കല കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

കലാ ചരിത്രത്തിന്റെ ഏതോ ഇടത്തുവെച്ച് നിശ്ശബ്ദമായ ചെന്നൈയിലേക്ക് സമകാലീന കലയുടെ കാറ്റും വെളിച്ചവും എത്തിക്കുന്ന ആര്‍ട്ട് ചെന്നൈ 2012 എന്ന സംരംഭത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും രേണു രാമനാഥ് എഴുതുന്നു. ഒപ്പം, കുട്ടികളുടെ പ്രിയപ്പെട്ട ‘ഡുംഡും മാമന്‍’ മനുജോസിന്റെ മുന്‍കൈയില്‍ നടക്കുന്ന ‘മരുതം’ അവധിക്കാല കൂട്ടുചേരലിനെക്കുറിച്ചും പറയുന്നു

 

 

സമകാലീന കലയുടെ ഇന്ത്യന്‍ മാപ്പില്‍ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല, ചെന്നൈ നഗരം. മുംബൈയിലോ ദല്‍ഹിയിലോ ബംഗളുരുവിലോ കൊല്‍ക്കത്തയിലോ പോലും നടക്കുന്ന സമകാലീന കലാലോക ചലനങ്ങള്‍ ചെന്നൈ നഗരത്തെ കാര്യമായൊന്നും ബാധിച്ചിട്ടില്ല. രംഗകലകളില്‍ തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ കടുംവഴക്കങ്ങള്‍ ദൃശ്യകലകളിലും ഇവിടെ പിടിവിടാതെ നില്‍ക്കുകയാണ്.

തീര്‍ച്ചയായും പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെ.സി.എസ് പണിക്കരുടെ കര്‍മ ഭൂമിയായതും ‘മദ്രാസ് സ്കൂള്‍’ എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിന് ജന്‍മം കൊടുത്തതും ഇന്ത്യയിലെ ആദ്യ കലാകാരഗ്രാമം എന്ന പരീക്ഷണത്തിനു വേദിയായായതും ഒക്കെ ഈ നഗരമാണ്. എന്നാല്‍, ഇതിനു തുടര്‍ച്ചയുണ്ടായില്ല. ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ നിശ്ചലമായതാണ് ചെന്നൈയുടെ കലാലോകം എന്നും വേണമെങ്കില്‍ പറയാം.

ആര്‍ട് ഗാലറികള്‍ വിരലിലെണ്ണാവുന്നവ മാത്രം. കലാകാരഗ്രാമമായ ചോഴമണ്ഡലിലെ വീടുകള്‍ പോലും ഏറെക്കൂറെ വാടകക്കു കൊടുക്കപ്പെടുന്നു. അല്ലെങ്കില്‍ ബാംഗ്ലൂരിലോ മുംബൈയിലോ സ്ഥിര താമസമാക്കിയ ഉടമസ്ഥരുടെ അവധിക്കാല വസതികളായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച’ ആര്‍ട് ചെന്നൈ’ ആരംഭിക്കുന്നത്. മദിരാശി പട്ടണത്തിലേക്ക് സമകാലീന കലയുടെ കാറ്റും വെളിച്ചവും കടത്തുവാനുള്ള സംരംഭം. എന്നാല്‍, ‘ആര്‍ട്ട് ചെന്നൈ’ ഒരു സാധാരണ ആര്‍ട്ട് ഫെയറല്ല.

ഇതിന്റെ മുഖ്യസംഘാടകനായ സഞ്ജയ് തുള്‍സിയാന്‍ അക്കാര്യം വ്യക്തമാക്കുന്നു: ആര്‍ട്ട് ഫെയറിന്റെ പ്രധാന ലക്ഷ്യം വിപണനം തന്നെയാണ്. പക്ഷേ, ആര്‍ട്ട് ചെന്നൈ ലക്ഷ്യമാക്കുന്നത് അതിലും പ്രാഥമികമായ ഒരു തലമാണ്. സമകാലീന കലാ ലോകത്തെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം.

ചെന്നൈയിലെ യാഥാസ്ഥിതിക കലാ അഭിരുചികള്‍ക്കു മുന്നില്‍ ചെന്ന്, ഇതാ ഇങ്ങനെയും ചില കാര്യങ്ങള്‍ ഈ ലോകത്തുണ്ടെന്ന് ചൂണ്ടിക്കാട്ടാനുതകുന്ന പദ്ധതിയാണ് ആര്‍ട്ട് ചെന്നൈ. ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഈ നെടുങ്കോട്ടയെ കുറച്ചെങ്കിലും ഭേദിക്കാന്‍ പ്രസിദ്ധ നര്‍ത്തകിയായ അനിതാ രത്നം ‘അദര്‍ ഫെസ്റ്റിവലിന്’ തുടക്കം കുറിച്ചതു പോലെ തീര്‍ത്തും സാഹസികമായ ഒരു സംരംഭം. പക്ഷേ കാര്യങ്ങള്‍ വളരെയേറെ ആശാവഹമാണെന്നാണ് സഞ്ജയ് തുള്‍സിയാന്റെ അനുഭവം. രണ്ടാം എഡിഷനിലേക്കു കടക്കുന്ന ആര്‍ട്ട് ചെന്നൈ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വളര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

 

Images courtesey Art Chennai


 
 

സഞ്ജയ് തുള്‍സിയാന്‍


 
 

 
 

 
 

Images courtesey Art Chennai


 
 

 

മാര്‍ച്ചു 12 മുതല്‍ 19 വരെ ചെന്നൈയിലെ ആര്‍ട് ഗാലറികളിലും വിവിധ പൊതുസ്ഥലങ്ങളിലുമായി നടന്ന പരിപാടികളിലൂടെയാണ് ഇക്കുറി ആര്‍ട്ട് ചെന്നൈ എത്തിയത്. ഗ്യാലറികള്‍ മാത്രമല്ല, ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും മറീന ബീച്ചുമെല്ലാം പ്രദര്‍ശന വേദികളായി മാറി. കലയെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണ് ജനങ്ങള്‍ ഏറെയെത്തുന്ന ഇത്തരം പൊതു ഇടങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.

ആര്‍ട്ട് ചെന്നൈ നേരിട്ടു നടത്തിയ ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളോടൊപ്പം നഗരത്തിലെ വ്യത്യസ്ത ഗാലറികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രദര്‍ശനങ്ങളെ ആര്‍ട്ട് ചെന്നൈയുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള പരിപാടികളും നടന്നു.

ചെന്നൈ ഗ്യാലറികള്‍ക്കു പുറമെ ഏതാണ്ടെല്ലാ പ്രമുഖ ഇന്ത്യന്‍ ഗ്യാലറികളെയും ആര്‍ട്ട് ചെന്നൈയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് സംഘാടകരുടെ വിജയമാണ്. മാത്രമല്ല ഇന്ത്യന്‍ കലാരംഗത്തെ പ്രമുഖരായ ഏതാണ്ടെല്ലാ കലാകാരന്‍മാരും കലാനിരൂപകരും അക്കാദമിക് പണ്ഡിതരും ഇതില്‍ പങ്കാളികളായി. ഗീതാ കപൂര്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, വിവാന്‍ സുന്ദരം, സുധീര്‍ പട് വര്‍ധന്‍, അതുല്‍ ദോഡിയ, അഞ്ജു ദോഡിയ,എന്‍.എന്‍ റിംസണ്‍ തുടങ്ങിയ തലയെടുപ്പുള്ള കലാകാരന്‍മാരുടെ നീണ്ട നിര തന്നെ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു.

കലാപ്രദര്‍ശനങ്ങള്‍ക്കു പുറമേ, രംഗാവതരണങ്ങളും ആര്‍ട്ട് ചെന്നൈയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെയും ഹോട്ടല്‍ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ആര്‍ട്ട് ചെന്നൈ സംഘടിപ്പിക്കപ്പെട്ടത്. 2008ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഇന്ത്യന്‍ സമകാലീന കലാരംഗത്തിന് പൊതുവെ ഉണര്‍വു നല്‍കുന്ന ഒരു ചലനമായി ആര്‍ട്ട് ചെന്നൈ വികസിക്കുമെന്ന് പ്രതീക്ഷിക്കാം.

 

 

‘മരുത’വുമായി മനുജോസ്
മരുതം എന്നാല്‍ പച്ച. തമിഴ് വാക്കാണ്. തമിഴിലെ സംഘകാല കൃതികളിലൊക്കെ പറയുന്ന ഭൂമിശാസ്ത്രപരമായ ഐന്തിണകളില്‍ കൃഷിക്കുതകുന്ന ഭൂമിയാണ് മരുതം.
തൃശൂരിലെ ‘മീ ആന്റ് യൂ’ പെര്‍ഫോമിങ് കമ്പനി കുട്ടികള്‍ക്കായൊരുക്കുന്ന അവധിക്കാല ക്യാമ്പിന്റെ പേരാണ് മരുതം. പ്രശസ്ത ടി.വി അവതാരകനും നടനുമായ മനുജോസാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. ഏഷ്യാനെറ്റിലെ പ്രശസ്തമായ ‘ചിറകുകള്‍’ എന്ന പരിപാടിയിലൂടെ ഡുംഡും മാമന്‍ എന്ന് പ്രശസ്തനായ മനുജോസ് 2002ലാണ് ‘മീ ആന്റ് യൂ’ കമ്പനി ആരംഭിച്ചത്.

മനുജോസ്

തിയറ്റര്‍ ഉപയോഗിച്ചുള്ള വ്യക്തിത്വ വികസന പരിശീലനവും കഥ പറച്ചിലും വര്‍ക്ഷോപ്പുകളും മറ്റുമാണ് ‘മീ ആന്റ് യൂ’വിന്റെ പ്രവര്‍ത്തന മണ്ഡലം.
എല്ലാ അവധിക്കാലങ്ങളിലും ‘മീ ആന്റ് യൂ’ നടത്തിവരുന്ന ക്യാമ്പുകളുടെ തുടര്‍ച്ചയായാണ് ‘മരുതം’. ഓരോ വര്‍ഷവും വ്യത്യസ്ത ഇടങ്ങളില്‍ അവിടത്തെ പ്രാദേശിക സ്വഭാവങ്ങള്‍ പഠിക്കാന്‍ സഹായകമാവുന്ന രീതിയിലാണ് ക്യാമ്പുകള്‍ നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം വൈപ്പിന്‍ കരയില്‍ നടന്ന ക്യാമ്പിന്റെ പ്രധാന ആശയം കടലായിരുന്നു. അതിനു മുമ്പ് പീച്ചി വനത്തില്‍ നടന്ന ക്യാമ്പിന്റെ തീം കാട് ആയിരുന്നു.

ഇക്കുറി തൃശൂര്‍ ജില്ലയുടെ ഓരത്ത് കിടക്കുന്ന ആറങ്ങോട്ടുകരയിലാണ് ക്യാമ്പ് നടക്കുന്നത്. അവിടെ, നാടകമടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതോടൊപ്പം ജൈവ കൃഷിയിലേര്‍പ്പെടുകയും വിജയകരമായി നെല്‍ക്കൃഷി നടത്തുകയും ചെയ്യുന്ന ‘പാഠശാല’ എന്ന ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ‘മരുതം’ സംഘടിപ്പിക്കുന്നത്. നാടകവും വിവിധ കലാരൂപങ്ങളും ക്യാമ്പില്‍ പഠനവിഷയമാവുന്നുണ്ട്. പ്രമുഖരായ കലാപ്രവര്‍ത്തകരും നാടക പ്രവര്‍ത്തകരും ക്യാമ്പു നയിക്കാന്‍ എത്തുന്നുണ്ട്. ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ക്യാമ്പ്.

ഇന്നത്തെ തലമുറക്ക് ഏതാണ്ട് അപരിചിതമായിക്കഴിഞ്ഞ കാര്‍ഷിക രീതികള്‍ നേരിട്ടു കാണാനും പരിചയപ്പെടാനും കൂടി സഹായകമാവും, കൃഷിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ‘മരുതം’.

 

കഴിഞ്ഞ തവണ നടന്ന ക്യാമ്പിലെ ദൃശ്യം

 

http://www.facebook.com/photo.php?fbid=10150743729629564&set=a.10150743729369564.419010.522334563&type=3

Leave a Reply

Your email address will not be published. Required fields are marked *