ലിറ്റില്‍ മാസ്റ്റര്‍ ജൂനിയര്‍

അഞ്ചാം ഐ.പി.എല്‍ രഹാനക്ക് ഒരു നാഴികക്കല്ലാണ്. ഫോമിന്റെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഈ യുവതാരം ഇന്ത്യന്‍ ബാറ്റിങിന്റെ മുന്‍ നിരയില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന ഒട്ടേറെ പ്രതിഭകള്‍ക്കിടയില്‍ പ്രഥമഗണനീയനായി മാറിയിരിക്കുന്നു. ഐ.പി.എല്ലില്‍ ബൌളര്‍മാരെ കടന്നാക്രമിച്ച് സിക്സര്‍ പറത്തുന്ന ക്രിസ് ഗെയിലിനെ പോലുള്ള ‘രാക്ഷസ’ന്‍മാരില്‍ നിന്ന വ്യത്യസ്തമായ മുഖമാണ് രഹാനെക്കുള്ളത്. ചാരുതയാര്‍ന്ന ശൈലിയും ചടുലതയും ഒത്തുചേര്‍ന്ന ശാന്തഗംഭീരമായ മുഖമാണ് അത്. ക്രീസില്‍ ആരെയും കൂസാത്ത കൊച്ചുപയ്യന്‍. ഒരു പക്ഷേ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിഞ്ഞുപോകുന്ന ഇടം കോട്ടമൊന്നും കൂടാതെ കാക്കാന്‍ കാലം കാത്തുവെച്ച മറ്റൊരു മാസ്റ്റര്‍ ബ്ലാസ്റ്ററായിരിക്കാം ഈ മുംബൈക്കാരന്‍-കെ.സുരേഷ് കുമാറിന്റെ വിശകലനം

 

 

ഉയരം ഒരനുഗ്രഹമാണ്. വിശേഷിച്ചും കായികതാരങ്ങള്‍ക്ക്.എന്നാല്‍ പൊക്കമില്ലായ്മ അനുഗ്രഹമാക്കി ഇതിഹാസമായി മാറിയവരുമുണ്ട്, കായിക ചരിത്രത്തില്‍. ഡീഗോ മറഡോണയെന്ന ചരിത്രപുരുഷന്‍ തന്നെ ഒന്നാമത്തെ ഉദാഹരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്‍മാരായ സുനില്‍ ഗവാസ്കറും സച്ചിന്‍ ടെണ്ടുല്‍ക്കറും നമുക്ക് ‘ലിറ്റില്‍മാസ്റ്റര്‍’മാരാണ്. ഉയരക്കുറവ് ഒരു പോരായ്മയേ അല്ലെന്ന് ക്രീസില്‍ നില്‍ക്കുന്ന അവരുടെ ശരീരഭാഷ വിളിച്ചോതുന്നു. കുത്തിയുയരുന്ന അതിവേഗ പന്തുകള്‍ അപ്പര്‍ കട്ടിലൂടെ അതിര്‍ത്തി കടത്തുമ്പോള്‍ അഞ്ചടി അഞ്ചിഞ്ച് ഉയരക്കാരനായ സച്ചിന്‍ തന്റെ പൊക്കമില്ലായ്മയുടെ ‘പൊക്കം’ ആഘോഷിക്കുക തന്നെയാവണം.

ലിറ്റില്‍ മാസ്റ്റര്‍മാര്‍ വേറെയുമുണ്ട് ലോക ക്രിക്കറ്റില്‍. അഞ്ചടി ഏഴിഞ്ച് ഉയരം മാത്രമുണ്ടായിരുന്ന സര്‍ ഡൊണാള്‍ഡ ബ്രാഡ്മാന്‍,അഞ്ചടി എട്ടിഞ്ച് ഉയരുമുള്ളബ്രയന്‍ ലാറ, അഞ്ചടി ആറിഞ്ച് ഉയരക്കാരന്‍ സ്റ്റീവ്വോ,അഞ്ചടി ഏഴിഞ്ച് ഉയരക്കാരായ ജയസൂര്യയും വീരേന്ദര്‍ സെവാഗും. എല്ലാവരും രാജ്യാന്തര ക്രിക്കറ്റില്‍ ഉയരങ്ങള്‍ താണ്ടിയവര്‍.

 

 

‘ലിറ്റില്‍മാസ്റ്റര്‍’മാരുടെ ഉന്നത ശ്രേണിയിലേക്ക് പുതിയൊരു താരത്തെ സംഭാവന ചെയ്തു കൊണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പ് അരങ്ങേറുന്നത്. അജിങ്ക്യ മധുകര്‍ രഹാനയെന്ന മഹാരാഷ്ട്രക്കാരന്‍ ബാറ്റു കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ഐപി.എല്ലില്‍. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന അഞ്ചടി ആറിഞ്ച് ഉയരക്കാരനായ രഹാനെയാണ് ഈ കുറിപ്പെഴുതുമ്പോള്‍ ഐ.പി.എല്ലില്‍ ടോപ് സ്കോറര്‍ പദം അലങ്കരിക്കുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ (103 നോട്ടൌട്ട്) സെഞ്ച്വറി ഉള്‍പ്പടെ, കളിച്ച എല്ലാ മല്‍സരങ്ങളിലും റണ്‍ അടിച്ചു കൂട്ടുകയാണ് രഹാനെ.

ഐ.പി.എല്‍ ഉള്‍പ്പടെ റ്റ്വന്റി -റ്റ്വന്റി മല്‍സരങ്ങള്‍ ക്രിക്കറ്റിന്റെ ചാരുത കളയുന്ന കാടന്‍ ബാറ്റിങിന്റെ കളിയരങ്ങാണെന്ന അഭിപ്രായത്തെ അടിമുടി തിരുത്തുന്നതാണ് രഹാനെയുടെ ബാറ്റിങ് ശൈലി.സാങ്കേതികത്തികവിന്റെ പൂര്‍ണതയില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതിരൂപമായി നില്‍ക്കുമ്പോഴും വൈവിധ്യമാര്‍ന്ന ഷോട്ടുകളിലൂടെ റണ്‍സ് ഒഴുക്കാന്‍ ഈ 23കാരന് കഴിയുന്നു. റോയല്‍ ചാലഞ്ചേഴ്സിനെതിരെ ഒരോവറില്‍ ആറു പന്തും ബൌണ്ടറി കടത്തി കാണികളെ കോരിത്തരിപ്പിച്ചപ്പോള്‍ അതിലെ ഓരോ ഷോട്ടും കോപ്പി ബുക്ക് ശൈലിയിലുള്ളതായിരുന്നു. കരുത്തിലൂടെ മാത്രമല്ല ടൈമിങിലെയും ലോഫ്റ്റഡ് ഷോട്ടുകളിലെയും ലേറ്റ്കട്ടുകളിലെയും പൂര്‍ണതയിലൂടെ അതിവേഗം റണ്‍സ് നേടാമെന്ന് രഹാനെ തെളിയിക്കുന്നു.

 

 

അജിങ്ക്യ എന്ന പദത്തിന് അജയ്യന്‍ എന്നുതന്നെ അര്‍ഥം. ഇതിനകംപ്രമുഖ ക്രിക്കറ്റ് പണ്ഡിതരുടെ അകമഴിഞ്ഞു പ്രശംസിച്ച രഹാനെ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ സ്ഥിരാംഗമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ടെസ്റ്റ് ക്രിക്കറ്റിന് മുതല്‍ക്കൂട്ടാവുന്ന സാങ്കേതിക മികവാണ് രഹാനെയുടെ ഏറ്റവും വലിയ പ്ലസ്പോയിന്റ്.
1998 ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രഹാനെ എസ്.വി ജോഷി ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ക്രിക്കറ്റില്‍പ്രതിഭ തെളിയിച്ചു തുടങ്ങിയത്. സ്കൂള്‍ ടീമിനുവേണ്ടി കാഴ്ചവെച്ച ഉജ്വലപ്രകടനങ്ങളുടെ ബലത്തില്‍ മുംബൈ ക്രിക്കറ്റ അക്കാദമി (എം.സി.എ)കോച്ചിങ് ക്യാമ്പില്‍ സെലക്ഷന്‍ ലഭിച്ചു.

മുംബൈ അണ്ടര്‍19 രഞ്ജി ടീമില്‍ ഇടം ലഭിച്ചതോടെ ഉയരങ്ങളിലേക്കുള്ള വഴി തുറക്കുകയായിരുന്നു. 2009-10, 2010-11 രഞ്ജി സീസണുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച രഹാനെ ഇന്ത്യന്‍ ക്രിക്കറ്റ് സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ താമസമുണ്ടായില്ല. 2010 അവസാനിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രഹാനെയുടെ ബാറ്റിങ് ശരാശരി 69 ആയിരുന്നു.

 

 

ദൈര്‍ഘ്യമേറിയ ഇന്നിങ്സ് കളിക്കാനും വേഗത്തില്‍ സ്കോര്‍ ചെയ്യാനുമുള്ള പാടവം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് രഹാനെക്ക് വാതില്‍തുറന്നുകൊടുത്തു. അങ്ങനെ, കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റിയിലൂടെ ആദ്യമായി രാജ്യാന്തര മല്‍സരത്തില്‍ അരങ്ങേറ്റം. തുടക്കക്കാരന്റെ കൂസലൊന്നുമില്ലാതെ ബാറ്റുചെയ്ത രഹാനെ ആമല്‍സരത്തില്‍ 61 റണ്‍സ് നേടി. തൊട്ടുപിന്നാലെ, ഇംഗ്ലണ്ടിനെതിരെ ഏകദിനമല്‍സരത്തിലും അരങ്ങേറി. തുടര്‍ന്ന് ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലിടം കണ്ടെങ്കിലും ടെസ്റ്റ് ക്യാപ്പണിയാന്‍ ഭാഗ്യം ലഭിച്ചില്ല.

ടെസ്റ്റ്ക്രിക്കറ്റിന് അനുയോജ്യനായ ഒരു യുവതാരം ഐ.പി.എല്‍ പോലുള്ള കുട്ടിക്രിക്കറ്റ് മല്‍സരങ്ങള്‍ ഏറെ കളിക്കുന്നത് ദോഷം ചെയ്യുമെന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാല്‍,ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളും ഒരേ പോലെ കളിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ പ്രതിഭയെന്നാണ് രഹാനെയുടെപക്ഷം.

അഞ്ചാം ഐ.പി.എല്‍ രഹാനക്ക് ഒരു നാഴികക്കല്ലാണ്. ഫോമിന്റെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഈ യുവതാരം ഇന്ത്യന്‍ ബാറ്റിങിന്റെ മുന്‍ നിരയില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന ഒട്ടേറെ പ്രതിഭകള്‍ക്കിടയില്‍ പ്രഥമഗണനീയനായി മാറിയിരിക്കുന്നു. ഐ.പി.എല്ലില്‍ ബൌളര്‍മാരെ കടന്നാക്രമിച്ച് സിക്സര്‍ പറത്തുന്ന ക്രിസ് ഗെയിലിനെ പോലുള്ള ‘രാക്ഷസ’ന്‍മാരില്‍ നിന്ന വ്യത്യസ്തമായ മുഖമാണ് രഹാനെക്കുള്ളത്. ചാരുതയാര്‍ന്ന ശൈലിയും ചടുലതയും ഒത്തുചേര്‍ന്ന ശാന്തഗംഭീരമായ മുഖമാണ് അത്. ക്രീസില്‍ ആരെയും കൂസാത്ത കൊച്ചുപയ്യന്‍.

സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ സൌമ്യനായി, ബാറ്റിങിന്റെ സകല സൌന്ദര്യവും കളിയിലാവാഹിക്കുന്ന മറ്റൊരു ലിറ്റില്‍മാസ്റ്റര്‍. ഒരുപക്ഷേ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിഞ്ഞുപോകുന്ന ഇടം കോട്ടമൊന്നും കൂടാതെ കാക്കാന്‍ കാലം കാത്തുവെച്ച മറ്റൊരു മാസ്റ്റര്‍ ബ്ലാസ്റ്ററായിരിക്കാം ഈ മുംബൈക്കാരന്‍.

One thought on “ലിറ്റില്‍ മാസ്റ്റര്‍ ജൂനിയര്‍

Leave a Reply

Your email address will not be published. Required fields are marked *