ലാല്‍, നിങ്ങളില്‍ അത്ഭുതങ്ങള്‍ ബാക്കിയുണ്ട്- Exclusive Review

‘അഭിനയത്തില്‍ മഹത്വവും മാനക്കേടുമുണ്ട്. താരം കേവലമൊരു
പ്രദര്‍ശനവസ്തുവാകുന്നത് മാനക്കേട്, സ്വയം മറന്ന് കഥാപാത്രമാകുന്നത്
മഹത്തരം’. എന്നു പറഞ്ഞത് ഇംഗ്ലീഷ് നടന്‍ ആര്‍തര്‍ ജോണ്‍ ഗില്‍ഗഡ് ആണ്.
1980 ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി’ 2011 ല്‍ ‘പ്രണയം’ വരെ
300 ലേറെ മലയാള സിനിമകളില്‍ മലയാളികള്‍, മോഹന്‍ലാല്‍ എന്ന നടനെ കണ്ടു
കഴിഞ്ഞു. ഈ മൂന്നു പതിറ്റാണ്ടില്‍ ലാല്‍ കേവലമൊരു പ്രദര്‍ശനവസ്തുവായ
സിനിമകളും സ്വയം മറന്നു കഥാപാത്രമായ സിനിമകളും തിരശീലയില്‍ തെളിഞ്ഞു.
പ്രശംസിച്ചും വിമര്‍ശിച്ചും പുകഴ്ത്തിയും ഇകഴ്ത്തിയും ലാലിനെ നാമൊരു വലിയ
താരമാക്കി. പക്ഷേ, ‘മുഖ്യധാരാ വാണിജ്യസിനിമയുടെ ചെളിക്കുണ്ടില്‍ സ്വയം
മുങ്ങി കേവലമൊരു സൂപ്പര്‍താര ശരീരമായി ലാല്‍ അധഃപതിക്കുന്നു’വെന്ന
വിമര്‍ശനം, ഗൌരവത്തോടെ സിനിമയെ സമീപിക്കുന്നവരില്‍ നിന്ന് കഴിഞ്ഞ ഒരു
പതിറ്റാണ്ടായി നാം കേള്‍ക്കുന്നു. വാര്‍ധക്യമെന്ന ശാരീരികാവസ്ഥ ഒരു
നടന്റെ പ്രതിഭയുടെയും പ്രകടനത്തിന്റേയും കൂടി വാര്‍ധക്യമാണെന്നും
അതിനാല്‍ പ്രായത്തെ മറച്ച് ചെറുപ്പമാകലാണ് അഭിനയമെന്നും മോഹന്‍ലാല്‍
ധരിച്ചുപോയെന്ന് പലരും സംശയിച്ചു. നടന്റെ ആയുധം ശരീരമാണ്,
എല്ലായ്പ്പോഴും. ശരീരത്തെ വാര്‍ധക്യം പുല്‍കുന്ന അവസ്ഥയെ താരം എങ്ങനെ
അതിജീവിക്കുമെന്നത് കൌതുകകരമായൊരു വിഷയമാണ്. ശരീരത്തിന്റെ വാര്‍ധക്യത്തെ
അഭിനയശേഷിയുടെ നിത്യയൌവനം കൊണ്ട് മറികടന്ന താര ഇതിഹാസങ്ങള്‍ അനവധിയുണ്ട്
ലോകചരിത്രത്തില്‍.  1981 ല്‍ ‘ഓണ്‍ ഗോള്‍ഡന്‍ പോണ്‍ഡ്’ എന്ന സിനിമക്ക്
ഹെന്റി ഫോന്‍ഡ മികച്ച നടനുള്ള ഓസ്കര്‍ നേടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം
76 വയസായിരുന്നു. റിച്ചാര്‍ഡ് ഫാന്‍സ്വര്‍ത്ത് മികച്ച നടനുള്ള ഓസ്കര്‍
നോമിനേഷന്‍ നേടിയത് 79 ാം വയസിലാണ്.
വാര്‍ധക്യമെന്ന അനിവാര്യ ജീവിതാവസ്ഥയെ കെട്ടുകാഴ്ചകള്‍ കൊണ്ടല്ല,
പ്രതിഭകൊണ്ടും അഭിനയശേഷികൊണ്ടുമാണ് അതിജീവിക്കേണ്ടത് എന്ന് മോഹന്‍ലാല്‍
എന്ന അതുല്യ നടന്‍ തിരിച്ചറിഞ്ഞതിന്റെ അടയാളമായി ബ്ലസിയുടെ ‘പ്രണയം’ എന്ന
സിനിമയെ നമുക്കു കാണാം. (ആ തിരിച്ചറിവു ലാല്‍ നേടി എന്നത് നമ്മുടെ
വ്യാമോഹമാവാതിരിക്കട്ടെ!) പി.കെ സജീവ് നിര്‍മിച്ച് ബ്ലസി രചനയും
സംവിധാനവും നിര്‍വഹിച്ച് സതീഷ്കുറുപ്പിന്റെ കാമറയൊപ്പിയ മനോഹര
ദൃശ്യങ്ങളാല്‍  സമ്പന്നമായ ‘പ്രണയം’ ഒരു മഹത്തായ സിനിമയൊന്നുമല്ല.
എന്നാല്‍ ഇത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എന്ന നടനെടുത്ത
തീരുമാനത്തേയും ആ സിനിമയില്‍ അദ്ദേഹം കാഴ്ചവെച്ച പ്രകടനത്തേയും നമുക്ക്
മഹത്തരം എന്നു നിസംശയം വിളിക്കാം.
‘പ്രണയ’ത്തില്‍ മോഹന്‍ലാല്‍ അല്ല കേന്ദ്ര കഥാപാത്രം. ജയപ്രദ അവതരിപ്പിച്ച
‘ഗ്രേസ്’ ആണ് മുഖ്യകഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. അനുപംഖേര്‍
അവതരിപ്പിച്ച അച്യുതമേനോന്റെയത്ര പ്രാധാന്യം ലാലിന്റെ പ്രൊഫസര്‍
മാത്യൂസിന് ഇല്ല. അച്യുതമേനോനേയും ഗ്രേസിനേയും അവരുടെ തകര്‍ന്ന
ദാമ്പത്യത്തേയും ചുറ്റിപ്പറ്റിയാണ് കഥയത്രയും നീങ്ങുന്നത്. ഗ്രേസിന്റെ
ജീവിതത്തിലേക്ക് അവള്‍ക്ക് ഒട്ടും താല്‍പര്യമില്ലാതെ, രണ്ടാം
ഭര്‍ത്താവായി കടന്നുവന്നയാള്‍ മാത്രമാണ് മാത്യൂസ്. (പിന്നീടയാള്‍
പ്രണയത്തിന്റെ ഒഴുക്കായി അവളെയപ്പാടെ പുല്‍കിയെങ്കിലും.)
വിരലിലെണ്ണാവുന്ന സീനുകളില്‍ മാത്രമാണ് ചിത്രത്തില്‍ ലാല്‍
പ്രത്യക്ഷപ്പെടുന്നത്. അതും പാതി തളര്‍ന്ന ശരീരവുമായി വീല്‍ചെയറില്‍
കഴിയുന്ന ഒരാളായി. പക്ഷേ ഈ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ലാല്‍ അവതരിപ്പിച്ച
‘മാത്യൂസ്’ മാത്രമാണ് നമ്മുടെ മനസില്‍ ബാക്കി നില്‍ക്കുക. ശബ്ദം
നല്‍കിയതിലെ കൃത്രിമത്വം കൂടിയായപ്പോള്‍ അനുപംഖേറിന്റെ അച്യുതമേനോന്‍
നമ്മെ ഏറെയൊന്നും സ്പര്‍ശിക്കുന്നില്ല. ജയപ്രദ അവരുടെ വേഷം
മനോഹരമാക്കിയെങ്കിലും പെണ്‍ കഥാപാത്രങ്ങളുടെ പതിവു കരച്ചില്‍
ഭാവത്തിനപ്പുറം ഏറെയൊന്നും അവര്‍ക്ക് ചെയ്യാനില്ല, ഈ തിരക്കഥയില്‍.
പക്ഷേ, ലാലിന്റെ കഥാപാത്രം, തളര്‍ന്ന കൈകാലുകളുടെ സമീപ
ദൃശ്യങ്ങളില്‍പോലും ആ ശരീരത്തിന്റെ വാര്‍ധക്യവും തളര്‍ച്ചയും വറ്റാത്ത
പ്രണയവും നമുക്ക് കാണിച്ചുതരുന്നു. ഗ്രേസിനുവേണ്ടി മാത്യൂസ് സൂപ്പു
പാത്രം നീക്കിവെക്കുന്ന ആ സീനില്‍ ലാലിന്റെ കൈവിരലുകളുടെ ചലനം നോക്കൂ,
അണുവിട പാളാത്ത സൂക്ഷ്മാഭിനയത്തിന്റെ പാടവം വിരല്‍തുമ്പിലും കാണാം.
അനുപംഖേര്‍ ലാലിന്റെ എത്രയോ പിന്നിലായിപ്പോയെന്നും മോഹന്‍ലാല്‍ എന്ന
നടനില്‍ ഇനിയുമെത്രയോ ഭാവഖനികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അത്ഭുതത്തോടെ
നാം തിരിച്ചറിയുന്നു ‘പ്രണയ’ത്തില്‍.
കാല്‍നൂറ്റാണ്ടു നീണ്ട സഹസംവിധായക ചലച്ചിത്രാനുഭവങ്ങളുടെ പിന്‍ബലത്തിലാണ്
സ്വതന്ത്രസംവിധായകനായി 2004 ല്‍ ‘കാഴ്ച’യുമായി ബ്ലസി നമ്മുടെ
മുന്നിലെത്തിയത്. ‘കാഴ്ച’ തിരശീലയില്‍ തികച്ചും നവീനമായ അനുഭവമായിരുന്നു.
പിന്നീടു സംവിധാനം ചെയ്ത നാലു സിനിമകളിലും ‘കാഴ്ച’യെ മറികടക്കാന്‍
ബ്ലസിക്കു കഴിഞ്ഞില്ല. ‘ഭ്രമരം’, ‘തന്‍മാത്ര’ എന്നിവ
കാഴ്ചക്കൊപ്പമെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സിനിമകളാണെങ്കില്‍
‘കല്‍ക്കട്ട ന്യൂസ്’, ‘പളുങ്ക്’ എന്നിവ അദ്ദേഹത്തെപ്പോലൊരു സംവിധായകനില്‍
നിന്ന് സംഭവിക്കരുതാത്ത അബദ്ധങ്ങളായിരുന്നു. പരിഹാസ്യമായ കേവലമൊരു
പൈങ്കിളിയായിരുന്നു ‘കല്‍ക്കട്ട ന്യൂസ്’. ഇത്തവണയും ‘കാഴ്ച’യെ
മറികടക്കാന്‍ ബ്ലസിക്കു കഴിഞ്ഞുവോ? സംശയമാണ്. ഒരു സിനിമയെ, തികച്ചും
വ്യത്യസ്തമായ പ്രമേയം കൈകാര്യംചെയ്യുന്ന മറ്റൊരു സിനിമയുമായി താരതമ്യം
ചെയ്യുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും ഒരു ചലച്ചിത്രകാരന്റെ
കൈത്തഴക്കമില്ലായ്മ ‘പ്രണയ’ത്തില്‍ പലപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന്
നിസംശയം പറയാം.
എവിടെയെങ്കിലും ഈ കഥയൊന്ന് അവസാനിപ്പിക്കാനുള്ള സംവിധായകന്റെ വെപ്രാളം
രണ്ടാംപകുതിയില്‍ തെളിഞ്ഞു കാണാം. പരത്തിപ്പറയുന്നതിന്റെ ഇഴച്ചില്‍
പലപ്പോഴും പ്രകടം. അച്യുതമേനോന്റേയും ഗ്രേസിന്റേയും സമാഗമവും
പ്രണയത്തുടക്കവും കാണിക്കാന്‍ ഉപയോഗിച്ച തീവണ്ടി യാത്ര ക്ലീഷേ,
ശുദ്ധപൈങ്കിളി, അതിഭാവുകത്വം, അവിശ്വസനീയത തുടങ്ങിയവയുടെ മിശ്രിതമാണ്.
മൂന്നു പ്രധാന കഥാപാത്രങ്ങളേയും ഹൃദ്രോഗികളാക്കിയതും അല്‍പം കടന്നുപോയി.
ഒരു സിനിമയില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം മുഴുവന്‍ പേരേയും
കാന്‍സര്‍ രോഗികളാക്കിയ സജി സുരേന്ദ്രന്റെ നിലവാരത്തിലായിപ്പോയി ഇവിടെ
ബ്ലസി. ഇങ്ങനെ നോക്കിയാല്‍ സ്റ്റാര്‍സിംഗറിലെ ജഡ്ജസിന്റെ മട്ടില്‍
കുറ്റങ്ങള്‍ പലതും നമുക്കു കണ്ടെത്താന്‍ കഴിയും.
പക്ഷേ ഒടുവില്‍ ഒന്നു പറയാം. കുറവുകള്‍ എന്തൊക്കെയുണ്ടായാലും, ‘പ്രണയം’
മലയാളികള്‍ കാണേണ്ട, വിജയിപ്പിക്കേണ്ട ചിത്രമാണ്. നൂറ്റൊന്നാവര്‍ത്തിച്ച
ഓക്കാനിപ്പിക്കുന്ന തമാശകളുമായി ‘തേജാഭായി’മാര്‍ അരങ്ങുവാഴുന്ന മലയാള
സിനിമയുടെ ഈ ആഘോഷ കാലത്ത് അര്‍ഥവത്തായ സിനിമയിലേക്കുള്ള ആത്മാര്‍ഥമായ
അന്വേഷണമാണ് ‘പ്രണയം’. ഒരുപാട് പറഞ്ഞ പ്രണയം എന്ന വികാരത്തെ വേറിട്ടൊരു
തലത്തില്‍ സമീപിക്കാന്‍, പ്രണയത്തെ അനുഭവിപ്പിക്കാന്‍ ബ്ലസിക്കു
കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ ചൂടും ചൂരും നേരും ‘പ്രണയ’ത്തില്‍
എവിടെയൊക്കെയോ വീണു കിടപ്പുണ്ട്. അതില്‍ ചിലത് ഒരു വേള നമ്മുടെ കണ്ണു
നനച്ചേക്കും, സ്നേഹത്തിന്റെയും പ്രണയത്തിന്റേയും ഒരു തുള്ളി
കണ്ണുനീര്‍…

5 thoughts on “ലാല്‍, നിങ്ങളില്‍ അത്ഭുതങ്ങള്‍ ബാക്കിയുണ്ട്- Exclusive Review

  1. theerchayayum nigal evide prasathavichittulla karyangal sari …. pranayam nammal vijayipikenda oru cinemayaanu

  2. ക്ലീഷേ, അതിഭാവുകത്വം, അവിശ്വസനീയത – ഇത് മൂന്നും ഒന്ന് തന്നെയല്ലേ? ചിലയിടങ്ങളില്‍ ബ്ലെസ്സിയെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ച ഒരു ഫീല്‍ വരുന്നു… ഓവറോള്‍ നല്ല റിവ്യൂ. ഒരു സജഷന്‍: റിവ്യൂവില്‍ ചിത്രത്തിന്റെ കഥ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ഇനിയും കാണാത്തവര്‍ക്ക് എന്നാല്‍ റിവ്യൂവില്‍ വിസ്വസമാര്‍പ്പിക്കുന്നവര്‍ക്ക് അതൊരു ഉപകാരമാവും.

  3. thanmathrayum bramaravum kazhchakkoppamethan prajayappetta chithrangalenkil koodi Lalinte ee chithrangalile prakadanam mikathayirunnu

Leave a Reply to Saneej Cancel reply

Your email address will not be published. Required fields are marked *