ഹാച്ചിയെക്കുറിച്ച് അത്രമേല്‍

അപ്പുറം ഇപ്പുറം താമസിക്കുന്നവര്‍ക്ക് ഈ അടുപ്പം ഒരു ശല്യമാവുന്നു, തെരുവ് നായയാണ്, സൂക്ഷിയ്ക്കണം എന്നിങ്ങനെ പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നു ഒരു ദിവസം കോണിപ്പടി ഇറങ്ങുന്നതിനിടെ കൂടെ വന്ന ഹാച്ചിയോടു “നോക്കൂ, ഇതെനിയ്ക്ക ബുദ്ധിമുട്ടാണ്, നീയിവിടെ വന്നു കിടന്നാല്‍ അത് പ്രശ്നമാവും” എന്ന രീതിയില്‍ സംസാരിച്ചു. ആ സമയത്ത് അതിനു ഒരു മൃഗത്തിന്റെ കണ്ണുകളായിരുന്നില്ല. ഒരുപാട് വളര്‍ന്നതിനു ശേഷവും അനാഥരായിപ്പോയ മറ്റനേകം മനുഷ്യരെ പോലെ തന്നെ അത് കണ്ണടയ്ക്കാതെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു. പിന്നീട് ഒരിയ്ക്കലും ഹാച്ചി ആ കോണിപ്പടി കയറിയിട്ടില്ല- മനുഷ്യനും മൃഗവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അസാധാരണമായ അനുഭവം. ശാലിനി പദ്മ എഴുതുന്നു

 

 

ഒരു നായയെ കുറിച്ച് ഇത്രമേല്‍ എന്ത്പറയാനാണ്? നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും, സി.പി എം സമ്മേളനവും,പരീക്ഷാ ചൂടും, വില വര്‍ധനയും,കുടിവെള്ളക്ഷാമവും കത്തുന്ന ഈ വേനലില്‍, വെറുമൊരു മൃഗത്തെ കുറിച്ച് ഇത്രമേല്‍ എന്തെഴുതാനാണ്? അറിയപ്പെടാത്ത കാരണങ്ങളാല്‍ ഓര്‍മയില്‍ നില്‍ക്കുന്ന അനേകം പേരുടെ പട്ടികയിലേയ്ക്ക് പേര് ചേര്‍ക്കപ്പെട്ട അംഗമായതിനാലാവാം അതിനെ കുറിച്ച് ഇവിടെ
എഴുതുന്നത്.അല്ലെങ്കില്‍ ഈ വെയിലത്ത്, മനുഷ്യത്വം എന്ന് പൊതുവേ അംഗീകരിയ്ക്കപ്പെട്ട പദത്തില്‍ അല്‍പ്പം, നായത്വം കണ്ടെത്താനുള്ള
ശ്രമവുമാവാം.

 

‘ഹാച്ചി-എ ഡോഗ്സ് റ്റെയ്ല്‍’ സിനിമയിലെ രംഗം

 

“ഹാച്ചി-എ ഡോഗ്സ് റ്റെയ്ല്‍”

ലസ്സെ ഹാള്‍സ്ട്രോമിന്റെ “ഹാച്ചി എ ഡോഗ്സ് റ്റെയ്ല്‍ “ എന്ന സിനിമ, ഹാചിക്കൊ എന്ന നായയും അതിന്റെ ഉടമസ്ഥനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്.ഹാച്ചി എന്ന നായ “മനുഷ്യരെ സന്തോഷിപ്പിയ്ക്കുന്ന ” തരത്തിലുള്ള ഒന്നായിരുന്നില്ല. അതിന് ഉടമസ്ഥനോടുള്ളത്, മറ്റന്താെേ ഒന്നായിരുന്നു. സ്ഥിരമായി യാത്ര ചെയ്യാറുള്ള തീവണ്ടിയില്‍ ഉടമസ്ഥന്‍ എത്തുന്നതും കാത്ത് വര്‍ഷങ്ങളോളം, വെയിലും, മഴയും, മഞ്ഞു വീഴ്ചയും കൊണ്ട് റയില്‍വേ സ്റേഷന് മുന്നിലിരിയ്ക്കുന്ന നായുടെ കഥ പറഞ്ഞ ആ ചിത്രം ഒരു യഥാര്‍ഥ സംഭവ കഥയെ ആസ്പദമായി ചിത്രീകരിയ്ക്കപ്പെട്ടതാണ്.നായകന്‍ റിച്ചാര്‍ഡ് ഗിയറിനെ ഹാച്ചി കണ്ടെത്തുന്നത്, നിയോഗം എന്ന വാക്കിനെ എല്ലാ അര്‍ഥത്തിലും സാധൂകരിയ്ക്കുന്ന രീതിയിലാണ്.ഒരു മനുഷ്യന് വേണ്ടി മറ്റൊരു മനുഷ്യന്റെ കാത്തിരിപ്പിനെക്കാള്‍, എത്രയോ വേദനാനിര്‍ഭരവും,കഠിനവുമാണ് ഒരു മനുഷ്യന് വേണ്ടിയുള്ള ഒരു മൃഗത്തിന്റെ കാത്തിരിപ്പ്. അതിന്റെ ബോധമണ്ഡലത്തില്‍ വേര്‍പാട് അസ്തമിയ്ക്കാത്ത സൂര്യനായി കത്തി നില്‍ക്കുന്നു.

 

ഹാച്ചി-എ ഡോഗ്സ് റ്റെയ്ല്‍ സിനിമയിലെ രംഗം

 

സിനിമയിലല്ലാത്ത ഹാച്ചി
ചിത്രത്തിലെ ഹാച്ചിയോടുള്ള സാമ്യമാവാം, ഒരു പക്ഷെ ആ നായയെ ഹാച്ചി എന്ന് വിളിയ്ക്കാന്‍ പ്രേരിപ്പിച്ചത്.

താമസസ്ഥലത്തേയ്ക്കുള്ള കോണിപ്പടിയ്ക്ക് ചുവട്ടിലാണ് ആദ്യമായി അതിനെ കാണുന്നത്.വെളുത്ത നിറത്തില്‍ അവിടവിടെ കറുത്ത പാടുകളുള്ള ഒരു നായ. കിടക്കുന്നത് ഒരു നായയാണ് എന്ന ബോധ്യത്തില്‍ സൂക്ഷിച്ചു പടികള്‍ കയറുന്നതിനിടയില്‍ അത് ഒരു തവണ തല ഉയര്‍ത്തി നോക്കുകയും ചെയ്തു. ആദ്യത്തെ ഭയപ്പാടില്‍ കയ്യില്‍ തടഞ്ഞ എന്തോ എടുത്തു വീശിയപ്പോഴും അത് അനങ്ങുകയോ, ഭയപ്പെടുകയോ ഉണ്ടായില്ല.നോട്ടം പിന്‍ വലിച്ച്, കണ്ണുകളടച്ചു തല താഴ്ത്തി അവിടെ തന്നെ കിടന്നു.

ഇതേ കിടത്തം രണ്ടു ദിവസം തുടര്‍ന്നപ്പോഴാണ്, അതിനു വയ്യ എന്ന് ബോധ്യമായത്. മുകളിലെ നിലയിലുള്ള താമസക്കാരി അതിനെ ശല്യം ചെയ്യില്ല എന്ന സമാധാനത്തിലാവാം അതവിടെ വന്നു കിടന്നത്. പുറമേ കാണുന്ന മുറിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം വൈകിട്ട് വാതില്‍ പടിയിലേയ്ക്ക് നീക്കി വെച്ചു കൊടുത്ത ഒരു കഷ്ണം ബ്രെഡ് പതുക്കെ കടിച്ചു തിന്ന് അത് കിടപ്പ് തുടര്‍ന്നു.പിന്നീട് ഏതാള്‍ക്കൂട്ടത്തിലും “ഹാച്ചി” എന്ന ഹ്രസ്വമായ പതിഞ്ഞ വിളികൊണ്ട് തിരിച്ചറിയുന്ന രീതിയിലേയ്ക്ക് ആ സൌഹൃദം വളര്‍ന്നു.

നായക്കുട്ടികളുടെത് പോലെ മുന്നോട്ടു വളഞ്ഞ കാതും,ചെറിയ കണ്ണുകളും ഹാച്ചിയ്ക്ക്, സദാ ചിന്താനിമഗ്നതയുടെ ഭാവം നല്‍കി.അതിനു കാരണമുണ്ടായിരുന്നു.അതിനെ വളര്‍ത്തിയിരുന്നവര്‍ ഉപേക്ഷിച്ചതാണ്.അനാഥത്വം രണ്ടു തരത്തിലുണ്ട് . ജന്മനാ വന്നു ചേരുന്നതും, വളര്‍ന്നതിനു ശേഷം സംഭവിയ്ക്കുന്നതും. രണ്ടാമത്തേത് ഒരു വീഴ്ചയാണ്. അതില്‍ നിന്നും എഴുന്നേറ്റു വരുന്നതില്‍ ആദ്യത്തേതിനെക്കാള്‍ പ്രയാസങ്ങളുണ്ട്.ഹാച്ചി ഒരിയ്ക്കലും ആ വീട്ടില്‍ പോയിരുന്നില്ല. എന്നാല്‍ അവിടുത്തെ അംഗങ്ങളെ പുറത്തു വെച്ച് കാണുമ്പോള്‍ അടക്കാനാവാത്ത സ്നേഹം കൊണ്ട് അടുത്ത് ചെന്ന് നില്‍ക്കുന്നത് കാണാം. കനത്ത ഭാരം പേറിയ പട്ടാള ട്രക്കുകള്‍ പാലം കടന്നു പോവുമ്പോള്‍ ഹാച്ചി ഏതോ ചിന്തയുടെ ആഴത്തില്‍ എന്ന പോലെ നിശ്ശബ്ദനായി അത് നോക്കി കിടക്കും.

ശാലിനി പദ്മ

പിന്നെയവനെ കണ്ടില്ല
അപ്പുറം ഇപ്പുറം താമസിക്കുന്നവര്‍ക്ക് ഈ അടുപ്പം ഒരു ശല്യമാവുന്നു, തെരുവ് നായയാണ്, സൂക്ഷിയ്ക്കണം എന്നിങ്ങനെ പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികള്‍ക്ക് നായയെ ഭയമാണ്.ഒരു ദിവസം കോണിപ്പടി ഇറങ്ങുന്നതിനിടെ കൂടെ വന്ന ഹാച്ചിയോടു ” നോക്കൂ, ഇതെനിയ്ക്ക ്ബുദ്ധിമുട്ടാണ്, നീയിവിടെ വന്നു കിടന്നാല്‍ അത് പ്രശ്നമാവും” എന്ന രീതിയില്‍ സംസാരിച്ചു.

ആ സമയത്ത് അതിനു ഒരു മൃഗത്തിന്റെ കണ്ണുകളായിരുന്നില്ല. ഒരുപാട് വളര്‍ന്നതിനു ശേഷവും അനാഥരായിപ്പോയ മറ്റനേകം മനുഷ്യരെ പോലെ തന്നെ അത് കണ്ണടയ്ക്കാതെ മുഖത്തേയ്ക്കു നോക്കിക്കോണ്ടിരുന്നു. പിന്നീട് ഒരിയ്ക്കലും ഹാച്ചി ആ കോണിപ്പടി കയറിയിട്ടില്ല. മറ്റുള്ളവരുടെ കൂടെ നില്‍ക്കുമ്പോള്‍ അടുത്ത് വരികയോ, ഭക്ഷണത്തിന് ശല്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍, വിളി മുഴുവനാക്കും മുന്‍പേ വന്ന് അടുത്ത് നില്‍ക്കും. തലയില്‍ തൊടുമ്പോഴൊക്കെ അതിന്റെ കണ്ണുകള്‍ അടഞ്ഞു പോയി. അതിന് ഭക്ഷണത്തേക്കാള്‍ വേണ്ട മറ്റെന്തോ നഷ്ടപ്പെടുന്നതിന്റെ സ്വസ്ഥത ഉണ്ടായിരുന്നു. സമാന സാഹചര്യത്തില്‍ സാധാരണ മനുഷ്യരില്‍ കാണുന്ന എന്തോ ഒന്ന്.

താമസ സ്ഥലം മാറേണ്ടി വന്ന ദിവസം, ഒരു ക്യാമറയും ആഹാരവും കൊണ്ട് മുറ്റത്തിറങ്ങുന്നത് വരെ ഹാച്ചി മുറ്റത്തെ മുരിക്കിന്‍ ചുവട്ടില്‍ കിടന്നിരുന്നു. ഒരു നിമിഷം കൊണ്ട് അതെവിടെ പോയി എന്ന് കണ്ടു പിടിക്കാനായില്ല. ഒരു പക്ഷെ അനാഥത്വത്തിലൂടെ ഓര്‍മിയ്ക്കപ്പെടുന്നത് അവന് സഹിയ്ക്കാവുന്നതിലും അപ്പുറമായിരിയ്ക്കണം.

 

 

4 thoughts on “ഹാച്ചിയെക്കുറിച്ച് അത്രമേല്‍

  1. അച്ഛന് ശേഷം ഞാന്‍ അനാഥയായി. അച്ഛന്‍ പോയി, ഞാന്‍ ഒരു കുട്ടിയല്ലാതായി. എന്റെ തുടക്കം അപ്രത്യക്ഷമായി. ഇപ്പൊ അച്ഛനില്ല. ഞാനേയുള്ളൂ. ഞാനും ചങ്ങലയ്ക്കിട്ട ഭ്രാന്തും. -വിജയലക്ഷ്മി

  2. ശാലിനി വളരെ മികച്ച രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു… Definitely i will watch movie “Hachi: A Dog’s Tale”…I know this movie will make cry me…

Leave a Reply

Your email address will not be published. Required fields are marked *