ലോകം സൈലന്റ് സ്പ്രിങ് വായിച്ചതെങ്ങനെ?

പാരിസ്ഥിതിക മുന്നേറ്റത്തില്‍ ‘സൈലന്റ് സ്പ്രിങ്’ നല്‍കിയ ഉണര്‍വ് പില്‍ക്കാല സമൂഹം കാത്തുസൂക്ഷിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. കീടനാശിനി ഉപഭോഗം, കാന്‍സര്‍ നിരക്ക്, ജീവിവര്‍ഗങ്ങളുടെ വംശനാശം എന്നിവ താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരം ആശാവഹമല്ല. അമേരിക്കന്‍ ഐക്യനാടുകളിലെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള കഴ്സന്റെ രചന പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് സ്വാഭാവികമായും ആ രാജ്യത്തു തന്നെയായിരുന്നു. കഴ്സന്‍ രചന നിര്‍വഹിക്കുന്ന കാലത്തെ പുതിയ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ , ആ ചര്‍ച്ചകളുടെ ഫലം ക്രമേണ ദുര്‍ബലപ്പെടുന്നതും രാസപദാര്‍ഥ നിര്‍മാണ ലോബിയുടെ പിടിമുറുകുന്നതും തെളിഞ്ഞു കാണാം-റേച്ചല്‍ കഴ്സണ്‍ എഴുതിയ ‘നിശ്ശബ്ദ വസന്തം’ (Silent Spring) എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ചില വിചാരങ്ങള്‍. മാധ്യമപ്രവര്‍ത്തകനായ എസ്.എം. നൌഫല്‍ എഴുതുന്നു

 

 

ഭൂമിയുടെ നാഡിമിടിപ്പുകള്‍ ഒപ്പുകയും അതിലെ ജീവന്റെ നേര്‍ത്ത സ്വരങ്ങളിലേക്ക് കാതോര്‍ക്കുകയും ചെയ്ത ‘നിശ്ശബ്ദ വസന്തം’ (Silent Spring) എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ട് 2012ല്‍ 50 വര്‍ഷം പൂര്‍ത്തിയാവുന്നു. റേച്ചല്‍ കഴ്സണ്‍ എഴുതിയ ഈ പുസ്തകം പാരിസ്ഥിതിക പോരാട്ടങ്ങളുടെ ശബ്ദത്തിന് അസാധാരണ മുഴക്കമാണ് നല്‍കിയത്. കീട/കളനാശിനികള്‍ ജീവനാശിനികളായി പരിണമിക്കുന്നുവെന്ന് അത് ലോകത്തിനു മുന്നറിയിപ്പ് നല്‍കി. തിത്തിരിപ്പക്ഷികളുടെ പാട്ടും കുരുവികളുടെ ചിറകടിയും മത്സ്യങ്ങളുടെ അനക്കവും നിലയ്ക്കുന്നിടത്ത് മനുഷ്യക്കുഞ്ഞിന്റെ പുഞ്ചിരി മാത്രം എങ്ങനെ നിലനില്‍ക്കുമെന്ന കഴ്സന്റെ ചോദ്യം ഒരു തലമുറയെ അസ്വസ്ഥമാക്കി. ഈ പുസ്തകമില്ലായിരുന്നെങ്കില്‍ പാരിസ്ഥിതിക മുന്നേറ്റം വലിയ കാലതാമസം നേരിടുകയോ ഒരിക്കലും പോഷിക്കാതിരിക്കുകയോ ചെയ്യുമായിരുന്നുവെന്ന് പുസ്തകത്തിന്റെ പതിമൂന്നാം പതിപ്പിന്റെ ആമുഖത്തില്‍ മുന്‍ യു.എസ് വൈസ് പ്രസിഡന്റ് അല്‍ ഗോര്‍ കുറിക്കുന്നു. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തോടെ, ഭക്ഷ്യപ്രതിസന്ധി എന്ന ഭീതിയെ ഊതിവീര്‍പ്പിച്ച് രാസപദാര്‍ഥ നിര്‍മാണ കമ്പനികള്‍ കീഴ്മേല്‍ നോക്കാതെ ഭൂമിക്കു മേല്‍ വിഷവര്‍ഷം നടത്തുന്ന കലുഷിതാന്തരീക്ഷത്തിലേക്കാണ് പുസ്തകം താളുകള്‍ തുറക്കുന്നത്. വാദഗതികളുടെ കെട്ടുറപ്പിലും ഭാഷാ സൌന്ദര്യത്തിലും മികച്ചുനിന്ന ഈ പുസ്തകം അക്കാദമിക തലങ്ങളില്‍ നിന്ന് താഴേക്കിറങ്ങി സാധാരണക്കാരോട് നേരിട്ടു സംവദിക്കുന്നു.

എസ്.എം. നൌഫല്‍

ഈ പുസ്തകം വന്നതോടെ കീടനാശിനി തളിക്കെതിരെ അമേരിക്കയില്‍ നിരവധി പ്രാദേശിക കൂട്ടായ്മകള്‍ ഉയര്‍ന്നുവന്നു. ഡി.ഡി.ടി നിരോധിക്കണമെന്ന ആവശ്യവുമായി 1967ല്‍ നിയമപോരാട്ടങ്ങളുമായി രംഗത്തുവന്ന എന്‍വയണ്‍മെന്റല്‍ ഡിഫന്‍സ് ഫണ്ടിന്റെ രൂപവത്കരണത്തിന് ഉത്തേജകമായതും ഈ പുസ്തകം തന്നെ. ഇതിനെതിരെ രാസപദാര്‍ഥ ലോബികളും വെറുതെയിരുന്നില്ല. കഴ്സനെതിരെയും പുസ്തകത്തിനെതിരെയും അവര്‍ വ്യാപക പ്രചാരണങ്ങളഴിച്ചുവിട്ടു. രാസപദാര്‍ഥ നിര്‍മാണ കമ്പനികള്‍, കര്‍ഷകര്‍, കൃഷി^ഷഡ്പദ വിജ്ഞാനീയ ശാസ്ത്രജ്ഞര്‍ എന്നിവരായിരുന്നു ഇതിന്റെ മുന്നണിയില്‍. പൂര്‍ണമായ രാസപദാര്‍ഥ നിരോധത്തിനല്ല, അതിന്റെ യുക്തിരഹിതവും വിവേചനരഹിതവുമായ ഉപയോഗത്തിനും കമ്പനികളുടെ ലാഭക്കൊതിക്കനുസൃതമായ ശാസ്ത്രജ്ഞരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ചായ്വിനുമെതിരെയാണ് പുസ്തകം നിലകൊള്ളുന്നതെന്ന പരമാര്‍ഥം മറച്ചുപിടിച്ചുകൊണ്ടായിരുന്നു ഈ പ്രചാരണം. രാസപദാര്‍ഥങ്ങളുടെ അഭാവത്തില്‍ ഭൂമി ക്ഷാമത്താലും രോഗത്താലും വിജനമാകുമെന്ന് വാദിച്ച് ‘സൈലന്റ് സ്പ്രിങി’നെതിരെ ‘തരിശു വര്‍ഷം’ എന്ന പേരില്‍ മൊണ്‍സാന്റോ കമ്പനി ലഘുലേഖ പ്രചരിപ്പിച്ചു. കേസുകള്‍ ഫയല്‍ ചെയ്തും അവഹേളിച്ചും കാഴ്സനെ തുടര്‍ച്ചയായി പീഡിപ്പിച്ചു.

‘സൈലന്റ് സ്പ്രിങ്’ ഉയര്‍ത്തിയ പോരാട്ടവീര്യത്തെ എന്നാല്‍, ഇതുകൊണ്ടൊന്നും തളര്‍ത്താനായില്ല. പുസ്തക പ്രസാധനത്തിന് ശേഷം, കീടനാശിനികള്‍ അന്തരീക്ഷത്തിലും ജലത്തിലും മൃഗങ്ങളിലും മനുഷ്യരിലുമുണ്ടാക്കുന്ന ആഘാതത്തെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സര്‍ക്കാറിന് നൂറുകണക്കിന് നിയമങ്ങള്‍ നടപ്പാക്കേണ്ടി വന്നു. ഡി.ഡി.ടി ഉപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാസ്ത്ര ഉപദേശക സമിതിയോട് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി നിര്‍ദേശിച്ചു. 1972ല്‍ ഡി.ഡി.ടി നിരോധിക്കുന്നതിലാണ് തുടര്‍ നടപടികളെത്തിയത്.

 

 

മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടതെങ്ങനെ
പാരിസ്ഥിതിക മുന്നേറ്റത്തില്‍ ‘സൈലന്റ് സ്പ്രിങ്’ നല്‍കിയ ഉണര്‍വ് പില്‍ക്കാല സമൂഹം കാത്തുസൂക്ഷിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. കീടനാശിനി ഉപഭോഗം, കാന്‍സര്‍ നിരക്ക്, ജീവിവര്‍ഗങ്ങളുടെ വംശനാശം എന്നിവ താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരം ആശാവഹമല്ല. അമേരിക്കന്‍ ഐക്യനാടുകളിലെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള കഴ്സന്റെ രചന പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് സ്വാഭാവികമായും ആ രാജ്യത്തു തന്നെയായിരുന്നു. കഴ്സന്‍ രചന നിര്‍വഹിക്കുന്ന കാലത്തെ പുതിയ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ , ആ ചര്‍ച്ചകളുടെ ഫലം ക്രമേണ ദുര്‍ബലപ്പെടുന്നതും രാസപദാര്‍ഥ നിര്‍മാണ ലോബിയുടെ പിടിമുറുകുന്നതും തെളിഞ്ഞു കാണാം.

അമേരിക്കന്‍ ഐക്യനാടുകളില്‍ കൃത്രിമ കീടനാശിനികളുടെ ഉല്‍പാദനം 1947ല്‍ 124,259,000 പൌണ്ട് എന്നതില്‍നിന്ന് 1960 ആയപ്പോഴേക്കും അഞ്ചിരട്ടി വര്‍ധിച്ച് 637,666,000 പൌണ്ട് ആയി എന്നാണ് കഴ്സന്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കീടനാശിനി വിപണിയിലെ വില്‍പനയും ഉപയോഗവും സംബന്ധിച്ച് യുനൈറ്റഡ് സ്റ്റേറ്റ്സ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇ.പി.എ) 2011 ഫെബ്രുവരിയില്‍ പുറത്തുവിട്ട 2006ലെയും 2007ലെയും മാര്‍ക്കറ്റ് സര്‍വേ നല്‍കുന്ന വിവരം ഈ രണ്ട് വര്‍ഷങ്ങളിലും അമേരിക്കയിലെ കൃത്രിമ കീടനാശിനികളുടെ നിര്‍മാണം നൂറ് കോടി പൌണ്ട് കവിഞ്ഞു എന്നാണ്. ഇതേ കാലയളവില്‍ ലോകത്താകമാനമുള്ള നിര്‍മാണ തോത് 520 കോടി പൌണ്ടാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ലോകാടിസ്ഥാനത്തില്‍ കീടനാശിനികളുടെ മാത്രം ഉപയോഗം നാല് മുതല്‍ 5.4 ശതമാനം വരെ വര്‍ധിച്ചു. ഇരുപതിനായിരത്തിലധികം കീടനാശിനികളാണ് നിലവില്‍ യു.എസ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ (ഇ.പി.എ) മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, രജിസ്ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായ ഇ.പി.എയുടെ പരിശോധനാ രീതി കുറ്റമറ്റതുമല്ല. കീടനാശിനിയുടെ കൂടുതല്‍ അളവിലുള്ള പ്രയോഗത്തിന്റെ ഫലം മാത്രമാണ് ഇ.പി.എ പരിശോധിക്കുന്നത്. ദീര്‍ഘ കാലത്തേക്ക് കുറഞ്ഞ അളവില്‍ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പഠനവിധേയമാകുന്നില്ല. മാത്രമല്ല, ഓരോ രാസപദാര്‍ഥത്തെയും പ്രത്യേകമെടുത്ത് നിശ്ചിത പരിതസ്ഥിതിയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് നിരീക്ഷിക്കുന്നത്. വിവിധ തരം രാസപദാര്‍ഥങ്ങള്‍ മിശ്രണം ചെയ്യുമ്പോഴും നൂറുകണക്കിന് കീടനാശിനികള്‍ പ്രകൃതിയില്‍ ലയിക്കുമ്പോഴുമുണ്ടാവുന്നതിന്റെ ഫലങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ഇത്തരം ആശങ്കകള്‍ കഴ്സന്‍ തന്റെ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘മണ്ണിന്റെ തരങ്ങള്‍ ഏറെ വ്യത്യസ്തങ്ങളാണെന്നതു കൊണ്ടും ഒന്നില്‍ വിനാശം വിതയ്ക്കുന്നത് മറ്റൊന്നില്‍ നിരുപദ്രവമായിരിക്കുമെന്നതു കൊണ്ടും പഠനങ്ങള്‍ പലപ്പോഴും അനുരൂപമാകുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. നേര്‍ത്ത പൂഴി പോലുള്ള മണ്ണ് നനവാര്‍ന്ന മണ്ണുകളെ അപേക്ഷിച്ച് കൂടുതല്‍ നാശത്തിനു വിധേയമാകുന്നു. രാസവസ്തുക്കളുടെ ചേരുവപ്രയോഗം ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രയോഗത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്തേക്കാം… വളരെ മിതമാണെന്ന തോന്നലുളവാക്കുന്ന കീടനാശിനികളും വര്‍ഷങ്ങളോളമുള്ള പ്രയോഗത്താല്‍ വലിയ അളവ് വിഷാവശിഷ്ടം മണ്ണില്‍ അവശേഷിപ്പിച്ചേക്കാം. ക്ലോറിന്‍ അടങ്ങിയ ഹൈഡ്രോ കാര്‍ബണുകള്‍ ഏറെക്കാലം നിലനില്‍ക്കുന്നതായതിനാല്‍ ഓരോ പ്രാവശ്യത്തെ പ്രയോഗവും അതിനു മുമ്പത്തേത് അവശേഷിപ്പിച്ചതിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ്. മരുന്നുതളി ആവര്‍ത്തിച്ചാല്‍, ഒരേക്കറില്‍ ഒരു പൌണ്ട് ഡി.ഡി.ടി നിരുപദ്രവമാണ് എന്ന പഴയ പറച്ചിലിന് വലിയ അര്‍ഥമില്ല.’ (നിശ്ശബ്ദ വസന്തം, വിവര്‍ത്തനം: ഡോ. രതി മേനോന്‍).

 

റേച്ചല്‍ കഴ്സണ്‍

 

പല മടങ്ങാവുന്ന ആശങ്കകകള്‍
ഫെബ്രുവരിയില്‍ പുറത്തുവിട്ട 2006ലെയും 2007ലെയും മാര്‍ക്കറ്റ് സര്‍വേയില്‍ വെളിപ്പെടുന്ന മറ്റൊരു കാര്യമുണ്ട്. 2000ല്‍ നിന്ന് 2007ലെത്തുമ്പാള്‍ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ ഉപഭോഗം 85^90 ദശലക്ഷത്തില്‍നിന്ന് ഇരട്ടിയായി വര്‍ധിച്ച് 180^185 ദശലക്ഷം പൌണ്ട് ആയി എന്നതാണ് അത്. 1970ല്‍ മോണ്‍സാന്‍ോ കമ്പനി റൌണ്ടപ് എന്ന വ്യാപാരനാമത്തില്‍ പേറ്റന്റ് നേടുകയും വിപണനം നടത്തുകയും ചെയ്ത അതേ ഉല്‍പന്നമാണിത്. 2000ത്തില്‍ റൌണ്ടപ്പിന്റെ പേറ്റന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഗ്ലൈഫോസേറ്റ് എന്ന പേരില്‍ ഇത് പുനരവതരിപ്പിച്ചത്. 2012ലാണ് ഗ്ലൈഫോസേറ്റിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുന്നത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ 2015 വരെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഗ്ലൈഫോസേറ്റ് മനുഷ്യ ഹോര്‍മോണ്‍ സംവിധാനത്തില്‍ തകരാറുണ്ടാക്കുന്നതായും ജന്മവൈകല്യങ്ങള്‍ക്ക് കാരണമാകുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ഭൂഗര്‍ഭ ജലത്തെ വിഷലിപ്തമാക്കുന്നതിലും ഗ്ലൈഫോസേറ്റിന്റെ പങ്ക് വലുതാണ് (എര്‍ത് ഓപണ്‍ സോഴ്സ്, 2011 ജൂണ്‍).

ജനിതക മാറ്റം വരുത്തിയ (ജി.എം) വിളകള്‍ക്കുണ്ടായ പ്രചാരമാണ് ഗ്ലൈഫോസേറ്റിന്റെ ഉപയോഗം ഇരട്ടിയായി വര്‍ധിച്ചതിന് കാരണമെന്നത് വരും കാലത്ത് ജി.എം വിളകളോടൊപ്പം വ്യാപകമാവുന്ന വിപത്തിന്റെ സൂചകമാണ്. ജി.എം വിളകളുടെ വ്യാപനത്തോടെ കീടനാശിനികളുടെ ഉപയോഗം വന്‍തോതില്‍ കുറയുമെന്നായിരുന്നു അതിന്റെ അനുകൂലികള്‍ ഘോഷിച്ചിരുന്നത്. എന്നാല്‍, ജി.എം വിത്തുകളുപയോഗിച്ച അമേരിക്കയിലെ പരുത്തി, സോയബീന്‍ കൃഷിത്തോട്ടങ്ങളില്‍ കീടനാശിനികളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു (പഠനം: ഡോ. ചാള്‍സ് ബെന്‍ബ്രൂക്, ഡയറക്ടര്‍, നോര്‍ത് വെസ്റ്റ് സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ പോളിസി സെന്റര്‍, ഐദഹോ).

രാസവസ്തു ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാലും സ്ഥിതി വിഭിന്നമല്ല. 1900ല്‍ അമേരിക്കയില്‍ നാലു ശതമാനം മാത്രമായിരുന്ന അര്‍ബുദ രോഗം 1958ല്‍ 15 ശതമാനമായി ഉയര്‍ന്നുവെന്ന് റേച്ചല്‍ കഴ്സന്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാലിന്ന് അമേരിക്കയിലെ നാലിലൊന്ന് (25 ശതമാനം) മരണം കാന്‍സര്‍ മൂലമായിത്തീര്‍ന്നിട്ടുണ്ട്. 2011ല്‍ 1,596,670 പുതിയ കാന്‍സര്‍ രോഗികളുണ്ടായെന്നും 571,950 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചുവെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2001-2005 കാലയളവില്‍ കാന്‍സര്‍ രോഗികളില്‍ 1.9 ശതമാനം കുറവുണ്ടായ ശേഷം നിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്നതു മാത്രമാണ് കഴ്സന്റെ മാതൃരാജ്യത്തിന് സമാശ്വസിക്കാന്‍ വക നല്‍കുന്നത്. ആഗോളാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ഭീതിതമാണ് അവസ്ഥ. 2008ല്‍ ലോകത്ത് 12.7 ദശലക്ഷം പേര്‍ക്ക് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 7.6 ദശലക്ഷം പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്തു. ഇതില്‍ 56 ശതമാനം രോഗവും 64 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തത് വികസ്വര രാജ്യങ്ങളില്‍നിന്നായിരുന്നു.

 

 

ബദല്‍മാര്‍ഗങ്ങള്‍ക്ക് സംഭവിച്ചത്
പേര് സൂചിപ്പിക്കും പ്രകാരം പ്രകൃതിയെയും ജീവനെയും സംബന്ധിച്ച ആശങ്കകള്‍ക്ക് എഴുതിയ അടിക്കുറിപ്പാണ് ‘നിശ്ശബ്ദ വസന്തം’. എന്നാല്‍, പ്രതീക്ഷകളും പ്രത്യാശകളും വായനക്കാരില്‍ നിറച്ചുകൊണ്ടാണ് അതിന്റെ താളുകള്‍ മറിഞ്ഞുതീരുന്നത്. കീടങ്ങളുടെയും കളകളുടെയും നിയന്ത്രണത്തിന് ഭൂമിയെ രാസപദാര്‍ഥങ്ങള്‍ കൊണ്ട് നിറയ്ക്കാതെ പരീക്ഷിച്ചു വിജയിച്ചതും പരീക്ഷണഘട്ടത്തിലുള്ളതുമായിരുന്ന ബദല്‍രീതികളെ പുസ്തകം പരിചയപ്പെടുത്തുന്നു. ആണ്‍ ഷഡ്പദങ്ങളുടെ വന്ധ്യംകരണം, പെണ്‍ ഷഡ്പദങ്ങളുടെ ഗ്രന്ഥികള്‍ സ്രവിക്കുന്ന സുഗന്ധവും അവയുടെ ചിറകൊച്ചയും കൃത്രിമമായി സൃഷ്ടിച്ച് ഒരുക്കുന്ന കെണികള്‍, അള്‍ട്രാ സോണിക് ശബ്ദമുപയോഗിച്ചുള്ള ഉന്മൂലനം, കീടങ്ങളില്‍ രോഗം പരത്തുന്ന സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തല്‍, ഷഡ്പദ കെണികളായി ചിലന്തി വലകളെ ഉപയോഗപ്പെടുത്തല്‍ തുടങ്ങി നിരവധി ബദല്‍ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട് റേച്ചല്‍ കാഴ്സന്‍. എന്നാല്‍, ഇത്തരം മാര്‍ഗങ്ങള്‍ പ്രയോഗത്തിലേക്ക് കൊണ്ടുവരാന്‍ കാര്യമായ പ്രവര്‍ത്തനങ്ങളുണ്ടായില്ലെന്ന് മാത്രമല്ല, രാസ കീടനാശികളുടെ കുമിഞ്ഞുകൂടലില്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തന്നെ കൂമ്പടയാന്‍ തുടങ്ങി.

‘നിശ്ശബ്ദ വസന്ത’ത്തിന്റെ വരവോടെ വര്‍ധിതമായ പാരിസ്ഥിതിക അവബോധത്തിന് ആവശ്യമായ ആവേഗം നല്‍കുന്നതില്‍ പരിസ്ഥിതി സംഘടനകള്‍ എത്ര മാത്രം വിജയിച്ചു എന്ന ആലോചനക്കുള്ള സമയം കൂടിയാണിത്. ലാകത്തെ ഏറ്റവും വലിയ മൂന്ന് പാരിസ്ഥിതിക സംഘടനകളായ ഗ്രീന്‍പീസ്, ഫ്രന്‍ഡ്സ് ഓഫ് എര്‍ത്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ എന്നിവക്ക് വേണ്ടുവോളം അംഗങ്ങളും ഫണ്ടുമുണ്ട്. എന്നാല്‍, 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പീസ്, ഫ്രന്‍ഡ്സ് ഓഫ് എര്‍ത്, 50 വര്‍ഷത്തെ പാരമ്പര്യമുള്ള വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ എന്നിവയുടെ മുന്നേറ്റം വളരെ പരിമിതമാണെന്നാണ് അവയുടെ തന്നെ നേതൃത്വത്തിന്റെ വിലയിരത്തല്‍. ഈ മൂന്ന് സംഘടനകള്‍ക്കും കൂടി 10 ദശലക്ഷം പേരുടെ പിന്തുണയുണ്ട്. ‘ഞങ്ങള്‍ നിരവധി പോരാട്ടങ്ങള്‍ വിജയിക്കുന്നുണ്ട്. എന്നിട്ടും ഞങ്ങള്‍ക്ക് ഈ ഗ്രഹം നഷ്ടമാവുകയാണെ’ന്നാണ് ഗ്രീന്‍പീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുമി നായിഡുവിന്റെ പരിദേവനം.

എന്നാല്‍, ഇത്തരം വന്‍കിട പ്രസ്ഥാനങ്ങളേക്കാള്‍ പാരിസ്ഥിതി ജാഗ്രത വളര്‍ത്തുകയും ചൂഷണത്തിനെതിരെ പോരാട്ടങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്നത് ചെറു ഗ്രൂപ്പുകളാണ്. ‘നിശ്ശബ്ദ വസന്തം’ ഉയര്‍ത്തിയ ആശങ്കകളുടെ പിന്‍തുടര്‍ച്ചക്കാര്‍. ഇത്തരം അനവധി ചെറു സംഘങ്ങള്‍ ലോകമെങ്ങുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും പാരിസ്ഥിതിക ചൂഷണം പതിവാക്കുന്ന സാഹചര്യത്തില്‍ ജീവന്‍ പണയം വെച്ച് പോരാട്ടങ്ങള്‍ നടത്തുന്നവര്‍. സാമ്പ്രദായിക അര്‍ഥത്തിലുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളേക്കാള്‍ വരും കാലങ്ങളില്‍ പ്രകൃതിയുടെ കാവല്‍ക്കാരായി വര്‍ത്തിക്കുക ഇത്തരം ചെറുഗ്രൂപ്പുകള്‍ തന്നെയാവും. അവര്‍ക്ക് ഊര്‍ജം നല്‍കുന്ന അനശ്വരമായ വാക്കുകളായി ‘നിശ്ശബ്ദ വസന്ത’വും തുടരും.

when you share, you share an opinion
Posted by on Apr 5 2012. Filed under ബുക് കഫേ-മുഹമ്മദ് സുഹൈബ്, ബുക് സോണ്‍. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

4 Comments for “ലോകം സൈലന്റ് സ്പ്രിങ് വായിച്ചതെങ്ങനെ?”

 1. seena

  വീണ്ടും വീണ്ടും വായിക്കപെടെണ്ട പുസ്തകം..!

     1 likes

  • വര്‍ഷങ്ങള്‍ക്കു മുന്‍പേ “നിശ്ശബ്ദവസന്തത്തെ”ക്കുറിച്ച് പ്രശസ്തമായ illustrated weekly യില്‍ വന്നപ്പോഴും പിന്നീട് പല അവസരങ്ങളിലായി കേട്ടപ്പോഴും ഒക്ക്വ ഞാ ഈ ആശയങ്ങള്‍ എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളുമായി പങ്കു വച്ചിട്ടുണ്ട്.ഈ അവസ്ഥയില്‍ നിന്നും ലോകം ഇന്ന് മൂകലോകം ആയി മാറി.വസന്തം മാത്രമല്ല എക്കാലവും മൂകം ആയ ലോകം.

      0 likes

 2. indu

  വായിച്ചു ശ്വാസം മുട്ടിയ ഒരു പുസ്തകം
  ഒരു സാധാരണ വീട്ടമ്മ എന്നാ നിലയില്‍ മാത്രമേ ഈ പുസ്തകത്തിനെ എനിക്ക് വിവരിക്കാന്‍ ആവൂ
  നമ്മള്‍ ഉറുമ്പ്‌ പൊടി എന്ന് പറയുന്ന നിസാരമായ കീട നാശിനി,
  അത് മുറിയില്‍ വിതറി
  ഉറുമ്പിനെ കൊന്നു
  അടിച്ചു വാരി മിറ്റത്തു ഇട്ടു ..
  അത് മഴയത്ത്
  മുറ്റത്തെ കിണറ്റിലെ വെള്ളത്തില്‍ ലയിച്ചു
  ആ വെള്ളം കുടിക്കുന്ന പുരുഷന്‍ വന്ധ്യനോ
  അല്ലെങ്കില്‍ ജെനെടിക് ആയി വൈകല്യം ഉള്ള ശിശുവിനെയോ ജന്മം നല്‍കുന്ന പിതാവോ ആയി തീരുന്നു
  .അങ്ങിനെ തലമുറകളെ പോലും വന്ധ്യം കരിക്കാന്‍ കഴിവുള്ള ഈ കീട നാശിനിയെ കുറിച്ചും എല്ലാം അറിഞ്ഞത് ഈ പുസ്തകത്തില്‍ നിന്നാണ്

  അതിനു ശേഷം ഒരിക്കലും ഞങ്ങള്‍ വീട്ടില്‍ കീട നശിനികള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല..
  ആവുന്നത്ര ആളുകളില്‍ ഇതിന്റെ സന്ദേശം എത്തിക്കാന്‍ ശ്രേമിക്കുകയും ചെയ്തു
  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇത് മലയാളത്തില്‍ ആക്കി വില്‍ക്കുന്നുണ്ടായിരുന്നു.
  ഇപ്പോള്‍ സ്ടോക്കുണ്ടോ എന്നറിയില്ല

  എന്നാല്‍ ഓരോരുത്തരും വായികെണ്ടുന്ന,
  നമ്മുടെ അടുത്ത തലമുറയെ കൊണ്ട് നിര്‍ബന്ധമായും വായിചിരിപ്പികേണ്ട ഒരു പുസ്തകം തന്നെ ഇത്
  സിലബസ് കമ്മിറ്റിക്കാര്‍ രാഷ്ട്രീയ ഭേദമെന്യേ ഈ പുസ്തകം സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പികുക തന്നെ. വേണം .
  ചുരുങ്ങിയത് ആദ്യത്തെ അധ്യായം എങ്കിലും
  നാളെ ഇ പുസ്തകത്തെ കുറിച്ച് ലഖുവായി ഒന്ന് എഴുതാം
  ചിലപ്പോള്‍ എഴുതിയില്ല എന്നും വരാം കേട്ടോ..

     3 likes

 3. Niyas

  എഴുത്തിനു നന്ദി …ബദലുകള്‍ ഉണ്ടല്ലോ , ഇതാ , സീറോ ബജറ്റ് ഫര്മിങ്ങിനെക്കുരിച്ചു വായിക്കൂ …തീര്‍ച്ചയായും വായിക്കണം.. http://www.mathrubhumi.com/agriculture/story-339640.html

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers