മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?

മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്-നിധീഷ് നടേരി എഴുതുന്നു

 

 

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ നാദിയയുടെ കണ്ണടയും ചൂളിനില്‍ക്കുന്ന മോഹന്‍ലാലും ഓര്‍മയില്‍ വരുന്നു. മറച്ചുവെച്ചതെല്ലാം വെളിച്ച്ത്താക്കുമെന്ന് മോഹന്‍ലാലിനെ പേടിപ്പിച്ച കണ്ണട. അത്തരത്തില്‍ ഒരു കണ്ണട കണ്ടെത്തിയ കാര്യമൊന്നുമല്ല പറയാനുള്ളത്. മുറിയില്‍ ഒളിച്ചിരിക്കുന്ന ചിലതൊക്കെ കാണിച്ചു തരുന്ന ക്യാമറാ സാങ്കേതിക വിദ്യയെക്കുറിച്ചാണ്.

മതിലിനപ്പുറത്ത് പണ്ട് നാം നാരായണിയുടെ ശബ്ദം വൈക്കം മുഹമ്മദ് ബഷീറിനൊപ്പം കേട്ടിരുന്നു. നാരായണിയുടെ ശബ്ദ തരംഗങ്ങള്‍ മതിലും കടന്ന് വളഞ്ഞ് പുറത്തു കടന്നതിനാലാണ് ബഷീറിന് അത് കേള്‍ക്കാനായത്. നാരായണിയുടെ ശരീരത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം അങ്ങനെ സഞ്ചരിച്ചു മതിലുചാടി വന്നിരുന്നെങ്കില്‍ നാരായണിയുടെ ചിത്രവും ബഷീറിന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിയുമായിരുന്നു. അതോടെ ബഷീര്‍ നാരായണിയെ കാണുമായിരുന്നു. എന്തായാലും പ്രകാശത്തെ മതിലുചാടിച്ചു മറഞ്ഞിരിക്കുന്നതൊന്നും കാണിക്കാനുള്ള വിപ്ലവമൊന്നും നടന്നിട്ടില്ല. പക്ഷേ വളരെ രസകരമായ ഒരു ചുവടുവെപ്പ് സംഭവിച്ചിരിക്കുന്നു. അതാണ് മസാചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ക്ക് ലോകത്തോടു പറയാനുള്ളത്.

 

 

നാച്വര്‍ ജേണലിലാണ് പരീക്ഷണ വിവരങ്ങള്‍. ഒരുമുറിയില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ, ക്യാമറക്കും നമുക്കും കാണാനൊക്കാത്ത ഒരുഭാഗം, എങ്ങനെ കാണാനാവുമെന്നാണ് പരീക്ഷണം കാണിച്ചുതരുന്നത്. സംഗതിയിതാണ്. മുറിയുടെ മൂലയിലിരിക്കുന്ന വസ്തു. ക്യാമറ പുറത്തെ വാതിലിനടുത്തു നില്‍ക്കുന്നു. ക്യാമറക്ക് വസ്തുവിന്റെ ഭാഗികമായ ചിത്രം കിട്ടും. പക്ഷേ മറുഭാഗം ലഭ്യമല്ല. ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ക്യാമറ ചില്ലറക്കാരനല്ല. സകല ഗുണസമ്പന്നനാണ്.

ആദ്യം ഒരു ലേസര്‍ പള്‍സ് വസ്തുവിനെതിരായ ചുവരിലേക്ക് അയക്കുന്നു. ലേസര്‍ പള്‍സ് ചുവരില്‍ തട്ടി ചിതറിപ്പരന്ന് മുറിയില്‍ നിറയുന്നു. തിരിച്ച് ചുവരില്‍ത്തട്ടി ക്യാമറയിലേക്കും പ്രവഹിക്കുന്നു. പ്രകാശ കണികകളുടെ തിരിച്ചു വരവ് കണിശമായി സമയത്തോടൊപ്പം രേഖപ്പെടുത്തിവെക്കാനും കഴിയും ക്യാമറക്ക്. ഈ ടൈം റെസലൂഷന്‍ വിദ്യയിലൂടെയാണ് മറഞ്ഞിരിക്കുന്ന വസ്തുവിന്റെ രൂപം നിര്‍ണയിക്കുന്നത്. സാധാരണ ക്യാമറകള്‍ വസ്തുവില്‍ നിന്ന് നേരിട്ട് പ്രതിഫലിക്കുന്ന പ്രകാശകണികകളെ ആശ്രയിച്ചാണ് വസ്തുക്കളുടെ പ്രതിബിംബങ്ങള്‍ നിര്‍മിക്കുന്നത്. അവ ചിതറിയ പ്രകാശ തരംഗങ്ങളെ അവഗണിക്കുന്നു. എന്നാല്‍ ഇവിടെ ചിതറിത്തെറിക്കുന്ന പ്രകാശ്ത്തെയും അത് സഞ്ചരിക്കുന്ന ദൂരത്തെയും ആശ്രയിച്ചാണ് വസ്തുവിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നത്.

 

 

ഓരോ 2 പൈകോസെക്കന്റ് (0.000 000 000 001 സെക്കന്റാണ് പൈകോസെക്കന്റ്) ഇടവേളകളിലും പ്രകാശകണികകളെ രേഖപ്പെടുത്താന്‍ കഴിയും വിധമുള്ള അതിവേഗമാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ ക്യാമറ ശേഖരിച്ച വിവരങ്ങള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അപഗ്രഥിച്ചാണ് രൂപം നിര്‍ണയിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെയാണ് ഇവിടെ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് ചിത്രനിര്‍ണയം നടക്കുന്നത്. ഏതാനും മിനിറ്റുകള്‍ ആണ് ഇപ്പോള്‍ ഒളിഞ്ഞതിനെ വെളിച്ചത്താക്കുന്ന പ്രക്രിയക്ക് വേണ്ടിവരുന്നതെന്ന് നാച്വറില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

 

 

 

പരീക്ഷണത്തിന്റെ വീഡിയോ മാതൃക ഇതാ ഇവിടെ.

 

 

2 thoughts on “മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?

Leave a Reply

Your email address will not be published. Required fields are marked *