പുതിയ തേജാ, പഴയ അതേ മത്തിക്കറി…

എന്റെ വല്യമ്മച്ചി ആളൊരു മഹാസംഭവമായിരുന്നെന്ന് എനിക്ക് പലപ്പഴും
തോന്നിയിട്ടുണ്ട്. ആളുകളൊത്തിരിയുള്ള ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍
വളര്‍ന്നതും വന്നു കേറിയതുമായി പെണ്ണുങ്ങള്‍ ഒരുപാടുണ്ടായിരുന്നിട്ടും
അടുക്കളഭരണത്തിന്റെ സര്‍വാധികാരി മരിക്കുംവരെ വല്യമ്മച്ചി തന്നായിരുന്നു.
ആളിനൊപ്പിച്ചു വരുമാനമില്ലാതിരുന്ന അക്കാലത്ത്, പറമ്പീ വെളയുന്ന കപ്പേം
മാങ്ങേം ചക്കേം കൊണ്ടൊക്കെ എല്ലാരേം ഊട്ടി നെറക്കാന്‍ അവര്‍ ഒരുപാട്
പ്രയാസപ്പെടുന്നതു ഞാന്‍ കുഞ്ഞുന്നാളില്‍ കണ്ടിട്ടൊണ്ട്. അമ്മച്ചീടെ ചെല
അടുക്കള തന്ത്രങ്ങള്‍ അതീവ രസകരമായിരുന്നുവെന്നു പറയാനാണ്, ഈ കുടുംബ
പുരാണമൊക്കെ ഇപ്പോ വെളമ്പിയത്.

അതായത്, അടുപ്പില്‍ വെന്തതൊന്നും എത്ര പഴകിയാലും അവര്‍ വെറുതെ
കളയുകേലാരുന്നു. തേങ്ങയരക്കാത്ത കുടമ്പുളിയിട്ട മത്തിക്കറി അമ്മച്ചി
ഒന്നൊന്നര ആഴ്യൊക്കെ സുഖമായിട്ടോടിക്കും, ദെവസോം ഒന്നു ചൂടാക്കുമെന്നു
മാത്രം. ബാക്കിവരുന്നതെന്തായാലും, അത് ചെണ്ടമുറിയന്‍ കപ്പയായാലും
ചേനയായാലും ചേമ്പായാലും ശരി, ഏതെങ്കിലും തരത്തില്‍ അമ്മച്ചി നമ്മടെ
വയറ്റില്‍ എത്തിക്കും. അകത്താക്കുന്ന സാധനത്തിന്റെ പഴക്കം അതു
തിന്നുന്നവന്‍ ഒരിക്കലും അറിയാതിരിക്കാനൊള്ള പൊടിക്കൈകളൊക്കെ
അമ്മച്ചിക്ക് നല്ല വശമായിരുന്നു. കാലം മാറി, അമ്മച്ചീടെ മക്കളും ഞങ്ങളു
കൊച്ചു മക്കളുമൊക്കെ പല കരേലെത്തി പ്രാരാബ്ധമൊക്കെ മാറി. പക്ഷേ, മരണം വരെ
അമ്മച്ചീടെ ശീലം മാത്രം മാറിയില്ല. പഴഞ്ചോറു വെച്ചൂറ്റിയും പഴകിയ
മത്തിക്കറി ചൂടാക്കിയും മറ്റുള്ളവരെ തീറ്റിക്കുന്നതില്‍ അമ്മച്ചി
എക്കാലത്തും ആത്മസംതൃപ്തി കണ്ടെത്തി. കാലം മാറിയതും മക്കളുടേയും
കൊച്ചുമക്കളുടേയുമൊക്കെ രുചി മാറിയതുമൊന്നും അവര്‍ ഒരിക്കലും
തിരിച്ചറിഞ്ഞതേയില്ല.

മുരളീധരന്‍, ശാന്താ മുരളീധരന്‍ എന്നിവര്‍ നിര്‍മിച്ച് ദീപു കരുണാകരന്‍
കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് ‘സൌത്ത് ഇന്ത്യയിലെ ഇംഗ്ലീഷ്
അറിയാവുന്ന ഏക നടന്‍’ നായകനായ ‘തേജാഭായ് ആന്റ് ഫാമിലി’ എന്ന സിനിമ പാലാ
യൂനിവേഴ്സല്‍ തിയറ്ററില്‍ കണ്ടിരുന്ന രണ്ടര മണിക്കൂര്‍ നേരവും ഞാനെന്റെ
വല്യമ്മച്ചിയുടെ ആ പഴയ മത്തിക്കറി ഓര്‍ക്കുവാരുന്നു. പത്തിരുപത്തഞ്ചു
കൊല്ലം മുമ്പ് പഞ്ഞകാലത്ത് നമ്മളതു സ്വാദോടെ കഴിച്ചിട്ടുണ്ടെന്നതു നേര്,
എന്നു കരുതി ഇന്നും അതുതന്നെ വിളമ്പിയാലോ?

1984 ല്‍ ‘പൂച്ചക്കൊരു മൂക്കുത്തി’യില്‍ തുടങ്ങി, ‘ഓടരുതമ്മാവാ ആളറിയാം’
(1984), ബോയിങ് ബോയിങ് (1985), മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986)
എന്നിങ്ങനെ നീണ്ട് 2001 ല്‍ ‘കാക്കകുയില്‍’ വരെയുള്ള അനവധി സിനിമകളില്‍
പ്രിയദര്‍ശന്‍ പയറ്റിയ ഹാസ്യത്തെ ഇംഗ്ലീഷില്‍ സ്ക്രൂബോള്‍ കോമഡി
(Screwball comedy) എന്നു വിളിക്കും. ഒരാളെ മറ്റൊരാളായി
തെറ്റിദ്ധരിക്കുന്നതുമൂലമുണ്ടാവുന്ന ഗുലുമാലുകള്‍, ഒരാളോ ഒന്നിലധികം പേരോ
പ്രണയ വിജയത്തിനോ മറ്റെന്തിെലും കാര്യ സാധ്യത്തിനോ ആയി സ്വന്തം സ്വഭാവമോ
വ്യക്തിത്വമോ മറച്ചുവെക്കാന്‍ നടത്തുന്ന പെടാപ്പാടുകള്‍ ഒക്കെയാണ്
സ്ക്രൂബോള്‍ കോമഡിയുടെ അടിസ്ഥാനഘടകം. മിക്കതിലും നായകന്‍ നായികയില്‍
നിന്ന് വലിയൊരു രഹസ്യം മറച്ചുവെച്ചിരിക്കും. ഈ ഹാസ്യ രീതി നമ്മുടെ
പ്രിയദര്‍ശന്‍ കണ്ടെത്തിയതൊന്നുമല്ല, അദ്ദേഹം കൊള്ളാവുന്ന ഇംഗ്ലീഷ്
സിനിമകളില്‍ നിന്ന് അതേപടി ചുരണ്ടി മാറ്റിയതാണ്. മൂന്നു നാലു
പ്രണയിനികള്‍ ഒരേ സമയമുള്ള നായകന്‍ കള്ളിപൊളിയാതിരിക്കാന്‍ നടത്തുന്ന
നെട്ടോട്ടങ്ങളുടെ കഥയായ ‘ബോയിങ് ബോയിങ്’ ഒക്കെ പേരുപോലും മാറ്റാന്‍
മെനക്കെടാതെ പ്രിയന്‍ നടത്തിയ മോഷണമായിരുന്നുവെന്ന് ഇന്ന്
നഴ്സറിക്കുട്ടികള്‍ക്കു വരെ അറിയാം. 1932 ല്‍ ‘ട്രബിള്‍ ഇന്‍ പാരഡൈസ്’
തൊട്ട് 1944 ല്‍ ‘ആര്‍സെനിക് ആന്റ് ഓള്‍ഡ് ലേസ്’ വരെയുള്ള ഹോളിവുഡ്
സിനിമകളിലാണ് സ്ക്രൂബോള്‍ കോമഡി അരങ്ങുതകര്‍ത്തത്. 1974 വരെയൊക്കെ ഇത്തരം
സിനിമകള്‍ ഹോളിവുഡില്‍ ഇടക്കിടെ എത്തി വലിയ സാമ്പത്തിക വിജയം നേടി.
ഇംഗ്ലീഷില്‍ ഈ തരികിട ഹാസ്യത്തിന്റെ യുഗം അവസാനിച്ച് പിന്നെയും പത്തു
കൊല്ലം കഴിഞ്ഞാണ് പ്രിയദര്‍ശനൊക്കെ അത് അടിച്ചുമാറ്റി
മലയാളത്തിലെത്തിച്ചത്. പിന്നീട് കെ.കെ ഹരിദാസ് മുതല്‍ വിജി തമ്പിവരെ
എത്രയോ സംവിധായകര്‍ അതു പകര്‍ത്തി.

ഇന്നത്തെപ്പോലെ ടെലിവിഷനോ ഇന്റര്‍നെറ്റോ വിദേശസിനിമാനുഭവമോ
ഒന്നുമില്ലാത്ത പഴയ തലമുറ അത്തരം മലയാള സിനിമകള്‍ പലതും തിയറ്ററില്‍ പോയി
ചിരിച്ചുമറിഞ്ഞു കണ്ടു. കാല്‍നൂറ്റാണ്ടു പഴക്കമുള്ള അതേ ‘മത്തിക്കറി’
പുതിയൊരു പേരില്‍ ഇതാ കേരളത്തിലെ തിയറ്ററുകളില്‍ ഈ ഓണക്കാലത്ത് വീണ്ടും
എത്തിയിരിക്കുന്നു, ‘തേജാഭായി ആന്റ് ഫാമിലി’ എന്ന പേരില്‍. മലേഷ്യയിലെ
ഏറ്റവും വലിയ അധോലോക നായകനായ തേജാഭായ് (പ്രിഥ്വിരാജ്)
സാമൂഹികപ്രവര്‍ത്തകയായ വേദികയെ (അഖില) പ്രണയിക്കുന്നു. കാമുകന്‍
‘സര്‍വശക്തനായ’ അധോലോക നായകനാണെന്ന കാര്യം പാവം നായികക്ക് അറിയില്ല.
വേദികയുടെ പിതാവ് (തലൈവാസല്‍ വിജയ്) നിലയും വിലയും ബന്ധുബലവുമുള്ള
ഒരുത്തനു മാത്രമേ മകളെ വിവാഹം ചെയ്തു നല്‍കൂ എന്ന ദൃഢപ്രതിജ്ഞയിലാണ്.
അനാഥനായ തേജാഭായ് വേദികയെ സ്വന്തമാക്കാനായി വേദികയുടെ പിതാവിന്റെ ആത്മീയ
ഗുരുവിനെ (സുരാജ് വെഞ്ഞാറമ്മൂട്) ഭീഷണിപ്പെടുത്തി പാട്ടിലാക്കുന്നു.
പീന്നിട് തേജാഭായിയും ആത്മീയ ഗുരുവും കേരളത്തിലെത്തി വലിയൊരു ബംഗ്ലാവില്‍
താമസമാക്കുന്നു. തേജാഭായി ബന്ധുക്കളെ തേടി നല്‍കുന്ന പത്രപ്പരസ്യം
കണ്ടെത്തുന്ന ഊരും പേരുമില്ലാത്ത നിരവധി കഥാപാത്രങ്ങള്‍ (ജഗദീഷ് മുതല്‍
കുളപ്പുള്ളി ലീല വരെയുള്ളവര്‍) ഹാസ്യമെന്ന പേരില്‍ കാഴ്ചവെക്കുന്ന
ഓക്കാനിപ്പിക്കുന്ന വിക്രിയകളാണ് പിന്നീട് സിനിമ. നായികയും നായികയുടെ
അച്ഛനും വില്ലനുമൊക്കെ പിന്നീട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ
ഒന്നിനു പിറകെ ഒന്നായി ബംഗ്ലാവില്‍ എത്തുന്നു. തനിക്ക് ഒരുപാട്
ബന്ധുക്കളുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ തേജാഭായ് നടത്തുന്ന ‘ടോം ആന്റ്
ജെറി’ കളിക.ാണ് സിനിമ മുഴുവന്‍. വളരെ വളരെ പഴകിയതും ഒരുപാടൊരുപാട്
സിനിമകളില്‍ മലയാളി കണ്ടു മടുത്തതുമായ ആള്‍മാറാട്ട നെട്ടോട്ട ഹാസ്യം.
ഒരായിരം സിനിമകളില്‍ കണ്ടതുപോലൊരു അടിപിടിയില്‍ എല്ലാം കലങ്ങിത്തെളിഞ്ഞ്
നായകനും നായികയും ഒന്നിക്കുമ്പോള്‍ ശുഭം!

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കാത്ത ഒറ്റ സീന്‍പോലുമില്ല
എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മുന്‍ സിനിമകളായ വിന്റര്‍, ക്രേസി
ഗോപാലന്‍ എന്നിവയിലൂടെ നേടിയെടുത്ത ചീത്തപ്പേര് ഈ സിനിമയിലും ദീപു
കരുണാകരന്‍ കളഞ്ഞുകുളിക്കുന്നില്ല! കൂറ്റനൊരു വീടിന്റെ അകത്തളത്തിലാണ്
രംഗങ്ങള്‍ ഭൂരിപക്ഷവും എന്നതിനാല്‍ കഥാപാത്രങ്ങളെവിട്ട് പ്രകൃതിഭംഗി
നോക്കിയിരിക്കാനുള്ള അവസരംപോലും ഈ സിനിമ പാവം പ്രേക്ഷകന് തരുന്നില്ല.
സംഭവം ‘ ക്ലീന്‍ ഫാമിലി എന്റര്‍ടെയിനര്‍’ എന്നാണ് അവകാശവാദം.
എന്റര്‍ടെയിനറിനുമില്ലേടേ രാജു, ഒരു പരിധിയൊക്കെ? ‘ഐ.ക്യു ഒള്ളൊരു
പെണ്ണിനെ മാത്രമേ  കെട്ടൂന്നു’ വാശിപിടിച്ച് സകലമാന പത്രക്കാരേം
പറ്റിച്ച് ബി.ബി.സി ജേണലിസ്റ്റിനെത്തന്നെ അതീവ രഹസ്യമായിട്ട്
സ്വന്തമാക്കിയ യുവനായകനല്ലേ പ്രിഥ്വീ അവിടുന്ന്? കരാര്‍ ഒപ്പിട്ട്
ചെക്കെഴുതി വാങ്ങുംമുമ്പ് സ്വന്തം ഐ.ക്യു ഉപയോഗിച്ച് ഇമ്മാതിരി
സ്ക്രിപ്റ്റൊക്കെ ഒന്നു വായിച്ചൂടേടോ?

കര്‍ട്ടന്‍: ആരുടേയും അഭിനയത്തെപ്പറ്റി ഒന്നും പറയാനില്ല, കാരണം ഈ
സിനിമയില്‍ അഭിനയത്തിന്റെ ആവശ്യമേയില്ല. കൂട്ടത്തില്‍ ഏറ്റവും
വെറുപ്പിക്കുന്നത് പതിവുപോലെ സുരാജ് വെഞ്ഞാറമ്മൂടു തന്നെ. പ്രിഥ്വിക്ക്
കോട്ടും സ്യൂട്ടും കൂളിങ്ഗ്ലാസുമിട്ട് നടക്കാനല്ലാതെ പ്രത്യേകിച്ച്
ഒന്നും ചെയ്യാനില്ല. അഖില ശശിധരന്‍ അഭിനയത്തിന്റെ എല്‍.കെ.ജിയില്‍
എത്തിയിട്ടുണ്ട്. നന്നായി ശ്രമിച്ചാല്‍ എല്‍.പി സ്കൂള്‍ കടന്നേക്കും.
അതിനുള്ള പ്രതിഭയൊക്കെയുണ്ട്!

annammathewitness@gmail.com

5 thoughts on “പുതിയ തേജാ, പഴയ അതേ മത്തിക്കറി…

  1. annammo, cinema kandu pakuthiyayappo njan wifenodu paranju ithile director Priyadarsanu padichondirikkuvanennu!!! review adipoli.. pakshe kathayude mukkal bhagavum paranju ini ee chavaru kananirikkunavarude ‘rasa’charadu pottumo ennoru samsayam!

  2. Reviewil paranjirikkunna poleyanu chitramenkil vallyammachiyude mathikkariyude moolyam kurachu kaattiyathu sariyaayilla. nammalokke veendum agrahikkendathu vallyammachimaaarude sneham niranja aa swadu ennum aaswadickaanaanu….

  3. Reviewil paranjirikkunna poleyanu chitramenkil vallyammachiyude mathikkariyude moolyam kurachu kaattiyathu sariyaayilla. nammalokke veendum agrahikkendathu vallyammachimaaarude sneham niranja aa swadu ennum aaswadickaanaanu….

Leave a Reply to Firefly Cancel reply

Your email address will not be published. Required fields are marked *