന്‍. രാജേഷ് കുമാര്‍. നമ്മുടെ പ്രസാധക രംഗത്ത് മഴവില്‍ നിറങ്ങള്‍ വിരിയിക്കണമെന്നാഗ്രഹിച്ച രാജേഷ് കുമാര്‍ ആ സ്വപ്നം പൂര്‍ത്തിയാകാതെയാണ് പോയത്. രാജേഷിനെക്കുറിച്ചും അദ്ദേഹം കണ്ട സ്വപ്നങ്ങളെക്കുറിച്ചും ചെറുകിട പ്രസാധന രംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഓര്‍ക്കുന്നു, പ്രസാധന രംഗത്ത് ശ്രദ്ധേയനായ റൂബിന്‍ ഡിക്രൂസ്

ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന റെയിന്‍ബോ ബുക്സിന്റ നടത്തിപ്പുകാരനായ എന്‍ രാജേഷ്കുമാര്‍ ഇന്നലെ വെളുപ്പിന് അന്തരിച്ചു. മലയാള പുസ്തകപ്രസാധനരംഗത്ത് ഒറ്റ വര്‍ണം പോര മഴവില്‍ വര്‍ണങ്ങള്‍ വിടരട്ടെ എന്നാഗ്രഹിച്ചിരുന്നു രാജേഷ്. ആ സ്വപ്നം പൂര്‍ത്തിയാകാതെയാണ് രാജേഷ് പോകുന്നത്. വികാരാവേശത്തോടെ പ്രസാധനത്തെ സ്നേഹിച്ചിട്ടും പരാജയപ്പെട്ട ഒരു പ്രസാധകനായിരുന്നു രാജേഷ്. രാജേഷിന്‍റെ മരണം നമ്മുടെ ചെറുകിട പ്രസാധനത്തിന്‍റെ ദുരന്തങ്ങളിലേക്ക് ഒരിക്കല്‍ കൂടെ ശ്രദ്ധ ക്ഷണിക്കുന്നു.

20 വര്‍ഷം മുമ്പൊരിക്കലാണ് ഞാന്‍ കോട്ടയത്തെ ഡിസി ബുക്സിന്റെ ഓഫീസില്‍ വച്ച് രാജേഷിനെ ആദ്യമായി കാണുന്നത്. അന്ന് ഡിസി കിഴക്കേമുറിയുടെ സെക്രട്ടറി ആയിരുന്നു രാജേഷ്. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ എംഫില്‍ മലയാളം വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. പിന്നീട് എന്‍ബിടിയില്‍ ചേര്‍ന്ന ശേഷം ആ ബന്ധം വളര്‍ന്നു. രാജേഷ് ഡിസിയുടെ പബ്ളിക്കേഷന്‍ മാനേജരായും ഉയര്‍ന്നു. ഡിസി ബുക്സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്‍റെ തലവനെന്ന നിലയില്‍ നിരവധി പ്രമുഖ പുസ്തകങ്ങളുടെ പ്രസാധനത്തിന് രാജേഷ് നേതൃത്വം വഹിച്ചു. മലയാള പുസ്തകലോകത്തെക്കുറിച്ച് ഏറ്റവും അറിവുള്ള ഒരാളായി രാജേഷ് ഇക്കാലത്ത് മാറി.

റൂബിന്‍ ഡിക്രൂസ്

ഡിസി ബുക്സിന്റെ പ്രതിനിധി ആയി ആദ്യം ഡിസി കിഴക്കേമുറിയുടെ ഒപ്പവും പിന്നീട് രവി ഡിസിയുടെ ഒപ്പവും ലോകപുസ്തകമേളയ്ക്കും മറ്റും ഡെല്‍ഹിയില്‍ വരുമ്പോള്‍ ഞങ്ങള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. എനിക്കിന്നും അജ്ഞാതമായ കാരണങ്ങളാല്‍ രാജേഷ് പിന്നീട് ഡിസി ബുക്സ് വിട്ട് സ്വന്തം പ്രസാധന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. സാഹസികമായ ഒരു തീരുമാനമായിരുന്നു അത്. രാജേഷ് തുടങ്ങിയ റെയിന്‍ബോ ബുക്സിന്‍റെ തുടക്കത്തിലുണ്ടായിരുന്ന ആവേശമൊക്കെ പിന്നീട് കുറഞ്ഞു വന്നു. ലോകപുസ്തകമേളയ്ക്ക് എപ്പോഴും വരുന്ന ഒരു പ്രസാധകന്‍ എന്നതില്‍ നിന്ന് പിന്നീട് മുടക്കമുണ്ടാവാന്‍ തുടങ്ങി. റെയിന്‍ബോ സാമ്പത്തികമായി നല്ല സ്ഥിതിയിലല്ലെന്ന് രാജേഷ് പിന്നീടൊക്കെ കാണുമ്പോള്‍ പറയാന്‍ തുടങ്ങി.

നെല്ലിക്കല്‍ മുരളീധരന്‍റെ കേരള ജാതിവിവരണം തുടങ്ങി പല ശ്രദ്ധേയങ്ങളായ പുസ്തകങ്ങളും രാജേഷ് റെയിന്‍ബോ ബുക്സിലൂടെ പുറത്തിറക്കി. അഷിത എഴുതി നമ്പൂതിരി വരച്ച കുട്ടികളുടെ രാമായണത്തിന് മികച്ച പ്രസാധനത്തിനുള്ള പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആചാര്യ നരേന്ദ്രഭൂഷണ്‍റെ പുസ്തകങ്ങളും ശ്രദ്ധേയമായിരുന്നു.

കേരളത്തിലെ ചെറുകിട പ്രസാധകരുടെ സംഘടന ആയ കേരള പുസ്തകപ്രസാധകസംഘത്തിന്‍റെ നേതാവായിരുന്നു രാജേഷ്. (അതിനു മുമ്പ് ഡിസിയിലെ പബ്ളിക്കേഷന്‍ മാനേജര്‍ എന്ന നിലയില്‍ കേരള പബ്ളിഷേഴ്സ് അസോസിയേഷന്റെയും ഭാരവാഹി ആയിരുന്നിട്ടുണ്ട്.) എന്നാലും കേരളത്തില്‍ വച്ച് ഞങ്ങള്‍ പിന്നീട് കാണുമ്പോഴൊക്കെ ചെറുകിട പ്രസാധകരുടെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച് രാജേഷ് തുറന്നു സംസാരിക്കുമായിരുന്നു. ഗ്രനഥശാല മേളകളിലെ അനാരോഗ്യപ്രവണതകളെക്കുറിച്ചൊക്കെ എന്നോടു പലപ്പോഴും പറഞ്ഞിട്ടുള്ളത് രാജേഷ് ആണ്.

ഞാന്‍ എപ്പോഴും രാജേഷിനോടു ചോദിക്കാറുണ്ടായിരുന്ന ഒരു ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല, ഡെല്‍ഹിയിലെ ചെറുകിയ പ്രസാധകര്‍ മത്സരിക്കുന്നത് ലോകത്തെ ഏറ്റവും വലിയകുത്തകകളോടാണ്. റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ ഹാര്‍പര്‍ കോളിന്‍സ്, ഫ്രഞ്ച് കുത്തക ആയ ഹാഷെറ്റ്, പെന്‍ഗ്വിനെ വിഴുങ്ങിയ അമേരിക്കന്‍ കുത്തക പിയേഴ്സണ്‍ എന്നിവയോട്. പക്ഷേ, ഡെല്‍ഹിയിലെ, രാജേഷിനെപ്പോലുള്ളവരുടെ പാഷനുമായി പ്രസാധനം നടത്തുന്ന ചെറുകിട കമ്പനികള്‍ പുസ്തകങ്ങളുടെ നിലവാരത്തിലും വിപണനത്തിലെ ധാര്‍മിക നിലപാടുകളിലും ബഹുരാഷ്ട്ര കുത്തകകളെ നാണിപ്പിക്കുന്നു.

കുത്തകകള്‍ തങ്ങള്‍ക്ക് മാസ് പ്രൊഡക്ഷന്റെ പരിമിതികള്‍ ഉണ്ട്എന്നും മറ്റും പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്. കേരളത്തിലെ വലിയ കമ്പനികള്‍ക്കും ഇത്തരം മാസ് പ്രൊഡക്ഷന്‍ പരിമിതികള്‍ ഉണ്ട്. പക്ഷേ, എന്നിട്ടുമെന്തേ നമ്മുടെ ചെറുകിട പ്രസാധകര്‍ പാഴാക്കുന്ന കടലാസിന്‍റെ നീതീകരണം നല്കാനാവാത്തവരായിപ്പോകുന്നു? ഇതില്‍ നിന്ന് വ്യത്യസ്തനായിരുന്നു വലിയ സ്വപ്നങ്ങള്‍ കണ്ട രാജേഷ്കുമാര്‍.

One thought on “ആ പുസ്തകം അടയുമ്പോള്‍ 

  1. തളിരില്‍ ഞങ്ങള്‍ കുറേപ്പേര്‍ എഴുതിയ കവിതകള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു സമാഹാരത്തിന്റെ പദ്ധതിയിലായിരുന്നു രാജേഷ്. ആ കവിതകള്‍ അയച്ചുകൊടുത്തതേ ഉള്ളൂ

    രാജേഷ്, കവിതയോടുള്ള നിങ്ങളുടെ കറ കളഞ്ഞ സ്നേഹം വീണ്ടും വീണ്ടും ഓര്‍ക്കട്ടെ
    സലാം.

    റൂബിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *