ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

സമവായങ്ങളാല്‍ മലിനപ്പെടാത്ത ധീരമായ ജീവിതമായിരുന്നു, വടകരക്കടുത്ത് വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന ടി.പി ചന്ദ്രശേഖരന്റേത്. രാഷ്ട്രീയം കത്തുന്ന തെരുവുകളില്‍ ജീവിതം മുഴുവന്‍ നടന്നുതീര്‍ത്ത അദ്ദേഹത്തെ ചൊല്ലി മാധ്യമത്തെരുവുകളില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മനുഷ്യത്വത്തിന്റെ ഭാഷ മായ്ച്ചുകളയുന്ന കക്ഷിരാഷ്ട്രീയ വടംവലിയാണ് ചാനലിലും പ്രിന്റിലും അരങ്ങുതകര്‍ക്കുന്നത്.

അതിന്റെ ക്രൂര യുക്തികള്‍ക്കും മനുഷ്യപ്പറ്റില്ലാത്ത ന്യായാന്യായങ്ങള്‍ക്കുമിടയിലാണ് ഉദയ് കിരണ്‍ എഴുതിയ ഒരു കവിത ‘നാലാമിട’ത്തിന് അയച്ചു കിട്ടുന്നത്. എല്ലാം കണ്ടുകൊണ്ടേയിരിക്കുന്നവരുടെ അടഞ്ഞുപോയ ഭാഷയില്‍, അവരുടെ വ്യഥകളുടെ നേര്‍പകര്‍പ്പു പോലൊരു കവിത. വ്യക്തിപരതയില്‍നിന്ന് രാഷ്ട്രീയത്തിലേക്കു വളരുന്ന സ്ഫടിക മുനയുള്ള ആ കവിത, ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു
 
 

 
 
ശീര്‍ഷകം
വെട്ടിനുറുക്കപ്പെട്ട
ഒരു കവിത

 
ഉദയ് കിരണ്‍
 
 
 
ആദ്യത്തെ നിമിഷം തീരും മുന്നേ
നിന്റെ ദേഹം അവസാന ഉറക്കത്തിലേക്ക്
വീണു പോയെന്ന് ഞാനങ്ങ് വിശ്വസിക്കും .
എനിക്ക് ജീവിക്കണ്ടേ ?

നീ ചിരിച്ചു കൊണ്ടുപേക്ഷിച്ച
ഒരു വാഴത്തടിമേലാണ്
മുഖം വരച്ച്
വാളുകള്‍ മൂര്‍ച്ച നോക്കിയതെന്ന്
ഞാനങ്ങ് കരുതും .
എനിക്കുറങ്ങണ്ടേ ?

നീ ഒരായുസ്സിന്റെ സ്വപ്നങ്ങളെ
ഒരു നിമിഷച്ചിമിഴില്‍
തിരികെ വിളിച്ചു കണ്ടില്ലെന്നും,
ഒരു മുദ്രാവാക്യത്തിലേയ്ക്ക്
നിന്റെ കണ്ഠം പൊട്ടിയൊലിച്ചില്ലെന്നും
ഞാന്‍ എന്നോട് തന്നെയങ്ങ് പറയും.
എന്തിനാണെന്നറിയില്ല
അങ്ങനെയൊക്കെ ഞാന്‍ കുതറും.

നിന്റെ ഘാതകരുടെ പട്ടികയില്‍ കയറി
ഒരു കുരുക്കിന് കാത്തു നില്‍ക്കാന്‍
മനോബലത്തിന്റെ ഒരടപ്പ്
കൂടെയേ ഇനി തുറക്കാനുള്ളൂ .

നിന്നോടിനി സ്നേഹം കാട്ടാന്‍
നിന്നെ കൊന്നുവെന്ന
തുറന്നു പറച്ചിലേ ബാക്കിയുള്ളൂ .

മരണത്തെ ബഹിഷ്കരിച്ച്
നീയിങ്ങനെ ജീവിതത്തിലേക്ക്
എടുത്തു ചാടിക്കൊണ്ടിരിക്കുമ്പോള്‍
ഭയക്കുളിര്‍ മാറ്റാനെങ്കിലും
നീയെന്റെ നെരിപ്പോടില്‍
പൊറുത്തു എന്ന് ശ്വസിക്കുക .

ധീരനാവാതെ വയ്യാത്ത നിന്റെ
കണ്ണുകളയയച്ച് നിറയ്ക്കുക
എന്റെ പൊള്ളയാകുന്ന
അകങ്ങളെ .

ഉണ്ണികൃഷ്ണന്‍ ഏറാമല എഴുതുന്നു
ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ജോ മാത്യു എഴുതുന്നു
അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

One thought on “ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

  1. ധീരനാവാതെ വയ്യാത്ത നിന്റെ
    കണ്ണുകളയയച്ച് നിറയ്ക്കുക
    എന്റെ പൊള്ളയാകുന്ന
    അകങ്ങളെ …..ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പോരാളിയെ വരച്ചു കാട്ടിയ കവിത

Leave a Reply

Your email address will not be published. Required fields are marked *