നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍. തെരഞ്ഞെടുക്കപ്പെടുന്നവരെ സ്വതന്ത്രരാക്കി, മറ്റുള്ളവരെ അടിമകളാക്കുന്ന പ്രവര്‍ത്തനരീതി. ടര്‍ക്കി ക്ഷമാപണത്തിനു തെരഞ്ഞെടുക്കപ്പെടുന്ന പക്ഷികള്‍ക്ക് ലോക നിലവാരത്തില്‍ പരിശീലനം നല്‍കപ്പെടുന്നു. വലിയ ശബ്ദങ്ങളോടും ക്യാമറയുടെ വെളിച്ചത്തോടും കുട്ടികളോടും മാധ്യമങ്ങളോടും ഇടപഴകാന്‍ അവയെ ശീലിപ്പിക്കുന്നു. നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ആഹാരം നല്‍കുന്നു, ( അതുകൊണ്ടു തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാല്‍ അവ ‘ക്ഷമാപണം’ കിട്ടി അധികനാള്‍ കഴിയുന്നതിനു മുന്‍പ് ചത്തുപോകുന്നതായും വാര്‍ത്തകളുണ്ട് )-സ്മിതാ മീനാക്ഷി എഴുതുന്നു

 

 

അമേരിക്കന്‍ പ്രസിഡന്റിന്റെ വകയായി വൈറ്റ് ഹൌസില്‍ നടന്നു വരുന്ന ഒരു പരമ്പരാഗത ചടങ്ങാണ് “ടര്‍ക്കി പാര്‍ഡനിംഗ്”. അന്നേദിവസം യു.എസ് പ്രസിഡന്റിന് അമേരിക്കയിലെ ടര്‍ക്കി ഫെഡറേഷന്‍ ഒരു ടര്‍ക്കിയെ സമ്മാനിക്കുന്നു. പ്രസിഡന്റ് , ആ ടര്‍ക്കിയെ ആരുടെയും അത്താഴത്തിനു വിഭവമാകാതെ ജീവിക്കുവാന്‍ അനുവദിച്ച് സ്വതന്ത്രമാക്കുന്നു. സ്വതന്ത്രമാക്കപ്പെട്ട ആ ടര്‍ക്കിയുടെ പേരില്‍ ആ ദിവസവും പിന്നീട് വര്‍ഷം മുഴുവന്‍ നീളുന്ന ദിവസങ്ങളിലും അനേകായിരം ഇറച്ചി ടര്‍ക്കികള്‍ കശാപ്പു ചെയ്യപ്പെട്ട് പലവിധ രുചി വിഭവങ്ങളായി അമേരിക്കന്‍ ഭക്ഷണമേശകളിലെത്തുന്നു.( 1947 മുതല്‍ പ്രസിഡന്റിനു ടര്‍ക്കിയെ സമ്മാനിക്കുന്ന ചടങ്ങുണ്ടായിരുന്നെങ്കിലും അതിനെ സ്വതന്ത്രമാക്കുന്ന രീതി പിന്നീടാണു ആരംഭിച്ചത്.)

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍. തെരഞ്ഞെടുക്കപ്പെടുന്നവരെ സ്വതന്ത്രരാക്കി, മറ്റുള്ളവരെ അടിമകളാക്കുന്ന പ്രവര്‍ത്തനരീതി. ടര്‍ക്കി ക്ഷമാപണത്തിനു തെരഞ്ഞെടുക്കപ്പെടുന്ന പക്ഷികള്‍ക്ക് ലോക നിലവാരത്തില്‍ പരിശീലനം നല്‍കപ്പെടുന്നു. വലിയ ശബ്ദങ്ങളോടും ക്യാമറയുടെ വെളിച്ചത്തോടും കുട്ടികളോടും മാധ്യമങ്ങളോടും ഇടപഴകാന്‍ അവയെ ശീലിപ്പിക്കുന്നു. നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ആഹാരം നല്‍കുന്നു, ( അതുകൊണ്ടു തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാല്‍ അവ ‘ക്ഷമാപണം’ കിട്ടി അധികനാള്‍ കഴിയുന്നതിനു മുന്‍പ് ചത്തുപോകുന്നതായും വാര്‍ത്തകളുണ്ട് ).

 

 

നമുക്കിടയില്‍ നടക്കുന്നത്
ഇതേ രീതിയില്‍, തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാം ലോകപൌെരന്മാരെ സ്വതന്ത്രരാക്കുന്ന , അവര്‍ക്ക് പദവികള്‍ സമ്മാനിക്കുന്ന അമേരിക്കയെ കുറിച്ചാണ് അരുന്ധതി റോയിയുടെ പ്രഭാഷണം നമുക്ക് പറഞ്ഞു തരുന്നത്. അതു പക്ഷേ അമേരിക്കയെക്കുറിച്ചാണ്. നമ്മുടെ രാജ്യത്തു, നാം നേരിട്ട് നടത്തുന്ന ഇത്തരം ചില പ്രവര്‍ത്തനങ്ങളുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ക്കായി, ലോകവും അമേരിക്കയും വിട്ട് നാം ഇന്ത്യയില്‍ , അല്ല , കേരളത്തിലെത്തുക. ഇവിടെ നാട്ടില്‍ പുറത്തെ സ്വൈരജീവിതത്തിനായി, കുടിവെള്ളത്തിനായി ഇത്തിരി കാട്ടുഭൂമിയ്ക്കായി, അതില്‍ കെട്ടി ഉയര്‍ത്തിയ കുടിലുകള്‍ക്കായി സമരം ചെയ്യുന്നവരെ നാം ഇടയ്ക്കിടെ മാധ്യമങ്ങളില്‍ കാണാറുണ്ട്. പ്ലാച്ചിമടയിലെ മയിലമ്മയെയും വയനാട്ടിലെ ജാനുവിനെയും ഒക്കെ നാം സമരനേതൃത്വങ്ങളില്‍ കണ്ടിരുന്നു.അവരുടെയൊക്കെ നേതൃത്വത്തില്‍ , പൊതു സമൂഹം അവഗണിച്ചു മാറ്റി നിര്‍ത്തിയിരുന്നവര്‍ അടിച്ചമര്‍ത്താനാകാത്ത ജനശക്തിയായി സംഘടിച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ അത് ഭയപ്പാടൊടെയാണു നോക്കിക്കണ്ടത്.

നമ്മുടെ സമരങ്ങള്‍ക്ക് സാധാരണമായ ഒരു രീതിയുണ്ട്, അതായത് നടത്തിക്കൊടുക്കല്‍ രീതി. എങ്ങനെ എപ്പോള്‍ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നുമുള്ള തീരുമാനങ്ങള്‍ അവരാകും എടുക്കുക. അതുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളുടെ വഴിയ്ക്കും സമരം സമരത്തിന്റെ വഴിയ്ക്കും സമാന്തരങ്ങളായി തുടരുന്ന രീതിയാണ് കാണുന്നത്. എങ്ങനെ സമരം നടത്തണമെന്നു തീരുമാനിക്കുന്നത് നടത്തിക്കൊടുക്കുന്നവരാണ്. സാധാരണ ഗതിയില്‍ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി സമരം നടത്തിക്കൊടുക്കുന്ന നേതാക്കള്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണു പ്രശ്നത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ നേരിട്ടു നടത്തുന്ന അതിജീവനയുദ്ധങ്ങള്‍. ഇരകള്‍ക്ക് സമരത്തിലൂടെ പുതുതായി നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നത് പോരാട്ടത്തിന്റെ ശക്തിയാകുന്നു. അത്തരം സമരങ്ങളെ നേരിട്ട് അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് പല തടസ്സങ്ങളും ഉണ്ടാകുമ്പോള്‍ രഹസ്യമായി അവര്‍ തന്ത്രങ്ങള്‍ മെനയുന്നു. അതിന് മറ്റു സാമൂഹ്യ പ്രവര്‍ത്തകരും നേതാക്കളും കൂട്ടു നില്‍ക്കുന്നു.

 

 

സമരങ്ങള്‍,അനുഷ്ഠാനങ്ങള്‍
ഉദാഹരണത്തിന് ആദിവാസികളെ നോക്കൂ. തങ്ങളുടെ കാട്ടുഭൂമി കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ഒരു കൂട്ടം ആദിവാസികള്‍ , അവര്‍ക്കൊന്നോ രണ്ടോ ധീരരായ നേതാക്കള്‍ , അതു ജാനുവാകാം, വാസുവാകാം, ശെല്‍വിയാകാം . ആദ്യമവരെ പണം കൊടുത്തോ സൌെകര്യങ്ങള്‍ കൊടുത്തോ പ്രീണിപ്പിക്കാനുള്ള ശ്രമമുണ്ടാകുന്നു, അതു വിജയിക്കാതെ വരുകയാണു പതിവ് . അപ്പോള്‍ അവരോട് മെല്ലെ പറയുന്നു, ഭരണകൂടം നേരിട്ടല്ല പറയുക, തെരഞ്ഞെടുക്കപ്പെട്ട സമൂഹ്യപ്രതിഭകളുണ്ടാകും ആ ജോലിക്ക് ‘നിങ്ങളെപ്പോലെയുള്ള നേതാക്കളെ ഈ രാജ്യത്തിനാവശ്യമാണ്, ഈ കാട്ടിലെ ഇത്തിരിവട്ടത്തിലല്ല നിങ്ങള്‍ നില്‍ക്കേണ്ടത് , വരൂ, ഞങ്ങളുടെ കൂട്ടായ്മയിലേയ്ക്ക്, നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ വിശദീകരിക്കൂ’.

സംസ്ഥാനതലത്തിലെ വമ്പിച്ച സെമിനാറുകളില്‍ നിന്ന് നാം അവരെ രാജ്യ തലസ്ഥാനത്തേയ്ക്ക് നയിക്കുന്നു, അവിടെ ഇംഗ്ലീഷ് ഉള്‍പ്പടെ വിവിധ ഭാഷ സംസാരിക്കുന്നവരുടെ കൂടെയിരുത്തി നാം അവരെ വിവര്‍ത്തനം ചെയ്യുന്നു. രാജ്യത്തെ മാത്രമല്ല , ലോകത്തിന്റെ പലഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ളവരും അവിടെ ഉണ്ടാകും. ഈ പ്രക്രിയ വരെ വിജയം കണ്ടു കഴിയുമ്പോള്‍ അടുത്ത പടി എളുപ്പമാകുന്നു. ഇത്ര നേരവും നാം അവരെ പുകഴ്ത്തുകയായിരുന്നു, ഇനി നാം അവരോട് പറയാന്‍ പോകുന്നത് അവരുടെ ദൌര്‍ബല്യങ്ങളെപ്പറ്റിയാണ്.

ഒന്നാമതായി ഭാഷ, എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിച്ചു കൂടാ? അതാണ് ആദ്യപടി. ഇംഗ്ലീഷ് എന്ന ലോകഭാഷയില്‍ കൂടി മാത്രമെ അവര്‍ക്കു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആകുകയുള്ളു എന്നു നാം പറഞ്ഞു കൊടുക്കുന്നു. കാട്ടുമുക്കിലെ വീട്ടില്‍ താമസിച്ച് ഭാഷ പഠിക്കാനാവില്ല, മഹാനഗരങ്ങളിലെ മികച്ച ജീവിത സൌകര്യങ്ങളില്‍, അശാന്തി എത്തിച്ചേരാത്ത ഇടങ്ങളില്‍ താമസിച്ച് ഇംഗ്ലീഷ് പഠിക്കുവാന്‍ നാം അവരെ ക്ഷണിക്കുന്നു. അവര്‍ ക്ഷണം സ്വീകരിക്കുന്നതോടെ കഥയുടെ ഒരു ഭാഗം അവസാനിക്കുന്നു. അല്ലാത്ത പക്ഷം ശ്രമങ്ങള്‍ മറ്റു വഴിയ്ക്ക് തുടരുന്നു.

സമരത്തിന്റെ പേരിലുണ്ടായിരുന്ന ‘നിയമലംഘനങ്ങള്‍’ അവര്‍ക്കു മാപ്പാക്കിക്കൊടുക്കുന്നു, പകരം പഞ്ചനക്ഷത്രശൈലിയിലുള്ള ജീവിതം വാഗ്ദാനം ചെയ്യുന്നു. കാടിന്റെ മക്കള്‍ക്കു നെയില്‍ പോളീഷും ലിപ് സ്റിക്കും ഉയര്‍ന്ന മടമ്പുള്ള ചെരിപ്പും ആധുനിക വേഷ വിധാനങ്ങളും വാര്‍ത്താ വിനിമയ സൌകര്യങ്ങളും കൊടുക്കുന്നതുള്‍പ്പടെ പഠനത്തിന്റെ എല്ലാ ചെലവും കുത്തകകള്‍ തന്നെ വഹിക്കും ( സ്പോണ്‍സേര്‍ഡ് ജീവിതങ്ങളുടെ കാലമാണിത്) .

 

 

ടര്‍ക്കി പാര്‍ഡനിംഗ്
അപ്പോള്‍ അവര്‍ തുടങ്ങിവച്ച സമരം പാതി പോലും പിന്നിടാതെ അവരെയും കാത്തു കിടക്കും, വനഭൂമി വെട്ടിപ്പിടിക്കാന്‍ ത്രാണിയുള്ള ഉന്നതര്‍ അവരുടെ കുടിലുകള്‍ തീവെച്ചു നശിപ്പിക്കും , കാട്ടില്‍, ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പിതാവില്ലാത്ത കുട്ടികളെ പ്രസവിക്കും, പട്ടിണിയും അസുഖങ്ങളും മൂലം അവര്‍ വംശനാശ ഭീഷണി നേരിടും , മെല്ലെ മെല്ലെ ശേഷിക്കുന്നവര്‍ കാടിനുള്ളിലേയ്ക്ക് കൂടുതല്‍ വലിയും , ഒടുവില്‍ കാടിനോടൊപ്പം അവരും ഇല്ലാതാകും.

അപ്പോഴും നാം , പൊതുജനം ആശ്വാസം കൊള്ളും.ഗവണ്‍മന്റ് ആദിവാസികളെ സംരക്ഷിക്കുന്നില്ലെന്നാരുപറഞ്ഞു? അവരില്‍ നിന്ന് എത്ര പേര്‍ക്ക് ജോലി കൊടുത്തു! എത്ര പേരെ ദത്തെടുത്തു ! അങ്ങനെ കശാപ്പു ചെയ്യപ്പെടുന്ന ടര്‍ക്കികളുടെ പേരില്‍ മാപ്പ് നല്‍കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്‍മാരുടെ പ്രതീകം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

ഈ പ്രക്രിയ സമരമുഖത്തുള്ളവരോടു മാത്രമല്ല, അവശരായ ഏതു വിഭാഗത്തിനോടുമാകാം. ആവശ്യമനുസരിച്ച് സന്ദര്‍ഭമനുസരിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങളിലൂടെ നാം അവരെയും ദത്തെടുക്കും . ടര്‍ക്കി പാര്‍ഡനിംഗ് വൈറ്റ് ഹൌസില്‍ മാത്രമല്ല നടക്കുന്നത് , നമ്മുടെ കണ്‍മുന്‍പിലും കൂടിയാണ്.

 

 

ടര്‍ക്കി പാര്‍ഡനിംഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

http://en.wikipedia.org/wiki/National_Thanksgiving_Turkey_Presentation

http://content.usatoday.com/communities/theoval/post/2011/11/theturkeypardonawhitehousetradition/1#.T4BWaHos7IU

2 thoughts on “നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

  1. ‘ബടക്കാക്കി തനിക്കാക്കുക ‘ എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍ ! ഒരു കാര്യം ആദ്യമേ ചീത്തയാക്കി കൊണ്ട് വരിക . പിന്നെ അത് സ്വന്തം കൈവശപ്പെടുത്തുക . ഇവിടെ അതിന്റെ വകഭേദങ്ങള്‍ തന്നെ ! എല്ലാ വിഷയങ്ങളിലും ചില താല്പര്യക്കാര്‍ ആധിപത്യം ഉറപ്പിക്കും . അതില്‍ ശരിക്കും ഇടപെടുന്ന ആളെ തട്ടിമാറ്റി അല്ലെങ്കില്‍ വകവരുത്തി അവര്‍ കൈയ്യടക്കും ! നമ്മുടെ നാട്ടിലെ ആദിവാസി ഇഷ്യു ചിലര്‍ കുളമാകിയതും അങ്ങിനെ ! ടര്‍ക്കി പാര്‍ഡനിംഗ്- അതിനു യോജിച്ച വാക്ക് തന്നെ . നന്നായി എഴുതി സ്മിത , അഭിനന്ദനങ്ങള്‍

  2. സി.പി.എം ആദിവാസി സമരത്തില്‍ ഇടപെട്ട് ശ്രേയാംസ് കുമാറിന്റെ തോട്ടം പിടിച്ചടക്കല്‍ നാടകം നടത്തിയത് കണ്ടു. സി.പി.എമ്മിനെ ഒഴിവ്ക്കി ആദിവാസികള്‍ സ്വയം സമരത്തിനിറങ്ങുക തന്നെ വേണം. അസംഘടിതരൌം ദരിദ്രരുമായ ആദിവാസികളുടെ നേതാവിന്റെ വക്കിനു തങ്ങളുടേ വാക്കിന്റെ ലക്ഷത്തിലൊരു വിലയും ഉണ്ടാകില്ല എന്നതും ഓര്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *