ഈ ലോകം എന്റെ വിശുദ്ധ ഇടം

 ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ ഇന്റര്‍നെറ്റ് ഉപയോഗം വാര്‍ത്തയായി. ആണ്‍കുട്ടികളുടെ നോട്ടവും ഇടപെടലും മിക്കവാറും മോശമായി. ഒരു ദിവസം എന്റെ ബാച്ചിലെ ഒരു കുട്ടി എന്നോട് പേസണലായി വന്ന് പറഞ്ഞു. ‘ജെസ്സി ഇനി ഇന്റര്‍നെറ്റ് കഫേയില്‍ പോകരുത്. എല്ലാവരും ഓരോന്ന് പറയുന്നത് കേട്ടാല്‍ സഹിക്കില്ല.’ എന്താണ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചില്ല. അതൂഹിക്കാവുന്നതേ ഉള്ളല്ലോ- വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ജെസി ലൈല ജോയ്എഴുതുന്നു

 

 

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാന്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് വായിച്ചറിയുന്നത്. ‘വനിത’യിലോ മറ്റോ. ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍ വീണുഴലുന്ന യുവത്വം എന്ന പേരിലെങ്ങാനുമുള്ള ഒരു ഫീച്ചര്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം പാഴായിപ്പോകുന്നതിനേക്കാളും അപകടകരമായ അവസ്ഥയായാണ് ചാറ്റിങ്ങ് കുരുക്കുകളില്‍ അകപ്പെട്ടവരെ അന്നത്തെ മുഖ്യധാരാമാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്നത്. മാത്രമല്ല ഇതിന്റെയെല്ലാം കേന്ദ്രം ബാംഗ്ലൂരായിരുന്നു. അത്തരം വികലമായ ബോധങ്ങള്‍ ഇവിടുത്തെ പൊതുസമൂഹത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് തസ്നി ബാനു സംഭവം. ഇവിടം ബാംഗ്ലൂരാക്കാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു ആണ്‍കൂട്ടം തസ്നിയോട് കയര്‍ത്തത്. ബാംഗ്ലൂരില്‍ പഠിച്ചതോ ജോലി ചെയ്തതോ ആയ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍. നമ്മുടെ മാധ്യമങ്ങള്‍ കാണിച്ചുകൊണ്ടിരിരുന്ന ഈ നെറികേട് ഒരു സാംസ്കാരിക പൈതൃക പ്രവര്‍ത്തനമല്ല, കച്ചവടമായിരുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള നവമാധ്യമങ്ങളുടെ അനിയന്ത്രിതമായ ഇടപെടല്‍ അവര്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. അതിനെ തകര്‍ക്കാനുള്ള തന്ത്രമായിരുന്നു ഓണ്‍ലൈന്‍ യുഗത്തിന്റെ ആരംഭത്തില്‍ത്തന്നെ അവര്‍ ചെയ്തിരുന്നത്. പക്ഷെ അതിലവര്‍ പരാജയപ്പെട്ടുപോയി. പതിറ്റാണ്ടുകളായി പിഴവുകളില്ലാതെ അവര്‍ നിര്‍മിച്ചുകൊണ്ടിരുന്ന സവര്‍ണ പുരുഷമേധാവിത്ത വാണിജ്യാധിഷ്ഠിത ബോധത്തിന്റെ തകര്‍ച്ച തുടങ്ങിയത് ഓണ്‍ലൈന്‍ സങ്കേതങ്ങളുടെ മുഖ്യധാരാവത്കരണത്തിലൂടെയാണ്.
ഇത്രയും വിരസമായി കാര്യങ്ങളവതരിപ്പിക്കരുത് എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള പൊതുബോധം എത്രമാത്രം അപകടകരമായിരുന്നു എന്ന് പറഞ്ഞു തുടങ്ങാന്‍ ഇതല്ലാതെ മാര്‍ഗമില്ല.

 

 

ജയിംസേട്ടന്‍
എന്റെ നാട്ടിലും വീട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും എല്ലായിടത്തും ഇന്റര്‍നെറ്റ് ഒരു തെറ്റായിരുന്നു. ചാറ്റിങ്ങ് പാപവും. അത്തരം വിശ്വാസപ്രമാണങ്ങളോടൊപ്പം ഞാനും നിശãബ്ദമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ സമയത്ത് എന്റെയൊരു ബന്ധു ജയിംസേട്ടന്‍ ഒരാഴ്ച വീട്ടില്‍ വന്നുനിന്നു. പുള്ളി വരുന്നത് ബാംഗ്ലൂരില്‍നിന്നാണ്. അവിടെ എന്തൊക്കെയോ കുഴപ്പങ്ങളൊപ്പിച്ചാണ് വരവെന്നാണ് മമ്മി പറഞ്ഞത്. ‘അവരീ വേറെ കള്‍ചറിലൊക്കെ വളര്‍ന്ന പിള്ളേരാ. നീയധികം അടുത്തിടപഴകാനൊന്നും പോകണ്ട. നമുക്കാണെങ്കില്‍ വേണ്ട എന്ന് മറുത്ത് പറയാന്‍ പറ്റാത്തതുകൊണ്ടുള്ള ഓരോ കുഴപ്പങ്ങളാ.’ ഞാന്‍ ശരിക്കും പേടിച്ചുപോയി. ഒന്നാമതെനിക്കീപ്പറയുന്ന ചേട്ടന്മാരില്‍നിന്നും നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. കൂടാതെ ബാംഗ്ലൂരില്‍ നിന്ന് വലിയ കുഴപ്പങ്ങളുമായി വരുന്ന ഒരാള്‍ ഞാന്‍ താമസിക്കുന്ന വീടിന്റയുള്ളില്‍ താമസിക്കുമ്പോള്‍ എനിക്കെന്ത് സുരക്ഷിതത്വമാണുള്ളത്!

ഏതായാലും പറഞ്ഞതിനും രണ്ട് ദിവസം കഴിഞ്ഞ് കക്ഷിയെത്തി. ഭയങ്കര ജോളിയായി, റോട്ടീന്നേ പപ്പായെ ‘ജോയിച്ചായോ’ന്ന് നീട്ടിവിളിച്ച് വീട്ടിലേയ്ക്ക് ചാടിത്തുള്ളിക്കേറി അന്തം വിട്ട് നിന്ന പപ്പായെ കെട്ടിപ്പിടിച്ചു. ‘എന്റാന്റീ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കാനായി ചെന്നപ്പോള്‍ മമ്മി അത് ഷേക് ഹാന്റിലൊതുക്കി. ഉടനെ വെളിയിലേയ്ക്കിറങ്ങി വന്ന എന്നെയും കെട്ടിപ്പിടിക്കുമോന്ന് ഭയപ്പെട്ട മമ്മി എന്നോട് വീടിന്റുള്ളിലേയ്ക്ക് കേറിപ്പൊയ്ക്കൊള്ളാന്‍ കണ്ണ് കൊണ്ട് കാണിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുടെയും പേടിയൊക്കെ പോയി. കക്ഷി കാര്യങ്ങളങ്ങോട്ട് കയറി ഹെഡ് ചെയ്യുന്നതൊഴിച്ചാല്‍ അപകടകാരിയല്ലെന്ന് മനസ്സിലായി. വളരെ വേഗം ഞങ്ങള് നല്ല കൂട്ടായി. കക്ഷിയൊരു ചൈനാക്കാരി പെണ്‍കുട്ടിയുമായി കടുത്ത പ്രേമത്തിലാണ്. യാഹൂ മെസഞ്ചറിലൂടെ പരിചയപ്പെട്ടതാണത്രെ. മൂന്ന് വര്‍ഷമായെന്ന്. എപ്പോഴും പാട്ടുകേള്‍ക്കാറുള്ള വാക്മാനില്‍ എന്നെയും പാട്ടുകള്‍ കേള്‍പ്പിച്ചു.

Roses are red, my love
Violets are blue
Honey is sweet my love
But not as sweet as you’

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മനസ്സിലാക്കി, അത് ജിം റീവ്സ് ആയിരുന്നെന്ന്. ചൈനാക്കാരിച്ചേച്ചി ഏതോ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു. അവരുടെ ഫോട്ടോ എന്നെ കാണിച്ചു. അടിയില് മഞ്ഞ നിറത്തില്‍ ഡേറ്റൊക്കെയുള്ള ഒരു ഫോട്ടോ. ഭയങ്കര ഭംഗിയുള്ളൊരു കുട്ടിപ്പാവാടേം കുഞ്ഞി വള്ളിട്ടോപ്പുമൊക്കെയിട്ട് ഒരു സുന്ദരിച്ചേച്ചി. ചൈനയിലെ ഭക്ഷണത്തെക്കുറിച്ചും കോഫി ഷോപ്പുകളെക്കുറിച്ചും കല്യാണം കഴിഞ്ഞാല്‍ അവര്‍ പോകാന്‍ പോകുന്ന വിചിത്രമായ സ്ഥലങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും തുടങ്ങിയാല്‍ നിര്‍ത്താത്തപോലെയുള്ള വിവരണങ്ങളായിരുന്നു ജയിംസ്ചേട്ടന്. പക്ഷെ കല്യാണം കഴിക്കാന്‍ വീട്ടുകാര് സമ്മതിക്കില്ല. പരസ്പരം കാണാന്‍ ഇരുരാജ്യങ്ങളും വിസ നല്‍കില്ല. എന്നാലും അവര്‍ കാണാന്‍ വേണ്ടി പൈസ കൂട്ടിവെയ്ക്കുന്നുണ്ട്. ജയിംസേട്ടന്‍ പറഞ്ഞിരുന്ന കഥകളും സംഭവങ്ങളും കാഴ്ചകളും അതിരുകളില്ലാത്ത സ്വപ്നങ്ങളുമെല്ലാം അപരിചിതമായിരുന്നെങ്കിലും അതെല്ലാം എനിക്കൊരു വഴിത്തിരിവായിരുന്നു. ഈ breaking the shell എന്നൊക്കെ പറയില്ലേ.

 

 

വല്യപ്പച്ചന്റെ മരിച്ചടക്ക്
അതുപോലെ. പണ്ട് ജയിംസേട്ടന്റെ വല്യപ്പച്ചന്‍ മരിച്ചപ്പോള്‍ മരിച്ചടക്കിനായി ഒത്തിരിനാളിനുശേഷം ആലപ്പുഴയിലുള്ള വീട്ടില്‍ വന്നിരുന്നു കക്ഷി. വൈകുന്നേരമുള്ള മരിച്ചടക്കിനുമുമ്പ് സമയം കണ്ടെത്തി രാവിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ ചാറ്റ് ചെയ്യാന്‍ പോയി. അവടെച്ചെന്നപ്പോഴാണറിഞ്ഞത് ചേച്ചിക്കൊരു ചെറിയ ആക്സിഡന്റുണ്ടായെന്ന്. കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ ചേച്ചി ഒരുപാട് പേടിച്ചിരുന്നു.ചേച്ചിയെ സമാധാനിപ്പിച്ച് കഫേയിലിരുന്ന് സമയം പോയതറിഞ്ഞില്ല. രാത്രി എട്ടേമുക്കാലിന് കടയടയ്ക്കുമ്പോഴാണ് വല്യപ്പച്ചന്റെ മരിച്ചടക്ക് പത്ത് മണിക്കൂര്‍ ചാറ്റിങ്ങില്‍ മുങ്ങിപ്പോയെന്നറിയുന്നത്. അവിടുത്തെ ബില്ലാണെങ്കില്‍ മണിക്കൂറിന് 85 രൂപ വച്ച് 850 രൂപ. കയ്യിലാണെങ്കില്‍ അഞ്ഞൂറ് രൂപയേ ഉണ്ടായിരുന്നുള്ളൂ. അത്രയും പൈസയാവുമെന്ന് വിചാരിച്ചിരുന്നുമില്ല. ബാക്കി പൈസ അടുത്ത ദിവസം തരാമെന്ന് പറഞ്ഞെങ്കിലും കടക്കാരന്‍ സമ്മതിച്ചില്ല. അവസാനം മരണ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്യേണ്ടി വന്നു. വല്യപ്പച്ചന്റെ മരിച്ചടക്കിന് വരാതെ ഇന്റര്‍നെറ്റിലുണ്ടാക്കാന്‍ പോയി കടക്കാരന്‍ പിടിച്ചുവച്ചിരിക്കുന്നു. അവസാനം ആരോ ചെന്ന് പണം കൊടുത്തൂരിയെങ്കിലും അങ്ങനെയൊരു സംഭവം ഉണ്ടാക്കിയ terrorല്‍ ജയിംസേട്ടന്‍ ക്രൂശിക്കപ്പെട്ടു.
ആ സമയത്ത് വല്യപ്പച്ചന്റെ മരിച്ചടക്കിനു പോകുന്നതിനെക്കാളും എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നു ചേച്ചിയോടൊപ്പം സമയം ചിലവഴിച്ചതെന്നെനിക്കു തോന്നി.

പോകുന്നതിന് തലേദിവസം ജയിംസേട്ടന്‍ എനിക്ക് കയ്യിലുണ്ടായിരുന്ന പേജര്‍ എന്ന സാധനം കാണിച്ച് തന്നു. ‘ഒത്തിരിനാള് കഴിയുമ്പം ഇവിടുള്ള എല്ലാവരുടേയും കയ്യില്‍ ഇതുപോലോരോന്നുണ്ടാവും. അപ്പോള്‍ നമുക്കിതിലൂടെ മെസേജുകളയയ്ക്കാം.’ എന്നാല്‍ ഞാന്‍ ആ സാധനം ജീവിതത്തിലിന്നേവരെ വേറെങ്ങും കണ്ടിട്ടില്ല. അതുപോലൊരു മനുഷ്യനേയും. പോകാന്‍ നേരം എന്നെ മുറുക്കിക്കെട്ടിപ്പിടിച്ചു. അന്നാദ്യമായാണ് അത്രയും കംഫര്‍ട്ടബിള്‍ ആയ ഒരു പുരുഷസ്പര്‍ശം ഞാനനുഭവിക്കുന്നത്.

 

 

യാഹൂ എക്കൌണ്ട്
ഞാനും ഇന്റര്‍നെറ്റില്‍ ആക്റ്റീവാകാന്‍ തീരുമാനിച്ചു. യാഹൂവിലൊരു എക്കൌണ്ട് തുടങ്ങിയാല്‍ കമ്യൂണിക്കേഷന്‍ നിലനിര്‍ത്താനാവുമെന്ന് ജയിംസേട്ടന്‍ പറഞ്ഞിരുന്നു. അങ്ങിനെ ഞാന്‍ കോളജിനടുത്തുള്ള ഇന്റര്‍നെറ്റ് കഫേയില്‍ ചെന്നു. അവിടെ ഫോട്ടോസ്റാറ്റും ഫാക്സും ടെലിഫോണ്‍ ബൂത്തുമുണ്ടായിരുന്നു. എനിക്ക് ഇന്റര്‍നെറ്റ് നോക്കണം എന്ന് പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ തുറിച്ച്നോക്കി. അവിടെ ജോലിക്ക് നിന്നിരുന്ന ചേച്ചി എനിക്ക് കാബിന്‍ കാണിച്ചുതന്നു. അതിനകത്തുകയറിയപ്പോള്‍ വാതിലടച്ചുതന്നു.

പുരുഷഗന്ധമുള്ള ആ കാബിനൊരു ട്രെയിന്റെ ടോയ്ലെറ്റാണെന്ന് തോന്നി. പബ്ലിക് ടോയ്ലെറ്റുകളില്‍ കാണുന്ന വിധം തെറിയും അതിനുചേര്‍ന്ന ചിത്രങ്ങളും ഫോണ്‍ നമ്പറുകളും അതിന്റെ ചുവരുകളില്‍. ഇപ്പോഴും അറപ്പുളവക്കുന്ന നീല നിറമുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോററായിരുന്നു ഏക ബ്രൌസര്‍. അതില്‍ ഞാന്‍ യാഹൂ ഐ ഡി ടൈപ് ചെയ്യാനായി ശ്രമിച്ചപ്പോള്‍ വന്ന പേജ് സജഷന്‍സ് മുഴുവനും ‘ഹോട്ട് ഹോട്ടര്‍ ഹോട്ടസ്റ്’ ‘സെക്സി സെക്സി സെക്സിയസ്റ്’ ‘ദേശി സെക്സ്’ ‘മല്ലു ഹോട്ട്’ തുടങ്ങിയ സൈറ്റുകളുടെ ലിങ്കുകള്‍ മാത്രമാണ്. അപ്പോളെനിക്ക് മനസ്സിലായി എങ്ങിനെയാണ് നമ്മുടെയാളുകള്‍ ഇന്റര്‍നെറ്റിനെ കാണുന്നതെന്ന്. അല്ലെങ്കില്‍ അവര്‍ എന്താണ് അതില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. അതിനേക്കാളുപരിയായി വല്യപ്പച്ചന്റെ ശവമടക്കിന് വരാതെ പത്ത് മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചിലവഴിച്ച ഒരാളെ ബാക്കിയുള്ളവര്‍ എങ്ങിനെയാകും കണ്ടിട്ടുണ്ടാവുക എന്ന്.

ഞാനങ്ങിനെ യാഹൂവിലൊരു എക്കൌണ്ട് തുടങ്ങി. മെയിലുകളയയ്ക്കാന്‍ പഠിച്ചു. ജയിംസേട്ടന്‍ അയച്ചുതരുന്ന ഫോര്‍വേഡ് മെയിലുകള്‍ വായിച്ച് രസിച്ചു. അല്ലാതെ അതില്‍ക്കൂടുതലൊന്നും എനിക്കതില്‍ ചെയ്യാനുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ ഇന്റര്‍നെറ്റ് ഉപയോഗം വാര്‍ത്തയായി. ആണ്‍കുട്ടികളുടെ നോട്ടവും ഇടപെടലും മിക്കവാറും മോശമായി. ഒരു ദിവസം എന്റെ ബാച്ചിലെ ഒരു കുട്ടി എന്നോട് പേസണലായി വന്ന് പറഞ്ഞു. ‘ജെസ്സി ഇനി ഇന്റര്‍നെറ്റ് കഫേയില്‍ പോകരുത്. എല്ലാവരും ഓരോന്ന് പറയുന്നത് കേട്ടാല്‍ സഹിക്കില്ല.’ എന്താണ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചില്ല. അതൂഹിക്കാവുന്നതേ ഉള്ളല്ലോ.

 

 

xxx, xx, x
അതോടൊപ്പം തന്നെ ഒരു കാര്യം കൂടി അറിയാന്‍ സാധിച്ചു. ഇന്റര്‍നെറ്റ് കഫേയില്‍ ജോലി ചെയ്യുന്ന ചേച്ചിമാരെ കല്യാണം കഴിക്കാനും ആളുകള്‍ക്ക് താല്‍പര്യമില്ലത്രേ. ആരെങ്കിലുമൊന്ന് കണ്ണോ കയ്യോ കാണിച്ചാല്‍ ആരുടെകൂടെവേണമെങ്കിലും കിടക്കാന്‍ തയ്യാറാകുമത്രേ. ഡയല്‍ അപ് കണക്ഷന്‍ സ്ലോ ആയതുകൊണ്ടും വിചാരിക്കുന്നത്ര എളുപ്പം പോണ്‍ സൈറ്റുകളില്‍ കാര്യമായെന്തങ്കിലും കാണാന്‍ പറ്റാത്തതും കാരണം ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗം കുറയാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്ന് തോന്നുന്നു ഇത്തരം കഫേകളിലെ കംപ്യൂട്ടറുകളുടെ ഫോള്‍ഡറുകളില്‍ പോണ്‍ വീഡിയോകള്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഒരിക്കല്‍ മെയിലില്‍നിന്ന് ഡൌെണ്‍ലോഡ് ചെയ്ത ഒരു പടം ഡെസ്ക്ടോപ്പില്‍ കാണാതെ വന്നു. അതിനുവേണ്ടി ഡ്രെവുകളില്‍ തപ്പിയപ്പോള്‍ കണ്ട ഒരു ഫോള്‍ഡറായിരുന്നു ‘virus don’t open’.

ഞാനതു തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ മൂന്ന് ഫോള്‍ഡറുകളുണ്ട്. xxx, xx, x.

xxxx ല്‍ ഇംഗ്ലിഷ് പോണ്‍ വീഡിയോകളാണ്. xx ല്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഇറങ്ങിയിട്ടുള്ള സിനിമകളില്‍നിന്നും കട്ട് ചെയ്തെടുത്ത ‘ചൂടന്‍’ രംഗങ്ങള്‍. x ല്‍ വീഡിയോ ഒന്നും ഉണ്ടായിരുന്നില്ല. അതെന്താണെന്നും അന്നെനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ കഴിഞ്ഞിടയ്ക്ക് എന്റെ ഒരു സുഹൃത്ത് ഈ ക്ലാസിഫിക്കേഷനെക്കുറിച്ച് സംസാരിച്ചു. ഇതില്‍ x എന്നാല്‍ ലൈവ് പോണ്‍ വീഡിയോസ് ആണ്. പേഴ്സണല്‍ വീഡിയോസ് ലീക് ഔട്ട് ആയതും മൊബൈല്‍ കാമറകളും ഒളിക്കാമറകളും വച്ച് ഇന്റര്‍നെറ്റ് കഫേകളിലും ബാത്റൂമുകളിലും ഹോട്ടല്‍മുറികളിലും തുടങ്ങി മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങളാണ് ത എന്ന കാറ്റഗറിയില്‍ വരുന്നത്. ഏറ്റവും കൂടുതല്‍ മാര്‍കറ്റ് ഇതിനാണ്. മൈസൂര്‍ മല്ലിക എന്ന പേരില്‍ രണ്ട് കമിതാക്കളുടെ പേഴ്സണല്‍ വീഡിയോ പുറത്തുവന്നതാണത്രേ ഈ ട്രെന്റിന്റെ പ്രധാന നാഴികക്കല്ല്.

‘Sexual craving of the Indian youth before and after Mallika’ എന്ന പേരിലൊരു റിസേച്ച് പേപ്പര്‍ വരെയുണ്ടായിട്ടുണ്ടെന്നവന്‍ പറഞ്ഞറിഞ്ഞു. xxx ഉം xxഉം കണ്ട് വരുന്ന ആളുകള്‍ക്ക് കുറച്ചുകൂടി ഭേദപ്പെട്ട ലൈംഗികവിചാരങ്ങള്‍ ലൈവ് പോണ്‍ നല്‍കുന്നുണ്ടെന്നാണ് അവന്റെ വാദം. അതിനോടേതായാലും ഞാന്‍ യോജിക്കുന്നില്ല. കാരണം വ്യക്തികളുടെ സ്വകാര്യതകളില്‍ കേറി നിരങ്ങിയിട്ടല്ലല്ലോ ഭേദപ്പെട്ട ലൈംഗികവിചാരങ്ങളുണ്ടാകേണ്ടത്. ഇത്തരം വീഡിയോകള്‍ പരസ്യമാകുന്നതോടനുബന്ധിച്ച് നിരവധി ആത്മഹത്യാശ്രമങ്ങളും ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. ഇതില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണ്. ഇത്തരം വീഡിയോകള്‍ പുറത്തുവരുന്നതോടുകൂടി ലോകം അവസാനിച്ചു എന്ന തോന്നല്‍ അവര്‍ക്കുണ്ടാകണമെങ്കില്‍ അത് സമൂഹം ഇതിനെ അത്ര ഹീനമായ പ്രവൃത്തിയായി കാണുന്നതുകൊണ്ടാണല്ലോ.

 

 

ലൈവ് പേഴ്സണല്‍ വീഡിയോ
എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയത് ഇതുമായി ബന്ധപ്പെട്ട വിപണി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. മൊബൈല്‍ ഫോണ്‍ സര്‍വീസിങ്ങ് സെന്ററുകളും ഇന്റര്‍നെറ്റ് കഫേകളും ചെയ്യുന്ന പുതിയൊരേര്‍പ്പാടുണ്ട്. മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡില്‍ പാട്ടുകളും ഗേമുകളും വോള്‍പേപ്പറുകളും വീഡിയോകളും നിറച്ചുകൊടുക്കുക. കൂട്ടത്തില്‍ പോണ്‍ വീഡിയോസും. അതില്‍ xxx നും xx നും ഡിമാന്റില്ല. ഡിമാന്റ് x നാണ്. പുതിയൊരു x വീഡിയോ ആണെങ്കില്‍ 250 മുതല്‍ 500 രൂപ നിരക്കില്‍ വില്‍ക്കാം. ഈ ബിസിനസ്സിന്റെ ഡിമാന്റെപ്പോഴും ‘ഫ്രഷ്’ വീഡിയോ ക്ലിപ്പുകള്‍ക്കാണ്. ഇത്തരം സ്ഥാപനങ്ങള്‍ ആളെ നിര്‍ത്തി ജോലി ചെയ്യിപ്പിക്കുന്നുണ്ട്.

പൊതു ഇടങ്ങളില്‍ പുരുഷന്റെ മൊബൈല്‍ ഫോണ്‍ കാമറയില്‍ സ്ത്രീ ശരീരം പതിയുന്നത് വികലമായ പുരുഷലൈംഗിക കൌതുകമായി മാത്രമല്ല 250 മുതല്‍ 500 രൂപ വരെ നിരക്കില്‍ ഇവിടെ വിറ്റ് പോകുന്ന ഒരു പ്രോഡക്റ്റായിക്കൂടിയാണ്. എനിക്കേറ്റവും വെറുപ്പും സങ്കടവും തോന്നിയ കാര്യം ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന പെണ്‍കുട്ടികളുമായി പ്രണയം അഭിനയിച്ച് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ വീഡിയോകളിലാക്കി വില്‍ക്കാറുണ്ട് എന്ന അറിവാണ്. അത്തരം വീഡിയോകള്‍ക്ക് അതിന്റെ ഗ്രേഡിനനുസരിച്ച് 3000 മുതല്‍ 5000 രൂപ വരെ ഈ സ്ഥാപനങ്ങള്‍ കൊടുക്കുമത്രെ. അവരത് വിറ്റ് മൂന്നും നാലും ഇരട്ടി പണമുണ്ടാക്കും. ഇത്തരം ലൈവ് പേഴ്സണല്‍ വീഡിയോകളില്‍ ഭൂരിഭാഗത്തിലും പുരുഷന്റെ മുഖമുണ്ടായിരിക്കില്ല. ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയത്തിലെ നിഷ്കളങ്കതയേയും കുസൃതികളേയും നെഞ്ചിടിപ്പിനെയും ഗ്രേഡ് തിരിച്ച് വില നിശ്ചയിച്ച് കച്ചവടം നടത്തുന്ന പുരുഷാധിപത്യ കച്ചവടബോധം പൊറുക്കാന്‍ പറ്റാത്തതാണ്.

ഈ ലോകം എന്റെ വിശുദ്ധ ഇടമാണ്
ഒരല്‍പം കാട് കയറിയെന്ന് തോന്നുന്നു. അനുബന്ധമായി ഇത്രയധികം കാര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ റിയല്‍ എന്ന് നമ്മുടെ സാമൂഹിക ഇടപെടലുകളെക്കാളും എനിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത് വെര്‍ച്വല്‍ എന്ന് വിളിക്കുന്ന ഈ ലോകത്തിലാണ്. ഈ ലോകം എന്റെ വിശുദ്ധ ഇടമാണ്. ഇവിടെ ഞാന്‍ എന്നെത്തന്നെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു. അതെന്റെ സ്വാതന്ത്യ്രമാണ്.

3 thoughts on “ഈ ലോകം എന്റെ വിശുദ്ധ ഇടം

  1. രതിയുടെ ഒരു തുറന്ന ലോകത്തേക്ക് ഉള്ള വഴി എന്ന മട്ടില്‍ ആണ് നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫെ എന്ന് പറഞ്ഞത് ശരി ആണ്…കൊടുങ്ങല്ലൂര്‍ ഉള്ള ഇന്റര്‍നെറ്റ്‌ കഫെ യില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പോയപ്പോള്‍ നിറയെ കൊച്ചു കൊച്ചു മുറികള്‍ നിന്ന് തിരിയാന്‍ ഇടം ഇല്ലാത്ത അതിനുള്ളില്‍ വലിയ സ്വകാര്യത ആണ്…അവിടെ നല്ല തിരക്ക് ആയിരുന്നു …ഗള്‍ഫ്‌ ല് നിന്ന് വന്ന ഞാന്‍ ഇ- മെയില്‍ ചെക്ക്‌ ചെയ്യാന്‍ ആണ് അവിടെ കയറിയത്..യാഹൂ വിന്റെ അഡ്രെസ്സ് ബാര്‍ ഉണ്ടോ എന്ന് നോക്കിയപ്പോ എനിക്കും കിട്ടിയത് വേറെ പലതും ആളുകള്‍ കണ്ടത് ആണ്..മൊബൈല്‍ ഫോണ്‍ ക്ലിപ്പ് കള്‍ക്ക് വലിയ മാര്‍ക്കറ്റ്‌ ആണ്…ഇന്റര്‍നെറ്റ്‌ തുറന്നു ഇടുന്ന ലോകം വിശാലം ആണ്…എല്ലായിടത്തും ഉള്ള പോലെ അവിടെ പലതും ഉണ്ട്…വേണ്ടതും വേണ്ടാത്തതും ഒകെ ആയി കോടിക്കണക്കിനു സൈറ്റ് കല്‍..അവ എങ്ങനെ നിങ്ങള്‍ ഉപയോഗിക്കുന്നു എന്നതില്‍ ആണ് കാര്യം..മികച്ച സൌഹൃദങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി കിട്ടാറുണ്ട്…ഇന്റര്‍നെറ്റ്‌ വഴി പരിചയപെട്ട സതീഷ്‌ എന്ന എന്റെ പത്ര പ്രവര്‍ത്തകന്‍ കൂടുകാരന്‍ തന്നെ ഉദാഹരണം..

  2. that was sincerely nude. thanks to Facebook, social networks n technology that i could meet u, Jessy Laila Joy…

Leave a Reply

Your email address will not be published. Required fields are marked *