എന്തിനായിരുന്നു ഈ കൊലവെറി ?

‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായകന്‍ തെളിയിച്ചു- പി.ബി അനൂപ് എഴുതുന്നു

 

 

‘ചത്ത പാമ്പിനെ തല്ലിക്കൊല്ലരുത് !’ എന്നൊരു പ്രയോഗമുണ്ട്. ചത്തത് നീര്‍ക്കോലിയായാലും മൂര്‍ഖനായാലും ശരി. എന്തായാലും കൊല്ലുന്നില്ല, പോസ്റ്റ്മോര്‍ട്ടവും ചെയ്യുന്നില്ല ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു. അത്രമാത്രം. പറഞ്ഞുവരുന്നത് നാടായ നാടൊക്കെ ‘കൊലവെറി’ തരംഗമുയര്‍ത്തിയ ധനുഷിന്‍്റെ ‘ത്രീ’ എന്ന ചിത്രത്തെക്കുറിച്ചാണ്. എന്തൊക്കെയായിരുന്നു പുകില്‍? കോളീവുഡിലെ ഒരു സൂപ്പര്‍സ്റ്റാറിന്‍്റെ മകളുടെ ചിത്രം. മറ്റൊരു സൂപ്പര്‍ സ്റ്റാറിന്‍്റെ മകള്‍ നായിക. ദേശീയ പുരസ്ക്കാരം നേടിയ നായകന്‍. ഇന്‍്റര്‍നെറ്റില്‍ വൈറല്‍ തരംഗം. ഒടുവില്‍ തിയറ്ററിലത്തെിയപ്പോള്‍ പവനായി, ഡെഡ്ബോഡിയായി….!

‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് തന്നെയായിരുന്നു ചിത്രത്തിന്‍്റെ ഹൈലൈറ്റ്. കാര്യം, പാടിയത് ഒരു തട്ടിക്കൂട്ട് പാട്ടാണെങ്കിലും പണ്ടാരോ പറഞ്ഞ പോലെ ചക്ക വീണു മുയലു ചത്തു. അല്ല മുയലുകള്‍ ചത്തു എന്ന് പറയുന്നതായിരിക്കും ശരി. കാരണം അതുപോലെയല്ളേ സംഭവം ഹിറ്റായത്!
 

 
ഭാഷാ ഭേദങ്ങള്‍ പിന്നിട്ട് അറബിയിലും സ്പാനിഷിലും ജര്‍മനിലുമെല്ലാം ‘കൊലവെറി’ തരംഗം ആഞ്ഞടിച്ചു. യൂ-ട്യൂബ് ഹിറ്റില്‍ സകലകാല റെക്കോര്‍ഡുകളും തിരുത്തി. പാക്കിസ്ഥാനില്‍ പ്രസിഡന്‍്റും പ്രധാനമന്ത്രിയും പങ്കെടുത്ത ടി വി പരിപാടിക്ക് ‘വൈ ദിസ് ഡെമോക്രസി ഡീ’ എന്ന് പേര് കൊടുത്തു. ധനുഷിനെയും ബന്ധുവും ‘കൊലവെറി’യുടെ സംഗീത സംവിധായകനുമായ അനിരുദ്ധിനെയും അഹമ്മദാബാദ് ഐ ഐ എമ്മില്‍ ക്ളാസെടുക്കാന്‍ ക്ഷണിച്ചു. സൈബര്‍ സപെയ്സിലെ കച്ചോടമായിരുന്നു വിഷയം. ‘വൈറല്‍ മാര്‍ക്കറ്റിംഗ് ആന്‍്റ് സോഷ്യല്‍ മീഡിയ’ എന്നും പറയും. ചെന്നൈ പോലിസിന്‍്റെ ട്രാഫിക് സുരക്ഷാ പരിപാടികള്‍ക്ക് പരസ്യം കൊടുത്തത് ‘ വൈ ദിസ് കൊലവെറി ‘ എന്ന തലക്കെട്ടോടെയായിരുന്നു. എന്തിനേറെ ‘മ്മടെ തൃശ്ശൂരെ സാരിക്കച്ചവടക്കാര് ’ മലയാളി മങ്കമാരെ അണിയിച്ചൊരുക്കാന്‍ ‘കൊലവെറി’ പട്ടു സാരികള്‍ വരെ ഇറക്കി. കാര്യങ്ങളങ്ങിനെ അളഗാനല്ലൂര്‍ ജെല്ലിക്കെട്ട് പോലെ ആഘോഷമായി നടക്കവേ ആ സുദിനം വന്നു. ‘ത്രീ’ തീയേറ്ററുകളിലത്തെി. ഒറ്റ ഷോ തീര്‍ന്നപ്പോള്‍ തന്നെ തല്ലിക്കൊന്നാലും ആളുകള്‍ തീയേറ്ററില്‍ കയറില്ല എന്ന അവസ്ഥയായി.

 

 

ത്രീ വീണതിങ്ങനെ
കൗമാരപ്രണയത്തിന്‍്റെ കൗതുകകരമായ ആവിഷ്കാരം ഒഴിവാക്കിയാല്‍ ചിത്രം തീര്‍ത്തും വിരസം. കാമുകിക്കുവേണ്ടി ഫിസിക്സ് പഠിച്ച നായക കഥാപാത്രം ധനുഷിന്‍്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു തന്നെയായിരുന്നു. സിനിമയില്‍ പ്രണയം വിവാഹത്തില്‍ അവസാനിച്ചപ്പോള്‍ ധനുഷിന്‍്റെ ജീവിതത്തില്‍ ആ സ്കൂള്‍ കാല പ്രണയം തകര്‍ച്ചയിലാണ് അവസാനിച്ചത്. സകലാവല്ലഭന്‍്റെ മകള്‍ അഭിനയം മെച്ചപ്പെടുത്തുന്നതിന്‍്റെ ചില ലക്ഷണങ്ങള്‍ ത്രീയില്‍ കാണിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം അമിതാഭിനയവും.

ധനുഷിന്‍്റെ സഹോദരന്‍ സെല്‍വ രാഘവനൊപ്പം സംവിധാനസഹായിയായി പ്രവത്തിച്ചതിന്‍െറ ‘ ഹാങ് ഓവര്‍ ‘ ഐശ്വര്യയ്ക്ക് ഉണ്ടെന്ന് വ്യക്തം. ‘കാതല്‍ കൊണ്ടേന്‍’, ‘മയക്കം എന്ന’ എന്നീ സെല്‍വ രാഘവന്‍ ചിത്രങ്ങളുടെ സ്വാധീനം ത്രീയിലുണ്ട്. ചിത്രം അണിയിച്ചൊരുക്കിയത് യഥാര്‍ത്ഥത്തില്‍ സെല്‍വ രാഘവന്‍്റെ സംവിധാനസഹായികളായിരുന്നുവെന്നും ഐശ്വര്യ ചുമ്മാ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അടക്കം പറച്ചിലും ഉണ്ട്.

മാറുന്ന വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും പുതുതലമുറയുടെ പുത്തന്‍ ജീവിത സമീപനങ്ങളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നുണ്ടെങ്കിലും ( നിശാ ക്ളബ്ബില്‍ നടക്കുന്ന വിവാഹ രംഗം ഉദാഹരണം ) താലി, മഞ്ഞച്ചരട്, ഭര്‍ത്താവിന്‍്റെ കാലില്‍ വീഴുന്ന ഭാര്യ തുടങ്ങി ക്ളീഷേകള്‍ ഒഴിവാക്കാന്‍ ‘സ്റ്റൈല്‍ മന്ന’ന്‍്റെ മകള്‍ക്കും കഴിഞ്ഞിട്ടില്ല.

പുരുഷന്‍്റെ ജീവിത പശ്ചാതലങ്ങള്‍ സ്ത്രീ സംവിധായികയാകുമ്പോള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ എന്ന സംശയം ചിത്രം പലപ്പോഴും ഉയര്‍ത്തുന്നുണ്ട്. ഉദാഹരണം മദ്യപാനരംഗം. ഇവിടെ തന്മയത്വം പലപ്പോഴും നഷ്ടമാകുന്നു. ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. ഒടുവില്‍ ചിത്രം തീരാറാകുമ്പോള്‍ ധനുഷിന്‍്റെ കഥാപാത്രം റാമിന് ഉള്ള ബൈപോളാര്‍ ഡിസോഡര്‍ കാണികളുടെ തലയ്ക്കും വരും. തീയേറ്റര്‍ വിടുമ്പോള്‍ ശരിക്കും വട്ടാകും.

‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായന്‍ തെളിയിച്ചു.

 

 
കൊലവെറിക്കുശേഷം
പടം എട്ടുനിലയില്‍ പൊട്ടിയതോടെ വെടിയും പുകയും പതുക്കെ പുറത്തുവരാന്‍ തുടങ്ങി. ആദ്യം വെടിപൊട്ടിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്‍്റെ എഡിറ്റിംഗ് മോശമായിരുന്നു എന്നും ചിത്രം ബോളിവുഡിലേക്ക് മൊഴിമാറി എത്തുമ്പോള്‍ ഇതെല്ലാം പരിഹരിക്കുമെന്നും ധനുഷ് പറഞ്ഞു. പിന്നെ ഒരല്‍പ്പം കടത്തി, ഐശ്വര്യയുടെ അടുത്ത ചിത്രത്തില്‍ താനായിരിക്കില്ല നായകന്‍ എന്നും പറഞ്ഞു വെച്ചു. സംഭവം സൈബര്‍ ലോകത്ത് വന്‍ തരംഗമുണ്ടാക്കി എന്ന് വാഴ്ത്തപ്പെട്ടപ്പോഴും ‘വൈ ദിസ് കൊലവെറി ഡീ …’എന്ന ഗാനത്തിലൂടെ കാര്യമായ ലാഭമൊന്നും ധനുഷിനും ഐശ്വര്യക്കും കിട്ടിയില്ല എന്നതായിരുന്നു അടുത്ത വെടി. നിസ്സാര തുകക്കാണത്രെ സോണി മ്യൂസിക്കിന് കൊലവെറിയെ കച്ചോടം ചെയ്തത്. സംഗതി ഇങ്ങിനെ കയറി ഹിറ്റാകുമെന്ന് ആരെങ്കിലും കരുതിയോ. പക്ഷെ ശരിക്കുമുള്ള വെടി ഇതൊന്നുമല്ല. മരുമകന്‍്റെയും മകളുടെയും മാനം രക്ഷിക്കാന്‍ ചിത്രത്തിന്‍്റെ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം രജനികാന്ത് നല്‍കുമെന്നതായിരുന്നു. പക്ഷെ, രജനി പിന്നീട് വിശദീകരണവുമായി വന്നു. സ്വന്തം ചിത്രങ്ങളുടെ തന്നെ നഷ്ടം നികത്താന്‍ പറ്റുന്നില്ല. പിന്നെയല്ളേ മകളും മരുമകനും വരുത്തിവെച്ച നഷ്ടം!

ഏതായാലും നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ധനുഷ് പ്രിയസംവിധായകന്‍ വെട്രിമാരനൊപ്പം ഒരു പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. ധനുഷിന് ദേശീയ പുരസ്ക്കാരം നേടാന്‍ സഹായിച്ച സംവിധായകനാണ് വെട്രി. ചിമ്പുവിനോടൊത്തുള്ള ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വെട്രി ധനുഷിന് വേണ്ടി ഇപ്പോള്‍ ചിത്രമൊരുക്കുന്നത്. ധനുഷും ചിമ്പുവും നേരത്തേതന്നെ വൈരികളാണ്. ധനുഷിന്‍്റെ ‘ കൊലവെറിയെ ‘ പാടിതോല്‍പ്പിക്കാന്‍ ചിമ്പു ‘ ലവ് ആന്‍തം’ എന്ന ആല്‍ബം ഒരുക്കിയിരുന്നു. സംഭവം ചിമ്പുവിന്‍്റെ സിനിമപോലെതന്നെ എട്ടു നിലയില്‍ പൊട്ടി എന്നത് വാസ്തവം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആരും അറിയാതെ പറഞ്ഞുപോകും… ‘ എന്തിനായിരുന്നു ഈ കൊലവെറി ? ‘

12 thoughts on “എന്തിനായിരുന്നു ഈ കൊലവെറി ?

 1. . സിനിമയില്‍ പ്രണയം വിവാഹത്തില്‍ അവസാനിച്ചപ്പോള്‍ ധനുഷിന്‍്റെ ജീവിതത്തില്‍ ആ സ്കൂള്‍ കാല പ്രണയം തകര്‍ച്ചയിലാണ് അവസാനിച്ചത്. …..

  സ്കൂള്‍ കാല പ്രണയത്തിന്റെ അവസാനം പോലെ ഇനിയുള്ള സിനിമകള്‍ എങ്കിലും ആകാതിരിക്കാന്‍ ധനുഷ് എന്ന നടന് THREE ഒരു പാഠം ആകും എന്ന് പ്രതീക്ഷിക്കാം…

 2. കൊലവേരി പാട്ടി ന്‍റെ പേരില്‍ ധനുഷിനെ ഫോണില്‍ വിളിച്ചു അധിഷേപിക്കുന്ന വിഡിയോ യു ടുബില്‍ കണ്ടില്ല. നമ്മുടെ മല്ലു സൈബര്‍ വീരന്മാര്‍ക്കു തമിഴന്മാരെ പേടിയാണോ.. !!!

  • സില്‍സില ഉണ്ടാക്കിയ ഹരിശങ്കര്‍ ആണോ താങ്കള്‍?

   • സില്‍ സില ഉണ്ടാക്കിയ ആളാണെങ്കില്‍ അഭിപ്രായം പറയാന്‍ പാടില്ലേ ചെങ്ങാതീ /. പോലീസ് പിടിക്കോ ?

 3. അനൂപ്,

  ഈ ചിത്രം ഞാന്‍ കണ്ടിട്ടില്ല. എന്നാലും ചിലത് പറയട്ടെ. ആ ഗാനം എല്ലാവരെയും ഒന്നു കുലുക്കി എണീപ്പിച്ചു എന്നു പറയാതിരിക്കാനാവില്ല. ജനങ്ങള്‍ തന്നെയാണ് ആ ഗാനത്തെ ഇത്രയും ഹിറ്റാക്കിയത്, അല്ലാതെ ധനുഷോ, ഐശ്വര്യയോ, അനിരുദ്ധോ നമ്മുടെ പിറകെ നടന്ന് നമ്മുടെ സാരിക്കടയ്ക്ക് കൊലവെറി എന്നു പേരിടാനോ, ന്യൂസ് ഹെഡ്‌ലൈന്‍സുകളില്‍ കൊലവെറി എന്ന വാക്കുപയോഗിക്കാനോ പറഞ്ഞിട്ടില്ല. ചില പ്രശസ്തി അത് നാം അറിയാതെ നമ്മിലേക്ക് വരുന്നതാണ്. എത്രയോ ചിത്രങ്ങള്‍ സംഗീതമികവില്‍ പുകഴ്ത്തപ്പെട്ടിട്ടും എട്ടു നിലയില്‍ പൊട്ടിയിട്ടുണ്ട്. ഈ ഗാനം കൊറിയോഗ്രഫി ചെയ്യാന്‍ ഫറാഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാണ് ഓര്‍മ അത് അവര്‍ കൊറിയോഗ്രഫി ചെയ്താലും ഗാനത്തിന് ആദ്യം ലഭിച്ച ആസ്വാദനം ലഭിക്കണമെന്നില്ലല്ലോ. നമ്മള്‍ എന്ന സാധാരണക്കാരെയും അതുപോലെ തന്നെ അസാധാരണക്കാരേയും ത്രസിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന എന്തോ ഒന്നും ആ ഗാനത്തില്‍ ഉണ്ട്. അതിന്റെ നാഗസ്വര ബീറ്റ് അത് ഒരു പ്രത്യേക അനുഭൂതിതന്നെയായിരുന്നു. അതിന്റെ ലിറിക്‌സ് നോക്കൂ നമുക്ക് ചിരപരിചിതമായ ഒരു ഭാഷ (You come, I go. മട്ടിലുള്ള.), അതുമതി ആ ഗാനത്തെ തോളിലേറ്റാന്‍.

  എത്രയോ ചടങ്ങുകളില്‍ നമ്മളൊക്കെ ധനുഷിന് എടുത്ത് തലയില്‍ വച്ചു തുള്ളിയപ്പോഴൊക്കെ അദ്ദേഹം മാറി നിന്ന് ഈ ഗാനം അത്ര മഹത്തരമൊന്നുമല്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ആ ഒറ്റകാരണം മതി എനിക്ക് ത്രീ എന്ന സിനിമ ഇഷ്ടപ്പെടാന്‍. അല്ലെങ്കിലും എല്ലാം നമ്മുടെ പ്രതീക്ഷക്ക് ഒത്തുവന്നില്ലെങ്കില്‍, അവയൊന്നും ഉദാത്തമല്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അനൂപിന് ത്രി ഇഷ്ടമായില്ല, അത് മനസിലാക്കാം. പക്ഷെ ഇതൊരു സിനിമ റിവ്യൂ ആണോ, അതോ ഗായകന്‍ ജയചന്ദ്രന് കൊലവെറി എന്ന വാക്കിനോട് തോന്നിയപോലെ ഒരു കൊലവെറി തോന്നലോ…

 4. ഞാന്‍ നാലാമിടം വെബ്‌സൈറ്റ്‌ സ്ഥിരമായി വായിക്കാറുള്ള ഒരു പത്രപ്രവര്‍ത്തകനാണ്‌. മാധ്യമങ്ങളിലെ മാനേജ്‌മെന്റ്‌ താത്‌പര്യങ്ങള്‍ക്കുമപ്പുറം സത്യസന്ധമായി പത്രപ്രവര്‍ത്തനം കാണുന്ന ചുരുക്കും ചില ഇടങ്ങളിലൊന്നായിട്ടാണ്‌ നാലാമിടം കണ്ടു തുടങ്ങിയത്‌. അതിനോടുള്ള ബഹുമാനത്തോടെ പറയട്ടെ, ഈ വെബ്‌ വായക്കരുടെ ഇടയില്‍ നില്‍ക്കണമെങ്കില്‍ നാലാമിടം എന്ന ആശയം തന്നെയാണ്‌ ഉര്‍ത്തിപ്പിടിക്കേണ്ടത്‌. മാനേജ്‌മെന്റ്‌ താല്‍പര്യങ്ങള്‍ അല്ലെങ്കില്‍ അധികാരികളുടെ താത്‌പര്യങ്ങള്‍ പോലെ തന്നെയാണ്‌ പത്രപ്രവര്‍ത്തകന്റെ വ്യക്തി താല്‍പര്യങ്ങള്‍ അല്ലെങ്കില്‍ അവന്റെ മാത്രം ബുദ്ധിക്ക്‌ വഴങ്ങുന്ന കാര്യങ്ങള്‍ എഴുതപ്പെടുക എന്നത്‌. അത്‌ അപകടം ആണ്‌. നാലാമിടത്തിന്റെ സത്യസന്ധത അത്‌ നശിപ്പിക്കും.
  പത്രപ്രവര്‍ത്തകന്റെ ബുദ്ധിപരമായ സ്വയംഭോഗം വായിക്കാനല്ല വായനക്കാര്‍ ലേഖനങ്ങള്‍ തേടുന്നത്‌. നാലമിടത്തില്‍ പി.ബി അനൂപ്‌ എഴുതിയ എന്തിനായിരുന്നു ഈ കൊലവെറി എന്നത്‌ അയാളുടെ വെറും മൂന്നാംതരം ചിന്തിഗതി മാത്രമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. വഴിവക്കിലിരുന്ന്‌ കണ്ണില്‍ കാണുന്നവരെ പുലയാട്ടു പറയുന്ന ഒരു തലത്തില്‍ മാത്രമേ അയാളുടെ ലേഖനം കാണാന്‍ കഴിയു. അല്ലെങ്കില്‍ മുന്നാംകിട മാസികകളില്‍ വരുന്ന തരത്തിലുള്ള ഒരു തട്ടിക്കൂട്ട്‌ ലേഖനം.
  ഒന്നാമത്‌ ത്രീ എന്ന്‌ സിനിമക്ക്‌ മികച്ച ഒരു ആസ്വാദന നിലവാരം ഉണ്ട്‌ എന്നത്‌ തന്നെയാണ്‌ പ്രധാനം. മയക്കം എന്ന ധനുഷ്‌ സിനിമയുടെ തുടര്‍ച്ചയായി ത്രി വന്നു എന്നത്‌ യാദൃശ്ചികം മാത്രമാണ്‌. ധനുഷിന്റെ കാരക്ടറുകള്‍ രണ്ടു സിനിമയിലും ചില സാദൃശ്യങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌ എന്നതും ശരി തന്നെയാണ്‌. പക്ഷെ അതിലുപരി രണ്ടു സിനിമകളും തികച്ചും വ്യത്യസ്‌തങ്ങളാണ്‌. അത്‌ വിലയിരുത്താന്‍ പി.ബി അനൂപിന്റെ നിരൂപണ ശേഷം പോരാ എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. ആ സിനിമയുടെ നിലവാരത്തിന്‌ യോജിക്കുന്ന തരത്തില്‍ ഭേദപ്പെട്ട നിലയില്‍ തന്നെയാണ്‌ കൊലവെറി എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്‌. വൈ ദിസ്‌ കൊലവെറി എന്ന ഗാനത്തിന്‌ അതിന്റേതായ പ്ലസുകള്‍ ഉള്ളതുകൊണ്ടാണ്‌ അത്‌ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയത്‌. അത്‌ അസൂയയോടെ കാണേണ്ട കാര്യമല്ല. അംഗീകരിച്ചു കൊടുക്കുന്നതില്‍ എന്താണ്‌ തെറ്റ്‌.
  ചെന്നൈയിലെ വെറും തട്ടിക്കൂട്ട്‌ സിനിമാ സൈറ്റുകളില്‍ വരുന്ന ബിറ്റ്‌ ന്യൂസുകള്‍ ലേഖനത്തിന്‍ അവലബം ആക്കിയത്‌ നാലാമിടം എന്ന സൈറ്റില്‍ ഒട്ടും യോജിക്കുന്നതല്ല. പ്രത്യേകിച്ചും ധനുഷിന്റെയും രജനികാന്തിന്റെയുമൊക്കെ വാചകങ്ങള്‍ പറയുന്ന ഭാഗത്ത്‌. അതും ഈ സിനിമയും തമ്മില്‍ ഒരു ബന്ധവുമില്ല.
  ഐശ്വര്യ സെല്‍വരാഘവന്റെ മയക്കം എന്നയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ല എന്ന കാര്യം ലേഖകനെ ഓര്‍മ്മപ്പെടുത്തട്ടെ. അതുപോലെ സെല്‍വരാഘവന്റെ ഒരു സംവിധാന സഹായി പോലും ത്രി എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടില്ല. സംവിധാന സഹായി പോയിട്ട്‌ മയക്കം എന്നയുടെ ക്രൂ വില്‍ ഒരാള്‍ പോലും ത്രിയില്‍ ഇല്ല. ധനുഷ്‌ എന്ന നടന്റെ അഭിനയം ശൈലി മാത്രമാണ്‌ ആവര്‍ത്തിക്കപ്പെടുന്നത്‌.
  അയാളുടെ ശൈലിയാണ്‌ രണ്ടു സിനിമകളിലും സമാനതകള്‍ സൃഷ്ടിക്കുന്നത്‌. അത്‌ കമലഹാസനായാലും അമിതാഭ്‌ ബച്ചനായിലും അങ്ങനെ തന്നെയായിരിക്കും.
  അതുപോലെ തന്നെ ബാലിശമാണ്‌ രജനികാന്ത്‌ പണം കൊടുക്കും എന്നൊക്കെ പറഞ്ഞതായി എഴുതി വിട്ടിരിക്കുന്നത്‌. അതെല്ലാം മുന്നാം കിട സൈറ്റുകളില്‍ വരുന്ന ഗോസിപ്പുകള്‍ മാത്രമാണ്‌. രജനികാന്ത്‌ അതൊന്നും അറിഞ്ഞിട്ടു കൂടിയുണ്ടാവാന്‍ സാധ്യതയില്ല.
  അതുപോലെ തന്നെ ചിമ്പും ധനുഷും തമ്മില്‍ വഴക്കാണെന്നൊക്കെ എഴുതിവെച്ചത്‌ എത്രത്തോളം ബാലിശമായി പോയി. നാലാമിടം പോലെയൊരു ഗൗരവസ്വഭാവമുള്ള സൈറ്റില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങളാണോ ഇത്തരം ഗോസിപ്പുകള്‍. ലവ്‌ ആന്‍തം ചിമ്പുവിന്റെ സിനിമ പോലെ എട്ടുനിലയില്‍ പൊട്ടി എന്ന്‌ പറയുന്നു. ഏത്‌ സിനിമയുടെ കാര്യമാണ്‌ ലേഖകന്‍ പറയുന്നത്‌. വെറും ബാലിശമായ ലേഖനം. അതിലുപരി ഒരു കാതലുമില്ല ഈ ലേഖനത്തില്‍. ഇയാള്‍ ചെന്നൈയില്‍ ആയിരുന്നത്‌ കൊണ്ടാണോ ഈ ലേഖനം എഴുതിച്ചത്‌.
  ഇതിപ്പോള്‍ സിനിമയെ ബന്ധപ്പെടുന്ന ഒരു ലേഖനം ആയതുകൊണ്ട്‌ തരക്കേടില്ല. നാലാമിടം പോലുള്ള വൈബുകള്‍ ഉര്‍ത്തുന്ന ഗൗരവസ്വഭാവമുള്ള വിഷയങ്ങളില്‍ ഇത്തരം മുന്നാംകിട എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്‌ വലിയ മോശപ്പെട്ട കാര്യമായി മാറും.
  ഈ ലേഖനം അതിന്റെ തുടക്കമാണ്‌. വെറും കുട്ടിക്കളിയും, കൊച്ചുവര്‍ത്തമാനങ്ങളും നാലമിടത്തിലും തുടങ്ങുന്നു എന്നതിന്റെ ആദ്യപടി.
  ത്രി എന്ന സിനിമ ഒരു ചലച്ചിത്ര നിരൂപകന്റെ കണ്ണില്‍ നിന്നും നോക്കിയാല്‍ ഗൗരവമാര്‍ന്ന ഒരു നീരൂപണം അര്‍ഹിക്കുന്നതാണ്‌ എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.
  ഇനിയും ഇത്തരം ലേഖനങ്ങളെ നാലാമിടം പ്രോല്‍സാഹിപ്പിക്കില്ല എന്നും ഈ വെബ്‌സൈറ്റിന്റെ പ്രസക്തി നഷ്ടപ്പെടുത്തില്ല എന്നും വിചാരിച്ചു കൊണ്ട്‌ നിര്‍ത്തുന്നു.

  നോട്ട്‌ – അന്നമ്മക്കുട്ടി എഴുതുന്ന സിനിമാവിചാരങ്ങള്‍ രസകരമായി വായിക്കുന്ന ആളാണ്‌ ഞാന്‍. അതും ഇതും തമ്മില്‍ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല.

 5. നാലാമിടത്തിന്റെ സത്യസന്ധതയും, നിഷ്‌പക്ഷതയും എന്റെ കമന്റ്‌ പോസ്‌റ്റു ചെയ്യുന്നുണ്ടോ എന്നതില്‍ നിന്നും തിരിച്ചറിയാന്‍ കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു.

 6. naalamidathil oru thudakkakkariyaanu njan, anoopinte lekanathinte thudakkavum kuzhappamilla, ivde anoopum ‘kolaveri’yayippoyi ee cinemayodu cheithath..

Leave a Reply

Your email address will not be published. Required fields are marked *