ചെന്നായ്ക്കള്‍ക്കു നടുവില്‍ നമ്മുടെ കുഞ്ഞുങ്ങള്‍

ശിശു പീഡനത്തെ കുറിച്ച് ഗൂഗിള്‍ കാണിച്ചു തന്ന പേജുകള്‍ എന്റെ ചോദ്യങ്ങളൊന്നും അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതായിരുന്നു. മാര്‍ച്ച് മാസത്തിലെ ആദ്യ പതിനഞ്ചു ദിവസത്തിനുള്ളില്‍ അഞ്ചു ലൈംഗിക പീഡനങ്ങള്‍. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു. ടീച്ചര്‍ സ്കൂളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ പീഡിപ്പിക്കുന്നു. ഫുട്ബോള്‍ കോച്ച് കളിക്കാരെ പീഡിപ്പിക്കുന്നു. കേരളത്തിലും അനേകം കുഞ്ഞുങ്ങള്‍ ആര്‍ത്തി പൂണ്ട വേട്ടക്കാരുടെ ഇരകളായി. തീരെ ചെറിയ പൈതങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അനേകം കുഞ്ഞുങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നീളുന്ന മാനസികമായ മുറിവുകളേറ്റു-സ്വന്തം മകനുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരമ്മയുടെ ഇടപെടല്‍. അഞ്ജലി ദിലീപ് എഴുതുന്നു

 

 

ദിവസവും പത്തു തവണ എങ്കിലുമെത്തുന്ന മാര്‍ക്കറ്റിങ് ഫോണ്‍ കോളുകളെ ശപിച്ചു തന്നെയാണ് അന്നേരവും റിസീവര്‍ എടുത്തത്. എന്നാല്‍ അപ്പുറത്തൊരു പൊലീസ് ഓഫീസറായിരുന്നു. പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ആകെ അങ്കലാപ്പായിരുന്നു. എന്തിനാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ വിളിക്കുന്നത്?
സംശയത്തിനുള്ള മറുപടി അടുത്ത വാചകത്തിലുണ്ടായിരുന്നു-‘നോക്കൂ, ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നത്. നിങ്ങളുടെ മകന്റെ സ്കൂള്‍ ബസ് ഡ്രെെവറെ കഴിഞ്ഞ ആഴ്ച പിരിച്ചു വിട്ടിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട്’.

കഴിഞ്ഞ ആഴ്ച ഒരു നോട്ടീസ് കിട്ടിയിരുന്നു. മകന്റെ സ്കൂള്‍ ബസ് ഡ്രൈവറെ പിരിച്ചു വിട്ടുകൊണ്ടുള്ള നോട്ടീസ്. അത് സാധാരമായിരുന്നു. അതിലെന്താണ് കേസ്്? എന്തിനാണ് അന്വേഷണ്ം? എന്തിനാണ് എന്നെ വിളിക്കുന്നത്?
സംശയം മുറുകി. ആശങ്കയും. അതിനുള്ള ഉത്തരമായി ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ പെട്ടെന്നുണ്ടായി. ഡ്രൈവറെ പിരിച്ചു വിട്ടതിനുള്ള കാരണങ്ങള്‍!

എന്റെ മകന്‍ അടക്കം അഞ്ചും ആറും വയസു മാത്രം പ്രായമുള്ള ഇരുപതോളം കൊച്ചു കുട്ടികളാണ് ആ ബസിലെ യാത്രക്കാര്‍. ഡ്രൈവര്‍ ഒരപ്പൂപ്പന്‍. എഴുപത്തഞ്ച് വയസ്സ് പ്രായം. എന്നിട്ടും അയാള്‍ ആ കുട്ടികളോട് മോശമായി പെരുമാറി. ഇരുപത്തഞ്ചു സെന്റ് വീതം (ഇന്ത്യയിലെ പന്ത്രണ്ടു രൂപയ്ക്ക് തുല്യം) സമ്മാനം പ്രഖ്യാപിച്ച് അയാള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം ഉമ്മ വയ്ക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ചെയ്യുന്നവര്‍ക്ക് സമ്മാനം കൊടുക്കുകയും ചെയ്തു പോന്നു ചില മാതാപിതാക്കള്‍ കൊടുത്ത പരാതിയലാണ് അയാള്‍ക്കെതിരെ ശിശു പീഡനത്തിന് കേസ് എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും കിട്ടിയാല്‍ അറിയിക്കണമെന്ന് പറഞ്ഞ്, ഒരു നമ്പറും തന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ വെച്ചത്.

അഞ്ജലി ദിലീപ്

മകന്‍ ഇരുപത്തഞ്ചു സെന്റ് വീട്ടില്‍ കൊണ്ടുവന്നതും, ബസ് ഡ്രൈവര്‍ തന്നതാണെന്ന് പറഞ്ഞതും, അപരിചിതരില്‍ നിന്ന് ഒന്നും വാങ്ങരുതെന്ന് കുഞ്ഞിനെ വിലക്കിയതുമൊക്കെ ഓരോന്നോരോന്നായി ചിന്തകളിലേക്ക് ഓടിയെത്തി. വല്ലാത്ത സങ്കടമായി. ഒന്നുമറിയാതെ കുട്ടിയെ ആറ് മാസത്തോളം ഒരു നരാധമന്റെ കൈയിലേക്ക് എറിഞ്ഞു കൊടുത്തതില്‍ ലജ്ജയും. അവന്റെ ഓരോ ചെറിയ കാര്യങ്ങളും ഞാന്‍ അന്വേഷിക്കേണ്ടതായിരുന്നു. അറിയേണ്ടതായിരുന്നു. അതിനു കഴിെയാത്തതില്‍ എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി. ഒന്നുറക്കെ കരയണമെന്ന് ആശിച്ചു.

അന്നുമുഴുവന്‍ അനേകം ചോദ്യങ്ങളില്‍ ഞാന്‍ തറഞ്ഞിരുന്നുപോയി. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തില്‍ പൊതിഞ്ഞ ചുംബനങ്ങള്‍ മാത്രം അനുഭവിച്ചു ശീലിച്ച , കപട നാട്യങ്ങള്‍ എന്തെന്ന് അറിയാത്ത കുഞ്ഞുങ്ങള്‍. ഒരു പക്ഷേ, അവരത് ആസ്വദിച്ചിരിക്കണം, ഒളിച്ചു കളിയും, ഓടിപ്പിടുത്തവും കളിക്കുന്ന അതെ ലാഘവത്തോടെ തന്നെ. ചെയ്യുന്നത് എന്തെന്ന് സ്വയം തിരിച്ചറിയാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളോട് ഇത്ര വയസ്സുള്ള ഒരാള്‍ക്കെങ്ങനെ ഇത്ര മൃഗീയത കാണിക്കാനായി? അയാളുടെ മാനസികാവസ്ഥ എന്താകും? ഒന്നര മൈല്‍ മാത്രം ബസില്‍ പോകേണ്ട സമയത്ത് ഇത്തരം ഒരു ക്രൂരത കാണിക്കാന്‍ അയാള്‍ക്ക് എപ്പോള്‍ സന്ദര്‍ഭം കിട്ടി?

എന്താണ് മകനോട് സംസാരിക്കേണ്ടത്? എങ്ങനെയാണ് അവനെ ഉപദേശിക്കേണ്ടത്? ആരെയും ദേഹത്ത് സ്പര്‍ശിക്കാന്‍ സമ്മതിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അവന്റെ മറുചോദ്യം ‘ കളിക്കുമ്പോള്‍ എന്റെ കൂട്ടുകാര്‍ ദേഹത്ത് തൊടാറുണ്ട് . അതും തെറ്റാണോ അമ്മേ’ എന്നായിരുന്നു. ഇന്നതൊക്കെ നല്ലതാണ്; ഇന്നതൊക്കെ ചീത്തയാണ് എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ അത് വിവേചിച്ചറിഞ്ഞു പെരുമാറാന്‍ അവന്റെ കുഞ്ഞു ബുദ്ധിക്കു പറ്റില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

 

 

എന്തുകൊണ്ട് കുഞ്ഞുങ്ങള്‍
ശിശു പീഡനത്തെ കുറിച്ച് ഗൂഗിള്‍ കാണിച്ചു തന്ന പേജുകള്‍ എന്റെ ചോദ്യങ്ങളൊന്നും അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതായിരുന്നു. മാര്‍ച്ച് മാസത്തിലെ ആദ്യ പതിനഞ്ചു ദിവസത്തിനുള്ളില്‍ അഞ്ചു ലൈംഗിക പീഡനങ്ങള്‍. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു. ടീച്ചര്‍ സ്കൂളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ പീഡിപ്പിക്കുന്നു. ഫുട്ബോള്‍ കോച്ച് കളിക്കാരെ പീഡിപ്പിക്കുന്നു. കേരളത്തിലും അനേകം കുഞ്ഞുങ്ങള്‍ ആര്‍ത്തി പൂണ്ട വേട്ടക്കാരുടെ ഇരകളായി. തീരെ ചെറിയ പൈതങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അനേകം കുഞ്ഞുങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നീളുന്ന മാനസികമായ മുറിവുകളേറ്റു.

ശിശു പീഡനത്തിന്റെ രക്തസാക്ഷി ദല്‍ഹിയിലെ ഫാലക്ക് വിട പറഞ്ഞത് ഈയടുത്താണ്. ഒന്നോര്‍ത്താല്‍ എല്ലാ വേദനകളും അവസാനിപ്പിച്ച് ഫാലക് പോയത് തന്നെയാണ് നല്ലത്. ജീവിതത്തിലേക്ക് തിരിച്ചു വന്നാലും സുരക്ഷിതമായ ഒരു ഭാവി അവള്‍ക്കായി ഒരുക്കാന്‍ നമുക്കാവുമോ. സ്വയം സംരക്ഷിക്കാന്‍ പോലുമാവാത്ത ഉറ്റവര്‍ക്ക് ഫാലകിനെ ചെന്നായ്ക്കളില്‍നിന്ന് കാത്തുവെക്കാന്‍ എത്ര കാലമാവും. നിയമത്തിന്റെയും അധികാരത്തിന്റെയും പണത്തിന്റെയും പിന്തുണയുള്ള വേട്ടനായ്ക്കള്‍ ഇളം ചോരയിലേക്ക് കണ്ണു നട്ടിരിക്കുന്ന കാലത്ത് ഫാലക് എങ്ങിനെ അതിജീവിക്കും. ഇന്ന് നമ്മള്‍ ഫലകിനു വേണ്ടി കരയും, മുദ്രാവാക്യം വിളിക്കും. നാളെ ഒരു പക്ഷെ നമ്മളും അവളെ മറക്കും. പിന്നീടൊരിക്കല്‍ മറ്റൊരു മഹിലപുരില്‍ നിന്നോ ,സംഗം വിഹാറില്‍ നിന്നോ പിടിക്കപ്പെടുന്നത് വരെ. ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടി ഓര്‍മപ്പെടുത്തുന്നതും അത് തന്നെ.

 

image courtesy: Its - Instituto Terceiro Setor

 

ശിശുപീഡനങ്ങളുടെ വഴികള്‍
എങ്ങനെയാണ് ശിശു പീഡനങ്ങള്‍ ഉണ്ടാകുന്നത്? ഈ പീഡകര്‍ ആരൊക്കെയാണ്. എന്താണ് അവരുടെ ചുറ്റുപാടുകള്‍? വാര്‍ത്തകളില്‍ നിറയുന്ന സംഭവങ്ങള്‍ക്കപ്പുറം എത്ര കുഞ്ഞുങ്ങളാണ് ഒച്ചയില്ലാതെ ഇപ്പോഴും കരയുന്നുണ്ടാവുക? ഇതിനെപ്പറ്റിയൊന്നും നമ്മള്‍ ചിന്തിക്കാറില്ല.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന കണക്കിലും ഏഴു ആണ്‍കുട്ടികളില്‍ ഒരാള്‍ എന്ന കണക്കിലും പീഡനം നടക്കുന്നുണ്ട്. ബാല പീഡനം എന്നതിന് പല രാജ്യങ്ങളും പല നിര്‍വ്വചനങ്ങള്‍ കൊടുക്കുന്നു. മാനസികമായും, ലൈംഗികമായും വൈകാരികമായും ഉള്ള ദുരുപയോഗത്തെ ” പീഡനം” എന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിധി എഴുതുന്നു. എന്നാല്‍ ഇന്ത്യയില്‍ ലൈംഗികമായതിനെ മാത്രമേ പീഡനം എന്ന വിഭാഗത്തില്‍ പെടുത്താറുള്ളു. ബാക്കിയുള്ളവയൊക്കെ മിക്കപ്പോഴും കാണാതെ പോകുകയാണ് പതിവ്. അല്ലെങ്കില്‍ നിസ്സാരമായി മാറ്റിവയ്ക്കും.

കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുമ്പോള്‍ അവര്‍ പോലും അറിയുന്നില്ല ഇതൊരു പീഡനം ആണെന്ന്. ചെറുപ്പത്തിലെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം അനുഭവിച്ച നിരവധി സുഹൃത്തുക്കള്‍ അനുഭവം വിവരിക്കാറുണ്ട്. അടുത്ത ബന്ധുക്കളായിരുന്നു പലപ്പോഴും ഉത്തരവാദികള്‍ . അന്നൊന്നും എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നോ, അല്ലെങ്കില്‍ എന്തുകൊണ്ട് ചെയ്തു എന്നോ ചോദിച്ചില്ല. ലൈംഗികത നിറഞ്ഞ പരാമര്‍ശങ്ങളിലൂടെ പലരും പലപ്പോഴും കുത്തിനോവിച്ചപ്പോഴും എന്തോ പറഞ്ഞു എന്നതില്‍ കവിഞ്ഞു യാതൊന്നും തോന്നിയില്ല. അതൊരു നോവാണ് എന്നറിഞ്ഞത് പോലും പിന്നീടാണ്; അതിനെ ആണ് ‘പീഡനം’ എന്ന് വിളിക്കുന്നത് എന്നും. വീട്ടില്‍ ജോലിക്ക് വരുന്നവര്‍ എന്നോ , അല്ലെങ്കില്‍ “അറിയുന്ന” ഒരാള്‍ എന്നോ ഉള്ള മേല്‍വിലാസത്തില്‍ ഉപേക്ഷിച്ചു കളഞ്ഞ കാര്യങ്ങള്‍ . പ്രമുഖ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ പിങ്കി വിരാനി തന്റെ ‘bitter chocolate’ എന്ന പുസ്തകത്തില്‍ അടുത്ത ബന്ധുക്കളാല്‍ ലൈംഗിക വൈകൃതത്തിനു വിധേയയാകേണ്ടി വന്ന അനുഭവം വിവരിക്കുന്നുണ്ട്. ശിശു പീഡനം എന്ന ലോകത്തിലെ ഏറ്റവും വികൃതമായ വിപത്തിന്റെ സൃഷ്ടികളെ, പച്ചയായി തന്നെ പിങ്കി വിരാനി പറയുന്നുണ്ട്. അത് എന്നെന്നേക്കുമായി അവരെ എങ്ങനെ മാറ്റി മറിച്ചു എന്നും.

 

 

പീഡകരുടെ മനസ്സ്
കണക്കുകള്‍ പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. പീഡകരിലെ തൊണ്ണൂറു ശതമാനവും മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ തന്നെ ആണ്്. അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍. ഒരിക്കല്‍ ഒരാള്‍ പീഡനത്തിനു ഇര ആയാല്‍ പിന്നീട് അവരില്‍ നിന്ന് കുറേപ്പേര്‍ പീഡിപ്പിക്കപ്പെടാം. കുട്ടിക്കാലത്ത് പീഡിപ്പിക്കപ്പെട്ട മാതാപിതാക്കള്‍ തങ്ങളുടെ ഭൂതകാലം അതേപടി കുട്ടികളില്‍ ആവര്‍ത്തിക്കാറുണ്ട്. സ്വന്തം കുട്ടിക്കാലം നഷ്ടപ്പെട്ടതിന്റെ നിരാശയും അതുകൊണ്ടുണ്ടാകുന്ന മാനസിക വിഹ്വലതകളും സ്വന്തം കുഞ്ഞുങ്ങളില്‍ പ്രയോഗിക്കുന്നതിലൂടെ അവര്‍ ആത്മ സംതൃപ്തി നേടുന്നു.

വിവാഹം കഴിക്കാതെ അമ്മമാരാകുന്നവര്‍ സാമ്പത്തികമായും സാമൂഹികമായും പരാധീനത അനുഭവിക്കുന്നവരാണ്. അച്ഛന്റെയും അമ്മയുടെയും ഭാഗങ്ങള്‍ ഒരാള്‍ തനിയെ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകുന്നു എന്നത് കൂടാതെ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകുന്നതിലൂടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു പോകുകയും ചെയ്യുന്നു. സഹജീവികളുടെ പോലും പിന്തുണയും സാമീപ്യവും നഷ്ടപ്പെട്ട ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ അവഗണനയുടെ കാണാത്തുരുത്തില്‍ അകപ്പെട്ടു പോകാറുണ്ട്. കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഇല്ലായ്മ വളരെ ഏറെ പിരിമുരുക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ് . അത് വഴിയും ശിശുക്കളോട് അവഗണന, നിരുത്തരവാദ പരമായ പെരുമാറ്റം, മറ്റു തരത്തിലുള്ള ക്രൂരതകള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത ഏറുന്നു. സ്ലം ഡോഗ് മല്യനറില്‍ അഭിനയിച്ച റുബീന അലിയെ അച്ഛന്‍ വില്‍ക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമായി തന്നെ ആണ്.

 

image courtesy: Its - Instituto Terceiro Setor

 

കുടുംബത്തിലെ മുറിവുകള്‍
ഭാര്യാ ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ വലുതാണ്. ചില സമയങ്ങളില്‍ അത് മാനസികമാവാം. ചിലപ്പോള്‍ ശാരീരികവും. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലെക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ ശിഥിലമാകുന്ന ബന്ധങ്ങള്‍ , കെട്ടുപാടുകള്‍ക്കുള്ളില്‍ സ്വതന്ത്രരാകാന്‍ വീര്‍പ്പുമുട്ടുന്ന മനസ്സുകള്‍^അവര്‍ക്കിടയില്‍ ഞെരുങ്ങുന്നത് കുട്ടികള്‍ മാത്രമാണ്. വേഗത്തില്‍ പായുന്ന ജീവിത നാടകത്തെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുമ്പോള്‍ മറന്നുപോകുന്നത്, അല്ലെങ്കില്‍ കാണാതെ പോകുന്നത് കുഞ്ഞു മനസിലെ വേദനകളാണ്. അതും ബാല പീഡനത്തിന്റെ നേര്‍ത്ത ഇഴകളില്‍ ഒന്ന് തന്നെയാണ്.

രണ്ടായിരത്തി നാലില്‍ New York Independent Film and Video Festival പുരസ്കാരം നേടിയ ‘പീറ്റ് ‘ എന്ന ഷോര്‍ട്ട് ഫിലിം അമ്മയില്‍ നിന്ന് മാനസികമായും ശാരീരികമായും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കുട്ടിയുടെ കഥ പറയുന്നു. ദാമ്പത്യത്തിലെ സംഘര്‍്ഷങ്ങള്‍ എങ്ങനെ ബാലപീഡനങ്ങളായി മാറാം എന്നും ഈ ചിത്രം വരച്ചു കാട്ടുന്നു. മുറിവുകള്‍ക്കും ശരീര വേദനകള്‍ക്കുമപ്പുറം തന്റെ ശാപവാക്കുകളും, ശകാരങ്ങളും മകന്റെ ആത്മാവില്‍ ഒരിക്കലും അഴിച്ചു മാറ്റാന്‍ പറ്റാത്ത ചങ്ങലകളായി ജീവിക്കുന്നുണ്ടെന്ന് ആ അമ്മയ്ക്ക് മനസിലായില്ല. പിറന്നാള്‍ സമ്മാനമായി അമ്മ കൊടുത്ത ആശംസാ കാര്‍ഡ് ചെറിയ നുറുങ്ങുകള്‍ ആക്കുമ്പോള്‍ ഉള്ളിലെ അമ്മയെന്ന പൈശാചിക സങ്കല്‍പ്പത്തെ അനേകായിരം മാംസകഷണങ്ങള്‍ ആക്കുകയായിരുന്നു അവന്‍. കത്തിയുടെ കൂര്‍ത്ത മുനയ്ക്കരികിലൂടെ ചോരത്തുള്ളികള്‍ ഇറ്റിറ്റു വീണപ്പോള്‍ അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവസാനം തെരഞ്ഞെടുത്ത മരണത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അവന്‍ കാണുന്നു അമ്മയെ; സ്വസ്ഥനായി; നിശബ്ദനായി.

 

 

വേണ്ടത് കൂട്ടുത്തരവാദിത്തം
എല്ലാ വിധ ദുരുപയോഗത്തിനും അവഗണനക്കും ലൈംഗിക വൈകൃതങ്ങള്‍ക്കും പെട്ടെന്ന് ഇരകളാക്കപ്പെടുന്നത് കുട്ടികളാണ്. ഭയം കൊണ്ടും, തുറന്നു പറയുവാനുള്ള ബുദ്ധിമുട്ട് കൊണ്ടും കുട്ടികള്‍ മിക്കവാറും കാര്യങ്ങള്‍ ഒളിച്ചു വയ്ക്കുന്നു. നിശബ്ദതയുടെയും രഹസ്യത്തിന്റെയും ജാള്യതയുടെയും,ഭീഷണിയുടെയും തണലില്‍ ബാല പീഡനം തഴച്ചു വളരുന്നു . സ്പര്‍ശനങ്ങളിലെ വ്യത്യാസം കൊച്ചു കുട്ടികള്‍ക്ക് മനസിലാക്കാന്‍ പറ്റാറുമില്ല. പല ശിശു പീഡനങ്ങളും വെളിപ്പെടാതെ പോകുന്നത് അതുകൊണ്ടാണ്. ഇന്ന് ശിശു പീഡന നിരക്ക് വളരെയധികം ഉയരാനുള്ള കാരണവും അത് തന്നെ.

ശിശു പീഡനം തടയാന്‍ കൂട്ടുത്തരവാദിത്തം ആണുണ്ടാകേണ്ടത്. വ്യക്തികളും സര്‍ക്കാറും സാമൂഹിക സംഘടനകളും കടമകള്‍ ആത്മാര്‍ഥതയോടെ നിറവേറ്റാന്‍ തയ്യാറായാല്‍ ഒരു പരിധി വരെ ഈ ക്രൂരത അവസാനിപ്പിക്കാന്‍ കഴിയും. നല്ലതെന്ത് , ചീത്ത എന്ത് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ അവബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഏറ്റവും നല്ല അന്തരീക്ഷം സ്കൂള്‍ തന്നെയാണ്. അധ്യാപകര്‍ക്ക് ഇതില്‍ നല്ല ഒരു പങ്കു വഹിക്കാനുണ്ട്. നമ്മുടെ കുട്ടികള്‍ ജീവിതത്തിന്റെ നാനാ വര്‍ണങ്ങളും കണ്ടാസ്വദിച്ചു വളരട്ടെ. നാളെ അവര്‍ എന്താകണമെന്നു നമ്മള്‍ സ്വപ്നം കാണാറുണ്ട്. എന്നാല്‍ അവരുടെ ഇന്നുകള്‍ ആണ് നാളെകളെ സൃഷ്ടിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കാറില്ല. തിരിച്ചറിയാറുമില്ല.

9 thoughts on “ചെന്നായ്ക്കള്‍ക്കു നടുവില്‍ നമ്മുടെ കുഞ്ഞുങ്ങള്‍

  1. അഞ്ജലി എഴുത്തില്‍ കാണിച്ച കയ്യടക്കവും തന്റേടവും മറ്റ് അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും ജീവിതത്തിലും കാണിക്കാന്‍ കഴിയട്ടെ.

  2. do read the book ‘ a child called it’ and i think there are 2 sequels to it…. child abuse and ahild sexual abuse are ever present in the society……. cutting across class barriers……..

  3. Children who are the replica of the good gracious God are often subjected to violence and exploitation. The worst part of it is that , they might not even realize the intensity of the exploitation because of their innocence and tender age.. But once, this realization , will be haunting and a great trauma for them. Regards to Anjali for the courage she has shown and I would also suggest to read a heart-rending book on child sexual abuse by Pinki Virani named ” Bitter Chocolate”… We will be ashamed of this cruel and crooked world where the so called “civilised ” beings live in…!!!

  4. ഇന്ന് രാവിലെ കൂട്ടുകാരനെ വിഷു ആയിട്ട് വിളിച്ചപ്പോള്‍ സംഭാഷണത്തിന് ഇടയില്‍ അവന്‍ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിച്ചു കളഞ്ഞു…എട്ടാം ക്ലാസ്സ്‌ ല് പഠിക്കുന്ന എന്റെ ഒരു നാട്ടിലെ ഒരു പെണ്‍കുട്ടി പീഡിപ്പിക്ക പെട്ടു…അറുപതു വയസ്സ് ഉള്ള ഒരാള്‍ ആണ് ഇത് ചെയ്യ്തത്…അച്ഛനും അമ്മയും ജോലിക്ക് പോകുന്നവര്‍..ഒരു ചേച്ചി ഉണ്ട് എങ്കിലും അവര്‍ വിവാഹിത ആയി വീട്ടില്‍ ഇല്ല…പല സമയത്തും വീട്ടില്‍ ഒറ്റയ്ക്ക് ആയ ഈ പെണ്‍കുട്ടിയെ സാഹചര്യം മുതല്‍ എടുത്തു ഈയാള്‍ ലംയിമ്ഗിക ചൂഷണത്തിന് ഇടയാക്കുക ഇര ആക്കുക ആയിരുന്നു…നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കുക …കാമ ഭ്രാന്തന്‍ മാര്‍ പാഞ്ഞു നടക്കുന്ന സമൂഹം ആണ്….കൂടുതല്‍ സാമ്പത്തിക സുരക്ഷക്ക് ആയി ഭാര്യയും ജോലിക്ക് പോകുമ്പോള്‍ പലപ്പോഴും നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍ ഒറ്റ പെടുക ആണ്…ഈ സാഹചര്യം മുതല്‍ എടുത്തു പലരും പലതിനും മുതിരും…

  5. It is a well written article about a painful and ugly topic. Every parent and every responsible adult need to aware of child abuse and its multiple, cruel faces so we can all be part of trying to keep our children safe from the predators.
    Anjaly, Thank you very much for writing about this.

  6. when ever i came through these kind of articles, I just become restless and nervous. It is not only that i have a 3 year old kid, but i cannot forget the abuses i suffered during my childhood. it took me a long time to recover from that and still my personality is influenced by that abuses. I became more and more introvert and still not able to cope up the fact that it happened to me. Years passed and now i can do whatever i want to those who did that to me, but that will not give me back my happiness. but i will make sure that my kid or anyother kid for that matter will go through these kinds of experience in their life.

Leave a Reply

Your email address will not be published. Required fields are marked *