മാസ്റ്റേഴ്സ്: പുതുമയും പൂപ്പലും

അക്കമിട്ടു പറയാന്‍ തുടങ്ങിയാല്‍, ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സകല ഗുണങ്ങളെയും അപ്രസക്തമാക്കുന്ന അനവധി ആന മണ്ടത്തരങ്ങള്‍ നിറഞ്ഞ സിനിമയാണ് മാസ്റ്റേഴ്സ് എന്നു പറയേണ്ടി വരും. ചുരുക്കത്തില്‍, നല്ലൊരു സിനിമയെടുക്കണമെന്ന് ജോണി ആന്റണിയും ജിനു ഏബ്രഹാമും ആഗ്രഹിച്ചു. എന്നാല്‍, പ്രമേയത്തിലും ആവിഷ്കരണത്തിലും പുതുമയോ വ്യത്യസ്തതയോ പരീക്ഷിക്കാനുള്ള പ്രതിഭയും നട്ടെല്ലും നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഇല്ലാതെപോയി. ഫലം, പതിവെന്ത ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം- അന്നമ്മക്കുട്ടി എഴുതുന്നു

 

 

ഏതു സിനിമയെക്കുറിച്ചും അന്നമ്മക്കുട്ടി കുറ്റം മാത്രം പറയുന്നുവെന്നാണ് വായനക്കാരില്‍ ചിലരുടെ പരാതി. വെബ്സൈറ്റുകളിലെയും ചാനലുകളിലേയും ചില
നിരൂപകര്‍ മലയാള സിനിമകളെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റോഷന്‍ ആന്‍ഡ്രൂസിനെപ്പോലുള്ള സംവിധായകര്‍ പോലും പരാതി പറയുന്നു. ‘ഓണ്‍ലൈന്‍ നിരൂപകര്‍ സിനിമ കാണാതെതന്നെ നിരൂപണം എഴുതുന്നവരാണെന്നും അവര്‍ക്ക് സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നു’മാണ് സത്യന്‍ അന്തിക്കാട് അടുത്തിടെ പറഞ്ഞത്.

വെട്ടിത്തുറന്ന് നിരൂപണം നടത്തുന്ന ടി.വി ചാനലുകളോട് നിസഹകരിക്കണമെന്നും അവരെ ഒരു പാഠം പഠിപ്പിക്കണം എന്നുമുള്ള അഭിപ്രായം വരെ സിനിമാ ലോകത്ത് ഉയര്‍ന്നിട്ടുണ്ട്. ഈ സവിശേഷ സാഹചര്യം കണക്കിലെടുത്തും കോടികള്‍ മറിയുന്ന വ്യവസായമായ സിനിമയെ റിലീസ് ദിവസം തന്നെ എഴുതി നശിപ്പിച്ച് നഷ്ടത്തിലാക്കുന്നവരില്‍ ഒരാളെന്ന് എണ്ണപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലും നിരൂപണ രീതി ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന കൂലങ്കഷമായ ആലോചനയിലായിരുന്നു ഈയുള്ളവള്‍, പോയ വാരം.

ജിനു ഏബ്രഹാം തിരക്കഥയൊരുക്കി ജോണി ആന്റണി സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രമായ ‘മാസ്റ്റേഴ്സ്’ കാണാന്‍ തിയറ്ററിലേക്കു കയറുമ്പോള്‍, ‘ഈ സിനിമയിലെ നല്ല കാര്യങ്ങള്‍ ഒന്നും ശ്രദ്ധിയില്‍പ്പെടാതെ പോവരുത്’ എന്നു ദൃഢനിശ്ചയം ചെയ്തു. സിനിമ കണ്ടിരിക്കവെതന്നെ നല്ല കാര്യങ്ങളെല്ലാം കടലാസില്‍ കുറിച്ചുവെച്ചു. ആ കുറിപ്പടിപ്രകാരം ഈ സിനിമയുടെ പ്ലസ് പോയന്റുകള്‍ ആദ്യമെ വിശദമാക്കാം.

 

 

1. അടുത്ത കാലത്തിറങ്ങിയ പല സൂപ്പര്‍താര/മള്‍ട്ടി സൂപ്പര്‍താര ചിത്രങ്ങളോളം പ്രേക്ഷകനെ വെറുപ്പിക്കുന്നില്ല ‘മാസ്റ്റേഴ്സ്’. സമീപകാലത്തെ പല മലയാള സിനിമകളിലും കണികാണാനില്ലാത്ത ഒരു സാധനം ഈ സിനിമയിലുണ്ട്, തുടക്കവും ഒടുക്കവും തുടര്‍ച്ചയുമുള്ള ഒരു കഥ!

2. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയില്‍ അവസാനം വരെ പ്രേക്ഷകനെ കുരുക്കിയിടാന്‍ ഈ സിനിമക്കു കഴിയുന്നുണ്ട്. അതിനുവേണ്ട
നാടകീയത തിരക്കഥയിലുണ്ട്. ‘ഒന്നു തീര്‍ന്നുകിട്ടിയാല്‍ എണീറ്റു പോകാമായിരുന്നു’ എന്ന് നമുക്കു തോന്നില്ല എന്നു സാരം. മുഷിപ്പിക്കാത്ത ദൃശ്യങ്ങളും ചടുലമായ എഡിറ്റിംഗും പ്രേക്ഷകന് നല്‍കുന്ന ആശ്വാസം വലുതാണ്.

3. തനിക്കു ലഭിച്ച വേഷം പ്രിഥ്വിരാജ് സാമാന്യം ഭംഗിയായി ചെയ്തിട്ടുണ്ട്. സ്ഥിരം പോലീസ് നായകന്‍മാരുടെ ക്ലീഷേകള്‍ തന്റെ പ്രകടനത്തില്‍ അധികമൊന്നും
വരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. തിരക്കഥാകാരനും ഈയൊരു ശ്രദ്ധ പുലര്‍ത്തിയതിനാല്‍ തന്നെ ഇതിലെ നായകന്‍ അരോചകതയുണ്ടാക്കുന്ന അതിമാനുഷനായി ചിലപ്പോഴെങ്കിലും മാറുന്നില്ല.

മാന്യ വായനക്കാര്‍ ക്ഷമിക്കണം. പരമാവധി ശ്രദ്ധയോടെ ഇമചിമ്മാതെ കണ്ടിട്ടും ഇതിലപ്പുറം ഒരു ഗുണവും ഈ സിനിമയില്‍ കാണാന്‍ ഈയുള്ളവള്‍ക്കു
കഴിയുന്നില്ല. കൂടുതല്‍ എന്തെങ്കിലും പുതുമകളോ നന്‍മകളോ സര്‍ഗശേഷിയോ ‘മാസ്റ്റേഴ്സ്’ സിനിമയില്‍ കണ്ടെത്താന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ആയത്
കമന്റായോ മെയിലായോ അറിയിക്കാന്‍ അപേക്ഷ.

ഗുണങ്ങളെല്ലാം പറഞ്ഞ സ്ഥിതിക്ക് ഇനി ഈ സിനിമയുടെ പോരായ്മകളെന്നു തോന്നിയതുകൂടി പറയാം. ഒത്തിരിയൊത്തിരി മലയാളം, ഇംഗ്ലീഷ്, ഹിന്ദി
സിനിമകളില്‍ നാം കണ്ടു മടുത്ത മട്ടിലുള്ളൊരു കൊലപാതക പരമ്പരയും അത് അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഉദ്യോഗസ്ഥനും തന്നെയാണ് ‘മാസ്റ്റേഴ്സി’ലും
കഥാ തന്തു. കൊലയാളി മുന്‍കൂട്ടി അറിയിച്ച് പ്രധാന വില്ലനെ കൊല്ലാന്‍ ശ്രമിക്കുന്നതും ആ കൊലപാതകം ഒഴിവാക്കാന്‍ നായക പോലിസ് നടത്തുന്ന അടവും
തടയുമാണ് ഇവിടെയും ക്ലൈമാക്സ് ഡ്രാമ. വന്ദനം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഈ ശബ്ദം ഇന്നത്തെ ശബ്ദം തുടങ്ങി എണ്ണമറ്റ മലയാള ചിത്രങ്ങളില്‍
പണ്ടു മുതലേ നാം കണ്ടുവരുന്നതും കണ്ടു മടുത്തതുമായ അതേ കഥാഗതി. കൊലപാതക പരമ്പരയുടെ കാരണത്തിലും അതിന്റെ രീതിയിലും മാത്രമാണ് അല്‍പം
വ്യത്യാസമുള്ളത്. ആ വ്യത്യാസം ചെറിയൊരു പുതുമയായി സാധാരണ പ്രേക്ഷകന് അനുഭവപ്പെടുമെന്നതും സത്യം. എന്നാല്‍ ചിത്രത്തിന്റെ തീര്‍ത്തും ദുര്‍ബലമായ ക്ലൈമാക്സ് ഈ പുതുമകളെയൊക്കെ അപ്രസക്തമാക്കുന്നു. കേവലമൊരു 1980 മോഡല്‍ സിനിമയായി ‘മാസ്റ്റേഴ്സ്’ പ്രേക്ഷകന് കടുത്ത നിരാശ നല്‍കി പര്യവസാനിക്കുന്നതിന്റേയും പ്രധാന കാരണം അസ്വാഭാവികമായ ഈ ‘ക്ലൈമാക്സ് ദുരന്ത’മാണ്.

തമിഴ് നടനും സംവിധായകനുമായ ശശികുമാറിന്റെ ഈ ചിത്രത്തിലെ പ്രകടനം അമ്പരപ്പിക്കും വിധം മോശമാണ്. അനുയോജ്യമല്ലാത്ത ഡബ്ബിങ് കൂടിയായതോടെ
ശശികുമാര്‍ അവതരിപ്പിച്ച ‘മിലന്‍ പോള്‍’ എന്ന കഥപാത്രം വലിയൊരു പരാജയമായി മാറുന്നു. കഥയില്‍ വലിയ പ്രാധാന്യമുള്ള ‘മിലന്‍ പോള്‍’ എന്ന കഥാപാത്രത്തെ വേണ്ടത്ര പ്രാധാന്യത്തില്‍ അവതരിപ്പിക്കാന്‍ തിരക്കഥക്കു തന്നെ കഴിഞ്ഞിട്ടില്ല. നായകനൊഴികെ ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത സിനിമ
കൂടിയാണിത്. സൌഹൃദത്തിന്റെ കഥയാണ് ഈ സിനിമയെന്നൊക്കെ പറയാമെങ്കിലും ആ സൌഹൃദത്തിന്റെ ആഴമൊന്നും പ്രേക്ഷകന് അനുഭവപ്പെടുന്നതേയില്ല.

ബിജു മേനോന്‍, സിദ്ധീഖ്, വിജയരാഘവന്‍ തുടങ്ങി കഴിവുറ്റ താരങ്ങളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ടെങ്കിലും അവരെല്ലാം ഒന്നു മിന്നി മറഞ്ഞു
പോകുന്നതേയുള്ളൂ. നായകനില്‍ മാത്രം ചുറ്റിത്തിരിയുകയാണ് കാമറ സദാസമയവും. ഒന്നിലധികം നായികമാരുണ്ടെങ്കിലും അവര്‍ക്ക് ഒന്നുരിയാടാന്‍ പോലും അവസരം
കിട്ടുന്നില്ല.

പൊലീസുകാരനായ നായകനെ സ്ഥിരം ക്ലീഷേ പാറ്റേണില്‍ നിന്ന് മാറ്റാനുള്ള ശ്രമം തിരക്കഥാകൃത്ത് നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കോടതിയില്‍ കേസ് തോറ്റ്
അപമാനിതനാവുന്ന രംഗത്തിലാണ് നായകന്റെ ഇന്‍ട്രൊഡക്ഷന്‍. കുറ്റവാളി ഉയരമുള്ള മതില്‍ ചാടിക്കടക്കുമ്പോള്‍ നായകന്‍ നിസഹായനായി നോക്കി
നില്‍ക്കുന്നു. നായകനെ ആരാധനയോടെ സദാ വലംവെക്കുന്ന ഒരു നായികയില്ല, പ്രേമമില്ല എന്നതൊക്കെ വലിയ ആശ്വാസം. എന്നാല്‍ ഈ യാഥാര്‍ഥ്യബോധവും വിശ്വസനീയതയും സിനിമയിലുടനീളം കൊണ്ടുവരാനുള്ള തന്റേടം തിരക്കഥാകാരനും സംവിധായകനും ഇല്ലാതെ പോയി. ഫലമോ, പതിറ്റാണ്ടുകളായി കുറ്റാന്വേഷണ സിനിമകളില്‍ കാണുന്ന ഒട്ടുമിക്ക ക്ലീഷേകളും ‘മാസ്റ്റേഴ്സി’ലും അതേപടി എഴുന്നള്ളിച്ചിട്ടുണ്ട്. ചില സാമ്പിളുകള്‍ ഇങ്ങനെ:

 

 

1. പത്തും ഇരുപതും വില്ലന്‍മാരെ ഏകനായി, അതും കോടതി മുറ്റത്ത് നേരിടുന്ന നായകന്‍. അയാളുടെ പഞ്ച് ഡയലോഗ്, സ്ഥിരം ആക്ഷന്‍, ഭുഗുരുത്വം എന്നൊരു
സാധനമേയില്ല എന്നു തോന്നുംവിധം ഒറ്റയിടിയില്‍ പറക്കുന്ന ഗുണ്ടകള്‍. ഒരാവശ്യവുമില്ലാതെ ഒന്നിലധികം സംഘട്ടനങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. കരിങ്കല്‍ ക്വാറിയിലെ ഒരു സാധാരണ തൊഴിലാളിയെ പിടികൂടാന്‍ പോലും എ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഒറ്റക്കെത്തി അനവധി ഗുണ്ടകളെ അടിച്ചിടേണ്ടി വരുന്നു.

2. ഒരു കോണ്‍ഫറന്‍സ് മേശക്കു ചുറ്റുമിരിക്കുന്ന ഉന്നത പൊലീസുകാരെ സാക്ഷികളാക്കി ഒരു പ്രൊജക്ടറും സ്ക്രീനും വെച്ച് അതിലെ ചിത്രങ്ങളില്‍ ചൂണ്ടി നായക പോലീസ് ഏകനായി കുറ്റാന്വേഷണ കഥ വിരിക്കുന്ന സ്ഥിരം സീന്‍. നായകന്റെ മുടിഞ്ഞ ബുദ്ധിയില്‍ അത്ഭുത സ്തബ്ധരാകുന്ന സദസ്സ്.

3. യാഥാര്‍ഥ്യബോധം തീണ്ടാത്ത സ്ഥിരം കോടതി രംഗങ്ങളും വിധി പ്രഖ്യാപനങ്ങളും.

4. ഒറ്റ പോലിസുകാരന്റേയും സഹായമില്ലാതെ കൊലയാളിയെത്തേടി ഏകനായി കാട്ടിലും മേട്ടിലും അലയുന്ന പാവം നായക പോലിസ്.

ഇങ്ങനെ അക്കമിട്ടു പറയാന്‍ തുടങ്ങിയാല്‍, ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സകല ഗുണങ്ങളെയും അപ്രസക്തമാക്കുന്ന അനവധി ആന മണ്ടത്തരങ്ങള്‍
നിറഞ്ഞ സിനിമയാണ് മാസ്റ്റേഴ്സ് എന്നു പറയേണ്ടി വരും. ചുരുക്കത്തില്‍, നല്ലൊരു സിനിമയെടുക്കണമെന്ന് ജോണി ആന്റണിയും ജിനു ഏബ്രഹാമും ആഗ്രഹിച്ചു.
എന്നാല്‍, പ്രമേയത്തിലും ആവിഷ്കരണത്തിലും പുതുമയോ വ്യത്യസ്തതയോ പരീക്ഷിക്കാനുള്ള പ്രതിഭയും നട്ടെല്ലും നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഇല്ലാതെപോയി. ഫലം, പതിവെന്ത ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം.

കര്‍ട്ടന്‍: പഴകി പൂപ്പല്‍ ബാധിച്ച കഥയെങ്കിലും കുറ്റാന്വേഷണ ചിത്ര പ്രേമികള്‍ക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം. കണ്ടിരിക്കുമ്പോള്‍ പലതുമുണ്ടെന്നു തോന്നിപ്പിക്കുകയും കണ്ടിറങ്ങുമ്പോള്‍ യാതൊന്നുമില്ലായിരുന്നുവെന്ന് നാം തിരിച്ചറിയുകയും ചെയ്യുന്ന ചിത്രം. അല്‍പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഏറെ നന്നാക്കാമായിരുന്ന ചിത്രം. ഇംഗ്ലീഷ് റിവ്യൂകളുടെ ശൈലിയില്‍ പറഞ്ഞാല്‍ രണ്ടു സ്റ്റാര്‍ തൂക്കി ‘വാച്ചബിള്‍’ എന്ന ഗണത്തില്‍ പെടുത്താവുന്ന പടം. ‘വേറേ
പണിയൊന്നുമില്ലെങ്കില്‍ നേരം കൊല്ലാന്‍ പോയി കണ്ടോളൂ’ എന്നാണ് ഈ വാച്ചബിളിന്റെ അര്‍ഥം. ബാക്കിയെല്ലാം സസ്പെന്‍സ്!

16 thoughts on “മാസ്റ്റേഴ്സ്: പുതുമയും പൂപ്പലും

 1. Watch out guys… You can clearly see a pattern in this writer. As many of the readers have already mentioned, Annammakkuttty is probably highly biased towards Prithviraj. Unmistakable conflict of interest. Welcome readers to comment on this issue more.

 2. അന്നമ്മക്കുട്ടി സ്ത്രീയോ പുരുഷനോ?

  അന്നമ്മക്കുട്ടി സ്ത്രീയല്ല, പുരുഷനാണെന്നതിന് എന്റെ വാദഗതികള്‍ ഇങ്ങനെ

  മിക്ക സിനിമകളും ഫസ്റ്റ്‌ ദിവസം കണ്ടുവെന്നാണ് അന്നമ്മക്കുട്ടിയുടെ അവകാശവാദം. അലവലാതി ഫാന്‍സുകാര്‍ ഇടിച്ചു കേറുന്ന ആദ്യദിവസം കോമണ്‍ സെന്‍സുള്ള ഒരുത്തിയും തനിയെ സിനിമയ്ക്ക് പോകില്ല. പോയാല്‍ അവള്‍ നിരൂപണം എഴുതാന്‍ ബാക്കിയുണ്ടാവില്ല.

  കാശ് വാങ്ങിച്ചിട്ട് നിരൂപണം എഴുതാനാനെങ്കിലും കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ പോലുള്ള തറ അടിപ്പടം പെണ്ണുങ്ങള്‍ കാണില്ല.

  അന്നമ്മക്കുട്ടിയുടെ നിരൂപണങ്ങളില്‍ ഒരിടത് പോലും നായികയുടെ ചുരിദാറിന്റെ ഫാഷനെയോ മാലയുടെ ഡിസൈനെയോ പറ്റി പരാമര്‍ശിച്ചു കാണുന്നില്ല

  അനാവശ്യ കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കുന്ന രീതി പെണ്ണുങ്ങള്‍ക്കില്ല. അന്നമ്മക്കുട്ടിയാനെങ്കില്‍ ഏതു നേരവും പൊട്ടിപ്പോയ പഴയ പടങ്ങളേയും പുതിയ പടങ്ങളേയും കാമ്പെയര്‍ ചെയ്യുകയാണ്. ഇതെല്ലാം വേറെ ജോലിയൊന്നുമില്ലാത്ത ആണുങ്ങളല്ലാതെ ആരോര്ത്തിരിയ്ക്കും

  അന്നമ്മക്കുട്ടിയുടെ എഴുത്തിലുടനീളം പുരുഷന് മാത്രം പ്രാപ്യമായ, പുരുഷന്‍ സ്വാഭാവികമായി കണക്കാക്കുന്ന ചില സാമൂഹിക സ്വാതന്ത്ര്യങ്ങളുടെ പ്രഖ്യാപങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവയില്‍ പലതും അപ്രാപ്യമാണെന്നു അന്നമ്മക്കുട്ടി മറക്കുന്നു

  ഇത്തരുണത്തില്‍ അന്നമ്മക്കുട്ടി സ്ത്രീ നാമത്തില്‍ വായനക്കാരെ ചാക്കിട്ടു പിടിക്കാന്‍ ഇറങ്ങിയ വെറും ഒരു പുരുഷനാകുന്നു

  • ഇപ്പൊൾ ജീവിച്ചിരിപ്പില്ലാത്ത മുസ്ലീം ലീഗിലെ അതികായകനായിരുന്ന സീതി ഹാജി വിലാസിനിക്കു (എം കെ മേനോൻ) അവാർഡ് കിട്ടിയപ്പോൾ പറഞ്ഞതു ഇങ്ങനെയായിരുന്നു ” ഓളെ എനിക്കു നേരിൽ കണ്ടു എന്റെ അഭിനന്ദങ്ങൾ അറിയിക്കണം.. ഓൾ കേരളത്തിനു ഒരു മുതൽക്കുട്ടാണു”. അന്നാമ്മയും അങ്ങിനെ ആയികൂടെന്നില്ലല്ല്ലൊ..

 3. ഇനി അന്നക്കുട്ടിയോട് രണ്ടു വാക്ക്.. സിനിമ കാണാനും, അതിനെ വിമര്‍ശിക്കാനും താങ്കള്‍ കാണിക്കുന്ന ആവേശം പ്രശംസനീയം തന്നെ….വിമര്‍ശനത്തിലൂടെ ലഭിക്കുന്ന ഒരു തരം നിലവാരം കുറഞ്ഞ ലഹരിയുണ്ട് .. അത് താങ്കളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു തുടങ്ങിയോ എന്നൊരു സംശയം ഈ നിരൂപണം വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു.. ഈ സിനിമയെക്കുറിച്ച് പ്ലസ് പോയന്റുകള്‍ പറഞ്ഞപ്പോള്‍ ഉള്ള താങ്കളുടെ ഭാഷ സിനിമയുടെപോരയ്മകളിലേക്ക് എത്തുമ്പോള്‍ പ്രകടിപ്പിക്കുന്നത് ഒരു തരം ചീഞ്ഞ ആവേശമാണ്..

  താങ്കള്‍ ഒരു കാര്യം പലപ്പോഴും പൂര്‍ണമായും മറന്നു പോകുന്നുണ്ടോ എന്നൊരു സംശയം.. എന്പതുകളിലെ പ്രമേയം എന്ന് അടച്ചു ആക്ഷേപിക്കുന്നതിനു മുന്‍പ് എന്താണ് ഈ സിനിമ പറയാന്‍ ശ്രമിച്ചത് എന്ന് ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും , താങ്കള്‍ എഴുതുന്നത്‌ ഇത് പോലെ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന
  nalamidam പോലുള്ള ഒരു പ്രസിദ്ധീകരണത്തിലവുമ്പോള്‍ പ്രത്യേകിച്ചും.. കുറച്ച് ‘അവന്‍’ മരെങ്കിലും ഇത്തരം സിനിമകള്‍ കാണുന്നത് നല്ലതാണ്, ചിലപ്പോള്‍ ഈ സിനിമ കണ്ട്‌ പ്രേക്ഷകരില്‍ ഒരാള്‍ക്കെങ്കിലും വീണ്ടുവിചാരം ഉണ്ടായേക്കാം… അതിനു അവസരം നല്‍കാനുള്ള ഒരു മനസാന്നിധ്യം ഉണ്ടാവണമായിരുന്നു
  നാലമിടത്ത്തിനും അന്നക്കുട്ടിയ്ക്കും.. ഇങ്ങനെ ഒത്തിരിയൊന്നും സിനിമകള്‍ ഇറങ്ങുന്നില്ല ഈ മലയാള രാജ്യത്ത്….. ഓര്‍മ്മ വേണം … വിമര്‍ശനങ്ങള്‍ പലതും
  ഈയുള്ളവനും തോന്നിയതാണ് , അതിലൊക്കെ ഉപരിയായി ഈ സിനിമയുടെ പ്രമേയത്തിന് പ്രസക്തിയുണ്ട്, അത് കഴിയാവുന്നത്രയും ആളുകള്‍ കാണേണ്ടതുണ്ട്
  എന്ന ബോധം കൂടുതല്‍ ഒന്നും പറയാന്‍ അനുവദിച്ചില്ല…

 4. കിംഗ്‌ & കമ്മീഷണര്‍, ഓര്‍ഡിനറി എന്ന സിനിമകളെ കുറിച്ചു താങ്കള്‍ എഴുതിയതും ഈയുള്ളവന്‍ വായിച്ചതാണ്.. നന്നായിരുന്നു… ആ സിനിമകള്‍ അര്‍ഹിക്കുന്ന നിരൂപണം ആയിരുന്നു താങ്കളുടേത് … പക്ഷെ ഇത് കടുത്തു പോയി .. കുറച്ച് ദിവസം കഴിഞ്ഞു ആവാമായിരുന്നു..

  • തികഞ്ഞും നിലവാരം കുറഞ്ഞ സിനിമകളെ, കൊന്നു കൊല വിളികണം ,, അതാണ് എന്റെ അഭിപ്രായം … ഇന്നലെ നല്ല പടങ്ങള്‍ ഉണ്ടാവു.

 5. ഗം ഭീര നിരൂപണം തന്നെ. മലയാള സാഹിത്യ നിരൂപണ രം ഗത്തു എം . ക്രിഷ്ണന്‍ നായരുടെ സ്ഥാനം മലയാള സിനിമാ നിരൂപണ രം ഗത്തു താങ്കള്ക്കുണ്ട്. ചവറു സിനിമകളെ കൊന്നു കൊലവിളിക്കുക തന്നെ വേണം .
  അന്നമ്മക്കുട്ടിക്കു എല്ലാ അഭിവാദ്യങ്ങളും .

 6. രസകരമായി തോന്നി.

  അന്നമ്മക്കുട്ടി സ്ത്രീയല്ല എന്ന് തെളിയിക്കാന്‍ ചില വാദഗതികള്‍! മായ വി എന്നെഴുതിയ ആള്‍ പേരു സൂചിപ്പിക്കുന്നതുപോലെ സ്ത്രീ അല്ലെന്ന് തെളിയിക്കാന്‍ ഇതേ മാതിരി വാദഗതികള്‍ എനിക്കുമാവാം.

  1. അലവലാതി ആണുങ്ങള്‍ കയറിയിറങ്ങി അലമ്പാക്കാറുള്ള കമന്റു പട്ടികയില്‍ കയറിയിരിക്കാന്‍ സാധാരണ പെണ്ണുങ്ങളെ കാണാറേയില്ല. സംശയമുണ്ടെങ്കില്‍ ഈ പോസ്റ്റിലെ കമന്റുകള്‍ നോക്കാം. അതിനാല്‍ മായാ വി പെണ്ണേയല്ല.
  2. കമന്റിട്ട് കൈയടി വാങ്ങാനാണെങ്കിലും ഒരു സ്ത്രീയും ആണോ പെണ്ണോ എന്ന് പബ്ലിക് സ്ഥലത്ത്
  പരിശോധന നടത്താന്‍ തുനിയാറില്ല. അതിനാല്‍ മായാ വി ഉറപ്പായും ആണു തന്നെ.
  3. മായാ വിയുടെ കമന്റുകളില്‍ ഒരിടത്തുപോലും, സ്ത്രീ വാദികളല്ല, അതൊന്നുമല്ലാത്ത സാധാ സ്ത്രീകള്‍ പോലും പറയാറുള്ളതു പോലെ സ്ത്രീയെന്നാല്‍ ചുരിദാറും കല്ലുമാലയും മാത്രമല്ല എന്ന വാചകം കാണാനേയില്ല.പിന്നെങ്ങിനെ പെണ്ണാവും, മായ?
  4. അനാവശ്യ കാര്യങ്ങള്‍ക്ക് കളയാന്‍ പെണ്ണുങ്ങള്‍ക്ക് നേരമുണ്ടാവില്ല. അതിനാല്‍, ഇതുപോലുള്ള ‘ചാക്കിട്ടുപിടിക്ക’ലിന് കമന്റും കൊണ്ട് പായാന്‍, അവരുടെ ലിം പരിശോധന നടത്താന്‍ സ്ത്രീകള്‍ തുനിഞ്ഞിറങ്ങില്ല. ആകയാല്‍…

  5. മായാ വിയുടെ കമന്റില്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായ തന്റേടം, ആണത്തം, താന്‍പോരിമ ആദിയായ പലതുമുണ്ട്. ഇതൊന്നും പെണ്ണുങ്ങള്‍ക്ക് പറയാത്തത് ആയതിനാല്‍ മായാ വി ഒരിക്കലും പെണ്ണേ ആവില്ല.

  മായാ വി പറഞ്ഞതിലപ്പുറം ഒരു പോയിന്റ് കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു

  ഈ പേര് മായാവി എന്ന അതീത ശക്തിയുമായി അഭേദ്യമായി ബന്ധം പ്രകടിപ്പിക്കുന്നതിനാല്‍
  ടി മായാ വി മനുഷ്യന്‍ ആണോ എന്നു പോലും എനിക്കു സംശയമുണ്ട്. ബാലരമയില്‍നിന്ന് കൂടു പൊട്ടിച്ചിറങ്ങിയ ഈ മായാ വിയെ തളക്കാന്‍ ലുട്ടാപ്പിയെയും കുട്ടൂസനെയും വിളിക്കണമെന്നും ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു. ഡും…ഡും…ഡും

  • @kapeesh,
   കഷ്ടം .. മായാവി ആരെന്നറിയില്ല ? മായിന്‍ കുട്ടി വി

 7. പ്രിയപ്പെട്ട അന്നമ്മേ,
  നന്നായിട്ടുണ്ട് റിവ്യൂ. ഇനിയും എഴുതുക.
  കഴിഞ്ഞ പോസ്റ്റ് വരെ അന്നമ്മ കഥ മുഴുവന്‍ പറയുന്നു എന്നായിരുന്നു ആക്ഷേപം.
  ഇപ്പോഴിതാ അന്നമ്മ സിനിമയെക്കുറിച്ച് മാത്രം പറയുന്നു എന്നായി.
  അന്നമ്മ കുറ്റം മാത്രം കാണുന്നു എന്നു പറയുന്നവരും അതു തന്നെയല്ലേ ചെയ്യുന്നത്. അന്നമ്മയെക്കുറിച്ച് കുറ്റം മാത്രം പറയല്‍.അന്നമ്മ എഴുതിയതിനെ കുറിച്ച് പറയാതെ അവരക്കുറിച്ച്
  മാത്രം പറയുന്നവര്‍ക്ക് എങ്ങനെ ഇമ്മാതിരി ആരോപണങ്ങള്‍ ഉന്നയിക്കാനാവും. കഷ്ടം.

 8. @kapeesh: mayavi ye parijayam kanum kapeeshinu, randum balaramayude tarangal ale:p!
  Atinal kapinshinte vada gatikal angikarikunu:)

 9. കണ്ടിരിക്കാന്‍ പറ്റിയ സിനിമ തന്നെയാണ്. തമിഴ്പടങ്ങള്‍ കണ്ട് ആവേശം കയറി ശശികുമാറിന്‍െറ അഭിനയത്തികവ് കാണാന്‍ അങ്ങോട്ട് പോകേണ്ടതില്ല. ഉലക്ക വിഴുങ്ങിയ പോലെയുള്ള അപ്പിയറന്‍സ്. സങ്കടം വന്നു. കോഴിക്കോട് ചിത്രാഞ്ജലി കലോല്‍സവത്തില്‍ ആംഗ്യപാട്ടില്‍ മല്‍സരിക്കുന്ന കുട്ടികള്‍ ഇതിലും ഗംഭീരമായി അഭിനയിക്കും. ശശികുമാര്‍ ശരിക്കും ‘സസി’ ആയി. കുറ്റം സസിയുടേതോ ജോണി ആന്‍റണിയുടേതോ? സമുദ്രക്കനി ഒരു പ്രകടന സീനില്‍ മിന്നിമറയുന്നതും കണ്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിചാരണസീനുകള്‍ കോമണ്‍സെന്‍സില്ലാത്തതായി.

  അന്നാമ്മക്കുട്ടിയുടെ കോട്ടയത്തല്യോ ഈ സിനിമയുടെ കഥ നടക്കുന്നത്. ചിങ്ങവനം, കടുത്തുരുത്തി, തെക്കേക്കര, കാഞ്ഞിരപ്പള്ളി, കെ.കെ റോഡ് എന്നൊക്കെ കേട്ട് അന്നാമ്മ ചേച്ചിക്ക് രോമാഞ്ചമുണ്ടായില്ളോ….അതെന്നാ പറയാഞ്ഞേ കുട്ടീ….

 10. മിക്കവര്‍ക്കും പ്രശംസ മാത്രം വായിച്ചാല്‍ / കേട്ടാല്‍ മതി. ഇഴ കീറി പരിശോധിച്ചിട്ടും, പിന്നേം പിന്നേം ആലോചിച്ചിട്ടും നല്ലത് എന്ന് പറയാന്‍ ഒന്നും കിട്ടാഞ്ഞിട്ടാ സുഹൃത്തുക്കളേ, പലരും “ഇത് വെറും കൂറ” എന്ന് പറയുന്നത്. അന്നമ്മക്കുട്ടിയുടെ കാര്യം മാത്രം അല്ല പറഞ്ഞത്. സിനിമയുടെ കാര്യം മാത്രവും അല്ല പറഞ്ഞത്. ആകെക്കൂടി പറഞ്ഞതാ.

  സമൂഹത്തില്‍ പൊതുവേ ഒരു മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ 15-20 വര്‍ഷങ്ങള്‍ കൊണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ ഉള്ള കഴിവ് ഒരു അപൂര്‍വത ആയി മാറിയിരിക്കുന്നു. സമൂഹത്തിന്റെ building blocks വ്യക്തികള്‍ ആയതിനാല്‍, വ്യക്തികള്‍ക്ക് ആ സത്യം അംഗീകരിക്കാന്‍ മടി കാണും. mediocrity മുഖമുദ്ര ആയിക്കഴിഞ്ഞ ഒരു സമൂഹത്തിലെ വ്യക്തികള്‍ക്ക് അപ്രിയസത്യങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികം ആയ എതിര്‍പ്പുകളായേ അതിനെ കാണാന്‍ കഴിയൂ.

 11. രാജേഷ്‌ രവിയോട് : ” എന്പതുകളിലെ പ്രമേയം എന്ന് അടച്ചു ആക്ഷേപിക്കുന്നതിനു മുന്‍പ് എന്താണ് ഈ സിനിമ പറയാന്‍ ശ്രമിച്ചത് എന്ന് ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും , താങ്കള്‍ എഴുതുന്നത്‌ ഇത് പോലെ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന nalamidam പോലുള്ള ഒരു പ്രസിദ്ധീകരണത്തിലവുമ്പോള്‍ പ്രത്യേകിച്ചും.. കുറച്ച് ‘അവന്‍’ മരെങ്കിലും ഇത്തരം സിനിമകള്‍ കാണുന്നത് നല്ലതാണ്, ചിലപ്പോള്‍ ഈ സിനിമ കണ്ട്‌ പ്രേക്ഷകരില്‍ ഒരാള്‍ക്കെങ്കിലും വീണ്ടുവിചാരം ഉണ്ടായേക്കാം… അതിനു അവസരം നല്‍കാനുള്ള ഒരു മനസാന്നിധ്യം ഉണ്ടാവണമായിരുന്നു നാലാമിടത്ത്തിനും അന്നക്കുട്ടിയ്ക്കും.. ഇങ്ങനെ ഒത്തിരിയൊന്നും സിനിമകള്‍ ഇറങ്ങുന്നില്ല ഈ മലയാള രാജ്യത്ത്….. ഓര്‍മ്മ വേണം …”

  –> ഇങ്ങനെ ഒത്തിരി സിനിമകള്‍ ഇറങ്ങാതിരിക്കുന്നതാണ് സ്ത്രീകള്‍ക്ക് നല്ലത് എന്നാണു എനിക്ക് ഈ പടം കണ്ടിട്ട് തോന്നിയത്. ഭാര്യയോ മകളോ എങ്ങനെ ജീവിക്കണം എന്ന് അവര്‍ തീരുമാനിക്കുന്നത് സഹിക്കാന്‍ വയ്യാത്ത ഭര്‍ത്താക്കന്മാരും അച്ഛന്‍മാരും നിറഞ്ഞ നാട്ടില്‍, ഒരു പെണ്ണിനെ കഴപ്പ് കൂടിയവള്‍ എന്ന് മുദ്രകുത്തുന്നതും സുവോളജി ക്ലാസിലെ മസാലയെപ്പറ്റി ഡയലോഗടിക്കുന്നതുമൊക്കെ കേട്ട് രസിക്കുന്നവരുടെ നാട്ടില്‍, മാസ്റ്റേഴ്സ് ഒരു സൂപ്പര്‍ഹിറ്റ് തന്നെ ആയാലും അത്ഭുതമില്ല. ദയവുചെയ്ത് അത് സ്ത്രീപക്ഷ സിനിമയാണെന്ന് മാത്രം പറയരുത് !

  എന്നാലും ഇത് വാച്ചബ്ള്‍ ആയി തോന്നിയ അന്നമ്മക്കുട്ടിയെ സമ്മതിക്കണം. എന്നാലും “എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയില്‍ അവസാനം വരെ പ്രേക്ഷകനെ കുരുക്കിയിടാന്‍ ഈ സിനിമക്കു കഴിയുന്നുണ്ട്. അതിനുവേണ്ട നാടകീയത തിരക്കഥയിലുണ്ട് ” എന്ന് അന്നമ്മക്കുട്ടി ഞങ്ങളെ പറ്റിക്കാന്‍ പറഞ്ഞതല്ലേ എന്ന് സത്യമായും സംശയിക്കുന്നു. (ഏപ്രില്‍ ഫൂളിന്റെ അന്നാണോ ഈ റിവ്യൂ വന്നത്?)

 12. സമയം കൊല്ലാൻ പറ്റിയ ഒരു സിനിമ. ബോറടിക്കില്ല. സിനിമല്ലേ നമ്മൾ കാണുന്നതു. അതിൽ യാഥർഥ്യം കാണുവാൻ ശ്രമിക്കുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണു ജീവിക്കുന്നതു.

 13. അന്നമ്മക്കുട്ടി നിരൂപണമെഴുതിയ സിനിമകളൊന്നും തന്നെ കാണാത്തതിനാല്‍ അതെപ്പറ്റി ഒന്നും പറയാനാവില്ല, പക്ഷേ , അന്നമ്മക്കുട്ടി ആണോ പെണ്ണോ എന്നതിനെ പറ്റി ഇത്ര ചര്‍ച്ച വേണോ, ആരെങ്കിലുമാകട്ടെ , എഴുതുന്നതെന്തെന്നു നോക്കിയാല്‍ പോരെ? സിനിമാ നിരൂപണത്തിലെന്ത് ആണെഴുത്ത് , എന്തു പെണ്ണെഴുത്ത്?

Leave a Reply

Your email address will not be published. Required fields are marked *