വരവായി, നാടകവണ്ടികള്‍

കാണികളില്ലാതെ കുഴങ്ങുന്ന പരീക്ഷണ നാടകവേദി മറ്റൊരു പരീക്ഷണത്തിനൊരുങ്ങുന്നു. കാണികളെത്തേടി ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍. അവയിലൊരു സംഘം ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍നിന്ന് നാടക യാത്രക്ക് തുടക്കം കുറിക്കുന്നു^ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിനയ നാടകകേന്ദ്രത്തിന്റെ ‘സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍’. മറ്റൊരു നാടക യാത്ര കടലോര ഗ്രാമങ്ങളിലേക്കാണ്. തീരദേശത്തെ പെണ്‍ജീവിതത്തിന്റെ തീച്ചൂട് അരങ്ങിലെത്തിച്ച ‘മല്‍സ്യഗന്ധി’ എന്ന നാടകം യാത്ര പുറപ്പെട്ടു കഴിഞ്ഞു. കാണികളെത്തിരഞ്ഞു പോവുന്ന ഈ നാടകയാത്രകളെക്കുറിച്ച് രേണുരാമനാഥ് എഴുതുന്നു

 

 

കാണികളുടെ അഭാവവമാണ് പലപ്പോഴും പരീക്ഷണ നാടകവേദി നേരിടുന്ന മുഖ്യപ്രതിസന്ധികളിലൊന്നായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. കാഴ്ചക്കാരില്ലാത്ത കലാരൂപത്തിന് സാമ്പത്തിക പിന്തുണ നേടിയെടുക്കലും എളുപ്പമല്ലല്ലോ.

എന്തുകൊണ്ടാണ് കാണികളില്ലാത്തത്? കാണികള്‍ എവിടെപ്പോവുന്നു? ഇതിനുകാരണക്കാര്‍ ദൃശ്യമാധ്യമങ്ങളാണോ? സിനിമയാണോ? അതോ കമേഴ്സ്യല്‍ നാടകവേദിയാണോ, തുടങ്ങിയ ചര്‍ച്ചകള്‍ എമ്പാടും നടക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് 2010ല്‍ തിരുവനന്തപുരത്തെ ‘അഭിനയ നാടകകേന്ദ്രം’ നാടകത്തെ എന്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ എത്തിച്ചു കൂടാ എന്ന ചിന്തയുമായി പുതിയൊരു പദ്ധതി നടപ്പിലാക്കാന്‍ തുനിഞ്ഞത്. ഗൌരവകരമായ നാടകപ്രവര്‍ത്തനങ്ങള്‍ പൊതുവേ നഗരകേന്ദ്രീകൃതമാകുന്ന പ്രവണത ഈയടുത്ത കാലത്ത് വര്‍ധിച്ചുവരികയാണല്ലോ. പ്രത്യേകിച്ച് മെട്രോനഗരങ്ങളില്‍. ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്കിലും ചെറിയതോതില്‍ നടക്കുന്നില്ലെന്നല്ല. സാധാരണ ഗതിയില്‍, പൊതുവേ പ്രധാനപ്പെട്ട നാടകസംഘങ്ങള്‍ക്കേ മെട്രോനഗരങ്ങളിലെയോ വിദേശങ്ങളിലെയോ വേദികളില്‍ നാടകമവതരിപ്പിക്കാന്‍ അവസരം കിട്ടാറുളളൂ.

 

 

അഭിനയ സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍
ഈ ചിന്തയില്‍നിന്നാണ് ‘അഭിനയ സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍’ എന്ന ആശയം ഉടലെടുക്കുന്നത്. സാധാരണ ഗതിയില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ തൃശൂരോ നടക്കുന്ന നാടകങ്ങള്‍ കാണാന്‍ പറ്റാത്ത പ്രേക്ഷക സമൂഹത്തിന് മുന്നിലേക്ക് നാടകങ്ങളെ കൊണ്ടുചെന്നെത്തിക്കുകയെന്ന ദൌത്യമാണ് ‘അഭിനയ’ ഏറെറടുത്തത്.
2010ല്‍ ആരംഭിച്ച ഈ സഞ്ചരിക്കുന്ന നാടകോല്‍സവം ഇക്കുറി മൂന്നാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്. സാമ്പത്തികവും സംഘടനാപരവുമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണെങ്കിലും അഭിനയ ഈ വര്‍ഷവും സഞ്ചരിക്കുന്ന നാടകോല്‍സവത്തിനു തയ്യാറെടുക്കുക തന്നെയാണ്.

എം.ജി ജ്യോതിഷ് സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ, സുഖറാം ബൈന്‍ഡര്‍, ടി രഘുത്തമന്‍ സംവിധാനം ചെയ്ത പാലങ്ങള്‍ എന്നീ മൂന്ന് നാടകങ്ങളുമായാണ് 2010ല്‍ ആദ്യത്തെ സഞ്ചരിക്കുന്ന നാടകോല്‍സവം ആരംഭിക്കുന്നത്. തമിഴ് നടന്‍ നാസര്‍ എറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത നാടകോല്‍സവം അവിടന്ന് കൊച്ചി, കോഴിക്കോട്, തൃശൂര്‍, പയ്യന്നൂര്‍, കാസര്‍കോഡ്, കൊല്ലം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്ത് സമാപിച്ചു. മെയ്11 മുതല്‍ ജൂണ്‍ എഴ് വരെയായിരുന്നു പര്യടനം.

2011ല്‍ മാക്ബത്ത്, യൂജിന്‍ അയനസ്കോയുടെ ദി ലെസന്‍, ഭഗവദജ്ജുഗീയം, എന്നീ നാടകങ്ങളാണ് ഏപ്രില്‍ 28 മുതല്‍ മുതല്‍ ജൂണ്‍ ഒമ്പതുവരെ നീണ്ടുനിന്ന നാടക പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പശുപതിയും പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയും ചേര്‍ന്ന് കോഴിക്കോട് വെച്ച് ഉദ്ഘാടനം ചെയ്ത രണ്ടാം നാടകോല്‍സവം എട്ടു കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കട്ടപ്പന, പാലക്കാട്, മൂവാറ്റുപുഴ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ.

അഭിനയയുടെ സ്ഥാപകന്‍ സി. രഘുത്തമന്‍ ചൂണ്ടിക്കാട്ടിയതു പോലെ തിരുവനന്തപുരം ജില്ലയില്‍ 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന അഭിനയയുടെ ഒരു നാടകം തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് അവതരിപ്പിക്കപ്പെടുന്നത് 2010ല്‍ ആയിരുന്നു. ഗ്രീസിലും പാരീസിലുമൊക്കെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും.

 

‘പച്ച’

 

 

ഇന്‍വിസിബിള്‍ സിറ്റീസ് റിഹേഴ്സലിനിടെ

 

 

ശുദ്ധമദ്ദളം

 

കാണുക, ഇന്നു മുതല്‍
മൂന്നാം ‘അഭിനയ സമ്മര്‍ ഫെസ്റ്റിവല്‍’ ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍നിന്ന് ആരംഭിക്കും. ഇക്കുറിയും മൂന്ന് നാടകങ്ങളാണുള്ളത്. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പരിശീലനം നേടിയ യുവ സംവിധാായകന്‍ ഫിറോസ് ഖാന്‍ സംവിധാനം ചെയ്യുന്ന ഇറ്റാലോ കാല്‍വിനോയുടെ നോവലിനെ ആധാരമാക്കിയ ‘ഇന്‍വിസിബിള്‍ സിറ്റീസ്’, പി.ജി സുര്‍ജിത് സംവിധാനം ചെയ്യുന്ന ‘പച്ച’ എന്നീ നാടകങ്ങള്‍ക്കു പുറമേ, ഇക്കൊല്ലം ആദ്യമായി മറ്റൊരു തിയറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് അവരുടെ ഒരു നാടകം കൂടി അഭിനയ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മുതിര്‍ന്ന നാടകപ്രവര്‍ത്തകനായ പി.ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന ‘തിയറ്റര്‍ ഇനീഷ്യേറ്റീവ് കേരള അവതരിപ്പിക്കുന്ന എന്‍.എന്‍ പിളളയുടെ ‘ശുദ്ധമദ്ദളം’ ആണിത്. യുവനാടകപ്രവര്‍ത്തകരായ രാജേഷ് ശര്‍മ്മയും അമല്‍രാജും ചേര്‍ന്നാണ് ‘ശുദ്ധമദ്ദളം’ അവതരിപ്പിക്കുന്നത്.

പ്രദേശിക സംഘാടകരുടെ സഹകരണത്തോടെയാണ് സാധാരണ അഭിനയ ഈ നാടകപര്യടനം സംഘടിപ്പിക്കുന്നത്. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും നിന്ന്, നാട്ടിന്‍പുറങ്ങളിലേക്കുകൂടി തിയറ്ററിന്റെ സന്ദേശമെത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇക്കുറി മാനന്തവാടിയിലും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും തൃശൂര്‍ ജില്ലയില്‍ മാളക്കടുത്ത വടമയെന്ന ഗ്രാമത്തിലും ഒക്കെ ‘അഭിനയ’യുടെ അരങ്ങുകള്‍ ഉയരുന്നത്. മാനന്തവാടിയില്‍നിന്ന് ഏപ്രില്‍ 28നാരംഭിക്കുന്ന നാടകപര്യടനം പേരാമ്പ്ര, പൊന്നാനി, എറണാകുളം, കട്ടപ്പന, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് ഇക്കുറി എത്തിച്ചേരുന്നത്.

വേദികള്‍
മാനന്തവാടി കമ്യൂണിറ്റി ഹാളില്‍ ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് നാടകങ്ങള്‍ അരങ്ങേറും. മെയ് ഒന്നിന് പേരാമ്പ്ര എ.യു.പി സ്കൂള്‍ ഗ്രൌണ്ടില്‍ രണ്ടു നാടകങ്ങളും മെയ് നാല്, അഞ്ച്, ആറ് തീയതികളില്‍ പൊന്നാനിയില്‍ മൂന്ന് നാടകങ്ങളും അരങ്ങേറും.
എറണാകുളം ടൌണ്‍ ഹാളില്‍ മെയ് എട്ട്, ഒമ്പത്, പത്ത് തീയതികളിലും മാളക്കടുത്ത വടമയില്‍ മെയ് 11,12,13 തീയതികളിലും മൂന്ന് നാടകങ്ങള്‍ അവതരിപ്പിക്കും. മെയ് 14,15,16 തീയതികളിലാണ് കട്ടപ്പന ടൌണ്‍ഹാളിലെ നാടകാവതരണം. കൊല്ലം പബ്ലിക് ലൈബ്രറിയില്‍ മെയ് 18,19,20 തീയതികളിലും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ മെയ് 25,26,27 തീയതികളിലും മൂന്ന് നാടകങ്ങള്‍ വീതം അരങ്ങേറും. ദിവസവും വൈകിട്ട് ഏഴുമണിക്കായിരിക്കും അവതരണം.

 

 

‘മല്‍സ്യഗന്ധി’
വളരെ ശ്രദ്ധേയമായൊരു നാടകപര്യടനം ഇതിനിടയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടക്കുന്നുണ്ട്. പ്രശസ്ത നാടകപ്രവര്‍ത്തക സജിത മഠത്തില്‍ എഴുതി സ്വയം അവതരിപ്പിച്ച ഏകാംഗനാടകമാണ് ‘മല്‍സ്യഗന്ധി’. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗില്‍നടന്ന ലോക ഭൌമ ഉച്ചകോടിയില്‍ അവതരിപ്പിക്കാന്‍ രചിച്ചതായിരുന്നു ഈ നാടകം. മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിതകഥ പറയുന്ന ഈ ഏകാംഗാവതരണം പക്ഷേ, യഥാര്‍ത്ഥ മല്‍സ്യ തൊഴിലാളികള്‍ക്കു മുന്നിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സന്നദ്ധ സംഘടനയായ ട്രിവാന്‍ഡ്രം സര്‍വീസ് സൊസൈറ്റി ‘മല്‍സ്യഗന്ധി’യുടെ രംഗാവതരണത്തിന് പിന്തുണ നല്‍കാന്‍ തയ്യാറായത്. ശൈലജ പി. അമ്പു അവതരിപ്പിക്കുന്ന മല്‍സ്യഗന്ധി ഈ മാസം 23ന് അഞ്ചുതെങ്ങിലാണ് ആദ്യമായി അരങ്ങേറിയത്. തുറന്ന വേദിയില്‍ മഴക്കോളിന്റെ മുന്നില്‍ നടത്തിയ ഈ നാടകാവതരണം തികഞ്ഞ ആഘോഷത്തോടെയാണ് മല്‍സ്യത്തൊഴിലാളികളായ പ്രേക്ഷകര്‍ സ്വീകരിച്ചതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഞ്ചുതെങ്ങിനുശേഷം പുതുക്കുറിച്ചിക്കു സമീപമുള്ള മരിയനാട് (എപ്രില്‍ 24), തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഗാന്ധിപാര്‍ക്ക് (ഏപ്രില്‍ 26) ശംഖുമുഖം ബീച്ച് (ഏപ്രില്‍ 28), എന്നിവിടങ്ങളില്‍ അവതരിപ്പിച്ച ശേഷം ഏപ്രില്‍ 29ന് തമിഴ്നാട് അതിര്‍ത്തിക്കു സമീപം തുരൂരിനടുത്തുളള ചിന്ന തുറൈയില്‍ പര്യടനം സമാപിക്കും.
ടി.വി ആര്‍ട് കണ്‍സേണ്‍സിന്റെ സഹകരണത്തോടെയാണ് നാടകപര്യടനം സംഘടിപ്പിക്കുന്നത്.

 

‘മല്‍സ്യഗന്ധി’

 

 

മല്‍സ്യഗന്ധി അവതരണത്തിനുശേഷം ശൈലജ. പി. അമ്പു കാണികള്‍ക്കൊപ്പം

 

 

 

4 thoughts on “വരവായി, നാടകവണ്ടികള്‍

Leave a Reply

Your email address will not be published. Required fields are marked *