നമ്മുടെ പൌരജീവിതവും രാഷ്ട്രീയവും

ജനാധിപത്യത്തെ, അതിന്റെ സാമൂഹിക പദവിയെ, ശരിയായി മനസിലാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതിനാലാണ് ഇന്നും നമുക്ക് പൌരന്റെ രാഷ്ട്രീയം പറയാന്‍ പറ്റാത്തത് എന്ന് തോന്നാറുണ്ട്. ജനാധിപത്യത്തെ ഒരു ഭരണ സമ്പ്രദായം എന്നേ നമ്മള്‍ മനസ്സിലാക്കുന്നുള്ളൂ, അല്ലെങ്കില്‍ അങ്ങനെ ഒരു അകലം ജനാധിപത്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടാക്കുന്നു. ഇത് കേരളത്തിന്റെ കാര്യത്തില്‍ കുറെ കൂടി സങ്കീര്‍ണം ആകുന്നത്, ഏക പാര്‍ട്ടി ഭരണത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം കൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ, മനുഷ്യവംശം അതിന്റെ ഭരണകൂടങ്ങളെ എങ്ങനെ ചരിത്രവും ആയി ചേര്‍ത്തു വായിക്കുന്നു എന്ന് കാണാതെ, ഇപ്പോഴും ‘ബദല്‍ ഇടത് പാര്‍ട്ടി’ക്കു വേണ്ടി വാദിക്കുന്ന വഷളന്‍ ഇടത്ബുദ്ധിജീവികള്‍ നമുക്കുള്ളത്-പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 


 

അസംബന്ധതയുടെ ആഴം യാഥാര്‍ത്ഥ്യത്തെ മനസിലാക്കിത്തരുമെന്നു പറയാറുണ്ട്, ജീവിതത്തിന്റെ അര്‍ഥം തേടി പോയവര്‍ പറഞ്ഞതാണ്. ഇതും, ജീവിതത്തെ പറ്റി ഒരു പൊതു പ്രസ്താവം എന്നല്ലാതെ നമുക്ക് ഒപ്പം കൂടാറില്ല. കാരണം, ജീവിതം അത്രമാത്രം ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് തന്നെ. ഒറ്റക്കും കൂട്ടായും ജീവിതത്തിലേക്ക് പറന്നിറങ്ങുന്ന, ജീവിതത്തെ കൊത്തിയെടുത്ത് പറന്നു പോകുന്ന ഒരു വായുവേഗം ഓരോ നിമിഷവും ഈ ജീവിതത്തെ പൊതിഞ്ഞിരിക്കുന്നു. ഇങ്ങനെ തിരക്കുള്ള ജീവിതത്തില്‍ നമ്മള്‍ നായരായും പുലയനായും മുസ്ലിം ആയും ക്രിസ്ത്യന്‍ ആയും പാര്‍ട്ടിക്കാരനായും നമ്മുടെ സ്വകാര്യജീവിതം കൊണ്ടുനടക്കുന്നു.

കരുണാകരന്‍

‘പൌരന്‍’ എന്ന സോഷ്യല്‍ സ്റാറ്റസ്
പക്ഷെ ഈ ‘തിരക്കുള്ള ജീവിതം’ നമുക്ക് ‘സമ്മാനമായി’ കിട്ടിയതാണ്. നമ്മുടെ തന്നെ ജീവിതം നമുക്ക് വേണ്ടി കണ്ടുപിടിച്ച ആ ജീവിതം ‘പൌരന്‍’ എന്ന നമ്മുടെ സോഷ്യല്‍ സ്റാറ്റസ് ആണ്. നമുക്ക് വേണ്ടതൊക്കെ അവിടെയാണ്. വീടും സ്കൂളും ആശുപത്രിയും പണിയിടവും ഒക്കെ. അങ്ങനെ നമ്മള്‍ നമുക്ക് വേണ്ടി കണ്ടുപിടിച്ച , നിര്‍മിച്ച, കേടു തീര്‍ക്കുന്ന ആ സ്ഥലം നമ്മുടെ തന്നെ കണ്‍മുമ്പില്‍ വെച്ചു അന്യാധീനം ആയതാണ്, ഒരു പക്ഷെ , ലോകത്തിന്റെ തന്നെ രാഷ്ട്രീയ ചിത്രം. നമ്മുടെ തന്നെ പൌരജീവിതത്തെ നിയന്ത്രിക്കാന്‍ നമ്മള്‍ കണ്ടെത്തിയ ഭരണകൂടങ്ങളെ കുറിച്ചു ആലോചിക്കാന്‍ ഇത് അവസരം നല്‍കുന്നു. അതിന്റെ വിപുലമായ ഓര്‍മയാണ്, ഇന്ന് ഒരു പക്ഷെ, രാഷ്ട്രീയ ചിന്തയെ തന്നെ സര്‍ഗാത്മകമാക്കുന്നതും. മറ്റൊരുതരത്തില്‍, പൌരജീവിതത്തിന്റെ രാഷ്ട്രീയം കണ്ടുപിടിക്കല്‍ ആണ് നമ്മുടെ മുമ്പിലുള്ള ഒരു വഴി. അന്യാധീനം ആയതിനെ വീണ്ടെടുക്കാന്‍ അത് വഴി തേടുന്നു.

പൌരജീവിതം എന്നത് ജീവിതം കൊണ്ട് നേടിയതുകൊണ്ടാണ് അതിനിത്ര പൊതു സമ്മതം കിട്ടിയത്. ഒരു പൌരന്‍ ആകുക എളുപ്പമല്ല എന്നായിരുന്നു മനുഷ്യന്‍ ഭരണകൂടവും ആയി നേരിട്ടതിന്റെ ചരിത്രം തന്നെ. എനാല്‍, ഭരണകൂടത്തെ, അതിന്റെ ഹിംസയെ, അതിന്റെ ആവശ്യത്തെ മനസിലാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തെ പൌരജീവിതത്തില്‍ നിന്നും അകറ്റുക എന്നതായിരുന്നു ഭരണകൂടം സ്വയം ഏറ്റെടുത്ത ജോലിയും : പൌരജീവിതവും ഭരണകൂടവും ആയുള്ള ഈ അകലത്തെ, ആ പ്രക്രിയ ഭരണകൂടത്തിനു നല്‍കിയ പദവിയെ, എങ്കില്‍, കണ്ടു പിടിക്കുക എന്ന വേറെ ഒരു ഉത്തരവാദിത്വം അപ്പോള്‍ പൌരന് കൈ വരുന്നു. വാസ്തവത്തില്‍, അതാണ് , അതുമാത്രമാണ് പൌരന്റെ രാഷ്ട്രീയം.

 

ദക്ഷിണാഫ്രിക്കയിലെ പുരാതന ഗുഹാചിത്രം


 

രാഷ്ട്രീയം ചത്തു പോയ ഒരു സ്ഥലം
കേരളത്തെ പറഞ്ഞു കൊണ്ട് ഈ ചര്‍ച്ചയെ മുമ്പോട്ട് കൊണ്ട് പോയി നോക്കു :
കഴിഞ്ഞ അര നൂറ്റാണ്ടായി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍, നമ്മുടെ തന്നെ ഭരണ നിര്‍വഹണത്തിനായി നമ്മള്‍ കണ്ടെത്തിയ ‘ഭരണകൂട’ത്തിന്റെ ‘പദവി’ ഇതാണ് : മലയാളിയുടെ കഴിഞ്ഞ അര നൂറ്റാണ്ടില്‍ അധികം ജീവിക്കുന്ന ഈ മുന്നണി രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ ‘പൊതു സ്ഥാപനങ്ങള്‍’. ആ രാഷ്ട്രീയത്തില്‍ തന്നെ സ്വയം ജീവിതം കണ്ടെത്തിയ നമ്മുടെ ജാതി മത സ്വത്വങ്ങള്‍…രാഷ്ട്രീയം ചത്തു പോയ ഒരു സ്ഥലം എന്ന് നിങ്ങള്‍ നമ്മുടെ ഈ രാഷ്ട്രീയ ജീവിതത്തെ എപ്പോഴെങ്കിലും സങ്കല്‍പ്പി ച്ചു നോക്കിയിട്ടുണ്ടോ?

തീര്‍ച്ചയായും അപ്പോള്‍ നിങ്ങളെ ഈ മുന്നണിയുടെ സകല പൂതങ്ങളും പിടി കൂടും. കെ എം മാണി അങ്ങനെ ഒരു പൂതം ആണ്. കുഞ്ഞാലികുട്ടി അങ്ങനെ ഒരു പൂതം ആണ്, പിണറായി അങ്ങനെ ഒരു പൂതം ആണ്. ചെന്നിത്തല അങ്ങനെ ഒരു പൂതം ആണ്. നമ്മുടെ എല്ലാ തെരുവുകളും ഒരു കൂട്ടഭയത്തിലേക്ക് തെളിച്ചുകൊണ്ടുപോയ ഒരു സ്ഥലം അപ്പോള്‍ നമ്മള്‍ കാണും : അവിടെയാണ് ഇന്ന് ഈ ‘ഭരണകൂട പദവി’ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടികളും പാര്‍ട്ടികളുടെ സ്ഥാപനങ്ങളും ഒക്കെ അവിടെയാണ്. പൌരന്‍ ആകാന്‍ ധീരനല്ലാത്ത ഒരു പാര്‍ട്ടി മെമ്പര്‍ ഈ ഭരണകൂട പദവി വേഗം മനസിലാക്കി തരും. ഞാന്‍ ഒരു സി പി എം കാരന്‍ ആണെന്ന് പറയുന്നത് പാര്‍ട്ടി എന്നെ സംരക്ഷിക്കും എന്നത് കൊണ്ടാണ്.

 

 

മുന്നണി സംവിധാനം
പൌരന്‍ ആകുക എന്നാല്‍ ഒരാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി ആലോചിക്കുന്നു എന്നാണ് ഏറ്റവും ലളിതമായി നമ്മള്‍ മനസിലാക്കുന്നത്. അത് അയാള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭരണനിര്‍വഹണത്തെ പറ്റി ആലോചിക്കുക എന്നുമാണ്. അതില്ലെങ്കില്‍ കഥ മറ്റൊന്നാണ് : നിങ്ങള്‍ നായര്‍ എന്ന് പറയുന്ന പോലെ സ്വാഭാവികമാകുന്ന ഒരു പദവി, സി പി എം കാരന്‍ ആവുന്നതിലും ഉണ്ടെന്നു വരുന്ന മറ്റൊരു പദവി, അങ്ങനെയാണ് നമ്മള്‍ ജീവിക്കുന്നത്. രണ്ടു സ്വത്വങ്ങളും, നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പദവികള്‍ ആണ്. അഥവാ, അത് ഭരണകൂടത്തിന്റെ തന്നെ സ്ഥാപനങ്ങള്‍ ആണ്. പൌരജീവിതത്തിന്റെ അല്ല, വാസ്തവത്തില്‍, ഈ രണ്ടു മുന്നണികളും ഒരുമിച്ച് ഒരു പാര്‍ട്ടിയാണ്. നിങ്ങള്‍ക്ക് വിമതന്‍ ആവാന്‍ പോലും അവസരമില്ലാത്ത ഒരു ‘ഏക പാര്‍ട്ടി സംവിധാനം’ ആണ് ഈ മുന്നണി സംവിധാനം എന്നത് നമ്മള്‍ മനസിലാക്കത്തത് ഇവ ‘ജനാധിപത്യ’ത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ടാണ്.

 

 

പൌര രാഷ്ട്രീയം
ജനാധിപത്യത്തെ, അതിന്റെ സാമൂഹിക പദവിയെ, ശരിയായി മനസിലാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതിനാലാണ് ഇന്നും നമുക്ക് പൌരന്റെ രാഷ്ട്രീയം പറയാന്‍ പറ്റാത്തത് എന്ന് തോന്നാറുണ്ട്. ജനാധിപത്യത്തെ ഒരു ഭരണ സമ്പ്രദായം എന്നേ നമ്മള്‍ മനസ്സിലാക്കുന്നുള്ളൂ, അല്ലെങ്കില്‍ അങ്ങനെ ഒരു അകലം ജനാധിപത്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടാക്കുന്നു. ഇത് കേരളത്തിന്റെ കാര്യത്തില്‍ കുറെ കൂടി സങ്കീര്‍ണം ആകുന്നത്, ഏക പാര്‍ട്ടി ഭരണത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം കൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ, മനുഷ്യവംശം അതിന്റെ ഭരണകൂടങ്ങളെ എങ്ങനെ ചരിത്രവും ആയി ചേര്‍ത്തു വായിക്കുന്നു എന്ന് കാണാതെ, ഇപ്പോഴും ‘ബദല്‍ ഇടത് പാര്‍ട്ടി ‘ക്കു വേണ്ടി വാദിക്കുന്ന വഷളന്‍ ഇടത്ബുദ്ധിജീവികള്‍ നമുക്കുള്ളത്.

ജനാധിപത്യത്തെ ഭരണകൂടം തന്നെയായി കാണുന്ന രാഷ്ട്രീയ പ്രക്രിയയിലേക്ക് നമ്മുടെ തന്നെ പൌര ജീവിതത്തെ കൊണ്ടു പോകുക എന്നതായിരുന്നു നമ്മള്‍ ചെയ്യേണ്ടിയിരുന്നത്. ലോകം തിരയുന്നതും അതാകണം. കേരളത്തിന്റെ കാര്യത്തില്‍, എങ്കില്‍, ഇന്നുള്ള ഭരണകൂടം, അതിന്റെ മുന്നണി സംവിധാനം , അതിനു നമ്മുടെ സമൂഹത്തിലുള്ള പദവി , നമുക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നു. അതിന്റെ ദുഷിപ്പുകളെ ഫലപ്രദമായി നേരിടാന്‍ ആകുമായിരുന്നു.

7 thoughts on “നമ്മുടെ പൌരജീവിതവും രാഷ്ട്രീയവും

 1. നീണ്ട കാലത്തിനുശേഷമാണ് കരുണാകരനെ വായിക്കുന്നത്.
  സന്തോഷമുണ്ട്, അണയാത്ത ആ ധിഷണയുടെ തിളക്കം
  കാണുമ്പോള്‍. സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

 2. പൌരരാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ വിലയിരുത്തുന്ന ഭാഗം ഇത്തിരി കൂടി വിശദീകരിക്കാമായിരുന്നു. മുന്നണി രാഷ്ട്രീയങ്ങള്‍ക്കൊപ്പം മാധ്യമ നിയന്ത്രിതമായ ഒരു സാമൂഹികാവസ്ഥയിലെ ‘കാണികളുടെ’ പങ്ക് കൂടി
  പറയാമായിരുന്നു.

 3. സത്യം പറയട്ടെ, എനിക്ക് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. എന്താണോ പറയാന്‍ ഉദ്ദേശിക്കുന്നത് അത് വായിക്കുന്ന ആളിന് മനസ്സിലാക്കിക്കൊടുക്കുക എന്നതായിരിക്കണം എഴുത്തിന്റെ ദൌത്യം.

 4. മുന്നണി സംവിധാനം
  പൌരന്‍ ആകുക എന്നാല്‍ ഒരാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി ആലോചിക്കുന്നു എന്നാണ് ഏറ്റവും ലളിതമായി നമ്മള്‍ മനസിലാക്കുന്നത്. അത് അയാള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭരണനിര്‍വഹണത്തെ പറ്റി ആലോചിക്കുക എന്നുമാണ്. അതില്ലെങ്കില്‍ കഥ മറ്റൊന്നാണ് : നിങ്ങള്‍ നായര്‍ എന്ന് പറയുന്ന പോലെ സ്വാഭാവികമാകുന്ന ഒരു പദവി, സി പി എം കാരന്‍ ആവുന്നതിലും ഉണ്ടെന്നു വരുന്ന മറ്റൊരു പദവി, അങ്ങനെയാണ് നമ്മള്‍ ജീവിക്കുന്നത്. രണ്ടു സ്വത്വങ്ങളും, നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പദവികള്‍ ആണ്. അഥവാ, അത് ഭരണകൂടത്തിന്റെ തന്നെ സ്ഥാപനങ്ങള്‍ ആണ്. പൌരജീവിതത്തിന്റെ അല്ല, വാസ്തവത്തില്‍, ഈ രണ്ടു മുന്നണികളും ഒരുമിച്ച് ഒരു പാര്‍ട്ടിയാണ്. നിങ്ങള്‍ക്ക് വിമതന്‍ ആവാന്‍ പോലും അവസരമില്ലാത്ത ഒരു ‘ഏക പാര്‍ട്ടി സംവിധാനം’ ആണ് ഈ മുന്നണി സംവിധാനം എന്നത് നമ്മള്‍ മനസിലാക്കത്തത് ഇവ ‘ജനാധിപത്യ’ത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ടാണ്.”

  ..തൊലിപ്പുറം കാണുന്ന ഇടതു ആഭിമുഖ്യം, ഏത് നിമിഷവും ആരുടെയായാലും, ഉള്ള് പൊള്ളയാണെന്ന് കാട്ടിത്തരും..RSSലേക്ക് അവര്‍ പോയി ഇവര്‍ പോയി എന്ന കരച്ചില്‍ അല്ല, RSS വേദി പങ്കിട്ടവരും ആ കൂട്ടത്തില്‍ കൂടുന്നത് ആഘോഷം ആക്കിയവരും എല്ലാം “നമ്മുടെ പ്രിയപ്പെട്ട സാംസ്കാരിക നായകര്‍ “ആണെന്നോ ആയിരുന്നെന്നോ ഉള്ള സൂചന തന്നെ ശുദ്ധ വിവരക്കേടും അരാഷ്ട്രീയതയും ആണ് …

  ചെറിയ ഒരു വട്ടത്തില്‍ ഏതാനും വ്യക്തികള്‍ എന്ത് ചെയ്യുന്നു എന്ത് ചെയ്യാതിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനു പകരം , മുതലാളിത്തത്തിന്റെ രാഷ്ട്രീയ സമ്പദ് ശാസ്ത്രവും ഫാസ്സിസവും തമ്മില്‍ എങ്ങേനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു വെന്ന് ചരിത്ര ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുക എന്നതാവും ഇടത് പക്ഷത്തിന്റെ രീതിക്ക് കൂടുതല്‍ അനുയോജ്യം.

  ബാബറി മസ്ജിദ് പൊളിക്കുന്നതിനെയും അതിന്റെ പേരില്‍ അരങ്ങേറിയ ഫാസ്സിസ്ട് അരാജകതകളെയും പ്രോത്സാഹിപ്പിച്ച അകാദമിക് ചരിത്ര പണ്ഡിതര്‍ കേരളത്തില്‍ പോലും ഉണ്ടായിരുന്നില്ലേ ? നിയോ ലിബറല്‍ സാമ്പത്തിക ക്രമം ഇന്ത്യയില്‍ ഔപചാരികമായി വന്ന 90 കളില്‍ തന്നെ എന്ത് കൊണ്ട് ഫാസ്സിസ്ട് ആശയങ്ങള്‍ക്ക് കൂടുതല്‍ മാന്യതയും സ്വീകാര്യതയും ലഭിച്ചു ? എന്തുകൊണ്ട് രാഷ്ട്രീയ സമ്പദ് ശാസ്ത്ര പരമായ വിമര്‍ശനത്തെ കവച്ചു വെക്കുന്ന ‘സാംസ്കാരികത’യും ‘ദേശീയതയും’ ‘സ്വത്വ’ രാഷ്ട്രീയവും മേല്‍ക്കൈ നേടി ? ഒരു പത്ത് വര്ഷം പിന്നിട്ടപ്പോള്‍, അമേരിക്കയുടെയും നാറ്റോ വിന്റെയും ഇസ്രയേലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ ‘ഭീകരതയ്ക്കെതിരായ ആഗോള’ യുദ്ധം പല ഇടത് പാര്‍ട്ടി നേതൃത്വങ്ങളും എന്ത് കൊണ്ട് തുറന്ന് എതിര്‍ക്കുന്നില്ല ? ബാബറി മസ്ജിദ് – ഗുജറാത്ത് ഹിംസ കള്‍ ക്കും അരാജക ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയവര്‍ക്ക് കേരളത്തില്‍ എങ്കിലും സെക്യുലര്‍/പൊതു വേദികള്‍ കൊടുക്കേണ്ടെന്ന് തീരുമാനിക്കാന്‍ കഴിയുമോ ?

 5. മതേതര മൂല്യങ്ങളോടുള്ള അനുഭാവങ്ങളുടേയും താത്പ്പര്യങ്ങളുടേയും ഒരു ചെറുധാരയുണ്ടെങ്കിലും ജാതിയവും മതപരവുമായ ഒരു അടിത്തറയാണ് കേരളീയ ജീവിതത്തിനുള്ളത്.ഭിന്നജാതി മതങ്ങളിൽ‌പ്പെട്ടവരുടെ കുടുംബ ബന്ധങ്ങളിലൂടെ മാത്രമേ ഈ അടിത്തറയിൽ വിളളലുകളുണ്ടാകൂ. അല്ലാത്തിടത്തോളം ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവം നമ്മുടെ രാഷ്ട്രീയവും പ്രകടിപ്പിക്കും.

  രാഷ്ട്രീയ വത്ക്കരണത്തിന്റേയും ജനാധിപത്യവത്ക്കരണത്തിന്റേയും ദിശയും ഈ ജീവിതദിശയും വിപരീതങ്ങളാണ്. മുന്നിലും പിന്നിലും കുതിരകളെ കെട്ടിയ എതിർദിശകളിലേയ്ക്ക് വലിക്കപ്പെടുന്ന ഒരു വണ്ടിയെ ഓർമ്മിപ്പിക്കും നമ്മുടെ സാമൂഹികാവസ്ഥ.ഒരു അവികസിത ജനാധിപത്യ പരിസരത്തിൽ നിന്ന്ജനാധിപത്യജിവിതരീതികളേയും ജനാധിപത്യ സംസ്കാരത്തേയും കുറിച്ച് പറയുന്നതു പോലും ആളുകൾക്ക് മനസിലാകുന്നില്ല. ജനാധിപത്യം ഒരു രാഷ്ട്രീയ വ്യവസ്ഥ എന്നപോലെ സാമൂഹിക വ്യവസ്ഥയുമാകയാൽ നമ്മുടെ സാമൂഹികജീവിതം, കുടുംബജീവിതം എത്രത്തോളം ജനാധിപത്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്.

  നമ്മുടെ കുടുംബത്തിൽ തീരുമാനങ്ങൾ പൊതുചർച്ചയിലൂടെയാണോ എടുക്കുന്നത്? എതിരഭിപ്രായങ്ങൾ, വിമർശനങ്ങൾ, പ്രതിഷേധങ്ങൾ…ഇവയ്ക്ക് എത്രത്തോളം ഇടമുണ്ട്?പതിനെട്ടുവയസായവർ വോട്ടുചെയ്യാറുണ്ടോ? പുരുഷന്റെയും ധനത്തിന്റേയും അതിലൂടെയുള്ള അധികാരത്തിന്റേയും കോയ്മ എത്രത്തോളം?സ്ത്രീകളും കുട്ടികളും കയ്യേറ്റംചെയ്യപ്പെടുന്നുണ്ടോ?… ഇനി സാംസ്കാരിക ജനാധിപത്യത്തിന്റെ കാര്യം തിരഞ്ഞാൽ ഒരു ജയിലറതുറക്കുന്നതുപോലെയാണ്…വിശദീകരിക്കുന്നില്ല.

  ഒരവികസിത ജനാധിപത്യത്തിനുള്ളിൽ ഒരാധുനിക പൌരസമൂഹത്തെ നാം ഭാവനചെയുകയാണ്, യഥാർത്ഥത്തിൽ അത് പൌര, അപൌര , അർദ്ധപൊരരായ ജനവിഭാഗങ്ങളുടെ ഒരു ഗണമാണ്.ഇതിന്റെ ആന്തരിക ബന്ധം സംഘർഷാത്മകവും സങ്കീർൺനവുമായിരിക്കയാൽ ഒരു പൊതു സ്വഭാവം ഉണ്ടാവുക എളുപ്പമല്ല. കേരളീയ സമൂഹം എന്നുപറയുന്നതും കേരളീയപൌരസമൂഹം എന്നുപറയുന്നതും വ്യത്യസ്തമാണ്.ഒരു പൌരയിലേയ്ക്കുള്ള പടവുകൾ മലയാളിസ്ത്രീ കയറിതുടങ്ങിയിട്ടേയുള്ളൂ. ലോക ചരിത്രവുമങ്ങനെയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പ് 1944 ൽ ആണ് ഫ്രാൻസിൽ സ്ത്രീകൽക്ക് വോട്ടവകാശം തന്നെ ലഭിച്ചത്.
  ഗൾഫിലെ പ്രവാസികളെ സംബന്ധിച്ച് ദേശത്തും വിദേശത്തുമായി പൊരത്വത്തിന്റെ കാര്യത്തിൽ ഇരട്ട നിഷേധത്തിന്റെ ഇരകളാണ്.

Leave a Reply

Your email address will not be published. Required fields are marked *