സൂക്ഷിക്കുക, ഈ കോബ്ര കൊത്തും

അതി സമ്പന്നരായ സഹോദരങ്ങള്‍/സുഹൃത്തുക്കള്‍, അവര്‍ക്കു പ്രേമിക്കാന്‍ പാകത്തില്‍ രണ്ട് തരുണികള്‍ (അതും ഡോക്ടര്‍മാര്‍!), പറഞ്ഞു പണിയിച്ച മാതിരി രണ്ടു വില്ലന്‍മാര്‍, അവരുടെ കുതന്ത്രങ്ങള്‍, സഹോദരങ്ങളുടെ സെന്റിമെന്റ്സ്, കരച്ചില്‍, പിഴിച്ചില്‍, ധര്‍മസങ്കടം, ക്ലൈമാക്സ് അടി, ഗ്രൂപ്പ് ഫോട്ടോ എന്ന മട്ടില്‍ പുരോഗമിച്ച് അവസാനിക്കുന്ന ചിത്രം ഒരിടത്തുപോലും പ്രേക്ഷകനെ സ്പര്‍ശിക്കുന്നതേയില്ല. ശരാശരി എന്റര്‍ടെയിനര്‍ എന്നുപോലും ‘കോബ്ര’യെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അങ്ങേയറ്റം ദുര്‍ബലമായ കഥയിലേക്ക് ഏച്ചു കെട്ടിയ ക്ലൈമാക്സ് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നതുമില്ല -അന്നമ്മക്കുട്ടി എഴുതുന്നു

 

 

മലയാള സിനിമയെ രക്ഷിക്കാന്‍ ഇതാ ഒരു പുതിയ കൂട്ടര്‍ കൂടി. ഓണ്‍ലൈന്‍ സിനിമ മാര്‍ക്കറ്റിങ് വിദഗ്ധര്‍! ഒരു സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പേജുണ്ടാക്കി റിലീസ് ദിവസം ആയിരം ‘ലൈക്ക്’ അടിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണത്രെ ഫീസ്. ഏതു തറ സിനിമയായാലും ‘സിനിമ ഗംഭീരം’ എന്ന് 100 പേരെക്കൊണ്ട് കമന്റും ചെയ്യിക്കും. കേരളത്തില്‍ സജീവമായ ഇത്തരം ഓണ്‍ലൈന്‍ കൊള്ളക്കാരുടെ സേവനം പല മലയാള സിനിമകളും ഉപയോഗിക്കുന്നതായി ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്ത പറയുന്നു. റിലീസ് ദിവസം തിയറ്ററുകളില്‍ കയ്യടിക്കാന്‍ ആളുകളെ വാടകയ്ക്ക് സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങളും കേരളത്തിലുണ്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഓണ്‍ലൈന്‍ സിനിമ നിരൂപണമെഴുത്ത് നിര്‍ത്തിയാലോ എന്ന് ഗൌരവമായി ആലോചിച്ചുകൊണ്ടിരിക്കവെയാണ് ഈയുള്ളവള്‍ ‘എക്സ്പ്രസ്’ വാര്‍ത്ത വായിച്ചത്. ബോറന്‍ സിനിമകളെ ‘മഹത്തരം’ എന്ന് ഫേസ്ബുക്കില്‍ പുകഴ്ത്താനും ലൈക്ക് അടിക്കാനും കയ്യടിക്കാനും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍! അങ്ങനെയുള്ളൊരു നാട്ടില്‍ സിനിമ കണ്ട് സത്യസന്ധമായി അഭിപ്രായം പറയാനും ആരെങ്കിലുമൊക്കെയുണ്ടാവണമല്ലോ. അതിനാല്‍ ഈ ഫസ്റ് വിറ്റ്നസ് എഴുത്ത് സജീവമായി തുടരാന്‍ തീരുമാനമായി. നേരേ പോയി കണ്ടത് ‘കോബ്ര’.

 

 

സിദ്ദീഖ്-ലാല്‍ ടീമിന്റെ സിനിമകള്‍ മലയാളത്തിലെ എക്കാലത്തേയും വലിയ വാണിജ്യ വിജയങ്ങള്‍ ആകാന്‍ മൂന്നു പ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നു. പുതുമയുള്ള ശുദ്ധ ഹാസ്യം, പ്രമേയത്തിലെ പുതുമയും ലാളിത്യവും, കഥ പറച്ചിലിലെ നാടകീയത. ഗോഡ്ഫാദര്‍, റാംജിറാവ് സ്പീക്കിങ്, വിയറ്റ്നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല തുടങ്ങിയവയൊക്കെ ഇന്നും സാധാരണ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുന്നത് കച്ചവട സിനിമയുടെ മര്‍മമറിഞ്ഞ ഈ ചേരുവകള്‍ കാരണമാണ്. സിദ്ദീഖ്^ലാല്‍ ജോഡി വേര്‍പിരിഞ്ഞെങ്കിലും വാണിജ്യസിനിമയുടെ വിജയതന്ത്രങ്ങള്‍ ഇരുവര്‍ക്കും കൈമോശം വന്നില്ല.

സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’, ‘ഹിറ്റ്ലര്‍’, ‘ക്രോണിക് ബാച്ചിലര്‍’ വിജയങ്ങളായി. ‘ബോഡിഗാര്‍ഡ്’ മറ്റു ഭാഷകളിലും തരംഗമായി. ലാല്‍ ഒറ്റയ്ക്ക് സംവിധാനം നിര്‍വഹിച്ച ‘ടു ഹരിഹര്‍ നഗര്‍’,’ഇന്‍ ഗോസ്റ് ഹൌെസ്’ തിയറ്ററില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ‘ടൂര്‍ണമെന്റ്’ എന്ന പരീക്ഷണ ചിത്രം വലിയൊരു പരാജയമാവുകയും ചെയ്തു.

 

 

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാല്‍ വീണ്ടും സംവിധായക വേഷമണിയുമ്പോള്‍, ആ സിനിമയില്‍ മമ്മൂട്ടിയും ലാലും മുഖ്യ കഥാപാത്രങ്ങളാവുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ പ്രതീക്ഷിക്കുക പുതുമയുള്ള മുഷിപ്പിക്കാത്തൊരു എന്റര്‍ടെയിനറാവും. നിര്‍ഭാഗ്യവശാല്‍ ‘കോബ്ര’ അങ്ങനെയല്ല. തിയറ്റര്‍ വിട്ടിറങ്ങിപ്പോവാന്‍ നമ്മെ പ്രേരിപ്പിക്കും വിധം അത് വിരസവും അരോചകവുമാണ്.

‘തെങ്കാശിപ്പട്ടണം’, ‘തൊമ്മനും മക്കളും’ തുടങ്ങി പല കോമഡി സിനിമകളില്‍ നാം കണ്ടു മടുത്ത സഹോദര/സൌഹൃദ ബന്ധത്തിന്റെ കഥ തന്നെയാണ് കാര്യമായ പുതുമകളൊന്നുമില്ലാതെ ലാലും പറയുന്നത്. തമാശകള്‍ ഭൂരിപക്ഷവും ഏശുന്നതേയില്ല എന്നതു പോകട്ടെ നമ്മെ കരയിപ്പിക്കും വിധം അരോചകവുമാണ്. ടെലിവിഷന്‍ ചാനലുകളിലെ കോമഡി ഷോകളുടെ നിലവാരം പോലും പുലര്‍ത്താത്ത ഹാസ്യവും കഥാഗതിയിലെ അസ്വഭാവികതകളും ചേരുമ്പോള്‍ ‘കോബ്ര’ വലിയ ശിക്ഷയാവുന്നു.

 

 

അതി സമ്പന്നരായ സഹോദരങ്ങള്‍/സുഹൃത്തുക്കള്‍, അവര്‍ക്കു പ്രേമിക്കാന്‍ പാകത്തില്‍ രണ്ട് തരുണികള്‍ (അതും ഡോക്ടര്‍മാര്‍!), പറഞ്ഞു പണിയിച്ച മാതിരി രണ്ടു വില്ലന്‍മാര്‍, അവരുടെ കുതന്ത്രങ്ങള്‍, സഹോദരങ്ങളുടെ സെന്റിമെന്റ്സ്, കരച്ചില്‍, പിഴിച്ചില്‍, ധര്‍മസങ്കടം, ക്ലൈമാക്സ് അടി, ഗ്രൂപ്പ് ഫോട്ടോ എന്ന മട്ടില്‍ പുരോഗമിച്ച് അവസാനിക്കുന്ന ചിത്രം ഒരിടത്തുപോലും പ്രേക്ഷകനെ സ്പര്‍ശിക്കുന്നതേയില്ല. ശരാശരി എന്റര്‍ടെയിനര്‍ എന്നുപോലും ‘കോബ്ര’യെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അങ്ങേയറ്റം ദുര്‍ബലമായ കഥയിലേക്ക് ഏച്ചു കെട്ടിയ ക്ലൈമാക്സ് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നതുമില്ല.

ഒരു മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ അതു മുഴുവന്‍ തിന്നു നോക്കേണ്ടതില്ല. മുട്ട പൊളിക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധം പരക്കും. ആദ്യ സീന്‍ മുതല്‍ അവസാന രംഗം വരെ ദുര്‍ഗന്ധം മാത്രം പരത്തുന്ന ചീമുട്ടയാണ് ‘കോബ്ര’.

അസാമാന്യ ക്ഷമയുണ്ടെങ്കില്‍ മാത്രം ഈ സിനിമ കാണാന്‍ തിയറ്ററിലേക്കു കയറിയാല്‍ മതി. പ്രേക്ഷകരെ കൊത്തുന്ന കോബ്രകള്‍ നിറഞ്ഞാടുന്ന മലയാള സിനിമയില്‍ ഇത്തരം മൂര്‍ഖന്‍മാര്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കും. അവരുടെ കടിയേല്‍ക്കാതെ ഒഴിഞ്ഞു നടക്കുക മാത്രമാണ് സാധാരണ പ്രേക്ഷകന് ചെയ്യാനുള്ളത്.

19 thoughts on “സൂക്ഷിക്കുക, ഈ കോബ്ര കൊത്തും

 1. വെറുതെ കണ്ടെന്നു പറഞ്ഞാല്‍ പോര തെളിവു വേണം അല്ലേല്‍ ഈ ഓണ്‍ലൈന്‍ കാരു ചെയ്യുന്ന പോലെ കാശുവാങ്ങി റിവ്യൂ എഴുതിയതാണേന്നു എങ്ങനെ അറിയും
  ടിക്കറ്റിന്റെ പകുതി സ്കാന്‍ ചെയ്തു ഇടാനോ അതോ മൊബയിലില്‍ ഒരു പിക്‌ചര്‍ എടുത്തിടാനോ പറ്റുമല്ലോ ?

 2. കോബ്ര ഞാന്‍ കണ്ടതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ നിലവാരം വച്ച് കോബ്ര നല്ല ഒരു സിനിമയാണ്. “മമ്മൂക്ക-ലാല്‍” കൂട്ടുകെട്ട് എന്ന് കേട്ടാല്‍ തന്നെ പ്രതീക്ഷിക്കേണ്ടത് കോമഡിയാണ്.

 3. സിനിമയുടെ ട്രെയിലെര്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി എത്രത്തോളം നിലവാരം ഉണ്ടാവും എന്ന്. നിങ്ങള്‍ പറഞ്ഞത് ശരിയാണ് മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ മുഴുവന്‍ തിന്നു നോക്കേണ്ട കാര്യമില്ല.

 4. കോബ്ര എന്നാ നാടകം ……….

  മമ്മൂട്ടി എന്നാ മഹാ നടനോട് ആദ്യം തന്നെ പറയട്ടേ… തങ്ങള്‍ക് ഇ ടൈപ്പ് കഥാപാത്രം ബോര്‍ അടിച്ചു തുടങ്ങിയിലേ…. പക്ഷെ കാണികള്‍ മടുത്തു… വിദ്യാഭാസം ഇല്ല.., പീന്നെ ഗുണ്ടായിസം,കുറെ കാശ് ഉണ്ടാകും, കല്യാണം കഴിച്ചു കാണില്ല..,മുറി ഇംഗ്ലീഷും പീന്നെ കട്ടിയുള്ള മലയാളവും..,കോമഡി പോലെ എന്തോ പറയാന്‍ കൂടെ ശിങ്കിടികളും…. ഇക്കക്ക് സ്ത്രീധനം കിട്ടിയ കൂളിംഗ്‌ ഗ്ലാസും…. മടുത്തു ഇക്ക ഇത് കണ്ടു മടുത്തു…….പോരാത്തതിനു അങ്ങയുടെ മഹത്തായ ടപ്പം കുത്ത് ഡാന്‍സും(അങ്ങനെ എന്തോ) …..
  ഇനി സിനിമ…. എന്ന് ലാല്‍ അവകാസപെടുന്ന ഇതില്‍… കഥയിലേക് (അതില്ല) കടക്കുനില്ല…. ആദ്യ ഭാഗത്തില്‍ കുറെ നനഞ്ഞ പടക്കം പോലെ ഉള്ള കുറെ കോമഡികല്‍ … പകുതിയും ഏറ്റില്ല….രണ്ടാം പകുതിയില്‍ കഥയില്ല കഥയിലേക് കടന്നു…… പക്ഷെ ഒരു LKG കാരന് പോലും ഉഹികാന്‍ പറ്റുന്ന കഥ ഗതി……. പണ്ട് നഷ്ടപെട് പോയ ഇരട്ടസഹോദരനെ മുന്നില്‍ നിര്‍ത്തി വില്ലന്‍മാര്‍ കളിക്കുന്നു…. ലാസ്റ്റ് boxing മത്സരത്തില്‍ ഇക്ക കുറെ ഇടി മേടികുന്നു…. ലാലിനെ ഇടികുമ്പോള്‍ തിരിച്ചു ഇടികുന്നു… ( m Kumaran, Badari പോലെ ഉള്ള തമിഴ് സിനിമയുടെ same climaxum..)….
  മംമൂട്യ്ക് ഇത് ഒരു വിഷയം അല്ല.. കാരണം.. ഇത് പുള്ളിയുടെ 8 മത്തെ തുടര്പരാജയമാണ്.. കോബ്ര….. പക്ഷെ ലാല്‍ എന്നാ Directoril നിന്നും ചിലത് പ്രതിഷിച്ചു പോയാല്‍ അമ്പേ നിരാശ മാത്രം…… മയമോഹിനി ഒരു മോശം പടം എന്ന് വിചാരിച്ച ഞാന്‍ ഇത് കണ്ടപ്പോള്‍ ഇതിലും നല്ലത് ദിലീപിന്റെ പെണ്‍വേഷം ആയിരുന്നു എന്ന് വിചാരിച്ചു…….
  Kolaveri Da എന്ന് സിനിമയില്‍ പറയുന്ന ഇക്ക അത് സിനിമ കണ്ട എന്നെ പോലെ ഉള്ള പ്രേക്ഷകരോട് ആണ് ചോദിച്ചത്…….

  KOLAVAERI DA……………

  • rightly said umesh…

   wat the hell is this lal think abt cinema making… he made hits for some really bad movies before. harihar nagar 3 and tournament were horrible.. let him study a lesson this time…

   and dearest mammootty… pls restrict your acting to serious movies or movies from good directors like renjith etc. otherwise history will repeat. pls stop releasing thappana…

  • എം കുമാരന്‍ ബദ്രി മാത്രല്ല.. മമ്മൂട്ടി ടെ തന്നെ വേറെ പടം ഉണ്ട്.. ലവ് ഇന്‍ സിങ്കപ്പൂര്‍.. ഓര്‍മയില്ലേ..??

 5. ഇന്നലെ ഡയറക്ടര്‍ ലാല്‍, റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്നു പറഞ്ഞതിങ്ങനെ: ‘മമ്മൂക്ക ജീന്‍സ് ഇട്ടു നടന്ന കാലത്ത് അദേഹത്തെ വെച്ച പടമെടുതില്ലെങ്കില്‍ പിന്നെ എന്റെ മക്കള്‍ അടക്കമുള്ള വരും തലമുറ എന്നോട് പൊറുക്കില്ല ന്നു..’ 😀 പടം തട്ടിക്കൂട്ടാനെന്നു പുള്ളി തന്നെ പറഞ്ഞു വെക്കുവയിരുന്നു അപ്പോള്‍…!!!

 6. 60 വയസുള്ള മമ്മൂട്ടി 56 വയസുള്ള ലാലു അലക്സ്‌ ന്‍റെ മരുമകന്‍ ….. Wow cobra Rokz…. 🙂

 7. എന്തൊരു ബോര്‍ പടം …മമ്മൂടി ഫാന്‍സ്‌ പോലും കൂവി പോഗും.ഈ പടം ആസ്വദിക്കാന്‍ കഴിഞ്ഞ സുഹൃത്തുക്കളോട് അസൂയ തോന്നുന്നു…കുപ്പതോട്ടിയിലും സൌന്ദര്യം കാണാന്‍ അവര്ക് കഴിയും കുപ്പതോട്ടിയാണ് ഇതിലും ഭേദം എന്റമ്മോ

 8. ee sinimaku thala vechu kodukendi vanna oru hatha baagyanaanu njaan….. Ithilum nallathu nisamudheen expresinu thala vekkunnathayirunnu…. Thara valipukalude chalikundu lalum mammoottiyum thamil chali eril parasparam malsarichu…. Mamootti uluppu enna sadhanam undenkil ee thara paripadi nirthanam….

 9. നാല്പതു വയസ്സു കടന്നിട്ടും പെണ്ണ് കെട്ടാത്ത നായകന്‍ വിദ്യാഭാസം തൊട്ടു തീണ്ടിയില്ലേലും മുറിയന്‍ ഇംഗ്ലീഷ് മൊഴിയും,ഗുണ്ടകള്‍ക്ക് പേടി സ്വപ്നം ആണേലും അതെ പണി തന്നെ മൂപ്പരും ചെയ്യും, എങ്കിലും ഉന്നത കുലജാതരായ പെണ്ണുങ്ങള്‍ പ്രേമിച്ചു കൊല്ലും..ഇതൊക്കെ കണ്ടു കണ്ടു മടത്ത പ്രേക്ഷകര്‍ ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ തേടി പിടിച്ചു കാണുകയാണെന്ന കാര്യം പോലും സിനിമയുടെയും ജനങ്ങളുടെയും സ്പന്ദനങ്ങള്‍ ഓരോ നിമിഷവും അറിയുമെന്ന് വീമ്പിളക്കുന്ന ലാലും മമ്മുട്ടിയും അറിയാതെ പോകുന്നു..നരസിംഹം,ദേവാസുരം പോലുള്ള അമാനുഷിക ചിത്രങ്ങള്‍ക്ക് കഥ എഴുതിയ രഞ്ജിത്ത് ഇന്ന് എത്രയോ ജനപ്രിയ സിനിമകള്‍ ചെയ്യുന്നു…എന്നിട്ടും ഈ ലാല്‍ പഴയ വീഞ്ഞ് നിറക്കാന്‍ കുപ്പിയും തേടി ആര്യവൈദ്യശാലകള്‍ കേറിയിറങ്ങുന്നു..കഷ്ടം!

 10. കോബ്ര പോലത്തെ വൃത്തികെട്ട സിനിമ ഞാന്‍ അടുത്തകാലത്ത് കണ്ടിട്ടില്ല, female 22 kottayam കണ്ടതിനു ശേഷമാണ് സമധാനം ആയത്

 11. അങ്ങനെ ഈ സിനിമയും കാണേണ്ട. അന്നമ്മക്കുട്ടീ നന്ദി. ഒരായിരം നന്ദി. മമ്മൂട്ടിക്കാ പരിപാടി നിര്ത്തി കൂളിംഗ് ഗ്ലാസ് കച്ചോടത്തിന് ഇറങ്ങിക്കോളു. ഇനിയെങ്കിലും സെലക്ഷന് നന്നാക്കൂ ഇക്കാ. അവസാനകാലത്ത് ആരാധകരെക്കൊണ്ട് കൂവിപ്പിക്കരുത്. ലാല് ലേശംകൂടി വിവേകം കാണിച്ചാല് നന്ന്. കോമഡിഷോകള് നിരന്തരം കാണുന്ന മലയാളികള്ക്ക് കോപ്രായം അല്ല കോമഡി എന്ന വിവരമുണ്ടെന്ന തിരിച്ചറിവെങ്കിലും മഹാനായ ഡയറക്ടറ്ക്ക് വേണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *