മാധ്യമങ്ങളുടെ ജാതിയും മതവും

ഇരകള്‍ ആരെന്ന് അനുസരിച്ചായിരിക്കും ഇവരുടെ സെന്‍സേഷണലിസം പ്രവര്‍ത്തിക്കുക. ഒരു എന്‍.ജി.ഒ യൂനിയനെയോ അല്ലെങ്കില്‍ അധ്യാപക യൂനിയനെയോ ചുറ്റിപ്പറ്റി ഒരു കേസുവന്നാല്‍. മറ്റ് നിവൃത്തികേടു കൊണ്ട് വാര്‍ത്ത വന്നാലേ ഉള്ളൂ. അല്ലെങ്കില്‍ അതു തേഞ്ഞുമാഞ്ഞുപോവും. ഒന്നോ രണ്ടോ ലക്ഷത്തോളം അംഗബലമുള്ള ആ സംഘടനകളെ പരമാവധി പിണക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുക. ഉദാഹരണത്തിന് വ്യാജ പി.എസ്.സി നിയമനം സംബന്ധിച്ചുണ്ടായ കോലാഹലം. ഇപ്പോള്‍ ക്രമേണ ആ കേസിനെപ്പറ്റി ഒന്നും കേള്‍ക്കാതെയും അറിയാതെയും ആയി-സക്കറിയയുടെ അഭിമുഖത്തിന്റെ അവസാന ഭാഗം. തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്

 


 

മാര്‍ക്കണ്ഡേയ കഡ്ജു പറഞ്ഞത്

മാര്‍ക്കറ്റിങ് വിഭാഗത്തിന് എഡിറ്റോറിയല്‍ വിഭാഗത്തിനു മേലുള്ള മുന്‍തൂക്കം കൂടി വരികയാണ്. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പ്രധാന്യം കുറഞ്ഞുവരുന്ന കാലമാണിത്. വന്‍കിട മുതലാളിമാര്‍ക്കെതിരെയുള്ള സുപ്രധാന വാര്‍ത്തകള്‍ പോലും തമസ്കരിക്കപ്പെടുന്നതിന് ഇവ ഒരു കാരണമാണ്. ഇതിനെക്കുറിച്ച് എന്തു കരുതുന്നു?

അതെ, അവരുടെ വിപണി പരിഗണനയിലുള്ളവര്‍ക്കെതിരെ വാര്‍ത്തകള്‍ വരില്ല. അതിപ്പോള്‍ മുതലാളിമാരായാലും, അമൃതാനന്ദമയിപ്പോലുള്ള സന്യാസിമാരെക്കുറിച്ചായാലും ശരിതന്നെ. എന്റെ ഓര്‍മയില്‍ ആദ്യമായുള്ള തുറന്നു പറച്ചില്‍ മാര്‍ക്കണ്ഡേയ കഡ്ജുവില്‍ നിന്നാണ്. സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുകയും പ്രസ് കൌണ്‍സില്‍ഓഫ് ഇന്ത്യയുടെ തലപ്പത്തെത്തുകയും ചെയ്ത അദ്ദേഹം ഇത്തരമൊരു സ്ഥാനത്തിരുന്നുകൊണ്ട് രാജാവ് നഗ്നനാണ് എന്ന തരത്തില്‍ സംസാരിച്ചു. ഇതാണ് പത്രപ്രവര്‍ത്തനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് തുറന്നുപറയാനുള്ള ആര്‍ജവം ഇതാദ്യമാണ്.

മുംബൈയിലോ ദല്‍ഹിയിലോ ഒരു സ്ഫോടനമുണ്ടായാല്‍, സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ ഒരു ഇസ്ലാമിക് പേരുള്ള ഒരു എസ്.എം.എസിന്റെയോ ഇ മെയിലിന്റെയോ പേരില്‍ ആ കുറ്റം ചെയ്തത് മുസ്ലിംകളാണ് എന്ന് പ്രഖ്യാപിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യന്നത്. ഇങ്ങനെ പ്രഖ്യാപിക്കുന്നതില്‍ മാര്‍ക്കറ്റിങുമുണ്ട് വര്‍ഗീയതയുമുണ്ട്. തങ്ങളാണ് ഇത് ആദ്യം പറഞ്ഞത് എന്ന മത്സരമാണ് മാധ്യമങ്ങള്‍ തമ്മില്‍. പൊലീസ് ഭാഷ്യം ചോദ്യംചെയ്യാതെ വായനക്കാര്‍ക്ക് നല്‍കാനുള്ള ഒരാവേശവും മാധ്യമങ്ങള്‍ക്കുണ്ട്. കഡ്ജു ഇതിനെയാണ് ചോദ്യം ചെയ്തത്.

എല്ലാ മുസ്ലിംകളെയും തീവ്രവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വര്‍ഗീയതകൊണ്ടുമാത്രമല്ല, മാധ്യമങ്ങളുടെ അന്നന്നത്തെ വ്യാപാര താല്‍പര്യങ്ങള്‍ കൂടിയാണ്. മറ്റൊന്ന്, 80 ശതമാനത്തിലേറെ ആളുകള്‍ ദാരിദ്യ്രരേഖക്ക് താഴെ വസിക്കുന്ന രാജ്യത്ത് ബാക്കിയുള്ള 20 ശതമാനത്തിന്റെ വലുതും ചെറുതുമായുള്ള വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.

 

മാര്‍ക്കണ്ഡേയ കഡ്ജു


 

മാധ്യമങ്ങളുടെ ജാതി

കേരളത്തിലെ ചാനലുകളും പത്രങ്ങളും ഇത് തന്നെയാണല്ലോ ചെയ്യുന്നത്. ഡി.എച്ച്.ആര്‍.എമ്മിന്റെ വിഷയത്തിലും മറ്റും ഇത് പ്രകടമാണ്.

ധാര്‍മിക ബോധമോ പ്രതിബദ്ധതയോ ആവശ്യപ്പെടുന്ന ഒരു നിലപാടും അവര്‍ക്ക് സ്വീകര്യമല്ല എന്നതാണ്. കഴിഞ്ഞ ദിവസം വധശിക്ഷയെക്കുറിച്ച് നടന്ന സെമിനാര്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു പത്രം മാത്രമാണ്. ഇതുപോലെ മാനുഷിക മൂല്യങ്ങളുള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍ കവര്‍ ചെയ്യാന്‍പോലും ആളുകളെ അയക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

വിപണി മാത്രമാണോ ഈ അവസ്ഥക്കു കാരണം. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും അടിത്തട്ടില്‍ കിടക്കുന്ന ഫ്യൂഡല്‍ ബോധവും ഈ അവസ്ഥക്ക് കാരണമല്ലേ?

ഫ്യൂഡല്‍ ബോധം, മതം, ജാതി, രാഷ്ട്രീയ പക്ഷപാതം, ലോക പരിജ്ഞാനമില്ലായ്മ, ചരിത്രബോധമില്ലായ്മ ഈ കാര്യങ്ങളൊക്കെ ഇതിന്റെ അടിത്തട്ടിലുണ്ട്. ഇതിലൊക്കെ അറിവുണ്ടായിരുന്ന പത്രാധിപന്മാരുണ്ടായിരുന്ന ഒരു കാലമുണ്ട്. അന്ന് ഈ തരത്തിലുള്ള ഒരു പ്രവര്‍ത്തന രീതിയായിരുന്നില്ല. ആ ഒരു തലമുറ ഏതാണ്ട് പൂര്‍ണമായും തീര്‍ന്നു.

വാര്‍ത്താ തമസ്കരണം

ചാനലുകളുടെ വരവോടെ പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ തമസ്കരിക്കാന്‍ കഴിതായായി എന്ന് പറയാറുണ്ടല്ലോ. മലയാള ദൃശ്യധ്യമങ്ങളെക്കുറിച്ച ഒരു ചര്‍ച്ചയില്‍ പ്രമുഖനായ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഊന്നിപ്പറഞ്ഞത് ഇതായിരുന്നു.

അതു ശരിയല്ല. ബ്രേക്കിങ് ന്യൂസ് എന്നുള്ള സംവിധാനമുപയോഗിച്ച് ചാനലുകള്‍ക്ക് പത്തു മിനിട്ടിലും അഞ്ചുമിനിട്ടിലും വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യേണ്ടുന്ന ഒരു അവസ്ഥ വന്നപ്പോള്‍ ഒരു തരത്തിലും വാര്‍ത്തയാകേണ്ടവ അല്ലാത്തതടക്കം വാര്‍ത്തകളായി പുറത്തുവന്നു. സെന്‍സേഷനുവേണ്ടി കാത്തിരുന്ന പത്രങ്ങള്‍ക്ക് അവ ഉപേക്ഷിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ക്ക് പിറകേ പോകേണ്ടി വന്നു. ഒരുകാലത്ത് ബ്രേക്കിങ് ന്യൂസ് എന്ന നിലയില്‍ ഒരു വാര്‍ത്ത വരണമെങ്കില്‍ അത്രമാത്രം അതിന് പ്രാധാന്യം ഉണ്ടാവണമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ രണ്ടുകൂട്ടരും ഒരുപോലെ വാര്‍ത്തകള്‍ മറച്ചുവെക്കുകയും അവരുടെ ആവശ്യപ്രകാരം വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ഒരവസ്ഥയില്‍ ചാരക്കേസുപോലുള്ള ഒരു സംഭവം വീണ്ടുമുണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെയായിരിക്കും അതിനെ കൈകാര്യം ചെയ്യുക?

എനിക്ക് മനസ്സിലായിടത്തോളം, അവര്‍ക്ക് പരിക്കേല്‍ക്കാത്ത ഏതൊരു സംഭവവും മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയേക്കാം. ചാരക്കേസിനേക്കാളും പ്രകമ്പനം കൊള്ളിക്കുന്ന സംഭവങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കറിയാം. എന്നാല്‍ അതൊന്നും നാം അറിയുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല.
ഇരകള്‍ ആരെന്ന് അനുസരിച്ചായിരിക്കും ഇവരുടെ സെന്‍സേഷണലിസം പ്രവര്‍ത്തിക്കുക. ഒരു എന്‍.ജി.ഒ യൂനിയനെയോ അല്ലെങ്കില്‍ അധ്യാപക യൂനിയനെയോ ചുറ്റിപ്പറ്റി ഒരു കേസുവന്നാല്‍. മറ്റ് നിവൃത്തികേടു കൊണ്ട് വാര്‍ത്ത വന്നാലേ ഉള്ളൂ. അല്ലെങ്കില്‍ അതു തേഞ്ഞുമാഞ്ഞുപോവും. ഒന്നോ രണ്ടോ ലക്ഷത്തോളം അംഗബലമുള്ള ആ സംഘടനകളെ പരമാവധി പിണക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുക. ഉദാഹരണത്തിന് വ്യാജ പി.എസ്.സി നിയമനം സംബന്ധിച്ചുണ്ടായ കോലാഹലം. ഇപ്പോള്‍ ക്രമേണ ആ കേസിനെപ്പറ്റി ഒന്നും കേള്‍ക്കാതെയും അറിയാതെയും ആയി.

 

അബ്ദുന്നാസിര്‍ മഅ്ദനി


 

മഅ്ദനി എന്ന ഇര

ഇതോടൊപ്പം പ്രധാനമാണ് സര്‍ക്കാര്‍, പൊലീസ് ഭാഷ്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന പ്രവണത. പ്രഖ്യാപിത ഭാഷ്യങ്ങള്‍ക്കപ്പുറമുള്ള സത്യങ്ങള്‍ കണ്ടെത്താനോ അറിയാനോ മാധ്യമങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല?

അതെ, ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ദേശാഭിമാനി ചോദ്യം ചെയ്യുമായിരിക്കും. മറ്റ് പത്രങ്ങള്‍ അതുചെയ്യില്ല. അതുപോലെ തിരിച്ചും സംഭവിക്കാം. രാഷ്ട്രീയ ഭാഷ്യം പലര്‍ക്കും പലതാണ്. അതേസമയം പൊലീസ് ഭാഷ്യം എല്ലാപേര്‍ക്കും ഒരുപോലെയും. ഇവിടെ പലര്‍ക്കും- മാധ്യമങ്ങള്‍ക്കും, പൊലീസിനും, സുരക്ഷാസംവിധാനങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഒക്കെ ടെററിസം ഒരു കുടില്‍ വ്യവസായവും വന്‍ വ്യവസായവുമാണ്. അപ്പോള്‍ അവരുടെ ഭാഷ്യങ്ങളും ഊഹാപോഹങ്ങളുമാണ് പലപ്പോഴും വാര്‍ത്തകളായി വരുന്നത്. ദിവസവും ഒരു തീവ്രവാദ വാര്‍ത്തയെങ്കിലും ഉള്‍ക്കൊള്ളുന്ന പത്രങ്ങളുണ്ട്. അതൊക്കെയും പൊലീസ് ഭാഷ്യമാണ്.

ഭീകരതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഒരുഭാഗത്ത് ഒരു പ്രത്യേക മതവിഭാഗമുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഈ മതവിഭാഗത്തിനെതിരെ പൊലീസ് ഭാഷ്യങ്ങള്‍ പത്രങ്ങള്‍ അതേ പടി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ മതത്തിനിടയിലെ മറ്റു പ്രശ്നങ്ങള്‍, മതസംഘടനകള്‍, മതപൌരോഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ഒരു വിഷയവും വാര്‍ത്തയാവാറില്ല. ഭീകരത എന്നതിനപ്പുറം മതവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും നല്‍കാന്‍ ധൈര്യമില്ലാത്ത അതേ മാധ്യമങ്ങളാണ് ഇത്തരം ചില കാര്യങ്ങളില്‍ കയറിക്കളിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ മനഃശാസ്ത്രം?

ഇസ്ലാമുമായി ബന്ധപ്പെടുത്തിയാണ് ഭീകരതയെ അവതരിപ്പിക്കുക. എന്നാല്‍ അതേസമയം തന്നെ, ഇസ്ലാമിലെ ഒരു മുഖ്യധാരയെ അതിന്റേതായ രീതിയില്‍ പ്രീണിപ്പിക്കാനും ഇവര്‍ക്ക് അറിയാം. മതഭീകരതക്ക് അടിത്തറ ഒരുക്കിക്കൊടുത്തവരെ തൊടില്ല. ഇപ്പുറത്ത് ഭീകരവാദം എന്ന പേരില്‍ ഒരു മേഖലയുണ്ടാക്കിയെടുത്ത് കൊയ്തുകൊണ്ടിരിക്കുകയാണ്. അതിന് അവരുണ്ടാക്കിയ ഒരു പേര് അബ്ദുന്നാസിര്‍ മഅ്ദനി എന്നതാണ്. മഅ്ദനിയെവെച്ച് മുതലെടുക്കാവുന്നത്ര ചെയ്യുന്നുണ്ട്. ഈ തരത്തിലുള്ള ബ്രില്ല്യാന്റായ ഇരട്ടത്താപ്പാണ് ഈ വിഷയത്തില്‍ കൈക്കൊള്ളുന്നത്. മുസ്ലിംലീഗിനെ അവര്‍ തൊടില്ല. ഇത് ഗംഭീരമായ ഒരു കളിയാണ്. ഇസ്ലാമിക ഭീകരതപോലെതന്നെ ആര്‍.എസ്.എസ് ഭീകരതയും ഇവിടെയുണ്ട്. എന്നാല്‍ മലേഗാവ് സംഭവം പുറത്തുവരുന്നതുവരെ ഇത് പറയാന്‍പോലും ആരും തയാറായില്ല. എ.ടി.എസ് പോലുള്ള അന്വേഷണസംഘങ്ങള്‍ കണ്ടെത്തി കാലങ്ങള്‍ക്ക് കഴിഞ്ഞാണ് അത് പറയാന്‍പോലും തയാറായത്.

അന്യസംസ്ഥാന തൊഴിലാളികള്‍
കേരളത്തില്‍ ഇപ്പോള്‍ ഇതിനു സമാനമായി കൈകാര്യം ചെയ്യുപ്പെടുന്ന രണ്ട് വിഭാഗങ്ങള്‍ ഡി.എച്ച്.ആര്‍.എമ്മും അന്യസംസ്ഥാന തൊഴിലാളികളുമാണ്. അതിജീവനത്തിന്റെ കടുത്ത പോരാട്ടത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍. ഇതിനെക്കുറിച്ച് എന്താണ് വിലയിരുത്തല്‍?

 

 

അത് മലയാളിയുടെ ഒരു അന്ധതയാണ്. കാരണം അവരെപ്പോലെ പുറത്തുപോയി ജോലി ചെയ്യുന്ന ഒരു സമൂഹമാണ് മലയാളികളുടേതും. ഇവിടെ വന്നിട്ടുള്ളവരുടെ ഒരുലക്ഷം ഇരട്ടി ജനങ്ങള്‍ പുറത്തുപോയി പണിചെയ്യുന്നുണ്ട്. അങ്ങനെ ഒരവസ്ഥയില്‍ ഇങ്ങനെ കാണിക്കുന്നത് തികഞ്ഞ ഒരു വിഡ്ഢിത്തമാണ്. ഇങ്ങനെ ചെയ്യാന്‍ സമ്മര്‍ദമൊരുക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. ഒരുവശത്ത് പൊലീസിന് സ്ഥാനക്കയറ്റത്തിന്റെയും അലവന്‍സുകളുടെയും താല്‍പര്യങ്ങള്‍. മറുവശത്ത്  മാധ്യമങ്ങളുടെ നിലപാടും. വ്യാജവാര്‍ത്തകള്‍ കൊണ്ട് സമ്മര്‍ദ്ദത്തിന്റെ മേഖലകള്‍ സൃഷ്ടിക്കുകയാണ് ഇവര്‍.

ആദ്യ ഭാഗം
സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

രണ്ടാം ഭാഗം
പുതു പത്രപ്രവര്‍ത്തകര്‍ വെറും ഫാക്ടറി ഔട്പുട്ടുകള്‍

6 thoughts on “മാധ്യമങ്ങളുടെ ജാതിയും മതവും

 1. ശ്രീ സക്കറിയയുടെ വീക്ഷണങ്ങള്‍ കാലിക പ്രസക്തമാണ്. ചിലപ്പോഴൊക്കെ യാഥാസ്ഥിതികര്‍ക്ക് അപ്രിയമാകാരുണ്ടെങ്കിലും മാധ്യമ, സാമൂഹിക രംഗത്തെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന മികച്ച കഥാകൃത്തിനു അഭിനന്ദനങ്ങള്‍..

 2. സക്കറിയയുടെ പറച്ചില്‍ കേട്ടാല്‍ തോന്നുക ഇത് ഇന്ന് തുടങ്ങിയയാണെന്നാണ്. മുന്‍കാലങ്ങളില്‍ സക്കറിയ ഇതേ മാധ്യമങ്ങളെ സൗകര്യം പോലെ ഉപയോഗിച്ചിട്ടുണ്ട്. ടീവീയില്‍ യഥേഷ്ടം വിളമ്പിയിട്ടുമുണ്ട്. അന്നത്തെ കാലത്ത് കുത്തകമാധ്യമങ്ങള്‍ക്കൊരു ബദല്‍ സങ്കല്പിക്കാന്‍ പോലുമാവുമായിരുന്നില്ല. സാങ്കേതികവിദ്യ ഏറെ വളര്‍ന്ന ഇന്ന് ബദല്‍ മാധ്യമങ്ങള്‍ക്ക് അനന്തസാധ്യതകള്‍ ആണ് ഉള്ളത്. അന്നതേത് സക്കറിയയുടെ ആമാശയകാലം. ഇന്നത്തേത് ആശയകാലവും!!

 3. ഇരകള്‍ ആരെന്ന് അനുസരിച്ചായിരിക്കും ഇവരുടെ സെന്‍സേഷണലിസം പ്രവര്‍ത്തിക്കുക. പയ്യന്നൂരിൽ ചില ഇരകളെ കിട്ടിയപ്പോല്‌ ഈ സെന്‍സേഷണലിസം നന്നയി ആസ്വദിക്കപ്പെട്ടിരുന്നു

 4. സക്കറിയയുടെ ലേഖനം വായിച്ചു.കാര്യങ്ങള്‍ മനസിലവുന്നതില്‍ സന്തോഷം. പക്ഷെ ഇതേ സക്കറിയ തന്നെ പല തവണ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടൊണ്ട്.വായനക്കാര്‍ മണ്ടന്മാരല്ല.

 5. “മുസ്ലിംലീഗിനെ അവര്‍ തൊടില്ല. ഇത് ഗംഭീരമായ ഒരു കളിയാണ്”

  IUML works with in the aegis of the Indian constitution and is with the mainstream even under the most bleak ordeals.
  At the same time there are sections who define themselves as Leftist – progressive liberals and finds many virtue with the pan-islamists
  (Jamaat e Islami , SIMI etc) which sprouted on the background of Islamic revolution in Iran & anti-Soviet Afghan Jihad.

  The great irony is the conspiracy spread here that “Blogsphere is a play ground of Hindutva vadis”. In fact anyone can understand the ground reality ,that its the self proclaimed leftists and Pan Islamist who fill the blogosphere

Leave a Reply to Ananoy Cancel reply

Your email address will not be published. Required fields are marked *