ബിയന്നലെ: അഴിമതി മാത്രമല്ല വിഷയം

 
 
 
 
കൊച്ചി-മുസിരിസ് ബിയന്നലെയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍.
പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു

 
 

ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബിയന്നലെ എന്തുകൊണ്ട് എന്നതിന് ശരിയായ ഉത്തരം അതിന്റെ സംഘാടകര്‍ക്കാവണം കൂടുതല്‍ അറിയേണ്ടത്. പുറത്തു നിന്നു നോക്കിക്കാണുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അവസ്ഥയില്‍, നിക്ഷേപകര്‍ക്ക് അവരുടെ ലാഭവിഹിതം നിക്ഷേപിക്കുവാന്‍ പുതിയൊരു ഇടം ഉണ്ടാക്കിയെടുക്കുക എന്നതാവാം ഉദ്ദേശം-കൊച്ചി-മുസിരിസ് ബിയന്നലെയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു

 

 

ആദ്യമായി ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.

M.F.A ചിത്രകലാ പഠനം അവസാന വര്‍ഷ പരീക്ഷക്ക് കുറച്ചു നാള്‍ക്കു മുമ്പായി ഞാന്‍ ഉപേക്ഷിച്ചത് ‘റാഡിക്കല്‍ ഗ്രൂപ്പിന്റെ’ അവസാന മീറ്റിംഗില്‍ രൂപപ്പെട്ട ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഡല്‍ഹിയിലെ രണ്ടര വര്‍ഷത്തെ അനുഭവങ്ങളിലൂടെയാണ്, സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഒരു സാധാരണ ഇന്ത്യാക്കാരന്റെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന പ്രധാന ഘടകം എന്ന് തിരിച്ചറിയുന്നത്. ഇതോടൊപ്പം,ഡല്‍ഹിയില്‍ ഒരു ജോലി ലഭിക്കാന്‍ “ബന്ധങ്ങള്‍” അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞു.

B.F.A ക്ക് മെറിറ്റ് scholarship ലഭിച്ചു പാസ്സായ എനിക്ക്, അപേക്ഷിച്ച മൂന്നു നാല് സ്കൂളുകളില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല.. പിന്നീടറിഞ്ഞു, ‘ശക്തമായ ബന്ധങ്ങള്‍ ” ഉള്ള കലാകാരന്മാര്‍ക്കാണ് ഇത്തരം ജോലികള്‍ സ്വാഭാവികമായും ലഭിക്കുന്നത് ! ഇതെല്ലാം പുതിയ തിരിച്ചറിവുകള്‍ ആയിരുന്നു. ‘ഗ്രൂപ്പിന്റെ ബലത്തില്‍’ ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതില്ലയിരുന്നു.

പിന്നീട് പതുക്കെ ആണ്, ഡല്‍ഹിയില്‍ ഞാന്‍ ഒറ്റക്കാണെന്ന തിരിച്ചറിയല്‍ എന്നെ വീര്‍പ്പുമുട്ടിച്ചത്. ചെറിയ പരിചയങ്ങള്‍ മാത്രം കൂട്ടിന്, ജോലിയില്ലെങ്കിലും, താമസിക്കാന്‍ നാട്ടുകാരനായ, ജ്യേഷ്ടന്റെ സുഹൃത്തിന്റെ servant’s quarters. അതിലെ പഴയ പത്രങ്ങളുടെ കെട്ടുകള്‍ എനിക്ക് കിടക്കയായി. ഇടക്ക് അമ്മയോ, അച്ഛനോ, ചേച്ചിയോ അയച്ചുതരുന്ന ചെറിയ പോക്കറ്റ് മണി ഒഴിച്ചാല്‍ വരവ് ഒന്നും തന്നെയില്ല. കലാപഠന കാലത്ത് തിരിച്ചറിയാത്തത് പലതും പഠന കാലത്തിനു ശേഷമാണ് അനുഭവിച്ചത്.

ഏകദേശം ഒന്നര വര്‍ഷത്തെ ഡല്‍ഹി വാസത്തിനു ശേഷമാണ്, പത്രത്തില്‍ കണ്ട ഒരു പരസ്യം വഴി എനിക്ക് തുണിയില്‍ ഡൈ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ജോലി ലഭിച്ചത്. പിന്നീട് ജോലിയിലെ മടുപ്പും, കൃഷ്ണകുമാറിന്റെ വേര്‍പാടും, ‘കൂട്ടുകാര്‍’ എന്ന് കരുതിയവരുടെ വേര്‍പാടുകളും, ഡല്‍ഹി എന്ന വന്‍ നഗരത്തിന്റെ ആത്മാര്‍ത്ഥത ഇല്ലാത്ത ബന്ധങ്ങളും എന്നെ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവന്നു.

കൊച്ചിയിലെ താമസത്തിനിടയില്‍ പരിചയപ്പെട്ട ഒരു ഗ്രീക്ക് പൌരനുമായുള്ള സൌഹൃദം, പിന്നീടു അദ്ദേഹത്തോടൊപ്പം കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും ഒരു ഡോക്യുമെന്ററിയുടെ പേരില്‍ യാത്രചെയ്യുവാനും, തുടര്‍ന്ന് ഗ്രീസിലെ താമസത്തിനും, നിര്‍ത്തിവെച്ച ചിത്ര കല വീണ്ടും തുടങ്ങുവാനുള്ള പ്രചോദനത്തിനും ഇടയാക്കി.

ചിത്ര കലാ രംഗത്ത് ഞാന്‍ കുറേക്കാലം ‘invisible mode’ ല്‍ ആയിരുന്നൂ എങ്കിലും, ചെറിയ പ്രദര്‍ശനങ്ങള്‍ ഇന്ത്യക്ക് പുറത്തു സംഘടിപ്പിച്ചത് ഗാലറികളില്‍ ആയിരുന്നില്ല. സുഹൃത്തിന്റെ വീടായിരുന്നു ഗ്രീസിലും ജെര്‍മനിയിലും ഞാന്‍ ഗാലറിയാക്കി മാറ്റിയത്. കേരളത്തില്‍ ആദ്യമായി ഒരു ഏകാംഗ പ്രദര്‍ശനം നടത്തുന്നത് 2002 ല്‍ കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ആയിരുന്നു.

 

ജോണ്‍സ് മാത്യു


 

പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ, ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ആയിരുന്നില്ല എനിക്ക് താല്പര്യം. പകരം, പഠിച്ചതിനെ മാറ്റി, പഠിക്കാതെ വിട്ട കലയിലെയും, ജീവിതത്തിന്റെ മറ്റു തുറകളിലേയും കാര്യങ്ങള്‍ എങ്ങിനെ ചിത്ര കലയില്‍ ഉള്‍പ്പെടുത്താം എന്ന ശ്രമങ്ങള്‍ക്കായിരുന്നൂ കൂടുതല്‍ പ്രാധാന്യം കൊടുത്തത്.

വര്‍ഷത്തില്‍ മൂന്നോ നാലോ മാസത്തെ ഇന്ത്യക്ക് പുറത്തെ താമസത്തിനിടയിലും കേരളത്തിലെയും, പൊതുവേ ഇന്ത്യയിലെയും കലാ രംഗത്തെ മുന്നേറ്റങ്ങളും, കുതിച്ചു കയറ്റങ്ങളും ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇടയ്ക്കു ചിലപ്പോള്‍ ബോംബെയില്‍ വച്ച് കാണുവാന്‍ തരപ്പെട്ട ചില പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലെ കലാ രംഗത്തെ മാറ്റങ്ങളുടെ ഒരു ചിത്രം എനിക്ക് നല്‍കി. അവിടെയും ബന്ധങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു.

റാഡിക്കല്‍ ഗ്രൂപ്പിന്റെ തിരോധാനം അവര്‍ കലാ രംഗത്ത തുടങ്ങിവച്ച പല ചിന്താധാരകള്‍ക്കും ഇടം ലഭിക്കാതെ ഇന്ത്യയില്‍ പല ദിക്കുകളിലും അര്‍ഥം നഷ്ടപ്പെട്ട കലാ പ്രവര്‍ത്തനങ്ങളില്‍ കണ്ടുതുടങ്ങിയതും ഈ കാലത്താണ് . ഈ കാലത്ത് രൂപപ്പെട്ട ഒരു “Art Vacuum ” ( I mean those art works created/produced during this period without any particular aims similar to radical group ) ഇന്ത്യക്ക് പുറത്തു സംഭവിച്ച മറ്റു പല സാമൂഹിക മാറ്റങ്ങളുടെയും പ്രതിഫലനമായിരുന്നൂ.

ഉദാഹരണത്തിന് , ജര്‍മനികള്‍ക്കിടയിലെ മതിലുകള്‍ മണ്ണായി തീര്‍ന്നതും, U.S.S.R എന്ന സാമ്രാജ്യത്തിലെ കൊച്ചു രാജ്യങ്ങള്‍ സ്വതന്ത്രമായതും, ഇന്ത്യ ഗ്ലോബലൈസേഷന് തയ്യാറെടുക്കുന്നതും, ലോക ബാങ്കില്‍ നിന്നും മറ്റു പല സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും വലിയ തുകകള്‍ ഇന്ത്യയിലെ വ്യവസായ സംരംഭങ്ങളെ പുഷ്ടിപ്പെടുത്തിയതും , അതിലൂടെ ലഭിക്കുന്ന ലാഭ വിഹിതങ്ങള്‍ നിക്ഷേപിക്കുവാന്‍ വ്യവസായ-കലാ-സാംസ്കാരിക സംരംഭങ്ങളും തുടങ്ങുന്നത് ഈ കാലത്താണ്.

ഇതേ കാലത്താണ് ഇന്ത്യയില്‍ പ്രൈവറ്റ് ഗാലറികള്‍ പെട്ടെന്ന് വളര്‍ന്നു വലുതാകുന്നതും, കലാകാരന്മാര്‍ ഗാലറികളെ ആശ്രയിച്ചു ജീവിക്കാന്‍ തുടങ്ങിയതും. ( ഞാനും ചെറുതായി ഒന്ന് ശ്രമിച്ചു നോക്കി എങ്കിലും, കലാകാര- ഗാലറി- വ്യവസായ- നിക്ഷേപ കോട്ടകളുടെ താല്‍പര്യങ്ങള്‍ മറ്റു ചിലതായതിനാലാവാം എനിക്ക് ഇടം ലഭിച്ചില്ല ) കലാ സൃഷ്ടികള്‍ക്കും, കലാകാരീ കലാകാരന്മാര്‍ക്കും സമൂഹത്തില്‍ ഒരു പ്രത്യേക ‘വില നിലവാരം ‘ ഉണ്ടായത്.

എന്നാല്‍ അടുത്ത കാലത്തായി രൂപപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ പതുക്കെ ഇന്ത്യയിലെ വ്യവസായങ്ങളിലും, മറ്റു ഇതര മേഖലകളിലും പ്രതിഫലിച്ചതിന്റെ പ്രതിപ്രവര്‍ത്തനമായി വന്‍ ഗാലറികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും, കലാ പ്രദര്‍ശനങ്ങള്‍ പലതും ഉപേക്ഷിക്കുകയും ചെയ്തു. മുമ്പ് കലാ പ്രവര്‍ത്തനങ്ങളുടെ നഗരമായി മാറിയ ബോംബെ പൊടുന്നനെ നിശ്ചലമായി. തുടര്‍ന്ന് കേരളത്തിലെ പല പ്രധാന ഗാലറികളും പ്രവര്‍ത്തന പരിധി വെട്ടി കുറച്ചു.

ഈ അവസ്ഥയിലാണ് കൊച്ചി- മുസിരിസ്-ബിയന്നലെ കേരളത്തില്‍ വിളംബരം ചെയ്യന്നത്, തുടര്‍ന്നുള്ള അഴിമതി വാര്‍ത്തകളും, സംവാദങ്ങളും, ചീത്തവിളികളും, ഭീഷണികളും, സംഘാടകരുടെ വിശദീകരണ യാത്രകളും മറ്റും നടക്കുന്നത്.

ബിയന്നലെ എന്ന ആശയം നടപ്പാക്കാന്‍ കാണിക്കുന്ന തിടുക്കവും, അതിലെ അഴിമതി വാര്‍ത്തകളും, അതിലെ സുതാര്യത ഇല്ലായ്മയും, ഇതിനെല്ലാത്തിനും പുറമേ കേരളത്തിലെ കലാ പഠനം കഴിഞ്ഞു ജോലിയോ, അന്തസ്സായി കലാ പ്രവര്‍ത്തനം നടത്തി ജീവിക്കുവാന്‍ മാര്‍ഗങ്ങളോ ഇല്ലാത്ത കേരളത്തിലെ കലാകാരീ/ കലാകാരന്മാരെ ഉള്‍പ്പെടുത്താതെ, വെറും നോക്കുകുത്തികളാക്കി സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച്, നാട്ടിലെ എല്ലാ കലാകാരന്മാര്‍ക്കും ഉപയോഗിക്കേണ്ട ദര്‍ബാര്‍ ഹാള്‍ കൈക്കലാക്കി നടത്താന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി എന്തുകൊണ്ടൊക്കെയോ എന്നില്‍ മതിപ്പുണ്ടാക്കുന്നില്ല.

വിദേശത്തെ ഒരു ബിയന്നലെയും ഞാന്‍ നേരില്‍ കണ്ടിട്ടില്ല, ഗാലറികളും മ്യൂസിയങ്ങളും പിന്നെ ചില Retrospective കളും മാത്രമേ കണ്ടിട്ടുള്ളൂ..
ബിയന്നലെ എന്ന പദ്ധതി ലോക മഹാ യുദ്ധങ്ങള്‍ക്ക് ശേഷമാണ് കൂടുതലായും വളര്‍ന്നത് എന്നത് കൌതുകകരമായ ഒരു വസ്തുതയാണ്.
അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. http://en.wikipedia.org/wiki/Venice_Biennale#History.

ലോക മഹാ യുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ യുദ്ധക്കെടുതിയില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളും അനുഭവിച്ചപ്പോള്‍ ആവാം നിക്ഷേപകരായ വര്‍ഗം, സാമ്പത്തിക ലാഭം നിക്ഷേപിക്കാന്‍ ഇടമില്ലാതെ കലാ സൃഷ്ടികളിലേക്ക് ശ്രദ്ധിച്ചത് എന്നാണു എന്റെ വിലയിരുത്തല്‍.
ഈ കാലത്താണ്, കലാ സൃഷ്ടികള്‍ക്ക് സാമ്പത്തികമായി വില വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായിരിക്കും ഒരു ചിത്രകാരനെ തന്റെ കലാ സൃഷ്ടിക്കു അമിതമായി വിലയിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം ?

ഒരു കലാ സൃഷ്ടിക്കു വില നിര്‍ണയിക്കുന്നതില്‍ കമ്പോളത്തിലെ ഏതെല്ലാം നിയന്ത്രണ ശക്തികള്‍ ഇടപെടുന്നു ?

കലാ സൃഷ്ടികള്‍ നിക്ഷേപ^വിനിമയത്തിനുള്ള ഉല്പന്നം ആണെങ്കില്‍ അതിന് ഒരു ഉല്പന്നത്തിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചാല്‍ മതിയാവില്ലേ?

 

എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി


 

ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല.

ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബിയന്നലെ എന്തുകൊണ്ട് എന്നതിന് ശരിയായ ഉത്തരം അതിന്റെ സംഘാടകര്‍ക്കാവണം കൂടുതല്‍ അറിയേണ്ടത്.

പുറത്തു നിന്നു നോക്കിക്കാണുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അവസ്ഥയില്‍, നിക്ഷേപകര്‍ക്ക് അവരുടെ ലാഭവിഹിതം നിക്ഷേപിക്കുവാന്‍ പുതിയൊരു ഇടം ഉണ്ടാക്കിയെടുക്കുക എന്നതാവാം ഉദ്ദേശം.

7 thoughts on “ബിയന്നലെ: അഴിമതി മാത്രമല്ല വിഷയം

 1. ഇത് വളരെ വിക്ജ്ഞാന പ്രദം ആണ്. നന്ദി Johns .
  shiney koshy
  ബഹ്‌റൈന്‍

 2. ചിത്രകാരന്റെ വഴികള്‍ വലിയ ആഴത്തിലല്ലെങ്കിലും വര്‍ത്തമാനകാലത്തിലൂടെ കാണിച്ചു തരുന്നു എഴുത്ത്. ചിത്രകാരനു കാലു മുമ്പോട്ടു വയ്ക്കണമെങ്കില്‍ ഡല്‍ഹി പോലുള്ള നഗരത്തില്‍ തലതൊട്ടപ്പന്മാരും അവരെ തൊട്ടുനില്‍ക്കുന്ന മീഡിയകളും വേണം. തലതൊട്ടപ്പന്മാര്‍ തല തൊടണമെങ്കില്‍ നിസ്സാര പണിയൊന്നും പോര!
  എന്തായാലും നലാമിടം നല്ല രീതിയില്‍ മുന്നേറുന്നു, നല്ല എഴുത്തുകളുമായി.

 3. ഡല്‍ഹിയില്‍ ഇരുന്നു കേരളത്തിലെ ചെറുപ്പക്കാരെ തെറി വിളിക്കുന്ന ജോണിയെ പോലുള്ളവര്‍ പറയുന്നതിനപ്പുറം ഒരു പുതിയ ആശയവും ഇതില്‍ ഇല്ല .ഈ ലേഖനം എഴുതിയ ആള്‍ പോലും ബിനലെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല . പെയിന്റിംഗ് മാത്രം ആണ് കലയെന്നും, ഭാരതീയത (അതെന്താനുന്നു ചോദിക്കരുത് ) ആണ് നമ്മള്‍ വരക്കെണ്ടാതെന്നും , ഇതൊക്കെ വിദേശ പരുപാടികള്‍ ആണെന്നും പറയുന്ന ഒരു തരം പൊതു ബോധം തന്നെ യാണിത്‌ .കേരളത്തിലെ (പ്രത്യേകമായി ) കലാ വിദ്യാര്‍ത്ഥികളുടെ മാത്രമല്ല അപ്ഡേറ്റ് ചെയ്യപ്പെടാത്ത എല്ലാ കലാ വിമര്‍ശകരുടെയും അധ്യാപകരുടെയും സിലബസ് സ്വയം പരിഷ്കരിക്കേണ്ടിയിരിക്കുന്നു. കാരണം നിങ്ങള്‍ സമകാലീന കലയെ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പു പിടിച്ചിരിക്കുന്നു മറ്റൊരു കലാ വസ്തുവിന്റെ നേര്‍ക്ക്‌ നീട്ടി അത് septic ആക്കരുത് (ഇതെന്റെ വാകുക്കള്‍ അല്ല ,ബിനലെ വിരോധികളെ കൊണ്ട് പൊറുതി മുട്ടിയ ഒരു കലകാരന്‍ ‘വ്യക്തിഹത്യ അല്ല കലാവിമര്‍ശനം – ഒരു കലാവിദ്യാര്‍ഥി ജോണി എം എല്‍ നോട്‌….’. എന്നെഴുതി പോയ കുറിപ്പില്‍ നിന്നും ആണ് .)

 4. ബിയനലെ പുറത്ത് എന്തൊക്കെ മഹത്തായ ആശയങ്ങള്‍ ആരോപിച്ചാലും അതിന്റെ യഥാര്‍ത്ഥ ഉള്ളടക്കം കച്ചവടമാണ്. കേരളത്തില്‍ നിന്നും കലയിലെ കച്ചവടസാധ്യത ഏറ്റവും കുടുതല്‍ ഉപയോഗപ്പെടുത്തിയവര്‍ തന്നെ ഇതിന്റെ സംഘാടകരായി തീര്‍ന്നതും അതുകൊണ്ടാണ്. ഇന്ന് കലയുടെയും കലാകാരന്റെയും മാര്‍ക്കറ്റ് മൂല്യമാണ് പ്രധാനമാനദണ്ഡം എന്നിരിക്കെ കൊച്ചി ബിയനലെ അത് കച്ചവടകാര്‍ക്കെന്ന പോലെ ഇവിടത്തെ ചിത്രകാരന്മാര്‍ക്കും ഗുണം ചെയ്യുമെന്നത് വസ്തുതയാണ്. അപൂര്‍വ്വം വിപ്ലവകാരികള്‍ക്കൊഴികെ ഭൂരിപക്ഷം കലാകാരന്മാര്‍ക്കും തങ്ങളുടെ കലാപ്രവര്‍ത്തനത്തെ നിലവിലെ സാമ്പത്തിക നിയമങ്ങളുടെ ഉള്ളില്‍ നി്‌ന്നെ മുന്നോട്ടു നയിക്കാനാവു എന്നതുകൊണ്ട് വളരെയറെ കഴിവുള്ള കേരളത്തിലെ ചിത്രകാര്‍മാര്‍ക്ക് ബിനാലെയുടെ ഗുണങ്ങള്‍ ലഭിക്കുന്നത് നല്ലതു തന്നെ.
  ജോണ്‍സ് മാത്യു പറഞ്ഞിരക്കുന്ന കാഴ്ചപാടുകളുടെ വിഷയം മൗലികമാണ്. അത് ബിയനലെയുമായി ബന്ധപ്പെട്ടുമാത്രമല്ല കലയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയുമായി ബന്ധപ്പെട്ടുകുടെ നിലനില്ക്കു്ന്നതാണ്. ബിയനലെയാണ് എല്ലാമെന്ന് വാദിക്കുന്നവര്‍ കാനായി കുഞ്ഞുരാമനെ പോലുയുള്ളവര്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുള്ളവരാണെന്ന് മറക്കരുത്‌

 5. http://www.mathrubhumi.com/online/malayalam/news/story/1935038/2012-11-10/kerala

  ബിനാലെയ്ക്കായി അഞ്ചു കോടി ധൂര്‍ത്തടിച്ചെന്ന് ധനവകുപ്പ്
  Posted on: 10 Nov 2012

  തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ ചിത്രശില്പ പ്രദര്‍ശനത്തിന് സ്ഥിരം വേദിയൊരുക്കാന്‍ സംഘടിപ്പിക്കുന്ന കൊച്ചിന്‍ ബിനാലെയ്ക്കായി സര്‍ക്കാരിന്റെ അഞ്ചുകോടി രൂപ ധൂര്‍ത്തടിച്ചതായി ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ധൂര്‍ത്തടിച്ച പണം തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  മുന്‍ മന്ത്രി എം.എ.ബേബിയുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ തുടങ്ങിയ കൊച്ചി ബിനാലെ പ്രസ്ഥാനത്തിനായി മുന്‍ ഇടതു സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ധനകാര്യപരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് പ്രാഥമിക സഹായമായി അഞ്ചു കോടി രൂപ തട്ടിയെടുക്കുന്നതിനാണ് ബിനാലെ ഫൗണ്ടേഷന് പുറമെ ട്രസ്റ്റ് രൂപവത്കരിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് ധനസഹായം തേടുന്നതിന് തൊട്ടുമുന്‍പാണ് അങ്കമാലിയില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിന് ഭീമമായ തുക അനുവദിക്കാനുണ്ടായ സാഹചര്യം സാംസ്‌കാരികവകുപ്പ് വിശദീകരിക്കണം. ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ലളിതകലാ അക്കാദമിയെ ഒഴിവാക്കി സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്നും ധനവകുപ്പ് പറഞ്ഞു.

  പ്രദര്‍ശനം നടത്താന്‍ 74 കോടിയുടെ പദ്ധതിയാണ് ബിനാലെ ഫൗണ്ടേഷന്‍ ഇടതുസര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതിന്റെ ആദ്യഗഡുവായാണ് അഞ്ചുകോടി നല്‍കിയത്. കാനായികുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ ചിത്രകാരന്മാര്‍ ഇതിനെതിരെ രംഗത്തു വന്നതിനെത്തുടര്‍ന്നാണ് ബാക്കി പണം നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും. അഞ്ചുകോടിയില്‍ 32.66 ലക്ഷം രൂപ ബിനാലെയുടെ ഉദ്ഘാടനത്തിനായിട്ടാണ് ചെലവഴിച്ചത്. ട്രസ്റ്റിലെ രണ്ടംഗങ്ങള്‍ ചുരുങ്ങിയകാലം കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ രാജ്യത്തിനകത്ത് നടത്തിയ വിമാനയാത്രകളുടെ എണ്ണം 87 ആണ്. 32 തവണ വിദേശയാത്ര നടത്തി. കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയ വൗച്ചറുകള്‍ അമ്പരപ്പിക്കുന്നതാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി ആറു മണിക്കൂര്‍ മാത്രം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ട ചടങ്ങിലേക്ക് അരലക്ഷം രൂപയുടെ ഇന്ധനമാണത്രേ ചെലവഴിച്ചത്.

  പത്രസമ്മേളനത്തില്‍ മദ്യം വിളമ്പിയതിനും മറ്റുമായി 85, 731 രൂപ ചെലവായി. ഒന്നരമണിക്കൂര്‍ നീളുന്ന സംഗീതവിരുന്നിന് തിരുവനന്തപുരത്തെ സംഗീതഗ്രൂപ്പിനു നല്‍കിയത് ഏഴരലക്ഷം രൂപയാണ്. കേരളത്തിന് പുറത്തു താമസിക്കുന്ന നാലുപേരിലാണ് ട്രസ്റ്റിന്റെ നിയന്ത്രണം. പിന്നീട് ഇത് ഇവരുടെ അനന്തരവകാശികളിലായിരിക്കും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ചിത്രപ്രദര്‍ശനം നടത്തുമെന്നാണ് ട്രസ്റ്റ് പറയുന്നത്.

 6. ക്രിക്കറ്റിന്റെ പേരുപറഞ്ഞ് IPL-ും നൃത്തം,സംഗീതം,നാട്യം എന്നിവയുടെ ലേബലില്‍ വരുന്ന റിയാലിറ്റി ഷോ(?)കളും ഉറഞ്ഞുതുള്ളുമ്പോള്‍ ചിത്രകലാമാമാങ്കത്തിന്റെ പേരിലും തട്ടിപ്പിന് സ്കോപ്പുണ്ട്. എന്തായാലും അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട എന്നുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *