ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.
ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.
‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.-വടകരക്കടുത്ത് വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെക്കുറിച്ച് അദ്ദേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, അയല്‍വാസി കൂടിയായ ഉണ്ണികൃഷ്ണന്‍ ഏറാമല എഴുതുന്നു

 

 

ഒഞ്ചിയത്ത് ഇനി ടി.പിയില്ല. ആഴത്തില്‍ ഞെട്ടലുണ്ടാക്കുന്നൊരു തിരിച്ചറിവാണത്. ഓര്‍മ്മവെച്ച നാള്‍മുതല്‍ ഈ നാടിന്റെ അവിഭാജ്യ ഘടകം പോലെ ഈ മനുഷ്യനെ കാണാറുണ്ട്. കല്യാണവീടുകളിലും അങ്ങാടിയിലും പ്രകടനത്തിലും മൈക്കിനു മുന്നിലും, അങ്ങനെ എല്ലായിടത്തും. ആള്‍ക്കൂട്ടം ഉള്ളിടത്തെല്ലാം ടി.പിയുമുണ്ടാവും. കുട്ടിക്കാലം മുതല്‍ പരിചിതമാണ് ആ കാഴ്ച. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്നലെ രാത്രിയില്‍ ഒറ്റക്കുള്ള യാത്രയില്‍ അക്രമികള്‍ വെട്ടിനുറുക്കിക്കൊന്നിട്ടും അറ്റുപോവുന്നേയില്ല, ഉള്ളില്‍നിന്ന് ആ മനുഷ്യന്‍.

ഓര്‍മ്മകളുടെ അങ്ങേയറ്റത്ത് ചുവപ്പു തോരണങ്ങളില്‍ മുങ്ങിയ അങ്ങാടിയാണ്. ചെങ്കൊടികളും തോരണങ്ങളും ഇളകിമറിയുന്ന അങ്ങാടിയുടെ ഒത്ത നടുക്കു കൂടി ഊര്‍ജസ്വലനായി നടന്നു വരുന്നു ചെറുപ്പക്കാരനായ ടി.പി. ചുറ്റും അനേകം ആളുകള്‍. ആരൊക്കെയോ അയാളോട് സംസാരിക്കുന്നു. ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. അത്തരമൊരു പരിപാടിയും അത്രയേറെ ആളുകളെയും ആദ്യമായി കാണുകയാണ്.

ഉണ്ണികൃഷ്ണന്‍ ഏറാമല

എന്നാല്‍, ടി.പി പരിചിതനായിരുന്നു. അയല്‍വാസി. കുടുംബ ബന്ധത്തേക്കാള്‍ ശക്തമായ സ്നേഹബന്ധം. എന്നാല്‍, എനിക്കറിയാവുന്ന പാവം ടി.പിയേ ആയിരുന്നില്ല അങ്ങാടിയില്‍ കണ്ടത്. ആ ചുവപ്പു തോരണങ്ങള്‍ക്കും ആളൊഴുക്കിനുമിടയില്‍ ആ മനുഷ്യന്‍ എനിക്കൊട്ടും പരിചയമില്ലാത്ത വലിയ ഏതോ ഒരാളായി തോന്നി. എന്നാല്‍, ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ എനിക്കു മനസ്സിലായി, ടി.പി ആരെന്ന്. ഞങ്ങളുടെ നാടിന്റെ നാഡിമിടിപ്പുകള്‍ എങ്ങനെയാണ് ആ മനുഷ്യനുമായി പിണഞ്ഞുകിടക്കുന്നതെന്നും. പിന്നീട്, വിദ്യാര്‍ഥിയായപ്പോഴും പഠനകാലം കഴിഞ്ഞപ്പോഴുമെല്ലാം നാടിന്റെ എല്ലാ അനക്കങ്ങളിലും ആ മനുഷ്യനെ കണ്ടുമുട്ടി. ഒഞ്ചിയത്തിന്റെ ഓര്‍മ്മയില്‍നിന്ന് ഒരിക്കലും പറിച്ചു മാറ്റാന്‍ കഴിയാത്ത ഒരാളായി ആ മനുഷ്യന്‍ മാറുന്നത് മുതിര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു. താമസിയാതെ, എന്റെ ജീവിതത്തിലെയും ഏറ്റവും തീവ്രമായ സാന്നിധ്യങ്ങളില്‍ ഒന്നായി അദ്ദേഹം മാറി.

ഇതിനിടെ, കാര്യങ്ങളൊക്കെ വല്ലാതെ മാറിപ്പോയിരുന്നു. പാര്‍ട്ടി മാറി. ടി.പിയും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളോടും ജീര്‍ണതകളോടുള്ള അഭിപ്രായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടുകളും തുറന്നുപറയേണ്ടി വന്നു. പാര്‍ട്ടിയിലും പാര്‍ട്ടിയെ ചുറ്റി ഭ്രമണം ചെയ്തിരുന്ന ഞങ്ങളുടെ നാട്ടിലും അത് വന്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് പാര്‍ട്ടി ശത്രുപക്ഷത്തായി. നീണ്ട പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും നാളുകളായി. അതോടൊപ്പം നിരന്തര ഭീഷണികളും ആക്രമണങ്ങളും. ഇപ്പോഴിതാ ഉടല്‍ നിറയെ മുറിവുകളുമായി, ജീവനറ്റിട്ടും ആ മനുഷ്യന്‍, ജ്വലിക്കുന്ന വികാരമായി നാടാകെ നിറഞ്ഞുകവിയുന്നു.

 

 

1
എന്നേക്കാള്‍ പത്തിരുപത്തഞ്ച് വയസ്സു കൂടുതലുണ്ടാവും സഖാവിന്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു ടി.പി. ഏറാമലയിലും പരിസരത്തും പാര്‍ട്ടിയുടെ നാവായിരുന്നു ആ മനുഷ്യന്‍. സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ദേശമായിരുന്നു ഒഞ്ചിയം. പാര്‍ട്ടിയുടെ ഉറച്ച കോട്ട. അവിടത്തെ പൊതുപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു എന്നും, ടി.പി. ജനങ്ങള്‍ക്കിടയിലായിരുന്നു എന്നുമദ്ദേഹം.
അത് ഞങ്ങളുടെ നാടിന്റെ കൂടി പ്രകൃതമാണ്. എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലും അവിടെ മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പത്തിന് മാറ്റമുണ്ടാവില്ല. കല്യാണമോ, രോഗമോ മരണമോ -അങ്ങനെ എന്തു വന്നാലും നാട്ടുകാര്‍ മുഴുവന്‍ ഒരുമിച്ചു കൂടും. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റെല്ലാം മറന്ന് ഒന്നിക്കും. ആ പാരമ്പര്യം. മുഴുവന്‍ സ്വാംശീകരിച്ചതായിരുന്നു ടി.പിയുടെ പൊതു ജീവിതം.

കോണ്‍ഗ്രസുകാരനായിരുന്നു എന്റെ അച്ഛന്‍. പക്ഷേ, എന്റെ പെങ്ങളുടെ കല്യാണത്തിന് രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കാര്യങ്ങള്‍ നടത്തിത്തരാന്‍ അന്ന് സി.പി.എമ്മിന്റെ വലിയ നേതാവായിരുന്നിട്ടും ടി.പി ഉണ്ടായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള വലിയ ആത്മബന്ധമാണ് കമ്യൂണിസമെന്ന് ഞങ്ങളെല്ലാം പഠിച്ചത് ടി.പി അടക്കമുള്ളവരില്‍നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായിട്ടും നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ടി.പി എത്തിയിരിക്കും. എല്ലാ കല്യാണങ്ങള്‍ക്കും സാമ്പാര്‍ വിളമ്പാന്‍ മൂപ്പരുണ്ടാവും മുന്നില്‍.

പ്രദേശത്ത് മോഷണ ശ്രമം പതിവായതിനെതുടര്‍ന്ന്, കള്ളനെ പിടിക്കാന്‍ ഞങ്ങളെല്ലാം ഉറക്കമിളച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെല്ലാം ഒപ്പം ടി.പിയും ഉണ്ടായിരുന്നു. നാട്ടിലെ പല വക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായമാവശ്യമുള്ളവര്‍ക്ക് പലരെയും ഏകോപിച്ച് സഹായമെത്തിക്കാനുമെല്ലാം ആ മനുഷ്യന്‍ മുന്നിട്ടിറങ്ങി.ഒരിക്കലും പാര്‍ട്ടി നോക്കിയിട്ടാവില്ല സഹായം.സദാ സമയവും പൊതുപ്രവര്‍ത്തനത്തിനായി മിനക്കെടുമെങ്കിലും കുടുംബത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുണ്ടായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. കുടുംബവുമായി വല്ലാത്ത അറ്റാച്ച്മെന്റായിരുന്നു.

ഇത്രയും ജനകീയനായ മറ്റൊരു നേതാവിനെ ഒഞ്ചിയം കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാവും. ജനങ്ങളുമായി അത്രയേറെ ഇഴുകി ജീവിച്ച ഒരാളായിരുന്നു ടി.പി.
അതു കൊണ്ടു തന്നെയാണ് ഈ ഗ്രാമം മുഴുവന്‍ ആ മനുഷ്യന്റെ പിന്നാലെ അണിനിരന്നത്. പാര്‍ട്ടി എന്ന വികാരത്തെ നെഞ്ചേറ്റിയ ടി.പി തങ്ങളെ വഴിതെറ്റിക്കില്ല എന്ന ഉറപ്പില്‍ തന്നെയാണ് ആയിരങ്ങള്‍ ടി.പിയെ വിശ്വസിച്ചിറങ്ങിയത്. പറയാനുള്ളത് ഏതു തമ്പ്രാന്റെയും മുഖത്തുനോക്കി പറയാന്‍ മടിയില്ലാത്ത ആ നേതാവിനു പിന്നാലെ തിരിക്കുമ്പോള്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല ആ നാടിന്. ആ വാക്കുകളുടെ ആശ്വാസത്തില്‍ എല്ലാ സംഘര്‍ഷങ്ങളും മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതിനാലാണ്.

 

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം. മുന്‍നിരയില്‍ ടി.പി ചന്ദ്രശേഖരനെ കാണാം


 

2
നാലഞ്ചു നാള്‍ മുമ്പാണ് അവസാനമായി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചത്. ഒരു കല്യാണ വീട്ടിലായിരുന്നു. സമയം കിട്ടിയപ്പോള്‍ സംസാരിച്ചിരുന്നു. ഇതുവരെ തിരിച്ചറിയാത്ത കുറേയെറെ കാര്യങ്ങള്‍ ബോധ്യമായത് അന്ന് രാത്രിയാണ്.

എന്നെ സംബന്ധിച്ചിടത്തോളം, ജനകീയനായ ഒരുജ്വല നേതാവ് മാത്രമായിരുന്നു അതുവരെ ടി.പി. നാട്ടുകാരുടെ പ്രായോഗിക പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണുന്ന, അതിനു ശ്രമിക്കുന്ന ഒരു നേതാവ്. സൈദ്ധാന്തികമായ അടിത്തറയേക്കാള്‍ പൊതുപ്രവര്‍ത്തനം നല്‍കുന്ന സവിശേഷമായ പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കുന്ന നേതാവായാണ് ഞാന്‍ ടി.പിയെ കണക്കാക്കിയിരുന്നത്. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ടി.പിയുടെ പ്രഭാഷണങ്ങള്‍. അതെപ്പോഴും ഏറ്റവും സാധാരണക്കാരനുള്ളതായിരിക്കും. വളരെ ലളിതമായി, ഋജുവായി കാര്യം പറയുന്ന രീതി. സൈദ്ധാന്തികതയോ ആഴമുള്ള വിഷയങ്ങളോ ഞാന്‍ കേട്ട ടി.പിയുടെ പ്രസംഗങ്ങളിലൊന്നുമില്ലായിരുന്നു.

മറ്റൊരു ധാരണ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നെങ്കിലും പ്രാദേശികമായ പല പ്രശ്നങ്ങളുമായിരുന്നു ഒഞ്ചിയത്ത് കൊടുങ്കാറ്റ് അഴിച്ചു വിട്ടതെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. നാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയ നിലപാടുകളുമാണ് പുതിയ പാര്‍ട്ടി രൂപവല്‍കരിക്കാന്‍ കാരണമായതെന്നും ഞാന്‍ കരുതി.

എന്നാല്‍, അന്നത്തെ സംസാരം എന്റെ ധാരണകളെ ദൂരേക്ക് പറത്തിക്കളഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായി സമീപിക്കുകയും ദൃഢമായ സൈദ്ധാന്തിക ധാരണകള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാനന്ന് കണ്ടത്. ആഴത്തില്‍ കാര്യങ്ങളറിയുന്ന, സൈദ്ധാന്തികമായി പ്രശ്നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ കഴിയുന്ന, പ്രത്യയശാസ്ത്രപരമായി ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുള്ള ഒരാള്‍. വിഭാഗീയതയല്ല, പ്രത്യയശാസ്ത്രപരമായ ഭിന്നത തന്നെയാണ് വിട്ടുപോക്ക് അനിവാര്യമാക്കിയതെന്ന് ഉദാഹരണ സഹിതം അന്ന് ടി.പി വിശദീകരിച്ചു.

‘ഒരു പാടു കാലം ഇന്ത്യന്‍ വിപ്ലവം സ്വപ്നം കണ്ടവരാണ് ഞങ്ങള്‍. വിപ്ലവം ഉണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി തന്നെ കേഡര്‍ സ്വഭാവമുള്ള ബൂര്‍ഷ്വാ സെറ്റപ്പായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ്, വിയോജിപ്പുകളുടെ ശക്തി കൂട്ടേണ്ടിവന്നത്’-സംസാരത്തിനിടെ ടി.പി പറഞ്ഞു.

ജെ.എന്‍.യുവില്‍ ‘ഐസ’ നേടിയ വിജയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍, ഐസയെക്കുറിച്ചും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ടി.പി ആഴത്തില്‍ സംസാരിച്ചു. ലിബറേഷന്‍ മാസികയെക്കുറിച്ചും അതിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും അവരെ കാണാനും ചര്‍ച്ച നടത്താനുമായി നടത്തിയ യാത്രകളെക്കുറിച്ചും ടി.പി സംസാരിച്ചു. ഇന്ത്യയിലുടനീളം പല പേരുകളില്‍ ചിതറി കിടക്കുന്ന മിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു ടി.പിക്ക്. അവയില്‍ പല ഗ്രൂപ്പുകളുമായി പല വട്ടം ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, മാവോയിസ്റ്റുകളുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളേറെയായിരുന്നു. അവരൊഴിച്ച് മറ്റു പല ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന ധാരണയും ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.

‘റഷ്യ ലോക യുദ്ധത്തില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തോടുള്ള നിലപാട് മാറ്റുമായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രം ഇതുപോലാവില്ലായിരുന്നു-സംസാരം നിര്‍ത്തുമ്പോള്‍ അന്ന് ടി.പി പറഞ്ഞു.

 

ഒരു പുസ്തകപ്രകാശന ചടങ്ങില്‍ ടി.പി ചന്ദ്രശേഖരന്‍


 

3
പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത നിലനിന്ന നാളുകളില്‍ കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ് ടി.പിയും സഹപ്രവര്‍ത്തകരും കടന്നുപോയത്. പാര്‍ട്ടി വിടുമെന്ന അവസ്ഥ വന്നപ്പോള്‍ ഭാവി എന്താവുമെന്ന ആശങ്ക പരന്നു. ഭീഷണികളും ആക്രമണങ്ങളുമൊക്കെ ഊര്‍ജിതമായി. അതോടൊപ്പം പ്രലോഭനങ്ങളും. എന്നാല്‍, ആശയക്കുഴപ്പങ്ങള്‍ ഏറെ നേരം നീണ്ടുനിന്നില്ല. പ്രത്യയശാസ്ത്ര പരമായ കരുത്തിനാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ടി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

‘അതുവരെ വിശ്വസിച്ചുപോന്നതൊക്കെ ശരിയായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം കടുത്തതായിരുന്നു. എന്തിനുവേണ്ടിയാണോ ഇത്ര കാലം ജീവിച്ചത് അതു പൊടുന്നനെ ഇല്ലാതാവുമ്പോഴുള്ള ശൂന്യത ഭീകരമായിരുന്നു. മൂന്നാലു ദിവസം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍, ശരിയായ അര്‍ഥത്തില്‍ കാര്യങ്ങള്‍ വീണ്ടും അവലോകനം ചെയ്തപ്പോള്‍ പോരാട്ടത്തിന്റെ ആവശ്യകത പൂര്‍വാധികം ബോധ്യപ്പെട്ടു. ദിശാബോധമുണ്ടായി. അങ്ങനെയാണ്, ആ നാളുകളില്‍ പിടിച്ചു നിന്നത്’- ആ ദിവസങ്ങളെക്കുറിച്ചുള്ള എന്റെ സംശയത്തിന് വാക്കുകള്‍ കൃത്യമായി ഇതായിരുന്നില്ലെങ്കിലും ഇങ്ങനെയായിരുന്നു ടി.പിയുടെ മറുപടി.

ഇടതുപക്ഷ ഏകോപനസമിതിക്ക് പിന്നീടുണ്ടായ ബലഹീനത ഒഞ്ചിയത്തെ ബാധിക്കാതിരുന്നത് ഈ ദിശോബോധം ഉള്ളതുകൊണ്ടുതന്നെയായിരുന്നു. ഗതികെടുമ്പോള്‍ യു.ഡി.എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായ സമിതി നേതാക്കളില്‍ ചിലരെയെങ്കിലും പാര്‍ലമെന്ററി വ്യാമോഹമായിരുന്നു അതിന് പ്രേരിപ്പിച്ചത്. എന്നാല്‍, ഒഞ്ചിയത്ത് ഇത് ബാധകമായിരുന്നില്ല. ഒരു കാരണവശാലും വലതുപക്ഷത്തേക്ക് പോവില്ലെന്ന് ടി.പി അടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നു. അങ്ങനെ പോവുന്നവരെ എതിര്‍ക്കുമെന്നും അവര്‍ തീരുമാനിച്ചു. അതിനാലാണ്, എം.ആര്‍ മുരളിയെ തള്ളിപ്പറയാന്‍ ടി.പി തയ്യാറായത്. മറ്റിടങ്ങളിലുള്ള ചാഞ്ചാട്ടം ഒഞ്ചിയത്ത് ഉണ്ടാവാതിരുന്നതും. യു.ഡി.എഫ് പലപ്പോഴും റവല്യൂഷനറി പാര്‍ട്ടിയ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയും മറ്റും. എന്നാല്‍, പാര്‍ട്ടി ഒരിക്കലും യു.ഡി.എഫിനെ സഹായിച്ചിട്ടില്ല. ഒരിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്താതെയുമിരുന്നില്ല.

ഒഞ്ചിയത്തെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു നിരീക്ഷണം അന്ന് ടി.പി മുന്നോട്ടുവെച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ശരിയാണെന്ന് എനിക്കും ബോധ്യം വരുന്നുണ്ട്.

മറ്റെല്ലാ ഘട്ടങ്ങളിലും നേതാക്കന്‍മാരുടെ പിന്നാലെയാണ് അണികള്‍ ഇറങ്ങിവന്നിരുന്നത്. നേതാക്കന്‍മാരായിരുന്നു ചാലകശക്തി. എം.വി രാഘവന്‍ ആയാലും ഗൌരിയമ്മ ആയാലുമെല്ലാം അതു തന്നെയാണ്. ഒഞ്ചിയത്ത് നടന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അവിടെ അണികളാണ് ഇറങ്ങിപ്പോന്നത്. ഏതെങ്കിലും വ്യക്തിപ്രഭാവമുള്ള നേതാക്കളെ കണ്ടിട്ടായിരുന്നില്ല, ആശയപരമായ ഭിന്നത പൂര്‍ണാര്‍ഥത്തില്‍ ബോധ്യപ്പെട്ടായിരുന്നു ആ ഇറങ്ങിപ്പോക്ക്. മേഖലയിലെ ചില നേതാക്കളൊക്കെ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുകയും അണികള്‍ ഒന്നിച്ച് പുറത്തേക്ക് ഒഴുകുകയുമായിരുന്നു. അതു കൊണ്ടാവണം റെവല്യൂഷനറി പാര്‍ടിടയില്‍ നേതാക്കള്‍ കുറഞ്ഞത്. അണികള്‍ കൂടിയത്. എന്നാല്‍, ഇതിനൊരു ഗുണവശമുണ്ട്. നേതാക്കളെ മാത്രം ഭ്രമണം ചെയ്യുന്ന അവസ്ഥയില്‍, ആ നേതാക്കള്‍ ഇല്ലാതായാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥ വരും.

‘ഒഞ്ചിയത്ത് അത് നടക്കില്ല. അവിടെ നേതാക്കന്‍മാരേക്കാള്‍ പ്രധാനം അണികളാണ്. നേതാക്കളില്ലെങ്കിലും അവിടെ പാര്‍ട്ടി നിലനില്‍ക്കും. എത്ര കഷ്ടപ്പാട് അനുഭവിച്ചാലും സമവായത്തിന് ജനങ്ങള്‍ തയ്യാറാവില്ല’^സംസാരത്തിനിടെ, പെട്ടെന്ന് ടി.പി പറഞ്ഞു.

ഇപ്പോള്‍, ആ അവസ്ഥയാണ്. നേതാവ് ഇല്ലാതായി. എന്നാല്‍, നേതാവിനെ ഇല്ലാതാക്കിയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്ന ശതുക്കളുടെ വ്യാമോഹം ഇവിടെ നടക്കാന്‍ പോവുന്നില്ല. ടി.പി വിശ്വസിച്ചിരുന്നതുപോലെ, സ്വയം നിലനില്‍ക്കാന്‍ ഇവിടത്തെ മനുഷ്യര്‍ക്കാവുക തന്നെ ചെയ്യും. അതിനുള്ള ഊര്‍ജം പകരുന്ന സാന്നിധ്യമായിരിക്കും ടി.പിയുടെ ഓര്‍മ്മ.

 

photo courtesy: HAKSAR R.K


 

4
അസാമാന്യമായ ധീരതയായിരുന്നു ആ മനുഷ്യന്റേത്. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന സാധാരണ മനുഷ്യന്റെ മനസ്സായിരുന്നു ടി.പിക്ക്. ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. ഒരു ഭീഷണികളും വകവെച്ചിരുന്നില്ല.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എല്ലാവരും ആകെ പകച്ചു പോയിരുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ആ ആക്രമണത്തിന്റെ സ്വഭാവം ഞെട്ടിച്ചു കളഞ്ഞു. കണ്ണൂക്കര വെച്ചാണ് ജയരാജേട്ടന്‍ ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ആളുകളെ അകറ്റുക. കിട്ടുന്ന നേരം കൊണ്ട് ഇരയെ വെട്ടിനുറുക്കുക. ഇതായിരുന്നു രീതി. പകലായിരുന്നതു കൊണ്ടു മാത്രമാണ് ജയരാജേട്ടന്‍ അന്ന് രക്ഷപ്പെട്ടത്. അതാവണം ടി.പിക്കുനേരെയുള്ള ആക്രമണം രാത്രിയാക്കിയത്.

അന്ന്, ജയരാജേട്ടനെതിരായ ആക്രമണം സൃഷ്ടിച്ച ആഘാതത്തെ മറികടക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കിയത് ടി.പി ആയിരുന്നു. ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ആ മനുഷ്യന്റെ ഉജ്വലശേഷി ബോധ്യമായ ദിവസമായിരുന്നു അത്. ഇളക്കങ്ങള്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്താന്‍ ആ ശ്രമങ്ങള്‍ക്കായി. അതുകൊണ്ടുതന്നെയാണ്, അന്ന് ഒരാള്‍ പോലും പാര്‍ട്ടിവിട്ടു പോവാതിരുന്നതും.

അക്രമം കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ടി.പി എല്ലായ്പ്പോഴും പറഞ്ഞിരുന്നു. ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. പുറത്തുള്ളവരായിരുന്നു പലപ്പോഴും അക്രമികള്‍. ഒഞ്ചിയത്തെ സി.പി.എമ്മുകാര്‍ ചിലതൊന്നും അറിയാറുപോലുമുണ്ടായിരുന്നില്ല. അതിനാല്‍, പുറത്തുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒഞ്ചിയത്തുവെച്ച് പകരം വീട്ടുന്നതില്‍ കാര്യമില്ലെന്ന് ടി.പി പറഞ്ഞു.

ചില രാത്രികളില്‍ വടകരയെത്തുമ്പോള്‍ ടി.പിയെ കാണാറുണ്ട്. നാട്ടിലേക്കാണെന്ന് പറയുമ്പോള്‍ എന്നാല്‍, കയറിക്കോ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. ഒന്നിച്ച് നാട്ടിലേക്ക് പോവും. എന്നെ വീട്ടില്‍ ഇറക്കിയിട്ടേ ടി.പി വീട്ടിലേക്ക് പോവൂ.

ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല.

‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.

നല്ല ആരോഗ്യമുള്ള, അജാനബാഹുവായിരുന്നു ടി.പി സ്വന്തം ശരീരത്തെക്കുറിച്ച് നല്ല വിശ്വാസമുണ്ടായിരുന്നു. അത്രയെളുപ്പമൊന്നും ടി.പിയെ കീഴ്പെടുത്താന്‍ കഴിയില്ലെന്ന് ശത്രുക്കള്‍ക്കുമറിയാമായിരുന്നു. അതിനാലാവണം, അവര്‍ ആ മനുഷ്യനെ ഇതുപോലെ വെട്ടിനുറുക്കിയത്. ഇത്തിരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കില്‍ ടി.പി ഉണര്‍ന്നെണീക്കുമെന്ന് അവര്‍ ഭയന്നിരിക്കണം.

 

 
 

അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

23 thoughts on “ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

 1. ലാല്‍സലാം സഖാവെ….
  ഒഞ്ചിയം പാര്‍ടി udf കൂടാരത്തിലേക്കു ഒരിക്കലും കടന്നു പോകാതിരിക്കാന്‍ TP ടെ ആശയങ്ങള്‍ സഹായകമാകട്ടെ.

 2. നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടേ മനുഷ്യാ.

  ഇതൊരു മരണത്തെക്കുറിച്ച വേദന കലര്‍ന്ന കുറിപ്പാണ്. മരണത്തിനുപോലും തോല്‍പ്പിക്കാനാവാത്ത ഒരു
  കമ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ഒരു കാലം ഓര്‍ത്തെടുക്കല്‍.
  ഹിന്ദുത്വമനസ്സുമായെത്തിയ ഒരു പ്രിന്‍സിപ്പല്‍
  മടപ്പള്ളി കോളജില്‍ ഭഗവത്ഗീതാ ക്ലാസ് തുടങ്ങിയതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പ്ാണ് ആ കാലത്തെ തീവ്രമായ ഒരോര്‍മ്മ.
  അതോര്‍മ്മിക്കുമ്പോള്‍ നിങ്ങളെന്തിനാ പ്രാന്താവുന്നത്.
  പണ്ടു നടന്ന കാര്യം പറഞ്ഞ് ഇപ്പോള്‍ ശൂലവും പിടിച്ചുവരുന്നത് ആരെ പേടിപ്പിക്കാനാണ്?

  ഇവിടെ, വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നത് നിങ്ങളാണ്.
  മുഖത്തും തലയ്ക്കും അമ്പതിലേറെ ആഴമുള്ള മുറിവുകളുമായി അരുംകൊല ചെയ്യപ്പെട്ട ധീരനായ ഒരു മനുഷ്യന്റെ തീവ്രസ്മൃതികളാണിത്. ഇവിടെ വന്ന് വേണ്ട
  ഇമ്മാതിരി ഓക്കാനങ്ങള്‍.

 3. ലാല്‍സലാം… സ്വന്തം പാര്‍ടി ഗ്രാമത്തില്‍ പോലും നിറ തോക്ക് അരയില്‍ തിരുകാതെ പോകാന്‍ ധൈര്യം കാണിക്കാത്ത ഭീരു ക്കളായ കമ്മ്യൂണിസ്റ്റ്‌ മാടമ്പി മാരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല!…

 4. സഖാവ്‌ ടിപി യുടെ ഓര്‍മകള്‍ ശക്തി പകരട്ടേ……

 5. പടക്കളത്തില്‍ വെച്ച് പടനായകന്‍ പിന്‍വാങ്ങി….. ടി പി ചന്ദ്രശേഖരനെന്ന വിപ്ലവകാരിയുടെ വിയോഗം വരുത്തിവെച്ച ശൂന്യതയില്‍ തളര്‍ന്നുപോവാതെ പടനയിക്കാന്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് കഴിയട്ടെ… രാജ്യം പുതിയൊരു വിപ്ലവപ്രസ്ഥാനത്തെ ആവശ്യപ്പെടുന്നു… അവിടെ ടി പി യുടെ ഓര്‍മ്മകള്‍ ഊര്‍ജ്ജമാവട്ടെ… നന്മയുടെ… പോരാട്ടത്തിന്റെ…. പുതിയൊരു പ്രസ്ഥാനം ഇവിടെ ഉടലെടുക്കട്ടെ… പോരാട്ടങ്ങള്‍ പെയ്തിറങ്ങിയ ഒഞ്ചിയത്തിന്റെ മണ്ണില്‍ നിന്ന്…. മണ്ടോടി കണ്ണന്റെ സ്മരണയില്‍ നിന്ന്… ടി പി ബാക്കിവെച്ചുപോയ ആ സ്വപ്‌നം കേരളമാകെ.. ഇന്ത്യയാകെ… പടര്‍ന്ന് പന്തലിക്കട്ടെ… പ്രിയ സഖാവെ.. ലാല്‍ സലാം…

 6. “ജീവിക്കാന്‍ വേണ്ടി മരിച്ച ” ടി പി യുടെ പ്രോജ്വല ഓര്‍മയ്ക്ക് മുന്‍പില്‍ രണ്ടിറ്റു അശ്രു …..
  അക്രമ രാഷ്ട്രീയത്തിന് എന്നെങ്കിലും അറുതി വരുമെന്ന പ്രത്യാശയോടെ ……

 7. oru nalla comminist aya TP udea jalikkkunna oramakalkkumunpil adrangalikal…..ee kola rasteeyam nammudea nadintea andakan…………

 8. ethra manoharamaaya maranam…!oru dheera viplavakaariku ithilum nalla oru sammaanam kittaanilla… Vayarilakiyum patti kadichum buss idichum paamb kadichum cancer vannum attack vannum marikunna jana kodikalku idayil vishwasicha adarshathinte peril raktha saakshi aavuka…..athil param oru poraliku mattoru baagyam illa…! Konnu kalanjaal tholpichu kalayaam ennu karuthunna kannurile kayuthakalodu namuku sahathapikaam… oru naal ivane okke innu sindabad vilikunna anikal thanne puyutha pattiye kanaku thalli kollum… Kaalam saakshi

 9. Anoop, “ഒഞ്ചിയം പാര്‍ടി udf കൂടാരത്തിലേക്കു ഒരിക്കലും കടന്നു പോകാതിരിക്കാന്‍ TP ടെ ആശയങ്ങള്‍ സഹായകമാകട്ടെ.” –> സ്വന്തം ജീവനിലുള്ള പേടി കൊണ്ടാണ് സി പി എം വിടുന്ന മിക്കവാറും പേരും യു ഡി എഫില്‍ അഭയം പ്രാപിക്കുന്നത് അനൂപ്‌. എം വി ആറിനും സി പി ജോണിനും ഒക്കെ ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മുഖ്യധാരാ ഇടതുപക്ഷത്തിലോ യു ഡി എഫ് പാളയത്തിലോ അതുമല്ലെങ്കില്‍ ബി ജെ പിയിലോ അല്ലാതെ ഒരാള്‍ക്ക്‌, വിശേഷിച്ച് ഒരു മുന്‍ സി പി എം കാരന്, ഈ നാട്ടില്‍ ജനങ്ങളുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക എന്നത് എത്രമാത്രം ദുഷ്കരമാണ്, അസാധ്യമാണ് എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ കൊലപാതകം. അദ്ദേഹത്തെ തലശ്ശേരിയിലും കൂത്തുപറമ്പിലും പ്രചാരണത്തിന് പോലും പോവാന്‍ സമ്മതിച്ചിരുന്നില്ല ലോകസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത്. എം ആര്‍ മുരളിയും സെല്‍വരാജുമൊക്കെ (സെല്‍വരാജ് തന്നെ ആത്മഹത്യയേക്കാള്‍ മോശം എന്ന് പറഞ്ഞ) യു ഡി എഫിന്റെ കീഴില്‍ അഭയം തേടിയത് എന്തുകൊണ്ട് എന്നതിനുള്ള ഉത്തരവും ഒരുപക്ഷേ ഈ കൊലപാതകത്തിലുണ്ട്. അതിനും മുമ്പ് സ: കെ ആര്‍ ഗൌരി അടക്കം ഉള്ളവരും. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ട്‌ യു ഡി എഫ് ഇത് മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളൂ. അത് കഴിഞ്ഞാല്‍ യു ഡി എഫും എല്‍ ഡി എഫും ഒക്കെക്കൂടി ഈ കൊലപാതകത്തിന്റെ അന്വേഷണം ഒതുക്കിത്തീര്‍ക്കും എന്നാണ് കരുതേണ്ടത്. ചില കൊട്ടേഷന്‍ കൊലയാളികള്‍ പിടിയിലായാലും ആസൂത്രണം ചെയ്തത് ആരാണ് എന്ന് (അത് എല്‍ ഡി എഫ് ആയാലും യു ഡി എഫ് ആയാലും) പുറത്തുവരുന്ന കാര്യം സംശയമാണ്. മിക്കവാറും എല്ലാ സെക്കുലറുകളും കൂടി അത് ‘ന്യൂനപക്ഷ തീവ്രവാദി സംഘടന’കളില്‍ കെട്ടിവയ്ക്കും. റഫീക്ക് എന്നൊക്കെയാണല്ലോ പേരുകള്‍. വല്ല ദളിതനും ആയിരുന്നെങ്കില്‍ ഒരുപക്ഷേ ഡി എച് ആര്‍ എമ്മും പെട്ടേനെ!

  • അലോരസപ്പെടുത്തുന്ന ഒരു അരാഷ്ട്രീയ താരതമ്യം ഈ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌ സുദീപ്‌. ഒരു പക്ഷേ വ്യക്തിപരമായ ഖേദമായിരിക്കാം. പക്ഷേ ശെല്‍വരാജുമാരുടേയും എം ആര്‍ മുരളിമാരുടേയും അബ്ദുള്ളക്കുട്ടിമാരുടേയും സിന്ധുജോയിമാരുടേയും കൂട്ടത്തിലേയ്‌ക്ക്‌ ഒരു താരതമ്യം കൊണ്ടു പോലും ചന്ദ്രശേഖരെ തള്ളിയിടരുത്‌. മേല്‍പ്പറഞ്ഞവര്‍ യു.ഡി.എഫില്‍ ചേക്കേറിയത്‌ മരണഭയം കൊണ്ടാണെന്നുള്ളത്‌ -അഥവാ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടായിരുന്നു എന്ന്‌ പറയുന്നത്‌- ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയത്തെ അപമാനിക്കലാണ്‌. മരണത്തിന്‌ ശേഷം ഭയപ്പെടുത്തുന്ന ആവേശത്തോടെ കോണ്‍ഗ്രസുകാര്‍ പറന്നിറങ്ങുന്നത്‌ വരെ ചന്ദ്രശേഖരന്‍ അവരെ -രാഷ്ട്രീയമായി- അടുപ്പിച്ചിട്ടില്ല. അതിനുള്ള സാഹചര്യങ്ങള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും ആശയങ്ങളും മുദ്രവാക്യങ്ങളും ഒരു സുപ്രഭാതത്തില്‍ സ്വഭാവികമായി മറിച്ചിടാന്‍ ചന്ദ്രശേഖരന്‌ കഴിയില്ലായിരുന്നു. സി.പി.എമ്മുകാര്‍ മുന്‍ സി.പി.എമ്മുകാരും സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവരുമായ നേതാക്കളെ കൊല്ലുന്നത്‌ കൊണ്ടാണ്‌ പാര്‍ട്ടി വിട്ട പലനേതാക്കളും ബി.ജെ.പിയിലേയ്‌ക്കും കോണ്‍ഗ്രസിലേയ്‌ക്കും പോകുന്നത്‌ എന്ന ലളിത യുക്തിയാണ്‌ സുദീപ്‌ പറഞ്ഞുവയ്‌ക്കുന്നത്‌. (അഥവാ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന്‌ സംശയങ്ങളില്ല. പക്ഷേ അവസാനം `എല്‍.ഡി.എഫ്‌ ആയാലും യു.ഡി.എഫ്‌ ആയാലും’ എന്ന സംശയവും ഉള്‍പ്പെടുത്തിയിട്ടുണ്ട.്‌ സി.പി.എം ഇത്‌ ചെയ്യാന്‍ സാധ്യതയില്ല എന്നല്ല, പക്ഷേ സി.പി.എമ്മാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നുള്ള സൂചന ഉത്തരവാദിത്തരഹിതമായി പൊതുവേദിയില്‍ നമ്മള്‍ ഉന്നയിക്കുന്നത്‌ ശരിയാണോ?- അതുമറ്റൊരു കാര്യം. പാര്‍ട്ടി വിട്ട എത്രനേതാക്കളെ സി.പി.എം കൊന്നിട്ടുണ്ട്‌? എനിക്കറിയില്ല.). എം.വി.ആര്‍ മുതല്‍ ശെല്‍വരാജ്‌ വരെയുള്ളവര്‍ യു.ഡി.എഫിലെത്തിയത്‌ മരണഭയം കൊണ്ടാണെന്ന്‌ പറയുന്നത്‌ ഒരു തമാശയാകും. രാഷ്ട്രീയമില്ലാത്ത തമാശ.

   • മി ശ്രീജിത്ത്‌ താങ്കള്‍ കേരളത്തില്‍ തന്നെ ആണ് ജീവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു പാര്‍ട്ടി വിട്ട ആരെയാണ് സി പി എം ഇതുവരെ ആക്രമിക്കാതിരുന്നത് ചിലപ്പോ ഒരു ഗൌരി അമ്മ കാണും അത് ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടും സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടാല്‍ അവരുടെ കാലോ കൈയ്യോ മാത്രമേ വെട്ടി എടുക്കാരുല്ലു അത് അവര്‍ക്ക് പാര്ട്ടിവിട്ടത്തിന്റെ താക്കീതുമാത്രം ഇനി പാര്‍ട്ടി വിടുന്നവര്‍ക്കുള്ള താക്കീതും ചന്രശേഖരന്‍ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല ക്രൂരതയുടെയും ധാഷ്ട്യതിന്റെയും സിംഹാസനങ്ങളില്‍ കയറിയിരുന്ന പിനരായിമാരുടെ അടിത്തറ ഇളക്കാന്‍ ശക്തിയുള്ള ഒരു നേതാവ് അതാണ്‌ അദ്ധേഹത്തിന്റെ കൈയ്യോ കാലോ എടുക്കാതെ തല കൊയ്തത് ഇതിനെല്ലാം ഒരുനാള്‍ തിരിച്ചടി ഉണ്ടാകും അന്ധമായ പാര്‍ട്ടി വിധേയത്തം മാറ്റി ഒരു മനുഷ്യ ജീവിയെപോലെ ചിന്തിക്കൂ ഒരു മനുഷനാകൂ

 10. t p yude aasayangalkku orikkalum maranamillaa…
  lal salam sakhave lal salam….
  ethrayum krooramaya vidhi nadappakiyavare prabhudha keralam porukkulla

 11. കുറച്ചു മാത്രം അറിയാവുന്ന ടി പി എന്ന വ്യക്തിയുടെയും കമ്മ്യൂനിസ്ടിന്റെയും നഷ്ടം വല്ലാതെ വേദനിപ്പിക്കുന്നു…പിന്നില്‍ ഏതു കൈകളായാലും…ഇത് വേണ്ടായിരുന്നു …..

 12. പക്ഷേ സി.പി.എമ്മാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നുള്ള സൂചന ഉത്തരവാദിത്തരഹിതമായി പൊതുവേദിയില്‍ നമ്മള്‍ ഉന്നയിക്കുന്നത്‌ ശരിയാണോ?
  ———————————————————————————-

  ഒരു പൂവിനെ പോലും നുള്ളി നോവിക്കാന്‍ ഇഷ്ടപ്പെടാത്ത സി പി എമ്മിനെതിരെ ഇത്തരം “ഉത്തരവാദിത” രഹിതമായ ആരോപണം പൊതു വേദിയില്‍ ഉന്നയിക്കാമോ സുദീപേ?! ശ്രീജിത്ത്‌ കോപിക്കും!

  പിന്നെ ടി പി ചന്ദ്രശേഖരന്റെ ഗതിയായിരിക്കും ഉണ്ടാവുക, മാനത്ത് നിന്നും പൊട്ടി വീണ വടി വാള് മുഖത്ത് വീണു അറുപത് മുറിവുകലുണ്ടായി മരണപ്പെടും!

 13. എന്തൊരു ധീരത ……മരണവും ധീരതയോടെ ഏറ്റു വാങ്ങാന്‍ ഒരു പോരാളിക്ക് മാത്രമേ കഴിയൂ ……………. ആ ഓര്‍മ ഒരിക്കലും മായില്ലാ ………ഒരിക്കലും

  • ആത്മാര്‍ത്ഥത ഇല്ലാത്ത മുതലക്കണ്ണീര്‍ ആണ് സുഹൃത്തെ ഇത് . ഇത് Tp ടെ ആത്മാവ് ക്ഷമിക്കില്ല .
   കൊല്ലപ്പെട്ട ആളെയും കൊന്നവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന ലേഖനം . TP യെ കുറിച്ച് ഇത്രയും നന്നായി മനസ്സിലാക്കിയ ലേഖകന്‍ കൊലപാതകികളെ കുറിച്ച് മിണ്ടാതിരിക്കുന്നത് Tp യുടെ മുഖത്തെ 52 – ആമത്തെ വെട്ടായി കണക്കാക്കാം . എന്തിനീ മുതലക്കണ്ണീര്‍ . സത്യം പറയാന്‍ നട്ടെല്ല് ഇല്ലാത്തവന്മാര്‍ ഈ പണിക്കു ഇറങ്ങരുത് . അല്ലെങ്കില്‍ പരസ്യമായി CPM നു പേന ഉന്തണം. നിഷ്പക്ഷന്‍ ചമയരുത് .

 14. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി അല്ല .പക്ഷെ ഒഞ്ചിയത്തു വെട്ടേറ്റു മരിച്ച ടി.പി ചന്ദ്രശേഖരനെക്കുറിച്ച് ഉള്ള ഈ ലേഖനം വായിച്ചിട്ട് പറയാതിരിക്കാന്‍ വയ്യ – ലാല്‍സലാം സഖാവെ..

 15. As long as Pinarai and Kannur lobby is in control, such incidents and killing will recapitulate. Being a Keralite, we want to know why our ex home minister Kodiyeri and other party leaders such a Jyarajan gone to attend a marriage function in a criminal leader’s house. I feel ashamed that such stupid and anti social people are our leaders and led our government five years. When this goosy leaders can understand that they can only kill someone but can’t kill the questions they have asked. The questions being asked will always exist and repeat until it is been answered. Our impotent Kerala society is the reason to get courage for these criminals to show off. They threaten our society with a party label and we keep quit. It is must that people of kerala without any political and religious spectrum, come forward to show our companionship by candle light march every village to defeat the criminalization of politics. Otherwise be an impotent and tolerate every shouting of these political criminals. Lal Salam

 16. ലാല്‍ സലാം സഘാവേ.. അഭിമാനിക്കാം നമ്മുക്ക്, ടി പി ടെ കാലത്ത് ജീവിക്കാന്‍ സാദിച്ചതിനു. ഒരായിരം അഭിവാദ്യങ്ങള്‍ … എനിയെന്ഗിലും നിര്ത്തിക്കുടെ ഇ കൊലവേരി രാഷ്ട്രിയം .. രാഷ്ട്രിയം, രാഷ്ട്ര നന്മക്കു ആവണം അല്ലാതെ നാട് മുടിപ്പിക്കാന്‍ ആവരുത്. ഇതു അവസാന രക്ത സാക്ഷിയാവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം .. അല്ലാതെ എന്ത് ചെയ്യുവാന്‍ പറ്റും….

 17. njan oru congress karan anu.. ennalum.. t.p ye pole ulla oru nethavine njan kandittilla.. lal salm saghave..

 18. ശ്രീജിത്തിന്റെ കമന്റ് ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്. കൊന്നത് സി പി എം ആണ് എന്നല്ല, സി പി എമ്മും ആകാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സി പി എമ്മില്‍ നിന്നുള്ള ആക്രമണം പേടിച്ചുതന്നെയാണ് (ഇടയ്ക്ക് ആക്രമണത്തിന് ഇരകളായും) എം വി രാഘവന്‍, സി പി ജോണ്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വരെ സി പി എം വിട്ടുപോയവരെല്ലാം ജീവിച്ചിരുന്നത് എന്നും. അത് അരാഷ്ട്രീയമായ ഒരു കമന്റാണ് എന്ന് ഞാന്‍ കരുതുന്നില്ല. പലരും ടി പി യോട് പറഞ്ഞിരുന്നു, തല്ക്കാലത്തെയ്ക്കെങ്കിലും യു ഡി എഫ് പിന്തുണ സ്വീകരിച്ചില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെടും എന്നും ആക്രമിക്കപ്പെടാന്‍ നല്ല സാധ്യതയുണ്ട് എന്നും.

Leave a Reply

Your email address will not be published. Required fields are marked *