ഹൈറേഞ്ചിന് ഒരു ജലസ്മാരകം

ചെറുതും വലുതുമായി ഇരുപതിലധികം ഡാമുകളുണ്ട് ഹൈറേഞ്ചില്‍. കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച തടയണകളും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ക്കും കൃഷിക്കും ഉല്ലാസത്തിനുമായി നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണികളുമുണ്ട്. സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു. ജലമൂറിവരുന്ന വഴികളിലെ വനങ്ങളും അടിക്കാടുകളും ചോലകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പഴയതുപോലെ ഒഴുകില്ല ഒരു പുഴയും-ഹൈറേഞ്ചിലെ ജീവിതവും സംസ്കാരവും നട്ടുനനച്ച ജലാശയങ്ങളുടെ അകാല മരണങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു
 

 

ഹൈറേഞ്ചിലേക്കുള്ള രാത്രിവണ്ടിക്ക് പുറപ്പെട്ടു. വീട്ടിലെത്തുമ്പോള്‍ സമയം മൂന്നുമണി. രാത്രിപോലും തണുപ്പ് പുതച്ചുറങ്ങുന്ന ഏപ്രിലിലെ ഒരു വെളുപ്പാന്‍ കാലം. മുറിയില്‍ ഉറക്കം വരാതെ കിടന്നു. പുറത്ത് കാറ്റനക്കങ്ങള്‍. ഇലകള്‍ കൊഴിയുന്നതിന്റെ ഇരമ്പങ്ങള്‍. ദൂരെ അകാലത്തിലുണര്‍ന്നുപോയ ചെറുകിളികളുടെ കരച്ചില്‍. ചിരപരിചിതമായ ഏതോ ശബ്ദത്തിനായി കാതുകള്‍ പരതി. കേള്‍ക്കുന്നില്ല…

ജനാലകള്‍ തുറന്നുവച്ചു. നേര്‍ത്ത തണുപ്പ്. ചെവി വട്ടം പിടിച്ചു. കേള്‍ക്കുന്നില്ല… കൈലാസപ്പാറ മലമുകളില്‍ നിന്ന് ഒരു നീര്‍ച്ചാലായി പുറപ്പെട്ട്. ഒരുപാട് നീരുറവകളിലൂടെ കനംവച്ച് കാടകങ്ങളിലൂടെ, മലഞ്ചെരിവുകളിലൂടെ, വീട്ടു തൊടിയിലൂടെ ഒഴുകി തിടംവച്ച് ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടിന് മുകളിലൊരു കൊച്ചു തടാകമായി ചുറ്റി കീഴോട്ട് കുത്തനെ പതിക്കുന്ന ഒരു നീര്‍ച്ചോലയുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിനെ രണ്ടായി പകുത്ത് വളഞ്ഞൊഴുകി മമ്മുക്കണ്ണന്റെ മുറ്റത്തിറമ്പിലൂടെ ഊളിയിട്ട് കോമ്പയാര്‍ ആറ്റില്‍ പതിക്കുന്ന ഒരു നെടുനെടുങ്കന്‍ തോട്. പാറക്കെട്ടില്‍ നിന്നും വെള്ളം കീഴോട്ട് കുത്തിവീഴുന്നതിന്റെ ഇരമ്പം വര്‍ഷം മുഴുവന്‍ കേള്‍ക്കാമായിരുന്നു.

വീട്ടില്‍ വിരുന്നിനെത്തുന്ന പുറമേക്കാര്‍ ഏറെ നേരം ഈ ശബ്ദത്തെ ചെവികൊണ്ടും കണ്ണുകൊണ്ടും പിന്തുടരും ഉത്തരം കിട്ടാതെ ഒടുവില്‍ തിരക്കും – അതെന്താണൊരു ഇരമ്പല്‍….?’

അതാ തോട്ടിലെ വെള്ളച്ചാട്ടം… എന്ന് അനായാസമായി പറയാനും മാത്രം വിസ്മയ രഹിതമായിരുന്നു ഞങ്ങള്‍ക്ക് ആ ഇരമ്പം. വര്‍ഷകാലത്ത് കനത്തും വേനല്‍ കാലത്ത് നേര്‍ത്തും ജലത്തിന്റെ ശബ്ദസാന്നിധ്യം.

പഴായിപ്പോയ കാര്‍ഷിക പരീക്ഷണങ്ങള്‍ക്കും മക്കളുടെ വിദ്യഭ്യാസത്തിനും പെണ്‍മക്കളുടെ കല്യാണത്തിനും അച്ഛന്റെ തന്നെ ചികിത്സക്കുമായി പലപ്പോഴായി ഭൂമി മുറിച്ചു വിറ്റപ്പോള്‍ ഞങ്ങളുടെ തോട് മറ്റാരുടെയൊക്കയോ പറമ്പിലൂടെ ഒഴുകി. നിലക്കാത്ത ശബ്ദസാന്നിധ്യത്താല്‍ ജലഭരിതമായിരുന്നു അപ്പോഴും രാപ്പകലുകള്‍.

ആ ശബ്ദമാണ് നിലച്ചിരിക്കുന്നത്.

അമ്മ പറഞ്ഞത്: മഴക്കാലത്ത് ഒഴുക്കുണ്ട്. ഒരാഴ്ച വെയിലു തെളിഞ്ഞാല്‍ വറ്റിപ്പോകും. ഇപ്പോ പഴയതുപോലെ ഒച്ചയൊന്നും കേള്‍ക്കാനില്ല…തോടുതന്നെ ചെറുതായി…. ഒരു നൂലുപോലെ….

പണ്ട് മഴക്കാലത്ത് തോട് നിറഞ്ഞ് കവിഞ്ഞുപോകും. കവിഞ്ഞൊഴുകിയ വെളളം കണ്ടത്തില്‍ നിറഞ്ഞ് ചിറയാകും. വെള്ളം കലക്കല്‍മാറി തെളിനീരാകും. മുട്ടറ്റം വെള്ളത്തില്‍ കണ്ടത്തിലൂടെ ഇറങ്ങിനടക്കുമ്പോള്‍ ചെറുമീനുകള്‍ മിന്നിമറയും. വര്‍ഷകാലത്ത് ആറ്റില്‍ നിന്നും ഈ തെളിനീരൊഴുക്കിലൂടെ വലിയ മീനുകള്‍ മുകളിലേക്ക് കയറിവരും. നാട്ടു ഭാഷയില്‍ ഊത്ത കേറുക എന്നാണ് പറയുന്നത്. വരാലും കൂരിയും മുഷിയും തോട്ടില്‍ നിന്നും കണ്ടത്തിലേക്ക് ഊളിയിടും. ഊത്ത പിടിക്കാന്‍ കുട്ടികളും മുതിര്‍ന്നവരുമിറങ്ങും. ഒരു മീനുല്‍സവമായിരുന്നു അത്.

 

പാമ്പാറിലെ ശേഷിക്കുന്ന ജലസാന്നിധ്യം. ഫോട്ടോ: കെ.പി ജയകുമാര്‍


 

ആറിന്റെ ചിത
ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കുന്ന ആറ്റിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം നീന്തിക്കളിച്ചത്.

കമ്പം മെട്ട് മലഞ്ചെരിവുകളില്‍ രണ്ടിടങ്ങളില്‍ നിന്നും പുറപ്പെടുന്ന രണ്ടാറുകള്‍ കൂട്ടിമുട്ടുന്ന സ്ഥലമാണ് കൂട്ടാര്‍. ആ പുഴ തൂക്കുപാലം വഴി ചുറ്റി മുണ്ടിയെരുമയിലൂടെ ഒഴുകി താന്നിമൂടിന് കിഴക്ക് കോമ്പയാറുമായി ചേരുന്നു. ഈ സ്ഥലമാണ് രണ്ടാറുമുക്ക്. അല്പം മുതിര്‍ന്നു കഴിയുമ്പോള്‍ കുട്ടികളുടെ കുളിക്കമ്പങ്ങള്‍ രണ്ടാറുമുക്കിലേക്ക് മാറും. ഞാനും ചേട്ടനും ഷാജിയും നൌഷാദും വിജയനും സുരേഷും എത്രയോ മധ്യവേനലുകള്‍ അലഞ്ഞുതീര്‍ത്തത് ഈ ആറ്റിറമ്പത്തായിരുന്നു.

ഈ ആറിന് കുറുകെ നീന്താന്‍ എത്രയോ തവണ മല്‍സരം നടന്നിട്ടുണ്ട്. നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയ കാലത്ത് രണ്ടാറുമുക്കിലെ നിലയില്ലാക്കയത്തില്‍ ചേട്ടനും കൂട്ടുകാരും മല്‍സരിച്ച് നീന്തുമ്പോള്‍ എനിക്ക് ആവേശം പിടിച്ചുനിര്‍ത്താനായില്ല. അവര്‍ക്കൊപ്പം ഞാനും കുതിച്ചു ചാടി. ആറിന്റെ അടിത്തട്ടോളം മുങ്ങിച്ചെന്ന് ശ്വാസം നിലച്ച് വെള്ളം കുടിച്ച് കണ്ണുകള്‍ തുറിച്ചു. കൂട്ടുകാരുടെ നിലവിളികളെ വകഞ്ഞുമാറ്റി കുതിച്ചെത്തി തലമുടിയില്‍ കുച്ചിപ്പിടിച്ച് കരയോളം നീന്തയത് നൌഷാദാണ്. പാറമേല്‍ മലത്തിക്കിടത്തി വായില്‍ വിരലിട്ട് വെള്ളം ഛര്‍ദ്ദിപ്പിച്ചും എടുത്ത് കുടഞ്ഞും കൂട്ടുകാര്‍ ശ്വാസം തിരിച്ചു തന്നു. ഇരുപത്തിയഞ്ച് വര്‍ങ്ങള്‍ ഈ വഴിയിലൂടെ ഒഴുകിപ്പോയിട്ടുണ്ട്. ഇന്ന് അതേ കയത്തിന്റെ സ്ഥാനത്ത്, ജലസ്പര്‍ശമില്ലാത്ത മിനുത്ത പാറയിലൂടെ ആറിന്റെ ശ്മാശാനം മുറിച്ചു കടക്കുമ്പോള്‍ ഒരു കുട്ടിക്കാലം ദാഹിച്ചു പൊരിഞ്ഞു.

 

ജലസംഭരണിക്കടുത്ത് ശുഷ്കിച്ച നിലയില്‍ കല്ലാര്‍. ഫോട്ടോ: കെ.പി ജയകുമാര്‍


 

ജലസ്മാരകം
കല്ലാറ്റിലായിരുന്നു അമ്മാവന്റെ വീട്. പുഴക്കരയില്‍. ഞാനും ചേട്ടനും ഇടക്കൊക്കെ അമ്മാവന്റെ വീട്ടില്‍ പോകും. പുഴയുടെ ഇരുകരയിലും നിറയെ പൈന്‍ മരങ്ങളാണ്. പിടിമുറ്റാത്ത കൂറ്റന്‍ മരങ്ങള്‍. ഇടക്കിടെ ആറ്റുവഞ്ചിയും (ഒരു മരത്തിന്റെ പേര്) ഞാവലുമുണ്ട്. നട്ടുച്ചക്കും വെയിലിറങ്ങാത്ത ചോലകളുണ്ട്. ചോല നീന്തി മറുകരയെത്തിയാല്‍ വള്ളിപ്പടര്‍പ്പാണ്. പൈന്‍മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടര്‍പ്പുകളില്‍ മക്കും കാ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ഒരു വള്ളിക്കായ ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത് മാംസളമായ ഭാഗം പൊളിച്ചു കളഞ്ഞാല്‍ കൈവെള്ളയുടെ വട്ടത്തില്‍ കാപ്പിനിറത്തില്‍ മിനുസമുള്ള ഒരു കായ കിട്ടും. അത് ഉണക്കിയെടുത്താണ് പെണ്‍ കുട്ടികള്‍ അക്കു കളിക്കാന്‍ ഉപയോഗിച്ചത്. ഈ കായ കല്ലില്‍ ഉരസി ചൂടുപിടിപ്പിച്ച് ചന്തിയില്‍ വെച്ച് പൊള്ളിക്കുന്നതായിരുന്നു ആണ്‍കുട്ടികളുടെ വിനോദം.

പൈന്‍മരത്തില്‍ കല്ലുകൊണ്ട് ഇടിച്ച് കറവരുത്തും. പിറ്റേന്ന് ചെല്ലുമ്പോള്‍ ആ കറ ഉണങ്ങി കട്ടിപിടിച്ചിരിക്കും. അതാണ് കുന്തിരിക്കം. വൈകുന്നേരങ്ങളില്‍ പുഴക്കരെ വീടുകളില്‍ കുന്തിരിക്കം മണത്തു. ഇടുക്കി ജലവൈദ്യുത പദ്ധതിയിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ എല്ലാ നീരൊഴുക്കുകള്‍ക്കും കുറുകെ ഡാമുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി അക്കാലത്താണ് വരുന്നത്. പടിഞ്ഞാറോട്ടൊഴുകി തൂവലിലെ വെള്ളച്ചാട്ടത്തില്‍ പതിച്ച് പതഞ്ഞൊഴുകിപ്പോയിരുന്ന കല്ലാറിനെ അണകെട്ടിനിര്‍ത്താനും ഗതി തിരിച്ചുവിട്ട് തുരങ്കം വഴി ഇരട്ടയാറ്റിലെത്തിക്കാനുമായിരുന്നു പദ്ധതി. ഇരട്ടയാര്‍ ഡാമില്‍ എത്തിച്ചേരുന്ന മറ്റ് പുഴകളെയെല്ലാം ചേര്‍ത്ത് അഞ്ചുരുളിയിലെത്തിക്കുന്നതോടെ ഇടുക്കി പദ്ധതിയുടെ റിസര്‍വോയര്‍ നിറയുന്നു.

 

കല്ലാര്‍ ജലസംഭരണി. ഫോട്ടോ: കെ.പി ജയകുമാര്‍


 

എല്ലായിടത്തും വെള്ളിവെളിച്ചം. നാടിന് വികസനം. ആറിന് ഇരുകരയിലും താമസിച്ചിരുന്നവരെ കുടിയിറക്കി. ആറ്റുതീരത്ത് താല്‍ക്കാലിക ഷെഡ്ഡുകള്‍ നിരന്നു. കമ്പികള്‍, സിമന്റുകള്‍,സിമന്റ് കൂട്ടുന്ന യന്ത്രങ്ങള്‍, പാറതുരക്കുന്ന പടുകൂറ്റന്‍ യന്ത്രങ്ങള്‍, പൊടിഞ്ഞു വീഴുന്ന കല്ലുകള്‍ ദൂരെ ദിക്കിലേക്ക് കൊണ്ടുപോകാന്‍ ടിപ്പര്‍ ലോറികളുടെ നീണ്ട നിര. ഡാം പണി പൂര്‍ത്തിയാകുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ള ജലനിരപ്പിനെ മുന്‍കൂട്ടി കണ്ട് ഇരുവശങ്ങളിലുമുള്ള റോഡുകള്‍ക്ക് ഉയരം കൂട്ടാന്‍ പ്രത്യേക പദ്ധതി.

കല്ലാറ്റില്‍ നിന്നും ഇരട്ടയാര്‍വരെ അഞ്ചാറ് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്നെടുത്ത് പാറക്കല്ലുകള്‍കൊണ്ടാണ് താന്നിമൂട് കല്ലാര്‍ റോഡിന്റെ ഉയരം കൂട്ടിയത്. പുഴയുടെ ഇരുകരയിലുമുള്ള വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രത്യേക പദ്ധതിവന്നു. കൂറ്റന്‍ പൈന്‍ മരങ്ങള്‍ നിലം പൊത്തി. മരങ്ങള്‍ വലിച്ചുകയറ്റാന്‍ ആനകള്‍വന്നു. മരങ്ങളുടെ ശവഘോഷയാത്രയിലെന്നപോലെ ലോറികല്‍ നിരന്നു കിടന്നു.

വര്‍ഷങ്ങളിലൂടെ കല്ലാറിന്റെ ഇരുകരകളും തരിശാക്കപ്പെട്ടു. ആളുകളും മരങ്ങളും ഒഴിഞ്ഞുപോയി. ഡാമിന്റെ പണി പൂര്‍ത്തിയായി. ജലം വന്നുനിറഞ്ഞു. കവിഞ്ഞുനില്‍ക്കുന്ന ജലസംഭരണികാണാന്‍ സ്കൂളുകളില്‍ നിന്നും പഠനയാത്രകളായി കുട്ടികള്‍വന്നു. വര്‍ഷകാലത്ത് കവിഞ്ഞും വേനലില്‍ നിറഞ്ഞും ഒഴുകിയ പുഴയുടെ കാലം വേഗം കഴിഞ്ഞുപോയി.

നോക്കിനില്‍ക്കെയാണ് കല്ലാര്‍ വരണ്ടുണങ്ങിയത്. കാടുപിടിച്ച് കിടക്കുന്ന ഒരു ചതുപ്പാണ് ഇന്നത്തെ കല്ലാര്‍ ജലസംഭരണി. തോടുകളും നീരൊഴുക്കുകളും വറ്റിപ്പോയ ഹൈറേഞ്ചിന് ഒരു ജലസ്മാരകം.

 

കല്ലാര്‍ പാലം. ഫോട്ടോ: കെ.പി ജയകുമാര്‍


 

ജലത്തിന്റെ കറകള്‍
ചെറുതും വലുതുമായി ഇരുപതിലധികം ഡാമുകളുണ്ട് ഹൈറേഞ്ചില്‍. കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച തടയണകളും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ക്കും കൃഷിക്കും ഉല്ലാസത്തിനുമായി നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണികളുമുണ്ട്. സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു. ജലമൂറിവരുന്ന വഴികളിലെ വനങ്ങളും അടിക്കാടുകളും ചോലകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പഴയതുപോലെ ഒഴുകില്ല ഒരു പുഴയും.

ഹൈറേഞ്ചിന്റെ സംസ്കാരം മുളപൊട്ടിവളര്‍ന്നത് രണ്ട് നദീ തീരങ്ങളിലാണ്. സഹ്യഗിരിയില്‍ ഉത്ഭവിച്ച് വിവിധ നീരൊഴുക്കുകളിലൂടെ കനം വച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന പെരിയാറിന്റെയും കിഴക്കന്‍ മലകളില്‍ നിന്നും മറയൂര്‍ തടംവഴി കൂടുതല്‍ കിഴക്കോട്ടൊഴുകി തമിഴത്തേക്ക് പരക്കുന്ന പാമ്പാറിന്റെയും തീരത്താണ് ആദിമ ജനത പാര്‍പ്പുറപ്പിച്ചത്. ഈ രണ്ട് നദികളുമായി ഇഴചേര്‍ന്ന് വികസിച്ചതാണ് സഹ്യഗിരിയുടെ ഗോത്ര ചരിത്രവും നാഗരികതയും. കൈവഴികളിലോരോന്നിലും അണകെട്ടി നീര്‍മുട്ടിച്ചതാണ് പെരിയാറിന്റെ ദുരന്തം. പെരിയാറിന്റെ ബാക്കിയായ നീരൊഴുക്കിലേക്ക് നഗരവ്യവസായ മാലിന്യങ്ങള്‍ വിഷം തുപ്പുന്നു. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നും അല്ല പുതിയ ഡാം വേണമെന്നുമുള്ള തര്‍ക്കത്തിനിടയില്‍ അവശേഷിക്കുന്ന പെരിയാറിന്റെ ജൈവഭൂപടം അന്ത്യവിധികാത്ത് കിടക്കുകയാണ്.

മറയൂര്‍ കോവില്‍ കടവ് തെങ്കാശിനാഥന്‍ കോവിലിന് പുറത്ത് മതില്‍ക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ജൈനവിഗ്രഹം ഫോട്ടോ: കെ.പി ജയകുമാര്‍

മറയൂര്‍ തടത്തിലൂടെ കിഴക്കോട്ടൊഴുകുന്ന പാമ്പാറിന്റെ തീരത്താണ് മധ്യശിലായുഗത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. കേരളത്തിന് ലോക ശിലായുഗ ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ഹൈറേഞ്ചാണ്. കേരളത്തില്‍ ശിലായുഗ മനുഷ്യര്‍ ഉണ്ടായിരുന്നില്ല എന്ന ധാരണയെ തിരുത്തിക്കൊണ്ടാണ് ഹൈറേഞ്ചിന്റെ കിഴക്കന്‍ ഭൂപ്രദേശമായ മറയൂരില്‍ മധ്യശിലായുഗ കാലത്തെ മനുഷ്യവാസ സൂചനകള്‍ കണ്ടെത്തിയത്. ചരിത്രാതീത ഗോത്രസ്മരണകളും ബുദ്ധ ജൈന പാരമ്പര്യങ്ങളുടെ ചരിത്രമുദ്രകളും പാമ്പാറിന്റെ തടങ്ങളില്‍ നിന്നും പില്‍ക്കാലം വായിച്ചെടുത്തു. ആയിരത്താണ്ടുകളുടെ സ്മൃതിപേറുന്ന പാമ്പാര്‍, ജലസമൃദ്ധിയുടെ ഭൂതകാലം കൊത്തിവച്ച ശിലാസ്മാരകമാണ്. ജലത്തിന്റെ കറകള്‍ പറ്റിപ്പിടിച്ച ഒഴുക്കിന്റെ ഒരു കേവല സ്മരണ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസിലിരുന്ന് നോക്കിയാല്‍ കാണുന്നത് കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു വന്‍മലയായിരുന്നു. വന്‍പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ സഹ്യശിഖരം. വെള്ളിവരകള്‍പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചോലകള്‍. താഴെ കാര്‍ഷിക സമൃദ്ധമായ തടഭൂമിയലെത്തി പുഴകളില്‍ ലയിക്കുന്ന ജലസഞ്ചാരം. ഈ തടങ്ങളിലെ ജലതീരങ്ങളിലാണ് ഹൈറേഞ്ചിന്റെ ജീവിതം തിടംവച്ചത്. ഇന്ന് പാറകളില്‍ ഒഴുക്കിന്റെ മിനുസമുള്ള അടയാളങ്ങള്‍മാത്രം ബാക്കിനിര്‍ത്തി ജലം പിന്‍വാങ്ങിയിരിക്കുന്നു.

സുരേഷ് ദാമോദറിന്റെ ‘ഒരു സുന്ദരി പുഴയുടെ മരണം’ എന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്:
ദൈവത്തിന്റെ കുഞ്ഞാടുകള്‍ക്കായി
രക്തവും മാംസവും
ചേര്‍ന്നൊഴുകിപ്പോയ
ജലത്തിന്റെ കറകള്‍…’

3 thoughts on “ഹൈറേഞ്ചിന് ഒരു ജലസ്മാരകം

  1. Puzhayozhukum vazhikalil puthiya mankoonakal paniyunna pramaanangalude porul???…

    Kaalathe pinnilekk kondupokaan kazhiyaathidatholam prakrithiyil kai kadathaan manushyanenthavakaasam?

  2. പുഴ ഇല്ലെങ്ങിലെന്താ നമുക്ക് വാട്ടര്‍ ഷെഡ്‌ പദ്ധധി ഉണ്ടല്ലോ , ഈ പേരും പറഞ്ഞു നമ്മുടെ കോമ്പയാരിണ്ടെ രണ്ടു സൈഡ് ഉം കല്ല്‌ കേട്ടുന്നുണ്ട് , പുഴയ്ക്കു വീതികുരച്ചു നല്ല സൌകര്യത്തിനു ,അത്രയും വീതിയിലെ ഇനി കോമ്പയാരു ഒഴുകാവൂ …….൧!!!!!!!!!!!!!!! പുഴക്കരെ നിന്നിരുന്ന വന്‍ മരങ്ങളൊക്കെ വെട്ടി കടത്തി….

  3. എന്റെ കുട്ടികാലത്ത് എന്റെ വീടിനടുത് ഒരു കുഞ്ഞു തോട് ഉണ്ടായിരിന്നുഎല്ലാ ദിവസവും ആ തോടിലാണ് കുളിച്ചിരുന്നത്. വീട്ടില്‍ കിണര്‍ ഉണ്ടായിരുന്നെങ്കിലും പുഴയില്‍ കുളിക്കുന്നതിന്റെ ഒരു സുഖം വീടിലെ കിണറില്‍ കുളിച്ചാല്‍ കിട്ടില്ലല്ലോ. ശനിയാഴ്ചയും ഞായറാഴ്ചയും അച്ഛനും അമ്മയും ഉണ്ടാകും അവിടെ കുളിക്കാന്‍ വരന്‍. ഡിഗ്രീയ്ക്‌ ചേര്‍ന്ന സമയമായപ്പോഴെയ്കും ആ തോടിനു മുകളിലായി ഒരു ചെറിയ പാലം വന്നു. പാലം വന്നപ്പോള്‍ തോട്ടിലെയ്കു ഇറങ്ങാന്‍ ഉള്ള വഴി അടഞ്ഞു. ഇപ്പോല്‍ ആരും അവിടെ കുളികാരില്ല. അതൊക്കെ ഒരു നഷ്ടം തന്നെ ആണ്. പണ്ട് ഇവിടെ ഒരു തോട് ഉണ്ടായിരിന്നു എന്നും , ഈ തോട്ടില്‍ ഒക്കെ കുളിചിരിന്നു എന്ന് എന്റെ മോളോട് ഒരു കഥയായി പറഞ്ഞു കൊടുകനെ ഇപ്പോള്‍ എനിക്ക് കഴിയുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *