കണ്ണാടിത്തകിടുകള്‍ കടമ്മനിട്ടയെ വായിക്കുമ്പോള്‍

കടമ്മനിട്ടക്കവിതയിലെ ദേശം, പടയണി എന്നീ വഴികളില്‍ സര്‍ജു നടത്തുന്ന വ്യത്യസ്തമായ സഞ്ചാരത്തിന്റെ രണ്ടാം ഭാഗം. ദേശത്തിനും നിഴല്‍പോലെ ഒപ്പം നടക്കുന്ന അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം വായിക്കപ്പെടേണ്ട സമകാലീനത കടമ്മനിട്ടക്കവിതകളില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്നുവെന്ന് പറയുന്നു. വൈയക്തിക വായനകളുടെ ഇത്തിരിപ്പരപ്പിനപ്പുറം ആഴങ്ങളും ഓളങ്ങളുമുണ്ട് കടമ്മനിട്ടക്കവിതകളുടെ ജലമര്‍മരങ്ങളിലെന്നും വായിച്ചെടുക്കുന്നു. ‘ക്യാ’ എന്ന കവിതയുടെ വിദേശ അവതരണാനുഭവവും ഓര്‍ത്തെടുക്കുന്നു.

 

 

ആദ്യ ഭാഗം
കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

ഈ പലധാരകള്‍ സമ്മേളിക്കുന്ന ഒരു കവിത ചൂണ്ടിക്കാണിക്കണമെന്നുണ്ടെങ്കില്‍ അത് ശാന്തയാണ്. ആനകേറാമലേല്‍ ആളുകേറാമലേല്‍, ആയിരം കാന്താരി
പൂത്തിറങ്ങുന്നതിന്റെ നാടന്‍ ഈണങ്ങളും, പാതാളപ്പടവുകള്‍ കയറി പറയപ്പട തുള്ളിവരുന്നതിന്റെ അനുഷ്ഠാന താളങ്ങളും, ഭാര്യയോടും പ്രകൃതിയോടുമുള്ള
വര്‍ത്തമാനങ്ങളും, ‘ഹായ് നിന്റെ നെടുനിശ്വാസത്തിന്റെ നനവുള്ള ചൂട് എന്റെ മുഖത്തു തട്ടിയല്ലോ!’ എന്നമട്ടിലുള്ള നാടകീയ വാക്യങ്ങളും, ‘കുട്ടീ ഒന്നും എന്നും ഒരുപോലെ ആയിരിക്കുകയില്ല. എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും’ എന്ന് പ്രതീക്ഷയിലേയ്ക്ക് തുറന്ന ഗദ്യവും ഒരേ കവിതയില്‍ വായിക്കാനാവുന്നു.

സര്‍ജു


പടയണിയെ തിരക്കി കടമ്മനിട്ടക്കൃതികളിലോ, കടമ്മനിട്ടക്കൃതികളെ തിരക്കി പടയണിയിലോ പരതി നടന്നിട്ടു കാര്യമില്ലെന്ന് രാമകൃഷ്ണന്റെ കവിതകളെ പടയണിയുടെ പശ്ചാത്തലത്തില്‍ പഠിക്കാന്‍ ശ്രമിച്ച കടമ്മനിട്ട വാസുദേവന്‍ പിള്ള നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പടയണിയും കടമ്മനിട്ടക്കൃതികളും തമ്മില്‍ അനന്യപരമോ സമാംഗപരമോ സംഗമപരമോ ആയ ഒരു ബന്ധം തേടിനടന്നിട്ടു കാര്യമില്ല. തികച്ചും വ്യക്തവും വ്യതിരിക്തവുമായ അംഗങ്ങളുള്ള രണ്ട് വിയുക്തഗണങ്ങളാണ് ജനകീയഗണവും കാവ്യഗണവുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ കടമ്മനിട്ടയുടെ കാല ശേഷം കടമ്മനിട്ട ഒരു ചൊല്‍ക്കവിയും ആ കവിതകള്‍ ചൊല്‍ക്കവിതകളുമാണെന്ന് ചില കവിസുഹൃത്തുക്കള്‍ ഉപന്യസിക്കുകയുണ്ടായി. കവിത എങ്ങനെ വായിക്കുന്നു, ചൊല്ലുന്നു എന്നത് കവിതയെ സംബന്ധിച്ച ഒരു അടിസ്ഥാന പ്രശ്നമല്ല. വാദത്തിനായി അത്തരം വിഭജനത്തെ അംഗീകരിച്ചാല്‍ നമ്മുടെ കാവ്യപാരായണ ചരിത്രവും പാരമ്പര്യവും മുന്നിലെത്തും.എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും, ചങ്ങമ്പുഴയുടേയും കുമാരനാശാന്റെയും ചൊല്‍ക്കവിതകള്‍ക്ക് മുന്നില്‍ രാമകൃഷ്ണന്റേത് എത്ര കുഞ്ഞന്‍ ചൊല്‍ക്കവിത എന്ന് വരും!

 

 

മറ്റൊന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ടായിരുന്ന കുതിരവാല്‍ എന്ന കോളത്തില്‍ ‘ക്യാ’യെക്കുറിച്ച് ഇതെന്ത് കടമ്മനിട്ടക്കവിത എന്നപരിഹാസത്തോടെ വന്ന കുറിപ്പായിരുന്നു.കവിതയില്‍ ഇല്ലാത്ത ഒരു വാക്ക് കടമ്മനിട്ടയുടെ വായില്‍ തിരുകിയ ശേഷം നിര്‍മ്മിച്ചെടുത്ത ഒരു വിമര്‍ശനമായിരുന്നു അത്. ആ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കവികള്‍കൂടി ആ അനീതി ശ്രദ്ധിക്കുകയോ ചൂണ്ടിക്കാട്ടുകയോ ചെയ്തില്ല.

ഗുജറാത്തില്‍നിന്ന് മടങ്ങുന്ന കവിയും കേരളത്തിലേയ്ക്ക് കച്ചവടത്തിന് പോകുന്ന ഗുജറാത്തിയും തമ്മില്‍ തീവണ്ടിയില്‍ നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ രാമകൃഷ്ണന്‍ ഉള്‍പ്പെടെ ആധുനിക മലയാള കവികളില്‍ നിരവധിപേര്‍ കേരളത്തിന് പുറത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിച്ചിട്ടുള്ളവരാണ്. ആ ഇടങ്ങള്‍ക്കും ആ ജീവിതങ്ങള്‍ക്കും നിശബ്ദമായ ഒരു വിലക്ക് ഒരു അയിത്തം ദീര്‍ഘകാലം ഉണ്ടായിരുന്നതായി തോന്നുന്നു.

സ്വാതന്ത്യ്രപൂര്‍വകാലത്തിലെ ദേശീയബോധനകീര്‍ത്തനങ്ങളല്ലാതെ പിന്നീട് മറ്റൊന്നുമുണ്ടായില്ല. സച്ചിദാനന്ദന്റെ ദില്ലിദാലി പരമ്പര, അയ്യപ്പന്റെ ദില്ലിയിലെ മഞ്ഞുകാലം അങ്ങനെ കവിതകള്‍ പില്‍ക്കാലത്ത് വരാന്‍ തുടങ്ങിയെങ്കിലും കുറഞ്ഞത് മുപ്പതാണ്ടിന്റെ ശുന്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മലയാളിയും ഗുജറാത്തിയും കവിതയ്ക്കുള്ളില്‍ സന്ധിക്കുന്നത് പ്രധാനമാണ്. അവര്‍ ഒന്നിക്കുന്ന ഇടം തീവണ്ടിയാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്.കടമ്മനിട്ട എന്ന സ്ഥലത്തിന് പകരം ഇളകുന്ന ചലിക്കുന്ന ഒരിടം അടയാളപ്പെടുന്നു.രാമകൃഷ്ണനിലെ രാമനും കൃഷണനും റാം കിശന്‍! റാം കിശന്‍! എന്ന് ഇന്ത്യന്‍ സാഹചര്യങ്ങളിലേയ്ക്ക് പ്രശ്നവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ഈ കവിതയുടെ മുഖ്യസവിശേഷത.

 

 

കവിതയിലെന്നപോലെ വ്യക്തിതലത്തിലും രാമനും കൃഷ്ണനുമുണ്ടായിരുന്നു എന്നത് കടമ്മനിട്ടയോട് അടുത്തിടപഴകിയിട്ടുള്ള എല്ലാവര്‍ക്കും അറിവുള്ളതാണ്.അദ്ദേഹമത് മറയ്ക്കാന്‍ ശ്രമിച്ചിട്ടുമില്ല.അതിനാല്‍ കവിതയിലെ ഈ നീക്കം ഗൌെരവമുള്ള ഒന്നാണ്. ഒ എന്‍ വി കുറുപ്പിന് മനസിലാകാത്തതും അയ്യപ്പപ്പണിക്കര്‍ക്ക് കഴിയാതെ പോയതുമായ ഒന്ന്.

പലരാജ്യക്കാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ ഈ കവിതയുടെ വായന ഉണ്ടാക്കിയ പ്രതികരണം കൂടി ഇവിടെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. 2007 ലെ അബുദബി ബുക്ഫെയര്‍ ഫ്രാങ്ക്ഫര്‍ട്ട് ബുക്ഫെയറിന്റെ സഹകരണത്തോടെയായിരുന്നു സംഘടിപ്പിച്ചത്. വിവിധഭൂഖണ്ഡങ്ങളിലെ കവികളും അവരുടെ അറബ് വിവര്‍ത്തകരും ഒന്നിക്കുന്ന ഒരു പരമ്പരയായിരുന്നു സാംസ്കാരികപരിപാടികളില്‍ പ്രധാനം. കടമ്മനിട്ടരാമകൃഷ്ണനും അദ്ദേഹത്തിന്റെ കവിതകളുടെ വിവര്‍ത്തകനായ ശിഹാബ് ഘാനിമും ഒന്നിക്കുന്നതായിരുന്നു ഒരു പരിപാടി .പി പി രവീന്ദ്രന്‍ കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി ചെയ്ത കടമ്മനിട്ടക്കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയെ ഉപജീവിച്ച്, തന്റെ മലയാളി സുഹൃത്തുക്കളുമായി നടത്തിയ വിശദാംശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ പത്തോളം കവിതകള്‍ ശിഹാബ്ഘാനെം അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

 

 

മലയാളം, ഇംഗ്ലീഷ് , അറബി ഇങ്ങനെ മൂന്നുഭാഷകളിലാണ് കവിതകള്‍ അവതരിപ്പിക്കപ്പെട്ടത്. ജോയ്മാത്യു ഉള്‍പ്പടെ കടമ്മനിട്ടയുടെ ഗള്‍ഫിലെ അടുത്തചില സുഹൃത്തുക്കള്‍ ഒഴിച്ചാല്‍, പല ദേശക്കാരായ എഴുത്തുകാരും അറബ് മാധ്യമപ്രവര്‍ത്തകരുമായിരുന്നു സദസില്‍ ഉണ്ടായിരുന്നത്.’ക്യാ?’ എന്ന കവിത വായിച്ചുകൊണ്ടിരിക്കെ തന്നെ സദസില്‍ നിന്ന് കരഘോഷമുണ്ടായി.കടമ്മനിട്ടയുടെ കവിതകളുടെ വേറിട്ട ജീവിതത്തെ, പലമുഖങ്ങളെ , പാളക്കോലങ്ങളുടെ അകമ്പടിയില്ലാത്ത അതിന്റെ ലോകസഞ്ചാരത്തെ നേരിട്ടുകണ്ട ഒരവസരമായിരുന്നു അത്.

മുഖപ്രസംഗം എന്ന കവിതയില്‍ നിന്ന് ഒരുഭാഗം എടുത്തുചേര്‍ത്തുകൊണ്ട് ഈകുറിപ്പ് അവസാനിപ്പിക്കാം.

എവിടെ എങ്ങനെ എനിക്കെന്റെ ശരിയായമുഖം കാണാന്‍ കഴിയും.
ഈ ചിന്ത സദാസമയവും എന്നെ പിന്തുടരുന്നു.
മുല്ലശേരിക്കുളത്തിലെ നീല വെള്ളത്തില്‍,
പമ്പാനദിയിലെ കാട്ടുവെള്ളത്തില്‍,
വേമ്പനാട്ടുകായലില്‍,
അറ്റ് ലാന്റിക്കില്‍,
കണ്ണുനീര്‍ത്തുള്ളിയില്‍
എല്ലാം കുനിഞ്ഞുനോക്കി.
കാലത്തിന്റെയും
കാലാവസ്ഥയുടെയും ഭേദങ്ങളില്‍
വ്യത്യസ്തരൂപങ്ങളാണു കണ്ടത്.
കാലഭേദങ്ങളും കാലാവസ്ഥയും
കണ്ണാടിത്തകിടിന്റെ പ്രത്യേകതകളും
എന്റെ മുഖത്തിന്റെ
രൂപഭാവങ്ങളെ നിയന്ത്രിക്കുന്നു.

നിങ്ങളോടു ചോദിച്ചാല്‍
നിങ്ങള്‍ നേരു പറയുകയില്ല.
നിങ്ങളിലെ കണ്ണാടിത്തകിടും
കാലാവസ്ഥയും
നിങ്ങളെ നിയന്ത്രിക്കുന്നു.
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍
എന്റെ മുഖത്തു വച്ചുകെട്ടുന്നു

ആദ്യ ഭാഗം
കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *