പിറക്കാതിരിക്കട്ടെ,പുതിയ കുടിപ്പകകള്‍

എതിരാളിയുടെ രക്തം കണ്ടേ അടങ്ങൂ എന്ന് ഓരോരുത്തരും വാശിപിടിക്കുമ്പോള്‍ ചിന്നിച്ചിതറിപ്പോകുന്നത് ഒരേ ചോരയും മാംസവുമുള്ള മനുഷ്യരാണ്. വലിയ നേതാവായാലും വാലറ്റത്തെ പ്രവര്‍ത്തകനായാലും ജീവന് രണ്ട് വിലയാണെന്ന് വരുമോ? ഹൈ പ്രൊഫൈല്‍ എന്നും ലോ പ്രൊഫൈല്‍ എന്നും രാഷ്ട്രീയക്കൊലപാതകങ്ങളെ വേര്‍തിരിക്കുമ്പോള്‍ പിടഞ്ഞുമരിച്ച ജീവനെയും ചിതറിച്ചെറിച്ച ചോരയെയും മാംസത്തെയും നമ്മള്‍ ഏത് ഗണത്തില്‍പ്പെടുത്തും? വലിയ സംവിധാനത്തെ താങ്ങിനിര്‍ത്തുന്നവരെന്ന് അഹങ്കരിക്കുന്ന മാധ്യമങ്ങള്‍ക്ക് സെന്‍സിറ്റീവ് ആകാന്‍ സാധ്യതയുള്ള ഇത്തരം കാര്യങ്ങളിലെങ്കിലും ഒരു ആത്മസംയമനം പാലിക്കാന്‍ കഴിയാത്തതെന്താണ്-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ അരുംകൊലയുടെയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സിജി സുരേന്ദ്രന്‍ എഴുതുന്നു

 

 

വീണ്ടുമൊരു അരുംകൊല. ഓര്‍ക്കാനാഗ്രഹിയ്ക്കാത്ത അരുംകൊലയെയോര്‍ത്ത് കരഞ്ഞ കേരളത്തിലെ ജനതയുടെ കണ്ണീര്‍ച്ചാലൊരുവിധം ഉണങ്ങിത്തുടങ്ങി. എന്നിട്ടും ചാനലുകാരും പത്രങ്ങളും പിന്‍വാങ്ങിയിട്ടില്ല (എങ്ങനെ പിന്‍വാങ്ങും, സാമൂഹികപ്രതിബദ്ധതയെന്നൊന്നുണ്ടല്ലോ!) ചാനലുകാരും പത്രങ്ങളും ഇപ്പോള്‍ കവിടി നിരത്തുകയും മഷി നോട്ടം നടത്തുകയും ചെയ്യുകയാണ്. എല്ലാവരും ഗണിച്ചറിയാന്‍ ശ്രമിക്കുന്നതും കണക്കന്മാരെയിരുത്തി പ്രവചിപ്പിക്കുന്നതുമെല്ലാം ഒരേ കാര്യം തന്നെ^ റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊന്നതാരെന്നകാര്യം. ചിലര്‍ക്ക് ഉത്തരം കിട്ടി, ചിലര്‍ ഉത്തരത്തിലേക്കെത്തുന്നു, മറ്റു ചിലരാകട്ടെ ഇത്തരത്തിലൊരു കാര്യം നടന്നതായിപ്പോലും അറിയുന്നില്ല.

മാധ്യമവേലകള്‍ പതിവിന്‍പടി നടക്കുകയാണ്. പതിവു പോലെ, അവര്‍ ആഘോഷിച്ച ഒരു വ്യക്തിത്വമല്ല ടിപിയുടേത്. ചാനാലുകളില്‍ പതിവായി വാചകക്കസര്‍ത്തുകള്‍ക്കെത്തുന്ന നേതാക്കളുടെ കൂട്ടത്തില്‍ ടിപി ഉണ്ടായിരുന്നില്ല. ഒരു പക്ഷേ സിപിഎമ്മില്‍ നിന്നടര്‍ന്ന് വെറുമൊരു പ്രാദേശികപാര്‍ട്ടി മാത്രമായിത്തീര്‍ന്നുവെന്ന് പറയപ്പെടുന്ന റെവല്യൂഷണറിക്കാരുടെ നേതാവിന്, സോകോള്‍ഡ് സ്റ്റൈലില്‍ പറഞ്ഞാല്‍ കൂലംകുത്തികളുടെ പാര്‍ട്ടിയ്ക്ക്, വടകരയ്ക്കും കണ്ണൂരിനുമൊന്നും അപ്പുറത്തേയ്ക്ക് വളര്‍ച്ചയില്ലെന്ന തിരിച്ചറിവിലായിരിക്കണം പ്രവര്‍ത്തിച്ചിരുന്നകാലത്ത് ടിപി താരമൂല്യമില്ലാത്തയാളായിപ്പോയത്. അദ്ദേഹത്തെപ്പറ്റി സുഹൃത്തുക്കളും ബന്ധുക്കളും ഒഞ്ചിയത്തെ ജനവും പറയുന്നത് കേട്ടുകഴിയുമ്പോള്‍ അത്തരമൊരു മൂല്യം അദ്ദേഹം ആഗ്രഹിച്ചുകാണാനും വഴിയില്ല. പക്ഷേ അരുകൊല നടന്നപ്പോള്‍ മാധ്യമങ്ങളെല്ലാം സടകുടഞ്ഞെഴുന്നേറ്റു, അവര്‍ റിപ്പോര്‍ട്ടുകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും കണ്ണീര്‍പര്‍വ്വംതന്നെ തീര്‍ത്തു. അരികിലൂടെ കേസന്വേഷണവും തുടങ്ങി.

അഭിപ്രായഭിന്നതമൂലം സിപിഎമ്മില്‍ നിന്നും മാറി മറ്റൊരു വഴിയ്ക്ക് നടന്നുതുടങ്ങിയെങ്കിലും ഒരിക്കലും പിന്തുടര്‍ന്നുവന്ന ആശയങ്ങളെയും ആദര്‍ശങ്ങളെയും വിറ്റ് കാശാക്കാന്‍ ആ മനുഷ്യന്‍ ശ്രമിച്ചിട്ടില്ലെന്നത് അദ്ദേഹത്തെ അറിയുന്നവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. അതുതന്നെയാണ് ടി.പിയുടെ വലുപ്പവും. അക്രമത്തിന്റെ വഴികളിലേയ്ക്ക് തന്റെ കൂടെയുള്ളവരെ വഴിതിരിച്ചു വിടാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് പറയുന്ന ഭാര്യയുടെയും അച്ഛനെക്കുറിച്ച് പറയുന്ന മകന്റെയും വാക്കുകളില്‍ നിന്നും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധി തിരിച്ചറിയാനും കഴിയും.

സംശയ നിഴലുകള്‍

സ്വയം പ്രഖ്യാപിത കേസന്വേഷണങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് വരെ ഇനി മാധ്യമങ്ങള്‍ക്ക് ഒന്നും നോക്കാനില്ല, ചുവപ്പും കറുപ്പും നിറച്ച ഫ്രെയിമുകളില്‍ ടിപിയുടെ പലവിധ ചിത്രങ്ങളും ചിന്തിക്കിടക്കുന്ന ചോരയും സ്ലോ മോഷനില്‍ കാണിച്ച് തിരഞ്ഞെടുപ്പുവരെ കൊഴുപ്പിയ്ക്കാം. അതിനിടെ ഇതിലും ചൂടുള്ള വല്ലതും കിട്ടിയാല്‍ അങ്ങോട്ട് പായുകയും ചെയ്യാം.

കൊലചെയ്തവരെ പിടിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്, പിടിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം, അല്ലെങ്കില്‍ പിടിക്കണേയെന്ന് ആശിക്കാം. ഇതല്ലേ എല്ലാംകണ്ടുനില്‍ക്കുന്ന ജനത്തിന് കഴിയുകയുള്ളു. സംശയത്തിന്റെ നിഴലുകളെല്ലാം വീണുകിടക്കുന്നത് സിപിഎമ്മിന് മേലാണ്, ശരിയ്ക്കും പറഞ്ഞാല്‍ ഔദ്യോഗികപക്ഷത്തിന് മേല്‍. എന്നാല്‍, സമരമുന്നേറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും നാടായ ഒഞ്ചിയത്ത് ഇത്തരത്തിലൊരു രാഷ്ട്രീയ കൊലപാതകം നടപ്പിലാക്കാന്‍ ഇന്നത്തെക്കാലത്ത് സിപിഎം തുനിയുമോ എന്നൊരു ചോദ്യം അവര്‍ ഉയര്‍ത്തുന്നു. യുഡിഎഫിന്റെ മുകളിലേയ്ക്കും സംശയത്തിന്റെ നിഴലുകളുണ്ട്. എന്തായാലും വെറുതെ സംശയങ്ങള്‍ പെരുപ്പിച്ചിട്ട് കാര്യമില്ല, ഉമ്മന്‍ ചാണ്ടിയുടെ പൊലീസുകാര്‍, എല്ലാം ‘വേണ്ട’ വിധത്തില്‍ത്തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

 

ടി.പി ചന്ദ്രശേഖരന്‍. ഒരു പഴയ ചിത്രം


 
പറഞ്ഞത് മാറ്റിപ്പറയുകയും പിന്നീട് വിശദീകരിച്ച് പറയുകയും ചെയ്യുന്ന വിഎസ് അച്യുതാനന്ദന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വേണ്ടവിധം വളച്ചൊടിക്കുന്നുണ്ട്. ടിപിയുടെ കാര്യത്തിലെന്നല്ല, എല്ലാകാര്യത്തിലും വിഎസ് ഇങ്ങനെയൊക്കെത്തന്നെയാണ് സംസാരിക്കാറാണ് പതിവ് എന്നതിനാല്‍ അവിടെനിന്നും ഇതില്‍ക്കൂടുതലൊന്നും തെളിയിച്ചെടുക്കാനാകുമെന്ന് തോന്നുന്നില്ല (മാധ്യമങ്ങള്‍ പറയുന്നത് കേട്ട് വല്ലതും പറയുന്ന ശീലം വിഎസിന് ഈയിടെയായി കൂടിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് തെറ്റായിപ്പോകുമോ?).

ഓരോ രാഷ്ട്രീയക്കൊലകള്‍ നടക്കുമ്പോളും രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരിലും വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന സാധാരണക്കാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയക്കാരുടെ കുതിരക്കച്ചവടവും കുതികാല്‍വെട്ടുമാണെന്ന് നാള്‍ക്കുനാള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന സാധാരണജനം പതിവിന്‍പടി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ ജനാധിപത്യാവകാശം ആഘോഷിക്കാന്‍ കഷ്ടപ്പെട്ട് ചെന്ന് വോട്ടുചെയ്യുന്നു. ഓരോ ഭരണംവരുമ്പോഴും മാറ്റം സ്വപ്നം കണ്ടു കണ്ട് അവര്‍ക്ക് സ്വപ്നങ്ങളേ ഇല്ലാതായിരിക്കുന്നു. എന്നിട്ടും വോട്ടുചെയ്യല്‍ നിര്‍ത്താന്‍ കഴിയാത്തവിധത്തില്‍ ജനം ജനാധിപത്യപ്രക്രിയയ്ക്ക് അത്രയേറെ അടിമപ്പെട്ടിരിക്കുന്നു.

കണ്ണൂരിന്റെ തലവര


കേരളത്തെ മൊത്തത്തിലെടുത്താല്‍ രാഷ്ട്രീയക്കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായിട്ടാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. സംഭവം തലശേരിയിലെ ഏതെങ്കിലും കവലയിലാണ് നടന്നതെങ്കിലും ദുഷ്പേര് കണ്ണൂരിന് മൊത്തത്തിലാണ്. കണ്ണൂരിന്റെ ഈ ചരിത്രത്തിനൊപ്പം കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്. മാധ്യമങ്ങളുടെ കണ്ടെത്തലനുസരിച്ച് കണ്ണൂരിലെ അക്രമരാഷ്ട്രീയക്കാര്‍ക്ക് ടിപി വധത്തില്‍ കാര്യമായ പങ്കുണ്ട്. രാഷ്ട്രീയകുടിപ്പകയുടെ പുസ്തകത്തിലേയ്ക്ക് പുതിയൊരു അധ്യായം കൂടി ചേര്‍ക്കപ്പെടുകയാണ് ടിപിയുടെ വധത്തോടെ.

 

ടി.പി ചന്ദ്രശേഖരന്‍. ഒരു പഴയ ചിത്രം


 
പൊതുവേ കണ്ണൂരിലെ രാഷ്ട്രീയ വൈരത്തിന് ബിജെപി-സിപിഎം, ലീഗ്-സിപിഎം, എന്‍ഡിഎഫ്-സിപിഎം, എന്‍ഡിഎഫ്-ബിജെപി എന്നൊരു പതിവ് രീതിയുണ്ട്. ഇതിലേയ്ക്ക് റെവല്യൂഷണറി-സിപിഎം തുടങ്ങി പുതിയ ചില രാഷ്ട്രീയ ശത്രുക്കള്‍കൂടി ചേര്‍ക്കപ്പെടുകയാണ്. സിപിഎമ്മാണ് കൊലചെയ്യിച്ചതെന്ന വാദത്തിലൂടെ റെവല്യൂഷണറി^സിപിഎം വൈരം ആളിക്കത്തിയ്ക്കാന്‍ കഴിയും. മറിച്ച് കോണ്‍ഗ്രസാണെന്ന് പറയുകവഴി ആ വഴിയ്ക്കും സാധ്യതയുണ്ട്. ഇവര്‍ രണ്ടുകൂട്ടരുമല്ല മറ്റുചിലരാണെങ്കില്‍ അങ്ങനെ.

ചാനല്‍ക്കസര്‍ത്തുകളും പത്രങ്ങളിലെ ഊഹാപോഹങ്ങളും കണ്ട് ഒഞ്ചിയത്തെ റെവല്യൂഷണറിപ്രവര്‍ത്തകര്‍ക്കും ടിപിയെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്കും പ്രതികാരം ചെയ്തുകളയണമെന്ന് തോന്നിയാല്‍ അത് മറ്റൊരു പകവീട്ടല്‍ പരമ്പരയ്ക്ക് തുടക്കമാവില്ലെന്ന് ആരു കണ്ടു. കൊലപാതകം നടന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെ നേതാവിനെ നഷ്ടപ്പെട്ട അണികള്‍ നടത്തിയ വളരെ സ്വാഭാവികമായ പ്രതികരണം എന്ന് പറഞ്ഞാലും അതില്‍ ഭാവിയിലേയ്ക്ക് ആളിക്കത്താനിടയുള്ള പകയുടെ കനലുകള്‍ ചാരം മൂടിക്കിടക്കുന്നുണ്ട്. അക്രമത്തിന്റെ വഴി വേണ്ടെന്ന് നിര്‍ദ്ദേശിച്ച ടിപിയുടെ വാക്കുകള്‍ അദ്ദേഹത്തിന് ശേഷവും ഉള്ളില്‍ ഉരുവിട്ടുറപ്പിയ്ക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് ആശിയ്ക്കാം.

എതിരാളിയുടെ രക്തം കണ്ടേ അടങ്ങൂ എന്ന് ഓരോരുത്തരും വാശിപിടിക്കുമ്പോള്‍ ചിന്നിച്ചിതറിപ്പോകുന്നത് ഒരേ ചോരയും മാംസവുമുള്ള മനുഷ്യരാണ്. വലിയ നേതാവായാലും വാലറ്റത്തെ പ്രവര്‍ത്തകനായാലും ജീവന് രണ്ട് വിലയാണെന്ന് വരുമോ? ഹൈ പ്രൊഫൈല്‍ എന്നും ലോ പ്രൊഫൈല്‍ എന്നും രാഷ്ട്രീയക്കൊലപാതകങ്ങളെ വേര്‍തിരിക്കുമ്പോള്‍ പിടഞ്ഞുമരിച്ച ജീവനെയും ചിതറിച്ചെറിച്ച ചോരയെയും മാംസത്തെയും നമ്മള്‍ ഏത് ഗണത്തില്‍പ്പെടുത്തും? വലിയ സംവിധാനത്തെ താങ്ങിനിര്‍ത്തുന്നവരെന്ന് അഹങ്കരിക്കുന്ന മാധ്യമങ്ങള്‍ക്ക് സെന്‍സിറ്റീവ് ആകാന്‍ സാധ്യതയുള്ള ഇത്തരം കാര്യങ്ങളിലെങ്കിലും ഒരു ആത്മസംയമനം പാലിക്കാന്‍ കഴിയാത്തതെന്താണ്? ജനസേവനക്കുപ്പായങ്ങള്‍ അണിഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാര്‍ ചാനല്‍ സ്റുഡിയോകളില്‍ ചെന്നിരുന്ന് സത്യം പുറത്തുവരും മുമ്പ് പരസ്പരം വിരല്‍ചൂണ്ടി പലവട്ടം അക്കിടിപറ്റിയിട്ടും അവരെ ഇപ്പോഴും വിശ്വസിക്കുന്ന ജനത്തെ വീണ്ടും വീണ്ടും പറ്റിച്ചുകൊണ്ടിരിക്കുന്നതെന്താണ്?

3 thoughts on “പിറക്കാതിരിക്കട്ടെ,പുതിയ കുടിപ്പകകള്‍

  1. itharam chindaa bodham orro manushyanilum unarthaan siji surendran enna vyakthyae polullavarude ezhuthukalkk saadikkatte ennu prathyaashikkunnu

  2. സിജി സുരേന്ദ്രന്‍റെ ലേഖനം പ്രസക്തമാണ്, പക്ഷെ ഏതോരു വാര്‍ത്തയും രണ്ടോ മൂന്നോ ദിവസങ്ങള്‍ ആഘോഷിച്ചശേഷം അത് പാടെ മറന്നു കലയുന്നവരാണ്, മുഖ്യധാര മാധ്യമങ്ങള്‍ എന്ന് നമ്മള്‍ തന്നെയല്ലേ കുറ്റപ്പെടുത്താറ്…അവര്‍ ഒരു വാര്‍ത്തയിലും ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും follow -up ചെയ്യാറില്ലെന്നും നമ്മള്‍ തന്നെ കുറ്റപ്പെടുത്തും ( ഈ വാര്‍ത്തയുടെ കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെന്നല്ല അര്‍ഥം…ചിതറിയ രക്തം നക്കാന്‍ എത്തുന്ന ചെന്നായുടെ മനസ്സാണ് അവര്‍ക്കെന്നു എല്ലാവര്‍ക്കും അറിയാം)… എന്നാലും, ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളില്‍ വരുന്നത്, കഴിഞ്ഞതെല്ലാം അപ്പാടെ മറക്കുന്ന മലയാളി മനസ്സിനെ ഇടക്കെങ്കിലും, ആ ഒരു ഓര്‍മ്മയുടെ കനലുകള്‍ കെടാതെ സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അതും നല്ലതല്ലേ….

Leave a Reply

Your email address will not be published. Required fields are marked *