അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച

“ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതെനിക്കൊരു പുതിയ ഭാഷയായിരുന്നു, ചിന്തയുടെയും ഭാവനയുടെയും പുതിയൊരു ലോകം. എനിക്ക് എന്റെയുള്ളിലുള്ള എം ടിയേയും മുകുന്ദനെയും (എന്‍ എസ്) മാധവനെയും ആനന്ദിനെയും വി കെ എന്നിനെയുമൊക്കെ ആദ്യം കൊല്ലണം, അയ്യപ്പന്‍റെ കഥകള്‍ മനസ്സിലാവാന്‍. അദ്ദേഹം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ.. RIP.” [എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.]

ടെലിവിഷന്‍ ചാനലുകള്‍ ദളിത്‌ സാഹിത്യകാരന്‍ സി അയ്യപ്പന്‍ അന്തരിച്ചു എന്നുപറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. പത്രങ്ങളാകട്ടെ ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയിലും. അങ്ങനെ ഒതുങ്ങേണ്ടിയിരുന്ന ഒരാളല്ല ശ്രീ സി അയ്യപ്പന്‍. ശ്രീ അജയ് ശേഖര്‍ പറയുന്നതുപോലെ, എഴുതിയ കഥകള്‍ എണ്ണത്തില്‍ കുറവാകാമെങ്കിലും കഥയുടെ ശില്പവിദ്യയില്‍ അദ്ദേഹത്തിന്റെ കരവിരുത് മലയാളത്തിലെ എന്നല്ല ഏതൊരു ഭാഷയിലെയും മികച്ച കഥയെഴുത്തുകാരോട് കിടപിടിയ്ക്കുന്നതാണ്.

(Ajay Sekher continues in his e-mail : “..His opening of the new radical idiom and a new expression that rendered visible the micro operations of caste and gender in our society in the contemporary world are extremely valuable and unprecedented in the domain of the short story in our language. It is also an instance to expose the hidden erasures operating in our public sphere and media spaces..”)

‘ഞണ്ടുകള്‍’ ഗുവാഹട്ടിയിലേയ്ക്ക് കൂട്ടുകാര്‍ വഴി തന്നയച്ച, അങ്ങനെ എനിക്ക് സി അയ്യപ്പനെ പരിചയപ്പെടുത്തിയ (അന്ന് ഞാന്‍ കണ്ടിട്ടുപോലുമില്ലാത്ത) കെ പി റഷീദിന്‌ നന്ദി — അല്ലെങ്കില്‍ ഒരുപക്ഷേ ഞാനും ഇപ്പൊ ചോദിച്ചേനെ ആരാ ഈ സി അയ്യപ്പന്‍ എന്ന്.

* * *

എന്നാല്‍ ശ്രീ ജോണ്‍സണ്‍ അങ്ങനെയുള്ള ഒരാളായിരുന്നില്ല. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം സിനിമാപ്പാട്ട് കേട്ടിട്ടുള്ളവര്‍ക്കൊക്കെ ജോണ്‍സണെ അറിയാം. പത്രക്കാര്‍ക്കും ടി വിക്കാര്‍ക്കും എഫ് എം റേഡിയോക്കാര്‍ക്കും ഒക്കെ അറിയാം.

ഡിഗ്രി ചെയ്തിരുന്ന കാലത്ത് (1993-1997) മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് എനിക്കുണ്ടായിരുന്ന ഒറ്റയുത്തരം ജോണ്‍സണ്‍ എന്നാണ്. ഔസേപ്പച്ചന്‍, മോഹന്‍ സിതാര, രവീന്ദ്രന്‍, ബോംബെ രവി ഒക്കെ അതിന്റെ താഴെയാണ് നിന്നത്. ആ പ്രായത്തില്‍ ജോണ്‍സണ്‍ സ്റ്റൈല്‍ പാട്ടുകളാണ് കൂടുതല്‍ പ്രിയം എന്നതുകൊണ്ടായിരിക്കാം. ജോണ്‍സണ്‍ 1988-1993 കാലത്ത് കുറെയധികം നല്ല പാട്ടുകള്‍ ചെയ്തു എന്നതുകൊണ്ടായിരിക്കാം. വല്ലാതെ ക്ലാസിക്കല്‍ ആയ സംഗീതം ആസ്വദിക്കാന്‍ അധികം കഴിവില്ലാത്തതുകൊണ്ടും ആയിരിക്കാം.

1996-ല്‍, ആദ്യമായി ഒരു വാക്ക്മാന്‍ സ്വന്തമായി വാങ്ങിയപ്പോള്‍, ഞാന്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ പതിനാല്‌ ഓഡിയോ കാസറ്റുകളിലായി റെക്കോഡ് ചെയ്തപ്പോള്‍ അതില്‍ രണ്ട്‌ കാസറ്റ്‌ മുഴുവന്‍ ജോണ്‍സന്റെ പാട്ടുകളായിരുന്നു. ഒന്ന് അല്പം ശോകച്ഛായയുള്ള പാട്ടുകള്‍, മറ്റേത് കുറച്ചുകൂടി pleasant mood-ലുള്ള പാട്ടുകള്‍. മുഴുവനായി ഒരു മ്യൂസിക് ഡയറക്ടര്‍ ചെയ്ത പാട്ടുകള്‍ക്ക് മാത്രമായി dedicate ചെയ്ത വേറൊരു കാസറ്റും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

എന്റെ ഏറ്റവും പ്രിയപ്പെട്ട ചില പാട്ടുകള്‍ താഴെ.

സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ.. (ഇതു ഞങ്ങളുടെ കഥ)
മോഹം കൊണ്ടുഞാന്‍.. ദൂരെയേതോ.. (ശേഷം കാഴ്ചയില്‍)
എന്റെ മണ്‍വീണയില്‍.. (നേരം പുലരുമ്പോള്‍)
അറിയാതെ.. അറിയാതെ.. (ഒരു കഥ ഒരു നുണക്കഥ)
ആടിവാ കാറ്റേ.. പാടിവാ കാറ്റേ.. (കൂടെവിടെ)
നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ.. (ഇസബെല്ല)
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. (ഒരു മിന്നാമിനുങ്ങിന്റെ..)
മായപ്പൊന്മാനേ നിന്നെത്തേടീ ഞാന്‍.. (തലയണമന്ത്രം)
പുല്‍ക്കൊടി തന്‍ ചുണ്ടത്തു പെയ്തൊരു.. (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
തങ്കത്തോണി.. തെന്‍മലയോരം കണ്ടേ.. (മഴവില്‍ക്കാവടി)
മൈനാകപ്പൊന്‍മുടിയില്‍ പൊന്നുരുകിത്തൂവിപ്പോയ്.. (മഴവില്‍ക്കാവടി)
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം.. (പൊന്‍മുട്ടയിടുന്ന താറാവ് )
രാജഹംസമേ.. (ചമയം)
അന്തിക്കടപ്പുറത്തോരോലക്കുടയെടുത്ത്.. (ചമയം)
മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞൂ.. (ആധാരം)
മൌനത്തിന്‍.. ഇടനാഴിയില്‍ ഒരു ജാലകം.. (മാളൂട്ടി)
ശ്രീരാമനാമം ജപസാരസാഗരം.. (നാരായം)
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.. (ഞാന്‍ ഗന്ധര്‍വ്വന്‍)
പാലപ്പൂവേ.. നിന്‍ തിരുമംഗല്യത്താലി തരൂ.. (ഞാന്‍ ഗന്ധര്‍വ്വന്‍)
ഊഞ്ഞാലുറങ്ങി, ഹിന്ദോളരാഗം മയങ്ങി.. (കുടുംബസമേതം)
തേരോട്ടം.. ആനന്ദത്തേരോട്ടം.. (സ്നേഹസാഗരം)
പീലിക്കണ്ണെഴുതി.. (സ്നേഹസാഗരം)

ഇതില്‍ ‘നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ..’ മിക്ക ജോണ്‍സണ്‍ ഓര്‍മ്മകളിലും കണ്ടില്ല.

* * *

വെള്ളിയാഴ്ച രാവിലെ എനിക്കും ബേനയ്ക്കും ഒരു മകന്‍ ജനിച്ചു. മരിച്ചുപോയവരെയോര്‍ത്ത് ദു:ഖിക്കുകയല്ല വരാന്‍ പോകുന്നവര്‍ക്കുവേണ്ടി കാതോര്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

2 thoughts on “അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച

  1. You should really think better about naming your page titles. You should consider putting keywords in them so Google will find and rank your post page higher. I am not trying to be an ass but I am just trying to help. For example, what do you think you can improve on അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച | Nalamidam . Again, just trying to help here 🙂 Regards, Jenni

    • thank you for the input. as you must be aware we are one week old site. updations are going on. your valuable suggestions will always help us to improve ourselves. thank you. keep reading

Leave a Reply

Your email address will not be published. Required fields are marked *