ഈ ജനലുകള്‍ അടഞ്ഞുപോവരുത്

അന്നൊക്കെ ഞങ്ങള്‍ പെസഹായ്ക്കു കരിക്കിന്‍വെള്ളവും അപ്പവും തിന്നാന്‍ എത്രയെത്ര വീടുകളിലാണു പോയിരുന്നത്. വൈകിട്ട് ഏഴിനു തുടങ്ങിയാല്‍ പത്തും പതിനഞ്ചും വീടുകളില്‍ വരെ സ്വീകരണം ഉണ്ടാകും. ദു:ഖവെള്ളിക്കു മലയാറ്റൂര്‍ കുരിശുമുടി കയറി പൊന്നിന്‍കുരിശു മുത്തപ്പനെ വിളിച്ച് എത്രയെത്ര യാത്രകള്‍. ഇന്നു മലയാറ്റൂരിനു പോകാനിറങ്ങിയ പഴയ സുഹൃത്തു പറഞ്ഞു: “ഞങ്ങളുടെ കുര്‍ബാന കൂടാന്‍ നിന്നാല്‍ നിനക്കു ശരിയാവില്ല. പോയി വരാം.” പണ്ടു കുര്‍ബാന അള്‍ത്താരയില്‍ വിടര്‍ന്നത് എനിക്കും എടുത്താല്‍ പൊങ്ങുന്ന വസ്തുക്കള്‍ കൊണ്ടായിരുന്നു. ക്രിസ്മസ് രാവുകളിലെ പാതിരാകുര്‍ബാനയും ധനുമാസത്തിലെ തിരുവാതിരയും ആസ്വദിക്കാന്‍ പോയിരുന്നത് ഒരേ സംഘം തന്നെയായിരുന്നു. ഓണത്തിനു മാവേലിയായും ക്രിസ്മസിനു പപ്പായായും കുടവയറുള്ള ഒരേ ആളുകള്‍ വേഷം പകര്‍ന്നു-കാണെക്കാണെ പല മതങ്ങളായി, ജാതികളായി നാം പകുത്തുപോവുന്നതിനെക്കുറിച്ച്, ഓണവും ക്രിസ്തുമസും ബക്രീദും ഒരുപോലെ കടന്നു വന്ന ജനലുകള്‍ അടഞ്ഞു പോവുന്നതിനെ കുറിച്ച് ഒരാലോചന. അനൂപ് പരമേശ്വരന്‍ എഴുതുന്നു

 

 

ഇപ്പോള്‍ ദുബൈയിലുള്ള, ഷാഹിന എന്ന കൂട്ടുകാരി എഴുതുന്നു: “ഇന്നെന്റെ തലയിലെ തട്ടത്തിന് പഴയയാ നൈലോണ്‍ ശീലയുടെ ഭാരമല്ല. യാക്കോബായ പള്ളിയിലേക്കു വഴിവെട്ടാനായി നമ്മള്‍ ചുമന്ന കരിങ്കല്ലിനുപോലും ഇത്ര കനമുണ്ടായിരുന്നില്ല.”

ഞായറാഴ്ചകളില്‍ ട്യൂഷന് പോകാനായി പള്ളിയില്‍ നിന്നിറങ്ങി വന്നിരുന്ന സെലിന്റെ തലയിലെ ഷാള്‍മറയും നന്ത്യാര്‍വട്ടപ്പൂ ഒരുചെറുപിന്നലില്‍ ചൂടിയ ശേഷം മഞ്ജു അലസമിട്ട നീളന്‍മുടിയും ഷാഹിനയുടെ കിന്നരിത്തട്ടവും ഒരു ചെറുകാറ്റില്‍ പോലും പറന്നുയരുന്നത്, എന്നും പിന്നാലെ നടന്നു പോയ ഞങ്ങള്‍ കണ്ടിരുന്നതാണ്. അന്നൊന്നും തട്ടത്തെക്കുറിച്ചു പറയണമെങ്കില്‍ ഷാളിനേയും പൂവിനേയും കുറിച്ചുകൂടി പറഞ്ഞു മതേതരത്വത്തിന്റെ അടയാളം പതിക്കേണ്ടതില്ലായിരുന്നു. മൂന്നിനെയും കുറിച്ച് ഒന്നിച്ചു പറഞ്ഞാലും ഇപ്പോഴിതു വായിക്കുന്നവരില്‍ ചിലരെങ്കിലും “ദേ ഒരാള്‍ കപടമതേതരത്വം” കളിക്കുന്നുവെന്നു പറഞ്ഞേക്കുമെന്നു ഭയക്കേണ്ടതില്ലായിരുന്നു.

അനൂപ് പരമേശ്വരന്‍

ഞങ്ങളൊക്കെ അന്നു ഭാരമില്ലാത്തവരായിരുന്നു. മുട്ടുശാന്തി കഴിഞ്ഞു വരുന്നവനും പത്രമിട്ടു വരുന്നവനും ക്ളാസിലെത്തും വരെ ഏറ്റിയത് ഒരേ ചുമടായിരുന്നു. അന്നൊക്കെ ഞങ്ങള്‍ പെസഹായ്ക്കു കരിക്കിന്‍വെള്ളവും അപ്പവും തിന്നാന്‍ എത്രയെത്ര വീടുകളിലാണു പോയിരുന്നത്. വൈകിട്ട് ഏഴിനു തുടങ്ങിയാല്‍ പത്തും പതിനഞ്ചും വീടുകളില്‍ വരെ സ്വീകരണം ഉണ്ടാകും. ദു:ഖവെള്ളിക്കു മലയാറ്റൂര്‍ കുരിശുമുടി കയറി പൊന്നിന്‍കുരിശു മുത്തപ്പനെ വിളിച്ച് എത്രയെത്ര യാത്രകള്‍. ഇന്നു മലയാറ്റൂരിനു പോകാനിറങ്ങിയ പഴയ സുഹൃത്തു പറഞ്ഞു: “ഞങ്ങളുടെ കുര്‍ബാന കൂടാന്‍ നിന്നാല്‍ നിനക്കു ശരിയാവില്ല. പോയി വരാം.”

പണ്ടു കുര്‍ബാന അള്‍ത്താരയില്‍ വിടര്‍ന്നത് എനിക്കും എടുത്താല്‍ പൊങ്ങുന്ന വസ്തുക്കള്‍ കൊണ്ടായിരുന്നു. ക്രിസ്മസ് രാവുകളിലെ പാതിരാകുര്‍ബാനയും ധനുമാസത്തിലെ തിരുവാതിരയും ആസ്വദിക്കാന്‍ പോയിരുന്നത് ഒരേ സംഘം തന്നെയായിരുന്നു. ഓണത്തിനു മാവേലിയായും ക്രിസ്മസിനു പപ്പായായും കുടവയറുള്ള ഒരേ ആളുകള്‍ വേഷം പകര്‍ന്നു.

ക്രിസ്മസ് കാരളിനു ചെണ്ടകൊട്ടുന്നതിനു കാനാവെള്ളം അന്നൊന്നും ഒരു നിബന്ധനയായിരുന്നില്ല. അടിയന്തിരാവസ്ഥക്കാലത്തിന്റെ സന്തതികളായിരുന്നു ഞങ്ങള്‍. 1974ല്‍ ജനിച്ചവര്‍. ശിശിര ഗ്രീഷ്മ ഹേമന്ത വര്‍ഷങ്ങളായി മതമുഖങ്ങള്‍ ഭാവമാറ്റം കാണിച്ചു ഭയപ്പെടുത്താതിരുന്ന കാലം. പള്ളിയില്‍ പോകുന്നവന്‍ തലനിവര്‍ത്തി പള്ളിയില്‍ പോവുകയും അമ്പലത്തില്‍ പോകുന്നവന്‍ തലയുയര്‍ത്തി തന്നെ പോവുകയും ദീപാരാധനയും കുര്‍ബാനയും കഴിഞ്ഞ് ക്ളബിലോ വായനശാലയിലോ കവലയിലെ കരിങ്കല്ലിലോ വട്ടം കൂടുകയും ചെയ്തിരുന്ന കാലം. ആണെന്നോ പെണ്ണെന്നോ ജാതിയെന്നോ മതമെന്നോ ഉള്ള ഭാരങ്ങള്‍ ആരുടേയും ബിഎംഐ താളം തെറ്റിച്ചില്ല.
ബിനുവെന്നും മനോജെന്നും അനിലെന്നും അനീഷെന്നും അനൂപെന്നും ആര്‍ക്കുമിടാവുന്ന പേരുകളായിരുന്നു എല്ലാവര്‍ക്കും. ഒന്നാം ക്ളാസില്‍ ചേര്‍ത്തപ്പോള്‍ അച്ഛന്‍ എഴുതിച്ചേര്‍ത്ത പേരായിരുന്നു അനൂപ് എന്നത്. അനൂപ് പി. എന്നത് അനൂപ് പരമേശ്വരനാണോ അനൂപ് ഫിലിപ്പാണോ അനൂപ് പരീതാണോ എന്നു പഠനം തീരുംവരെ ആരും തിരക്കിയിരുന്നില്ല. ജോലിക്കുള്ള ആദ്യ അഭിമുഖത്തിനു ചെന്നപ്പോഴാണ് അതൊരു ജീവിതപ്രശ്നമായത്. “അച്ഛന്റെ പേര് പരമേശ്വരന്‍ നമ്പൂതിരി എന്നാണല്ലേ? ഏതൊക്കെ വേദങ്ങള്‍ പഠിച്ചിട്ടുണ്ട്?” എന്നായിരുന്നു നേരിടേണ്ടി വന്ന ആദ്യ ചോദ്യം.

 

 

വേദജ്ഞാനവും പത്രപ്രവര്‍ത്തനത്തിന് അധികമാകില്ലെന്ന് അന്നു തിരിച്ചറിഞ്ഞു. കേരളത്തിലെ നമ്പൂതിരിമാരില്‍ ബഹുഭൂരിപക്ഷവും ഓട്ടോറിക്ഷ ഓടിക്കുന്നവരോ സ്വന്തം കുടുംബത്തിലെ അന്നം മുടങ്ങാതിരിക്കാനായി നേദിക്കാനുള്ള ക്രിയകള്‍ മാത്രം പഠിച്ച ശാന്തിക്കാരോ ആയിരുന്നെന്നു ചോദ്യകര്‍ത്താവ് അറിയാത്തതുകൊണ്ടാവുമെന്ന് ആശ്വസിച്ചു. ജോലികിട്ടി പത്രത്തില്‍ ആദ്യമടിച്ചുവന്ന പേര് അനൂപ് നമ്പൂതിരി എന്നായിരുന്നു. ജോലി ചെയ്ത സ്ഥാപനത്തിലെ നാട്ടുനടപ്പില്‍ വീണുപോയപ്പോള്‍ കിട്ടിയ പേര്. ട്രെയിനിങ് കാലത്ത് ഒരു തവണ കൂടി ആ പേര് ചുമന്നു. പിന്നെ ഭാരമിറക്കി അച്ഛന്‍ സ്കൂളിലിട്ട പേരു തന്നെ ഏറ്റെടുത്തു.

ആ പേരിനെക്കുറിച്ച് പിന്നീടു ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് ഇഎംഎസ് നമ്പൂതിരിപ്പാട്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ഒരാള്‍ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നും. പക്ഷേ, അനൂപ് നമ്പൂതിരി എന്നാല്‍ കാണ്ടാമൃഗം ഫ്രെെ എന്നു കേള്‍ക്കുന്നതു പോലെ ഓക്കാനം വരുന്നു എന്നാണ്. പേര് ഒരു ജാലകമായിരുന്നു. ഉള്ളിലേക്കു തുറന്നിട്ട കാറ്റിന്റെ ഇടനാഴി.

 

 

കോളജിലെ നാഷനല്‍ സര്‍വീസ് സ്കീമില്‍ ചേര്‍ന്നു പോത്താനിക്കാട് പള്ളി മുറ്റത്തേക്കു വഴിവെട്ടുമ്പോള്‍ അതിലെങ്ങും സംശയത്തിന്റെ ഒരു സൂചി മുന പോലും ഉണ്ടായിരുന്നില്ല. അതേ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയെടുത്തപ്പോള്‍ നാടിന്റെ ഒരു ചിറകറ്റു പോയി. ഷാളുകള്‍ക്കും തട്ടങ്ങള്‍ക്കും പൂണൂലിനും കനം കൂടി. അതു ഭാരമായി. തലമറ മറയ്ക്കാന്‍ ഒളിയിടം തേടി. കുറി തൊടാന്‍ ഭയന്നു. അടയാളങ്ങളുടെ കുരിശു ചുമന്ന് ആഴ്ചകളെല്ലാം ദുഖവെള്ളിയാഴ്ചകളായി. ജനാലകള്‍ അടച്ചു തഴുതിട്ട് മാവു കുറുക്കിയും ഇല വാട്ടിയും പെസഹയപ്പവും പൂവടയുമുണ്ടാക്കി. വിഷക്കാറ്റില്‍ അടഞ്ഞുപോയ ജനാലകള്‍ തുറക്കാന്‍ കൊടുങ്കാറ്റു വരണം. ഇനിയതു തകര്‍ത്തേ തുറക്കൂ.

“പണ്ട് ഊരിത്തൂക്കിയ പൂണൂലിന് ആണിയുമിളക്കി താഴെ വീഴാന്‍മാത്രം കനംവച്ചത് നീ അറിഞ്ഞില്ലേ” എന്നായിരുന്നു ഷാഹിനയുടെ ഫേസ്ബുക്ക് സന്ദേശത്തിലെ അവസാന വാചകം.

13 thoughts on “ഈ ജനലുകള്‍ അടഞ്ഞുപോവരുത്

 1. കാലത്തോടൊപ്പം മതചിന്തകള്‍ വളര്‍ന്നു, നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂരത്തിനു മഞ്ഞള്‍ നല്‍കുന്നത് ഒരു കൃസ്ത്യന്‍ കുടുംബമായിരിന്നുവെന്നോര്‍ക്കുന്നു. ചെറുവള്ളിക്കാവിലെ ഉത്സവവും സെന്റ് തോമസ് പള്ളിയിലെ പെരുനാളും ഞങ്ങളെല്ലാം ചേര്‍ന്ന് ഒരുപോലെ ആഘോഷിച്ചിരുന്നതുമോര്‍ക്കുന്നു, പക്ഷേ ഒന്നുറപ്പാണ് , നാം വഴിപിരിഞ്ഞത് ജനാധിപത്യത്തിന്റെ പേരില്‍ തന്നെയാണ്.

 2. പരസ്പരം അടഞ്ഞ വീടുകള്‍.
  സ്വന്തം മതക്കാരുടെ സ്കൂളില്‍ കുഞ്ഞുങ്ങളുടെ പഠനം.
  സ്വന്തം ജാതിക്കാരുമായി മാത്രം സഹവാസം.
  അധികം വൈകില്ല, ഈ നാടിന്റെ കൈ അവര്‍ അറുത്തെടുക്കും

  തീവ്രമായി ഈ ലേഖനം. അഭിനന്ദനങ്ങള്‍

 3. മുസ്ലിങ്ങളും ഹിന്ടുകളും ഒരു പോലെ തിങ്ങി പാര്‍ത്തിരുന്ന ഒരു സ്ഥലത്താണ് എന്റെ വീട് ചെരുപത്തില്‍ എത്ര മുസ്ലിം കൂടുകാരുടെ തോളില്‍ കയ്യിട്ടു നടന്നിട്ടുണ്ട്.. എത്ര പെരുന്നാള്‍ സാധ്യ കഴിച്ചിട്ടുണ്ട്.. ഓണത്തിന് വിഷുവിനു ചങ്ങയിമാര്‍ എന്റെ വീട്ടില്‍ വന്നു സദ്യയും പായസവും കഴിച്ചിട്ടുണ്ട്.. പയസതിന്റെയും ഉന്നക്കയുടെയും അറികടുകയുടെയും രുചി ഞങ്ങളില്‍ ഒരു പോലെയായിരുന്നു.. എത്ര നിക്കഹുകള്‍ എത്ര കല്യാണങ്ങള്‍ നാട്ടുകാര്‍ എല്ലാരും ഒരുപോലെ ആഗോഷിച്ചവ. ഇന്ന് കണ്ടാല്‍ പരസ്പരം ഒരു തലയട്ടളില്‍ എത്തിയിരിക്കുന്നു.. അതും എന്നെങ്കിലും നില്കും.. രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള സന്കര്ഷങ്ങള്‍ ഒന്നാം ദിവസം മാത്രമാണ് രാഷ്ട്രീയത്തിന്റെ പേരില്‍ നടകുന്നത് പിറ്റേ ദിവസം മുതല്‍ അത് വര്‍ഗീയ സന്കടനമാകുന്നു.. ആരാണ് ഞങ്ങളുടെ ജനാലകള്‍ കൊട്ടി അടച്ചത്?? ആരാണ് ഞങ്ങള്കിടയില്‍ ഇങ്ങനെ മതിലുകള്‍ തീര്കുന്നത്??????

 4. anoop, nannayi ormakal….nalla oru vishu kalavum, christmas kalavumokke ormayil theliyunnu….vishuvinte annu veettil aharam undakkaruthennu parayarulla sharadechi….ethu samayathu chennalum bakshanam vilambi tharan madiyillatha mathayi chettanum kudumbavum…..christmasinte annu prathyeka bakshanam undakki tharunnath….aru makkalude vayaru nirakkanodi paniyedukkunna ente ummakk enthoraswasamayirunnenno avarokke…….

 5. അകത്തു നിന്നും കുറ്റിയിടാത്ത ഏതു ജനലും ഒരു ചെറുകാറ്റിനു തുറക്കാവുന്നതേയുള്ളൂ, അനൂപ്… ഒരു പക്ഷേ ഒരു ചെറിയ സ്പര്‍ശം കൊണ്ടു പോലും തുറക്കാവുന്നവയാണവ.

 6. Sincerely I wish one more emergency in India – at least for 30 years. We will have to grow a new generation which is not tainted by all these.

 7. Dear Anoop and all the people who agree with this article, despite all the cruelty and hatred, u guys still give me hope to live and love:)

 8. ലേഖകന്റെ ആശങ്കകള്‍ അര്‍ഥവത്താണ്. എന്നാല്‍ എങ്ങിനെ നാം ഇങ്ങനെ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ?

  മദനിക്കൊപ്പം വേദിപങ്കിട്ട് പ്രീണനത്തിലൂടെ മലപ്പുറം പിടിക്കുവാന്‍ പൊയ പുരോഗമന മതേതര മുഖമ്മ്മൂടികളും, ഭീകരന്മാരെ ഇരകളാക്കി വിശുദ്ധീകരിച്ച ബുദ്ധിജീവികളും. മതത്തോടൊട്ടിയും ഒടുവില്‍ മതത്തെ പേറിയും അധികാരത്തിനായി എന്തു വിഴുപ്പും ചുമന്നും ആരുടെ മുമ്പിലും മുട്ടുകുത്തിയും വലതുപക്ഷവും ഈ പറഞ്ഞ അകല്‍ച്ചകളില്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കി. തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കു പകരം ഒരു സമുദുആയ നേതാവ് അഞ്ചാമ്മന്ത്രിയെയും വകുപ്പിനേയും പ്രഖ്യാപിക്കുന്നിടം വരെ എത്തി നമ്മുടെ ജനാധിപത്യത്തിനും മുകളില്‍ മരിനിഷല്‍ വീഴുത്തുന്ന വര്‍ഗ്ഗീയ- മതാധിപത്യം.ഏകദേശം 24% ഉള്ള സംഘടിത വിഭാഗത്തിനു 20 എം.എല്‍.എമാര്‍ ഭരണപക്ഷത്ത്. 26 % സമുദയത്തിനു 2 എം.എല്‍.എ മാര്‍.!! നമുക്കിനിയും ഭൂരിപക്ഷ വര്ഗീയതറ്റ്യെ പള്ളുവിളിച്ച് കപട മതേതരത്തം പറഞ്ഞുകൊണ്ടിരിക്കാം.

 9. eere sankadatode vcharikkunna karyangalanu anoop paranjathu. maple ennum ,nasrani ennum kootukare vlkkumbo njan oru hindu ayirunnilla..njangalum ,ningalum undayirunnilla….pallikkaru ,ambalakkaru ennonnum arm verthirichirunnumilla….. matham ,,jathi okke chodikkumbol illa ennu paranjal manassilakkan pattatha atra ajnjatha(nishkalankatha) anu palarkum.

Leave a Reply

Your email address will not be published. Required fields are marked *