ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും

കഥയിലും കഥ പറഞ്ഞ രീതിയിലും ഏറെ വ്യത്യസ്തതകളുള്ള ചിത്രം തന്നെയാണ് ‘ഡയമണ്ട് നെക് ലെയ്സ്’ കണ്ടു മടുത്ത കഥയല്ല ഈ സിനിമയുടേത്, മടുപ്പിക്കുന്ന സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളുമില്ല. വലിയ മുഷിപ്പില്ലാതെ കണ്ടിറങ്ങാവുന്ന ചിത്രമാണു താനും. ‘സ്പാനിഷ് മസാല’യെടുത്ത ലാല്‍ജോസ് ഇത്രവേഗം മാറിയതെങ്ങനെയെന്ന് നമ്മള്‍ നമ്മോടുതന്നെ ചോദിച്ചുപോകും ഈ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍.

എന്നാല്‍, ‘ഡയമണ്ട് നെക് ലെയ്സും’ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ട ചിത്രമാണ്. കാരണം ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷ സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ സിനിമ. ‘അച്ഛനുറങ്ങാത്ത വീട്’ സംവിധാനം ചെയ്ത ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധം പെണ്‍വിരുദ്ധമായ ചിത്രം. കഥയുടെ സസ്പെന്‍സിലേക്കു കടക്കേണ്ടി വരുമെന്നതിനാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. -അന്നമ്മക്കുട്ടി എഴുതുന്നു

 

 

‘നിനക്ക് മെട്രോ കളി അല്‍പം കൂടുന്നുണ്ട്’ എന്ന് സംവിധായകന്‍ രഞ്ജിത്ത് തന്നോട് പറഞ്ഞതായി ഫഹദ്ഫാസില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. പുത്തന്‍ നഗരജീവിതത്തിന്റെ നന്‍മ-തിന്‍മകള്‍ പേറുന്ന യുവാവിനെയാണ് മിക്ക സിനിമകളിലും ഹഫദ് അവതരിപ്പിക്കുന്നത്. അത്തരം വേഷങ്ങള്‍ ഫഹദ് നന്നായി ചെയ്യുന്നു എന്നതും ‘പ്രതിഛായ’യുടെ ഭാരങ്ങളൊന്നുമില്ലാതെ അയാള്‍ അഭിനയിക്കുന്നു എന്നതും നല്ല കാര്യം തന്നെ.

കാമുകിയാല്‍ ലിംഗം ഛേദിക്കപ്പെടുന്ന ഒരു നായകനെ ഇന്ന് മലയാളത്തില്‍ മറ്റേതെങ്കിലും യുവനടന്‍ അഭിനയിച്ചു ഫലിപ്പിക്കും എന്നു വിശ്വസിക്കാനാവില്ല. എന്നാല്‍, ഒരു നല്ല അഭിനേതാവ് ഇപ്രകാരം സ്ഥിരം വഞ്ചക നഗരകാമുകനായി ടൈപ്പ് ചെയ്യപ്പെടുന്നതിലെ അപകടം ചെറുതല്ല. അതു നന്നായി അറിയാവുന്നതിനാലാവണം ‘മെട്രോ കളി’യെക്കുറിച്ച് രഞ്ജിത്ത് മുന്നറിയിപ്പ് നല്‍കിയത്. ആ മുന്നറിയിപ്പ് ഫഹദിനു മനസിലാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. മനസിലായില്ലെങ്കില്‍ വഴിയേ പ്രേക്ഷകര്‍ മനസിലാക്കി കൊടുത്തുകൊള്ളും.

തലതിരിഞ്ഞ നഗരസന്തതി
‘ചാപ്പാ കുരിശി’ലും ’22 ഫീമെയില്‍ കോട്ടയ’ത്തിലും ഫഹദ് കാമുകിയുമായി സൂത്രത്തില്‍ ശരീരം പങ്കിടുന്ന, നഗര ജീവിതത്തിന്റെ സുഖങ്ങള്‍ നുകരുന്ന, വിശ്വാസ വഞ്ചകനായ യുവാവായിരുന്നു. ഇപ്പോള്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക് ലെയ്സിലും തലതിരിഞ്ഞ നഗരസന്തതിയായി തന്നെ ഫഹദ് എത്തിയിരിക്കുന്നു.

ആദ്യമേ പറയട്ടെ, ലാല്‍ജോസ് ഇന്നോളം സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് പാടേ വ്യത്യസ്തമാണ് ‘ഡയമണ്ട് നെക് ലെയ്സ്’ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ഇപ്പോള്‍ മലയാളത്തില്‍ സജീവമായിരിക്കുന്ന പുതുതലമുറ സിനിമകളുടെ നിരയിലേക്കുള്ള ലാല്‍ജോസിന്റെ ചുവടുമാറ്റ ശ്രമമാണ് ഈ ചിത്രം. തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആദ്യഘട്ടം ‘സ്പാനിഷ് മസാല’യോടെ കഴിഞ്ഞുവെന്നും ഇനി പ്രേക്ഷകര്‍ കാണുക പുതിയൊരു ‘തന്നെ’ ആയിരിക്കുമെന്നും ലാല്‍ജോസ് തന്നെ അടുത്തിടെ ‘വനിത’ അഭിമുഖത്തില്‍ പറയുന്നുണ്ട്. മാറാതെ പറ്റില്ലല്ലോ, മാറുന്ന കാലത്ത് പിടിച്ചു നില്‍ക്കണ്ടേ?

 

 

ലാല്‍ജോസിന്റെ ചുവടുമാറ്റം
ലാല്‍ജോസിന്റെ മാറ്റത്തിനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. കഥയിലും കഥ പറഞ്ഞ രീതിയിലും ഏറെ വ്യത്യസ്തതകളുള്ള ചിത്രം തന്നെയാണ് ‘ഡയമണ്ട് നെക് ലെയ്സ്’. കണ്ടു മടുത്ത കഥയല്ല ഈ സിനിമയുടേത്, മടുപ്പിക്കുന്ന സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളുമില്ല. വലിയ മുഷിപ്പില്ലാതെ കണ്ടിറങ്ങാവുന്ന ചിത്രമാണു താനും. ‘സ്പാനിഷ് മസാല’യെടുത്ത ലാല്‍ജോസ് ഇത്രവേഗം മാറിയതെങ്ങനെയെന്ന് നമ്മള്‍ നമ്മോടുതന്നെ ചോദിച്ചുപോകും ഈ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍.

ദുബായ് നഗരത്തില്‍ ഡോക്ടറായ ഒരു യുവാവിന്റെ ധൂര്‍ത്തു നിറഞ്ഞ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നുവരുന്ന മൂന്നു സ്ത്രീകളുടെ കഥയാണ് ഈ സിനിമ. അതിപ്രതാപവാനും സദ്ഗുണസമ്പന്നനുമായ നായകനോ താടിയുംമുടിയും നീട്ടിയ വില്ലന്‍മാരോ അട്ടഹാസങ്ങളോ അടിപിടിയോ വെടിവെപ്പോ ഒന്നുമില്ല. ഒരു യുവാവിന്റെ ജീവിതത്തിലെ ഏതാനും മാസങ്ങള്‍ വലിയ അതിഭാവുകത്വങ്ങളില്ലാതെ കാണിക്കുന്നു എന്നതൊഴിച്ചാല്‍ വലിയൊരു കഥ പോലും ഈ സിനിമക്കില്ല.

‘സെവന്‍സ്’ എഴുതിയ ഇക്ബാല്‍ കുറ്റിപ്പുറം തന്നെയാണോ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതെന്ന് നമുക്ക് സംശയം തോന്നും. അത്രമാത്രം സ്വാഭാവികമാണ് പലപ്പോഴും കഥാഗതി. തമാശക്കുവേണ്ടി കുത്തിത്തിരുകിയ വിഡ്ഢി കഥാപാത്രങ്ങളില്ലാതെ സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പല രംഗങ്ങളിലും ഇക്ബാലിനു കഴിയുന്നു.

ഒരു ഘട്ടത്തിലും നമുക്ക് പ്രവചിക്കാന്‍ കഴിയാത്തവിധം വഴിത്തിരിവുകള്‍ നിറഞ്ഞ ജീവിതമാണ് തിരശീലയില്‍ തെളിയുന്നത്. അതിനാല്‍ തന്നെ ‘ഇതെങ്ങോട്ടാണ് പോകുന്നത്?’ എന്ന ആകാംക്ഷയോടെ നമ്മള്‍ സ്ക്രീനില്‍ കണ്ണുംനട്ടിരിക്കും. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സമീര്‍ താഹിറിന്റെ കാമറ, ദുബായ് നഗരത്തിന്റെ സൌന്ദര്യം ഓരോ ഫ്രെയിമിലും ഒപ്പിയെടുത്തിരിക്കുന്നു. ഇത്രയുമാണ് ഈ നെക്ലേസിലെ പ്ലസ് പോയന്റ്സ്.

റബര്‍ പോലെ തിരക്കഥ
പോരായ്മകളും കുറവല്ല. തിരക്കഥയെഴുത്തിന്റെ അച്ചടക്കം പണ്ടേ വശമില്ലാത്തതിനാല്‍ പലപ്പോഴും റബര്‍ പോലെ വലിഞ്ഞു നീളുന്നുണ്ട് ഇക്ബാലിന്റെ കഥപറച്ചില്‍. ക്ലൈമാക്സില്‍പോലും കയ്യൊതുക്കം കാണാനില്ല. ക്ളീഷേകളെ കുടഞ്ഞുകളയാന്‍ ശ്രമിക്കുമ്പോഴും ചില ക്ളീഷേകള്‍ വിടാതെ പിന്തുടരുന്നു.
അല്‍പം പുതിയത് എന്തെങ്കിലും പറയണം എന്നതല്ലാതെ പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവണം എന്നൊരു നിര്‍ബന്ധവും തിരക്കഥാകാരനോ സംവിധായകനോ ഇല്ലാതെപോയി.

’22 ഫീമെയില്‍ കോട്ടയം’ പുതുമയുള്ള സിനിമയാണെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ രാഷ്ട്രീയം സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ‘കന്യകയല്ല ഈ കോട്ടയം ഫീമെയില്‍’ എന്ന കുറിപ്പില്‍ ഈയുള്ളവള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് സൈബര്‍ലോകത്ത് നടന്ന സംവാദങ്ങളില്‍ ‘ഫീമെയില്‍ കോട്ടയം’ സമൂഹത്തിലേക്കു കൈമാറുന്ന ആശയങ്ങള്‍ ഇഴകീറി പരിശോധിക്കപ്പെട്ടു.

 

 

സ്ത്രീവിരുദ്ധത
അതേപോലെ തന്നെ ‘ഡയമണ്ട് നെക് ലെയ്സും’ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ട ചിത്രമാണ്. കാരണം ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷ സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ സിനിമ. ‘അച്ഛനുറങ്ങാത്ത വീട്’ സംവിധാനം ചെയ്ത ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധം പെണ്‍വിരുദ്ധമായ ചിത്രം. കഥയുടെ സസ്പെന്‍സിലേക്കു കടക്കേണ്ടി വരുമെന്നതിനാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ നിരത്തുന്നില്ല.

എങ്കിലും, സ്ത്രീയും പുരുഷനും കിടക്ക പങ്കിടുകയും അതില്‍ സ്ത്രീ മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്ന ആ രംഗം നോക്കുക. യഥാര്‍ഥ കുറ്റക്കാരനായ/വഞ്ചകനായ പുരുഷന്‍ സ്ത്രീയുടെ ആ പ്രായശ്ചിത്ത കണ്ണീരിനു മുന്നില്‍ എത്രവേഗമാണൊരു പുണ്യാളനാവുന്നത്? ഒരു പെണ്ണിന്റെ മാനത്തിന് ആഭരണം കൊണ്ട് വിലയിടുന്ന മറെറാരു രംഗം ശ്രദ്ധിക്കുക. എത്ര ‘മഹത്തായ’ ദാനമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്?

വഞ്ചിക്കപ്പെട്ട് ഇരയാക്കപ്പെട്ടിട്ടും പെണ്ണിന് കാമുകനോട് ‘ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല’ത്രെ! പല സ്ത്രീകളുമായി ശരീരം പങ്കിട്ടിട്ടും നായകന് ലഭിക്കുന്ന ജീവിതസഖി എത്ര പരിശുദ്ധയും വിശ്വസ്തയും ആണെന്നു നോക്കൂ. സിനിമകളില്‍ എത്രയോ തവണ കണ്ടുമടുത്ത ആഡംബരഭ്രമക്കാരും പൊങ്ങച്ചക്കാരും കുശുമ്പികളുമായ കൊച്ചമ്മ വേഷങ്ങളെപ്പോലും വീണ്ടും ആട്ടിത്തെളിച്ച് കൊണ്ടുവന്നു നിര്‍ത്തിയിട്ടുണ്ട് പല രംഗങ്ങളിലും. ഇങ്ങനെ അടിമുടി പുരുഷ മേല്‍ക്കോയ്മയെ ഊട്ടിയുറപ്പിക്കുന്ന, അങ്ങേയറ്റം ലിംഗസമത്വ വിരുദ്ധമായ ആശയങ്ങളാണ് ഈ ചിത്രം സമൂഹത്തിലേക്ക് നല്‍കുന്നത്.

സിനിമയിലെ പ്രമേയപരമായ പരീക്ഷണങ്ങളെ മലയാളികള്‍ സ്വീകരിച്ചു തുടങ്ങിയെന്നതു നേര്. എന്നാല്‍ സിനിമ പ്രേക്ഷകന് നല്‍കുന്ന ആശയം എന്തെന്ന ഗൌരവതരമായ ചര്‍ച്ചകളും സജീവമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയിലൂടെ എന്തു പറയുന്നു എന്നതില്‍ കൂടി സംവിധായകനും തിരക്കഥാകൃത്തും ശ്രദ്ധിക്കേണ്ടതുണ്ട്. ആഷിഖ് അബുവിനായാലും ലാല്‍ജോസിനായാലും ആ തിരിച്ചറിവ് ഉണ്ടാവണം.

കാരണം സിനിമ സമൂഹത്തെ രൂപപ്പെടുത്തുന്ന കല കൂടിയാണ്. പുതിയൊരു സിനിമാ രീതിയിലേക്ക് തനിക്ക് മാറാനാവും എന്ന് ഈ നെക് ലെയ്സിലൂടെ തെളിയിച്ചതിന് ലാല്‍ജോസ് ഒരു കയ്യടി അര്‍ഹിക്കുന്നു. അതേസമയം ആ പുതുമയുടെ മറവില്‍ വിപണനം ചെയ്യുന്ന അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങളുടെ പേരില്‍ ലാല്‍ജോസ് ഒരു ‘കരണത്തടി’യും അര്‍ഹിക്കുന്നു.

11 thoughts on “ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും

 1. അതിനു ഫഹദ് എന്ത് പിഴച്ചു? അയാളെ ക്രൂശിക്കല്ലേ. താര പദവി മോഹികളും മസില്‍ രോഗം ബാധിച്ചവരും ആണ്‍ സൌന്ദര്യം ഇല്ലാത്തവരുമായ നമ്മുടെ നായകന്മാര്‍ക്കിടയില്‍ ഫഹദ് വേറിട്ട്‌ നില്‍ക്കുന്നു.മറ്റു അനേകം മോഹങ്ങള്‍ ഉള്ളതിനാല്‍ പലരും ചെയ്യാന്‍ മടിച്ച വേഷമാണ് ചാപ്പ കുരിശിലും 22 ഫീമയിളിലും ഫഹദ് ചെയ്തത് എന്നാണ് അറിഞ്ഞത്.

 2. സ്ത്ത്യം പറഞ്ഞാല്‍ ആ ഫഹദിനെയുമിപ്പോ വെറുത്തുപോകുന്നു…
  അല്ലാരും ആ ചെങ്ങായീന്റെ പിന്നാലെയാണ്. എന്താ മലയാളത്തില്‍ വേറെ നടന്മാര്‍ ഇല്ലഞ്ഞിട്ടാണോ! മറിയച്ചേടത്തി പറഞ്ഞ പോലെ ഓന്റെ ‘അങ്ങാടിപ്പടം’ കണ്ടു മടുത്തു!

  • I have seen this film….a must watch filsm for all gulf stayers….
   anyway a good moral and good acting all actors.
   congrats to all the team….

 3. അന്നമ്മേ..കൊല്ലണ്ട..!!! ഓനേ ന്യൂ ജനറേഷന്‍ കുട്ട്യാ…ശരിയായിക്കൊള്ളും…

 4. critics on film dimond necklace is critical,but has limitation of no new kinds of new criticism.i didnt seen flm,i dont knw a cover poetry may appear on this flm in mathrubumi weekly.i think so bcause,same thing appeared in mathrubumi on 22fk.reader expect a flm writing inside,but…defnitly a poem may write onthe flm.i doubt,y venugopal appear lik a cover poet thru mathrubumi occationally?one critical reader may find an answer.22fk trying2rewrite conventional codes of malayalam flm genre,but it is less critical on our geder realationship.it celebrate only the current radicalism and invite its megamarket.i not forget the feminine boldness2 encouter fraud maldom convinces of kerala.i remember,salt and pepper of ashiq abu succesfully done it.so that flm is more critical2our society and imprint our new flm culture.these two films adress more netizens rhan citizens.thanq.dr.umer tharamel.

 5. എനിക്കും ഒരു പടം പിടിക്കണമെന്നുണ്ടായിരുന്നു.
  അന്നമ്മക്കുട്ടി ഇതു പോലത്തെ റിവ്യൂ ആണെഴുതുന്നതെങ്കില്‍ ആ പണിക്ക് ഞാനില്ല.
  ഡയറക്ടറെ പൊക്കി പൊക്കി ഇങ്ങനെ താഴേക്കിടരുത്.
  പാവങ്ങള്‍ അവരും മനുഷ്യരല്ലേ?

  • അന്നമ്മകുട്ടി യെ സംബന്ധിചിടത്തോളം ഒരു നല്ല സിനിമ എന്ന് പറഞ്ഞാല്‍ ഏതാണ് “സ്ത്രീപക്ഷ സിനിമകള്‍ ” ആണോ…?….നിങ്ങള്‍ എന്തിനാണ് ആവശ്യത്തിനും അനാവശ്യത്തിനും “സ്ത്രീപക്ഷം,പുരുഷാധിപത്യം,എന്നൊക്കെ പറയുന്നത്…?…എല്ലാ സിനിമകളെയും നോക്കി കാണേണ്ടത് ഈ രണ്ടു വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണോ..?

 6. “എങ്കിലും, സ്ത്രീയും പുരുഷനും കിടക്ക പങ്കിടുകയും അതില്‍ സ്ത്രീ മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്ന ആ രംഗം നോക്കുക. യഥാര്‍ഥ കുറ്റക്കാരനായ/വഞ്ചകനായ പുരുഷന്‍ സ്ത്രീയുടെ ആ പ്രായശ്ചിത്ത കണ്ണീരിനു മുന്നില്‍ എത്രവേഗമാണൊരു പുണ്യാളനാവുന്നത്?”

  -താന്‍ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നവരല്ലേ പശ്ചാത്തപിക്കുക ? അതിലെന്താ തെറ്റ് ? ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു താന്‍ തെറ്റ് ചെയ്തതായി തോന്നിയില്ല .. അത് തെറ്റാണോ ? ( അന്നമ്മക്കുട്ടിയുടെ സദാചാര ബോധം ആണോ ഫഹദിന്റെ കഥാപാത്രത്തിനു ?) ഫഹദ് ഈ സിനിമയില്‍ പുണ്യവാളന്‍ ആണോ? (ക്ലൈമാക്സില്‍ പോലും ?)

  ” ഒരു പെണ്ണിന്റെ മാനത്തിന് ആഭരണം കൊണ്ട് വിലയിടുന്ന മറെറാരു രംഗം ശ്രദ്ധിക്കുക. എത്ര ‘മഹത്തായ’ ദാനമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്?”
  – ഈ വാക്യം നേഴ്സ് നു നെക്ക്ലസ് സമ്മാനിച്ചതിനെ പറ്റി ആണെങ്കില്‍- സംവൃത തന്റെ “വഞ്ചന”യുടെ പ്രതിഫലം ആയിട്ടാണോ നെക്ക്ലസ് ഫഹദിന്റെ ഭാര്യക്ക്‌ കൊടുക്കുന്നത് .?

  ലേഖികയുടെ അസ്വസ്ഥമായ (തികച്ചും ഒരു പുരുഷന്റെത് എന്ന് തോന്നിപ്പിക്കുന്ന ) സദാചാരബോധം ഈ ലേഖനത്തിലെ നിരവധി വാചകങ്ങളില്‍ ഉണ്ട് .

  “കാരണം സിനിമ സമൂഹത്തെ രൂപപ്പെടുത്തുന്ന കല കൂടിയാണ്.”
  -ഈ രൂപപ്പെടുത്തുന്ന എന്നത് കൊണ്ട് ഉദ്ദേശിച്ചത് അടയാളപ്പെടുത്തുന്ന എന്ന അര്‍ത്ഥത്തിലാണോ അതോ സമൂഹത്തില്‍ മാറ്റം വരുത്തുന്ന എന്ന അര്‍ത്ഥത്തിലാണോ ?. രണ്ടാമത്തേത് ആണെങ്കില്‍ സമൂഹത്തെ നന്നാക്കാന്‍ സിനിമകള്‍ കൃത്യമായ ഒരു ചട്ടകൂട്ടില്‍ എടുക്കണം എന്നാണോ ഉദ്ദേശിക്കുന്നത് ?

  new generation സിനിമയേക്കാള്‍ വലിയ joke ആണോ new generation movie review ?

 7. My God, Annamma koche
  What made you think that this stupid film, which is unabashedly patriarchal, is good in some sense? You think the story develops in a realistic way. I felt it is full of incredible turns.
  A stupid films based on a silly script.

 8. നല്ല മൂവി എന്നിക് ഇഷ്ടമായീ ,ഫഹദ് നല്ലേ ആക്ടിംഗ് ,അനുശ്രീ പോര ,സംവൃത ഓക്കേ ഗൌതമി കൊള്ളാം .

Leave a Reply

Your email address will not be published. Required fields are marked *