ഫെമിനിസ്റ്റെന്ന നിലയില്‍ എന്റെ ജീവിതം

ഇങ്ങനെയൊക്കെയാണെങ്കിലും ‘ഫെമിനിസം’ എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ് ആയിരുന്നു എന്ന് അപ്പോള്‍ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം. അപ്പോള്‍ ഫെമിനിസത്തിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍വ്വചനം ‘പെണ്ണും മനുഷ്യനാണ് എന്ന വിപ്ലവകരമായ തിരിച്ചറിവാണ് ഫെമിനിസം’ എന്നായിരുന്നു. (Feminism is the radical notion that women are human beings). ആരാണ് അങ്ങനെ ആദ്യം പറഞ്ഞത് എന്നെനിക്കറിയില്ല–സ്ത്രീ വാദവുമായി ബന്ധപ്പെട്ട് തെരേസ തുടങ്ങിവെച്ച സംവാദം തുടരുന്നു. സുദീപ് കെ.എസ് എഴുതുന്നു

 

 

“ഈയടുത്ത് നടന്ന ഒരു സര്‍വേയില്‍ ഇംഗ്ലീഷിലെ ഏറ്റവും ഭംഗിയുള്ള വാക്കായി ‘mother’ എന്ന വാക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്റെ അമ്മയില്‍ നിന്ന് ഞാന്‍ പഠിച്ചത്, ആ വാക്കിന്റെ ഭംഗിയ്ക്ക് കൊടുക്കേണ്ടി വരുന്ന വില ഒരു ജീവിതമാണ് എന്നാണ്. കൂട്ടിനോക്കിയാല്‍ ഈ ലോകത്തെ പകുതിയോളം വരുന്ന ജനങ്ങളുടെ ജീവിതമാണ് ആ വില എന്നും..” (A recent survey placed mother as the most beautiful word in English language. I learnt from my mom that the beauty of that word comes at the cost of a life. And this cost adds up to nearly half the population of the world..)

ഏതാണ്ട് ഏഴു വര്‍ഷം മുമ്പ ‘ഞാന്‍ എന്റെ അമ്മയില്‍ നിന്ന് എന്ത് പഠിച്ചു’ (What I learnt from Mom) എന്ന പേരില്‍ ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പില്‍ നിന്നുള്ള വരികളാണ് മുകളില്‍ എഴുതിയത്. ഇങ്ങനെ, ഒരു നല്ല അമ്മയും ഭാര്യയും പെങ്ങളും കാമുകിയും മകളും ഒക്കെയാവാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും അവരുടെ ജീവിതം മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട് എന്ന ഒരു തിരിച്ചറിവ് ചെറിയ തോതില്‍ കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് കിട്ടിത്തുടങ്ങിയിരുന്നു. അതുപോലെത്തന്നെ പല കാര്യങ്ങളെപ്പറ്റിയും സ്ത്രീകള്‍ക്ക് എന്ത് തോന്നുന്നു എന്ന്, പല കാര്യങ്ങളെയും സ്ത്രീകള്‍ എങ്ങനെ കാണുന്നു എന്ന്, ആരും പൊതുവേ അങ്ങനെ കാര്യമായി എടുക്കാറില്ല എന്നും തോന്നിയിരുന്നു. കഥകളും നോവലുകളും പാഠപുസ്തകങ്ങളുമൊക്കെ വായിക്കുമ്പോഴും എല്ലാം ആണിനെ മാത്രം ചുറ്റിത്തിരിയുന്നതുപോലെ എനിക്ക് തോന്നി. (തലതൊട്ടപ്പന്‍മാര്‍ മാത്രമല്ല, ‘ഇന്നത്തെ’ തലമുറയിലെ രൂപേഷ് പോളോ സുസ്മേഷ് ചന്ത്രോത്തോ പോലും ‘പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്’ എന്നോ ‘ഓരോ സ്ത്രീയും ഓരോ ലോകമാണ് ‘ എന്നോ ഒക്കെ പറയുന്നതും മുഖ്യമായും പുരുഷന്മാര്‍ മാത്രം നിറഞ്ഞ ഒരു സമൂഹത്തോടാണ്.) ആണുങ്ങള്‍ മാത്രം നിറഞ്ഞ ചര്‍ച്ചകളും വെടിവട്ടങ്ങളും എല്ലാം സാമാന്യം നന്നായിത്തന്നെ എന്നെ ബോറടിപ്പിച്ചു.

ചെറിയ പ്രായം തൊട്ടേ പെണ്‍കുട്ടികള്‍ കൂട്ടുകാരായി ഉണ്ടായിരുന്നു എന്നത് ഒരുപക്ഷേ ഇങ്ങനെയൊക്കെ തോന്നാന്‍ സഹായിച്ചിട്ടുണ്ടാവാം. അവരോടൊന്നും ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും. ആണ്‍കൂട്ടുകാരുടെ വീട്ടില്‍ ചെന്നാല്‍ത്തന്നെ അവരുടെ അമ്മമാരുമായും പെങ്ങന്മാരുമായും ഞാന്‍ പെട്ടെന്ന് ചങ്ങാത്തം കൂടി. അങ്ങനെ ഓരോരുത്തരെ പരിചയപ്പെടുമ്പോഴും, ഓരോരുത്തരുമായി സംസാരിക്കുമ്പോഴും, പെണ്ണുങ്ങളെ കൂടുതല്‍ സീരിയസ് ആയി എടുക്കേണ്ടതുണ്ട് എന്ന തോന്നലിന് ശക്തി കൂടിക്കൂടി വന്നു. നേരിട്ടറിയുന്ന കൂട്ടുകാര്‍ക്ക് പുറമേ, മാധവിക്കുട്ടിയും സാറാ ജോസഫും സിതാരയും അരുന്ധതിയും പാമയും മാര്‍ഗരറ്റ് ആറ്റ്വുഡും ഡോറിസ് ലെസിങുമൊക്കെ എഴുതിയ കഥകളും നോവലുകളുമെല്ലാം അതുവരെ കണ്ട് പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായ ലോകവീക്ഷണങ്ങള്‍ പങ്കുവച്ചു.

 

 

ഇങ്ങനെയൊക്കെയാണെങ്കിലും ‘ഫെമിനിസം’ എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ് ആയിരുന്നു എന്ന് അപ്പോള്‍ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം. അപ്പോള്‍ ഫെമിനിസത്തിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍വ്വചനം ‘പെണ്ണും മനുഷ്യനാണ് എന്ന വിപ്ലവകരമായ തിരിച്ചറിവാണ് ഫെമിനിസം’ എന്നായിരുന്നു. (Feminism is the radical notion that women are human beings). ആരാണ് അങ്ങനെ ആദ്യം പറഞ്ഞത് എന്നെനിക്കറിയില്ല.

എന്നല്ല, ഫെമിനിസത്തെപ്പറ്റിയുള്ള തിയറി ഞാന്‍ അങ്ങനെ വായിച്ചിട്ടേ ഇല്ല എന്നുതന്നെ പറയാം. വായിക്കാത്തത് അത്ര വലിയൊരു കാര്യമാണ് എന്നല്ല. തിയറി വായിക്കാത്ത ഒരാള്‍ക്കും സ്വയം ഫെമിനിസ്റ് ആണെന്നോ ഫെമിനിസ്റ് ആവണം എന്നോ ഒക്കെ തോന്നാം എന്ന്.

പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു എല്ലാ ഫെമിനിസ്റുകളുടെയും ഫെമിനിസം ഒന്നല്ല എന്ന്. അതൊരു മോശം കാര്യമല്ല. കറുത്ത പെണ്ണിന്റെയും വെളുത്ത പെണ്ണിന്റെയും പ്രശ്നങ്ങള്‍ തമ്മില്‍ വലിയ അന്തരങ്ങളുണ്ടാകാം. ബ്ലാക്ക് ഫെമിനിസം, ദളിത് ഫെമിനിസം ഇസ്ലാമിക് ഫെമിനിസം എന്നിങ്ങനെ പല പല ഫെമിനിസങ്ങള്‍. ഒരേ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പോലും എണ്‍പതുകളില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളല്ല ഒരുപക്ഷേ ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഫെമിനിസങ്ങളും നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമായിക്കോണ്ടിരിക്കുന്നു.

 

 

നാലാമിടത്തിലെ തെരേസയുടെ ലേഖനത്തില്‍ പറയുന്ന പല കാര്യങ്ങളും ഫെമിനിസം തന്നെയാണ് എന്നെനിക്ക് തോന്നുന്നു. ‘ഇതെന്താണ് എല്ലാവരും ഇങ്ങനെ തുറിച്ചു നോക്കുന്നത്’ എന്ന ഫീല്‍ ഇല്ലാതെ, കമന്റുകള്‍ കേള്‍ക്കാതെ, ഷോപ്പിംഗ് നടത്താനും സിനിമ കാണാന്‍ പോകാനും പുറത്തു ഡിന്നര്‍ കഴിക്കാന്‍ പോകാനും ഒക്കെ സാധിച്ചാലോ എന്ന പ്രതീക്ഷ എനിക്ക് ഒരു ഫെമിനിസ്റ് പ്രതീക്ഷ തന്നെയാണ്.

എന്നാല്‍ ‘ഒന്ന് നോക്കിയാലെന്താ, നിന്റെ ചാരിത്യ്രം പോകുമോ എന്ന് ചിന്തിക്കുന്നവര്‍ സ്വന്തം അമ്മയോ പെങ്ങന്മാരോ ഭാര്യയോ നടന്നുപോകുമ്പോള്‍ അവരുടെ ശരീരഭംഗിക്ക് മറ്റു പുരുഷന്മാര്‍ മാര്‍ക്ക് ഇടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുന്നത് നല്ലതാണ് ” എന്ന് പറയുന്നതില്‍ വലിയൊരു പ്രശ്നവും എനിക്കനുഭവപ്പെടുന്നു. ‘സ്വന്തം അമ്മ’, ‘സ്വന്തം പെങ്ങന്മാര്‍’ എന്നിവരുടെ കാര്യത്തില്‍ മാത്രമാണ് പുരുഷന്മാര്‍ സ്ത്രീകളോട് മാന്യമായി പെരുമാറേണ്ടത് എന്ന (അങ്ങയേറ്റം silly ആയ) ഒരു സന്ദേശമാണ് എനിക്ക് ആ വാചകത്തില്‍ കാണാന്‍ കഴിയുന്നത്. മറ്റു പെണ്ണുങ്ങളെ അമ്മയായോ പെങ്ങളായോ സങ്കല്‍പ്പിക്കുന്നതിലൂടെ വേണം അവരോട് മാന്യമായി പെരുമാറണം എന്ന് ആണുങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന്. ഈ സന്ദേശത്തെയാണ് ‘ഞാന്‍ ആരുടേയും അമ്മയല്ല, പെങ്ങളുമല്ല’ എന്ന ലേഖനത്തിലൂടെ അഖില ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്.

അതുപോലെ, ‘ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ് ആണെന്നോ പുരുഷവിരോധിയാണ് എന്നോ അര്‍ത്ഥമില്ല’ എന്ന് തെരേസ പറയുമ്പോള്‍ ഫെമിനിസ്റ് സ്വാഭാവികമായും പുരുഷവിരോധി ആയിരിക്കണം എന്നുള്ള ഒരു മുന്‍വിധി അതിലുണ്ടെന്നും ആ ഒരു വിധി മണ്ടത്തരമാണ് എന്നും എനിക്ക് തോന്നുന്നു. എന്നാല്‍, ‘ഈ കാലഘട്ടത്തില്‍ സ്ത്രീക്കും പുരുഷനും പരസ്പരം അടുത്തിടപഴകാനും മനസ്സിലാക്കാനും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതുകൊണ്ടാവാം, സ്ത്രീയെ ബഹുമാനിക്കുന്നവരും അത് തുറന്നു പറയാന്‍ മടിക്കാത്തവരും ആയ പുരുഷന്മാരുടെ എണ്ണം കൂടുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു’ എന്ന് പറയുന്നിടത്ത് വീണ്ടും ഫെമിനിസ്റ് ആയ (അതൊരു മോശം വാക്കായി കരുതുന്നവര്‍ ക്ഷമിക്കുക ^^ വളരെ നല്ല അര്‍ത്ഥത്തില്‍ ആണ് ഞാന്‍ പറയുന്നത്) തെരേസയെ ആണ് ഞാന്‍ കാണുന്നത്. സ്ത്രീശക്തി സ്ത്രീയുടെ ഉള്ളില്‍ത്തന്നെയുള്ള ഒന്നാണ് എന്നതിലും അഭിപ്രായവ്യത്യാസമില്ല. സ്ത്രീയ്ക്ക് മാത്രം ഉള്ളില്‍ ശക്തിയുണ്ട് (അല്ലെങ്കില്‍ ഉണ്ടാവണം), പുരുഷന്മാര്‍ക്ക് ഇല്ല/ഉണ്ടാവരുത് എന്ന് കരുതുന്നില്ല എന്ന് മാത്രം.

അതിനുശേഷം സിജിയും അഖിലയും ഫെമിനിസം അവര്‍ക്ക് എന്താണ് എന്ന് വ്യക്തമാക്കാന്‍ അവരുടെ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്. ഫെമിനിസ്റ് ആയ, അല്ലെങ്കില്‍ ഫെമിനിസ്റ് ആകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ആണ് എന്ന നിലയ്ക്ക് വ്യക്തിപരമായി പറഞ്ഞാല്‍, നമ്മുടെ സമൂഹത്തില്‍ രൂഢമൂലമായ സ്ത്രീവിരുദ്ധതയോട് അകത്തും പുറത്തും എതിരിട്ടുകൊണ്ടിരിക്കുന്നതാണ് എനിക്ക് ഫെമിനിസം എന്ന് പറയാം. സ്ത്രീവിരുദ്ധമായ പെരുമാറ്റങ്ങളും കമന്റുകളും എല്ലാം എന്നില്‍ നിന്ന് ഉണ്ടാവുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് തിരിച്ചറിയുന്നതും എന്റെ അമ്മയടക്കമുള്ള സമൂഹം പഠിപ്പിച്ചുതന്നിട്ടുള്ള അത്തരം പല ശീലങ്ങളില്‍ നിന്നും പുറത്തുവരാന്‍ ശ്രമിക്കുന്നതും എല്ലാം അതിന്റെ ഭാഗമാണ്. കുറെയൊക്കെ അങ്ങനെയൊക്കെത്തന്നെയാവും സ്ത്രീകള്‍ക്കും എന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ മാത്രമാണ് സ്ത്രീവിരുദ്ധര്‍ എന്നോ പുരുഷന്മാരെല്ലാം എപ്പോഴും സ്ത്രീവിരുദ്ധരാണ് എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

അത് പറഞ്ഞപ്പോഴാണ്-ആണ്‍മക്കളെ (പെണ്‍മക്കളെയും) സ്ത്രീവിരുദ്ധതയുടെ ചട്ടക്കൂട്ടിനുള്ളിലിട്ടു വളര്‍ത്തുന്നതില്‍ അമ്മമാര്‍ക്ക് നല്ലൊരു പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം അമ്മമാര്‍ മാത്രമല്ല, നമ്മള്‍ ‘അമ്മയായി കാണുന്നവര്‍’ പോലും. “നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് “അമ്മ” ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍. പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും “വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം” എന്നും അവള്‍ക്കറിയാം..” (ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍ എന്ന കുറിപ്പില്‍ നിന്ന്).

ഫെമിനിസത്തെപ്പറ്റി ഓരോരുത്തരും പറയുന്നത് കേള്‍ക്കുമ്പോള്‍ (നാലാമിടത്തില്‍ മാത്രമല്ല) എനിക്ക് പെട്ടെന്നോര്‍മ്മ വരുന്നത് അഞ്ചുപേര്‍ ആനയെ കാണാന്‍ പോയ കഥയാണ്. ചെറിയൊരു വ്യത്യാസം എനിക്ക് തോന്നുന്നത് അവര്‍ അഞ്ചുപേരും ആന എന്ന ഒരു ജീവിയെയാണ് കണ്ടത്. എന്നാല്‍ ഫെമിനിസം എന്ന വാക്കുകൊണ്ട് നമ്മള്‍ പലരും അര്‍ത്ഥമാക്കുന്ന കാര്യങ്ങള്‍ തന്നെ പലപ്പോഴും പലതാണ്. ഫെമിനിസ്റുകള്‍ മാത്രമല്ല ‘ഞാന്‍ ഫെമിനിസ്റല്ല’ എന്ന് പറയുന്നവരും.

15 thoughts on “ഫെമിനിസ്റ്റെന്ന നിലയില്‍ എന്റെ ജീവിതം

 1. “”ഒന്ന് നോക്കിയാലെന്താ, നിന്റെ ചാരിത്യ്രം പോകുമോ എന്ന് ചിന്തിക്കുന്നവര്‍ സ്വന്തം അമ്മയോ പെങ്ങന്മാരോ ഭാര്യയോ നടന്നുപോകുമ്പോള്‍ അവരുടെ ശരീരഭംഗിക്ക് മറ്റു പുരുഷന്മാര്‍ മാര്‍ക്ക് ഇടുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുന്നത് നല്ലതാണ് “” എന്ന് പറയുന്നതില്‍ ഒരു തെറ്റും സാമാന്യ ബുദ്ധിയുള്ള ആണും പെണ്ണും കാണുന്നില്ല…. ഇതില്‍ നിങ്ങളെപോലെയുള്ള ചില ഫെമിനിസ്റ്റുകള്‍ക്കു മാത്രമേ പ്രശ്നം കാണാന്‍ സാധിക്കുന്നുള്ളൂ…. സ്ത്രീ പുരുഷ ബന്ധത്തെപറ്റിയും, സ്ത്രീയുടെ സ്വത്വത്തെപറ്റിയും എന്തു മനോഹരമായാണ് തെരേസ പറഞ്ഞിരിക്കുന്നത് “”ഞാന്‍ അമ്മയാണ്, മകളാണ്, പെങ്ങളാണ്, ഭാര്യയും ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, ആ സ്ഥാനങ്ങള്‍ എല്ലാം എന്‍റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. പക്ഷെ എന്റെ സ്ത്രീത്വം അതില്‍ തുടങ്ങി അതില്‍ അവസാനിക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. പുരുഷന്‍ എന്‍റെ ശത്രുവുമല്ല””…. ഇതാണ് ഒരു സ്ത്രീയുടെ സത്വം എന്ന് ഞങ്ങള്‍ സാധാരണക്കാര്‍ (നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ ബുദ്ധിജീവികളാണല്ലോ) വിശ്വസിക്കുന്നത്….

  സ്ത്രീത്വത്തിന്‍റെ മൂര്‍ത്തി ഭാവമായ അമ്മ എന്ന ഭാവം, ഏറ്റവും മനോഹരമായ പെങ്ങള്‍ എന്ന ഭാവം, ഇതൊന്നും ഉള്‍ക്കൊള്ളാന്‍ വയ്യ എന്ന് പറഞ്ഞു പെണ്ണുങ്ങള്‍ ഇറങ്ങിതിരിച്ചിട്ടു, ആണുങ്ങളെല്ലാം അച്ഛനെയും ആങ്ങളയെയും പോലെ ഞങ്ങളെ നോക്കണം എന്ന് പറയരുത്…. നിങ്ങളെപോലെയുള്ള സ്ത്രീകളിലെ ഒരു ചെറിയ വിഭാഗം ഇതിലൊന്നും ഉള്‍പ്പെടാതെ പുതിയ ഒരു വിഭാഗമായ് സമൂഹത്തിലേക്കു ഇറങ്ങുമ്പോള്‍, (അതിനു ഓശാന പാടുന്ന കുറെ ആണുങ്ങളും[???], ഈ ലേഖകനെ പോലെ) ആണുങ്ങളിലും ഉള്ള ഒരു ചെറിയ വിഭാഗം അതിനു അനുസരിച്ച് നിങ്ങളോട് പെരുമാറും…. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. അന്നേരം മനുഷ്യനു മനസ്സിലാവാത്തതും, ഇന്നേവരെ കേട്ടിട്ടില്ലാത്തതും ആയ കുറച്ചു എഴുത്തുകാരുടെ വരികളും പൊക്കിപിടിച്ചു വന്നാല്‍ ഒരു കാര്യവും ഉണ്ടാവില്ല (അല്ലേലും ഇവിടുത്തെ കാര്യം പറയുമ്പോള്‍ അങ്ങ് നിക്കാരോഗ്യയിലെയും, ഒട്ടഗോയിലെയും, പോളണ്ടിലെയും കാര്യം പറയുന്നത് നിങ്ങള്‍ ബുദ്ധിജീവികളുടെ ലക്ഷണമാണല്ലോ)…..

  നാലാമിടം ഈ അഭിപ്രായം സെന്‍സര്‍ ചെയ്യാതെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…..

  • priya suhruth binoj chakko paranja veeekshanam shari thanne.. oru pennine ammayaayum pengalaayum kaanunnathil thetttillya ennu maathramalla oru samskaara paithrikam athilund thaanum… .. pakshe ammaye poleyo pengale poleyo karuthiyaaal maathrame nammude naatile mattu pennungalod aasakthi thonnnaathirikku ennu varunna avasthayodullla pradishedhamaanu thaankal budhi jeevi feminist ennu visheshipppicha lekhaka njaan aarudeyum ammayumalla, pengalum allla ennu thurannadichath….

   oru purushanu avante thurichu nottathe allengil avante aagrahathe pidichu nirthuvaan avante ammayo pengalo aayullla sthaaanam vahikkunnathile ethirppaaanu lekhaka vyakthamaakkiyath…

   oru sthree orikkalum purushante shathruvalla,, avalkkundaavunnna vikalamaaya prathikaranangal avale prathikarippikkumbol verum aaninte paksham cherunna thangale polulla saadaaranakkar avale purusha shathruvaayi mudrakuthunnu………..

 2. ഫെമിനിസത്തിന്റെ ഈ അന്താരാക്ഷ്ട്ര ബുദ്ധി ജീവി ലൈന്‍ ആണ് എനിക്കും ദഹിക്കാത്തത്. (അസഹിഷ്ണുത എന്നു ഉദ്ദേശിച്ചിട്ടില്ല). വിഷയം അല്‍പ്പം മസ്തിഷ്ക്ക വ്യായാമം ചെയ്ത് മനസിലാക്കാമെന്ന് വയ്ക്കാം പക്ഷേ അതിന്‍റെ അതിപ്രസരം അവരുടെ ആശയപ്രകാശനത്തില്‍ കടന്നു വരുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരെന്നു പറയപ്പെടുന്ന ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ സ്ത്രീകള്‍ എങ്ങനെ അതിനോട് താദാത്മ്യം പ്രാപിക്കും? ശരിക്കുള്ള സ്ത്രീ സ്വാതന്ത്ര്യത്തിലേയ്ക്ക് access ഇല്ലാത്തവര്‍ എന്ന അപകര്‍ഷതയിലേയ്ക്കോ അല്ലെങ്കില്‍ ഓ ഫെമിനിസ്റ്റകള്‍ അതെന്തോ പ്രത്യേക വര്‍ഗം ആണ് എന്നോ സാധാരണ സ്ത്രീകള്‍ ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ ആകുമോ അപ്പോള്‍??? അതോ സ്വന്തം തത്വശാസ്ത്രത്തിനു നെടുനെടുങ്കന്‍ ബുദ്ധിജീവി പരിപേക്ഷം കൊടുക്കുന്ന രാക്ഷ്ട്രീയപ്പാട്ടിക്കാരെപ്പോലെ ഒരു രാക്ഷ്ട്രീയം മാത്രം ആണോ ഫമിനിസ്റ്റുകള്‍ക്കുള്ളത്? എന്‍റെ വ്യക്തിത്വത്തിനും എന്‍റെ അഭിപ്രായങ്ങള്‍ക്കും എന്‍റെ സ്വത്വത്തിനും ഒരു identity ഉണ്ടെന്നു പറയുന്ന അതിനെ അധാര്‍മികമായി അടിച്ചമര്‍ത്തരുതെന്നു ഒരു സ്ത്രീ പറയുമ്പോള്‍ അത് പറയുന്ന സ്ത്രീ വ്യവസ്ഥാപിത ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ആള്‍ ആയാലും നിഷേധിക്കപ്പെട്ട അവകാശങ്ങളെ തിരിച്ചറിഞ്ഞു rebel ആകുന്ന ആള്‍ ആയാലും തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ഞാന്‍ ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഒരു ലേഡി പറയുന്നത് “വടകരയിലോ മറ്റോ ഒരു കൂട്ടം ആള്‍ക്കാര്‍ ഒരു (ഹിപ്പി-ലൈക്ക്‌???) ഗ്രൂപ്പ് ആയി സമാധാനത്തോടെ ജീവിക്കുന്നു. അവിടെ ഫാമിലി എന്ന ഒരു കോണ്‍സെപ്റ്റ്‌ പോലും ഇല്ല.” വിവാഹം കുട്ടികള്‍ അതൊക്കെ ഒരു ego-centric-satisfaction ആണ്‌. അവിടെ എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്നു. ഇങ്ങനെ ഇങ്ങനെ എന്തൊക്കെയോ!!!. (അത് പോട്ടെ, ഇവിടെ അതൊന്നും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല അല്ലേ?)

  കാര്യങ്ങള്‍ ലളിതമായി പറഞ്ഞു “പുരുഷന് ഒപ്പം നിന്നു” അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാടില്ലേ ഫെമിനിസ്റ്റുകള്‍ക്ക്???പുരുഷനൊപ്പം നില്‍ക്കുമ്പോളല്ലേ സ്ത്രീപുരുഷ വ്യത്യാസം ഇല്ലാതാകു?. അല്ലാതെ ഒരു പ്രത്യേക ഗണം എന്ന ലേബലില്‍ സ്വയം അവരോധിക്കപ്പെടുന്ന രീതിയില്‍ മുന്നോട്ടു പോയാല്‍; അതാത് സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും വീണ്ടും വേറിട്ട്‌ പോകാനേ വഴി വയ്ക്കു എന്നാണ് തോന്നുന്നത്.

  അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന അതാത് സമൂഹത്തിലെ ഒരാള്‍ എന്ന നിലയില്‍ നിന്ന് പ്രവര്‍ത്തിച്ചു ലളിതമായി സംസാരിച്ചു നിഷേധിക്കപ്പെട്ടിരിക്കുന്ന ന്യായമായ അവകാശങ്ങള്‍ അത് എന്താലായും നേടിയെടുക്കാന്‍ ഫെമിനിസ്റ്റ്കള്‍ക്ക്‌ കഴിയില്ലേ? ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ സ്വത്വം ഉയര്‍ന്നു വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രമേ ഈ പറഞ്ഞതൊക്കെ ബാധകമാകുന്നുള്ളു.

  Otherwise let everybody blow their own trumpet. Feminists, chauvinists, humanists n all.

 3. ഞാന്‍ ഒരു സ്ത്രീയെ “പെങ്ങള്‍” ആയി കാണുന്നു എന്നതുകൊണ്ട് ആ സ്ത്രീയുടെ ഐടന്റിട്ടിക്ക് ഒരു കുഴപ്പവും വരുന്നില്ല. അവള്‍ ആരാണോ, അതായി തന്നെ തുടരുന്നു. താന്‍ അവളോട്‌ ഇടപെടുമ്പോള്‍ ലൈംഗിക ചിന്തകള്‍ (ഏറ്റവും മിനിമം പ്രത്യ്ക്ഷമായിട്ടുള്ളതെങ്കിലും) ഉണ്ടാവില്ല എന്നുറപ്പ് വരുത്താന്‍ പുരുഷന്റെ മനസ്സ് സൃഷ്ടിക്കുന്ന ഒരു ഇമെജരി മാത്രമാണീ പെങ്ങള്‍ വിളി. പെങ്ങള്‍ എന്ന് വിളിക്കാതെ തന്നെ മനസ്സില്‍ ഈ ചിന്തകള്‍ ഉണ്ടാകാത്ത ആണുങ്ങള്‍ പോലും മറ്റു പുരുഷന്മാരെ ചേട്ടാ അനിയാ എന്ന് വിളിക്കുന്നത്‌ പോലെ സ്ത്രീകളെ പെങ്ങള്‍ എന്ന് വിളിച്ചേക്കാം. അതില്‍ എന്തോന്ന് കുഴപ്പം?

  ഞങ്ങളുടെ ഗാംഗിലെ പെണ്‍കുട്ടികളെ ഞങ്ങള്‍ ‘പെങ്ങളേ’ എന്ന് തന്നെയാണ് വിളിക്കുന്നത്. അവരൊന്നും എന്റെ പെങ്ങന്മാരല്ല. സുഹൃത്തുക്കള്‍ മാത്രം.

  എന്റെ പല ആണ്‍ സുഹൃത്തുക്കളെയും ഞാന്‍ ‘അളിയാ’ എന്ന് സംബോധന ചെയ്യാറുണ്ട്. അത് കേട്ടതുകൊണ്ട് അതിലോരുതന്റെയും ഐടന്റിറ്റി കേടായിട്ടില്ല. ഒരുത്തനും അവന്റെ പെങ്ങളെ എന്നെക്കൊണ്ട് കെട്ടിച്ചുമില്ല.

 4. പെങ്ങള്‍ അത്ര നിരുപദ്രവകരാമയ ഒരു വാക്ക് അല്ല എന്നറിയാവുന്നതുകോണ്ടാണ്‌ ഞാന്‍ ആരുടെയും പെങ്ങളല്ല എന്ന് ചിലര്‍ക്കെങ്കിലും പറയേണ്ടിവരുന്നത്. പെങ്ങന്മാരുടെ മേല്‍ ആങ്ങളമാര്‍ക്ക് ചില വിശേഷാധികാരങ്ങള്‍ ഉണ്ടാകറുണ്ട്. തിരിച്ച് ഇല്ല താനും.
  അമ്മയാണ്‌-മകന്റെ അല്ലെങ്കില്‍ മകളുടെ (പേരിനെങ്കിലും ഒരു ഭര്‍ത്താവുള്ള അമ്മമാര്‍ക്കേ മാതൃത്വത്തില്‍ ഈ നാട്ടില്‍ അഭിമനിക്കാന്‍ പറ്റൂ എന്നത് ഓര്‍ക്കവുന്നതാണ്‌)
  മകളാണ്‌-അച്ചന്റെ അല്ലെങ്കില്‍ അമ്മയുടേ അല്ലെങ്കില്‍ രണ്ടുപേരുടേയും മകളാണ്‌.
  പെങ്ങളാണ്‌-ഒരാങ്ങളയുടേ പെങ്ങളാണ്‌
  ഭാര്യയാണ്‌-ഭര്‍ത്താവിന്റെ
  അങ്ങനെ സ്ത്രീത്വത്തിന്റെ മൂര്‍‌ത്തീഭാവമായി നിങ്ങള്‍ പറയുന്ന നാല് ഭാവങ്ങളില്‍ രണ്ടെണ്ണം പ്രത്യക്ഷമായും ശേഷിക്കുന്ന രണ്ടെണ്ണം പരോക്ഷമായും പുരുഷനോട് ബന്ധപെട്ടാണ്‌ നില്‍ക്കുന്നത്.
  അതായത് പുരുഷനോട് ബന്ധപ്പെടുത്തിയാണ്‌ അവ നാലും നിര്‍‌വചിച്ചിരിക്കുന്നത്. അങ്ങനെ മറ്റൊന്നിനോട് ചേര്‍ത്ത് മാത്രം തന്നെ നിര്‍‌വചിക്കുന്നതിന്റെ പോരായ്മ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ചിലരെങ്കിലും
  താന്‍ ഇതൊന്നും അല്ലെ അല്ലെങ്കില്‍ ഇവ മാത്രം അല്ല എന്നു പറയുന്നത്. തെരേസയെപ്പോലുള്ളവര്‍ ആദ്യത്തെ നാലുഭാവങ്ങളീല്‍ അഭിമാനിക്കുന്നു. താന്‍ അതുമാത്രം അല്ല എന്നു പറയുമ്പോഴും മുന്‍‌ഗണനാക്രമത്തില്‍ ആദ്യത്തെ നാലു ഭാവങ്ങള്‍ വരുന്നുണ്ട് എന്നു തോന്നുന്നു. അതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ ആ നാലു ഭാവങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടെന്നറിയുന്നവര്‍ അതിലൊന്നും പെടാതെ തനിക്ക് നിലനില്‍ക്കാനാകുമെന്നും ആ നിലനില്പാണ്‌ തന്റെ അഭിമാനം എന്നും പറയുന്നതില്‍ തെറ്റൊനുമില്ല. രണ്ടു ശരികളില്‍ കൂടുതല്‍ ആഴമുള്ള ശരി ഞാന്‍ ഇതൊന്നും അല്ല വേറെ ചിലതാണ്‌ എന്ന് പറയുന്നത് തന്നെയാണ്‌.
  I agree with no one’s opinion. I have some of my own. (Ivan Turgenev) എന്നെഴുതിയത് ഒരു പുരുഷനാണ്‌. പക്ഷേ പെണ്ണുങ്ങളൂം അത് പറയുന്നു എന്നു മാത്രം.
  അച്ചന്‍, മകന്‍, ആങ്ങള, ഭര്‍ത്താവ്‌-എന്നീഭാവങ്ങള്‍ മാത്രമായി ആണൂങ്ങളെ ആരും നിര്‍‌വചിച്ചു കണ്ടിട്ടില്ല. ഇതിലൊന്നും പെടാതെ ജീവിക്കനുള്ള സ്വാതന്ത്ര്യവും ആണൂങ്ങള്‍ക്കുണ്ട്.
  എന്റെ വീടിന്റെ മുറ്റം ആണ്‌ ലോകത്തിന്റെ അറ്റം എന്നു വിചാരിക്കുന്നവര്‍‌ക്ക് പലതും മനസ്സിലാവില്ല. ചിലമനസ്സിലാകായ്കകള്‍ക്ക് അത്രയേ കാരണമൊള്ളു. അതില്‍ സഹതപിക്കാം. അത്ര തന്നെ.

 5. “സ്ത്രീത്വത്തിന്‍റെ മൂര്‍ത്തി ഭാവമായ അമ്മ എന്ന ഭാവം, ഏറ്റവും മനോഹരമായ പെങ്ങള്‍ എന്ന ഭാവം, ഇതൊന്നും ഉള്‍ക്കൊള്ളാന്‍ വയ്യ എന്ന് പറഞ്ഞു പെണ്ണുങ്ങള്‍ ഇറങ്ങിതിരിച്ചിട്ടു, ആണുങ്ങളെല്ലാം അച്ഛനെയും ആങ്ങളയെയും പോലെ ഞങ്ങളെ നോക്കണം എന്ന് പറയരുത്….” അച്ഛനെയും ആങ്ങളയും പോലെ നോക്കണം എന്നല്ല അവരാരും പറയുന്നത് ബിനോജ് ചാക്കോ.. പെണ്ണുങ്ങളില്‍ നിങ്ങളുടെ അമ്മയല്ലാത്തവരെ, പെങ്ങളല്ലാത്തവരെ എല്ലാം നിങ്ങള്‍ “നിന്നെ ഞാനിപ്പോള്‍ ബലാല്‍സംഗം ചെയ്യും” എന്ന രീതിയില്‍ നോക്കുമെങ്കില്‍ അതിനെത്തന്നെയാണ് അവര്‍ (അവരെ support ചെയ്യുന്ന എന്നെപ്പോലെയുള്ള പുരുഷന്മാരും) ചോദ്യം ചെയ്യുന്നത്.

  iggooy , “അച്ഛന്‍, മകന്‍, ആങ്ങള, ഭര്‍ത്താവ്‌ – എന്നീ ഭാവങ്ങള്‍ മാത്രമായി ആണുങ്ങളെ ആരും നിര്‍‌വചിച്ചു കണ്ടിട്ടില്ല. ഇതിലൊന്നും പെടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ആണുങ്ങള്‍ക്കുണ്ട്.” –> അദ്ദാണ് പോയന്റ്. അതേ സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്കും വേണം എന്ന്.

  ഇതുമായി ബന്ധപ്പെട്ട അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍ എന്ന കുറിപ്പ് ഈ ലിങ്കില്‍ വായിക്കാം.

 6. ഷൈജു, “ഫെമിനിസത്തിന്റെ ഈ അന്താരാക്ഷ്ട്ര ബുദ്ധി ജീവി ലൈന്‍ ആണ് എനിക്കും ദഹിക്കാത്തത്.” –> ഇതില്‍ “അന്താരാഷ്‌ട്ര ബുദ്ധിജീവി” ലൈനില്‍ എന്താണ് ഞാന്‍ പറഞ്ഞത്? മനസ്സിലാവാത്ത വാചകം ഏതാണ്? ഏറ്റവും ലളിതമായിട്ടാണ്‌ ഞാന്‍ ഫെമിനിസത്തെ മനസ്സിലാക്കുന്നത്, അങ്ങനെത്തന്നെയാണ് എഴുതാന്‍ ശ്രമിച്ചതും. പുരുഷനും സ്ത്രീയും ഒപ്പം നിന്ന് അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന അതാത് സമൂഹത്തിലെ ആള്‍ക്കാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയല്ല ഇതില്‍ എഴുതിയിരിക്കുന്നത് എന്ന് തോന്നിയോ?

  ബിനോജ്, “മനുഷ്യനു മനസ്സിലാവാത്തതും, ഇന്നേവരെ കേട്ടിട്ടില്ലാത്തതും ആയ കുറച്ചു എഴുത്തുകാരുടെ വരികളും പൊക്കിപിടിച്ചു വന്നാല്‍ ഒരു കാര്യവും ഉണ്ടാവില്ല (അല്ലേലും ഇവിടുത്തെ കാര്യം പറയുമ്പോള്‍ അങ്ങ് നിക്കാരോഗ്യയിലെയും, ഒട്ടഗോയിലെയും, പോളണ്ടിലെയും കാര്യം പറയുന്നത് നിങ്ങള്‍ ബുദ്ധിജീവികളുടെ ലക്ഷണമാണല്ലോ)…” –> ആ പറഞ്ഞത് ഈ മനുഷ്യന് മനസ്സിലായില്ല. നിക്കാരോഗ്യയിലെയും, ഒട്ടഗോയിലെയും, പോളണ്ടിലെയും എന്ത് കാര്യമാണ് ഞാന്‍ പറഞ്ഞത്? മാധവിക്കുട്ടി, സിതാര, അരുന്ധതി റോയ്, പാമ എന്നൊന്നും കേട്ടിട്ടില്ലെങ്കില്‍ സാരമില്ല, പക്ഷേ അവരൊക്കെ ഈ നാട്ടില്‍ത്തന്നെ ഉള്ളവരാണേ.. അവരൊക്കെ പറയുന്നത് ഫെമിനിസമാണ് എന്നല്ല ഞാന്‍ എഴുതിയതും. സ്ത്രീകള്‍ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍ ഇവരുടെയൊക്കെ കഥകള്‍/നോവലുകള്‍ എന്നെ സഹായിച്ചു എന്ന് മാത്രം.

 7. മാഷെ, എന്റെ നാട്ടില്‍ പണ്ടുമുതലേ സ്ത്രീകളെയും മനുഷ്യരായി ആണ് കണ്ടിരുന്നത്‌ . ഈ പോസ്റ്റ്‌ വായിക്കുന്നത് വരെ അതില്‍ വലിയ സംശയവും ഇല്ലായിരുന്നു. ഫെമിനസമോക്കെ വന്ന സ്ഥിതിക്ക് ഇനി ഞങ്ങള്‍ അവരെ മൃഗങ്ങള്‍ ആയി കണ്ടുകൊള്ളാം . എന്നാലല്ലേ ഫെമിനിസം ഞങ്ങളുടെ നാട്ടിലും വളരൂ . ശരിയല്ലേ മാഷെ ?

 8. സുദീപ്
  ആ ലേഖനം വയിച്ചിട്ടുള്ളതാണ്‌. അപ്പറയുന്ന തരം സ്വാതന്ത്രമോ അതെന്ത്‌ സാധനം എന്നാണ്‌ ഇവ്ടെ സംശയം.
  അതങ്ങ്‌ പോളണ്ടിലെക്കാര്യമല്ലേന്നു പറയുന്നവരോട് ഇത് വിശദീകരിക്കാന്‍ ഇമ്മിണീ പ്രയാസം ആയിരിക്കും.

  കൂട്ടുകാരികളെ പെങ്ങളെ എന്നു വിളിച്ച് ലൈംഗിക ചിന്തകള്‍ ഉയര്‍ത്താതിരിക്കുന്നത് നല്ലോരു ഡിഫന്‍സീവ് മെക്കാനിസം തന്നെ.
  പക്ഷേ അതിന്റെ പ്രശ്നം പെങ്ങളല്ലാത്ത ആരോടും ലൈഗിക താല്പര്യം തോന്നാം എന്ന ആശയം ആകാന്‍ ഇടയുണ്ട്. അങ്ങനെ വരുന്നത്
  ഒരു പ്രശ്നമല്ലേ.
  കൂട്ടുകാരിയെ കൂട്ടുകാരീ എന്ന് വിളിക്കാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും ആണ്‌ വേണ്ടത്.

 9. ഞാന്‍ ഒരു ഫെമിനിസ്റ് അല്ല… ഉള്ളില്‍ ആവശ്യത്തില്‍ അധികം സ്ത്രീ വിരുദ്ധത ഉണ്ടായതു കൊണ്ട് എനിക്ക് ഫെമിനിസ്റ്റ് ആകാന്‍ പറ്റില്ല.. എനിക്ക് ഫെമിന്റ്സ് എന്ന ലേബല്‍ ഇഷ്ടമല്ല… കാരണം ഫെമിനിസം എന്റെ ഉള്ളില്‍ അടിഞ്ഞുകൂടിയ സ്ത്രീ വിരുദ്ധതയെ ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കും .. മാത്രമല്ല, ഈ സാമൂഹിക ഘടനയും കുടുംബ വ്യവസ്ഥയും എല്ലാം സ്ത്രീയോട് ഒരനീതിയും കാട്ടുന്നില്ല എന്നതാണെന്റെ വിശ്വാസം. അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ആ കണ്ഫോര്മിടിയില്‍ നിന്നും എന്നെ പുറത്ത് വരാന്‍ നിര്‍ബന്ധിക്കുന്ന ഒരു ഇസവും ഞാന്‍ അന്ഗീകരിക്കുകയില്ല. അതിന്റെ നിലനില്പ് പോലും ഞാന്‍ അനുവദിക്കുകയുമില്ല.. ഞാന്‍ എന്റെ ലോകത്തെയും സാമ്പ്രദായിക വിശ്വാസങ്ങളെയും പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊറേ പേര്‍ ബൌദ്ധികമായി വാദിച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് എന്നില്‍ വല്ലാത്ത അപകര്‍ഷത ഉണ്ടാക്കും. ഞാനൊരു മണ്ടന്‍ നിങ്ങള്‍ ഒരു ബുദ്ധിമാന്‍ എന്നാ ഒരു അവസ്ഥാവിശേഷം അവിടെ നിലവില്‍ വരും. പക്ഷെ സമാന ചിന്താഗതിക്കാരെ കൂട്ടിപിടിച്ചു ഒരു ക്രൌഡ് പവര്‍ ഉണ്ടാക്കി അതിനെ ചെറുക്കാനും എനിക്കറിയാം. നിങ്ങളില്‍ ബുജിത്വം ആരോപിക്കുക എന്നതാണ് ലളിതമായ മാര്‍ഗം.
  പെങ്ങള്‍ വിളിയുടെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിവില്ല എന്നതല്ല സത്യം. ഇങ്ങനെയുള്ള ചിന്തകള്‍ തരുന്ന തിരിച്ചറിവിനെ നേരിടാന്‍ ഉള്ള ധൈര്യം എനിക്കില്ല എന്നതാണ് സത്യം. ഗോവിന്ദചാമി സൌമ്യയോട് ചെയ്തത് മാത്രമാണ് തെറ്റ് എന്ന ഒരു മൂല്യവ്യവസ്തയാണ് എനിക്കുള്ളത്.
  അതിന്റെ ഇടയില്‍ “അച്ഛന്‍, മകന്‍, ആങ്ങള, ഭര്‍ത്താവ്‌ – എന്നീ ഭാവങ്ങള്‍ മാത്രമായി ആണുങ്ങളെ ആരും നിര്‍‌വചിച്ചു കണ്ടിട്ടില്ല. ഇതിലൊന്നും പെടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ആണുങ്ങള്‍ക്കുണ്ട്.” എന്ന പോയിന്റ് കൊണ്ട് വന്നു ദയവ ചെയ്ത് എന്നെ കണ്ഫ്യുഷനടിപ്പിക്കല്ലേ..

 10. Dragu മോന്‍, ഫെമിനിസം വളര്‍ത്തലല്ല എന്റെ ലക്ഷ്യം — സ്ത്രീകളെയും മനുഷ്യരായി കാണുന്ന ആ നാട്ടില്‍ (അങ്ങനെ അവിടത്തെ സ്ത്രീകളും വിചാരിക്കുന്നുണ്ടെങ്കില്‍) ഫെമിനിസത്തിന് കാര്യമായ പ്രസക്തിയില്ല എന്നുവേണം കരുതാന്‍.
  iggooy , “അതങ്ങ്‌ പോളണ്ടിലെക്കാര്യമല്ലേന്നു പറയുന്നവരോട് ഇത് വിശദീകരിക്കാന്‍ ഇമ്മിണീ പ്രയാസം ആയിരിക്കും.” 🙂
  “കൂട്ടുകാരിയെ കൂട്ടുകാരീ എന്ന് വിളിക്കാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും ആണ്‌ വേണ്ടത്.” ++
  പുരുഷു, അത് കലക്കി 🙂

 11. Here is another one: “How can I be a sexist? I am an anarchist..” written by a man, in English.

  iggooy, കൂട്ടുകാരിയെ മാത്രമല്ല ഒരു മേലുദ്യോഗസ്ഥയെയോ പോലീസിനെയോ പഞ്ചായത്ത് പ്രസിഡന്റിനെയോ അതുപോലെ നമ്മുടെ മേല്‍ അധികാരമുള്ള ആരെയും ഇങ്ങനെ ഏതെങ്കിലും ഒന്നില്‍ ഒതുക്കി അവരുടെ മേല്‍ നമ്മുടെ അധികാരം സ്ഥാപിക്കാന്‍ പലപ്പോഴും താല്പര്യം കാണിക്കാറുണ്ട് (ഞാനടക്കമുള്ള) ആണുങ്ങള്‍.

 12. Sudeep
  Thanks for the article. Good one.
  ഉവ്വ്. ശീലിച്ചുപോയ ഇത്തരം അധികാരപ്രയോകങ്ങളില്‍ നിന്നും പുറത്തുവരാന്‍ നല്ല പ്രയാസം ഉണ്ടെന്ന് ഇപ്പോല്‍ അറിയാം.

 13. വളരെ നന്നായി. വായിക്കാന്‍ കുറച്ചു വൈകി പോയി. chauvinist ആണ് ഞാന്‍ എന്ന് ഉറക്കെ പറയുന്നത് നമ്മുടെ നാട്ടിലെ പ്രത്യേകിച്ച് facebookഇലെ ആണ്‍കുട്ടികള്‍ക്ക്‌ എന്തോ അഭിമാനകരമായ കാര്യം പോലെയാണ്. വിവരമില്ലായ്മയുടെ പാരമ്യതയില്‍ കയറി നിന്നാണ് ഈ വക പുലംബലുകള്‍ എന്നോര്‍ത്താല്‍ കൂടെയും ചിലപ്പോള്‍ പ്രതികരിച്ചു പോവും. പ്രശസ്ത ബ്ലോഗ്ഗര്‍ ആയ ബെര്‍ളി അയാളുടെ ബ്ലോഗിന്‍റെ തല ഭാഗത്ത്‌ തന്നെ എഴുതിയിട്ടുണ്ടായിരുന്നു ഒരു chauvinist ആണ് ഞാന്‍ എന്ന്!!! സ്ത്രീയെ ഉപദ്രവിക്കുന്നത് ന്യായീകരിക്കുകയും സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുകയും അടിമത്വത്തിന് കൊടിപിടിക്കുകയും ചെയ്യുന്ന ആ പദം ഒരു സ്ത്രീക്ക് ഉണ്ടായവര്‍ തന്നെ അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് വിരോദാഭാസം അല്ലെ!! ഇത്രയും പറഞ്ഞത്‌, ഫെമിനിസം പോലെ തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദമാണ് chauvinism എന്ന് കാണിക്കാന്‍ .
  ഫെമിനിസത്തെ സ്ത്രീ സ്വാതന്ത്ര്യത്തെ ലിംഗസമത്വത്തെ അംഗീകരിക്കാത്തവര്‍ ഒക്കെ chauvinistകള്‍ ആണ് , എത്ര വലിയ കവിയോ കലാകാരനോ കമ്മ്യുണിസ്റ്റോ എന്തോ ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *