Manglish കൊണ്ട് മരിക്കില്ല, മലയാളം

ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല. അക്ഷരങ്ങള്‍ കാണുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്നത് വെറും കുത്തിവരകള്‍ മാത്രമാണ്. അതിനു ജീവനില്ല. നാം വായിക്കുമ്പോള്‍ ആ അക്ഷരങ്ങളില്‍ ജീവന്‍ ദര്‍ശിക്കുന്നു. ഒരാള്‍ റോമന്‍ ലിപിയില്‍ മലയാളം എഴുതിയാലും ആ എഴുത്തിന്റെ സത്ത നാം സ്വാംശീകരിക്കുന്നുണ്ട്. രണ്ടു പേര്‍ റോമന്‍ ലിപിയില്‍ പരസ്പരം മലയാളം എസ്.എം.എസ്. അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. അത് പഴയ പടി തന്നെ ജീവസ്സുറ്റതാണ്- നാലാമിടം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ദീപ ഷാജിയുടെ, ‘ബ്യാരി പോലാവുമോ മലയാളം?’ എന്ന വിശകലനത്തിന് ഒരു മറുകുറിപ്പ്. മുഹമ്മദ് കുട്ടി എഴുതുന്നു

 

 

തെരുവിലിറങ്ങിയാല്‍ വഴി തെറ്റിപ്പോവുമോ എന്ന് ഭയന്ന് തന്‍റെ കുഞ്ഞിനെ വീട്ടു തടങ്കലിലാക്കാന്‍ മനസ്സ് വെമ്പുന്ന ഒരമ്മയെ പോലെയാണ് ഞാന്‍ കണ്ട മലയാള ഭാഷാ പ്രേമികള്‍. മലയാളത്തെ റോമന്‍ ലിപിയില്‍ എഴുതുന്നതും മലയാളം സംസാരിക്കുന്നതിനിടക്ക് ആംഗലേയ പദങ്ങള്‍ കടന്നു വരുന്നതും മലയാള ഭാഷയുടെ മരണത്തിലേക്ക് നയിക്കും എന്നവര്‍ ഭയപ്പെടുന്നു. ഭാഷയെ വെറും ലിപികളില്‍ ചുരുട്ടിക്കൂട്ടുകയും അതിന്‍റെ മറ്റു വശങ്ങള്‍ ഓര്‍ക്കാതെയിരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം ഒരു ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നത്. ഭാഷയുടെ ജീവന്‍ ആ ജനതയുടെ സംസ്കാരത്തിലും ശൈലികളിലും മറ്റു സംസ്കാരങ്ങളുമായുള്ള ഇടപഴകലുകളിലും പുറത്തു ചാടുന്ന ഒന്നാണ് എന്നാണു എന്റെ അനുഭവം.

മുഹമ്മദ് കുട്ടി

മലയാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളത്തിനു പുറത്തുള്ളവരുടെ മനസ്സില്‍ എന്ത് തരം ചിത്രമാണ് രൂപപ്പെടുന്നത് എന്നതാണ് നമ്മുടെ പാരമ്പര്യവും സംസ്ക്കാരവും എത്രത്തോളം മൂല്യവത്താണ് എന്ന് കാണിക്കുന്നത്. തമിഴന്‍ എന്നോ, ഇംഗ്ലീഷുകാരന്‍ എന്നോ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ഭാഷയും ആ ആളുകളും അവരുടെ പെരുമാറ്റ രീതിയും എല്ലാമാണ് ഓടിയെത്തുക അവരുടെ ലിപിയല്ല. തമിഴരുമായും ഇംഗ്ലീഷുകാരുമായും ഇടപഴകിയിട്ടുള്ള ഒരാള്‍ ആ രണ്ടു കൂട്ടരെയും ഏതു രീതിയിലാണോ കാണുന്നത് അത് അവരുടെ സംസ്കാരപാരമ്പര്യങ്ങളുടെ പ്രതിഫലനമാണ്. അവര്‍ ഉപയോഗിക്കുന്ന ലിപി അവരുടെ ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. ഭാഷ പ്രതിനിധാനം ചെയ്യുന്നത് ഒരു സംസ്കാരത്തെയാണ്. ഭാഷ മരിക്കുക എന്നാല്‍ സംസ്ക്കാരം മരിക്കുക എന്നാണ്.

ലിപി പ്രശ്നം
മലയാളം സംസ്കൃതത്തില്‍ നിന്നും വന്നതാണെന്ന അറിവിനല്ല പ്രസക്തി, മറിച്ചു അങ്ങനെ ഒരു ഭാഷ ഈ നാട്ടില്‍ രൂപപ്പെട്ടു വന്നു എന്നതിനാണ്. ഒരു പൊതു ഭാഷ രൂപപ്പെടുകയും അങ്ങനെ ഒരു ജനതയുടെ ഉള്ളില്‍ സംസ്ക്കാരത്തിന്റെയും അറിവിന്റെയും മൂല്യങ്ങളുടെയും ഒഴുക്ക് നടക്കുകയും ചെയ്തു എന്നത് വളരെ പ്രധാനമാണ്. ആദ്യത്തെ അറിവിന് പ്രാധാന്യം കൊടുക്കുന്നവര്‍ മലയാളത്തില്‍ സംസ്കൃത ബാഹ്യമായ എല്ലാ ഇടപെടലുകളും ഭാഷാ മലിനീകരണത്തിന് കാരണമാവും എന്ന് ഭയപ്പെടുന്നു. അതൊരു തരം ‘വസ് വാസ്’ ആണെന്ന് ഞാന്‍ പറയും. തമിഴനും ഇംഗ്ലീഷുകാരനും മലയാളിക്കും ഇടയിലുള്ള പൊതുവായ സാംസ്കാരിക വ്യത്യാസങ്ങള്‍ മുഴുവനും ഈ ജനതയുടെ ഭാഷ അവരില്‍ ഉത്പാദിപ്പിച്ചതാണ്.

ഇത് പോലെ ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല. അക്ഷരങ്ങള്‍ കാണുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്നത് വെറും കുത്തിവരകള്‍ മാത്രമാണ്. അതിനു ജീവനില്ല. നാം വായിക്കുമ്പോള്‍ ആ അക്ഷരങ്ങളില്‍ ജീവന്‍ ദര്‍ശിക്കുന്നു. ഒരാള്‍ റോമന്‍ ലിപിയില്‍ മലയാളം എഴുതിയാലും ആ എഴുത്തിന്റെ സത്ത നാം സ്വാംശീകരിക്കുന്നുണ്ട്. രണ്ടു പേര്‍ റോമന്‍ ലിപിയില്‍ പരസ്പരം മലയാളം എസ്.എം.എസ്. അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. അത് പഴയ പടി തന്നെ ജീവസ്സുറ്റതാണ്.

 

 

വാക്കുകളുടെ പ്രശ്നം
മംഗ്ലീഷില്‍ സംസാരിക്കുന്നത് ഒരു തരം പുച്ഛത്തോടെ കാണുന്നവരാണ് ഭാഷാപ്രേമികള്‍. രണ്ടു തരം മനോഭാവങ്ങള്‍ ഇത്തരം മംഗ്ലീഷുകാരില്‍ നമുക്ക് കാണാം. ഒന്ന് പൂര്‍ണമായും മലയാള വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചാല്‍ സ്വയം ഒരു തരം നിലവാരക്കുറവു അനുഭവിക്കുന്ന വിഭാഗം. മറ്റേതു ശരിക്കും മലയാള വാക്കുകളുടെ കുറവ് അനുഭവിക്കുന്നവര്‍.

ഒന്നാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി തന്നെ മംഗ്ലീഷു കാരായിരിക്കും. എന്ന് പറഞ്ഞാല്‍ മലയാള സംസ്കാരത്തോട് പുച്ഛവും ആംഗലേയ സംസ്കാരത്തോട് ആരാധനയും തോന്നുന്ന ഒരു തരം മാനസിക രോഗത്തിന് അടിമപ്പെട്ടവര്‍. അവര്‍ക്ക് ആത്മാഭിമാനം എന്നത് തന്നെക്കാള്‍ ‘ഉയര്‍ന്ന’ വര്‍ഗ്ഗത്തോടുള്ള അടിമത്ത മനോഭാവവും, താന്‍ കൂടെ ഭാഗഭാക്കായ, എന്നാല്‍ അത്ര നിലവാരമില്ലാത്തതെന്നു സ്വയം വിശ്വസിക്കുന്ന സംസ്ക്കാരത്തോടുള്ള പുച്ഛവുമാണ്. ഇവരെ നമുക്ക് വെറുതെ വിടാം.

രണ്ടാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഭാഷയെയും സംസ്ക്കാരത്തെയും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ മറ്റു ഭാഷകളോട് ഒരു വിരോധവും ഇല്ല താനും. കേരള ജനത മൊത്തം ഇത്തരക്കാരായാലും മലയാള ഭാഷയ്ക്ക് അത് ഗുണം അല്ലാതെ എന്തെങ്കിലും ദോഷം ചെയ്യില്ല.

കാരണം ഭാഷ അവരിലൂടെ നിലനില്‍ക്കുന്നതോടൊപ്പം തന്നെ വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. തികച്ചും നാമറിയാതെ കടന്നു കൂടുന്ന അന്യഭാഷാ പദങ്ങള്‍ക്ക് നമ്മുടെ ഭാഷയില്‍ സ്ഥാനമുണ്ട്. കുറച്ചു ഇംഗ്ലീഷ് വാക്കുകളോ അറബി വാക്കുകളോ കയറിക്കൂടിയാല്‍ തകരുന്നതല്ല നമ്മുടെ പാരമ്പര്യത്തിന്‍റെ ഫലമായ നമ്മുടെ ഭാഷ. അന്യ ഭാഷാ പദങ്ങള്‍ മലയാളത്തിന്റെ ഭാഗമായാല്‍ ഭാഷ മലിനമാവും എന്നത് തികച്ചും യാഥാസ്ഥിതികമായ ഒരു മനോഭാവമാണ്. ഭാഷ എത്ര തന്നെ മികച്ചതാണ് എങ്കിലും അത് കൊണ്ട് നടക്കുന്നവര്‍ യാഥാസ്ഥിക മനോഭാവം പുലര്‍ത്തിയാല്‍ ആ ഭാഷ അറു ബോറനാവും, അത് കാലത്തിനൊപ്പം വളരാന്‍ അപര്യാപ്തമാവും. മലയാളത്തില്‍ തന്നെ വാക്കുകള്‍ ഉണ്ടാക്കണം എന്ന് വാശി പിടിച്ചു നമ്മുടെ ഭാഷാ പണ്ഡിതന്മാര്‍ ‘ഡ്രൈവര്‍ക്കും’, ‘സ്വിച്ചി’നും ഒക്കെ കണ്ടു പിടിച്ച വാക്കുകള്‍ കേട്ടാല്‍ ചിരിക്കാത്ത ഏതു മലയാളിയാണുള്ളത്? ആരെങ്കിലും ആ വാക്കുകള്‍ ഉപയോഗിക്കുമോ, അത് കണ്ടു പിടിച്ചവര്‍ എങ്കിലും!

 

 

പുതിയ വാക്കുകള്‍
അതെ പോലെ മുഖ്യധാരാ മലയാള പ്രചാരണ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണ് കേരളത്തില്‍ തന്നെ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന വാക്കുകള്‍. മലബാര്‍ പ്രദേശത്തു പ്രചാരത്തിലിരിക്കുന്ന ഒട്ടനവധി വാക്കുകള്‍ ഇപ്പോഴും മാപ്പിളമാരുടെ മാത്രം മലയാളമായി മുദ്രകുത്തപ്പെട്ടു മാറ്റിനിര്‍ത്തിയിരിക്കുകയാണിവര്‍! ബേജാര്‍, വസ് വാസ്, ഹലാഖ് തുടങ്ങിയ പദങ്ങള്‍ അറബി മൂലത്തില്‍ നിന്നും വരുന്നവയാണ് എങ്കിലും അവ നല്‍കുന്ന അര്‍ത്ഥവ്യാപ്തിക്ക് തുല്യമായ മലയാള പദങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവയോളം ജനകീയമല്ല. അപ്പോള്‍ നാം ആ വാക്കുകള്‍ ഏറ്റെടുത്തേ മതിയാകൂ. അതൊരു സ്വാഭാവിക ഏറ്റെടുക്കലാണ്. അല്ലെങ്കിലുള്ള ഫലം എന്താണ്? മലയാള ഭാഷയുടെ വികാസം എന്ന ഒന്ന് നടക്കാതെ പോകുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തോട് നമ്മുടെ നാട്ടിലെ പല സാഹിത്യസാമ്രാട്ടുകള്‍ക്കും പുച്ഛം തോന്നിയതിനു പിന്നിലുള്ളതും ഈ ഒരു യാഥാസ്ഥിതിക മനോഭാവമാണ്.

ഇംഗ്ലീഷിലേക്ക് ദിനവും വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ വാക്കുകള്‍ ആ ഭാഷയുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയല്ലാതെ മലിനപ്പെടുത്തുകയല്ല. ഭാഷയുടെ ഗുണപരമായ പരിണാമം സംഭവിക്കേണ്ടത് ഇങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ്. അത് കൊണ്ട് മലയാള ഭാഷയുടെ മരണമണി മുഴങ്ങുന്നുവോ എന്ന സന്ദേഹം അസ്ഥാനത്താണ്.

‘ബ്യാരി’പോലാവുമോ മലയാളം?

when you share, you share an opinion
Posted by on May 1 2012. Filed under വായനാമുറി. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

15 Comments for “Manglish കൊണ്ട് മരിക്കില്ല, മലയാളം”

  1. fhaviyundu

    മംഗ്ലീഷ് കൊണ്ട് മലയാളം മരിക്കില്ലയിരിക്കും, പക്ഷെ ഞങ്ങള് മരിക്കും സാറെ.ആദ്യം പോയി ദീപ ഷാജിയുടെ, ‘ബ്യാരി പോലാവുമോ മലയാളം? നന്നായി വായിക്ക് എന്നിട്ട് മറുകുറിപ്പ് എഴുതൂ.ഈ കുറിപ്പ് മന്ഗ്ലിഷില്‍ പ്രസിദ്ധപ്പെടുത്തി നാലാമിടത്തിനു മലയാള ഭാഷാ ചരിത്രത്തില്‍ ഒരു സ്ഥാനം പിടിക്കാമായിരുന്നു.

       4 likes

  2. ഒരുപാട് കാര്യങ്ങള്‍ കുത്തി നിറച്ചിരിക്കുകയാണ്‌ മുഹമ്മദ് കുട്ടി. പലവ്യത്യാസങ്ങളേയും കണ്ടിട്ടും ഇല്ല. മലയാളത്തിലേക്ക് ഇംഗ്ലീഷ് പദങ്ങളുടെ വരവല്ലായിരുന്നു ലിപി പ്രശ്നം. അത് ഭാഷയെ ലിപിയില്‍ ചുരുട്ടിക്കൂട്ടുന്നതിന്റെ പ്രശ്നവും അല്ല. എന്റെ മനസ്സിലാക്കലില്‍ മലയാളം ഇംഗ്ലീഷില്‍ എഴുതിയാല്‍ മതിയോ? അറബി ഭാഷ ഇംഗ്ലീഷില്‍ എഴുതിയാല്‍ മതിയോ? എന്ന ചോദ്യമാണ്‌ ലിപി പ്രശ്നം. അറബിയിലും മലയാളത്തിലും ഇംഗ്ലീഷ് വാക്കുകള്‍ ആകാമോ എന്നതല്ല. ഇവ രണ്ടു രണ്‍റ്റ് ചോദ്യങ്ങള്‍ ആണ്‌. മുഹമ്മദ് കുട്ടീ ഇതിനെ രണ്ടിനേയും വേര്‍തിരിച്ചിട്ടില്ല എന്നു തോന്നുന്നു.
    “തമിഴന്‍ എന്നോ, ഇംഗ്ലീഷുകാരന്‍ എന്നോ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ഭാഷയും ആ ആളുകളും അവരുടെ പെരുമാറ്റ രീതിയും എല്ലാമാണ് ഓടിയെത്തുക അവരുടെ ലിപിയല്ല.” നേരാണ്‌. പക്ഷേ തമിഴ്, മലയാളം ഇംഗ്ലീഷ് എന്നൊക്കെ കേട്ടാല്‍ അതാത് ഭാഷകളുടെ ലിപി കൂടി മനസ്സിലേക്കെത്തും എന്നതാണ്‌ എന്റെ അനുഭവം. തമിഴ് എന്നു കേട്ടാലും ഇംഗ്ലീഷ് ലിപി തന്നെ മനസ്സില്‍ വരുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നു കൂടി ലിപി പ്രശ്നം പരയുന്നുണ്ട്. ഭാഷയും അതുപയോഗിക്കുന്ന ആളും എന്ന വ്യത്യാസത്തെ കാണാത്തതുകൊണ്ടാകും മുഹമ്മദ് കുട്ടി മേല്പറഞ്ഞത് എഴുതിയത്.
    പിന്നെ, ഭാഷമാത്രമല്ല സംസ്കാരം എന്നതാണ്‌ ഭാഷ മരിക്കുമ്പോള്‍ ഒരു സംസ്കാരം മരിക്കുന്നു എന്നതിന്‌ ലളിതമായ ഒരെതിര്‌.
    “തമിഴനും ഇംഗ്ലീഷുകാരനും മലയാളിക്കും ഇടയിലുള്ള പൊതുവായ സാംസ്കാരിക വ്യത്യാസങ്ങള്‍ മുഴുവനും ഈ ജനതയുടെ ഭാഷ അവരില്‍ ഉത്പാദിപ്പിച്ചതാണ്.”-ഇത്രയും വലിയ സാമാന്യവല്‍ക്കരണത്തിന്‌ എന്താണ്‌ ന്യായീകരണം?
    “ഇത് പോലെ ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല.”-ഇത് എങ്ങനെ വീണുകിട്ടി?-
    ഈ രണ്ടു പ്രസ്ഥാവനകളും രണ്ടുതരം പ്രശ്നങ്ങളാണ്‌. ഒന്നു ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധം. അടുത്തത് ഭാഷയും അതിന്റെ ലിപിയും തമ്മിലുള്ള ബന്ധം.
    എല്ലാ കുത്തിവരകളും അക്ഷരങ്ങള്‍ അല്ല എന്നതാണ്‌ അക്ഷരങ്ങള്‍ വെറും കുത്തികരകള്‍ മാത്രമല്ല എന്നതിന്റെ ഏറ്റവും ലളിത്മായ വിശദീകരണം.

    ലിപിപ്രശ്നം.
    ഒരു ഭാഷയെപ്പറ്റിപഠിക്കുമ്പോള്‍ അതിന്റെ ഉല്പത്തിയെപ്പറ്റിയും പഠിക്കേണ്ടി വരും. ഭാഷാമലിനീകരണം എന്നതല്ല ലിപി പ്രശ്നം. അത് ഒരു ഭാഷയുടെ എഴുത്തു രൂപം ഇല്ലാതാകുന്നു എന്ന വേവലതിയാണ്‌. (ഇത് സംഭവിക്കണം എന്നില്ല) ഭാഷാമലിനീകരണം എന്ന് മുഹമ്മദ് കുട്ടി അവതരിപ്പിച്ചത് ഒരു ഭാഷയുടെ പ്രയോക്താക്കളില്‍ ചിലരുടെ പ്രശ്നമാണ്‌. അത് ഭാഷക്കുള്ളിലെ പ്രശ്നമാണ്‌. ലിപി പ്രശ്നം അതല്ലല്ലോ. ഇവിടെ ഒരു ഭാഷയുടെ എഴുത്തു രൂപം ഇല്ലാതാകുകയാണ്‌. ഇതും ഒരു തരത്തില്‍ മലിനീകരണം ആണെന്ന് പറയാം. പക്ഷേ ലിപി പ്രശ്നവും മുഹമ്മദ് പറഞ്ഞ ഭാഷാ മലിനീകരണവും രണ്ടു പ്രശ്നങ്ങളാണ്‌.
    വാകുകളുടെ പ്രശ്നം
    ഈ തലക്കെട്ടിനു കീഴില്‍ വരുന്നത് ലിപി പ്രശനമേ അല്ല. ഇത് ഒരു ഭാഷക്കുള്ളിലെ പ്രശ്നമാണ്‌. ഈ വ്യത്യാസം തിരിയാത്തതു കൊണ്ടാകണം മാപ്പിളമലയാളമായിമുദ്രകുത്തപ്പെട്ട വാക്കുകളെപ്പറ്റി പറയുന്നത്. ഇത് മുന്നു സൂചിപ്പിച്ചതുപോലെ ഒരു ഭാഷക്കുള്ളിലെ അധികാര ഘടനകളുടെ പ്രശ്നമാണ്‌.
    വേറൊന്നു, സാഹിത്യ സാമ്രാട്ടുകള്‍ക്ക് ബഷീറിനോട് മാത്രമല്ല പുച്ഛം തോന്നിയിട്ടുള്ളത്. ശബ്ദങ്ങളിലെ ഭാഷയോടുമാത്രമായിരുന്നോ ഗുപ്തന്‍ നായരാദികള്‍ക്ക് എതിര്‍പ്പ്?

    ഭാഷയിലേക്ക് പുതിയ വാക്കുകളുടെ വരവല്ല പ്രശ്നം. ഭാഷകള്‍ വളരുന്നത് പലപ്പോഴും മറ്റു ഭാഷകളില്‍ നിന്നും വാക്കെടുത്തുകൊണ്ടു തന്നാണ്‌. അങ്ങനത്തെ വാക്കുകളെ സ്വാശീകരിക്കാനും ഭാഷകള്‍ക്ക് കഴിയുന്നു.
    ഇവിട വാക്കുകളുടെ കടന്നു വരവല്ല പ്രശ്നം. പ്രശ്നം അക്ഷരം കടന്നു വരുന്നതാണ്‌. കടന്നു വന്ന അക്ഷരങ്ങല്‍ ഒരു ഭാഷയുടെ അക്ഷരങ്ങള്‍ക്ക് പലപോര്യ്മകളോടെയും പകരം നില്‍ക്കുന്നതാണ്‌. “ഴ” എന്ന അക്ഷരത്തിന്റെ തിന്റേതായ ഒരു നിലനില്‍പ്പുണ്ട്‌. വായിക്കപ്പെടാത്തപ്പോള്‍ വെറും വര എന്നു പറഞ്ഞാലും “ഴ” വെറും വരയാകുമ്പോഴും അത് ഒരു “അ” എന്ന വര അല്ല. അതിനു ചിരുങ്ങിയത് അതിന്റേതായ ഒരു രൂപം-ചിത്രം ഉണ്ട്. “zha” എന്ന് ഴയ്ക്ക് പകരം എഴുതുമ്പോള്‍ നഷ്ടപ്പെടുന്നത് “ഴ”യുടെ ആ അസ്തിത്വം കൂടിയാണ്‌.
    മലയാളം മംഗ്ലീഷില്‍ മാത്രം എഴുതുമ്പോള്‍ ആ ഭാഷ മരണപ്പെടുക തന്നെയാണ്‌. (എല്ലാ ഭാഷയ്ക്കും ഒരേ ലിപി എന്നത് മടുപ്പിക്കുന്ന ഏകതാനത ഉണ്ടക്കും എന്നെങ്കിലും ഓര്‍ക്കാവുന്നതായിരുന്നു.)
    അല്ലെന്ന് പറയാന്‍ കുട്ടിയുടെ വാദങ്ങല്‍ ശക്തിപോരാ. എന്തിനു ലിപി പ്രശ്നത്തെപ്പോലുമല്ല ഈ കുറിപ്പ് ലക്ഷ്യമാക്കിയിട്ടുള്ളത്. മറക്കാന്‍പാടില്ലാത്ത പല വ്യത്യാസങ്ങളേയും ഗൗനിക്കാതെ എഴുതിയ ഈ കുറിപ്പ് ദീപ് ഷാജി അവതരിപ്പിച്ച പ്രശ്നത്തെ എത്തിനോക്കുന്നതു പോലുമില്ല. തെറ്റായി മനസ്സിലാക്കപ്പെട്ട ചോദ്യത്തിനു മറ്റേതൊക്കെയോ ചോദ്യങ്ങളുടെ ഉത്തരം കൊടുക്കുക എന്ന പരീക്ഷാമുറിയിലെ വേല മാത്രമായിപ്പോയി ഇത്.

       6 likes

  3. മുഹമ്മദ്‌ കുട്ടി യുടെ പല വാദത്തോടും ശക്തമായി വിയോചിക്കുന്നു. മന്ഗ്ലീശു ഒരു തരം പാതി വെന്ത ‘ഭാഷ’യാണ്. അത് ഒരു ഭാഷ എന്ന് പോലും പറയാന്‍ കഴിയില്ല. അത് കൊണ്ട് സംഭവിക്കുക ഏറെ കുറെ മൃത പ്രായമായ മലയാള ഭാഷയെ ഒന്ന് കൂടി ഞെക്കി കൊള്ളുക എന്നതായിരിക്കും…
    എന്നാലും ഒരു ലേഖനം എന്നാ നിലക്ക് അദ്ധേഹത്തിന്റെ ചിന്തകള്‍ അഗാതമാണ്.. ആശംസകള്‍..

       1 likes

  4. harshan vm

    മലയാളത്തെക്കുറിച്ച് അടുത്ത കാലത്ത് വായിച്ച
    ഏറ്റവും സെന്‍സിബിള്‍ ആയ പോസ്റ്റ് എന്ന് ഒരു കൂട്ടുകാരന്‍
    ഫേസ്ബുക്കില്‍ എഴുതിയതു കണ്ടാണ് ഇവിടെയെത്തിയത്.
    സത്യം. മികച്ച പോസ്റ്റ്. മികച്ച നിരീക്ഷണങ്ങള്‍.

       3 likes

  5. seema g

    അഭിനന്ദനങ്ങള്‍

       1 likes

  6. priyan

    നന്നായി. ഈ ചര്‍ച്ച തുടരട്ടെ

       2 likes

  7. dr. iqbal

    ഭാഷയുടെ മരണത്തെക്കുറിച്ച ഏതു ചര്‍ച്ചയും
    ഒന്നുകില്‍ എല്ലാം പോയേ എന്ന നിലവിളിയില്‍
    ഫോക്കസ് ചെയ്യും. പുതുതലമുറയെ പഴി ചാരും.
    അല്ലെങ്കില്‍ മാറ്റങ്ങളെ അന്ധമായി ന്യായീകരിക്കും.
    ഈ ലേഖനം ഈ പരിമിതികള്‍ ഭേദിക്കുന്നു.
    യാഥാര്‍ത്ഥ്യത്തിന്റെ പക്ഷത്തുനിന്ന് ഈ
    അവസ്ഥകളെ വായിക്കുന്നു. ഇത്തരമൊരു ചര്‍ച്ച ആരംഭിച്ച നാലാമിടത്തിനും ലേഖകനും അഭിനന്ദനങ്ങള്‍

       1 likes

  8. jaseela

    well written, powerful.

       1 likes

  9. malavika nair

    ഭാഷയുടെ ധര്‍മ്മം, ശരീരത്തില്‍ രക്തത്തിന്റേതു പോലെ ഉള്ള ഒന്നാണ്. പോഷകങ്ങളും വിഷാംശവും അത് ഒരു ജനതയില്‍ തുല്യമായി വിതരണം ചെയ്യുന്നു. രക്തം ഉണ്ടാവുക, അത് അതിന്റെ ധര്‍മ്മം നിര്‍വഹിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അതിനു ഒരു പ്രത്യേക നിറം ഉണ്ടാവുക എന്നതല്ല

    ചിരിച്ചു ചിരിച്ചു മടുത്തു പോയി. രക്തം വിഷവും വിതരണം ചെയ്യുന്നു എന്ന് വായിച്ചിട്ട് ഇക്ബാല്‍ സര്‍ ,താങ്കള്‍ക്ക് ചിരിവന്നില്ലേ.
    രക്തത്തിന്‍റെ നിറവും പ്രധാനമാണ് സുഹൃത്തേ രക്തത്തിന്‍റെ നിറ കുറവ് രോഗ ലക്ഷണമാണ് കേട്ടോ.

       7 likes

  10. Gokul

    ‘ആശയം ഇരുമ്പുലക്കയല്ല ‘ എന്ന് പണ്ട് ഇ എം എസ് പറഞ്ഞതാണ് എനിക്ക് ഓര്‍മ്മ വരുന്നത് . അത് പോലെ തന്നെ ‘ഭാഷ ഇരുമ്പുലക്കയല്ല ‘ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട് . കെട്ടി കിടക്കുന്ന വെള്ളത്തേക്കാള്‍ പരിശുദ്ധമായത് ഒഴുകുന്ന വെള്ളം തന്നെയാണ് . പുതിയ എല്ലാ കാര്യങ്ങളെയും വല്ലാത്ത ഒരു ഭയത്തോടെ നോക്കി കാണുന്ന ഒരു രീതി ആണ് ഒരു ജനത എന്നാ നിലയില്‍ നാം എന്നും അവലംബിച്ചിട്ടുള്ളത് . ഭാഷയിലെ പുതിയ വാക്കുകളെ പോലും നമ്മള്‍ എന്തിനോ ഭയക്കുന്നു .എസ് എം എസ് അയക്കുന്ന ഭാഷ കാരണം മലയാളം മരിക്കും എന്ന് പറയുന്നത് പണ്ട് റെയില്‍വേ വരുന്നു എന്ന് കേട്ടപ്പോള്‍ ‘റെയില്‍വേ വന്നാല്‍ ചെറുപ്പക്കാര്‍ ഒളിച്ചോടും’ എന്ന് ചിലര്‍ പറഞ്ഞത് പോലെ തന്നെ യുക്തിരഹിതമായ ഒരു വാദം ആണ് . മംഗ്ലീഷ് ടൈപ്പ് ചെയ്യുന്നതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം എന്നിരിക്കെ , അതിനു മുതിരാതെ മലയാളത്തില്‍ തന്നെ ആശയ പ്രകാശനം ചെയ്യുന്നതിനെ എന്ത് കൊണ്ട് നമ്മള്‍ കണ്ടില്ല എന്ന് നടിക്കുന്നു . മൊബൈലില്‍ മലയാളം ടൈപ്പ്‌ ചെയ്യാന്‍ ഉള്ള പ്രയാസം കൊണ്ട് തല്ക്കാലം ഇങ്ങനെ ഒരു വഴി തിരഞ്ഞെത് എന്ന് അല്ല്ലേ ഉള്ളൂ .

       0 likes

  11. nalamidam

    @malavika nair
    വസ്തുതാ പരമായ പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി.
    അത് തിരുത്തിയിട്ടുണ്ട്. -എഡിറ്റര്‍

       1 likes

  12. Antony

    Well written!
    Those who cry over this view should try to read / listen to malayalam used 70 years ago. May be some old movies, records etc. will help. There is a clear distinction between that and the language used 40 years ago. may be the script remains the same, but usage??
    If we can accept the usage which existed 40 years ago and cannot accept the changes another 40 years brought in, then that is pure hypocrisy.

    അതൊക്കെ അവിടെ നില്‍ക്കട്ടെ. ഈ പറഞ്ഞവരില്‍ എത്ര പേര്‍ക്ക് ഫ എന്ന മലയാളം അക്ഷരം ശരിക്ക് ഉച്ചരിക്കാനറിയാം? മിക്കവരും ഇന്ഗ്ലിഷിലെ fa പോലെയല്ലേ ഉച്ചരിക്കുന്നത്? അതുപോലെ Ltd. എന്നതിന്റെ മലയാളം വാക്ക് എത്രപേര്‍ക്ക് ശരിക്കെഴുതാനറിയാം?

    So losig these scripts and pronounciaion skills doesnt make any difference, there is no harm in Manglish.

       0 likes

    • മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു വലിയ യുവ സമൂഹം ഇവിടെ വേരൂന്നി കഴിഞ്ഞു.മലയാളം വാക്കുകള്‍ english ഉപയോഗിച്ച് എഴുതുന്നത് ഇവര്‍ക്ക്‌ ആ രണ്ടു ഭാഷയും കൈകാര്യം ചെയ്യാന്‍ അറിയാത്ത താണ്..നമ്മുടെ plus 2 ഉത്തര കടലാസ് വിദ്യാ;മന്ത്രിക്ക്‌ കൊടുക്കൂ.എന്നിട്ടാവാം,entrance വേണ്ടെന്നു വെക്കല്‍.

         1 likes

  13. Siji

    “മലയാളം സംസ്കൃതത്തില്‍ നിന്നും വന്നതാണെന്ന….” ഈ പ്രസ്താവന ശരിയാണോ ? എന്റെ വിശ്വാസം മലയാളം തമിഴിന്റെ ആദിമ രൂപത്തില്‍ നിന്നും ഉരുത്തിരിഞ്ഞു , സംസ്കൃതവല്‍ക്കരിക്കപ്പെട്ട താണെ ന്നായിരുന്നു..!

       1 likes

  14. ലിപി ഭാഷയൂടെ അതിജീവനത്തിന് ആവശ്യമില്ലെന്നത് അംഗീകരിക്കുവാനാകുന്നില്ല. വാമൊഴിയും വരമൊഴിയും ഒരേപോലെ അതിന് പ്രധാനമാണ്. ആശയങ്ങള്‍ ശബ്ദങ്ങളിലൂടെയെന്നപോലെ തന്നെ അക്ഷരങ്ങളിലൂടെയും വിനിമയം ചെയ്യപ്പെടുന്നു എന്ന സത്യം വിസ്മരിക്കുവാന്‍ പാടില്ല. ലിപിയില്ലാതെ നിലനില്‍ക്കുന്ന അപൂര്‍വ്വം ഭാഷകള്‍ അത് ഉപയോഗിക്കുന്ന ചെറിയ സമൂഹങ്ങള്‍ ആ ഭാഷകളുടെ ഉപയോഗം ഒരുഅനുഷ്ഠാനം പോലെ നിര്‍വ്വഹിക്കുന്നതുകൊണ്ടാണ്. തുളു പോലെയുള്ള ഭാഷകള്‍ ഉദാഹരണം. മലയാളഭാഷയുടെ കാര്യത്തില്‍ അങ്ങനെയൊരു അനുഷ്ഠാനമന:സ്ഥിതിയൊന്നും ശക്തമല്ല. നിത്യം ഉപയോഗിക്കുന്ന, ഏറ്റവുമധികം അറിയാവുന്ന (ചുരുക്കത്തില്‍ മാതൃഭാഷ) ആയതുകൊണ്ട് അത് ഉപയോഗിക്കപ്പെട്ട് പോകുന്നതേയുള്ളു. അതുകൊണ്ട് തന്നെ മംഗ്ലീഷ് മലയാളഭാഷയ്ക്ക്; വാമൊഴിക്കും വരമൊഴിക്കും ഭീഷണിയാണ്.

    പിന്നെ വസ്തുതാപരമായ ഒരു കാര്യം പറയട്ടെ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയവയെല്ലാം ദ്രാവിഡഭാഷകളാണെന്നും അവയ്ക്ക് ദ്രാവിഡമായ മുന്‍ഗാമികള്‍ ഉണ്ടായിരുന്നുവെന്നുമാണ് ചരിത്രപുസ്തകം പറയുന്നത്. അവയില്‍ ആര്യഭാഷയായ സംസ്കൃതത്തിന്റെ അധിനിവേശമുണ്ടാകുകയായിരുന്നുവത്രേ!

       1 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers