വാര്‍ത്തകള്‍ മരിക്കുന്നതെങ്ങനെ?

ടൈറ്റാനിയവും കെ.എംഎംഎല്ലും മുസ്ലീം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയും തുടങ്ങി എണ്ണിയാല്‍ തീരാത്ത വിഷയങ്ങളുണ്ട്, കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് ചാനലുകളില്‍ തുടങ്ങി പത്രങ്ങളിലെത്തി തിരിച്ച് ചാനലുകളില്‍ തന്നെ ഒടുങ്ങിയവയായിട്ട്. വാര്‍ത്തകള്‍ തുടങ്ങുന്നേടവും ഒടുങ്ങുന്നേടവും ചാനലുകള്‍ തന്നെ. ജനമനസ്സുകള്‍ അവ ഏറ്റെടുക്കുന്നില്ല. അല്ലെങ്കില്‍ അവ ജനമനസ്സുകളില്‍ തങ്ങിനില്‍ക്കാനുള്ള സാവകാശമോ ഫോളോഅപ്പോ മാധ്യമങ്ങള്‍ നല്‍കുന്നല്ല^ വാര്‍ത്തകളുടെ ജനനമരണങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ അനുവാര്യരുടെ അവലോകനം

 

 

വാര്‍ത്തകളുടെ തുടക്കം എവിടെയാണെന്ന് ഇന്ന് നമുക്കെല്ലാം ഏതാണ്ട് ഉറപ്പുണ്ട്. പഴയകാലത്തെപ്പോലെ അധികാരകേന്ദ്രങ്ങളിലോ ഗൂഢാലോചനപ്പുരകളിലോ സമ്മേളനവേദികളിലോ സൃഷ്ടിക്കുന്ന വാര്‍ത്തകളല്ല ഇന്ന് മലയാളിയുടെ ചര്‍ച്ചകളില്‍ നിറയുന്നത്. എവിടെ നിന്ന് ഉത്ഭവിക്കുന്നവയും വാര്‍ത്തകളായി രൂപാന്തരം പ്രാപിക്കുന്നത് ചാനല്‍പ്പുരകളിലാണ്. അന്തഃപുരങ്ങളില്‍ നിന്ന് പുറ്ത്തിറക്കി വാര്‍ത്തകളെ ചാനല്‍ സ്റ്റുഡിയോകളിലേക്ക് പറിച്ചുനട്ടിരിക്കുന്നു എന്ന് വര്‍ത്തമാനകാലം കാണിച്ചുതരുന്നു.

പത്രവായനക്കാരുടെ എണ്ണ്ത്തില്‍ റെക്കോഡുകള്‍ മറികടക്കപ്പെടുമ്പോഴും അവയിലെ മത്തങ്ങാ തലക്കെട്ടുകളല്ല, ചാനലുകളിലെ ശബ്ദനിമിഷങ്ങളാണ് വാര്‍ത്തകളുടെ ചൂടും ഗൌരവവും തീരുമാനിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ അവസാനിക്കുന്നിടമോ… അതും ചാനല്‍പ്പുരകള്‍ തന്നെ എന്നതാണ് നമ്മുടെ കാലത്തിന്റെ തലയിലെഴുത്ത്. ചുരുക്കത്തില്‍, കഴിഞ്ഞ ഒരു ദശകത്തിലേറെയായി നമ്മുടെ വാര്‍ത്തകള്‍ എവിടെ തുടങ്ങണം, അവസാനിക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് പ്രമുഖ വാര്‍ത്താചാനലുകളുടെ അടുക്കളകളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അനുവാര്യര്‍

ഒരു അധികപ്രസംഗമാണിതെന്നോ അല്‍പ്പം കടത്തിപ്പറയലാണെന്നോ തോന്നുന്നവരുണ്ടാകാം. ഈഗോക്ക് മുറിവേല്‍ക്കുന്ന വന്‍ പത്രങ്ങളിലെ പത്രപ്രവര്‍ത്തകന്‍ രോഷം കൊള്ളുന്നുമുണ്ടാവാം. എന്നാല്‍ പുലരിയില്‍ വീട്ടുവരാന്തയില്‍ അന്നത്തെ വാര്‍ത്തയെന്തെന്ന് തിരിച്ചറിയാനുള്ള സാവകാശമല്ല, സ്വീകരണമുറിയില്‍ നിന്ന് തലേന്ന് അറിഞ്ഞ വാര്‍ത്തയുടെ വിശദീകരണങ്ങളും തുടര്‍ച്ചയും പിറ്റേന്ന് രാവിലെ വായിച്ചുതള്ളാനാണ് ഇന്ന് മലയാളി ശീലിക്കുന്നത്.

വാര്‍ത്തകളുടെ തുടക്കവും ഒടുക്കവും തീരുമാനിക്കുന്നത് ചാനല്‍പ്പുരകളിലാണെന്ന് വരുമ്പോള്‍ സ്വാഭാവികമായി എന്താണ് വാര്‍ത്തയെന്ന് തീരുമാനിക്കുന്നതും അവിടത്തന്നെയെന്ന് വരുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി കേരളത്തിന്റെ സ്ഥിതി ഇതുതന്നെയാണ്. വാര്‍ത്താ ചാനലുകളുടെ എണ്ണം പെരുകുന്നതനുസരിച്ച് ഈ സ്ഥിതിയുടെ ഗൌരവവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

 

 

ഇന്‍ഡ്യാവിഷന്‍ ചാനല്‍ വിട്ട് റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് കടക്കും മുമ്പ് നികേഷ്കുമാര്‍ നടത്തി ഒരു പ്രസ്താവന ചാനലുകള്‍ വാര്‍ത്തയെ ഫോളോ അപ്പ് ചെയ്യന്നില്ല എന്നതായിരുന്നു. ആ പരാതി തന്റെ ചാനല്‍ തീര്‍ക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അത് ഇന്നെവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കുമ്പോഴറിയാം വാര്‍ത്തകള്‍ അവസാനിക്കുന്നതെവിടെയെന്ന്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നമ്മുടെ മാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ട വാര്‍ത്തകള്‍ ഒന്ന് പരിശോധിച്ചുനോക്കൂ. എത്രയെത്ര വാര്‍ത്തകളാണ് വിവാദങ്ങളായി വന്നുപോയത്… മന്ത്രിസഭാ രൂപീകരണസമയം മുതല്‍ ഉണ്ടായിരുന്നു വിവാദങ്ങള്‍. വി.ഡി.സതീശന് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നപ്പോള്‍ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു. എന്നാല്‍ സതീശന്‍ ആ വിഷയത്തില്‍ നിശബ്ദനായപ്പോള്‍ തീര്‍ന്നു, മാധ്യമങ്ങളുടെ ബഹളവും. അത്തരം ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നു പ്രഖ്യാപിക്കുന്ന പലതും പിന്നീട് സംഭവിച്ചുവെങ്കിലും അതൊക്കെ ഒറ്റദിവസ വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങി.

ലോകം മുഴുവനും ആഘോഷിച്ച ശ്രീപത്മനാഭസ്വാമിയുടെ നിധിക്ക് എന്തുസംഭവിച്ചു…. ഊഹക്കണക്കുകള്‍ നിരത്തി മലയാളിയെ പുളകം കൊള്ളിച്ച് ആ വാര്‍ത്തയും അപ്രത്യക്ഷമായി. നിധിയുടെ സുരക്ഷക്ക് എടുക്കുന്ന നടപടികളെക്കുറിച്ചോ അതിന് വേണ്ടിവരുന്ന ചെലവുകളെപ്പറ്റിയോ ചാനലുകളില്‍ ഞെളിഞ്ഞിരുന്ന് ചര്‍ച്ചിച്ച മഹാന്മാരാരും ഇപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുന്നുപോലും ഇല്ലെന്ന് കരുതേണ്ടിവരും. അഥവാ മാധ്യമങ്ങള്‍ അത്തരം അന്വേഷണത്തെക്കുറിച്ച് മിണ്ടുന്നേയില്ല.

 

 

എറണാകുളത്ത് നടന്ന തസ്നിബാനു സംഭവമോ…. ആ പ്രശ്നത്തില്‍ എത്രപേരെ അറസ്റ് ചെയ്തുവെന്നോ അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയോ എന്നോ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ ആരും അന്വേഷിച്ചുവോ എന്നറിയില്ല. ഓരോ തവണയും സദാചാര പൊലീസുകാരുടെ ഇടപെടല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചാനലുകളില്‍ ചര്‍ച്ച ചെയ്യുവാനുള്ള തിരക്കിനപ്പുറം അവയൊന്നും ഫോളോ അപ്പ് ചെയ്തു കണ്ടതേയില്ല. അന്നന്നത്തെ അപ്പത്തില്‍ അവസാനിക്കുന്നുവോ മാധ്യമങ്ങളുടെ സാമൂഹ്യപ്രതിബദ്ധത എന്ന സംശയം ആര്‍ക്കും ഉണ്ടാകാവുന്നതേയുള്ളൂ.

ഇതിലും വലിയ വാര്‍ത്തകളുണ്ട്. കുഞ്ഞാലിക്കുട്ടിയും റഊഫും ഒക്കെ ചേര്‍ന്ന് നാളുകളായി കളിക്കുന്ന ഐസ്ക്രീം നാടകം തന്നെ ശ്രദ്ധിക്കൂ. റഊഫോ മറ്റാരെങ്കിലുമോ നടത്തുന്ന വെളിപ്പെടുത്തലുകള്‍ സൌകര്യപൂര്‍വ്വം ആഘോഷമായി കൊണ്ടുവരുന്നതല്ലാതെ മാധ്യമങ്ങളുടെ സംഭാവന വട്ടപ്പൂജ്യമാണ് ഐസ്ക്രീം കേസിന്റെ കാര്യത്തില്‍. ഈ വെളിപ്പെടുത്തലുകളെ എങ്ങുമെത്താത്ത ഒരു ചര്‍ച്ചയില്‍ ഒതുക്കുന്നതിനപ്പുറം അവയെ ഏതെങ്കിലും തരത്തില്‍ ഫോളോഅപ്പ് നടത്താന്‍ മാധ്യമങ്ങള്‍ തയ്യറായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിനും ജനങ്ങള്‍ക്കും പല പൊറാട്ടുനാടകങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരില്ലായിരുന്നു.

 

 

ഇനിയുമുണ്ട് എണ്ണമറ്റ വാര്‍ത്തകള്‍. വാളകത്ത് അധ്യാപകനുനേരേ നടന്ന ആക്രമണം തന്നെ നോക്കൂ. ആദ്യത്തെ ഒരാഴ്ചക്കാലം മറിച്ചും തിരിച്ചും ജ്യോത്സ്യനും സഹപ്രവര്‍ത്തകനും ന്യൂസ് സോഴ്സുകളുമൊക്കെ നല്‍കിയതെല്ലാം വാരി അലക്കിയ ചാനലുകള്‍ പിന്നീട് അമൂര്‍ത്തമായ നിശബ്ദതയിലേക്കാണ് പോയത്. അല്ലെങ്കില്‍ നിശബ്ദത അഭിനയിച്ചു. ഏതായാലും എസ് കത്തിയുടെ പിന്നാലെ പോയവരാരും വാളകത്തെ പാരയുടെ പിന്നാലെ ഒരു പരിധിക്കപ്പുറം പോയില്ല.

ടൈറ്റാനിയവും കെ.എംഎംഎല്ലും മുസ്ലീം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയും തുടങ്ങി എണ്ണിയാല്‍ തീരാത്ത വിഷയങ്ങളുണ്ട്, കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് ചാനലുകളില്‍ തുടങ്ങി പത്രങ്ങളിലെത്തി തിരിച്ച് ചാനലുകളില്‍ തന്നെ ഒടുങ്ങിയവയായിട്ട്. വാര്‍ത്തകള്‍ തുടങ്ങുന്നേടവും ഒടുങ്ങുന്നേടവും ചാനലുകള്‍ തന്നെ. ജനമനസ്സുകള്‍ അവ ഏറ്റെടുക്കുന്നില്ല. അല്ലങ്കില്‍ അവ ജനമനസ്സുകളില്‍ തങ്ങിനില്‍ക്കാനുള്ള സാവകാശമോ ഫോളോഅപ്പോ മാധ്യമങ്ങള്‍ നല്‍കുന്നില്ല.

ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍ സിനിമയിലെ ഫ്രെയിമുകള്‍ പോലെ ജനങ്ങളുടെ മനസ്സില്‍ കയറിയിറങ്ങിയങ്ങ് പോകുന്നു. ചാനലുകളുടെ ആഘോഷങ്ങളാണ് നമ്മുടെ വാര്‍ത്തകള്‍. ആഘോഷത്തിന് തുടര്‍ച്ചയില്ലാത്തതുപോലെതന്നെയാണ് വാര്‍ത്തകളുടെയും തലയിലെഴുത്ത്. തുടങ്ങിയേടത്തു തന്നെ അവസാനിക്കുന്ന വാര്‍ത്തകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനുള്ള ചങ്കൂറ്റം ഉണ്ടാകുമ്പോഴേ നോക്കിനില്‍ക്കലില്‍ നിന്ന് ഇടപെടലിലേക്കുള്ള ദൂരം താണ്ടാന്‍ നമ്മുടെ ചാനല്‍പ്പുരകള്‍ക്കും കഴിയൂ.

when you share, you share an opinion
Posted by on Mar 29 2012. Filed under ന്യൂസ് സ്റ്റോറി, സമകാലികം . You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

4 Comments for “വാര്‍ത്തകള്‍ മരിക്കുന്നതെങ്ങനെ?”

 1. നട്ടപ്പിരാന്തൻ

  അനു ഇത്തിരികൂടി വിശാലമായും ഗൗരവതരമായും എഴുതേണ്ടിയിരുന്ന വളരെ പ്രസ്കതമായ വിഷയം.

     0 likes

 2. My name is red

  ഒന്പതു മണിക്ക് സ്ഥിരം ബീറ്റ് മ്യൂസിക്ക് ഇട്ടു സുരേഹ് ഗോപി സ്റ്റൈലില്‍ ന്യൂസ് ഡെസ്കില്‍ ചരിങ്ങും മറിഞ്ഞ് കിടന്നു ചര്‍ച്ചയോട് ചര്‍ച്ചയാണ് ത്തു കേട്ടാല്‍ തോന്നും ലോകം അവസാനിക്കാന്‍ പോകുവാണെന്ന്. എന്നാല്‍ അടുത്ത ന്യൂസ് അവര്‍ ആകുമ്പോളേക്ക് ഈ വിഷയം ആവിയായിട്ടുണ്ടാവും. ഇതാണ് കേരളം. പിന്നെ റിമോട്ട് ഉള്ളതു കൊണ്ട് വല്ല്യ തലവേദന ഇല്ല

     3 likes

 3. Antony

  ചാനലുകള്‍ ഫോളോ അപ് ചെയ്യുന്നില്ല എന്നത് വളരെ ശരി തന്നെ. എന്നാല്‍ പത്രങ്ങളോ? വല്ലപ്പോഴുമൊരിക്കല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന പേരില്‍ പരമ്പരകള്‍ പ്രസിധീകരിക്കുന്നതല്ലാതെ മറ്റെന്താണ് അവരും ചെയ്യുന്നത്?

     0 likes

 4. kiran

  ആണ് വളരെ നല്ലൊരു ലേഖനം ആയിരിന്നു. നമ്മുടെ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ കൊറേ ഒക്കെ കാര്യങ്ങള്‍ ഈ നാടിനു വേണ്ടി ചെയാന്‍ പറ്റും. പക്ഷെ എല്ലാപേരും ന്യൂസ്‌ വാല്യൂ നോകി അതിന്റെ പുറകെ പോകും. ശെരിക്കും വിഷമം തോന്നും. ഇങ്ങനെ ഒക്കെ ജീവികുന്നതിലും നല്ലത് ഇവനെ ഒക്കെ വടി വയ്ച്ചു കൊന്നിട് ജയിലില്‍ പോയാലോ എന്ന്.

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers