കാര്‍ ആദ്യം പോകണമെന്ന് ആരു പറഞ്ഞു ?

സ്കൂള്‍ യൂണിഫോമിട്ട് പെണ്‍കൂട്ടങ്ങളുടെ പേച്ചുകള്‍ക്കിടയില്‍ സൈക്കിള്‍ ബെല്ലും കിളിനാദമാകുന്നു. ജയാമ്മ കൊടുത്ത ഫ്രീ സൈക്കിളുകള്‍ക്കെല്ലാം ഒരേ നിറവും രൂപവുമാണ്. വോട്ടുകിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും സൈക്കിള്‍ വിതരണം നല്ല കാര്യമായിരുന്നുവെന്ന് അതിനുമുകളിലെ വെളുത്ത ചിരികളുടെ തിളക്കം കാണുമ്പോള്‍ തോന്നുന്നു…. മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ കരുണാനിധി കൊടുത്ത ടി വി സെറ്റ് ലോകത്തെ വീട്ടുമുറിയിലേക്കെത്തിച്ചപ്പോല്‍ ജയലളിത പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറംലോകത്തേക്കിറക്കിയിരിക്കുന്നു. ക്ളാസ് മുറികളില്‍ നിന്ന് കുടുസ്സുവീടുകളിലേക്കും അടുക്കളജോലികളിലേക്കും ചേക്കേറുന്നതിനുമുന്‍പുള്ള പെണ്‍കുളൈന്തകളുടെ സ്വാതന്ത്യ്രപ്രഖ്യാപനം. – പ്രസാദ് രാമചന്ദ്രന്‍ എഴുതുന്നു

 


മൂന്ന് ചക്രമുളള ഒരു സൈക്കിളില്‍ നിന്ന് തുടങ്ങി… എന്റെ പരസഹായമില്ലാതെയുള്ള യാത്രകളെക്കുറിച്ച് അങ്ങനെ എഴുതിത്തുടങ്ങുന്നതാണ് നല്ലത്. നടക്കാന്‍ മര്യാദയ്ക്ക് പഠിക്കുന്നതിനുമുന്‍പ് കാലൂകൊണ്ട് നിലത്തൂന്നി മുന്നോട്ട് തള്ളിവിട്ട സഞ്ചാരസഹായി. ചുവന്ന നിറമായിരുന്നു അതിന്. കറുപ്പിന്റെയും വെളുപ്പിന്റെയും പകിട്ട് പങ്കിട്ടെടുത്ത വില്ലുവെച്ച ചക്രങ്ങള്‍. അതിലൊന്ന് പത്തുകൊല്ലം മുന്‍പുവരെ വിറകുപുരയുടെ കോണുകളിലെവിടെയോ കണ്ടിരുന്നു. ആദ്യത്തെ ടയര്‍! നൊസ്റ്റാള്‍ജിയ അന്ന് തലപൊക്കിത്തുടങ്ങിയിട്ടില്ല. അതും പിന്നീടെപ്പോഴെങ്കിലും അണ്ണാച്ചിമാരുടെ ചാക്കില്‍കയറി യാത്രപോയിട്ടുണ്ടാവും പഴയ ഇരുമ്പിന്റെയും ചുളുങ്ങിയ പാത്രങ്ങളുടെയും കൂടെ!

ഒന്‍പതാംക്ളാസുവരെ കാത്തിരിക്കേണ്ടിവന്നു അടുത്ത അവതാരത്തിനായി. അന്ന്് വന്നുചേര്‍ന്നവനും ചുവപ്പിന്റെ പളപ്പുണ്ടായിരുന്നു. ചക്രങ്ങളുടെ നിലത്തുതട്ടാത്ത വശങ്ങളില്‍ വെളുപ്പിന്റെ ബെല്‍റ്റ് ധരിച്ച സുന്ദരനൊരു ബി എസ് എ എ സൈക്കിള്‍. മുച്ചക്ര സൈക്കിളിന്റെ സഞ്ചാരപരിധി വീട്ടുമുറ്റവും അര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇടവഴികളുമായിരുന്നുവെങ്കില്‍ പുതിയ സുഹൃത്ത് നാട്ടിന്‍പുറത്തും സ്കൂള്‍ ഗ്രൌണ്ടിലും അങ്ങാടിയിലും എല്ലാം ഓടിയെത്തി ബൈല്ലിന്റെ ശബ്ദം കേള്‍പ്പിച്ചു. കയറ്റം നിന്നുചവിട്ടിയും ഇറക്കങ്ങള്‍ മോട്ടോര്‍സൈക്കിളില്‍ പോകുന്ന ചേട്ടന്‍മാരെ അനുകരിച്ച് അനായാസം ഊര്‍ന്നിറങ്ങിയും ഗ്രാമഭംഗികള്‍ മുഴുവന്‍ കണ്ടു.

ഇന്നിപ്പോള്‍ നഗരത്തിരക്കില്‍ കാറുമായി കുത്തിത്തിരക്കുമ്പോള്‍ ഇടതുവശത്തുകൂടി ഫൂട്പാത്തിന്റെ കഷ്ണം അപഹരിച്ചുകൊണ്ട് ഊളിയിട്ടുപോകുന്ന സൈക്കിളുകള്‍ എന്ന മോഹിപ്പിക്കുന്നത് ആദ്യത്തെ വാഹനസൃഹുത്തുക്കളുടെ നിറവും മണവും മനസ്സിലവശേഷിക്കുന്നതിനാലാവാം. ഓര്‍മ്മകളിലെവിടെയോ സൈക്കിള്‍ ബെല്ലിന്റെ ശബദം കേട്ട് തിരിയുന്ന കരിമഷിയിട്ട രണ്ടു കണ്ണുകള്‍ തങ്ങിനില്ക്കുന്നതിനാലുമാകാം….

സ്ിഗ്നല്‍ പച്ചയായിരിക്കുന്നു. റോഡ് മുറിച്ചുകടക്കുന്ന അവസാനത്തെ സൈക്കിളുകാരന്‍ വേവലാതിപിടിച്ച കുതിപ്പിലാണ്. ആദ്യം പാഞ്ഞുപോയ കാറില്‍ നിന്ന് ആരോ തെറിയുടെ ഒരു കഷ്ണം അവന്റെ വിയര്‍ത്ത ശരീരത്തിലേക്ക് തെറിപ്പിച്ചു. വാഹനങ്ങളുടെ ഒഴുക്കിനൊപ്പം നീങ്ങുകയാണ് എന്റെ തൂവെള്ള രഥം. ആക്സിലേറ്റര്‍ കാലമര്‍ത്തി. ഇനി ഒരു പതിനഞ്ച് മിനിറ്റ് അതുകഴിഞ്ഞാല്‍ നഗരത്തിരക്കില്‍ നിന്ന് പുറത്തുകടക്കാം. പച്ചപ്പാടത്തിന്റെ ആദ്യത്തെ കഷ്ണം വിന്‍ഡ് സ്്ക്രീനിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ സൈഡ് ഗ്ളാസുകള്‍താഴ്ത്തി എ സിയ്ക്ക് വിശ്രമം നല്കാം. യാത്രകളില്‍ അപ്പോള്‍ മുതല്‍ പുറംലോകം നേരിട്ട് കയറിവരികയാണ്, കാറ്റായി…. മണമായി…. പകലിന്റെ ഇളം ചൂടായി…. രാത്രിയുടെ നേര്‍ത്ത തണുപ്പായി….


പാലക്കാടിന്റെ അതിര്‍ത്തികളില്‍ തമിഴ് മണക്കാന്‍ തുടങ്ങുമ്പോഴേക്കും റോഡില്‍ മണിനാദവുമായി അവര്‍ കൂട്ടംകൂട്ടമായി പ്രത്യക്ഷപ്പെട്ടുതുടങ്ങും. ആണും പെണ്ണും കുട്ടികളും വൃദ്ധരും എല്ലാവരുമുണ്ട് സൈക്കിളുകളില്‍. ഇരുചക്രങ്ങളിലെ ഇരുകാലികള്‍!

സ്കൂള്‍ യൂണിഫോമിട്ട് പെണ്‍കൂട്ടങ്ങളുടെ പേച്ചുകള്‍ക്കിടയില്‍ സൈക്കിള്‍ ബെല്ലും കിളിനാദമാകുന്നു. ജയാമ്മ കൊടുത്ത ഫ്രീ സൈക്കിളുകള്‍ക്കെല്ലാം ഒരേ നിറവും രൂപവുമാണ്. വോട്ടുകിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും സൈക്കിള്‍ വിതരണം നല്ല കാര്യമായിരുന്നുവെന്ന് അതിനുമുകളിലെ വെളുത്ത ചിരികളുടെ തിളക്കം കാണുമ്പോള്‍ തോന്നുന്നു…. മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ കരുണാനിധി കൊടുത്ത ടി വി സെറ്റ് ലോകത്തെ വീട്ടുമുറിയിലേക്കെത്തിച്ചപ്പോല്‍ ജയലളിത പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറംലോകത്തേക്കിറക്കിയിരിക്കുന്നു. ക്ളാസ് മുറികളില്‍ നിന്ന് കുടുസ്സുവീടുകളിലേക്കും അടുക്കളജോലികളിലേക്കും ചേക്കേറുന്നതിനുമുന്‍പുള്ള പെണ്‍കുളൈന്തകളുടെ സ്വാതന്ത്യ്രപ്രഖ്യാപനം.

പച്ചക്കറിത്തോട്ടത്തിനുനടുവിലൂടെയുള്ള ഇടവഴികളില്‍ ഇനി അവര്‍ക്ക് അരമണിക്കൂര്‍ കൂടൂതല്‍ സംസാരിച്ചുനില്‍ക്കാം. കൂട്ടുകാരികളുടെ വീടുകളിലേക്ക് സന്ദര്‍ശനം നടത്താം…. പ്രണയം കത്തുന്ന നോട്ടങ്ങളെ തോട്ടങ്ങള്‍ക്കു നടുവിലെ ഏറുമാടങ്ങളില്‍ നിന്ന് ബെല്ലടിച്ച് ക്ഷണിക്കാം….

സൈക്കിളില്‍ നിന്ന് ഇറങ്ങി നിന്ന് അവള്‍ കാറിന് വഴിയൊരുക്കി. വീട്ടുസാധനങ്ങള്‍ നിറച്ച സഞ്ചി സ്കൂള്‍ ബാഗിനൊപ്പം ഹാന്‍ഡിലില്‍ തൂക്കിയിട്ടിരിക്കുന്നു. പത്തുവയസുകാരിയുടെ നാണം.

‘കാറാണ് ആദ്യം കടന്നുപോകേണ്ടതെന്ന് നിന്നോട് ആരു പറഞ്ഞു.?’

അവള്‍ക്കറിയില്ല!….

‘കാറല്ലേ പോകേണ്ടത് ?’ അവളുടെ മറുചോദ്യം.

‘അല്ല സൈക്കിള്‍..’.

ഞങ്ങള്‍ തര്‍ക്കിക്കാനുള്ള മൂഡിലായിരുന്നു. പിന്നെയും പൊഴിയുന്നു കറുപ്പിനഴകില്‍നിന്ന് വെളുത്ത ചിരി.

അവള്‍ കീഴടങ്ങി. സൈക്കിള്‍ ഞങ്ങള്‍ക്കുമുമ്പേ ഉരുണ്ട് നാട്ടിടവഴിയില്‍ കൈവീശി മറഞ്ഞു.

ഉമ്പായിയുടെ സ്വരം കാര്‍ സ്റീരിയോയില്‍ ഗസലായി ഒഴുകിത്തുടങ്ങി….

‘മധുരമേ… നിന്‍ മുഖം, മഞ്ഞുകാലത്തിലെ ഇളവെയിലില്‍… കാട്ടു പൂ പോലെ…..’

പിന്‍മൊഴി-

സിഗ്നലുകളില്‍ കുടുങ്ങിക്കിടമ്പോള്‍ എപ്പോഴും കണ്ണുടക്കുന്നത് സൈക്കിളുകളിലാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഏറെ പുച്ഛം തോന്നുന്ന വിധമാണ് നമ്മുടെ നഗരങ്ങളില്‍ അവയുടെ യാത്ര. കാല്‍നടക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരേ പോലെ ശല്യക്കാര്‍ എന്ന പൊതുധാരണയുമുണ്ട്. ശബ്ദവും മലിനീകരണവും ഇല്ലാതെ, ഇന്ധനം കത്തിച്ച് പുകയ്ക്കാതെ നിശബ്ദമായി ഒഴുകുന്ന സൈക്കിളുകള്‍ക്ക് നഗരത്തിലെ നിരത്തുകളില്‍ ഇടം കിട്ടുക ഇനിയെന്നാണ്? നാടും നഗരവും ഒരു ചങ്ങലയില്‍ കോര്‍ക്കപ്പെട്ട സ്ഥിതിയ്ക്ക് കേരളത്തില്‍ ആ സ്വ്പ്നങ്ങള്‍ക്ക് ഇനി വലിയ സാധ്യതയുണ്ടോ? വീതിയേറിയ റോഡുകള്‍ എന്ന ആവശ്യം റോഡരുകിലെ പോള്ളുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യവുമായി യുദ്ധത്തിലാണ്. കാറുകള്‍ക്ക് വേഗമേറിയ പാത. അതുമാത്രമാണ് ജനങ്ങളുടെ ആവശ്യമെന്ന രീതിയിലാണ് അധികാരികളും റോഡുകളെ സമീപിക്കുന്നത്. കാല്‍നടക്കാര്‍, സൈക്കിളുകള്‍, ഇല്ക്ട്രിക ബൈക്കുകള്‍ ഇവയ്ക്കുള്ള ട്രാക്കുകള്‍, പൊതു ഗതാഗത സമ്പദായത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് അനായാസം കയറിയിറങ്ങിപ്പോകാന്‍ സാധിക്കുന്ന ബസ് ബേകള്‍, ബസ് ട്രാക്കുകള്‍ ഇതൊന്നും റോഡുകളുടെ രൂപകല്‍പനയിലോ പുനരുദ്ധാരണവേളകളിലോ ഡിസൈനില്‍ ഇടം പിടിക്കുന്നില്ല.

കേരളത്തില്‍ നിലവിലുള്ള പത്ത് വണ്‍വേ റോഡുകളിലെങ്കിലും സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ സൌകര്യമുണ്ട്. ഏറെയൊന്നും സ്ഥലം വേണ്ട വെറും മഹാബലി ചോദിച്ചപോലെ വെറും മൂന്നടി… റോഡുകള്‍ സൈക്കിളുകള്‍ക്കുകൂടിയുള്ളതാണെന്ന് സ്റിയറിംഗ് വീലിനുപിറകിലിരിക്കുന്ന ധൃതിപിടിച്ച മനുഷ്യരെ ഓര്‍മ്മപ്പെടുത്താനായി മാത്രം!

3 thoughts on “കാര്‍ ആദ്യം പോകണമെന്ന് ആരു പറഞ്ഞു ?

  1. innu vaahanangal soukaryathinupayogikkunnathilupary athu veru oru aadambarathinte chihnnamaayi maari kazhinjiririkkunnu…. naadodumbol naduve odanam enna chindaagathy ettupidicha keralalamakkal jolikitty aadya shambalam kaippattunnathinodoppam cheyyunna oru kaaryamaanu car book cheyyal… collegil povaaan pusthakamillengilum bike ennathu oru trend aanallo… panam koduthu endum endineyum vaangaan kazhiyumbol pazhamayude ilakiya palliliyaayi cycle enna iruchakratheyum avaganichekkaam…thalamarannu enna thekkunna oru avastha nammude oro nalla kaalatheyumaanu maaychu kalayunnath….

    nalamidathil itharam orormapeduthalinu muthirnna prasad ramachandranu abhinandanangal…………………

Leave a Reply

Your email address will not be published. Required fields are marked *