ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത്

പ്രേക്ഷകര്‍ മാറുകയും, താരങ്ങള്‍ പോലും അക്കാര്യം തിരിച്ചറിയുകയും ചെയ്തിട്ടും സിനിമാ വിപണിയെ താങ്ങി നിര്‍ത്തുന്ന ഇത്തരം സംവിധാനങ്ങള്‍ സൂപ്പര്‍താരവ്യവസ്ഥയില്‍ ആണിയടിച്ചു കിടക്കുകയാണ്. പ്രേക്ഷകരുടെ സ്വീകാര്യതയല്ല, ഇത്തരം ബാഹ്യ ഘടകങ്ങളാണ് ഇന്നും സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകം. അതുകൊണ്ടാണ് ഒറ്റയാളുകളും കാണാത്ത താരസിനിമകള്‍ ബ്ലോക്കബസ്റ്ററുകളെന്ന ലേബലില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകരെ ബന്ദിയാക്കി വെച്ച് ചാനലുകള്‍ നല്‍കുന്ന പണം മാത്രം വരവുവെച്ച് ഏതുപൊട്ടപ്പടവും സാമ്പത്തിക ലാഭം കൈവരിക്കുന്നത്. അതിനാല്‍, ഇത്തരം ചര്‍ച്ചകളുടെ ഫോക്കല്‍ മുനകള്‍ ഇനിയെങ്കിലും ചാനല്‍ റേറ്റിങില്‍ ചെന്നു നില്‍ക്കേണ്ടതുണ്ട്. സൂപ്പര്‍ താരവ്യവസ്ഥ അസാധുവാക്കുന്ന, പുതുമുറ സിനിമകളുടെ സൂര്യന്‍ ഉദിക്കണമെങ്കില്‍ ആദ്യം ചാനല്‍ തമ്പുരാക്കന്‍മാരുടെ മനോനില മാറേണ്ടതുണ്ട്- അശോകന്റെ വിലയിരുത്തല്‍

 


 

ഇതാ, സൂപ്പര്‍ സ്റ്റാറുകളുടെ കാലം കഴിയുന്നു! ഓണ്‍ലൈനിലും പുറത്തുമുള്ള പ്രസിദ്ധീകരണങ്ങളില്‍ കുറച്ചു കാലമായി പതിവാണ് ഈ വായ്ത്താരി.പോയ വര്‍ഷം വിജയംകണ്ട ഏതാനും താരരഹിത സിനിമകളുടെയും 2012 ന്റെ ആദ്യ നാല് മാസം പിന്നിട്ടപ്പോഴത്തെ ചില കണക്കുകളും നിരത്തിയാണ് ഈ പറച്ചില്‍. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ദു:സ്വാധീനം തുടരുന്ന സൂപ്പര്‍സ്റാര്‍ വ്യവസ്ഥ തവിടുപൊടിയാവുമെന്ന പ്രവചനങ്ങള്‍ക്ക് അപാരമായ സ്വീകാര്യത ലഭിക്കാറുമുണ്ട്. സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ ഇത് വളരെ പ്രകടമാണ്. ജീര്‍ണതയില്‍ മുങ്ങി നില്‍ക്കുന്ന മലയാള സിനിമ രക്ഷപ്പെടണമെന്ന ആഗ്രഹം ലൈക്കുകളായും കമന്റുകളായും കരകവിയുകയാണ്. ഇത്തരം പറച്ചിലുകള്‍ മുഖവിലക്കെടുത്ത് സിനിമാ നിരീക്ഷകരായി ചമയുന്ന ഏതാനും പേര്‍ പ്രമുഖ മാധ്യമങ്ങളുടെ പൂമുഖത്ത് നിരന്നിരുന്ന് പുത്തന്‍ മലയാള സിനിമയുടെ പിറവി ഉദ്ഘോഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, മലയാള സിനിമ ചെന്നുപെട്ടിട്ടുള്ള സവിശേഷമെന്ന് പറയാവുന്ന ചക്രവ്യൂഹ കുരുക്കിനെ കാണാതെയാണ് ഇക്കൂട്ടരുടെ കവടി നിരത്തലും ചാര്‍ത്ത്കുറിക്കലും. കുറെയേറെ പുതുമുഖങ്ങള്‍ സംവിധാന നിര്‍മാണ അഭിനയസാങ്കേതിക മേഖലകളില്‍ സാന്നിധ്യമറിയിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, മലയാള സിനിമയിലെ താരസ്വാധീനം അവസാനിച്ചെന്ന് ഇതിനര്‍ഥമില്ല. സൂപ്പര്‍ താരവ്യവസ്ഥ അതേ പടി നിലനില്‍ക്കുന്നു. താര സിനിമകള്‍ കുറഞ്ഞിട്ടില്ല. പതിവ് പ്രമേയങ്ങളില്‍ ചുറ്റിത്തിരിയുന്ന താരസിനിമകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. പ്രഗല്‍ഭരും പ്രശസ്തരുമായ സംംവിധായകരും നിര്‍മാതാക്കള്‍ മാത്രമല്ല സിനിമയിലേക്ക് ആദ്യ ചുവടുവയ്ക്കുന്ന നിര്‍മാതാക്കളും സംവിധായകരും പോലും ഇപ്പോഴും പതിവ് മാതൃകയില്‍ താരങ്ങളുടെ കോള്‍ഷീറ്റിനായി കാത്തുകെട്ടിക്കിടക്കുന്നു. ഇതിനെല്ലാം പുറമെ മലയാള സിനിമയുടെ പോറ്റമ്മ സ്ഥാനം വഹിക്കുന്ന ടെലിവിഷന്‍ ചാനലുകളില്‍ താരസിനിമയുടെ ചാനല്‍ റേറ്റിങ് അനുദിനം ലക്ഷങ്ങള്‍ വച്ച് മേലോട്ടുയരുന്നു. പുതുമുറക്കാര്‍ തലകുത്തി മറിഞ്ഞിട്ടും ചാനല്‍ റേറ്റിങ്ങ് നെല്ലിട പോലും ഉയരുന്നില്ല. കാര്യങ്ങളിപ്പോഴും താരവ്യവസ്ഥയെന്ന അച്ചുതണ്ടില്‍ തിരിയുന്നു എന്നു സാരം.

തീര്‍ച്ചയായും, സാമ്പത്തികം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. താരാരാധകര്‍ നല്‍കുന്ന മിനിമം ഗ്യാരണ്ടി വിജയം എന്ന ഉറപ്പല്ല, ചാനല്‍ റേറ്റുകള്‍ വഴിയും മറ്റും വരുന്ന പ്രാരംഭ വരുമാനങ്ങളാണ് ഈ അവസ്ഥയെ നിലനിര്‍ത്തുന്നത്. പ്രേക്ഷകര്‍ മാറുകയും, താരങ്ങള്‍ പോലും അക്കാര്യം തിരിച്ചറിയുകയും ചെയ്തിട്ടും സിനിമാ വിപണിയെ താങ്ങി നിര്‍ത്തുന്ന ഇത്തരം സംവിധാനങ്ങള്‍ സൂപ്പര്‍താരവ്യവസ്ഥയില്‍ ആണിയടിച്ചു കിടക്കുകയാണ്. പ്രേക്ഷകരുടെ സ്വീകാര്യതയല്ല, ഇത്തരം ബാഹ്യ ഘടകങ്ങളാണ് ഇന്നും സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകം. അതുകൊണ്ടാണ് ഒറ്റയാളുകളും കാണാത്ത താരസിനിമകള്‍ ബ്ലോക്ക ്ബസ്റ്ററുകളെന്ന ലേബലില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകരെ ബന്ദിയാക്കി വെച്ച് ചാനലുകള്‍ നല്‍കുന്ന പണം മാത്രം വരവുവെച്ച് ഏതുപൊട്ടപ്പടവും സാമ്പത്തിക ലാഭം കൈവരിക്കുന്നത്. അതിനാല്‍, ഇത്തരം ചര്‍ച്ചകളുടെ ഫോക്കല്‍ മുനകള്‍ ഇനിയെങ്കിലും ചാനല്‍ റേറ്റിങില്‍ ചെന്നു നില്‍ക്കേണ്ടതുണ്ട്. സൂപ്പര്‍ താരവ്യവസ്ഥ അസാധുവാക്കുന്ന, പുതുമുറ സിനിമകളുടെ സൂര്യന്‍ ഉദിക്കണമെങ്കില്‍ ആദ്യം ചാനല്‍ തമ്പുരാക്കന്‍മാരുടെ മനോനില മാറേണ്ടതുണ്ട്. ചാനല്‍ റേറ്റിങ് നിര്‍ണയിക്കുന്ന ഘടകങ്ങള്‍ മാറേണ്ടതുണ്ട്. അവയുടെ അദൃശ്യമായ സ്വാധീനത്തെ മാറ്റുന്ന വിധത്തില്‍ ചര്‍ച്ചകള്‍ കൂടുതല്‍ വ്യക്തത കൈവരിക്കേണ്ടതുണ്ട്.

 

 

കോള്‍ ഷീറ്റ് വ്രതം
പോയ വര്‍ഷവും 2012 ആദ്യ നാല് മാസവും പുറത്തിറങ്ങിയ മലയാള സിനിമയുടെ വിവരങ്ങള്‍ ഒന്ന് പരിശോധിച്ച ശേഷം കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാം. 2011 ല്‍ തിയറ്ററിലെത്തിയ 87 ചിത്രങ്ങളില്‍ സാമ്പത്തിക വിജയം നേടിയത് 18 സിനിമകള്‍. കലാമേന്മയുണ്ടായിട്ടും സാമ്പത്തിക വിജയം കൈവരിക്കാനാകാതെ പോയവ അഞ്ചോളം. ആ 87 ല്‍ ആറെണ്ണം സൂപ്പര്‍സ്റാര്‍ മമ്മൂട്ടിയും അഞ്ചെണ്ണം മോഹന്‍ലാലും അഭിനയിച്ചപ്പോള്‍ മൂന്ന് വീതം ദിലീപും ജയറാമും അഞ്ചില്‍ പൃഥ്വിരാജും നായകരായി. ബാക്കി എഴുപതോളം സിനിമകളിലെ നായക വേഷം കെട്ടിയത് കലാഭവന്‍ മണി മുതല്‍ ജഗദീഷ്, ജഗതി, ശ്രീനിവാസന്‍, സിദ്ധാര്‍ഥ്, ഉണ്ണിമുകുന്ദന്‍, ആസിഫലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, രാഹുല്‍ മാധവന്‍, അനൂപ് മേനോന്‍, വിനു മോഹന്‍, ഫഹദ്, ജയസൂര്യ മുതല്‍ ദുല്‍ക്കര്‍ സല്‍മാന്‍ വരെ ഇരുപതോളം പേരും.

മോഹന്‍ലാല്‍ വേഷമിട്ട ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’, ‘ചൈനാ ടൌെണ്‍’ (അതും മള്‍ട്ടിസ്റാര്‍ ചിത്രമെന്നാണ് വയ്പ്) എന്നിവ വിജയം കണ്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അറബിയും ഒട്ടകവും’ പോലുള്ള മള്‍ട്ടി ക്രോര്‍ ചിത്രങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു. മമ്മൂട്ടി സിനിമകളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ‘ഡബിള്‍സും’ ജയരാജിന്റെ ‘ദ ട്രയിനും’ ‘ബോംബെ മാര്‍ച്ച് 12’ ഉം ‘ആഗസ്റ് 15’ മൊക്കെ നിലം തൊടാതെ പോയി. ജയറാമിന്റെ ‘മേക്കപ്മാന്‍’ ആശ്വാസവിജയം നേടി. ദിലീപിന്റെ ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ തലകുത്തിവീണു. പൃഥ്വിരാജ് തന്നെ നിര്‍മിച്ച രഞ്ജിത് ചിത്രം ‘ഇന്ത്യന്‍ റുപ്പിയും’ ‘ഉറുമിയും’ വിജയം കണ്ടു. ഇതിനിടയിലാണ് താരങ്ങളില്ലാത്ത ‘ട്രാഫിക്കും’ ‘സാള്‍ട്ട് ആന്റ് പെപ്പറും’ ‘ചാപ്പാക്കുരിശും’ ചരിത്രമെഴുതിയത്.

പരാജയങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ലാലും മമ്മൂട്ടിയും ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളോപ്പുകള്‍ കണ്ട വര്‍ഷം കടന്ന് പോയപ്പോള്‍ വിജയംകണ്ട പുതുമുറ ചിത്രങ്ങളെ നോക്കിയാണ് സിനിമാ നിരീക്ഷകരുടെ ആദ്യ വെളിപാടുണ്ടായത്. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം?

2012 നാലാം മാസം പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ മൂന്ന് വമ്പന്‍ സിനിമകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു എന്നത് കാണാതെ പോകരുത്. ‘ശിക്കാരി’, ‘കോബ്ര’, ‘കിങ് ആന്റ് കമ്മീഷണര്‍’ എന്നീ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയിട്ടും ‘താപ്പാന’, ‘ജവാന്‍ ഓഫ് വെള്ളിമല’ എന്നീ പുതിയ പ്രോജക്ടുകളുമായി മമ്മൂട്ടിയുടെ ഡേറ്റും കാത്ത് നില്‍ക്കുകയാണ് മലയാള സിനിമ. ‘കാസനോവ’യിലെ കോപ്രായത്തിന് പ്രേക്ഷകര്‍ മറുപടി നല്‍കിയിട്ടും രഞ്ജിത്തിന്റെ ‘സ്പിരിറ്റും’ ജോഷിയുടെ ‘റണ്‍ ബേബി റണ്ണും’ ബി ഉണ്ണികൃഷ്ണന്റെ ‘ഗ്രാന്റ് മാസ്ററും’ മോഹന്‍ലാലിന് തന്നെ. ‘പകര്‍ന്നാട്ടം’, ‘ഞാനും എന്റെ ഫാമിലിയും’ പോലുള്ള ഗോഷ്ടികള്‍ക്ക് ശേഷവും ‘തിരുവമ്പാടി തമ്പാനിലൂടെ’ ജയറാം വരുന്നു. പൃഥ്വിരാജിലൂടെ ഭാഗ്യം പരീക്ഷിക്കാന്‍ ഷാജി കൈലാസ് ധൈര്യം കാണിക്കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ നാല് മാസം പുറത്തിറങ്ങിയ 36 സിനിമകളില്‍ നാലെണ്ണം മാത്രമാണ് വിജയിച്ചത്. അതില്‍ ദിലീപിന്റെ ‘മായാമോഹിനി’ കഴിച്ചാല്‍ മറ്റ് മൂന്നും രണ്ടാംനിരക്കാരുടെയോ മുന്നാം നിരക്കാരുടെയോ സിനിമകളാണ് (സെക്കന്റ് ഷോ, ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം). എന്നിട്ടും കോള്‍ഷീറ്റുകള്‍ കാത്തുകിടക്കുന്നത് താരങ്ങളുടെ വീട്ടുപടിക്കല്‍. മാന്യ പ്രേക്ഷകരേ എവിടെയാണ് താരാധിപത്യം കടപുഴകിയത്?

 

 

ചാനല്‍പ്പുരകളിലെ താരബാധ
ഇനി മലയാള സിനിമയെ വിടാതെ പിന്തുടുന്ന ഈ താരബാധയുടെ കാരണമന്വേഷിക്കാം. പുതുമുറ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സൂപ്പര്‍താര സിനിമകളോടുള്ള വിരക്തിയും നീരസവും, ജനബന്ധമോ അവരുടെ അഭിരുചിയോ തിരിച്ചറിയാത്ത, സിനിമയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗത്തിനില്ല എന്നതു തന്നെ പ്രധാന കാരണം. അതറിയണമെങ്കില്‍ താരസിനിമകള്‍ ചിത്രീകരിക്കുന്ന സെറ്റുകള്‍ വഴി ഒന്നു നടന്നാല്‍ മതി. സിനിമയില്‍ സ്ഥിര പ്രതിഷ്ഠ നേടിയവര്‍ മുതല്‍ സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ വരെയുള്ള നിര്‍മാതാക്കളും സംവിധായകരും രചയിതാക്കളുമെല്ലാം ചാളത്തലക്ക് പൂച്ച ഇരിക്കുന്നതു പോലെ ആ സെറ്റുകളില്‍ ചുറ്റിത്തിരിയുന്നത് കാണാം.

ഒരു ഷെഡ്യൂളിലേക്കെങ്കിലും താരങ്ങളുടെ കോള്‍ഷീറ്റ് സംഘടിപ്പിക്കലാണ് ലക്ഷ്യം. അതിനവര്‍ സകല അഭ്യാസവും പയറ്റും. തീയറ്ററിലെത്തുന്ന സിനിമകളെല്ലാം ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിത്തകര്‍ന്നിട്ടും താരങ്ങള്‍ക്ക് ഇത്ര ഡിമാന്റ് എന്താണെന്നാവും ഇതു വായിക്കുന്നവര്‍ ചിന്തിക്കുക. പറയാം. അവിടെയാണ് പുതിയ സിനിമാ നിരീക്ഷക പടുക്കള്‍ കാണാത്തതോ കാണാതെ പോകുന്നതോ ആയ ഗുട്ടന്‍സ് കിടക്കുന്നത്. അതാണ്, ചാനല്‍ റൈറ്റ്. അഥവാ ചാനല്‍ റേറ്റിങ്ങിന്റെ വില. താരപ്പൊലിമയില്ലാത്തവര്‍ അഭിനയിച്ചതോ സംവിധാനം ചെയ്തതോ ആയ സിനിമ തുടര്‍ച്ചയായി 365 ദിവസം തിയറ്ററിലോടിയാലും, തിയറ്ററിന്റെ ഉമ്മറത്ത് ആദ്യദിനം തലതല്ലിവീണ താര സിനിമക്ക് ചാനലുകള്‍ നല്‍കുന്ന വരവേല്‍പ്പ് കിട്ടില്ല. മമ്മൂട്ടിക്ക് ഇത്ര, മോഹന്‍ലാലിനിത്ര, സത്യന്‍ അന്തിക്കാടിനും സിബി മലയിലിനും ഇത്ര എന്നെല്ലാം ചാനല്‍ തമ്പുരാക്കള്‍ വിലയിട്ടിട്ടുണ്ട്.

കെ.ടി.എഫ് എന്ന് ചുരുക്കപ്പേരുള്ള കേരള ടെലിവിഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ താരസിനിമക്കായി തലക്കിടിക്കുകയും കെ.ടി.എഫില്‍ വിനോദ വ്യവസായികളുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുമ്പോള്‍ താരങ്ങളെ ചൊറിഞ്ഞ് അഷ്ടി കഴിയുന്നവര്‍ മറിച്ചൊന്ന് തീരുമാനിക്കുമെന്ന് കരുതാനും വയ്യ. തീയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള സിനിമാ വിജയം (സാമ്പത്തികം) പ്രഹേളികയായി കഴിഞ്ഞ സ്ഥിതിക്ക് കെ.ടിഴഎഫ് അടിക്കുന്ന വഴിയെ സിനിമാലോകം നടക്കുന്നതില്‍ അസ്വാഭാവികതയും കാണാനാവില്ല.

 

 

ഗതികേടിന്റെ കണക്കുകള്‍
സിനിമകളുടെ സംപ്രേക്ഷണം മുന്‍നിറുത്തിയുള്ള ചാനല്‍ മത്സരം കൊടുമ്പിരിക്കൊണ്ടത് പോയ ദശാബ്ദത്തിന്റെ രണ്ടാം പകുതിയിലാണ്. ആറ് മലയാളം ചാനലുകളിലായി പ്രതിദിനം പത്തോളം സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഓണം,വിഷു, പെരുന്നാളുകള്‍, ഈസ്റര്‍, ക്രിസ്തുമസ്, പൂജ, നവവത്സരം തുടങ്ങി വാലന്‍ന്റൈന്‍സ് ഡേ വരെയുള്ള ആഘോഷകാലത്ത് പുതിയ സിനിമകള്‍ നിര്‍ബന്ധം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ജയറാം എന്നിവരുടെ സിനിമകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ചാനല്‍ മൂല്യം. ഇവരുടെ ചിത്രങ്ങള്‍ തിയറ്ററിലെത്തുന്നതിന് മുമ്പെ ചാനലുകള്‍ വിലപേശി സ്വന്തമാക്കുന്നു. സിനിമ പൊട്ടിയാലും വിജയിച്ചാലും സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് 1.50 2 കോടിയില്‍ കുറച്ച് കച്ചവടമില്ല. സെന്‍ട്രല്‍ പിക്ചേഴ്സുമായുണ്ടായ ക്രിസ്ത്യബ്രദേഴ്സിന്റെ ചാനല്‍ അവകാശ തര്‍ക്കം ഇവിടെ ഓര്‍ക്കുക. പൃഥ്വിരാജ്, സുരേഷ്ഗോപി എന്നിങ്ങനെ ചാനലിലെ രണ്ടാംനിരക്കാര്‍ക്ക് 7580 ലക്ഷം വരെയായിരുന്നു വില. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ജോഷി, സിദ്ദിഖ്, ലാല്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് താരപ്രഭ പരിഗണിക്കാതെ വിലയുയരും.

2. 60 കോടിക്ക് വിറ്റ മമ്മൂട്ടിയുടെ പഴശിരാജ 2. 25 കോടിക്ക് വിറ്റ ട്വന്റി20 എന്നിവയായിരുന്നു ഇതുവരെ മുന്നില്‍. അറബിയും ഒട്ടകവും വിറ്റത് മൂന്നര കോടിക്കാണ്. എട്ട് കോടിയോളമായിരുന്നു പഴശിരാജയുടെ നിര്‍മാണ ചെലവ്. പോയവര്‍ഷമിറങ്ങിയതില്‍ ഏഴുകോടി ചെലവായ പോക്കിരിരാജ ചാനലില്‍ നിന്ന് 2 കോടി നേടി. ഏറ്റവുമൊടുവില്‍ തീയറ്ററില്‍ തോറ്റ പൃഥ്വിരാജിന്റെ ത്രില്ലര്‍ 1.45 കോടിക്ക് ചാനല്‍ വില്‍പ്പനയുറപ്പിച്ചു. ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട്, കോക്ക്ടെയ്ല്‍ എന്നിവയുടെ വിലയും ഒരുകോടി കടന്നു. ഒന്നോ ഒന്നരയോ കോടി ചെലവായ ചെറു സിനിമകളും ഉത്സവകാലത്ത് പണംവാരുന്നു. ആദ്യദിനം തന്നെ തിയറ്റര്‍ വിട്ടോടിയ സിനിമയും ‘ബ്ളോക് ബസ്റര്‍’ ലേബലില്‍ വില്‍ക്കുന്നതാണ് ചാനല്‍ തന്ത്രം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോള്‍ സിനിമാ നിരീക്ഷകര്‍ പറഞ്ഞുവക്കുന്ന പുത്തന്‍ സിനിമയും താരോദയവും എവിടെ? പൊട്ടിത്തകര്‍ന്നാലും താരങ്ങളെ ഉള്‍പ്പെടുത്തി സിനിമയെടുക്കാന്‍ നിര്‍മാതാക്കളും നവാഗതര്‍ പോലും ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്. സിനിമയുടെ കാസ്റിങ് തീരുമ്പോള്‍ തന്നെ ചാനലുകാരുടെവക പണം കൊണ്ട് മുതല്‍മുടക്കും ഒരുപക്ഷേ ലാഭത്തോളവും കൈയില്‍ വരുമെങ്കില്‍ താരാധിപത്യം അവസാനിച്ചിട്ടെന്തിന്. ഇതൊന്നും കിട്ടാത്തവര്‍ ആ പോരായ്മകള്‍ നികത്തി മികവോടെ സിനിമയെടുക്കുന്നത് നമുക്ക് ആസ്വദിച്ച് കാണാം. അല്ലാതെ അത് പുത്തന്‍ സിനിമയുടെ വരവായി വിളിച്ചുപറഞ്ഞ് ആളെ പറ്റിക്കുന്നതില്‍ അര്‍ഥമില്ല.

3 thoughts on “ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത്

  1. അശോകന്‍, ഇത് വെറും ഒരു ഊരാക്കുടുക്ക്‌ മാത്രമല്ല. ചാനലിനും അപ്പുറത്തേക്ക് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ പണം കൊടുത്ത് കണ്ടാലേ സിനിമ വിജയിക്കൂ. എന്നാല്‍ ടി വി കാണാന്‍ ആരെങ്കിലും പണം കൊടുക്കുന്നുണ്ടോ? അപ്പോള്‍ ടി വി ക്ക് ഈ അപ്രമാദിത്വം നല്‍കുന്നത് പരസ്യ വരുമാനം തന്നെയല്ലേ? പരസ്യങ്ങള്‍ ആര്‍ക്കു വേണ്ടി? ആരെ ലക്‌ഷ്യം വെച്ചു? നമ്മളെ തന്നെ! ഒരു ഇടതു ലൈനില്‍ പറയുകയല്ലെങ്കിലും, ഉത്പന്ന കുത്തകകളാണ് നമ്മുടെയൊക്കെ ആസ്വാദനശേഷി തീരുമാനിക്കുന്നത്, അല്ലെങ്കില്‍ അസ്വാദനപരിധി തീരുമാനിക്കുന്നത്.

  2. kanukukal ariyilenkil parayurathu. pakshe super starukalum nalla padagalil act cheyunnile. pranayam athinu oru udahahranam alle. palerimanikyvum, pranchiyettan enniva nalla pareekshanagal alle. super starukal nalla cinemayil act cheythal athum parayanam. kuttam matram parayanel enthanu artham. avare kuttam paranale lekhanan nannavu ennu dharana undo. avarum nalla padagalil vararuddu. chappakuriz economicaly hit ayiryno oru samsayam athre ullu. janagal veddanu vekkuna edam vare avar act cheyyatte.

Leave a Reply

Your email address will not be published. Required fields are marked *