മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു രാത്രി

ശരത് ചന്ദ്രനും കണ്ടിരിക്കണം അന്നു രാത്രി ആ ചന്ദ്രനെ. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പായുന്ന തീവണ്ടിയുടെ ഡോറില്‍ നില്‍ക്കുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം ആ മഴ മേഘങ്ങളെ. പക്ഷെ ശരത് മാത്രം എറണാകുളം എത്തിയില്ല. നെല്ലായിക്കും ഇരിഞ്ഞാലക്കുടയ്ക്കും ഇടയിലെവിടെയോ സ്വന്തം മരണത്തിലേക്ക് അയാള്‍ വഴുതിവീണു. തീര്‍ച്ചയായും ഒരകാല മരണം-രണ്ടു വര്‍ഷം മുമ്പ്, അകാലത്തില്‍ വേര്‍പിരിഞ്ഞ സി. ശരത് ചന്ദ്രന് നാലാമിടത്തിന്റെ ആദരം. ശരത്തിന്റെ മരണശേഷം സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രേണു രാമനാഥ് എഴുതിയ കുറിപ്പ് ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: സരിത കെ. വേണു

 

 

ആ രാത്രി, എറണാകുളത്തേക്ക് ഞാനുമുണ്ടായിരുന്നു. ശരത്ത് തൃശൂര് നിന്ന് തീവണ്ടിയില്‍ എറണാകുളത്തേക്ക് പായുന്ന അതേ നേരം. തൃശൂരില്‍ നിന്ന് തന്നെ റോഡ് മാര്‍ഗമായിരുന്നു എന്റെ യാത്ര. രാത്രിയാകാശത്ത് ജ്വലിച്ചു നിന്നൊരു ചന്ദ്രനും പാഞ്ഞു വരുന്നുണ്ടായിരുന്നു വാഹനത്തിനൊപ്പം, എനിക്കൊപ്പം. പൂര്‍ണ ചന്ദ്രോദയം കഴിഞ്ഞ് നാളുകള്‍ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. കനത്ത വേനല്‍ വകഞ്ഞ് മഴപെയ്യിക്കുമെന്ന് തോന്നിപ്പിച്ച ഇരുള്‍ മേഘങ്ങള്‍ക്കുള്ളിലൂടെ ചന്ദ്രന്‍ തിളങ്ങി നിന്നു.

ശരത്തും കണ്ടിരിക്കണം അന്നു രാത്രി ആ ചന്ദ്രനെ. തീവണ്ടിയുടെ ഡോറില്‍ നില്‍ക്കുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം ആ മഴ മേഘങ്ങളെ. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ശരത് മാത്രം എറണാകുളം എത്തിയില്ല. നെല്ലായിക്കും ഇരിഞ്ഞാലക്കുടയ്ക്കും ഇടയിലെവിടെയോ സ്വന്തം മരണത്തിലേക്ക് അയാള്‍ വഴുതിവീണിരുന്നു. തീര്‍ച്ചയായും ഒരകാല മരണം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സന്ധിയില്ല സമരങ്ങള്‍ നടത്തിയ ശരത്തിന്റെ വേര്‍പാട് അദ്ദേഹത്തെ അറിയുന്നവര്‍ക്കും കൂട്ടുകാര്‍ക്കും കനത്ത ആഘാതമായിരുന്നു.

രേണു രാമനാഥ്

സഞ്ചരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍! ജീവിച്ചിരുന്നപ്പോള്‍ (ഏതാനും ദിവസം മുമ്പുവരെ അല്ലെങ്കില്‍ അല്‍പ്പം മുമ്പുവരെ നമ്മോടൊത്തു ജീവിച്ചവര്‍ ഇനിയില്ലാ എന്നത് തീര്‍ത്തും ഒരു ഞെട്ടലാണ്) ശരത്തിനെ കൂട്ടുകാര്‍ തമാശയോടെ വിശേഷിപ്പിക്കാറ് അങ്ങനെയായിരുന്നു. കേരളത്തിലെ പല ഫിലിം സൊസൈറ്റികള്‍ക്കും ശരത്ത് നല്‍കിയിരുന്ന സഹായങ്ങള്‍ വലുതായിരുന്നു. അതിജീവനത്തിന് പാടുപെടുന്ന അവയില്‍ ചിലതൊന്നും അയാളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, നിലനില്‍ക്കുമായിരുന്നില്ല. തന്റെ കൈവശമുള്ള സിനിമകളുടെ വലിയ ശേഖരം, പ്രൊജക്റ്റര്‍, വീഡിയോ കാമറ ഒന്നും നല്‍കാന്‍ ശരത്തിന് മടിയില്ലായിരുന്നു. അയാള്‍ സദാ സന്നദ്ധനായിരുന്നു. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ എപ്പോഴും തയ്യാറായി നിന്നു. ഇലക്ട്രോണിക്ക് മാധ്യമത്തിന്റെ ശക്തി മറ്റാരേക്കാളും മുമ്പേ ശരത്ത് തിരിച്ചറിഞ്ഞിരുന്നു. സദാ നീതിയുടെ പക്ഷം പിടിച്ചിരുന്ന സോഷ്യല്‍ ഡോക്യുമെന്റേറ്ററായിരുന്നു ശരത്ത് ചന്ദ്രന്‍.

80കള്‍ മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരത് തന്റെ വീഡിയോ കാമറയുമായി അലയാന്‍ തുടങ്ങി. കേരളം മാത്രമല്ല അയല്‍ സംസ്ഥനങ്ങളിലെ വരെ ചെറു ഗ്രാമങ്ങളിലെ കഷ്ടതകളും ജീവിതസമരങ്ങളും ശരത്ത് കണ്ടറിഞ്ഞു. വേണ്ടത്ര വിവരങ്ങള്‍ ആയി എന്നു ബോധ്യപ്പെടുന്നതുവരെ അവയെല്ലാം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. തൃപ്പൂണിത്തറയിലെ തന്റെ ഫ്ളാറ്റിലിരുന്നായിരുന്നു വര്‍ഷങ്ങളോളം താന്‍ രേഖപ്പെടുത്തിയ ഫൂട്ടേജുകള്‍ ശരത്ത് എഡിറ്റ് ചെയ്തിരുന്നത്. അവയൊക്കെ സത്യത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. കഷ്ടപ്പെടുന്ന സമൂഹത്തിന്റെ വിങ്ങലുകള്‍, പോരാട്ടങ്ങള്‍, സഹജീവികള്‍ക്കുള്ള സന്ദേശങ്ങള്‍ എന്നിങ്ങനെ ഓരോ ഡോക്യുമെന്ററികളും പുറത്തിറങ്ങി.

 

 

നീതിയുടെ മൂന്നാം കണ്ണ്
ശരത്തിന്റെ ചിത്രങ്ങള്‍ പത്തിലേറെയുണ്ട്. പാരിസ്ഥിതിക സംരക്ഷണ മൂദ്രാവാക്യമുയര്‍ത്തി 1987^88 കാലത്ത് നടന്ന ‘പശ്ചിമഘട്ട രക്ഷാ യാത്ര’ യെ രേഖപ്പെടുത്തുന്ന ‘Save the Western Ghats March: A Kerala Experience’ ആയിരുന്നു ആദ്യത്തേത്. No To Dams: A Pooyamkutty Tale (1988), ‘എല്ലാം അസ്തമിക്കും മുമ്പേ’ (1989), ‘ചാലിയാര്‍: അന്തിമ സമരം’ (1999) ^ഇതിന് മുംബൈ ചലച്ചിത്ര മേളയില്‍ പ്രത്യേക പരാമര്‍ശവും വാതാവരണ്‍ മേളയില്‍ Bronze Tree പുരസ്കാരവും ലഭിച്ചു. വയനാട്ടിലെ കനവിനെക്കുറിച്ചുള്ള കനവ് ((Dream) 2002, ‘പ്ലാച്ചിമട സമരത്തെക്കുറിച്ച് പി. ബാബുരാജുമായി ചേര്‍ന്ന് നിര്‍മിച്ച ‘The Bitter Drink,’ മുത്തങ്ങ ആദിവാസി വേട്ടയെക്കുറിച്ചുള്ള ‘Evicted from Justice (2003), സയലന്റ് വാലിയെക്കുറിച്ച് പി. ബാബുരാജിനൊപ്പം സംവിധാനം ചെയ്ത ‘Only An Axe Away’, വീണ്ടും പ്ലാച്ചിമട സമരത്തെക്കുറിച്ച് ബാബുരാജിനൊപ്പം ചെയ്ത ‘1000 Days and a Dream’ (2006), ജോണ്‍ ഏബ്രഹാമിനെക്കുറിച്ചുള്ള ‘Yours Truly, John'(2008), ചെങ്ങറ സമരത്തെക്കുറിച്ചുള്ള ‘To Die for Land’ എന്നീ ചിത്രങ്ങള്‍. ചാലിയാര്‍ സമര ശേഷമുള്ള മാവൂരിന്റെയും സമീപപ്രദേശേങ്ങളുടെയും ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി നിര്‍മാണ ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.

സമകാലികരായ പല ഡോക്യുമെന്റി നിര്‍മാതാക്കളുമായി ശരത് സഹകരിച്ചു പ്രവര്‍ത്തിച്ചു. തന്റെ അപ്പാര്‍ട്ടുമെന്റിലെ സ്റ്റുഡിയോ സുഹൃത്തുക്കള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിട്ടു . നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിയെത്തി. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും, വാതാവരണ്‍, ദി എന്‍വിറോണ്‍മെന്റ് ആന്റ് വൈല്‍ഡ് ലൈഫ് ട്രാവലിങ് ഫിലിം ഫെസ്റ്റിവല്‍ ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.

 

ഭാര്യ സുധക്കൊപ്പം ലണ്ടനില്‍

 

വായിക്കാത്ത സന്ദേശങ്ങള്‍
ശരത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഇന്നും സജീവമാണ്. ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കകം കൂട്ടുകാരുടെ മെസേജ് കൊണ്ട് അത് നിറഞ്ഞു. അവര്‍ക്കറിയാം ശരത്ത് അത് ഒരിക്കലും വായിക്കില്ലെന്ന്. എന്നിട്ടും, എന്നെപ്പോലുള്ള ശരത്തിന്റെ മറ്റു സുഹൃത്തുക്കളും ഇപ്പോഴും മെസേജുകള്‍ പോസ്റുചെയ്യുന്നത് സ്വയം ആശ്വസിപ്പിക്കാനാണ്. ജീവിച്ചിരിക്കുന്നവരുടെ ആശ്വാസത്തിനായി നല്‍കുന്ന ആ വാക്കുകളെല്ലാം എള്ളില്‍ കുഴച്ചെടുത്ത ബലിച്ചോറാണ്.

വളരെ അടുത്ത ഒരാളുടെ ചരമക്കുറിപ്പ് എഴുതകയാണ് ഏറ്റവും വലിയ വെല്ലുവിളി എന്നതാണ് പരിശീലനത്തിന്റെ ആദ്യദിനങ്ങളില്‍ എല്ലാ ജേണലിസം വിദ്യാര്‍ഥി കള്‍ക്കും കിട്ടുന്ന ആദ്യ പാഠം .നിങ്ങളുടെ അടുത്ത സുഹൃത്താവട്ടെ ,നിങ്ങളുടെ സഹപ്രവര്‍ത്തകനാകട്ടെ,നിങ്ങളുടെ അധ്യാപകന്‍ , നിങ്ങളുടെ പ്രചോദന കേന്ദ്രം ,നിങ്ങളുടെ അച്ഛനോ അമ്മയോ ആരായാലും ഒരു ചരമക്കുറിപ്പ് എഴുതാന്‍ നിങ്ങള്‍ സന്നദ്ധനായിരിക്കണം എന്നാണ് ഓരോ വിദ്യാര്‍ഥിയെയും ആദ്യം പഠിപ്പിക്കുന്നത് .എങ്കിലും ഇത്തിരി നേരം മുമ്പ് വരെ തൊട്ടടുത്ത് എവിടെയൊക്കെയോ ഉണ്ടായിരുന്ന ഒരാളെ തട്ടിയെടുത്തു കൊണ്ട് മരണം നേര്‍മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഈ ആദ്യ പാഠം ഏറ്റവും വലിയ വെല്ലുവിളി ആയി മാറുന്നു.

വാര്‍ത്താ റിപ്പോര്‍ട്ടില്‍ മറ്റൊരു വിവരം കൂടെയുണ്ട് ശരത്തിനോടൊപ്പം മറ്റൊരാള്‍ കൂടെ മരിച്ചുവെന്ന്. തിരിച്ചറിയപ്പെടാത്ത ഒരു യാത്രികന്റേതുള്‍പ്പെടെ രണ്ടു മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു (ഏറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി സെബാസ്റ്യന്‍ ആണത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു ) റിപ്പോര്‍ട്ടുകള്‍ പറയുന്നത് രണ്ടു പേരും ഒരുമിച്ചു മരണത്തിലേക്ക് കുതിച്ചു ചാടി എന്നാണ് .വഴുതി വീഴവേ രണ്ടു പേരും അപരനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ടില്‍ .ജീവിതത്തിന്റെ അവസാന നിമിഷത്തില്‍ എന്തൊരു വിചിത്രമായ വിധിയാവാം ഇവരെ പരസ്പരം അടുപ്പിച്ചത് ! ആര് ആരെയാവാം ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ നോക്കിയത് ,ആര് ആരെയാവാം മരണത്തിലേക്ക് കൂടെ കൂട്ടിയത് ? ആര്‍ക്കറിയാം .

 

ശരത്ത് ഗോമുഖില്‍

 

മുഖദാവില്‍ മരണം
ഭാര്യയും സഹോദരങ്ങളും പ്രായമായ മാതാപിതാക്കളും ഉണ്ട് ശരത്തിന് .കൂട്ടുകാര്‍ക്ക് അളന്നു തിട്ടപ്പെടുത്താന്‍ ആവില്ല ഈ നഷ്ടം .

ഇത് മാത്രമേ നമുക്കറിയൂ ശരത് , ഞങ്ങള്‍ക്ക് നിന്നെ ഇനിയും എത്രയോ വേണമായിരുന്നു . എത്രയോ അധികം . ഒരു പക്ഷെ ,നിനക്ക് മാത്രം ചെയ്തു തീര്‍ക്കാന്‍ കഴിയുമായിരുന്ന കാര്യങ്ങള്‍ . ഒരു സുഹൃത്ത് പറഞ്ഞത് പോലെ അവന്‍ കൂടെയുണ്ടയിരുന്നപ്പോള്‍ അറിഞ്ഞിരുന്നില്ല അവന്റെ പ്രാധാന്യം .അവന്‍ എപ്പോഴും കൂടെയുണ്ടാവും എന്ന് നമ്മള്‍ വിശ്വസിച്ചു .അങ്ങനെയൊരാള്‍ പാതിവഴിയില്‍ നമ്മെ വിട്ടു പോകുമ്പോള്‍ ചതിക്കപ്പെട്ടത് പോലെ തോന്നും .

എന്ത് കൊണ്ട് നീ ?
ആയിരം ഹൃദയങ്ങളില്‍ മൌനത്തിന്റെ ഭാഷയില്‍ ഈ ചോദ്യം അലയടിക്കുന്നു.

വിലാപം ഇനിയും നീണ്ടു പോകാം . പക്ഷെ എവിടെയെങ്കിലും നിര്‍ത്തിയേ പറ്റൂ . ശരത് ചന്ദ്രന്‍ ബാക്കി വെച്ചത് നമുക്ക് പൂര്‍ത്തീകരിച്ചേ പറ്റൂ .ബാക്കിയായ നമുക്ക് കഴിയുന്ന രീതിയില്‍ .

പക്ഷെ ആ ചന്ദ്രനെ ഞാനൊരിക്കലും മറക്കില്ല …

6 thoughts on “മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു രാത്രി

 1. കാതിക്കൂടം എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സലിനുവേണ്ടി നിര്‍മ്മിച്ച ‘വരാനിരിക്കുന്ന വസന്തം’ എന്ന ഡോക്യുമെന്ററി. ശരത്ചന്ദ്രൻ തുടങ്ങി വെച്ച ചലച്ചിത്ര സംരംഭമാണത്

 2. ‘ശരത്തും കണ്ടിരിക്കണം അന്നു രാത്രി ആ ചന്ദ്രനെ’…..തുടക്കം അതീവഹൃദ്യം.. വേദനാനിര്‍ഭരമായ ശരത്തേട്ടന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പലരെയും പോലെ ഞാനും ഒരിത്തിര മൗനത്തെ പുല്‍കട്ടെ..

 3. ” I’m very happy today! ”
  മാര്‍ച്ച്‌ 31-വൈകീട്ട് നാല് മണി. ഫോണില്‍ ശരത്തിന്‍റെ ശബ്ദം. നീ വാ.. കാതികുടം സിനിമ കാണിച്ചു തരാം.. ഗംഭീരമായിട്ടുണ്ട്. അയാം വെരി ഹാപ്പി….സ്വരത്തില്‍ ആവേശം, സന്തോഷം, പിന്നെ പതിവില്ലാത്ത നിര്‍ബന്ധം.. ചെയ്തെടത്തോളം മൊബയിലില്‍ പകര്‍ത്തിയത് കാണാനും സന്തോഷത്തില്‍ പങ്കു ചേരാനും തൃശൂരില്‍ വരാന്‍ കുറെ നിര്‍ബന്ധിച്ചു. പക്ഷെ, സഹപ്രവര്‍ത്തകന്റെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു, ഞാന്‍. എങ്കില്‍, തിരിച്ചു പോകുമ്പോള്‍ കാതികുടത് വന്നു കാണിക്കാമെന്നു ശരത്. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.. രാത്രി ഒന്‍പതു മണി. ഫോണില്‍ ശരത്തിന്‍റെ ക്ഷമാപണം. കാതികുടത്തെക്ക് ഇന്ന് വരാനാവില്ലെന്ന് .. ട്രെയിനില്‍ കയറാന്‍ പോവുകയാണെന്ന് .
  വിഡ്ഢി ദിനം. വെളുപ്പിന് നാല് മണി. ബാംഗ്ലൂരില്‍ നിന്നും സന്തോഷിന്‍റെ ഫോണ്‍ വിളി. ശരത്ത് ട്രെയിനില്‍ നിന്നും വീണു. ചാലക്കുടി ആശുപത്രിയില്‍, മോര്‍ച്ചറിയില്‍ എന്ന് കേട്ടെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. രാത്രിയില്‍ അവസാനം വിളിച്ചത് ശരത്തായിരുന്നല്ലോ. ഞാന്‍ ആദ്യം വിളിച്ചത് ശരത്തിനെ..കാതില്‍ ഒരു മുഴക്കം. “അയാം ഹാപ്പി ടുഡേ..” ക്ഷമിക്കൂ ശരത്ത്, നിന്‍റെ സന്തോഷത്തില്‍ എനിക്ക് പങ്കു ചേരാന്‍ പറ്റിയില്ലല്ലോ…
  ചന്ദ്രശേഖരന്‍
  കാതിക്കുടം.

 4. കരയിച്ച്ചെങ്കിലും നന്ദി, രേണു.. ശരത് ചന്ദ്രന്‍ എന്നുമിവിടെ ഉണ്ടാവും,ക്യാമറ ഏന്തുന്ന ഏതൊരാളെയും ഈ നാടിന്‍റെ നോവുകളിലേക്ക് പിടിച്ചുവലിച്ചുകൊണ്ട് …

Leave a Reply

Your email address will not be published. Required fields are marked *