ചോരപ്പുഴകളുടെ ആഴമളന്ന ചെറുപുഞ്ചിരി

സ്കൂളിലെ മുതിര്‍ന്ന അധ്യാപകരിലൊരാളാണ് രോഹിണി മിസ്. രണ്ട് പതിറ്റാണ്ടായി മാലെയിലാണ്. സദാ പ്രസന്നവതി. മുഖത്തെപ്പോഴും സ്നേഹവും കരുണയും നിറഞ്ഞൊരു ചിരി കാണും. അത് കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരേപോലെ അവരിലേക്കടുപ്പിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ചോരപ്പുഴ ഒഴുകിയ പലനാളുകളുടെ സാക്ഷിയാണ് അവര്‍. ലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി പേര്‍ അരുംകൊല ചെയ്യപ്പെട്ടത് അവരുടെ തൊട്ടുമുന്നിലായിരുന്നു. അതിനും മുമ്പ് നടന്ന ഒരു ചോരക്കളിയിലാണ് ഉറ്റബന്ധുക്കള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടമായത്. എങ്കിലും എല്ലാ മുറിവുകളും മറയ്ക്കുന്ന അഭൌമ മന്ദഹാസവുമായി എപ്പോഴും അവര്‍ ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു-ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു

 

 

ലങ്കന്‍ തമിഴരുടെ വംശഹത്യയെക്കുറിച്ച വാര്‍ത്തകളിലൂടെ, ദൃശ്യങ്ങളിലൂടെ കടന്നുപോവുമ്പോഴെല്ലാം രോഹിണി ജഗതീശന്‍ എന്ന രോഹിണി മിസിനെ ഓര്‍മ്മവരും. പഴയ സഹപ്രവര്‍ത്തക. ശ്രീലങ്കന്‍ തമിഴ് വംശജ. വംശീയ യുദ്ധത്തിന്റെ ചോരപ്പുഴകള്‍ക്കിടയിലൂടെ കടന്നു പോയാരാള്‍. എല്ലാം മായ്ക്കുന്നൊരു ചിരിയാല്‍ ഭൂതകാലത്തിന്റെ മുറിപ്പാടുകള്‍ മുഴുവന്‍ അതിജീവിച്ച സ്ത്രീ.

മാലിദ്വീപിലെ പ്രശസ്തമായ ജമാലുദ്ദീന്‍ സ്കൂളില്‍ അധ്യാപികയായിരുന്ന അവര്‍ എട്ടു വര്‍ഷം മുമ്പാണ് ജന്‍മനാട്ടിലേക്ക് തിരിച്ചു പോയത്. പക്ഷാഘാതം ഒരു വെള്ളിടിപോല്‍ മുന്നറിയിപ്പില്ലാതെ എത്തി ആ ശരീരത്തെ അനക്കമില്ലാതാക്കുകയായിരുന്നു. 2004ലാണ് അത്. അതിനു പിറ്റേ വര്‍ഷമാണ്, ലങ്കന്‍ തമിഴ് ജനതയുടെ ജീവിതം മുഴുവന്‍ തോക്കിന്‍മുനയാല്‍ മാറ്റിയെഴുതിയ മഹിന്ദ രാജപക്സെയുടെ യുഗം തുടങ്ങുന്നത്. ശരീര ചലനങ്ങള്‍ മരവിച്ച രോഹിണി മിസ് എങ്ങനെയാവും അതിനുശേഷമുളള കാലം അതിജീവിച്ചിരിക്കുക? ഓര്‍ക്കുമ്പോള്‍ കണ്ണുനിറയും.

മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലായിരുന്നു ഞങ്ങള്‍ ജോലി ചെയ്ത സ്കൂള്‍. ഞാനവിടെയെത്തിയിട്ട് മൂന്നാം വര്‍ഷം. മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമാണ് അന്ന് പ്രസിഡന്റ്. ഏഷ്യയില്‍ഏറ്റവും കൂടുതല്‍ ഭരണക്കസേരയിലിരുന്ന ആള്‍ എന്ന ബഹുമതിയില്‍ അദ്ദേഹം വിരാജിക്കുന്ന കാലം. ജനാധിപത്യ പ്രക്ഷോഭം അന്ന് തെരുവിലെത്തിയിട്ടില്ല. എതിര്‍പ്പിന്റെ സ്വരങ്ങളെല്ലാം അന്നന്നേരം അടിച്ചമര്‍ത്തപ്പെട്ടു. ഭരണകൂടത്തിനെതിരായ രോഷങ്ങള്‍ വലിയൊരു കൊടുങ്കാറ്റാവുമെന്ന് സങ്കല്‍പ്പിക്കാനാവാത്ത അവസ്ഥ. കുടുസു മുറികളിലും വിശാലമായ കടലോരങ്ങളിലും സിഗരറ്റു പുകച്ചിരുന്ന് ഞങ്ങള്‍ ഘോരഘോരം ആ രാജ്യത്തിന്റെ രാഷ്ട്രീയ ദുരവസ്ഥ ചര്‍ച്ചചെയ്തു.അകത്തളങ്ങളിലെ അസ്വസ്ഥതകള്‍ തെരുവുകളില്‍ തിളച്ചുമറിയുമെന്ന് പില്‍ക്കാലം തെളിയിച്ചു.

മിഡില്‍ സ്കൂളില്‍ ആര്‍ട്സ്, സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്നു ഞാന്‍. ഭാഷാശേഷിയുടെ അളവുകോല്‍ വെച്ചുനോക്കിയാല്‍ ഒരു ശരാശരി ഇന്ത്യന്‍ അധ്യാപകനെ സംബന്ധിച്ചിടത്തോളം ആവേശകരമായ അനുഭവമായിരുന്നു ആ ക്ലാസ്മുറികള്‍. 1927ലാണ് മാലിദ്വീപില്‍ ആദ്യ സ്കൂള്‍ സ്ഥാപിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നെത്തുന്ന അധ്യാപകര്‍ തങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ വീമ്പുപറഞ്ഞ് മാലിക്കാരെ പുഛിച്ചു.

വിദേശി അധ്യാപകരില്‍ ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ളവരായിരുന്നു കൂടുതല്‍. ബംഗ്ലാദേശ്, പാകിസ്താന്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചുരുക്കം അധ്യാപകരുമുണ്ട്. ലങ്കയില്‍നിന്നുള്ള അധ്യാപകരായിരുന്നു സ്കൂളില്‍ കൂടുതല്‍ തിളങ്ങിയത്. ഏതാണ്ട് മാലിദ്വീപിലെ സിലബസ് തന്നെയായിരുന്നു ലങ്കയിലും. ഇതവര്‍ക്ക് മുന്‍കൈ നല്‍കി.

ഒഴിവു വേളകളിലെ സ്റ്റാഫ് റൂം, ചര്‍ച്ചകളുടേതായിരുന്നു. ഇറാഖ് യുദ്ധം മുതല്‍ സ്കൂളിലെ നവാനുരാഗങ്ങള്‍ വരെ അവിടെ വിഷയമായി. ഇന്ത്യക്കാരില്‍തന്നെ, മലയാളികളും തമിഴരും ആന്ധ്രക്കാരും (അവര്‍ക്കിടയില്‍ ജാതി വേര്‍തിരിവു വ്യക്തമായിരുന്നു) പലപ്പോഴും ചെറിയ കൂട്ടങ്ങളായി അവിടവിടെ ഒത്തുചേര്‍ന്നു. അന്യനാട്ടില്‍ സ്വന്തം സ്വത്വത്തെ തിരിച്ചറിയുന്നതു പോലെ ഒരിടപാട്. മതസ്വാതന്ത്യ്രം പരിമിതമായിരുന്നു. അതിനാല്‍, ക്രിസ്ത്യന്‍ വിശ്വാസികള്‍ രഹസ്യമായി ഒത്തുചേര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തി. ഹിന്ദുക്കള്‍ ക്യുബിക്കിള്‍ പോലുള്ള വാടക മുറികളില്‍ ചെറിയ വിഗ്രഹങ്ങള്‍ക്കുമുന്നില്‍ ദീപം തെളിച്ചു. ബാഗില്‍ ഒളിപ്പിച്ചു കടത്തിയ ദേവിയുടെയും ശിവന്റെയും ചിത്രങ്ങള്‍ എയര്‍പോര്‍ട്ടില്‍ വച്ചുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ റൂം ഡെക്കറേഷന് കൊണ്ടുവന്ന ചിത്രമാണെന്ന് പറഞ്ഞാണ് പലരും തടിയൂരിയത്.

 

രോഹിണി മിസ് സ്കൂളില്‍


 

സെപ്തംബര്‍ മഴ
അതൊരു സെപ്തംബറായിരുന്നു. മഴ പതിവില്ല. എന്നിട്ടും, അന്ന് കനത്ത മഴ പെയ്തു. സ്കൂള്‍ ഇടനാഴികള്‍ നനഞ്ഞു കുതിര്‍ന്നു. സ്കൂള്‍ ഗാനം കഴിഞ്ഞ ഉടന്‍ ഒരു സഹപ്രവര്‍ത്തകന്‍ ഓടിക്കിതച്ചു വന്നു-‘രോഹിണി മിസിന് ഒരു സ്ട്രോക്ക്. ഒരു ഭാഗം തളര്‍ന്നു. ചികില്‍സക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോവും’ -ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞൊപ്പിച്ചു. വല്ലാത്തൊരു ഷോക്കായിരുന്നു അത്.

സ്കൂളിലെ മുതിര്‍ന്ന അധ്യാപകരിലൊരാളാണ് രോഹിണി മിസ്. രണ്ട് പതിറ്റാണ്ടായി മാലെയിലാണ്. സദാ പ്രസന്നവതി. മുഖത്തെപ്പോഴും സ്നേഹവും കരുണയും നിറഞ്ഞൊരു ചിരി കാണും. അത് കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരേപോലെ അവരിലേക്കടുപ്പിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ചോരപ്പുഴ ഒഴുകിയ പലനാളുകളുടെ സാക്ഷിയാണ് അവര്‍. ലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി പേര്‍ അരുംകൊല ചെയ്യപ്പെട്ടത് അവരുടെ തൊട്ടുമുന്നിലായിരുന്നു. അതിനും മുമ്പ് നടന്ന ഒരു ചോരക്കളിയിലാണ് ഉറ്റബന്ധുക്കള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടമായത്. എങ്കിലും എല്ലാ മുറിവുകളും മറയ്ക്കുന്ന അഭൌമ മന്ദഹാസവുമായി എപ്പോഴും അവര്‍ ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു

ചികില്‍സയ്ക്ക് വന്‍ തുക വേണം. പെട്ടെന്ന് തന്നെ, ഞങ്ങള്‍ ഒത്തുചേര്‍ന്ന്, കഴിയുന്ന തുക സ്വരൂപിക്കാന്‍ തീരുമാനിച്ചു. ചലനമറ്റ അവരുടെ ശരീരം നാട്ടിലെത്തിക്കാന്‍ ഇനി ഒരാഴ്ച മാത്രം. അതിനാല്‍, എല്ലാം ഒരാഴ്ച കൊണ്ടു വേണമായിരുന്നു. പണമുണ്ടാക്കാനുള്ള നെട്ടോട്ടം പ്രതീക്ഷാനിര്‍ഭരമായിരുന്നു. ശുചീകരണ ജോലിക്കാര്‍ അടക്കം എല്ലാവരും സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നു, ഒരാള്‍ ഒഴികെ. ശ്രീലങ്കയില്‍നിന്നു തന്നെയുള്ള മറെറാരധ്യാപിക-യമുന വസുന്ധര.

വിചിത്ര സ്വഭാവങ്ങളുള്ള ഒരു ടിപ്പിക്കല്‍ മധ്യവയസ്കയായിരുന്നു യമുന. കൊളംബോയില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥനായിരുന്നു അവരുടെ ഭര്‍ത്താവ്. അതിനപ്പുറം വ്യക്തിപരമായ വിവരങ്ങളൊന്നും ആര്‍ക്കുമറിയില്ല. സ്വന്തം കാര്യങ്ങള്‍ ആരുമായും അവര്‍ പങ്കുവെച്ചിരുന്നില്ല. എവിടെയാണ് അവര്‍ താമസിക്കുന്നതെന്നു പോലും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

പണപ്പിരിവു തുടങ്ങിയ ആദ്യ നാളില്‍തന്നെ ഞാനവരെ സമീപിച്ചിരുന്നു. സഹായിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍, ദിവസം അഞ്ചായിട്ടും ഒന്നും സംഭവിച്ചില്ല. അന്തിമ ശ്രമമെന്ന നിലയില്‍ ഞാനവരെ വീണ്ടും കണ്ടു. കഥ വീണ്ടും വിശദമായി പറഞ്ഞു.

ഫ്ലാസ്കിന്റെ മൂടിയില്‍ കോഫി ഒഴിച്ചു പതിയെ കുടിക്കുകയായിരുന്നു അവര്‍. മുഴുവന്‍ കേട്ടശേഷം, കത്തുന്ന കണ്ണുകളോടെ അവരെന്നെ നോക്കി പറഞ്ഞു.’ മിസ്റ്റര്‍ ഷെറിന്‍, രോഹിണിക്ക ് സ്ട്രോക്ക് വന്നിരിക്കാം. അതെന്റെ വിഷയമല്ല. അവര്‍ ഒരു തമിഴത്തിയാണ്. തമിഴര്‍ക്ക് കൊടുക്കാനുള്ള കാശ് എന്റെ പക്കലില്ല’!

തിരിച്ചു വരുമ്പോള്‍ നിരാശയും അമ്പരപ്പും ചേര്‍ന്നൊരു വികാരം എന്റെ കണ്ണുകളെ മൂടി. എങ്കിലും, അത് വല്ലാത്തൊരു തിരിച്ചറിവായി. വംശീയ വൈരത്തിന്റെ എണ്ണമില്ലാ കഥകളെഴുതിയ വിജ്ഞാനകോശങ്ങള്‍ ഇനി വായിക്കേണ്ടതില്ല. എന്റെ നാട്ടിലെ അനേകായിരം തലമുറകള്‍ പേറുന്ന പ്രണയസങ്കല്‍പങ്ങളുടെ ഒരു പേരാണല്ലോ യമുന. യമുനേ, പണം വേണ്ട. തിരിച്ചറിവുകള്‍ക്ക് കാരണമായതിന് നന്ദി.

എല്ലാ വേദനകള്‍ക്കിടയിലും രോഹിണി മിസ് മനോഹരമായി ചിരിച്ചിരുന്നു.ആ ചിരിയുടെ നാനാര്‍ഥങ്ങള്‍ അപ്പോള്‍ മാത്രമാണ് എനിക്ക് പിടികിട്ടിയത്.

 

 

6 thoughts on “ചോരപ്പുഴകളുടെ ആഴമളന്ന ചെറുപുഞ്ചിരി

  1. ആറ്‌ വര്‍ ഷങ്ങള്‍ ക്ക് മുമ്പത്തെ മാലി ജീവിതത്തില്‍ ഞാനും ഇങ്ങനെ ഒരുപാട് സം ഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. അന്ന് ഗയൂമിന്റെ സാമ്രാജ്യം അവസാനിക്കുന്ന സമയമായിരുന്നു. ധൈര്യമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സമയം . ഇപ്പോഴും ഓര്‍ ക്കുമ്പോള്‍ പേടി തോന്നുന്ന അനുഭവങ്ങള്‍ . അതെല്ലാം ഓര്‍ മ്മിപ്പിച്ചു ഈ ലേഖനം

Leave a Reply

Your email address will not be published. Required fields are marked *