തിരിച്ചറിയല്‍ കാര്‍ഡിലെ ചാന്ദ്നി

ആണായി പിറന്ന്, പെണ്ണായി മാറിയ കര്‍ണാടക സ്വദേശി ചാന്ദ്നിയെക്കുറിച്ച ഫോട്ടോ എസ്സേ അവസാനിക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാന്ദ്നിയുടെ ജീവിതം ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാലാണ് പകര്‍ത്തിയത്.

ആദ്യ ഭാഗം: ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍
രണ്ടാം ഭാഗം:ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

 

 

ആണായി ജീവിതമാരംഭിച്ച ജന്‍മനാട്ടിലേക്ക് പില്‍ക്കാലത്ത് ചാന്ദ്നി നടത്തുന്ന യാത്രയാണ് ഈ ലക്കത്തില്‍. തെരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡിലെ പേരും ജെന്‍ഡറും മാറ്റാനുള്ള അപേക്ഷ കൊടുക്കാനും മറ്റുമായിരുന്നു ഈ യാത്ര. ചാന്ദ്നിക്കൊപ്പം നടത്തിയ യാത്രയില്‍ അജിലാല്‍ കണ്ട ദൃശ്യങ്ങള്‍.

 

അജിലാല്‍

 

ആദ്യ ഭാഗം കാണാത്തവര്‍ക്കായി, ചാന്ദ്നിയുടെ ജീവിതത്തെക്കുറിച്ച അജിലാലിന്റെ കുറിപ്പ് ഇതോടൊപ്പം.

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദ്നിയെ ആദ്യം കണ്ടത്. ബാംഗ്ലൂരില്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അന്നവള്‍. ആ ദിവസം കുറച്ച് പടങ്ങളെടുത്തു. പിന്നീട്, ജോലി ബാംഗ്ലൂരിലേക്ക് മാറിയപ്പോള്‍ സമരങ്ങളിലും മറ്റുമായി ചാന്ദ്നിയെ പല തവണ കണ്ടു. സംസാരിച്ചു.

ചാന്ദ്നി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയാണ്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ആ ജീവിതം.

 

ചാന്ദ്നി മല്ലികാര്‍ജുന്‍ സാമി ആയിരുന്ന കാലത്തെ ചിത്രം

 

മൈസൂരിലെ ഹൊലേ സോസ്ലെ എന്ന കുഗ്രാമത്തില്‍ മഹാദേവപ്പയുടെയും മഹാദേവമ്മയുടെയും ഏക മകനായി ജനിച്ച കെ. എന്‍ മല്ലികാര്‍ജുന സ്വാമിയില്‍നിന്ന് ചാന്ദ്നിയിലേക്കുള്ള മാറ്റങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഫോട്ടോഗ്രാഫുകളിലൂടെ അവരുടെ ജീവിതത്തെ, അതിന്റെ നാനാവിധ വൈവിധ്യങ്ങളെ പകര്‍ത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ തന്നു.

35 വയസ്സുണ്ട് ഇപ്പോള്‍ ചാന്ദ്നിക്ക്. പത്ത് വയസ്സു മുതല്‍ താന്‍ ആണല്ലെന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന് ചാന്ദ്നി പറയുന്നു. വ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും അധികമാരോടും അത് പ്രകടിപ്പിക്കാനായില്ല. സ്കൂള്‍, കോളജ് പഠന കാലത്ത് ആ തിരിച്ചറിവ് ഉള്ളില്‍ ശക്തമായി. കോളജ് പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായി. പഠന ശേഷം പലയിടത്തുനിന്നും കിട്ടിയ അറിവിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ, ഹിജഡകളുടെ താവളത്തില്‍ താമസമായി.

മുടി നീട്ടി വളര്‍ത്തി, പെണ്ണുടുപ്പുകള്‍ ധരിച്ച് കഴിഞ്ഞു. എന്നാല്‍, ഇടക്കിടെയുള്ള വീട്ടിലേക്കുള്ള യാത്രകളില്‍ മുടി മൂടി തൊപ്പി വെച്ച് ആണായി നടിക്കേണ്ടി വന്നു. ഇതിനിടെ, ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനുശേഷം വീട്ടുകാര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. ഇടയ്ക്ക്, ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
അവള്‍ക്ക് ഭൂമിക എന്നു പേര്. നാട്ടില്‍ അമ്മക്കും അച്ഛനുമൊപ്പം അവള്‍ കഴിയുന്നു.

ചാന്ദ്നി ഇപ്പോള്‍ ഇടക്കിടെ നാട്ടില്‍ പോവാറുണ്ട്. പണ്ടൊക്കെ ഇരുളിന്റെ മറവില്‍ ആരും കാണാതെ ചെന്ന് മടങ്ങുകയായിരുന്നു. ഇപ്പോള്‍, എല്ലാവരും കാണ്‍കെ നടക്കുന്നു. ആദ്യമൊക്കെ, പുരികം ചുളിച്ച ഗ്രാമം ഇപ്പോള്‍ ഒത്തിരി മാറി. ചാന്ദ്നിക്കൊപ്പം അവളുടെ ഗ്രാമത്തില്‍ നടത്തിയ യാത്ര അക്കാര്യം ബോധ്യപ്പെടുത്തി.

 

 

സംഗമയില്‍ ചേര്‍ന്ന ശേഷമുള്ള കാലത്ത് നാട്ടിലേക്കുള്ള യാത്രയില്‍ ചാന്ദ്നിക്കൊപ്പം ഞാനും പോയി.സ്കൂള്‍ കാലത്തെ ചാന്ദ്നിയുടെ ചങ്ങാതി ബസവരാജിനെ അന്നു കണ്ടു. പെണ്ണായ ശേഷം അവനൊപ്പം നിന്നുള്ള ആദ്യ ചിത്രം.

 

 

നാട്ടില്‍. വീട്ടിലേക്കുള്ള വഴി.

 

 

നാട്ടില്‍. വീട്ടിലേക്കുള്ള വഴി.

 

 

നാട്ടില്‍. വീട്ടിലേക്കുള്ള വഴി.

 

 

നാട്ടില്‍. വീട്ടിലേക്കുള്ള വഴി.

 

 

അമ്മക്കൊപ്പം വീട്ടില്‍. അടുത്തുള്ളത് ദത്തു പുത്രി ഭൂമിക. അവള്‍ ചാന്ദ്നിയുടെ വീട്ടില്‍നിന്നാണ് പഠിക്കുന്നത്.

 

 

അമ്മയോടൊപ്പം അടുക്കളയില്‍.

 

 

വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് വാങ്ങാന്‍ വില്ലേജ് ഓഫീസില്‍ പോയി മടങ്ങുന്നു. പേരു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ജില്ലാ ഓഫീസില്‍ പോയാല്‍ ചിലപ്പോള്‍ കാര്യം ശരിയാക്കുമെന്ന് അവര്‍ ചിരിയോടെ പറഞ്ഞു. ഒപ്പമുള്ളത് കസിന്‍ മൂര്‍ത്തി.

 

 

അമ്മക്കും കുഞ്ഞിനുമൊപ്പം. ഗ്രാമത്തിലെ ഏറ്റവും നല്ല വീട് ഇപ്പോള്‍ ചാന്ദ്നിയുടേതാണ്. ജോലി കിട്ടിയ ശേഷം ചാന്ദ്നി നിര്‍മിച്ചതാണത്.

 

 

ബാംഗ്ലൂരില്‍ സംഗമയുടെ ആഭിമുഖ്യത്തില്‍ നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സമരത്തിനിടെ

 

 

ആദ്യ ഭാഗം: ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍
രണ്ടാം ഭാഗം:ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

One thought on “തിരിച്ചറിയല്‍ കാര്‍ഡിലെ ചാന്ദ്നി

  1. മതങ്ങള്‍ അവരിലേക്ക്‌ മതം മാറി എത്തുന്നവരെ ആഘോഷിക്കുന്നു, അവരുടെ സാക്ഷ്യങ്ങളുടെ വീഡിയോകള്‍ വ്യാപകമായി തങ്ങളുടെ മതത്തിന്റെ “മേന്മ” മറ്റുള്ളവരെ അറിയിക്കുവാന്‍ ഉപയോഗിക്കുന്നു. അതുപോലെ രാഷ്ട്രീയ പാര്‍ടികളും.

Leave a Reply

Your email address will not be published. Required fields are marked *