പുതു പത്രപ്രവര്‍ത്തകര്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍ 

ഇവര്‍ക്ക് വായനയില്ല, വിശാലമായ ലോക പരിജ്ഞാനമില്ല, ആധുനിക മൂല്യങ്ങളെപ്പറ്റി, എജുക്കേഷണല്‍ മൂല്യങ്ങളെപ്പറ്റി ഒന്നുമറിഞ്ഞൂടാ. നമുക്കിടയിലുള്ള ജെന്‍ഡര്‍ ഇഷ്യൂസിനെപ്പറ്റിയോ, വര്‍ഗീയത എന്താണ്, എന്തല്ല എന്നതിനെപ്പറ്റിയോ, എന്താണ് ജനാധിപത്യം എന്നതിനെപ്പറ്റിയോ ഒരു ബോധവുമില്ലാത്ത ഒരു തലമുറ.ഇവരുവന്ന് ഇവിടെ കലര്‍ന്നപ്പോള്‍, അവിടെ കിടന്ന പഴയ വിഷവും പിന്മുറക്കാരും കൂടി കലര്‍ന്നപ്പോള്‍ വലിയ മാരകമായ ഒരു മനഃശാസ്ത്രമാണ് ഉണ്ടാകുന്നത്. ഇത് രണ്ടുംകൂടി ചേര്‍ന്നുണ്ടായ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ നാം നില്‍ക്കുന്നത് ആ തകര്‍ച്ചക്കുള്ളിലാണ്. എനിക്ക് മനസ്സിലായിടത്തോളം ഈ കോഴ്സുകളില്‍ തോല്‍ക്കുന്നവരാരും ഇല്ല. സ്വാശ്രയകോളജുകളില്‍ സംഭവിക്കുന്നതൊക്കെപ്പോലെ പ്രസ്ക്ലബുകള്‍ അവരുടെ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ഭാഗമായുണ്ടാക്കി എടുക്കുന്ന ഫാക്ടറി ഔട്ട്പുട്ടുകളാണ് ഇന്നത്തെ പത്രപ്രവര്‍ത്തകര്‍. – കേരളത്തെക്കുറിച്ച്, മാധ്യമങ്ങളെക്കുറിച്ച്, മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച്, ജീര്‍ണതകളെക്കുറിച്ച് സക്കറിയ നാലാമിടത്തോട് സംസാരിക്കുന്നു. തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ് 

 

 

ആദ്യഭാഗം ഇവിടെ വായിക്കാം 

മല്‍സരങ്ങള്‍, മാറ്റങ്ങള്‍

ചാനലുകളുമായി മല്‍സരിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറായ പത്രങ്ങള്‍ പിന്നീട്, ഈ നിലയില്‍ തന്നെ തുടരുകയാണോ ഉണ്ടായത്? വിപണിയുമായുള്ള കോണ്‍ഫ്രണ്ടേഷനാണോ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

വിപണിയുമായുള്ള കോണ്‍ഫ്രണ്ടേഷന്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. ഇതിനു വേണ്ടി ഉപയോഗിച്ച വര്‍ഗീയതയും, ജനാധിപത്യ വിരുദ്ധതയും ആദ്യം മുതലേ ഉണ്ടായിരുന്നു. വിമോചന സമരം ആയിരുന്നു അതിനു മികച്ച ഉദാഹരണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകുടത്തെ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ കാമ്പെയിന്‍ കൊണ്ട് പുറത്താക്കിയല്ലോ, അന്നാണ് മലയാള പത്രങ്ങള്‍ അടക്കം രക്തം രുചിച്ചത്. നമുക്കിങ്ങനെയും ചെയ്യാന്‍ കഴിയും, അതിനു രുചിയുണ്ടെന്ന് മനസിലായത് വിമോചന സമരത്തിനു ശേഷമാണ്.

മാര്‍ക്കറ്റ് തളരുകയല്ല, വളരുകയാണ് ചെയ്യുന്നത്. അതാണ് ആധുനിക കോമ്പറ്റീഷന്റെ ഏറ്റവും വലിയ ഒരു സത്യം. മാര്‍ക്കറ്റ് വളര്‍ന്നു, വായിക്കുകയും ഇത് കാണുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു, ചാനലുകളുടെ എണ്ണം വര്‍ധിച്ചു, പത്രങ്ങളുടെ വായനക്കാരുടെ എണ്ണവും വര്‍ധിച്ചു, അപ്പോഴേക്കുമാണ് ഈ പ്രസ്ക്ലബുകളില്‍ പത്രപ്രവര്‍ത്തന പരിശീലന യൂനിറ്റുകള്‍ തുടങ്ങുന്നത്. ഏഷ്യാനെറ്റ് വരുമ്പോഴൊക്കെ ഇത് രണ്ട് മൂന്ന് പ്രധാന സിറ്റികളിലൊക്കെ നടക്കുന്നുണ്ട്. അതിന് മുമ്പ് മനോരമയിലൊക്കെ പത്രപ്രവര്‍ത്തകരെ ആണ്ടിലൊരുതവണ എങ്ങനെയൊക്കെയെങ്കിലും തപ്പിപ്പിടിച്ചെടുക്കുകയെന്നല്ലാതെ. ഇത്രയൊക്കെ പത്രപ്രവര്‍ത്തകരുടെ ആവശ്യകത ഇവിടെയുണ്ടായില്ല. ചാനലിലേക്കും പത്രങ്ങളിലേക്കും കടന്നുവന്ന ഒരു തലമുറ പ്രധാനമായും പ്രസ്ക്ലബുകളില്‍ പത്രപ്രവര്‍ത്തനം അഭ്യസിച്ചുവന്ന വിഭാഗമാണ്.

ഫാക്ടറി ഔട്ട്പുട്ടുകളാണ് പുതു പത്രപ്രവര്‍ത്തകര്‍

പത്രപ്രവര്‍ത്തനത്തിലെ പുതുതലമുറയുടെ നിലവാരമില്ലായ്മയും ഇതേ അളവില്‍ പ്രശ്നമായി മാറിയോ?
ഈ പുതിയ തലമുറയുടെ അവബോധമില്ലായ്മ മാരകമായിരുന്നു . അവര്‍ എന്താണ് ചെയ്യുന്നത് ? പത്രപ്രവര്‍ത്തനമെന്നത് ഈ മത്സരങ്ങളുടെയും മികവുകളുടെയും മാത്രം ഇഷ്യു അല്ല, അതിനകത്ത് സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായിട്ടുള്ള കാര്യങ്ങളുണ്ട് എന്നറിയാത്ത, ചരിത്രബോധം അല്‍പം പോലും ഇല്ലാത്ത, കൈകാര്യം ചെയ്യുന്ന മേഖലയെപ്പറ്റിപ്പോലും അതായത് കേരള കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ പി.സി. ജോര്‍ജോ കെ.എം. മാണിയോ ആണെന്നും ഒക്കെ കരുതുന്ന വിഭാഗം. അന്നന്നത്തെ വാര്‍ത്താ ബുള്ളറ്റിന്റെ അവിടെ വെച്ച് ചരിത്രത്തിന്റെ വര തീര്‍ന്നുപോകുന്ന ഒരു ജനറേഷന്‍ ഇവിടെ വന്നുകഴിഞ്ഞു.
 

 
എല്ലാവരെയും അവമതിച്ചുപറയുകയല്ല. ഇതില്‍ ഒരു 80 ശതമാനം പേരും മറ്റൊരു ക്വാളിഫിക്കേഷനും ഇല്ലാത്തതു കൊണ്ട് ഇതില്‍ വന്നുകയറുന്നവരാണ്. മറുവശത്ത് ഇതിന് എന്തോ ഒരു താരപരിവേഷം ഉണ്ട് എന്ന് കരുതി വരുന്നവരും ഉണ്ട്. ഇവര്‍ക്ക് വായനയില്ല, വിശാലമായ ലോക പരിജ്ഞാനമില്ല, ആധുനിക മൂല്യങ്ങളെപ്പറ്റി, എജുക്കേഷണല്‍ മൂല്യങ്ങളെപ്പറ്റി ഒന്നുമറിഞ്ഞൂടാ. നമുക്കിടയിലുള്ള ജെന്‍ഡര്‍ ഇഷ്യൂസിനെപ്പറ്റിയോ, വര്‍ഗീയത എന്താണ്, എന്തല്ല എന്നതിനെപ്പറ്റിയോ, എന്താണ് ജനാധിപത്യം എന്നതിനെപ്പറ്റിയോ ഒരു ബോധവുമില്ലാത്ത ഒരു തലമുറ
ഇവരുവന്ന് ഇവിടെ കലര്‍ന്നപ്പോള്‍, അവിടെ കിടന്ന പഴയ വിഷവും പിന്മുറക്കാരും കൂടി കലര്‍ന്നപ്പോള്‍ വലിയ മാരകമായ ഒരു മനഃശാസ്ത്രമാണ് ഉണ്ടാകുന്നത്. ഇത് രണ്ടുംകൂടി ചേര്‍ന്നുണ്ടായ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ നാം നില്‍ക്കുന്നത് ആ തകര്‍ച്ചക്കുള്ളിലാണ്. എനിക്ക് മനസ്സിലായിടത്തോളം ഈ കോഴ്സുകളില്‍ തോല്‍ക്കുന്നവരാരും ഇല്ല. സ്വാശ്രയകോളജുകളില്‍ സംഭവിക്കുന്നതൊക്കെപ്പോലെ പ്രസ്ക്ലബുകള്‍ അവരുടെ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ഭാഗമായുണ്ടാക്കി എടുക്കുന്ന ഫാക്ടറി ഔട്ട്പുട്ടുകളാണ് ഇന്നത്തെ പത്രപ്രവര്‍ത്തകര്‍.

ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയുമൊന്നും ഭാരമില്ലാത്ത ഒരു തലമുറ. അവര്‍ക്കു മുന്നിലുള്ള വ്യത്യസ്ത സാധ്യതകള്‍. ഈ നിലക്ക് പോസിറ്റീവായും ഇതിനെ വിശേഷിപ്പിക്കാറുണ്ടല്ലോ.

ഉണ്ട്, അങ്ങനെയുള്ളവരെയാണ് പലര്‍ക്കും താല്‍പ്പര്യം. സൌെകര്യം. അവരെ എങ്ങനെയും മാറ്റിമറിക്കാം. പത്രപ്രവര്‍ത്തനത്തിന്റെ മനഃശാസ്ത്രം മാറിപ്പോയി. അന്നന്നത്തെ എഡിഷനുകളില്‍ ഏറ്റവും കൂടുതല്‍ ഫീഡ്ബാക്ക് കിട്ടിയതിനെപ്പറ്റിയുള്ള ആഹ്ലാദം, ചാനലുകളില്‍ ടാം റേറ്റിങ്ങിനെ ചുറ്റിപ്പറ്റിയുള്ളതും. ഇതു മാത്രമായി ഇന്നത്തെ പത്രപ്രവര്‍ത്തനം.

പരിസ്ഥിതി, സ്ത്രീ വാര്‍ത്തകള്‍

ഇത്തരം വിമര്‍ശങ്ങള്‍ക്കിടയിലും പുതിയ കാലത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമുണ്ടല്ലോ. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരിക്കലും ചര്‍ച്ചയാകാതിരുന്ന ജെന്‍ഡര്‍, പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചത് ഈ പുതിയ കാലത്തല്ലേ. ചാനലുകളുടെയും മറ്റും വരവോടെ അത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നില്ലേ?

 

 
പരിസ്ഥിതിയും ലിംഗസമത്വവുമൊക്കെ വാര്‍ത്തയാക്കാമെന്ന ഒരു കാലം വന്നപ്പോഴാണ് അതൊക്കെ വാര്‍ത്തയാകുന്നത്. പത്രങ്ങളുടെ ചാനലുകളുടെ മനഃസാക്ഷിയില്‍ നിന്നുണ്ടായ വാര്‍ത്തകളല്ല അവ. അന്ന് ടൈംസ് ഓഫ് ഇന്ത്യപോലെയുള്ള പ്രത്യേക മാധ്യമപ്രവര്‍ത്തന നിലവാരം പുലര്‍ത്തിയിരുന്ന പല മാധ്യമങ്ങളെയും കണ്ടിട്ടാണ് ഇവിടെ വാര്‍ത്ത കൊടുക്കാന്‍ തയാറായത്. ജെന്‍ഡര്‍ ഇഷ്യൂയൊക്കെ വാര്‍ത്തയാകുന്നത്, സ്ത്രീവായനക്കാര്‍ക്കുവേണ്ടിയുള്ളത് എന്ത് എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്.
പരിസ്ഥിതി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും നിലപാടെടുക്കേണ്ടതില്ല എന്ന നിലക്കാണ് അവ വരുന്നത്. എങ്ങനെവേണമെങ്കിലും തിരിഞ്ഞോ മറിഞ്ഞോ കൊടുക്കാനുള്ള പാകത്തിന്. സൈലന്റ് വാലി പോലെയുള്ള ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഇവിടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയാറല്ലാത്ത കാലത്ത് ദല്‍ഹിയില്‍ നിന്ന് വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ചില വാര്‍ത്തകള്‍ വരുത്തിച്ചത്. അവിടെ നിന്നാണ് സൈലന്റ് വാലി വാര്‍ത്തകളുടെ വരവ് ആരംഭിക്കുന്നത്.

സൈലന്റ് വാലിയുടെ കാര്യത്തില്‍ ഇവിടത്തെ പത്രങ്ങള്‍ ആദ്യം മുതലേ നിഷേധാത്മക നിലപാടായിരുന്നുവെന്നാണോ?

ആണെന്നാണ് ഓര്‍മ. അപ്പോള്‍, അതിന് ശേഷം സൈലന്റ് വാലി വാര്‍ത്തകള്‍ക്ക് ഇടം നല്‍കുന്നുണ്ട് പക്ഷേ, നിലപാടെന്ത് എന്ന് നോക്കിയാല്‍ നമുക്ക് മനസ്സിലാകില്ല. ജെന്‍ഡര്‍ ഇഷ്യൂസിന്റെ കാര്യത്തില്‍ പോലും. ഇപ്പോള്‍, മോറല്‍ പൊലീസിങ്, ലൈംഗിക അതിക്രമം പോലുള്ള വാര്‍ത്തകള്‍. ബസില്‍ യുവാവിനെ തല്ലിക്കൊന്ന പോലുള്ള സംഭവങ്ങള്‍. ഇവയിലൊക്കെ മംഗളം, മനോരമ പോലുള്ള മാധ്യമങ്ങളുടെ
നിലപാട് നോക്കിയാല്‍ ഇത് അറിയാം.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരാണ് കേരളത്തിന്റെ നായകരെന്ന തരത്തിലുള്ള അവതരണവും അവരുടെ ബ്യൂട്ടിപാര്‍ലറുകളായി പ്രവര്‍ത്തിക്കാനുള്ള പത്രങ്ങളുടെ പ്രവണതയുമാണ് വാസ്തവത്തില്‍ ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍ ഹനിച്ചിട്ടുള്ളത്. പൌെരനാണ് മുഖ്യമെന്നും അവന്‍ തെരഞ്ഞെടുത്ത പ്രതിനിധി അവന്റെ മേലാളനല്ല എന്നും പറയാനുള്ള ആര്‍ജവം ഒരിക്കലും ഇവര്‍ കാണിക്കുന്നില്ല. കീഴ്ക്കാംതൂക്കായ മസ്തിഷ്ക പ്രക്ഷാളനം എന്ന് പറയുന്നത് ഇതാണ്. രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും മേലാളരാണ്, ജനങ്ങളെ ഭരിക്കുന്നവരാണ് എന്ന തലത്തില്‍ അവതരിപ്പിക്കപ്പെട്ടു. മാധ്യമങ്ങളുടെ സഹായം ഇല്ലാതെ ഇങ്ങനെ പ്രതിച്ഛായ ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍പോലും ധൈര്യപ്പെടില്ലായിരുന്നു. ആ ധൈര്യം നല്‍കിയത് മാധ്യമങ്ങളാണ്.
വ്യാപാരപരവും സ്വകാര്യവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മൂല്യങ്ങളെ അട്ടിമറിക്കുകയായിരുന്നു. നിഷ്കളങ്കമായ ജനാധിപത്യവിശ്വാസത്തെ അവര്‍ ചതിക്കുകയായിരുന്നു. മാറ്റാനാകാത്ത വിധത്തില്‍ മലയാളികള്‍ അതിന് അടിമപ്പെട്ടുപോയി.

മുല്ലപ്പെരിയാറും മാധ്യമങ്ങളും

വാര്‍ത്തകളുടെ തെരഞ്ഞെടുപ്പ്, അതിന്റെ രാഷ്ട്രീയം^ഇവയൊന്നും ഇവിടെ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. എങ്ങനെയാണ് നിശ്ചിത വാര്‍ത്തകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്, അവയുടെ പ്രാധാന്യം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഒരു ചര്‍ച്ചയും കേരളീയ സമൂഹത്തില്‍ ഉണ്ടാവാത്തത് എന്താണ്?

ഉണ്ടായിട്ടില്ല. പരസ്യമായ ഒരു ചര്‍ച്ച എന്നത് മാധ്യമങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. മാധ്യമങ്ങള്‍ അനുകൂലിച്ചാല്‍ മാത്രമേ അങ്ങനെ ഒരു ചര്‍ച്ചയുണ്ടാവൂ. അതല്ലാതെ സെമിനാറുകളോ വര്‍ക് ഷോപ്പുകളോ സംഘടിപ്പിച്ചാല്‍ കൂടി ചെറിയ ഒരു വിഭാഗത്തിലേക്കേ എത്തിപ്പെടുകയുള്ളൂ. വാര്‍ത്തയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചര്‍ച്ചയുണ്ടാകേണ്ടത് ആ മാധ്യമ സ്ഥാപനത്തിനകത്താണ്. അല്ലെങ്കില്‍ എല്ലാ മാധ്യമങ്ങളും കൂടി ചേര്‍ന്ന് വിചാരിക്കണം. മുല്ലപ്പെരിയാര്‍പോലുള്ള വിഷയങ്ങളില്‍ അവര്‍ സ്വീകരിച്ചതാണോ സമൂഹത്തോടുള്ള കടമയെന്നൊക്കെ ചിന്തിക്കണം. വ്യക്തമായ പഠനം നടത്താതെ ഇപ്പോള്‍ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ കാണിക്കുക മാത്രമാണല്ലോ ചെയ്തത്. ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമേ അത് ഉപകരിച്ചിട്ടുള്ളൂ. ഉത്കണ്ഠയുണ്ടാക്കി അത് മലയാളികളെ തീറ്റിച്ചുകൊണ്ടിരിക്കുകയാണ്.

അങ്ങനെയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് മാധ്യമ ഉടമകളും മാനേജ്മെന്റുകളും ചേര്‍ന്നാണ്. ഒരുവശത്ത്് രാഷ്ട്രീയവും സാമുദായികവുമായ താല്‍പര്യം, മറുവശത്ത്, വ്യവസായത്തിന്റെയും വിപണിയുടെയും താല്‍പര്യം. ഇതിനപ്പുറത്തേക്ക് മലയാളികള്‍ക്കുവേണ്ടിയുള്ള പ്രതിബദ്ധതയില്ല. വായനക്കാരുടെ ആവശ്യമെന്നൊക്കെ പറയുന്നത് സെല്‍ഫ് സര്‍വൈവിങിന്റെ ഭാഗമായുള്ള കപടതയാണ്. വായനക്കാര്‍ക്ക് പത്രങ്ങള്‍ നല്‍കുന്നതല്ലാതെ മറ്റൊരു സാധ്യതയുമില്ല. വിദേശങ്ങളിലൊക്കെ പത്രങ്ങളില്‍ ഒരു മുഴുവന്‍ പേജ് വായനക്കാരുടെ കത്തുകള്‍ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്്. അതിവിടെയില്ല.

ആദ്യ ഭാഗം:
സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

One thought on “പുതു പത്രപ്രവര്‍ത്തകര്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍ 

  1. ONCE UPON A TIME JOURNALISM WAS THE PART OF OUR LIFE. ALL AGENTS WERE INFORMATIVE AND SOCIAL COMMITTED. NOW ITS A PART OF BUSINESS .IN OLD DAYS WE HAD LOT OF GOOD IDENTIES AT THIS FIELD. R.K KARANJIA, KULDIP SINGH NAYYAR,KESAVA MENON ,E.M.S AND D.C. NOW ONLI BUSINESS .WHAT IS RELATIONSHIP BETWEEN D.C AND D.C BOOKS (NOW). WHERE IS ILLUSTRATED WEEKLY? CRISIS IS FROM ATTITUDE OF BOTH SIDES. GREEDINESS IS MAIN ISSUE.

Leave a Reply

Your email address will not be published. Required fields are marked *