ലിപി കുത്തിവരയല്ല

ഓരോരുത്തരും അവരവരുടെ ഭാഷയിലെ അടിസ്ഥാന ശബ്ദങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ എല്ലാവരുടെയും ‘അ’യും ‘വ’യും ഒന്നു തന്നെ. പക്ഷേ, ഓരോരുത്തരും അവരവരുടെ അക്ഷരങ്ങള്‍ എഴുതിക്കാണിക്കുമ്പോള്‍ വേര്‍തിരിവുകള്‍ വ്യക്തമാവുന്നു. അറബി ആരാണെന്നും തമിഴനാരെന്നും മലയാളി ആരെന്നും അടയാളപ്പെടുത്തുന്നത് ഓരോരുത്തരുടെയും ലിപികള്‍ കൊണ്ടാണ്. അതു കൊണ്ടാണ് അക്ഷരങ്ങള്‍, അവയുടെ രൂപങ്ങള്‍ ഒരു ജനതയുടെ സ്വത്വം വെളിപ്പെടുത്തുന്ന ചിഹ്നങ്ങളാണെന്ന് പറയുന്നത്-മലയാള ഭാഷയുമായും ലിപികളുമായും ബന്ധപ്പെട്ട സംവാദം തുടരുന്നു.

ലിപികള്‍ വെറും കുത്തിവരകള്‍ മാത്രമെന്ന് പറയുന്ന ‘മംഗ്ലീഷ് കൊണ്ട് മരിക്കില്ല മലയാളം’ എന്ന ലേഖനത്തിന് ഒരു മറുവാദം. മലയാളത്തിന്റെ സമഗ്ര ലിപി സഞ്ചയത്തെ ടൈപ്പ് സെററിംഗില്‍ തിരികെ കൊണ്ടുവന്ന രചന അക്ഷരവേദിയുടെ പ്രവര്‍ത്തനങ്ങളിലും മീര ഫോണ്ട് അടക്കമുള്ള ആവിഷ്കാരങ്ങളിലും മുഖ്യപങ്കാളിയായ കെ.എച്ച്. ഹുസൈന്റെ ഇടപെടല്‍

 

 

വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തിലെ വ്യക്തികള്‍ ഏതു ദേശീയതയെ \ പ്രാദേശികതയെ പ്രതിനിധീകരിക്കുന്ന എന്നറിയാനുള്ള വഴി എന്താണ്? രൂപം, നിറം, ശബ്ദം, വസ്ത്രം, ആഹാരം, സംസാരം, സംഗീതം…ഒട്ടേറെ വഴികളുണ്ട്. ഇതില്‍ ഭാഷ പ്രഥമസ്ഥാനത്തുനില്‍ക്കുന്നു. ഓരോരുത്തരും അവരവരുടെ ഭാഷയിലെ അടിസ്ഥാന ശബ്ദങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ എല്ലാവരുടെയും ‘അ’യും ‘വ’യും ഒന്നു തന്നെ. പക്ഷേ, ഓരോരുത്തരും അവരവരുടെ അക്ഷരങ്ങള്‍ എഴുതിക്കാണിക്കുമ്പോള്‍ വേര്‍തിരിവുകള്‍ വ്യക്തമാവുന്നു. അറബി ആരാണെന്നും തമിഴനാരെന്നും മലയാളി ആരെന്നും അടയാളപ്പെടുത്തുന്നത് ഓരോരുത്തരുടെയും ലിപികള്‍ കൊണ്ടാണ്. അതു കൊണ്ടാണ് അക്ഷരങ്ങള്‍ , അവയുടെ രൂപങ്ങള്‍ ഒരു ജനതയുടെ സ്വത്വം വെളിപ്പെടുത്തുന്ന ചിഹ്നങ്ങളാണെന്ന് പറയുന്നത്.

കെ.എച്ച്. ഹുസൈന്‍

ലോകത്ത് ഏഴായിരത്തോളം ഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ത്തന്നെ, പത്തുശതമാനത്തോളം (ഏകദേശം എഴുന്നൂറോളം) ഭാഷകള്‍ക്കേ ലിപിയുള്ളൂ. ലിപിയില്ലാത്ത ഭാഷാജനതയെ തിരിച്ചറിയുന്നത് അതുകൊണ്ടുതന്നെ സങ്കീര്‍ണ്ണമാണ്. ലിപിയില്ലാത്ത ജനതകളുടെ അറിവുകള്‍ തലമുറകളിലേക്ക് പകരാന്‍ വാമൊഴികളാണ് ആശ്രയം രേഖപ്പെടുത്തിവെക്കാന്‍ അക്ഷരങ്ങളില്ലാത്തതിനാല്‍ അവയൊക്കെ എളുപ്പത്തില്‍ നശിച്ചുപോവുന്നു. ലോകസംസ്കാരത്തിന് അങ്ങനെ എത്ര അറിവുകളും ഉള്‍ക്കാഴ്ചകളും നഷ്ടപ്പെട്ടിട്ടുണ്ടാകണം?

അക്ഷരങ്ങള്‍ രൂപങ്ങള്‍ മാത്രമാണെന്നും ഉള്ളടക്കം പരമപ്രധാനമായതിനാല്‍ വാക്കുകളിലൂടെ, പ്രയോഗങ്ങളിലൂടെ, വാചകങ്ങളിലൂടെ രൂപംകൊള്ളുന്ന ആശയങ്ങള്‍ ഏതുവരകളുപയോഗിച്ച് രേഖപ്പെടുത്തിയാലും കുഴപ്പമൊന്നുമില്ല എന്നുമുള്ള ബോധത്തിന്റെ പോരായ്മ എവിടെയാണ്?അത്, KALAM എന്ന മംഗ്ലീഷിലുണ്ട്. ഇത് കലമോ, കളമോ, കാലമോ, കലാമോ? ധനവും ദാനവും വേര്‍തിരിക്കാന്‍ ലിപ്യന്തരണത്തില്‍ എത്ര സാഹസപ്പെടണം? ഇനി, മലയാളം മലയാള അക്ഷരങ്ങളിലെഴുതിയാലേ ആശയങ്ങളെ സമ്പുഷ്ടീകരിക്കാന്‍ കഴിയൂ എന്നാണെങ്കില്‍ , എന്തിനാണ് ‘അ’ ഇങ്ങനെ വളച്ചുകെട്ടി ആനപോലെ എഴുതുന്നത്. അതിന്റെ പകുതിയായാലും കാര്യം നടക്കില്ലേ?
(എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് സഞ്ജന്‍ എഴുതിയത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. ആ കുറിപ്പ് കാര്യങ്ങള്‍ കുറച്ചുകൂടി വിശദമാക്കും).

 

സഞ്ജയന്‍ 1938ല്‍ എഴുതിയ കുറിപ്പ്


 
 

സഞ്ജയന്‍ 1938ല്‍ എഴുതിയ കുറിപ്പ്. 2nd part

 

ലിപി പരിഷ്കരണം ചെയ്തത്
ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ നടന്ന ലിപിപരിഷ്കരണം കൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം തൊള്ളായിരത്തോളം വരുന്ന നമ്മുടെ അക്ഷരങ്ങളെ 90 ആക്കി കുറച്ചതാണ് എന്ന് കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. തമ്പാന്‍ അഭിമാനം കൊള്ളാറുണ്ട്. 1998ല്‍ അക്ഷരങ്ങളുടെ എണ്ണം വീണ്ടും കുറക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുക്കുകയുണ്ടായി. ‘മലയാളത്തനിമ’ എന്ന ആ സംരംഭത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: കേരളീയ സമൂഹം കമ്പ്യൂട്ടറിലൂടെ അതിവേഗം ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്ക്, നോളജ് സൊസൈറ്റിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു പ്രധാന പ്രതിബന്ധം നമ്മുടെ അക്ഷരങ്ങളുടെ വൈപുല്യമാണ്. അത് പഠിച്ചെടുക്കാന്‍ മലയാളിക്കുമാത്രമല്ല വിദേശികള്‍ക്കും കഴിയുന്നില്ല. അതിനാല്‍ , അക്ഷരങ്ങള്‍ ഇനിയും കുറക്കണം. ഭാഷയ്ക്ക് എന്തിനാണ് ‘‘ കാരവും ‘‘ കാരവും. ക് റ് ത് റി മം, ച ന് ദ് ര ന്‍ എന്നൊക്കെ ആയാല്‍ എന്തെളുപ്പം!

ഇതിനെതിരായാണ് ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ ‘രചന അക്ഷരവേദി’ രൂപം കൊള്ളുന്നത്. ‘നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി’ എന്നായിരുന്നു വേദിയുടെ മുദ്രാവാക്യം. എട്ടുനൂറ്റാണ്ടുകളായി രൂപംകൊള്ളുകയും 1823 മുതല്‍ ഒന്നര നൂറ്റാണ്ടോളം സുവ്യവസ്ഥിതമായി അച്ചടിയിലും എഴുത്തിലും നിലനില്‍ക്കുകയും ചെയ്തിരുന്ന മലയാളത്തിന്റെ പഴയ തനതുലിപി ആവിഷ്കരിക്കാനുള്ള സാങ്കേതികത കമ്പ്യൂട്ടറിനു കൈവന്നിരിക്കുന്നുവെന്നു് രചന വാദിച്ചു. രചന ഫോണ്ടും എഡിറ്ററും ഉണ്ടാക്കി മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയത്തെ ടൈപ്പ്സെററിംഗില്‍ തിരികെ കൊണ്ടുവന്നു. ഇനിയൊരിക്കലും പൂര്‍വ്വരൂപത്തില്‍ കാണാന്‍ കഴിയില്ല എന്നു കരുതിയ അദ്ധ്യാത്മ രാമായണവും സത്യവേദപുസ്തകവും (ബൈബിള്‍ ) തനതുലിപിയില്‍ അച്ചടിച്ചിറങ്ങി.
 

 

രചന അക്ഷരവേദി 1999ല്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അച്ചൂക്ക വരച്ച രേഖാചിത്രം


 

രചന ചെയ്തത്
‘രചന’ മാതൃഭാഷയില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. സാഹിത്യകാരന്മാരുടെയും ഭാഷാപ്രേമികളുടെയും നിര്‍ലോപമായ പിന്തുണ രചനയ്ക്ക് ലഭിച്ചു. ‘ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി അതിന്റെ ലിപി മാറ്റലാണ്’ എന്ന് എം.ടി എഴുതി. ‘ആഗോളവല്‍കരണത്തിന്റെ ഈ കാലഘട്ടത്തില്‍ നമ്മുടെ സാംസ്കാരിക സ്വത്വം സംരക്ഷിച്ചുനിര്‍ത്താനുള്ള അര്‍ത്ഥവത്തായ ശ്രമമാണ് രചന’ എന്ന് എം.എന്‍ വിജയന്‍ പ്രസ്താവിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിഷ്കരണശ്രമങ്ങള്‍ മൂലം നശിച്ചുപോകുമായിരുന്ന നമ്മുടെ ഭാഷാസാങ്കേതികതയുടെ ശരിയായ ദിശ നിര്‍ണ്ണയിച്ചത് രചനയാണ്. രചനയുടെ സമഗ്ര ലിപിസഞ്ചയത്തെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത മീര യൂണികോഡ് ഫോണ്ടാണ് ഇന്ന് മലയാളം ഓണ്‍ലൈന്‍ രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. മാതൃഭൂമിയുടെയും മംഗളത്തിന്റെയും ഓണ്‍ലൈന്‍ എഡിഷനുകളും ‘നാലാമിടം’ അടക്കം അനേകം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും രചനയുടെ സമഗ്ര ലിപിസഞ്ചയത്തിലാണ് പ്രസിദ്ധീകരിക്കുന്നത്.

 

Morse Code കുത്തും വരയും!


 

കുത്തും വരയും
രണ്ടു ചിഹ്നങ്ങള്‍ മാത്രമുള്ള ഒരു വിനിമയ സമ്പ്രദായം ലോകമാസകലം ഉണ്ടായിരുന്നു. ഡാഷും ഡോട്ടും ഉപയോഗിച്ചു് വിവരങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരു സിഗ്നലിംഗ് സിസ്റ്റം. കുത്തും വരയും ലിപി (?) കളായുള്ള ആ ഭാഷ (?)യുടെ പേര് മോഴ്സ് കോഡ് എന്നായിരുന്നു. ഒന്നര നൂറ്റാണ്ടോളം ലോകത്തിന്റെ മുക്കിലും മൂലയിലും കമ്പിയില്ലാകമ്പിയിലൂടെ (ടെലഗ്രാഫ്)വാര്‍ത്തകളെത്തിച്ചത് കമ്പ്യൂട്ടറിനുമുമ്പേ ആവിഷ്കരിച്ച ഈ ബൈനറി കോഡുകളായിരുന്നു. ഇന്റര്‍നെറ്റു വന്ന് ഈമെയില്‍ സാദ്ധ്യമായതോടെ മനുഷ്യന്റെ കമ്മ്യൂണിക്കേഷന്‍ സാങ്കേതികതയില്‍ നിന്ന് ഈ കുത്തും വരയും അപ്രത്യക്ഷമായി. എല്ലാവരും സ്വന്തം ലിപിയുപയോഗിച്ച് വാര്‍ത്തകള്‍ വിതരണം ചെയ്യാന്‍ ‍തുടങ്ങി. എന്തൊരെളുപ്പം എന്നു വിചാരിച്ച് ഒരു ജനതയും സ്വന്തം അക്ഷരങ്ങളെ കുത്തും വരയുമായി ലോപിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. അക്ഷരങ്ങളെ എങ്ങനെയെങ്കിലും കുത്തിവരച്ചാല്‍ മതി എന്നു ചിന്തിക്കുന്ന ഒരു തലമുറ ഭൂമിമലയാളത്തില്‍മാത്രമേ ജന്മമെടുത്തുള്ളൂ. ഇതിനു കുട്ടികളുടെമേല്‍ പഴിചാരിയിട്ടു കാര്യമില്ല. അക്ഷരങ്ങളെല്ലാം വെറും രൂപങ്ങളായതിനാല്‍ എങ്ങനെ വേണമെങ്കിലും വെട്ടാം വരക്കാം ചുരുക്കാം എന്ന ധാരണയുടെ പ്രഭവകേന്ദ്രം നമ്മുടെ പരിഷ്കരിച്ച ലിപിയാണ്. ഇനിയും ചുരുക്കണം എന്നു പറഞ്ഞ് നടക്കുന്ന ഒരു ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ ?

പരിഷ്കരണ ശ്രമങ്ങള്‍
ലോകഭാഷകളെ ഏകീകരിക്കാനും വൈവിദ്ധ്യം മൂലമുണ്ടാകുന്ന ഏടാകൂടങ്ങള്‍ മറികടക്കാനും ആധുനികകാലത്ത് ഏറെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എസ്പെരാന്റോ, ക്ലിംഗണ്‍ മുതലായ ‘നിര്‍മ്മിത ഭാഷകള്‍ ‘ (Constructed Languages) ഉദാഹരണം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ഇങ്ങനെ ചുരുങ്ങിയത് അഞ്ഞൂറെണ്ണമെങ്കിലുമുണ്ടായിട്ടുണ്ട് !

ഇംഗ്ലീഷ് ഭാഷയുടെ ലിപിയും സ്പെല്ലിംഗും പരിഷ്കരിക്കാനും ചുരുക്കാനും മഹാനായ ബര്‍ണാഡ്ഷാ നോബല്‍ സമ്മാനമായി ലഭിച്ച പണം നീക്കിവച്ച് ഒരു പ്രസ്ഥാനം തുടങ്ങി. സ്വന്തം കൃതികള്‍ പോലും അതില്‍ അച്ചടിപ്പിച്ച് മനുഷ്യരെക്കൊണ്ട് വായിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. (ഒരെണ്ണം പേരിനുണ്ട്. http://en.wikipedia.org/wiki/Shavian_alphabet , http://www.shawalphabet.com/history.html)

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജര്‍മ്മന്‍ ഭാഷയില്‍ ലിപി പരിഷ്കരണം തുടങ്ങിയത്. ശബ്ജങ്ങള്‍ക്കനുസരിച്ച് സ്പെല്ലിംഗ് ഋജുവും ഏകീകൃതവുമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആധുനിക തത്വശാസ്ത്രങ്ങളുടെ ഭാഷ എന്ന മഹോന്നത സ്ഥാനം അതോടെ ഇളകുമെന്ന് അവര്‍ വൈകാതെ മനസ്സിലാക്കി. ജനങ്ങള്‍ ശക്തിയായി എതിര്‍ത്തു. ഇപ്പോള്‍ അവരാ ശ്രമം ഉപേക്ഷിച്ചിരിക്കുന്നു. അക്ഷരങ്ങളുടെ ആകൃതിയും ഘടനയും വാക്കുകളുടേതു കൂടിയായിത്തീരുമെന്നും, വാക്കുകളാണ് ആശയങ്ങളുടെ വാഹകരെന്നുമുള്ള ലളിതമായ സത്യം മലയാളിയെപ്പോലെ ജര്‍മ്മന്‍കാരും അല്പകാലത്തേക്കു മറന്നു എന്നത് മലയാളിക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നു. (http://en.wikipedia.org/wiki/German_orthography_reform_of_1996#In_Germany)

 

രചന അക്ഷരവേദി 1999ല്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അച്ചൂക്ക വരച്ച രേഖാചിത്രം


 

രൂപവും മനുഷ്യനും
പുള്ളിമാന് പുള്ളിയില്ലെങ്കിലും പ്രകൃതിക്ക് വല്ല കോട്ടവും സംഭവിക്കുമോ? ഇല്ലെന്നു തന്നെ വെക്കുക. പക്ഷേ പുള്ളികളുടെയും വരകളുടെയും വര്‍ണ്ണങ്ങളുടെയും വ്യ്യത്യസ്തതകളും വൈചിത്ര്യങ്ങളുമില്ലാത്ത വിരസമായ ഒരു ലോകത്ത് മനുഷ്യന് സ്വപ്നങ്ങള്‍ ഉണ്ടാവില്ല. ഒരു ജീവിവര്‍ഗമെന്ന നിലയില്‍ അവന്റെ നിലനില്‍പ്പിന് അതോടെ അടിസ്ഥാനമില്ലാതാകും. രൂപം അവന് അത്രമേല്‍ ആവശ്യമാണ്. സ്വപ്നങ്ങളും അഭിലാഷങ്ങളും ക്ഷോഭങ്ങളും സാന്ത്വനങ്ങളും ദൈവങ്ങളും ഭാഷയിലൂടെ, അക്ഷരങ്ങളിലൂടെ ജനിക്കുന്നു, ജീവിക്കുന്നു. എന്റെ ഭാഷയില്‍ 9000 അക്ഷരങ്ങളുണ്ടെന്ന് ഒരു ചൈനക്കാരന്‍ അഭിമാനിക്കുന്നത് അതു കൊണ്ടാണ്. സ്വന്തം രൂപങ്ങള്‍ ത്യജിച്ച് റോമന്‍ അക്ഷരങ്ങളിലേക്ക് കുടിയേറിയ തുര്‍ക്കിക്കാരനും മലേഷ്യക്കാരനും ഫിലിപ്പീന്‍കാരനും ഇന്നു ഖേദിക്കുന്നത് മറ്റാര്‍ക്കും ആവിഷ്കരിക്കാന്‍ കഴിയാതിരുന്ന സ്വന്തം സൌന്ദര്യങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്താണ്.

മാതൃഭാഷയുടെ അക്ഷരരൂപങ്ങളെ കോട്ടംതട്ടാതെ സംരംക്ഷിക്കുന്നതില്‍ എല്ലാ ജനതയും ബദ്ധശ്രദ്ധരാണ്. ഈ രൂപങ്ങളുടെ ആകൃതിയും വടിവും സൌന്ദര്യവും നഷ്ടപ്പെട്ടാല്‍ സ്വന്തം സംസ്കാരത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. കാലിഗ്രാഫിയിലും ടൈപോഗ്രാഫിയിലും മനുഷ്യര്‍ നടത്തുന്ന സൌന്ദര്യാവിഷ്കാരങ്ങള്‍ ജീവിതത്തിന്റെയും പ്രകൃതിയുടെയും പാരമ്പര്യത്തിന്റെയും എത്രയെത്ര സമ്പന്നതകളെയാണ് വെളിവാക്കുന്നത്! മനുഷ്യന്‍ കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ കൊണ്ട് അടയാളങ്ങളില്‍ , ചിഹ്നങ്ങളില്‍ , ലിപികളില്‍ നടത്തിയ മഹത്തായ അന്വേഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും വമ്പിച്ച ശേഖരം http://www.omniglot.com/ ല്‍ ഉണ്ട്. ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിക്കുന്നത് ലിപിയെക്കുറിച്ചുള്ള ധാരണകള്‍ വിപുലീകരിക്കാന്‍ സഹായകമാകും.

 

രചന അക്ഷരവേദി 1999ല്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അച്ചൂക്ക വരച്ച രേഖാചിത്രം


 

അക്ഷരങ്ങള്‍ മരിക്കില്ല
യൂണികോഡ് ഭാഷാസാങ്കേതികതയുടെ നിറവില്‍ മലയാളം അതിന്റെ നഷ്ടപ്പെട്ട സമ്പന്നതയെ തിരിച്ചുപിടിക്കുന്ന ഒരു കാലമാണിത്. പന്ത്രണ്ടു വര്‍ഷത്തെ രചനയുടെ സാന്നിദ്ധ്യവും പ്രതിരോധങ്ങളും വഴി അച്ചടിയിലേക്ക് വ്യാപകമായി തനതുലിപി സംക്രമിക്കാനുള്ള വഴി ഒരുങ്ങിയിരിക്കുന്നു. ADOBE INDESIGN CS 6 യൂണികോഡില്‍ ഇറങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷുപോലെ അനായാസമായി തനതുലിപിയില്‍ ടൈപ് സെറ്റും പേജ് ലേഔട്ടും ചെയ്യാനുള്ള സൌകര്യമാണ് ഇതുമൂലം മലയാളത്തിനു കൈവന്നിരിക്കുന്നത്. 2015 ഓടെ പത്രങ്ങളും വാരികകളും തനതുലിപിയില്‍ അച്ചടിച്ചിറങ്ങും. പാഠപുസ്തകങ്ങളിലും നഷ്ടപ്പെട്ടുപോയ അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടും.

ലിപി ഒരു സംസ്കാര ചിഹ്നമാണ്
1999ല്‍ രചനാ സമ്മേളനത്തില്‍ ചിത്രജകുമാര്‍ പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തമാണ്. ‘ഒരു ഭാഷയുടെ എല്ലാ സാദ്ധ്യതകളെയും പ്രകാശിപ്പിക്കാന്‍ ഉതകുമ്പോഴാണ് അതിന്റെ ലിപിവ്യവസ്ഥ സമ്പൂര്‍ണ്ണമാകുന്നത്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട മലയാള ലിപി സമുച്ചയം ഈ നൂറ്റാണ്ടിലെത്തുമ്പോഴേക്കും കൂട്ടക്ഷരങ്ങള്‍ക്കും സ്വരചിഹ്നങ്ങള്‍ക്കും നിയതമായ വ്യവസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ട് സംതൃപ്തമായ സ്വയംപര്യാപ്തത കൈവരിച്ചു. ഈ ലിപിവ്യവസ്ഥയെ സംരക്ഷിച്ച് എഴുത്തിലും അച്ചടിയിലും ഒരുപോലെ ഉപയോഗിക്കുകയാണ് ഇന്ന് ആവശ്യം. ഇതിന് സഹായകമായ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്.
ലിപിയെ സംബന്ധിച്ച സൌന്ദര്യബോധം എല്ലാ ജനതകള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൌന്ദര്യം. അത് ഒരു സംസ്കാരചിഹ്നമാണ്. ചില സ്വേച്ഛാധിപതികള്‍ പൊതുലിപി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ രൂപപ്പെടുന്ന ഒന്നാണ്. അവയ്ക്ക് കാലകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യമല്ല’.

 

രചന അക്ഷരവേദി 1999ല്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അച്ചൂക്ക വരച്ച രേഖാചിത്രം


 

ദീപ ഷാജി എഴുതുന്നു:‘ബ്യാരി’പോലാവുമോ മലയാളം?

മുഹമ്മദ് കുട്ടി എഴുതുന്നു: Manglish കൊണ്ട് മരിക്കില്ല, മലയാളം

8 thoughts on “ലിപി കുത്തിവരയല്ല

 1. What are you trying to prove? Is it about the effects of the so called Manglish on the fate of our language or just the showcasing of your knowledge? Other than the development of the Unicode and the related issues, I couldn’t see anything in here.
  To write കാലം many people adopt this way – ‘kAlam’. If it is കളം you can write kaLam. I think this is a very well accepted way of using English scripts to write Malayalam.
  Agree that the writing was very informative, but deviated a lot from the subject. I have been reading many posts published here. Looks like there is no clear vision about what we call as Manglish. Is it writing Malayalam language using English alphabets or unnecessary usage (mixing of English words) of English where Malayalam would have been more appropriate? Can someone define this?
  If it is the second issue, then we need a cultural change. We need to develop a passion towards our language. There must be more chances to learn and understand the beauty of our language. And after all if someone decides to learn Malayalam in a proper way, he must be able to see a reason for doing it.
  Use of English letters to form Malayalam words is done only in electronic media or may be by those who doesn’t know the script and know the language. Those who don’t know Malayalam what is the other option to do a written communication? If I am sending a text message to someone who has the basic knowledge of English (the way each letter is pronounced) and has to effectively communicate a message, then the only option is Manglish. Is there anyone with a pen and paper and who knows proper Malayalam as well as English, writing Malayalam using English script – to show to some one who also knows both the languages?
  Manglish also is changing slowly. Is someone with proper English knowledge writes the word ഇവിടെ, he would surely use the form ïvide’. For എവിടെ it will be ‘evide’. But just look at the photo comments you generally see in Facebook – they write respectively ‘evide’ and ‘avide’. They have adopted the real pronunciation of the single letters ‘e’ and ‘a’.
  I know there are ways of using the Unicode system in Facebook, Gmail etc. but how many would take the pain to do it? Also most of the mobile interfaces don’t provide this facility.
  As long as we do not purposely ignore the script and defame our language I feel Manglish (using English Scripts to write Malayalam Words) is fine and it will not kill the language.

  • മംഗ്ലീഷ് ഉപയോഗത്തെ കുറിച്ചലല്ലോ ഹുസൈന്‍ സര്‍ പറഞ്ഞത്,ലിപികള്‍ കേവലം കുത്തിവരകളാണ് എന്ന അഭിപ്രായത്തെ എതിര്‍കുകയല്ലേ ചെയ്തത്.ലിപികളുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയല്ലേ ചെയ്തത്.എന്തെങ്കിലും ഒരു കുറ്റം കണ്ടെത്തണം എന്ന അതിയായ ആഗ്രഹം മാറ്റിവെച്ചു ലേഖനം നന്നായി വായിക്കൂ….

   • മംഗ്ലീഷ് കൊണ്ട് മലയാളം മരിക്കില്ല എന്നാ ലേഖനത്തിനു മറുവാദം എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങിനെ എഴുതിയത്. As I said in the beginning, this is a very narrative description of the development of unicode. I never tried to defame Mr. Hussain, but tried to clear my doubts. BTW, can you derfine what is Manglish? That also was a question I raised.

  • It was through Roman transliteration of Indian scripts the ancient knowledge of Indian civilisation came to be known to Europeans and there by to the world. The accepted scheme of Hunterian transliteration which is standardized for all Indian scripts is built up with diacritical marks. (http://acharya.iitm.ac.in/multi_sys/translit_scheme.php , http://en.wikipedia.org/wiki/Hunterian_transliteration. )

   Usage of Malayalam Transliteration with English alphabets started widely in Kerala in the late 1990s with the automation of academic libraries. By 2000 there were 52,000 titles published in Malayalam but no s/w packages were available to build up electronic catalogues using Malayalam script. Most of the college libraries are shelving more than 10,000 Malayalam titles. They all built up their information retrieval system with English letters using packages like LibSys using ASCII encoding, but none have used a standard scheme for transliteration. Since these packages can not process diacritical marks they used KALAM for kalam, kaLam, kaalam, kalaam (as Mr. Antony differentiates). The ultimate result was chaotic since the reader doesn’t know how a word was input in the database. Often his query missed the retrieval of bibliographic information even if the titles sought after were present in the system. The situation is fast changing, thanks to Unicode (http://www.malayalagrandham.com ). University libraries are planning to migrate to Unicode based Koha.

   In day today communications mobile messages are constructed using English letters. Even without a standardized scheme people, especially new generation can communicate with Manglish words. Mobile operating systems, especially Android are trying best to create a natural processing system for Malayalam/ Indian scripts. Hope we will invent a painless input system with T9 method so that we will escape from Manglish ‘WORDS’ for ever.

   Manglish as a KEYBOARD will prevail. For those who are acquainted with English QWERTY keyboard will find it effortless for inputting Malayalam characters. Professional data entry operators working in nearly ten thousand DTP centers in Kerala will use only Inscript keyboard while students and teachers will prefer transliteration keyboards like Varamozhi, Mozhikeyman, SwanaLekha, etc. Whatever the input methods, the ultimate result is Malayalam characters and in the coming years it will be the original/ Old script.

 2. ലിപിയില്ലാത്ത ജനതകളുടെ അറിവുകള്‍ തലമുറകളിലേക്ക് പകരാന്‍ വാമൊഴികളാണ് ആശ്രയം രേഖപ്പെടുത്തിവെക്കാന്‍ അക്ഷരങ്ങളില്ലാത്തതിനാല്‍ അവയൊക്കെ എളുപ്പത്തില്‍ നശിച്ചുപോവുന്നു. ലോകസംസ്കാരത്തിന് അങ്ങനെ എത്ര അറിവുകളും ഉള്‍ക്കാഴ്ചകളും നഷ്ടപ്പെട്ടിട്ടുണ്ടാകണം?

  ഈ പറഞ്ഞത് വളരെ ശരിയാണ്. വളരെന്‍ നല്ലൊരു ലേഖനം ayirinnu

 3. Why Malayali turned out to be so unique in the world community?
  The story of ‘chaiwala’ who was waiting there at the mountain top for Tensingh and Hillary, the story of another tea shop owner who was waiting on moon top for Neil are not just a joke. It shows the malayali psyche by which he can adapt to any situation, any language, any geography…
  Why other-language-people are not so versatile like this?
  There is a wonderful reason:
  When I started counting the different types of letters and their new and old forms, we stand with hundreds of letters. (Hussain Sir’s article says it was 900 earlier! It’s a news to me. And the linguists wanted to cut it short…….great!!!!)
  This gives any kid a wide basement for language studies. Once he becomes thorough with malayalam he can easily construct another language house on this basement. When the new languages are of 26 alphabets (English) and 29 alphabets (Arabic), it becomes very easy for him.
  But on the other hand if a kid is taught a language of 26 alphabets first, it will be very difficult for him to make room for such a language like malayalam with many number of letters. He will not like it. Rather he will hate it.
  That is the reason why malayalees can be seen at Congo, Mexico, Japan…. you name it. That is the reason this beautiful land accepted any religion, any languge, any race. That is why we co-inhabited with such diverse cultures, beliefs etc.,
  If we disinherit this legacy we will lose the capacity to absorb and understand others. That has been our virtue, tradition and strength. If we don’t take care of the language we shall perish like others who lost their identity. An identity is epoch-old. Losing that is something like peeling out the skin and be vulnerable to any social ailment.

 4. ഹുസൈന്‍,
  എല്ലാം നോട്ട് ചെയ്തിട്ടുണ്ട്. നേരില്‍ കാണുമ്പോള്‍ പറയാം. പണ്ട് ജോണ്‍ പറഞ്ഞത് ഓര്‍മ്മയില്ലേ?

  കാടി

Leave a Reply to Antony Cancel reply

Your email address will not be published. Required fields are marked *