കന്യകയല്ല ഈ കോട്ടയം ഫീമെയില്‍!

നല്ല സിനിമയുടെ കാണികള്‍ക്ക് തിയറ്ററുകളിലേക്ക് സ്വാഗതം. ’22 ഫീമെയില്‍ കോട്ടയം’ കണ്ടു നോക്കുക. കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ടാവാം. ഈ സിനിമ സംവേദനം ചെയ്യുന്ന ആശയത്തേയും രാഷ്ട്രീയത്തേയും ചൊല്ലി നമുക്ക് സംവാദങ്ങളാവാം, ആവശ്യമെങ്കില്‍ തര്‍ക്കിക്കാം. ‘ബ്ലാക്ക് ഫിലിം’ എന്നോ ‘നെഗറ്റീവ് ഫിലിം’ എന്നോ വാദിക്കാം. ഇതൊരു സ്ത്രീപക്ഷ സിനിമ തന്നെയാണോ എന്ന കാര്യത്തിലും വേണമെങ്കില്‍ തര്‍ക്കമാവാം. തര്‍ക്കങ്ങളും വാദങ്ങളും എന്തായാലും നമ്മള്‍ ഈ സിനിമ കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്-അന്നമ്മക്കുട്ടി എഴുതുന്നു

ടെസ.കെ.ഏബ്രഹാം എന്ന കോട്ടയത്തുകാരി നഴ്സ്, കാമുകനോട് മനസു തുറക്കുമ്പോള്‍ ആദ്യം പറയുന്നത് ‘അയാം നോട്ട് എ വെര്‍ജിന്‍’ എന്നാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയലത്തെ ബെന്നിയെ പ്രേമിച്ച് ‘വേലി ചാടിയ’ തനിക്കിട്ട് ‘പണി കിട്ടിയെന്ന്’ ടെസ പച്ചക്കു പറയുന്നു. ആരുംതൊടാത്ത പരിശുദ്ധ കന്യകമാരെ മാത്രം തിരശീലയില്‍ കഥാനായികമാരായി കണ്ടു ശീലിച്ച മലയാളി പ്രേക്ഷകന്‍ ടെസയുടെ ഈ ഡയലോഗില്‍ വല്ലാതൊന്നു ഞെട്ടും. പിന്നീടങ്ങോട്ട് നാം സ്ക്രീനില്‍ കാണുന്ന ടെസയുടെ ജീവിതം നമ്മെ അതിലേറെ അമ്പരപ്പിക്കും, അത്ഭുതപ്പെടുത്തും. ഇന്നോളം മലയാള സിനിമയില്‍ നാം കണ്ടുശീലിച്ച സകല നാട്ടുനടപ്പുകളെയും ധീരമായി വെല്ലുവിളിച്ചും പരിഹസിച്ചുമാണ് ആഷിഖ് അബു എന്ന യുവസംവിധായകന്‍ ’22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ സംഭവിച്ച ഏറ്റവും ധീരമായ സിനിമാ പരീക്ഷണമാണ് ’22 ഫീമെയില്‍ കോട്ടയം’. നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം മറക്കാതെ കാണേണ്ട ചിത്രം.

മലയാളത്തിലെ തലമുതിര്‍ന്ന സംവിധായകര്‍ ഇന്നു നേരിടുന്ന വെല്ലുവിളി എന്താണ്? ഉത്തരം: മാറിയ കാലത്തെയും ജീവിതത്തേയും സിനിമയില്‍ എങ്ങനെ ആവിഷ്കരിക്കണം എന്നതിനെക്കുറിച്ചുള്ള അജ്ഞത. ആ അജ്ഞതകൊണ്ടാണ് ഇപ്പോഴും കിങും കമ്മീഷണറും കോബ്രയുമൊക്കെ പ്രേക്ഷകനെ നോക്കി പല്ലിളിക്കുന്നത്. ‘രതിനിര്‍വേദവും’ ‘ചട്ടക്കാരിയും’ ‘ഇരുപതാം നൂറ്റാണ്ടും’ ഒക്കെ വീണ്ടും വേഷംമാറി വരുന്നത്. ഒരുകാലത്ത് ‘മാസ്റ്റേഴ്സ്’ എന്നു വിളിച്ചു നാം ബഹുമാനിച്ച സംവിധായകര്‍ തലയും വാലുമില്ലാത്ത ഏച്ചുകെട്ടലുകളുമായി കുട്ടിക്കരണം മറിയുന്നതും മാറിയ ലോകത്തോടു സംവദിക്കാനുള്ള പ്രതിഭ അശേഷമില്ലാത്തതുകൊണ്ടു തന്നെ. ഇവിടെയാണ് ഒരു പറ്റം പ്രതിഭയുള്ള ചെറുപ്പക്കാര്‍ സിനിമയെ മാറ്റിപ്പണിയുന്നത്. ഒരുപിടി മലയാള ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രകടമായ പ്രമേയപരമായ പുതുമ ഒരു പടി കൂടി കടന്ന് ധീരമായ പരീക്ഷണത്തിന്റെ തലത്തിലേക്ക് ചുവടുവെക്കുകയാണ് ’22 ഫീമെയില്‍ കോട്ടയം’ എന്ന ചലച്ചിത്രത്തില്‍.

വിദേശത്തൊരു നഴ്സിങ് ജോലി എന്ന സ്വപ്നവുമായി ബാംഗ്ലുരില്‍ കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് മലയാളി പെണ്‍കുട്ടികളില്‍ ഒരാളാണ് കോട്ടയത്തുകാരി ടെസ.കെ.ഏബ്രഹാം (റിമ കല്ലിങ്കല്‍). തന്റെ വിസ ശരിയാക്കാനുള്ള നെട്ടോട്ടത്തിനിടെ അവള്‍ സിറില്‍.സി.മാത്യു എന്ന സുന്ദരനായ ചെറുപ്പക്കാരനെ (ഫഹദ് ഫാസില്‍) പരിചയപ്പെടുന്നു. ആ പരിചയപ്പെടല്‍ അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയാണ്. ടെസയുടെ ജീവിതമാണ് ഈ സിനിമ. കരുണയുള്ളൊരു നഴ്സിന്റെ, കന്യകയല്ലാത്തൊരു കാമുകിയുടെ, കരഞ്ഞുതീരാന്‍ തയാറല്ലാത്ത ഒരു പെണ്ണിന്റെ ജീവിതം. ആ ജീവിതം പറഞ്ഞുവെച്ചതില്‍ അവിടവിടെ അസ്വാഭാവികതളോ അതിഭാവുകത്വമോ ഒക്കെ കണ്ടേക്കാം. എന്നിരുന്നാലും അഭിലാഷ് കുമാറും ശ്യാം പുഷ്കരനും ചേര്‍ന്നെഴുതിയ തിരക്കഥ കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. നിര്‍ജീവമായ ഒറ്റ കഥാപാത്രവുമില്ല ഈ ചിത്രത്തില്‍. നായകന്റെ ഇടവും വലവും സഞ്ചരിക്കുന്ന മന്ദബുദ്ധികളായ ഹാസ്യതാരങ്ങളെയോ നായകന്റെ വീരസാഹസികതയില്‍ മയങ്ങിപ്പോകുന്ന തരുണീമണികളെയോ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. എന്തിന് ഒരു നായകന്‍ തന്നെയില്ല. സ്റണ്ടില്ല, നൃത്തമില്ല, തമാശയില്ല. കച്ചവട സിനിമക്ക് അനിവാര്യമെന്നു നാം ധരിച്ചുവെച്ചിരിക്കുന്ന കോപ്പുകള്‍ പലതും ഈ സിനിമയില്‍ കാണാനേയില്ല. എന്നിട്ടും കോട്ടയംകാരി ’22 ഫീമെയിലി’ന്റെ ജീവിതം നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്.

ഓരോ ചെറിയ കഥാപാത്രവും അവരുടതോയ വ്യക്തിത്വം അടയാളപ്പെടുത്തുന്നു. അഭിനേതാക്കള്‍ പരിപൂര്‍ണമെന്നു പറയാവുന്ന പ്രകടനത്തിലൂടെ ആ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നു. റീമയുടേയും ഫഹദിന്റെയും പ്രകടനത്തെ അതുല്യമെന്നു തന്നെ വിശേഷിപ്പിക്കാം. അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിലപ്പുറമുള്ള അഭിനയം അധികമൊന്നും വശമില്ലാത്ത നമ്മുടെ സ്ഥിരം നായികമാര്‍ക്ക് കണ്ടു പഠിക്കാനൊരു പാഠപുസ്തകമാണ് ഈ ചിത്രത്തിലെ റീമയുടെ പ്രകടനം. അസാമാന്യ ചങ്കൂറ്റമുള്ളൊരു അഭിനേത്രിക്കു മാത്രം സ്വീകരിക്കാന്‍ കഴിയുന്ന ടെസ എന്ന നഴ്സിന്റെ വേഷം ചെയ്ത റിമ, മലയാള സിനിമയിലെ കണ്ടുമടുത്ത നായികാ മാനറിസങ്ങളെ പൊളിച്ചെഴുതുന്നു.

വിചിത്രമായൊരു കപട സദാചാരത്തിന്റെ മേല്‍മൂടിയണിയുന്ന മലയാളി ഈ സിനിമയെ എങ്ങനെ സ്വീകരിക്കും എന്നതു മാത്രമാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. എന്നാല്‍ ആദ്യദിവസം സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കുറിച്ചിട്ട വരികളില്‍ നിന്ന് ’22 ഫീമെയില്‍ കോട്ടയം’ വലിയൊരു ഹിറ്റിലേക്കു നീങ്ങുമെന്ന പ്രതീക്ഷ ലഭിക്കുന്നുണ്ട്. പുതിയ പ്രമേയങ്ങളെ ഉള്‍ക്കൊള്ളാന്‍ കേരളീയ കാണികള്‍ മനസുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു എന്നാണ് ‘സെക്കന്റ്ഷോ’, ‘ഈ അടുത്ത കാലത്ത്’, ‘ബ്യൂട്ടിഫുള്‍’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളുടെ സമീപകാല വിജയം സൂചിപ്പിക്കുന്നത്. ആ നിലക്ക് ’22 ഫീമെയില്‍ കോട്ടയം’ സ്വീകരിക്കപ്പെടുകതന്നെ ചെയ്യും എന്നു പ്രതീക്ഷിക്കാം. ആണത്തം, സ്ത്രീത്വം, സദാചാരം തുടങ്ങിയവയെക്കുറ്റിച്ചൊക്കെ നാം പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങളെ ഈ സിനിമ ഓരോ ഫ്രെയിമിലും ചോദ്യം ചെയ്യുന്നുണ്ട്. അതൊന്നും ഒരിയ്ക്കല്‍പോലും അശ്ലീലത്തിലേയ്ക്കു വഴിമാറുന്നതുമില്ല. കഥ പറയുന്നതില്‍ പ്രകടമാക്കിയ ഈ കയ്യടക്കത്തിന്റെ പേരില്‍ ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളെ അഭിനന്ദിച്ചേ മതിയാകൂ. ഷൈജു ഖാലിദിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും സിനിമയുടെ പ്രമേയത്തോടും ഭാഷയോടും നീതി പുലര്‍ത്തുന്നു.

മലയാള സിനിമ മാറുകയാണ്. താരജാഡകള്‍ക്ക് ഇനി ആയുസില്ല എന്നുറപ്പായിരിക്കുന്നു. ചെറുപ്പക്കാരുടെ ഒരു നിരതന്നെ ധീരതയോടെ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. പുതിയ കാല ജീവിതത്തിന്റെ സീര്‍ണതകളെ അനുഭവിച്ചു ജീവിക്കുന്ന അവര്‍ സിനിമയുടെ ഇതുവരെയുള്ള രീതികള്‍ ഉടച്ചുവാര്‍ക്കുകയാണ്. ഈ മാറ്റത്തിന്റെ കാലത്ത് നല്ല സിനിമകളെ തിയറ്ററില്‍ എത്തി കണ്ട് കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുക എന്നതാണ് നമ്മള്‍ പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ള ഏക കാര്യം. നമ്മുടെ കയ്യടികള്‍ നല്‍കുന്ന ഊര്‍ജം സിനിമയെന്ന കലയെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പുതിയൊരു പറ്റം പ്രതിഭകളുടെ വളര്‍ച്ചക്ക് വളമാവും. അവരിലാണ് ഇനി മലയാള സിനിമയുടെ ഭാവി. ഈ പുതിയ ചെറുപ്പക്കാര്‍ സൃഷ്ടിക്കുന്ന സിനിമകള്‍ നമ്മുടെ ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെയൊക്കെ തച്ചുടച്ചേക്കാം. ഗ്ലാമറിന്റേയും താരപ്രഭയുടെയും മേഖലയായ സിനിമയില്‍ ഇനി വേണ്ടത് പുതിയ പ്രമേയങ്ങളുടെയും ആവിഷ്കരണങ്ങളുടെയും ബീജാങ്കുരങ്ങളാണ്. അതിന് പഴകിയ സങ്കല്‍പ്പങ്ങളുടെ ചില കന്യാചര്‍മങ്ങള്‍ മുറിപ്പെട്ടേ മതിയാവൂ. അതു തന്നെയാണ് ഈ കോട്ടയം ഫീമെയില്‍ ചെയ്യുന്നതും.

നല്ല സിനിമയുടെ കാണികള്‍ക്ക് തിയറ്ററുകളിലേക്ക് സ്വാഗതം. ’22 ഫീമെയില്‍ കോട്ടയം’ കണ്ടു നോക്കുക. കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ടാവാം. ഈ സിനിമ സംവേദനം ചെയ്യുന്ന ആശയത്തേയും രാഷ്ട്രീയത്തേയും ചൊല്ലി നമുക്ക് സംവാദങ്ങളാവാം, ആവശ്യമെങ്കില്‍ തര്‍ക്കിക്കാം. ‘ബ്ലാക്ക് ഫിലിം’ എന്നോ ‘നെഗറ്റീവ് ഫിലിം’ എന്നോ വാദിക്കാം. ഇതൊരു സ്ത്രീപക്ഷ സിനിമ തന്നെയാണോ എന്ന കാര്യത്തിലും വേണമെങ്കില്‍ തര്‍ക്കമാവാം. തര്‍ക്കങ്ങളും വാദങ്ങളും എന്തായാലും നമ്മള്‍ ഈ സിനിമ കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്. ആ ചങ്കൂറ്റം തന്നെയാണ് ലോകത്ത് എല്ലാക്കാലത്തും മഹത്തായ സിനിമകള്‍ക്ക് കാരണമായിട്ടുള്ളത്.

86 thoughts on “കന്യകയല്ല ഈ കോട്ടയം ഫീമെയില്‍!

 1. മനോഹരമായ ഭാഷയില്‍ വളരെ കൃത്യതയോടെ, സിനിമയുടെ കഥയോ രംഗങ്ങളോ പരാമര്‍ശിക്കാതെ വളരെ പക്വതയോടെ അന്നക്കുട്ടി എഴുതിയ ഞാന്‍ വായിക്കുന്ന ആദ്യത്തെ നിരൂപണമാണിത് … ഈ ഭാഷയാണ്‌ വേണ്ടത്… വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..

  • മലയാളി പയ്യന്മാര്‍ക്ക് ഇപ്പോള്‍ മാറ്റാരെങ്കിലും തിന്നു തുപ്പിക്കളഞാതിനോട് താല്പര്യം കൂടുന്നതിന്റെ മന:ശാസ്ത്രം എന്താണെന്ന് പിടി കിട്ടുന്നില്ല. ഉപയോഗിച്ച് ഒഴിവാക്കിയതിനോട് കൂടുതല്‍ പ്രതിപത്തി കാണിക്കുന്ന യുവാക്കള്‍ ഉള്ളിടത്തോളം കാലം ചാരിത്രത്തിനു വില കല്പിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

   • ചവച്ചു തുപ്പാന്‍ ഇതെന്താ വല്ല ചക്കയോ മാങ്ങയോ ആണോ?? ചാരിത്ര്യം ഒരു കൂട്ടര്‍ക്ക് മാത്രമല്ല ബാധകം.! നാട്ടിലെ പെണ്ണുങ്ങളെ പ്രാപിച്ചു നടന്ന നീലകണ്ടാന്മാരെ തേടി പരിശുദ്ധ കന്യകകള്‍ ചെല്ലുകയും അത് കണ്ടു ആര്‍മ്മാദിക്കുകയും ചെയ്യുന്ന മലയാളം സിനിമയില്‍ സംഗതി ഒന്ന് തിരിച്ചു വച്ച് പരീക്ഷത് കൊണ്ട് ഒരു പ്രശ്നവുമില്ല!! നീലകണ്ടയുഗത്തില്‍ പെണ്ണുങ്ങള്‍ക്ക് ഒന്നും ഇതുവരെ ഇല്ലാത്ത അസ്കിത ഈ ഒരു സിനിമ കണ്ടപ്പോള്‍ ആണുങ്ങള്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല!!!

    • hats off! people like Savan have already mortgaged their sensibility to male chauvinist right wing attitudes. So he can think a girl as a mango to be chewed and spit out. For them, women will continue to be ‘goods'( read in malayalam).

   • ചാരിത്ര്യം എന്നത് സ്ത്രീയെ എന്നും തളച്ചിടാന്‍ ഉപയോഗിക്കുന്ന ഒരു യുക്തിയും ഇല്ലാത്ത കാര്യമാണ്. അവളുടെ ശരീരം അവളുടേത്‌ മാത്രമാണ്. അവള്‍ അനുവദിക്കുമെങ്കില്‍ മാത്രം ഭര്‍ത്താവിനോ കാമുകനോ അതില്‍ തൊടാന്‍ അവകാശം ഉണ്ടായിരിക്കൂ. ഈ ബോധം ഇല്ലാത്തതാണ് പുരുഷത്വത്തിന്റെ പ്രശ്നം.

   • Rathinirvedam (Padmarajan),Arapatta kettiya Gramathil,Deshadana pakshi karayarilla ( Lesbians) okke kandu valarnna malayaliku virginity illatha tessa oru puthumayonnumalla..

 2. I would really like to congratulate you for writing a review as early as possible.Thank you so much.Will go watch it today itself

 3. അന്നമ്മക്കൊച്ചേ,അച്ചായന് ഇതുപോലുള്ള സിനിമകളൊന്നും കണ്ടാല്‍ ധഹിക്കോല.അച്ചായന്‍ തനി നാട്ടിന്‍ പുറത്തുകാരനാ മേലനങ്ങി പണിയെടുക്കുന്നവന്‍,സിനിമ കണ്ടു കീറി മുറിച്ചു വിലയിരുത്താനും നൂറു രീതിയില്‍ വായിച്ചെടുക്കാനുമുള്ള വിവരോം വിദ്യാഭാസോം ഒന്നുമില്ല..അച്ചായന് ഇതൊക്കെ കുറച്ചു നേരത്തെ സന്തോയം…ഒരു സത്യന്‍ അന്തിക്കാട് സിനിമയോ,വല്ലപ്പോഴും ഒരു തട്ടുപൊളിപ്പന്‍ ചിത്രമോ ഒക്കെ അച്ചായന് പിടിക്കൂ…എന്ന് കരുതി അച്ചായന്‍ മോശം സിനിമ ആസ്വധിക്കുന്നവരുടെ കൂട്ടത്തിലാണെന്ന് കൊച്ചു തെറ്റിദ്ധരിചെക്കരുത് …അച്ചായനെ പോലെ ധരാളം പാവങ്ങള്‍ ഈ കൊച്ചു കേരളത്തിലുണ്ട് അവര്‍കൊന്നും ചിലപ്പോള്‍ ന്യൂ ജെനറേഷനൊപ്പം ഓടിയെത്താന്‍ കഴിഞ്ഞു എന്ന് വരില്ല…ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ കൊച്ചു പറഞ്ഞ പല്ലിളിക്കുന്ന സിനിമകള്‍ക്ക് സാധിക്കുന്നുന്ടെന്കില്‍ അത് അവരുടെ വിജയം തന്നെയാണ് …

   • ഡാ കൊച്ചനെ,കന്യൂ ജെനറേഷന്‍ എന്നൊക്കെ കേട്ട് കേട്ടു മടുത്തു,ഇതിനെ തരം താഴ്ത്തി കാണാലോ കോമാളി ചിത്രങ്ങളെ ഉയര്‍ത്തിക്കട്ടലോ അല്ല,എല്ലാവരും ഒരേ ആസ്വാദന നിലവാരം ഉള്ളവരാണെന്ന് കരുതരുത്…എല്ലാ തരത്തിലുമുള്ള സിനിമകള്‍ വേണം ഇഷ്ടമുള്ളവര്‍ കാണണം അല്ലാത്തവന്‍ കാണണ്ട അത്രതന്നെ…കുറച്ചു കൂടി കഴിയുമ്പോള്‍ ജെനറേഷന്‍ മൂത്ത് മൂത്ത് മറ്റു പലതും കാണാം…ഞാന്‍ ഒരു സൂപ്പര്‍താരത്തെയും ഒരു ന്യൂ ജെനറേഷന്‍ സിനിമയെയും വിഗ്രഹവതകരിച്ചു തലയില്‍ കയറ്റി വെച്ചിട്ടില്ല,….നല്ലത് സ്വീകരിക്കപ്പെടനം എന്ന പക്ഷക്കാരന്‍ തന്നെയാണ്…അതിനെ തലയില്‍ ചുമക്കുന്നതിനോട് യോജിപ്പില്ല….

    • ee reviewil evidayanu “thalayil chumackan” paranjittullathu? koodathey pavathan enthanu ee parayan sramickunnathu?
     chilarcku ishtamavum chilarckishtam avilla enno? athu vazhiye pokunaa arackum parayam.. “mazha peyyam peyyathirickam” ennu parayunna poley…

     • ഈ വക കാര്യങ്ങളൊക്കെ പറഞ്ഞിട്ട് വേണോ മനസിലാക്കാന്‍ ,(കാസനോവ കാണാന്‍ പറയുന്ന സുഹൃത്തിനുള്ള മറുപടികൂടിയാണിത് )ഇത് മലയാളിയുടെ പൊതു സ്വഭാവമാണ് എന്തെങ്കിലും കിട്ടിയാല്‍ ഉടന്‍ അതിനെ എണില്‍ കയറ്റി വക്കുന്നത്,ഇങ്ങനെ പോയാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ഇതും മടുക്കും അപ്പോള്‍ വീണ്ടും പുതിയതിനായി മുറവിളി കൂട്ടും..മാറുന്ന ദ്രിശ്യഭാവുകത്വം എന്നൊക്കെ അപ്പോഴും കേള്‍ക്കാം ….ഞാനും ഒരു വഴിപ്പോക്കനാ ഇതുവഴി പോയപ്പോള്‍ അഭിപ്രായം അറിയിച്ചു എന്ന്മാത്രം…ഇനിയും ഇവിടെക്കിടന്നു തോണ്ടിക്കളിക്കാന്‍ താല്പര്യമില്ല എന്ന് അറിയിക്കട്ടെ …അതുകൊണ്ട് ചങ്ങാതി ചെന്ന് കുപ്പിയില്‍ കയറു…

  • aliya comment kalaki…………pakshe mon pattiya oru padame ipo malayalathil ulu…….”krishnanum radhayum”…athakumbo ninte chorichalum marum..

   • അന്നമ്മകൊച്ച് പറഞ്ഞു വെച്ചിരിക്കുന്നത് കണ്ടില്ലേ കാലമൊക്കെ അങ്ങ് മാറിപ്പോയി,ഇത് പോസ്റ്റ്‌ മോഡേനിസമാണ് ,എല്ലാ ചവറൂകള്‍ക്കും സ്ഥാനമുള്ള കാലം അതായത് അവിഹിതം വരെ മഹത്വവത്കരിക്കപ്പെടും (ഇനിയിപ്പോ കപട സദാചാരവാദിയാക്കി മുദ്രകുത്തും )അപ്പൊ പിന്നെ പണ്ഡിട്ടിന് എന്തോ കുറവാ പുള്ളിയും ജോളിയായി സിനിമ പിടിച്ചു പഠിക്കട്ടെ,ആറേഴു നായികമാരുമായി പുള്ളിയും പച്ചയായ ജീവിതം ആവിഷ്കരിക്കട്ടെ എന്താ സംഭവിക്കുന്നതെന്ന് കാണാല്ലോ …..

  • The assumption that people are stupid and incapable of change has always been an excuse for tolerating(or even celebrating?) mediocrity!!

   • നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ …

 4. കന്യകയല്ലാത്ത നായികയെ അവതരിപ്പിച്ചു എന്നതാണ് ‘സിനിമയിലെ പരീക്ഷണം’ എന്നു വിശേഷിപ്പിക്കുന്നതെങ്കിൽ സിനിമയെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ഇത്തരം ചെറിയ ട്വീക്കുകൾ ചലച്ചിത്രത്തിന്റെ ‘ജനപ്രിയത’യിൽ നടത്തുന്ന പരീക്ഷണമാണ്. അതു ‘സിനിമ’യിൽ നടത്തുന്ന പരീക്ഷണമായി തെറ്റിദ്ധരിക്കുന്നത് സിനിമ എന്ന മീഡിയത്തെ മനസ്സിലാക്കാത്തതുകൊണ്ടോ, സിനിമയുടെ ജനപ്രിയതയെ സിനിമയുടെ ക്വാളിറ്റിയുമായി തെറ്റിദ്ധരിക്കുന്നതുകൊണ്ടൊ ആണ്. ഈ തിരിച്ചറിവില്ലായ്മ ലേഖനത്തിലൊന്നാകെ മുഴച്ച് നിൽക്കുന്നതുകൊണ്ടുതന്നെയാണ് ‘നല്ല സിനിമ’ എന്നൊക്കെയുള്ള ക്ലീഷേകൾ ചെടിപ്പിക്കുന്നതായിമാറുന്നത്.

  • Thejabhayiyum , veniciley vyapariyum ayirunnnu yadhartha pareekshanangal. preekshakarudey kshamaye pareekshichu.. robyicku atharam pareekshangal aayirickum ishtam

   • ഭൂതം,റോബി കുര്യനിലൊന്നു ക്ലിക്ക് ചെയ്തെ..

  • @ റോബി കുര്യന്‍
   എന്നാപ്പിന്നെ അച്ചായന്‍ അതൊന്ന് പഠിപ്പിച്ചു താ.
   എന്താണ് സിനിമ?
   എന്താണ് ജനപ്രിയത?
   എന്താണ് ചലച്ചിത്രത്തിന്റെ ജനപ്രിയത?
   സിനിമയില്‍ നടത്തുന്ന പരീക്ഷണവും ചലച്ചിത്രത്തിന്റെ ജനപ്രിയതയില്‍ നടത്തുന്ന പരീക്ഷണവും
   തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
   നല്ല സിനിമ എന്ന ക്ലീഷേക്കു പകരം ഉപയോഗിക്കാവുന്ന അക്ലീഷേ എന്താണ്?

   ഇത് പഠിച്ചു കഴിഞ്ഞാല്‍ വേറെ ചില സംശയങ്ങള്‍ കൂടിയുണ്ട്.

   ഈ റിവ്യൂ ‘ കന്യകയല്ലാത്ത നായികയെ അവതരിപ്പിച്ചു എന്നതാണ് സിനിമയിലെ പരീക്ഷണം എന്നു വിശേഷിപ്പിക്കുന്നു’ എന്നതാണല്ലോ അച്ചായന്റെ മുന്തിയ കണ്ടു പിടിത്തം.
   ഈ റിവ്യൂ പറയുന്നത് അങ്ങനെയാണോ?
   എങ്കില്‍ എവിടെ? എങ്ങനെ?
   അതു കൂടി പറഞ്ഞാല്‍ വല്യ ഉപകാരം.

  • പടം നല്ലതാണെന്ന് പറയുന്നവരെ വിമര്‍ശിക്കുന്നതാണ് ഇപ്പോള്‍ പുതുമ എന്ന് തോന്നുന്നു! ബാക്കി ഒക്കെ ക്ലിഷെ ആയിക്കാണണം ..

   എനിക്ക് പടം ഇഷ്ടപ്പെട്ടു.. ഈ ചിത്രം പ്രേക്ഷകനോട് അതിന്റെ ആശയം സംവേദിക്കുന്നു! അതും അതിശക്തമായി തന്നെ.. അതിന് എന്തൊക്കെ ചെയ്യണോ അതെല്ലാം സംവിധായകന്‍ ചെയ്തിട്ടുണ്ട്.. അത് യാതൊരു വിധ കണ്‍വെന്ഷനുകളുടെയും ചട്ടക്കൂടില്‍ നിന്നല്ലാതെ ചെയ്തു ഫലിപ്പിച്ചു എന്ന് തോന്നിയതുകൊണ്ടാണ് എനിക്ക് ഇതൊരു നല്ല പടം എന്ന് പറയാന്‍ കഴിയുന്നത്!!

   എല്ലാ പടവും കന്യകാത്വം നഷ്ടപ്പെട്ട നായികമാരുടെ കഥ ആകണം എന്നൊന്നും അഭിപ്രായമില്ല.. പക്ഷേ പ്രമേയം ഡിമാന്റ് ചെയ്യുന്ന, ഇത്തരം പരീക്ഷണങ്ങളും വരണം…

   @‌റോബി ആഹ “നല്ല സിനിമ”യും ക്ലീഷെയില്‍ പെടുത്തിയോ?
   നന്നായി.. 🙂 പടം മോശമാകുമ്പോള്‍ ക്ലീഷെ ആകാതെ ശ്രദ്ധിച്ചതാണെന്ന് പറയാമല്ലോ..

  • Roby,
   Isnt it curious that this “tweek” took all these years in the history of malayalam cinema to make its first appearance?

 5. ഇത് ഒരു പുതു വസന്തം തന്നെ…ഈ നല്ല സിനിമ എല്ലാ നല്ല സിനിമ ആസ്വാദകരും തിയ്യേറ്ററില്‍ പോയി കാണണം..റീമ യും ഫഹദ് നും നല്ല അഭിനയ ശേഷി ഉള്ളവര്‍ ആണ്…ചാപ്പാ കുരിശിലും …സിറ്റി ഓഫ് ഗോഡ് ലും ഫഹദ് നന്നായി അഭിനയിച്ചു..സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമ മലയാളിക്ക് നല്‍കിയ നവ്യഅനുഭൂതി വളരെ വലതു ആണ്…കണ്ടു മടുത്ത സൂപ്പര്‍സ്റ്റാര്‍ കൊമാളിതങ്ങളില്‍ നിന്ന് ഒരു വേറിട്ട കാഴ്ച…ഈ സിനിമ ഒരു ഹിറ്റ്‌ ആകട്ടെ എന്ന് ആശംസിക്കുന്നു..

  • @rajith.. സിറ്റി ഓഫ് ഗോഡ്’ല്‍ ഫഹദ് ഫാസില്‍ ഉണ്ടായിരുന്നോ..? ഇല്ലെന്നാണ്ണ്‍ ഓര്‍മ്മ ….

 6. അപ്പൊ നല്ല സിനിമ വന്നാല്‍ അന്നമ്മക്കുട്ടിയും നല്ലത് തന്നെ പറയും!

  ഇതൊരു നല്ല ശ്രമം ആണെന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. എനിക്ക് ഇഷ്ടപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടി പറയട്ടെ.

  ആദ്യമായാണ്‌ മലയാള സിനിമയില്‍ ബംഗ്ലൂരിനെ ഇത്രയും വിശ്വസിനീയമായി ചിത്രീകരിച്ചിരിക്കുന്നത്. ‘വന്ദനം’, ‘നാടുവാഴികള്‍’, ‘മാഫിയ’, ‘മായാമയൂരം’ തുടങ്ങി ‘ഡാര്‍ലിംഗ് ഡാര്‍ലിംഗ് ’ വരെയുള്ള സിനിമകളില്‍ എല്ലാം ബാംഗ്ലൂര്‍ എന്നാല്‍ എം ജി റോഡും വിധാന സൗധയും മാത്രമാണ്. ഇന്നത്തെ ബാംഗ്ലൂര്‍ വളരെ നന്നായി ഈ സിനിമയില്‍ കാണാം. നിയമവിരുദ്ധമാണ് എന്നാലും മെട്രോ ട്രെയിന്‍ പോലും നല്ലവണ്ണം ഷൂട്ട്‌ ചെയ്തിരിക്കുന്നു. കൂടെ തിയേറ്ററില്‍ ഇരുന്ന ബാംഗ്ലൂര്‍ മലയാളി സുഹൃത്തുക്കളൊക്കെ എടുത്തു പറഞ്ഞ കാര്യമാണിത്.

  പിന്നെ ഇതിലെ കഥാപാത്രങ്ങളുടെ ഇംഗ്ലീഷ് ഡയലോഗ്കള്‍. വളരെ സ്വാഭാവികം. (താരതമ്യത്തിന് ‘ഈ അടുത്ത കാലത്ത് ’ ഒന്നുകൂടി കണ്ടു നോക്കാവുന്നതാണ്. എല്ലാം തികഞ്ഞ കല്ലുകടികള്‍ ആയിരുന്നു അതിലെ ഇംഗ്ലീഷ് ഡയലോഗ്കള്‍! )

 7. റിവ്യു നന്ന്. പക്ഷെ കന്യകാത്വം നഷ്ടപ്പെടലാണു മഹത്വം എന്നു വരുന്നതു കഷ്ടം തന്നെ. അപ്പൊ കന്യകമാര്‍ മോശക്കരാണെന്നോ? പോയിപ്പോയി ഒരു പത്തു വര്ഷം കൂടിക്കഴിഞ്ഞ് ഉണ്ടാകുന്ന സിനിമകള്‍ ബ്ളു ഫിലിം തലത്തിലേക്കു താഴേണ്ടി സോറി ഉയരേണ്ടി വരും പുതിയ അന്നമ്മക്കൊച്ചമ്മമാര്ക്കു നല്ല സിനിമ ആണെന്ന രീതിയില്‍ റിവ്യു എഴുതാന്‍ .

  • മഹത്വം എന്നൊന്നും പറയുന്നില്ലല്ലോ… എല്ലാവരും കന്യകമാര്‍ ആയിരിക്കണം എന്നില്ല… ഇപ്പൊ ഒരു സിനിമയില്‍ നായകന്‍ ഗുണ്ട ആണെങ്കില്‍ അതാണ്‌ മഹത്വം എന്ന് പറയുമോ? അങ്ങനത്തെ ആളുകളും ഉണ്ട്.. അത്ര തന്നെ

 8. To be frank….
  Now a days am watching the movies only after going through your reviews. Your reviews always emphasis naked truth. You should be neve stopping your review writthing, because Annakuttie’s reviews are like a clean mirror which never give any wrong turn.

 9. @sudheesh
  ഒന്നാമത് ഞാൻ അച്ചായനല്ല, ആ വിളി എന്നെ സംബന്ധിച്ചിടത്തോളം അധിക്ഷേപമാണ്.

  എന്താണ് സിനിമ?
  ആന്ദ്രേ ബാസീൻ രണ്ടു പുസ്തകമെഴുതിയിട്ടും, കാലാകാലമായി പല തിയറികൾ വന്നിട്ടും തീരുമാനമാകാത്ത ചോദ്യമാണ്. ഇതു ഞാനിനി ഈ കമന്റ് ബോക്സിൽ വിശദീകരിക്കണെമെങ്കിൽ എന്റെ വക, വളരെ vague ആയ ഒരു ഡെഫനിഷൻ ഇന്നാ…”ചലനാത്മകമായ ദൃശ്യങ്ങളിലൂടെ ആഖ്യാനം/ആശയാവതരണം നടത്തുന്ന മാധ്യമമാണു സിനിമ’.

  എന്താണ് ജനപ്രിയത? എന്താണ് ചലച്ചിത്രത്തിന്റെ ജനപ്രിയത?
  ഇതും വളരെ വിശാലമായ ചോദ്യമാണ്. കമൻ ബോക്സിന്റെ പരിമിതി പരിഗണിച്ച്, ചുരുക്കത്തിൽ, ഒരു ചലച്ചിത്രം ഒരു സമൂഹത്തിലെ പരിഗണനാർഹമായ ശതമാനം ആളുകൾക്ക് ആസ്വാദ്യകരമാണെങ്കിൽ ജനപ്രിയം എന്നു വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.

  സിനിമയില്‍ നടത്തുന്ന പരീക്ഷണവും ചലച്ചിത്രത്തിന്റെ ജനപ്രിയതയില്‍ നടത്തുന്ന പരീക്ഷണവും
  തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

  സിനിമയുടെ അടിസ്ഥാനപരമായ ഫോമിൽ കൊണ്ടുവരുന്ന മാറ്റങ്ങളാണു സിനിമയിൽ നടത്തുന്ന പരീക്ഷണങ്ങൾ. എന്നുവെച്ചാൽ സിനിമയിൽ അർത്ഥനിർമ്മിതിയ്ക്കുപയോഗിക്കുന്ന Mise en scène, Montage അടക്കമുള്ള അടിസ്ഥാനഘടകങ്ങളെ നൂതനമായ രീതിയിൽ ഉപയോഗിക്കുന്നത്. The 400 Blows നല്ലൊരു ഉദാഹരണമാണ്.
  ഫോമിൽ തൊടാതെ കണ്ടന്റിൽ വരുത്തുന്ന മാറ്റങ്ങൾ സിനിമയിൽ നടത്തുന്ന പരീക്ഷണങ്ങളല്ല, മറിച്ച് സിനിമയുടെ സ്വീകാര്യതയിൽ നടത്തുന്ന പരീക്ഷണങ്ങളാണ്.

  • @റോബികുര്യന്‍
   അധിക്ഷേപകരമെന്ന ചിന്തയിലല്ല അച്ചായന്‍ എന്നു വിളിച്ചത്
   ക്രിസ്ത്യന്‍ പേരുള്ള സുഹൃത്തുക്കളെ ഞാന്‍ സാധാരണ വിളിക്കാറുള്ള സ്നേഹപൂര്‍ണമായ വിളിയാണത്.
   അത് അധിക്ഷേപമെങ്കില്‍ക്ഷമിക്കുക.

   താങ്കളുടെ നിര്‍വചനങ്ങള്‍ വായിച്ചു.

   കാലാകാലമായി സൈദ്ധാന്തികാന്വേഷണങ്ങള്‍ നടക്കുന്ന,
   (എല്ലാ നിര്‍വചനങ്ങളെയുംപോലെ) ആര്‍ക്കെങ്കിലും കൈയടിച്ച് പാസ്സാക്കാന്‍ കഴിയാത്ത,
   വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന,
   ഓരോ തലമുറയും സാഹചര്യങ്ങളും തരംപോലെ പൂരിപ്പിക്കുന്ന,
   മാറിക്കൊണ്ടേയിരിക്കുന്ന
   വീക്ഷണങ്ങളുടെ ഒരു നദിയാണ് സിനിമയെങ്കില്‍,
   ബസിന്‍ അടക്കമുള്ളവര്‍ ശ്രമിച്ചത് അതിനെ നോക്കിക്കാണാനാണെങ്കില്‍-

   അത് എനിക്കറിയാവുന്നതുമാത്രമാണെന്നും നിങ്ങള്‍ക്കറിയാത്തതാണെന്നും
   എനിക്കറിയാവുന്നത നിങ്ങളാദ്യം പഠിച്ചു വരണമെന്നും അതിനുശേഷമാവാം
   സിനിമാ വിശകലനങ്ങളെന്നും പറയുന്നതിലെ അപഹാസ്യത താങ്കള്‍ക്ക്
   മനസ്സിലാവുമെന്നു കരുതുന്നു.

   താങ്കളുടെ സിനിമാനിര്‍വചനം എത്ര ഉപരിപ്ലവമാണെന്നും കാലങ്ങള്‍ കൊണ്ട് സിനിമയിലുണ്ടായ
   അനേകം വായനകളെ ആന്തരികവല്‍കരിക്കാത്തതാണെന്നും ആ സ്കെല്‍ട്ടനില്‍നിന്നും
   ചലച്ചിത്രസൈദ്ധാന്തികത എത്രമാത്രം മുന്നോട്ടുപോയെന്നും
   സാംസ്കാരിക പഠനശാഖയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട അത്തരമൊരു ധാരയെയാണ് അന്നമ്മക്കുട്ടി അടക്കമുള്ളവര്‍ പിന്തുടരുന്നതെന്നും മനസ്സിലാക്കുമ്പോഴാണ് താങ്കള്‍ മുന്നോട്ടുവെച്ച നിര്‍വചനം അതിന്റെ കേവലതകൊണ്ടും യാന്ത്രികതകൊണ്ടും ചെറുതാവുന്നത്.

   സിനിമയുടേത് മാത്രമല്ല താങ്കള്‍മുന്നോട്ടുവെച്ച മറ്റു നിര്‍വചനങ്ങള്‍ക്കും അപഹാസ്യമായ ഇതേ
   ഉപരിപ്ലവതയുണ്ട് എന്ന് ഞാന്‍ പറയാതെ താങ്കള്‍ക്ക് അറിയാമല്ലോ .

   അതിനാല്‍ അന്നമ്മക്കുട്ടി പറയട്ടെ.
   താങ്കളും പറയുക.

   അത പക്ഷേ താങ്കള്‍ പഠിച്ചതും താങ്കള്‍ മനസ്സിലാക്കിയതും മാത്രമാണ് കാര്യമെന്നും
   അത് അതേപടി മനസ്സിലാക്കി വേണം അന്നമ്മക്കുട്ടി അടക്കമുള്ളവര്‍ വിശകലനം
   നടത്തേണ്ടത് എന്നുമുള്ള വിവരക്കേടായി തരം താഴാതിരിക്കട്ടെ.
   ചലച്ചിത്രവിദ്യാര്‍ഥി എന്നത് പൂര്‍ണതയല്ല. കാലംകാണ്ട് പൂരിപ്പിക്കേണ്ട അപൂര്‍ണതയാണ്.
   അവസാന വാക്കുകളുടേതല്ല,, മാറ്റങ്ങളടേതാണ്
   മറ്റെല്ലാം പോലെ ചലച്ചിത്രസൈദ്ധാന്തികതയും.

 10. അന്നമ്മ ചേച്ചി കേവലം മലയാളം സിനിമകള്‍ മാത്രം നിരുപികാതെ,ഹിന്ദയില്‍ അടുത്തിടെ ഇറങ്ങിയ ‘കഹാനി’ പോലുള്ള ചിത്രങ്ങള്‍ കൂടി ഒന്ന് പരിഗണികണമെന്ന് ഒരു അപേക്ഷ ഉണ്ട്,,,,,

 11. പച്ചയായ ജീവിതം അതുപോലെ ആവിഷ്കരിക്കാന്‍ പേടിയുള്ള ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു അല്ലെങ്ങില്‍ ജീവിക്കുന്നു എന്നത് പരമമായ സത്യം …. സായിപ്പ് അത് കാണിച്ചാല്‍, അത് പച്ചയായി കാണിച്ചാല്‍ അതിനു U/A സര്‍ട്ടിഫിക്കറ്റ് ഇട്ടു ലോക ക്ലാസ്സിക്കെന്നും പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും കാണും മലയാളി… മലയാളത്തിലെങ്ങാന്‍ അതുപോലൊരു പച്ചയായ അവതരണ ശൈലി വന്നാല്‍ അതിന്റെ പേരില്‍ സദാചാര താണ്ടവമാടാന്‍ കാത്തു കിടക്കും മലയാളി…അല്ലയോ മലയാളി തങ്ങള്കും ഇതേ അവസരമല്ലേ ഉണ്ടായിരുന്നത്…എന്തെ ഉപയോഗിച്ചില്ല..????

 12. “പച്ചയായ ജീവിതം പറയുന്നു …. ” ന്യൂ ജനറേഷന്‍ സിനിമകളെ നിരുപിക്കുമ്പോള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്കാണ്‌ …

  വല്ലാത്തൊരു ക്ലിഷേ ആവുന്നുണ്ട്‌ ഇപ്പോള്‍ അത്!

  മുന്‍പും ഇവിടെ പറഞ്ഞിരുന്നത് പച്ചയായ ജീവിത കഥകള്‍ തന്നെ ആയിരുന്നു , ടി പി ബാലഗോപാലനും അമരവും ഒക്കെ പറയുന്നത് പിന്നെന്താ ആഫ്രിക്കകാരുടെ കഥകള്‍ ആണോ??

  അടുത്തത്.. “പറയാന്‍ മടിക്കുന്ന പലതും പറയുന്നു, കന്യക അല്ലാത്ത നായിക… ഭാരമില്ലാത്ത നായകന്‍”

  ചിരി വരുന്നു, കേള്‍ക്കുമ്പോള്‍ !

  പദ്മരാജന്‍ സിനിമകളിലെ നായികമാരെ ഓര്‍ക്കുന്നിലെ നിങ്ങള്‍? ത്തുവാനതുമ്പികളും നമുക്ക് പാര്‍ക്കാനും ഒക്കെ പറഞ്ജതെന്താ.? ദേവാസുരത്തിലെ നായകന്‍ എന്താ സര്ഗുന സമ്പന്നന്‍ ആയിരുന്നോ?

  സിനമ സാധാരണക്കാരന്റെ കലയാണ് .. തിരശിലയില്‍ തെളിയുന്ന കഥാപാത്രങ്ങള്‍ അവനെ സ്പര്‍ശിചാല് സിനിമ രേക്ഷപെടും … അത് ഭരത്ചന്ദ്രന്‍ ആയാലും കോട്ടയംകാരി പെണ്ണായാലും, ……വളവുകളും തിരിവുകളും അല്ല, നേരായി പറയുന്ന രീതി ആണ് അവനെന്നും ഇഷ്ട്ടം..

  കാരണം അവന്‍ എന്നും ഫേസ് ബുക്ക്‌ ഉപയോഗിക്കുന്ന, തോനെ അറിവുകള്‍ ഉള്ള മാറിയ കാലത്തിന്റെ പ്രിതിനിതി മാത്രമല്ല (കുറച്ചു പേര്‍ അങ്ങനെ ആണ് പക്ഷെ ഭുരിഭാഗം പേരും അല്ല ) …..ബിവരെജസിനു മുന്‍പില്‍ ഇടി ഉണ്ടാക്കുന്ന, ഫാന്സുകള്‍ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന (ഇപ്പോള്‍ അത് മോഹനന്‍ ലാലും മമ്മുട്ടിയും, നാളെ അത് വേറെ ആരെങ്കിലും), തമാശ കണ്ടാല്‍ ചിരിക്കുകയും സങ്ങടം കണ്ടാല്‍ കരയുകയും ചെയ്യുന്ന, ശരാശരി മലയാളി തന്ന്നെയാണ് , മിനിമം ഒരന്‍പതു കൊല്ലതെക്കെങ്ങിലും …. ആണായാലും പെണ്ണായാലും , കാരണം അവന്‍ ജീവിക്കുന്നത് അല്ലെങ്ങില്‍ ജീവിക്കേണ്ടി വരുന്നത്, പാലായിലും അരളിയിലും തിരുരും വര്‍ക്കലയിലും ത്ഴാവയിലും ഒക്കെ ആണ് !!!

  അത് കൊണ്ട് തന്നെ, ഈ കാറ്റും കോളും അടിച്ചു മാറ്റാന്‍ പറ്റുന്ന വിദേശ സിനിമകളും തീരുമ്പോള്‍ നമ്മുടെ തിയട്ടരുകളില്‍ സത്യന്‍ അതിക്കാടും(വേറെ ആരെങ്കിലും) ഷാജി കൈലാസും (വേറെ ആരെങ്കിലും) വീണ്ടും കയ്യടി നേടുക തന്നെ ചെയ്യും, അപ്പോളും കാണും രഞ്ജിത് , ആ ട്രെനടിന്റെയും ഒരു വശത്ത്!!!!!!!!

 13. Padam kidilananu..!
  Sadhacharatheyum Kannyakatheyum patti valiya vaayil dialøgue adikkyunna ellavarum aadhyam padam pøyønnu kaanam..!
  Ønnu kandennu vech avarude kannyakathamø sadhachara bhøhamø nashttappedilla..!
  Nalla Cinemaye accept cheyyunnavaranenkil ee cinemaye 2 kaiyum neetti sweekarikkyum!

 14. സംവിധായകനും നീരുപകനും എല്ലാം വേണ്ടത് അവനവനു പറയാനുള്ളത് പറയാനുള്ള ചങ്ക്കുട്ടമാണ് !!!

 15. പരിണയം, ആദമിന്റെ വാരിയെല്ല് , പഞ്ചാഗ്നി , നീലക്കുയില്‍ , അങ്ങാടി ഇവയ്ല്‍ എല്ലാത്തിലും അവിഹിതം ഉണ്ട് പക്ഷെ ഇതിനെ ഒന്നും ആരും കുറ്റപ്പെടുത്തി കണ്ടിട്ടില്ല .
  എനിക്ക് തോന്നുന്നു ജീന്‍സ്‌ ഇട്ട പെണ്ണുങ്ങള്‍ അവിഹിതം നടത്തുമ്പോള്‍ മാത്രമേ ഇവിടെ പലര്‍ക്കും പ്രശന്മുള്ളൂ എന്ന് .

  • @ gokul!!!

   you are very much wrong! compared to 22B, all other films have a main story… 22B mainly focus on this relationships… hence never reach in such a conclusion! both types of movies have its own pluses!!

 16. തെറ്റില്ലാത്ത ഒരു പടം. ഏറെ പുതുമയൊന്നും ഈ ചിത്രത്തിനു അവകാശപ്പെടാനൊന്നും ഒക്കത്തില്ല. ഈ അവസരത്തിൽ കാലയവനിക്കുള്ളിൽ മറഞ്ഞു പോയ ജേസി സംവിധാനം ചെയ്ത ” രക്തമില്ലാത്ത മനുഷ്യൻ” സിനിമ ഓർമ്മയിൽ വരുന്നു. ആരും “തൊടാത്ത പെണ്ണിനെ” കല്യാണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെ ആ ചിത്രത്തിൽ കാണാവുന്നതാണു. അതിലെ നായികയായ ജയഭാരതി ആ കഥാപാത്രത്തെ കണക്കറ്റു മൂർച്ചയുള്ള വാക്കുകളിൽ പരിഹസിക്കുന്നുണ്ടു

 17. ഇനി എന്തൊക്കെയാണു ഈശ്വരാകാണാന്‍ ബാക്കി….കുറെ അവന്മാര്‍ മലയാളികള്‍ കാണാന്‍ സാദ്ധ്യതഇല്ലാത്ത ലാറ്റിനമേരിക്കന്‍, ഇറാനിയന്‍ സിനിമ അടിച്ചുമാറ്റി പുതുമ,മോഡേണ്‍ എന്ന് പറഞ്ഞുവന്നു….നേഴ്സ്മാര്‍ ഇപ്പോളത്തെ സംസാരവിഷയം. അയ്യകൊണ്ട് ഒരുത്തന്‍ അതുങ്ങടെ പുറത്ത്‌കേറുന്നു…..കന്യക,പ്രേമം,ബാംഗ്ലുര്‍, നേഴ്സ് തേങ്ങാകൊല…. ഇക്കിളി വാക്കുകള്‍ കേട്ടാ മലയാളി ങ്ങേട്ടുന്ന കാലം കഴിഞ്ഞു .

 18. ഇത്തരം ധീരമായ ചുവടുവെയ്പുകളെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. ശ്രീനിവാസനില്‍ തുടങ്ങി സിബി ഉദയ് ടീമിലെത്തുന്നതിനിടയില്‍ തിരക്കഥാ കൃത്തുക്കളുടെ വേഷമിട്ട പലരേയും പടിയടച്ച് പിണ്ഡം വെക്കുവാന്‍ എത്രയോ വൈകിയിരിക്കുന്നു.

 19. ന്യൂ ജെനറേഷന്‍ സിനിമ എന്നാല്‍ തുറന്നു പറയാനുള്ള ചങ്കൂറ്റം,പിന്നെ നായികയോ അതോ നായകനും അവിതബന്ധം ചിത്രീകരിച്ചാല്‍ അത് മഹത്വവല്‍കരിക്കപെടെണ്ടാതാണോ? ക്ലാസ്സിക്‌ ആവണമെങ്കില്‍ കുറച്ചു SEX,പിന്നെ അവിഹിത ബന്ധം, സമൂഹത്തിലെ മോശമായതെല്ലാം ചിത്രീകരിച്ചാല്‍ അത് മഹത്തരം …കഷ്ടം ഈ നിരൂപണം.. കേരളം എന്നാ സംസ്ഥാനം കുറച്ചെങ്കിലും മഹാതരമാകുന്നത് കുടുംബ ബന്ധങ്ങളും അതില്‍ സൂക്ഷികപെടെണ്ട പവിത്രതയും ഇപ്പോളും കാത്തുസൂക്ഷിക്കുന്ന വളരെ കുറെ ആളുകളുള്ളതുകൊണ്ടാണ്.. അവരൊക്കെ POST MODERN ആയി ചിന്തിക്കണം ജീവിതത്തില്‍ MARRIAGE നു മുന്നേ ഒരുവട്ടം ഒക്കെ VIRGINITY നഷ്ടപെടാം ..അഥവാ അത് ഇപ്പോളും സൂക്ഷിക്കുന്നവര്‍ സമൂഹത്തില്‍ മോശപെട്ടവരന് എന്ന് ചിന്തിപ്പിക്കാനുള്ള ഭോധപൂര്‍വമായ ശ്രെമം… പ്രിയപ്പെട്ട സത്യന്‍ അന്തികാട്,സിബി മലയില്‍ ..നിങ്ങള്‍ ഒക്കെ OUT DATED ആയിരിക്കുന്നു.ഇനി അഥവാ നിങ്ങള്ക്ക് പിടിച്ചു നിക്കണമെങ്കില്‍ കുടുംബ സിനിമകളില്‍ കുറച്ചു അവിഹിധബന്ധം പിടിച്ചുവാരം.. മനുഷ്യന്‍ ഭൂമിയില്‍ ഉടലെടുത്തപ്പോള്‍ മുതല്‍ സെക്സ് ഉം അവിഹിതിതവും ഭൂമിയില്‍ ഉണ്ടെന്ന്നു പ്രിയപ്പെട്ട ലേഘിക മറക്കരുത് ..അതൊക്കെ മഹത്വവല്‍കരിക്കെണ്ടാതാണോ?.. പദ്മരാജനും ഭരതനും ഒക്കെ നമുക്കിടയില്‍ സംഭവിക്കുന്ന ആരും പറയാന്‍ മടിക്കുന്ന SUBJECT ചിത്ര്രീകരിച്ചിട്ടുണ്ട് ..പക്ഷെ അതിനെ ഒന്നും മഹത്വവല്‍കരിച്ചവരല്ല.. Please dont ever dare to compare these guys to those legends .. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെല്ലം ..

 20. Now all the stories with premarital sex and extra marital sex as termed as brave attempts.. 🙁 by the genious critics..if there is no iranian or korean films.( butterfly on wheel, handphone,the untouchables)the saviours of malayalam films will be in deep trouble ! anyone here agrees this dialogue from the movie beautifull ? innu keralathilulla barya barthakanamarokke orumichu jeevikkunnathu kuttikale okke orthittanu, allenkil avarokke enne velichadipokumarunnu ennu..pinne marriage extra marital affair nulla oru license anupolum… ! let those genious critics praise those kind of films..abhiprayam okke parayunnathinumunpu try to watch the original copy of these craps..!

 21. @Sudheesh
  താങ്കളുടെ സിനിമാനിര്‍വചനം എത്ര ഉപരിപ്ലവമാണെന്നും കാലങ്ങള്‍ കൊണ്ട് സിനിമയിലുണ്ടായ അനേകം വായനകളെ ആന്തരികവല്‍കരിക്കാത്തതാണെന്നും ആ സ്കെല്‍ട്ടനില്‍നിന്നും
  ചലച്ചിത്രസൈദ്ധാന്തികത എത്രമാത്രം മുന്നോട്ടുപോയെന്നും
  സാംസ്കാരിക പഠനശാഖയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട അത്തരമൊരു ധാരയെയാണ് അന്നമ്മക്കുട്ടി അടക്കമുള്ളവര്‍ പിന്തുടരുന്നതെന്നും മനസ്സിലാക്കുമ്പോഴാണ് താങ്കള്‍ മുന്നോട്ടുവെച്ച നിര്‍വചനം അതിന്റെ കേവലതകൊണ്ടും യാന്ത്രികതകൊണ്ടും ചെറുതാവുന്നത്.

  അപൂർണമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ്, “എന്നാലതൊന്ന് വിശദീകരിക്ക്“ എന്ന പരിഹാസത്തിന് പകരമായി പരിഹാസം തരാതെ ഉപരിപ്ലവമെങ്കിലും സിനിമയുടെ അടിസ്ഥാനസ്വഭാവത്തെ സൂചിപ്പിക്കുന്ന ഒരു വിശദീകരണം തന്നെ നൽകിയത്.
  “സിനിമയിലുണ്ടായ അനേകം വായനകളെ“ എന്നുതന്നെയാണോ താങ്കളുദ്ദേശിച്ചത് അതോ “സിനിമയെക്കുറിച്ചുണ്ടായ അനേകം വായനകളെ“ എന്നാണോ?
  ആദ്യത്തേതാണെങ്കിൽ, സിനിമ ഉപയോഗിച്ച് സിനിമയുടെ ചരിത്രത്തെ വായിക്കാനുള്ള അനേകം ശ്രമങ്ങളുണ്ടായിട്ടുണ്ട്, രണ്ടു വർഷം മുൻപിറങ്ങിയ ‘അങ്കിൾ ബൂണ്മി‘യടക്കം. ആ സിനിമകൾ പോലും ഞാൻ നൽകിയ അടിസ്ഥാനനിർവചനത്തിനു പുറത്തല്ല എന്ന് ശ്രദ്ധിച്ചാലറിയാം.

  ഇനി, താങ്കളുദ്ദേശിച്ചത് രണ്ടാമത്തേതാണെങ്കിൽ, സിനിമയെകുറിച്ച് കാലാ‍കാലമായി ഉണ്ടായ അനേകം വായനകളെ സിനിമയുടെ നിർവചനം ആന്തരീകരിക്കുന്നതെന്തിനാണ്? സിനിമ വേറേ, സിനിമയെക്കുറിച്ചുള്ള വായന വേറെ. സിനിമയെ നിർവചിക്കുമ്പോൾ സിനിമയെക്കുറിച്ചുള്ള വായനകളെയും നിർവചിക്കണോ?

  സിനിമയുടെ പാഠത്തെ സിനിമയായി തെറ്റിദ്ധരിക്കുകയാണ് ഈ ലേഖനമെഴുതിയ ആൾ ചെയ്യുന്നത്. അതു ചൂണ്ടിക്കാട്ടിയതിനെ ‘എനിക്കറിയാം, നിങ്ങൾക്കറിയില്ല, അതുകൊണ്ട് പഠിച്ചിട്ടു വാ‘ എന്ന ബൈനറിയിലേക്കൊതുക്കുന്നത് കൂടുതൽ ഡയലോഗുകളെ ഇല്ലാതാക്കാനാണ് ഉപകാരപ്പെടുക.

  താങ്കൾ പറഞ്ഞ, സാംസ്കാരിക പഠനശാഖയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട സിനിമാവായനകളുടെയൊക്കെ കാലം കഴിഞ്ഞിട്ട് കൊല്ലം പത്തിരുപതായെന്നു കൂടി സൂചിപ്പിക്കട്ടെ. സിനിമയെ അതിന്റ ‘പാഠ’മായി ചുരുക്കുക എന്നത് അത്തരം പഠനങ്ങളുടെ ഒരു പൊതുസ്വഭാവമായിരുന്നു.

  വിഷ്വൽ നറേഷൻ വന്നു, കാരക്ടർ ഓറിയന്റഡ് നറേഷൻ വന്നു, നോൺ നറേറ്റീവ് സിനിമയും contemplative സിനിമയും പിന്നെ പ്യുവർ സിനിമാറ്റിക് പരീക്ഷണങ്ങളും ഒക്കെ നടന്നതിന്റെ വലിയ ചരിത്രത്തിനു മുന്നിൽ നിന്നുകൊണ്ട് ഒരു സാദാനറേറ്റീവ് സിനിമയെക്കുറിച്ച് ‘നല്ല സിനിമ’ എന്ന പ്രയോഗങ്ങളൊക്കെ കാണുന്നത് എന്നെ സംബന്ധിച്ചിടത്തോളം ക്ലീഷേ തന്നെയാണ്. സോറി.

 22. @Sudheesh,
  സിനിമയെക്കുറിച്ചുള്ള എന്റെ നിർവചനം, ഏതു നിർവചനത്തെയും പോലെ അപൂർണമാണെന്ന് സമ്മതിക്കുന്നു. എന്നാൽ ഈ നിർവചനത്തിനു പുറത്തു നിൽക്കുന്ന ഒരു സിനിമ ചൂണ്ടിക്കാണിക്കാമോ? കൗതുകം കൊണ്ടാണ്.
  (സിനിമയെയും ചലച്ചിത്രങ്ങളെയും വേറിട്ട് തന്നെ പരിഗണിക്കണമെന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ.)

 23. ആര് മഹത്വവല്ക്കരിച്ചു എന്നാണ് ഈ പറയുന്നു . സിനിമ എന്നാല്‍ സാരോപദേശം അല്ല . നായകന്‍ /നായികാ ചെയ്യുന്ന എല്ലാ കാര്യങ്ങളും മഹത്തരം ആണ് എന്ന് ആണ് ഫിലിം മേകെര്സ് പറയുന്നത് എന്നാ മട്ടില്‍ ഉള്ള ലോജിക് എവിടെ നിന്ന് കിട്ടി എന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ പദ്മരജനെയും ഭരതനെയും ഒന്നും തുടക്കത്തില്‍ ആരും അന്ഗീകരിച്ചിട്ടില്ല . ‘തകര ‘ നല്ല വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രങ്ങള്‍ തന്നെയാണ് . അല്ലേലും കുഴിയില്‍ നിന്ന് പൊക്കിയെടുത്ത് പുകഴ്ത്തുന്ന ആ പരിപാടി മാത്രമേ പലര്‍ക്കും അറിയുകയുള്ളൂ ..

 24. @Gokul, its visible those films are trying to generalise immorality..! as i said there are many people who support and pretend like post modern..but keralam pole oru stateil common people anu..ningale pole advanced ayi chinthikkunnavarekal kooduthal.as someone said sadness kandal karayunnathum thamasa kettal chirikkunathumaya sadharanakar.. but when we go thru so called new generation films they are only updated in immorality,drinks,hypocratic attittude ithokke mathramanu post modern ennu chinthikendivarum ee films okke kanumpol..there is nothing more apart from those things..

 25. മുൻ കമന്റു കളിലെല്ലാം കണ്ടതു കലയും ജീവിതവും തമ്മിൽ ഏറ്റ്മുട്ടുന്ന് ചില അപൂർവ്വം സന്തർഭങ്ങളാണു.ഈ ചർച്ച പ്രതിനിധീകരിക്കുന്നതും സാമൂഹിക ജീവിതവും കലയും (അല്ലെങ്കിൽ കലാകാരനും) തമ്മിലുള്ള സന്ങ്കർഷങ്ങളും.

 26. iam just an ordinary man..have seen the movie….tere is nothing great about this movie…but a good attempt….varsham ethupolathe etra padangal theateril poyi ningal kanum…???athumalengil randamathu ee chitram ningal theatril poyi kanumo???oru stree paksha cinema…..atrayume enikku thoniyullu…
  During the 1st half rima is potrayed as an innocent girl…imean bold but innocent…the transition frm tis stage to the tough girl in the climax was not convincing enough….
  ellrum kandirikkenda padam ennonum vesehipikkan pattilla

 27. arappatta kettiya gramathil vesyavrithiyiloode jeevikkunna sthreekalekurichum avide sandarsakarayethuna nayakaneyum padmarajan avatharipichu..thoovanathumpikal enna ever classic film prostite aya fasinated pranayavum yadasthithikayaya kamuguyiyude pranayavum kanichu thannu..namukku parkkam munthirithoppil randanachanal peedipikapedunna makaleyum kanda malayalikalodu thanne venam mattathinde kodunkattinekurichu parayan..ee kodumkattokke kure kandatha njangal malayalikal..! but we must apreciate ashiq abu as a business man who knows how to sell his product with the help of cheap meadias..athiloode okke nashtamakunnathu malayaliyude nishkalangathayanu..nale swantham penkuttikal vazhipizhachu pokunnathum brave attempt ayi mari apreciate cheyyan matharam valarthunnundu genious directors pinne avarkku vendi kooli vela cheyyunna media sum

 28. Ee cinema oru nursinte kathayalla. samoohathile ethoru sthreekum sambavikavunna kathayanu… Kathayude thudakathil nursemark samarpikkunnu ennu parayumbol sadaranakkaraya janangal karuthum ella nursesum itharathil durithamanubavikunnundennu… Chilappol 10000il 1 alku itharam durithangal neridendi vannekkam…Mathramalla I am not virgin ennu nayikaye kond samvidhayakan parayipichapol nursemarude parishuddi chodyam cheyyapedukayanu…. I am also nurse… so its difficult to accept…. Overall, the attempt is good….

 29. ന്യൂജനറേഷന്‍ എന്ന ഓമനപ്പേര് ആരിട്ടതെന്നറിയില്ല. എന്നാല്‍ ഈ പാടിപ്പുകഴ്ത്തുന്ന പടങ്ങളെ പൊതുവായി മൊബൈല്‍(ഫോണ്‍) സിനിമകളെന്നു വിളിക്കാമെന്നു തോന്നുന്നു! മിക്കവാറും മൊബൈല്‍ ഫോണ്‍ പ്രധാന റോള്‍ വഹിക്കുന്ന ഇത്തരം പടങ്ങള്‍ ഒരു മൊബൈല്‍ ഫോണില്‍ ഒതുക്കാവുന്ന സാങ്കേതികതയും വ്യാകരണവും മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. പ്രമേയപരമായി ഒരു SMS അഥവാ MMS ന്റെ ക്ഷണികതയേ ഇവയ്ക്കൂള്ളൂ താനും.

 30. ക്ലീഷേയായി മാറി അറു ബോറാകുന്ന സിനിമകള്‍ പോലെ തന്നെ ക്ലീഷേയായി മാറിയ നിരുപണ ചിന്തകള്‍ കൊണ്ട്‌ ബോറായിരിക്കുന്ന ലേഖനമാണ്‌ അന്നമ്മക്കുട്ടി നല്‍കിയിരിക്കുന്നത്‌. 22 ഫീമെയില്‍ കോട്ടയം ഒരു വാച്ചബിള്‍ സിനിമ തന്നെയാണ്‌. ആഷിഖ്‌ അബു ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ മികവ്‌ വീണ്ടും തെളിയിച്ചിരിക്കുന്നു. അതൊക്കെ ശരി തന്നെ.
  പക്ഷെ അന്നമ്മക്കുട്ടിയുടെ നിരൂപണം ആഷിക്‌ അബുവിനെപോലും വേണമെങ്കില്‍ നാണിപ്പിച്ചേക്കാം. ഒന്നാണ്‌ ഇന്നോളം മലയാള സിനിമയില്‍ കണ്ടു ശീലിച്ച സകല നാട്ടുനടപ്പുകളെയും ആഷിഖ്‌ അബു വെല്ലുവിളിച്ചു എന്ന വാചകം. മലയാള സിനിമ എന്ന്‌ പറയുന്നത്‌ കഴിഞ്ഞ ഒരു പത്തു വര്‍ഷം മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. എണ്‍പതുകളിലേക്കും, എഴുപതുകളിലേക്കും പരന്നു കിടക്കുന്ന ഒരു വലിയ ചരിത്രം അതിനുണ്ടല്ലോ. അന്ന്‌ മലയാളിക്ക്‌ ഇതിലും ഡാര്‍ക്കായ എത്രയോ സിനിമകള്‍ പരിചയപ്പെട്ടിരിക്കുന്നു. നെറ്റിലും സിഡികളിലുമായി ആ സിനിമകളൊക്കെ ഇപ്പോഴും ഏറെ കാണപ്പെട്ടുകൊണ്ടിരിക്കുന്നു.
  നരസിഹവും, തെങ്കാശിപ്പട്ടണവും ഇറങ്ങിയ അതേ കാലത്ത്‌ തന്നെയാണ്‌ ഡാനിയും, കന്മദവും ഇറങ്ങിയത്‌. അപ്പോള്‍ പൊതു രീതിയില്‍ നിന്നും വിത്യാസപ്പെട്ടു നില്‍ക്കുന്ന സിനിമകള്‍ ഇറങ്ങുന്നത്‌ ഇപ്പോഴത്തെ മാത്രം പ്രത്യേകതയല്ല. അത്‌ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ മീഡിയ കൂടുതല്‍ പ്രചാരത്തില്‍ വന്നതിനാല്‍ കൂടുതലായി സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു എന്നു മാത്രം.
  22 ഫീമെയില്‍ മോശം ആണെന്നല്ല ഇതിനര്‍ഥം. 22 ഫീമെയിലന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. പക്ഷെ പ്രതിഭയുള്ള ചെറുപ്പക്കാര്‍ സിനിമയെ മാറ്റിപ്പണിയുന്നു എന്നതില്‍ തര്‍ക്കമുണ്ട്‌.
  22 ഫീമെയില്‍ കോട്ടയത്തിന്റെ അണയറക്കാര്‍ (സംവിധായകനും, എഴുത്തുകാരും) 2004 റിലീസ്‌ ചെയ്‌ത ഏഖ്‌ ഹസാനാ ഥി എന്ന ചിത്രം കാണാതെയാണ്‌ ഈ സിനിമ എടുത്തത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ഏക്‌ ഹസാനാ ഥിയുടെ കഥാസാരം കഥാഗതി ഏതാണ്ട്‌ വണ്‍ലൈന്‍ എന്ന്‌ പറയപ്പെടുന്ന സംഗതി അതുപോലെ 22 ഫീമെയിലിലേക്ക്‌ പകര്‍ത്തപ്പെട്ടിട്ടുണ്ട്‌. പക്ഷെ സിറിള്‍, ടെസാ എന്നിവയ്‌ക്കപ്പുറമുള്ള പല കഥാപാത്രങ്ങളും (സത്താറിന്റേത്‌, പണക്കാരനൊപ്പം ഉറങ്ങാന്‍ പോകുന്ന സുഹൃത്തായ നഴ്‌സിന്റെ കഥാപാത്രം) ഒരു ന്യൂജനറേഷന്‍ സിനിമയൊരുക്കാനുള്ള ആവേശത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്‌. ആ കഥാപാത്രങ്ങള്‍ ജനുവിനായി രൂപപ്പെട്ടതാണ്‌ എന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല.
  കന്യകയല്ലാത്ത നായികയെ അവതരിപ്പിച്ചു എന്നത്‌ ഒരിക്കലും സിനിമയിലെ ഒരു പരീക്ഷണം എന്ന നിലയില്‍ കാണാന്‍ കഴിയില്ല എന്ന്‌ നിരൂപക ആദ്യം മനസിലാക്കേണ്ടതുണ്ട്‌. അഥവാ അതൊരു പരീക്ഷണമായി മുഴച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ സിനിമയുടെ പരാജയമാണ്‌. ഇത്തരം പരാജയങ്ങള്‍ ഒരുപാടുണ്ട്‌ 22 ഫീമെയില്‍ കോട്ടയത്തില്‍. ഉദാഹരണമായി പറഞ്ഞാല്‍ ഞാന്‍ കന്യകയല്ല എന്ന്‌ പറയുന്ന രംഗം കാണുമ്പോള്‍ ഒരു ഉദാസീനമായ ചിരി മാത്രമേ പ്രേക്ഷനില്‍ ഉണ്ടാകുന്നുള്ളു. ഞാന്‍ ഈ സിനിമ കണ്ടപ്പോള്‍ തീയേറ്ററിലുണ്ടായിരുന്ന എല്ലാ പ്രേക്ഷകരും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്‌ പ്രതികരിച്ചത്‌. പക്ഷെ പ്രേക്ഷകനെ ഇവിടെ ചിരിക്കാന്‍ വിടുകയായിരുന്നില്ല വേണ്ടത്‌. ഇത്‌ സംവിധായകന്റെ വിജയമാണോ പരാജയമാണോ എന്ന്‌ നിരൂപകയ്‌ക്ക്‌ വിലയിരിത്താവുന്നതാണ്‌.

 31. നല്ല റിവ്യു .. പക്ഷെ ഈ സിനിമക്ക് ഒരുപാട് ന്യുനതകള്‍ ഉണ്ട് . ചില സ്ഥലങ്ങളില്‍ continuity നഷ്ടപ്പെടുന്നു . . റീമയുടെ അഭിനയം കൊള്ളാം . This movie is not that kind of a hit . 3 out 5

 32. സിനിമയില്‍ കൈകാര്യം ചെയ്ത വിഷയം എന്തുമാകട്ടെ അതിലെ സദാചാരത്തെ കുറിച്ച് പറയാന്‍ നില്‍കാതെ സംവിധയകന്‍ കാണിച്ച സത്യസന്ധതയെ അഭിനധിക്കുകയാണ് വേണ്ടത്..virginity നഷ്ടപെടുന്നത് ഒരു മഹത്വമയല്ല മറിച് അങ്ങനെ അല്ലാത്ത പെണ്‍കുട്ടികളുടെ ജീവിതവും സിനിമയാക്കാം എന്ന് കാണിക്കുകയാണ് ആഷിക് അബു..

 33. @madhu murali
  ക്ലീഷേ എന്നാ വാക്ക് ആണ് ഇപ്പോള്‍ ഏറ്റവും വലിയ ക്ലീഷേ. ‘ഏക്‌ ഹസീന ഥി ‘ എന്നത് ലോകത് ആദ്യത്തെ rape and revenge സിനിമ ഒന്നും അല്ല .അത് കൊണ്ട് ആ വാദം വിലപോകില്ല . ആ genreല്‍ പെട്ട ഒരു പാട് സിനിമകള്‍ ഉണ്ട് . oneline നോക്കുകയാണെങ്കില്‍ ഇന്നുള്ള ഇതു സിനിമയ്ക്കും മറ്റൊരു സിനിമയുമായി സാദൃശ്യം കാണാന്‍ കഴിയും .

 34. ആഷിക് അബുവെന്ന സം വിധായകന്‍ ഇനാറിറ്റുവൊ, ടെറന്‍ സ് മാലിക്കോ അല്ല. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കാനില്‍ മല്‍ സരത്തിനു പോകാനുള്ള സിനിമയുമ്ല്ല. മലയാള സിനിമ എന്ന പൊട്ടക്കുളത്തില്‍ വല്ലപ്പോഴുമൊക്കെ വിരിയുന്ന ഒരു താമരയാണ്‌ 🙂 പതിവ് ശീലങ്ങളില്‍ നിന്ന് മലയാള സിനിമ വഴിമാറി സന്ചരിക്കാന്‍ തുടങ്ങി എന്നൊരു വലിയ തുടക്കമാണ്‌ ഈ സിനിമകളൊക്കെയും . ഒരു സൂചന. യേശുദാസ് പാടാതെ, മമ്മൂട്ടിയും മോഹന്‍ ലാലും നടിക്കാതെ വലിയ പേരുകളില്ലാതെ സിനിമകള്‍ എടുക്കാന്‍ പറ്റും അതു വിജയിപ്പിക്കാനും പറ്റും എന്നൊരാള്‍ തെളിയിക്കുന്നു. അത്രയേ ഉള്ളൂ. 10 ഫൈറ്റും നാലു പാട്ടും ഒരു കിടിലന്‍ ക്ളൈമാക്സും വേണം പടം അടിപൊളിയാവണം എന്ന് പറഞ്ഞു വരുന്ന നിര്‍ മ്മാതാവിന്റെ മുഖം കണ്ട് വേണം മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ . അതിശയോക്തി എന്ന് തോന്നാമെകിലും ഇതൊനൊന്നിനും ഒരു മാറ്റവുമില്ല എന്ന് അറിയുന്നവര്‍ക്കറീയാം . അയാളോട് നെഗോഷ്യേറ്റ് ചെയ്ത് ഒരു സിനിമ എടുക്കുവാന്‍ ആഷിക് നു കഴിഞ്ഞിട്ടുണ്ട്. പണ്ടൂണ്ടായിരുന്ന , സ്ഥിരമായി സിനിമകള്‍ എടുക്ക്കുന്ന ഒരു പ്രൊഡക്ഷന്‍ ഹൌസുകളും ഇന്ന് മലയാളത്തില്‍ ഇല്ല. വരുന്നതാവട്ടെ വിസിറ്റിങ്ങ് നിര്‍ മ്മാതാക്കളും . സിനിമയുടെ ചെലവ് ഉയര്‍ ന്നു. 3 കോടിയില്‍ കുറഞ്ഞ് ഒരു സിനിമ ഫസ്റ്റ് പ്രിന്റടിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.

  വൈഡ് റിലീസെന്ന കടമ്പ കടന്നാല്‍ മാത്രമേ 70 സെന്റര്‍ എങ്കിലും മാക്സിമം കിട്ടൂ. 200 സെന്റര്റുകളില്‍ പ്രദര്ശിപ്പിക്കുന്നു എന്ന് പറയുന്ന സിനിമകളൊക്കെ എത്രയീടത്ത് റിലീസ് ചെയ്യുന്ന എന്ന് ദൈവത്തിനു മാത്രമേ അറിയൂ. റൊബി കുര്യനെ പോലുള്ള ചെങ്ങാതിമാര്‍ ക്ക് ഉസൈന്‍ ബോള്‍ ട്ടിനെ മാത്രമേ അറിയൂ ജില്ലാ മീറ്റില്‍ സ്വര്‍ ണ്ണം നേടിയ കുഞ്ഞുമോനെ അറിയില്ല അവന്‍ നേടീയ സ്വര്‍ ണ്ണമൊക്കെ എന്ത് സ്വര്‍ണ്ണം അതൊക്കെ ഉസൈന്‍ ബോള്‍ട്ട് എന്ന് പറയുന്ന പോലെയേ ഉള്ളൂ 🙂

  സോയാ അക്തര്‍ സിന്ദഗി നാ മിലേഗി ദൊബാരാ ചെയ് താല്‍ ഫീല്‍ ഗുഡ് മൂവീ ആഷിക്ക് അബു ചെയ്താല്‍ അസഹനീയം . അപ്പുറത്തെ സ്ത്രീ വിരുദ്ധതയും അരാഷ്റീയത്യും കണ്ണില്‍ പെടൂല്ല ഇവനൊക്കെ സിനിമ എടുത്താല്‍ പോസ്റ്റ്മോര്‍ട്ടം ടേബിള്‍ . ഇരട്ടത്താപ്പിന്റെയും അവനവന്‍ രാഷ്ട്രീയത്തിന്റെയും സ്യൂഡൊ ഇന്റലക്സ്ചല്‍ ഓര്‍ഗാസവും മ്മടെ ചെക്കന്‍ മാരെ കഴിഞ്ഞിട്ടേ ആര്ക്കുമുള്ളൂ. അപ്പോ എന്താന്ന് വച്ചാല്‍ അമേരിക്കയില്‍ ഇരുന്ന് ചേട്ടന്‍ കേരളത്തിലെ ഗവണ്മെന്റ് ആശൂത്രീലെ ചാവന്‍ കിടക്കുന്നവന്റെ നാഡി പിടിച്ച് സം ഗതി പോരാ ശ്രുതി പോരാന്‍ എന്നൊക്കെ പറഞ്ഞോണ്ടിരിക്ക്. കഴുത മറ്റേ സമ്ഗതി കരഞ്ഞ് തീര്ക്കണ പോലെ.

  നന്ദീണ്ട്.

 35. റിവ്യൂ വായിച്ചു.സിനിമ കണ്ടില്ല.പക്ഷെ പാട്ട് കണ്ടു. കുട്ടികളുടെ ഒപ്പം ഇരുന്നു കാണാന്‍ ലജ്ജ തോന്നി.വളരെ കൈ അടക്കത്തോടെ സെക്സ് സീനുകള്‍ ചിത്രീകരിക്കുക എന്നത് സംവിധായകന്‍റെ മികവാണ്.അതില്ലാത്തവരും എങ്ങനെയും മുടക്കിയ കാശു തിരിച്ചു പിടിക്കുക എന്ന ചിന്ത ഉള്ളവരുമേ ഇങ്ങനെ ബെഡ് റൂം സീന്‍ എടുക്കൂ.ഫഹദ് ഫാസിലിനും ഒരു സെക്സ് നടന്‍ എന്ന ഇമേജു മാത്രമേ കിട്ടു, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെരില്‍ ‘കാനാമുല്ലാല്‍ ‘ എന്ന പാട്ട് ഇല്ലെങ്കിലും ആ സിനിമ വിജയിക്കുമായിരുന്നു.സ്ത്രീ- പുരുഷ ബന്ധം ഏറ്റവും ഒതുക്കത്തില്‍ കാണിച്ചു ബാക്കി പ്രക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുക എന്നത് സംവിധായകന്‍റെ മികവാണ്. പറ്റുന്നത്രെ പച്ചക്ക് കാണിക്കുക എന്നത് ആത്മ വിശ്വാസത്തിന്റെ കുറവും.

  • ഇന്നത്തെ കുട്ടികൾ പണ്ടത്തെ കുട്ടികളെക്കാൾ ബഹുദൂരം മുന്നിലാണു.. നമ്മൾ ദിവസവും വായിക്കുന്ന പത്രങ്ങൾ (പ്രത്യേകിച്ച ആംഗ്ലേയ പത്രങ്ങൾ) തന്നെയല്ലെ അവരും വായിക്കുന്നതു…. എന്താ തർക്കം ഉണ്ടോ?

 36. Almost everyone is talking about the “loss” of “virginity.” Is it really a LOSS? Or is it a normal, natural experience in an adult woman’s life?

 37. @ sethu njarakkal

  കരടി സൈക്കിളോടിച്ചാൽ കൈയടിക്കാം. ഇവിടെ കരടിയല്ലല്ലോ സൈക്കിളോടിക്കുന്നത്.
  മലയാളത്തിൽ സിനിമയെടുക്കുന്നതിന്റെ അത്രപോലും സാമ്പത്തിക-സാങ്കേതികമൂലധനമില്ലാതാണ് പല മാസ്റ്റർപീസുകളും ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടൊക്കെ, സിനിമയുടെ വിശാലചരിത്രത്തിൽ ഓരോ സിനിമയും എങ്ങനെ സ്വയം അടയാളപ്പെടുത്തുന്നു എന്നു നോക്കി മാത്രമേ എനിക്ക് അഭിപ്രായരൂപീകരണം നടത്താനാകൂ. മനുഷ്യന്മാരെടുക്കുന്ന സിനിമയെ മറ്റു മനുഷ്യന്മാരെടുക്കുന്ന സിനിമയുമായി താരതമ്യപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല, അതു കേരളത്തിലായാലും ലാറ്റിനമേരിക്കയിലായാലും ഹോളിവുഡിലായാലും. ഞാൻ ഒരേ കണ്ണുകൊണ്ടാണ് എല്ലാം കാണുന്നത്.

  ഈ സിനിമ മോശമാണെന്നോ ചീത്തയാണെന്നോ ഞാൻ പറഞ്ഞിട്ടില്ല, മറിച്ച് ആ ലേഖനത്തിലെ ഉപരിപ്ലവമായ കാഴ്ചപ്പാടിനോടാണു വിയോജിപ്പ്. ഏതുസിനിമയെയും അതിന്റേതായ റൈറ്റിൽ അംഗീകരിക്കാൻ മടിയൊന്നുമില്ല. അല്പം കൊള്ളാവുന്ന എന്തെങ്കിലും വന്നാലുണ്ടാവുന്ന ഈ ‘ഓവർ ദി ടോപ്പ്’ വാഴ്ത്തുകളോടാണു എതിർപ്പ്. ഉപരിപ്ലവമായ മാറ്റങ്ങളെ സ്ഥാപനവത്കരിക്കാനേ അതുപകരിക്കൂ.

  സോയാ അക്തര്‍ സിന്ദഗി നാ മിലേഗി ദൊബാരാ ചെയ് താല്‍ ഫീല്‍ ഗുഡ് മൂവീ ആഷിക്ക് അബു ചെയ്താല്‍ അസഹനീയം . അപ്പുറത്തെ സ്ത്രീ വിരുദ്ധതയും അരാഷ്റീയത്യും കണ്ണില്‍ പെടൂല്ല.

  ഇത് എന്നോടാണു പറയുന്നതെങ്കിൽ, ഇപ്പറഞ്ഞ ‘സോയാ അക്തര്‍ സിന്ദഗി നാ മിലേഗി ദൊബാരാ‘ എന്ന സിനിമ ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുപോലുമില്ല. അടുത്തകാലത്തെ മലയാളസിനിമകളെയൊന്നും രാഷ്ട്രീയം വെച്ച് വിലയിരുത്താൻ നോക്കിയിട്ടുമില്ല. എന്നുവെച്ച് ഇനി നോക്കില്ല എന്നുമില്ല. പ്രതിലോമരാഷ്ട്രീയം, അതു ഏതു കൊമ്പത്തെ സിനിമയിലാണെങ്കിലും ശ്രദ്ധയിൽ പെട്ടാൽ, സമയമുണ്ടെങ്കിൽ പറഞ്ഞിട്ടുമുണ്ട്.

  • ശരിയാണ്, റോബി കുര്യന്‍.
   ആണ്ടി നല്ല അടിക്കാരന്‍ തന്നെയാണ്. ആണ്ടി അതിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുക.
   മറ്റാരെങ്കിലും ഇത്തിരി കഴിഞ്ഞ് അതാവര്‍ത്തിച്ചാല്‍ ചുളുവിന് ഒരു പട്ടമാവുമല്ലോ.

   ഈ ഡയലോഗിനപ്പുറം റോബി കുര്യന്‍ എന്നെങ്കിലും ഒരു സിനിമ നിരൂപണം ചെയ്താല്‍ വായിക്കേണ്ടിവരുമല്ലോ എന്ന പേടി ഇപ്പോള്‍ പോയി. മരിച്ച ശില്‍പ്പി കൃഷ്ണകുമാര്‍ ചിത്രകാരനായ എം.വി ദേവനെകുറിച്ച് പറഞ്ഞതുപോലെ ‘നാവു കൊണ്ടു മാത്രം ചിത്രം വരയ്ക്കുന്നതിനാല്‍ കാണേണ്ടി വരില്ല എന്ന മെച്ചമുണ്ട്’
   (പഴയൊരു മാധ്യമം ആഴ്ചപ്പതിപ്പില്‍ മാങ്ങാട് രത്നാകരന്‍ കൃഷ്ണകുമാറിനെക്കുറിച്ച് എഴുതിയ ‘യുദ്ധസ്നേഹ സ്മരണകള്‍’ എന്ന കുറിപ്പ് വായിച്ച ഓര്‍മ്മയില്‍)

  • ഈ സിനിമ മോശമാണെന്നോ ചീത്തയാണെന്നോ ഞാൻ പറഞ്ഞിട്ടില്ല, മറിച്ച് ആ ലേഖനത്തിലെ ഉപരിപ്ലവമായ കാഴ്ചപ്പാടിനോടാണു വിയോജിപ്പ്. ഏതുസിനിമയെയും അതിന്റേതായ റൈറ്റിൽ അംഗീകരിക്കാൻ മടിയൊന്നുമില്ല. അല്പം കൊള്ളാവുന്ന എന്തെങ്കിലും വന്നാലുണ്ടാവുന്ന ഈ ‘ഓവർ ദി ടോപ്പ്’ വാഴ്ത്തുകളോടാണു എതിർപ്പ്. ഉപരിപ്ലവമായ മാറ്റങ്ങളെ സ്ഥാപനവത്കരിക്കാനേ അതുപകരിക്കൂ.

   ————————–
   ഒഹ് സര്‍ 

   മനസമാധാനമായി. താങ്കളുടെ ഉദ്ദ്യേശശുദ്ധി വെളീവാക്കിയതിനു. ഞങ്ങളെ പോലുള്ള കൃമി കീടങ്ങളുടെ ചോദ്യത്തിനു പോലും താങ്കള്‍ മറുപടി പറയുന്നുന്ടല്ലോ. താങ്കള്‍ അമേരിക്കയില്‍ പോയത് മലയാള സിനിമയ്ക്കൊരു നഷ്ടമാണ്. തീരാ നഷ്ടം . താങ്കള്‍ ഇവിടെ ഉണ്ടായിരുന്നു എങ്കില്… ഈ എമ്പോക്കി നിരൂപകന്‍ മാര്ക്കും സം വിധായകര്‍ ക്കും ഒരു പേടി സ്വപന്മായയേനെ. സങ്കടമുണ്ട് സാര്‍ സങ്കടമുണ്ട്. മടങ്ങി വരൂ റോബി സാര്‍ 

 38. @shaji
  ബാക്കി പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുക എന്ന് പറഞ്ഞാല്‍ , കിളികള്‍ കൊക്കുരുമ്മുന്നത് കാണിക്കുക, തേന്‍ നുകരുന്ന വണ്ടിനെ കാണിക്കുക എന്നതാണോ . സെക്സ് സീന്‍(ഇവിടെ ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ . അല്ലാതെ യഥാര്‍ത്ഥ സെക്സ് സീന്‍ ഇതാണെന്നു ഞാന്‍ വിശ്വസിക്ക്കുന്നില്ല ) ഏറ്റവും മനോഹരമായി മണി രത്നം റോജയിലെ puthu vellai mazhai എന്നാ ഗാനത്തില്‍ ചിത്രീകരിച്ചിട്ടുണ്ട് . അത് ആത്മവിശ്വാസ കുറവല്ല ,കഴിവാണ് .

 39. 22 ഫീമൈല്‍ കോട്ടയം നിരാശ പെടുത്തി .ഏക്‌ ഹസീന ഥി എന്ന ഹിന്ദി ഫിലിം കണ്ട ആര്‍ക്കും ഈ ചിത്രം ഇഷ്ടപെടാന്‍ വഴിയില്ല .പുതിയ ജീവിതത്തെ അടയാളപ്പെടുത്താന്‍ വിദേശ ചിത്രങ്ങള്‍ ചില മാറ്റങ്ങളോടെ അടിച്ചു മാറ്റിയിരിക്കുകയാണ്ഈ ഫില്മില്‍ . ഏക്‌ ഹസ്സേന ഥി യില്‍ മാനഭംഗം ഇല്ല എന്നത് ശരിയാണ് കില്‍ ബില്‍ പോലുള്ള ഇംഗ്ലീഷ് ചിത്രങ്ങള്‍ കണ്ടെങ്ങില്‍ പിന്നെ പോകേണ്ട കാര്യമില്ല .quentin tarantino ചിത്രങ്ങള്‍ അടിച്ചു മാറ്റുന്നതാണ് പുതിയ ട്രെന്‍ഡ് .സുബ്രമാഹ്ന്യപുരം മുതല്‍ സെക്കന്റ്‌ ഷോ വരെ അതൊക്കെത്തന്നെയാണ്.

 40. @sumesh
  സൂപ്പര്‍ കണ്ടു പിടിത്തം അണ്ണാ . ഒരു നോബല്‍ സമ്മാനം തരട്ടെ .
  The movie is often noted for its stylish direction and its homages to film genres such as Hong Kong martial arts films, Japanese chanbara films, Italian spaghetti westerns, girls with guns, and rape and revenge;[Kill Bill Volume 1
  From Wikipedia, the free encyclopedia]
  കില്‍ ബില്‍ തന്നെ ഇത്രയും ചിത്രങ്ങളില്‍ നിന്നും പ്രചോദനം (നിങ്ങളുടെ ഭാഷയില്‍ പ്രചോദനവും കോപ്പിയടിയും ഒന്നാണല്ലോ ) ആണ് എന്ന് ടാരന്റിണോ തന്നെ സമ്മതിക്കുന്നു .അത് പോലെ ഏക്‌ ഹസിനാ ധീക്ക് നിങ്ങളുടെ വക ഫുള്‍ മാര്‍ക്കും(അപ്പൊ അത് കോപ്പി അല്ലെ ?) മലയാളത്തില്‍ ഒരെണ്ണം അത് പോലെ ഇറങ്ങിയാല്‍ അപ്പൊ കുറ്റം പറയാന്‍ ഇറങ്ങിക്കോലും …

 41. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച കലാ രംഗത്തെ, പ്രത്യേകിച്ച് സിനിമയുടെ കാര്യത്തില്‍ മലയാളികളെ ലോക സിനിമയുമായി അടിപ്പിക്കുകയുണ്ടായി .ഇപ്പോള്‍ മലയാള സിനിമ സംവിധായകരെ രണ്ടായി തിരിക്കാം ഇന്‍റര്‍നെറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നവര്‍ (അടിച്ചു മാറ്റുകയല്ല കേട്ടോ )എന്നും അല്ലാത്തവര്‍(അവരുടെ തന്നെ ചിത്രങ്ങള്‍ വീണ്ടും പൊടിതട്ടി ഇറക്കുന്നവര്‍ ) എന്നും .നമ്മുടെ യുവ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് മലയാളികളുടെതിനെക്കാള്‍ വൈദേശികമായ ജീവിത പരിസരങ്ങലോടാണ് കൂടുതല്‍ സാമ്യം.ഇത് മലയാള സിനിമയ്ക്കു അതിന്റെ പ്രാദേസികത്വം നഷ്ടമാവുകയും ,ആഗോളീകരണത്തിന്റെ കാലത്ത് കലകള്‍ പുലര്‍ത്തേണ്ട സാംസ്‌കാരിക പ്രതിരോധം നഷ്ടമാക്കുകയും ചെയ്യും .

 42. @gokul

  ടെസ്സ എബ്രഹാം martial ആര്‍ട്സ് കാണിച്ചാല്‍ മാത്രമല്ല സാമ്യം .kill bill , ഏക്‌ ഹസീന ഥി എന്നിവയെ ആരും മഹത്തരം ആയിട്ടു പറയുന്നുമില്ല.wiki വായിച്ചല്ല സിനിമയെക്കുറിച്ച് അറിവുണ്ടായത് ,അതുകൊണ്ട് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു

 43. @sumesh
  A guy who makes a chair doesn’t owe money to whoever has ever built a chair – (The Social Network)
  അത്രയും മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് .

 44. Rathinirvedam (Padmarajan),Arapatta kettiya Gramathil,Deshadana pakshi karayarilla ( Lesbians) okke kandu valarnna malayaliku virginity illatha tessa oru puthumayonnumalla.. But aa treatmentilorikalum SEX expose cheythirunnilla,negative msgsm illa.. kurachu manushyarude experiances.. Athil aarum solutionsinu vendi muravili kootiyitumilla,avatharipikunna vishayam avatharipikenda reethiyil avatharipichu kazhinjal pinne athinu negativ msgs ulla oru solutionum koduthu aa subjctnte value illathakenda aavasyamundo!!!!

 45. അങ്ങനെ അങ്ങോട്ട്‌ വെള്ള പൂശാന്‍ പറ്റുമോ കോട്ടയം കാരിയുടെ സ്ത്രീത്വതെ..???
  ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ കന്യകാത്വത്തെക്കുറിച്ച് വളരെ കൂള്‍ ആയി പറഞ്ഞ അവളുടെ നിസ്സംഗത ഒരു പുതുമയാണ്…
  പക്ഷെ വന്ജിച്ച്ചവനോട് പ്രതികാരം ചെയ്യാന്‍ വേണ്ടി സ്വന്തം ശരീരം തന്നെ ഉപോയോഗിക്കേണ്ടി വന്ന ആ പാവം അച്ചായത്തിക്കൊച്ചിന്റെ അവസ്ഥ ഇച്ചിരി കഷ്ടമല്ലേ അന്നാമ്മ ചേടത്തി..???
  ഒന്ന് സ്വസ്ഥമായി പ്രതികാരം ചെയ്യണമെങ്കില്‍ പോലും ഏതെങ്കിലും ആണിന്റെ കൂടെ ഇച്ചിരി നേരം കഴിയണം എന്ന് പറയുന്നിടത്താണോ 22 കാരിക്കൊച്ചിന്റെ “സ്ത്രീ സ്വാതന്ത്ര്യം” പൂര്‍ത്തിയാവുന്നത്…???
  ആ സത്താര്‍ ചെയ്ത വേഷം ഇല്ലായിരുന്നെങ്കില്‍, അയാള്‍ക്ക്‌ നമ്മുടെ റെസ്സക്കൊച്ച്ചിനോട് അങ്ങനെ ഒരു പരവേശം പണ്ടേ ഉണ്ടായിരുന്നില്ലേല്, ഈ പ്രതികാരം വല്ലോം നടക്കുവായിരുന്നോ ചേടത്തീ..???
  അപ്പൊ ഒരു പെണ്ണിന് മാനമായി ഒന്ന് പ്രതികാരം ചെയ്യണേല്‍ ഇച്ചിരി മാനക്കേട്‌ കാണിക്കണം എന്ന ഒരു സ്ത്രീ വിരുദ്ധ സന്ദേശം കൂടി ഈ സിനിമേല്‍ ഇല്ലേ എന്റെ ചേടത്തീ…???!!!

 46. ഈ net maagazine നല്ലതാണ്.എഴുതാം കാണാത്ത സിനിമ.അത് കൊണ്ടാണ് അഭിപ്രായം എഴുതാത്തത്.എന്നാലും,അതി വിചിത്രമായ എത്രയോ കാര്യങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു.ഒളിച്ച് എന്തും ചെയ്യാം എന്ന അവസ്ഥ മലയാളി അംഗീകരിച്ചതായി തോന്നുന്നു.സെക്സ് മൂടിവെക്കാതെ പരസ്പര താല്പര്യം ഉണ്ടെങ്കില്‍ ആവാം എന്നതിലേക്ക് എത്തികഴിഞ്ഞു-മലയാളികള്‍.വിധുബാലയുടെ ‘കഥയല്ലിത് ജീവിതവും’ഇന്നത്തെ കേരളീയ ജീവിതത്തിന്റെ നേര്‍ ചിത്രങ്ങളും അത് തെളിയിക്കുന്നു.മലയാളിയുടെ കപട സദാചാരം പൊട്ടിച്ചിതറുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മെ അതിശയിപ്പിക്കും.കെ.എം .രാധ

 47. As per the writer, only the viewers of so called ‘ good cinema ‘ have got invitation to watch the film. Again question of who decides good and bad. അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിലപ്പുറമുള്ള അഭിനയം അധികമൊന്നും വശമില്ലാത്ത നമ്മുടെ സ്ഥിരം നായികമാര്‍ക്ക് കണ്ടു പഠിക്കാനൊരു പാഠപുസ്തകമാണ് ഈ ചിത്രത്തിലെ റീമയുടെ പ്രകടനം.. ivide prashnam nadimaar aninju orungi nilkunnathano avare nirthunnathano?aanengil aaru ? samvidhayakano, samoohamo ? pinne parayunna vere karyam tessayude kathapathram changootamulla ‘ I am not virgin ‘ ennu parayan ponna changootamulla sthreeku mathrame pattu ennaanu ivide parayunnathu, pakshe, reema kallingal oru elite background ulla oru valare modern aaya oru actress( Reema kallingal modelum miss kerala runner up aanu) aayathukondalle angane saadhikunnathu appol elite pennkuttikal mathram ‘nalla cinema’ yil abhinayichaal mathiyo…

 48. ഓ..!!! റീമക്കൊച്ചിനു അത്ര വല്യ അഭിനയം ഒന്നും ഇല്ലന്നേ…!!!
  വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത ഒരു പട്ടിക്കാട്ടുകാരീടെ വേഷം കൊടുത്താലും റീമകൊച്ച് അതേല്‍ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷും ആക്സെന്റും ഒക്കെ കേറ്റി ഭംഗിയാക്കി തരും…!!!
  സംശയം ഒണ്ടേല്‍ സെവന്‍സ് പടം കണ്ടു നോക്ക്…!!!
  ആ ചുണ്ട് വക്രിച്ചു കൊണ്ടുള്ള ഗോഷ്ടിയും വഴുവഴാ മലയാളോം…!!!
  ഹോ…!!! എന്നാ രസമാ….??!!!
  2 മണിക്കൂര് പോയതിരിഞ്ഞില്ല കേട്ടോ…!!!
  അത്ര നല്ല അവിഞ്ഞ അനുഭവം ആയിരുന്നെ…..!!!

 49. നല്ല റിവ്യു. ടെസ്സ കൊടുത്ത ശിക്ഷ പീടനകാര്‍ക്ക് ഗവണ്മെന്റ് വിധിക്കുമെങ്കില്‍ എത്ര പീഡനങ്ങള്‍ കുരഞ്ഞെനെ ഈ നാട്ടില്‍. ഹോസ്റ്റലില്‍ ഒരുപാട് ദിസ്കുസ് ചെയ്തിടുള്ള ഒരു പോംവഴി ആണ് തിരകധക്രിത് കാണിച്ച തന്നദ്. ഇങ്ങനെ ഉള്ളവന്മാര്‍ക്ക് ടെസ്സ ചെയ്തതാണ് അതിന്റെ ചുട്ട മറുപടി. I jus felt like kissing Tessa. നായകന്‍ പറഞ്ഞ പോലെ “നീയാണ് പെണ്ണ്”. മനസ്സ് തുറന്നു കയ്യടിച്ചു പോയ ഒരു ചിത്രം. I appreciate the whole crew of the film. A splendid story.

 50. ഇത്രയും വിവരവും ഭുദ്ധിയും ഉള്ള ആളുകളുടെ കമന്‍റ് കണ്ടപ്പോള്‍ ഏതായാലും ഈഫിലിം ഒന്ന് കണ്ടിട്ട് തന്നെ ഭാകി കാര്യം ഈകടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഒന്നും അറിയില്ല ഏതോ ഒരു സിനിമയില്‍ ശങ്കരാടി ഇതുപോലുള്ള ടയലോഗ് വിടുന്നുണ്ട് ഒന്നുകണ്ടിട്ടുവരട്ടെ ഞാനും എഴുതാം കുറച്ചു ക്ലീഷേ ഒക്കെ എന്താ …..

Leave a Reply

Your email address will not be published. Required fields are marked *