ശരത്തിനൊപ്പം, ഓര്‍മ്മകള്‍ക്കൊപ്പം

കാമറയും കാസറ്റും ഫിലിം റീലും സമരായുധമാക്കാമെന്നു കാണിച്ചു തന്ന ശരത്തിന്റെ ജീവിതം മറവിക്കു വിട്ടു കൊടുക്കാതെ രേഖപ്പെടുത്താന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ തയ്യാറായി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മീഡിയാമില്ലി’ന്റെ ആഭിമുഖ്യത്തില്‍ സി ശരത്ചന്ദ്രന്റെ ജീവിതവും പ്രവര്‍ത്തനപഥവും ആലേഖനം ചെയ്യുന്ന ‘ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ (ദ തേഡ് ഐ ഓഫ് റെസിസ്റ്റന്‍സ്) എന്ന ഡോക്യുമെന്ററി തയ്യാറാവുന്നതങ്ങനെയാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശീലനം നേടിയ, കലാ സംവിധായകനായി പ്രവര്‍ത്തിക്കുന്ന റാസിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍-രണ്ടു വര്‍ഷം മുമ്പ് അകാലത്തില്‍ വിടപറഞ്ഞ സി. ശരത്ചന്ദ്രനെക്കുറിച്ച് റാസി സംവിധാനം ചെയ്ത ‘ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ എന്ന ചിത്രത്തെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു

 

 

ഉണങ്ങാത്തൊരു മുറിവിന്റെ ഓര്‍മ്മയാണ് ഏപ്രില്‍ ഒന്ന്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇനിയും പൊരുത്തപ്പെടാനാവാത്ത ഒരു വിയോഗത്തിന്റെ സ്മൃതി. എന്നിട്ടും സമരമുഖങ്ങളിലും ഫിലിം ഫെസ്റ്റിവല്‍ വേദികളിലും നിറ സാന്നിധ്യമായി ഇന്നും തുടരുന്നു, ശരത്. ജീവിതകാലത്ത് പലതരം കാര്യങ്ങളിലൂടെ കാമറക്കണ്ണയച്ച് പാഞ്ഞുനടന്ന സി. ശരത്ചന്ദ്രന്‍.

ഒട്ടും സാധാരണമല്ല ഈ അനുഭവം. ആദ്യഘട്ടത്തിലെ പൊതു ദു:ഖാചരണ വിലാപങ്ങള്‍ നേര്‍ത്തുനേര്‍ത്തില്ലാതാവുന്നതോടെ, മരിച്ച വ്യക്തിയുടെ ജീവിതവും അയാള്‍ ചെയ്തു കൂട്ടിയ കര്‍മങ്ങളും പതുക്കെ മറവിയുടെ മറയ്ക്കുള്ളിലേക്ക് നീങ്ങാറാണ് പതിവ്. ഒരു പക്ഷേ, പിന്നീടേറെക്കാലം കഴിഞ്ഞ് മങ്ങിമറഞ്ഞആ ഓര്‍മ്മകള്‍ രേഖപ്പെടുത്താന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങിയേക്കാം. എന്നാല്‍, അപ്പോഴേക്കും ഓര്‍മ്മകള്‍ സാന്ദ്രത നഷ്ടപ്പെട്ട് മങ്ങിയിരിക്കും. ഫിലിമുകളും കാസറ്റുകളും നഷ്ടപ്പെട്ടിരിക്കും. ഫോട്ടോഗ്രാഫുകള്‍ ഇരട്ടവാലന്‍ തിന്നിരിക്കും.

എന്നാല്‍, ശരത്തിന്റെ കാര്യത്തില്‍ ഈ പതിവ് വഴി മാറി. കാമറയും കാസറ്റും ഫിലിം റീലും സമരായുധമാക്കാമെന്നു കാണിച്ചു തന്ന ശരത്തിന്റെ ജീവിതം മറവിക്കു വിട്ടു കൊടുക്കാതെ രേഖപ്പെടുത്താന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ തയ്യാറായി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മീഡിയാമില്ലി’ന്റെ ആഭിമുഖ്യത്തില്‍ സി ശരത്ചന്ദ്രന്റെ ജീവിതവും പ്രവര്‍ത്തനപഥവും ആലേഖനം ചെയ്യുന്ന ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ (ദ തേഡ് ഐ ഓഫ് റെസിസ്റ്റന്‍സ്) എന്ന ഡോക്യുമെന്ററി തയ്യാറാവുന്നതങ്ങനെയാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശീലനം നേടിയ, കലാ സംവിധായകനായി പ്രവര്‍ത്തിക്കുന്ന റാസിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

 

 

ഓര്‍മ്മകള്‍ കൊണ്ടൊരാള്‍
തൃശൂരില്‍ ചേതനാ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘വിബ്ജിയോര്‍ ‘ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ പരമാവധി സുഹൃത്തുക്കള്‍ക്ക് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ശരത്തിന്റെ സുഹൃത്തുക്കള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു വരികയാണ്. എറണാകുളത്തെ ടി. കലാധരന്റെ ഓര്‍ത്തിക് ക്രിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ചിത്രം പ്രദര്‍ശിപ്പിച്ചു. ശരത്തിന്റെ ഓര്‍മ്മദിനമായ ഇന്ന് തിരുവനന്തപുരം കലാഭവനിലും നാളെ തൃശൂര്‍ റീജിയണല്‍ തിലയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

ഒരു ഡോക്യുമെന്ററിയെ സംബന്ധിച്ചിടത്തോളം 105 മിനിറ്റ് കുറച്ചേറെയാണെന്ന് തോന്നാം. എന്നാല്‍, അത്ര മിനിറ്റിലൊതുക്കാനാവുന്നതല്ല ശരത്തിന്റെ ജീവിതമെന്ന് ഓര്‍ക്കാതിരിക്കാനാവില്ല. ശരത്തിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഓര്‍മ്മകളില്‍ നിന്നാരംഭിക്കുന്ന ചിത്രം ബാല്യ കൌമാര യൌവനങ്ങളിലൂടെയുള്ള യാത്രയെ ലളിതമായി പുന:സൃഷ്ഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്റ്റില്‍ഫോട്ടോഗ്രാഫുകളുടെ സമൃദ്ധവും സമര്‍ഥവുമായ വിനിയോഗം ചിത്രത്തിന് അതുല്യമായ ഒരൊഴുക്ക് സൃഷ്ടിക്കുന്നു. പലേടത്തും, പ്രത്യേകിച്ച് ശരത്തിന്റെ വ്യക്തി ജീവിതത്തിന്റെ പരിഛേദങ്ങള്‍ കാണിക്കുന്നിടങ്ങളില്‍.

 

വിബ്ജ്യോറിലെ ആദ്യ പ്രദര്‍ശനത്തിനിടെ സംവിധായകനായ റാസി സംസാരിക്കുന്നു

 

ജീവിതം, രാഷ്ട്രീയം
ഒരു വര്‍ഷത്തോളം നീണ്ടുനിന്നു ഇതിന്റെ ചിത്രീകരണ പ്രക്രിയ. ശരത് യാത്ര ചെയ്ത ഇടങ്ങളിലൂടെ, രേഖപ്പെടുത്തിയ സമരമുഖങ്ങളിലൂടെ റാസിയും സഞ്ചരിച്ചു. ’50 ഓളം ടേപ്പുകള്‍ ഞാന്‍ തന്നെ ഷൂട്ട് ചെയ്തെടുത്തു’-റാസി പറയുന്നു. പക്ഷേ, ശരത്തിന്റെ ആര്‍ക്കെവ്സില്‍ നിന്നു തന്നെ പ്രതീക്ഷിച്ചതിലുമേറെ ഫൂട്ടേജുകള്‍ ലഭിച്ചു. അപൂര്‍വവവും നഷ്ടപ്പെട്ടെന്ന് കരുതിയിരുന്നതുമായ പല ദൃശ്യങ്ങളും യാദൃശ്ചികമായി കണ്ടുകിട്ടി. പഴയ കേരള കലാപീഠം പൊളിക്കുന്നതിനു മുമ്പായി നടത്തിയ അവസാനത്തെ ചിത്രപ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ അതില്‍പ്പെടുന്നു. ഏറെ അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ഈ ഫൂട്ടേജ് ശരത്ത് പകര്‍ത്തിയ മറ്റൊരു മാസ്റ്റര്‍ ടേപ്പിന്റെ അവസാന ഭാഗത്തുനിന്നാണ് കിട്ടിയത്. വിബ്ജിയോര്‍ ആര്‍ക്കെവ്സിലെ 128 ടേപ്പുകളും ഈ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം ഒരു ശരാശരി ജീവചരിത്ര ഡോക്യുമെന്ററിയല്ല ഇത്. കേരളത്തിന്റെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും അതിനുശേഷമുള്ള ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചരിത്രം കൂടി ഇതില്‍ കൊണ്ടു വരാന്‍ റാസിക്കു കഴിഞ്ഞിട്ടുണ്ട്. ശരത്തിന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനുമായിരുന്ന പി. ബാബുരാജ് ചൂണ്ടിക്കാട്ടുന്നതു പോലെ കേരളത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടു വരാന്‍ അനവരതം പരിശ്രമിച്ചിരുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ ചരിത്രം കൂടി ഈ ചിത്രം രേഖപ്പെടുത്തുന്നു. എണ്‍പതുകള്‍ മുതല്‍ ഇവിടെ നടന്നുപോന്ന ബദല്‍\സമാന്തര സാംസ്കാരികാന്വേഷണങ്ങളുടെയും അടയാളങ്ങള്‍ ഇതില്‍ കാണാം. അങ്ങനെ ‘പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ ശരത്തിനെക്കുറിച്ചു മാത്രമുള്ള സിനിമയല്ലാതാവുന്നു. ക്യാമറ മൂന്നാംകണ്ണായി കൊണ്ടുനടന്ന, മുഖ്യധാരയുടെ ഭാഗമായ ദൃശ്യമാധ്യമത്തെയും ആധുനിക സാങ്കേതിക വിദ്യയെയും അരികുകളുടെ രാഷ്ട്രീയം പറയാനായി ഉപയോഗിക്കാമെന്നു നമുക്കു കാണിച്ചുതന്ന, എന്നും നമ്മുടെയൊക്കെ കാതങ്ങള്‍ മുമ്പേ നടന്ന സി. ശരത്ചന്ദ്രന്റെ ഓര്‍മ്മക്കു മുന്നില്‍ സുഹൃത്തുക്കള്‍ക്കു നല്‍കാവുന്ന ഏറ്റവും ഉചിതമായ സമര്‍പ്പണം.

 

ചിത്രത്തിന്റെ പ്രദര്‍ശനം

 

ചിത്രത്തിന്റെ അണിയറയില്‍.
ക്യാമറ: ജി. ശ്യാംലാല്‍, റാസി
എഡിറ്റിങ്: സീന പനോളി,
ഫൈനല്‍ കട്ട്\കളര്‍ ഗ്രേഡിങ് -ശരത്
സൌണ്ട്ഡിസൈനര്‍: സി.ആര്‍ ചന്ദ്രന്‍
വിഷ്വല്‍ എഫക്റ്റ്സ്: സുജിത്, റാസി
സൌണ്ട് ഇഫക്റ്റ്സ്: സുബിന്‍, ആഷിഷ്,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ചാള്‍സ്,
നിര്‍മാണം: കലിത,
സാക്ഷാല്‍ക്കാരം: റാസി

കൂടുതല്‍ വിവരങ്ങള്‍ക്ക് : മീഡിയാ മില്‍
Tc2\ 2 \ 1094 (1)
ലോ കോളജ് ജങ്ഷന്‍
തിരുവനന്തപുരം 695037
ഫോണ്‍: 0471 306 2453
ഇ മെയില്‍: razi.artdirector@gmail.com

3 thoughts on “ശരത്തിനൊപ്പം, ഓര്‍മ്മകള്‍ക്കൊപ്പം

 1. തന്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് ശരത്ചന്ദ്രന്‍ ഏറെ വാചാലന്‍ ആയി സംസാരിച്ചിട്ടുണ്ട്…തന്റെ സിനിമ പ്രവര്‍ത്തങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനെ കുറിച്ചും…ഇഞ്ചി കൃഷിയെ കുറിച്ചും ഒകെ..ഒരു കൃഷിക്കാരനും മനുഷ്യസ്നേഹിയും കലാകാരനും ഒകെ ആയ ശരത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലി..

 2. ”ഇവിടല്ലോ നമ്മളെത്ര പൊന്കിനാവിന് വിത്തുനട്ടൂ..
  അതിനല്ലോ നമ്മളെത്ര ചോരകൊണ്ടു നീര് നനച്ചു..
  ഒരുപാടു ജീവിതങ്ങള് ഈ തടത്തില് വളമിട്ടു..
  ഒരുമിച്ചു ചേര്ന്ന നമ്മള് ഈ നിലത്തിനു കാവല് നിന്നു.”….

  ശരത്തേട്ടന്‍ പാടി തന്ന പാട്ട് …… ഇപ്പോഴും ഏത് സമരഭൂമിയിലും ഈ പാട്ട് പാടുമ്പോള്‍ അടുത്ത് എവിടെയെങ്കിലും നിന്ന് താളമിട്ടു ഞങ്ങള്‍ക്കൊപ്പം പാടാന്‍ ശരത്തേട്ടന്‍ ഉണ്ടെന്നു തോന്നിപ്പോകും..

  എന്നാലും ഇത്ര പെട്ടന്ന് പോകേണ്ടിയിരുന്നില്ല ശരത്തെട്ടാ…. ഇനിയുമെത്ര ഇടങ്ങള്‍… സമരങ്ങള്‍ ….

Leave a Reply

Your email address will not be published. Required fields are marked *