ബ്യാരി: ലിപിയില്ലാത്ത ജീവിതങ്ങള്‍

എവിടെ എന്നത് യോടെയില്‍ എത്തുമ്പോള്‍ മലയാളം വഷളായി ഒടിഞ്ഞുകുത്തി വീഴുന്നതല്ല. മറ്റൊരു ഭാഷ ജനിക്കുകയാണ് ചെയ്യുന്നത്്. ഒരു ഭാഷയില്‍നിന്നും മറ്റൊരുഭാഷയിലേക്ക് ഇത്രയേ മാറ്റമുള്ള എന്ന് തോന്നാം. ഇതിനെ ബ്യാരി ഭാഷയെന്നാണ് പറയുന്നത്. കാസര്‍കോട് നിന്നും വടക്കോട്ടേക്കുള്ള യാത്രയില്‍ നിങ്ങളുടെ കൂടെയാത്ര ചെയ്യുന്നവര്‍ സംസാരിക്കുന്നത് മലയാളമല്ല എന്ന് മനസിലാക്കുക. അത് കേട്ട് മലയാളത്തെ കുറ്റപ്പെടുത്തരുത്. കാസര്‍കോട് ഇലയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ “ഇലയും കൊണ്ട് ചാടണം’ എന്നാണ് ആക്ഷേപം. ‘ഇല സ്വയമെടുത്ത് കളയണം’ എന്നതിനെയാണ് ഈ രീതിയില്‍ പരിഹസിക്കപ്പെടുന്നത്-ബ്യാരി ഭാഷയെക്കുറിച്ചും ബ്യാരി സമൂഹത്തെക്കുറിച്ചും രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 
നല്ല മലയാളത്തില്‍ (നല്ല മലയാളം എന്ന് ഔദ്യോഗിക മലയാളം അവകാശപ്പെടുന്നത് എന്ന് പറഞ്ഞാല്‍ കൂടുതല്‍ ശരി) ‘എവിടെ’ എന്ന് പറയുന്നത് കാസര്‍കോട് എത്തിയാല്‍ ‘ഏട’ എന്നായിരിക്കും. ഇത് കാസര്‍കോട് പിന്നിട്ടാല്‍ ‘യോടെ’, ‘ഓടേ’ എന്ന് പരിണമിക്കും. എവിടെ പോകുന്നു എന്നത് യോടേ പോന്നേ എന്നാകും. മംഗലാപുരത്തേക്ക് എന്ന മലയാളം മൈക്കാല്‍ത്തേക്ക് എന്നാകും. മംഗലാപുരത്തിന്റെ മംഗലാപുരം ഭാഷ മംഗ്ലൂരു എന്നാണ്.

എവിടെ എന്നത് യോടെയില്‍ എത്തുമ്പോള്‍ മലയാളം വഷളായി ഒടിഞ്ഞുകുത്തി വീഴുന്നതല്ല. മറ്റൊരു ഭാഷ ജനിക്കുകയാണ് ചെയ്യുന്നത്. ഒരു ഭാഷയില്‍നിന്നും മറ്റൊരുഭാഷയിലേക്ക് ഇത്രയേ മാറ്റമുള്ള എന്ന് തോന്നാം. ഇതിനെ ബ്യാരി ഭാഷയെന്നാണ് പറയുന്നത്. കാസര്‍കോട് നിന്നും വടക്കോട്ടേക്കുള്ള യാത്രയില്‍ നിങ്ങളുടെ കൂടെയാത്ര ചെയ്യുന്നവര്‍ സംസാരിക്കുന്നത് മലയാളമല്ല എന്ന് മനസിലാക്കുക. അത് കേട്ട് മലയാളത്തെ കുറ്റപ്പെടുത്തരുത്. കാസര്‍കോട് ഇലയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ “ഇലയും കൊണ്ട് ചാടണം’ എന്നാണ് ആക്ഷേപം. ‘ഇല സ്വയമെടുത്ത് കളയണം’ എന്നതിനെയാണ് ഈ രീതിയില്‍ പരിഹസിക്കപ്പെടുന്നത്.

ബ്യാരി ഒരു ഭാഷയാണോ എന്ന തര്‍ക്കം ഏറെ വര്‍ഷങ്ങളായി ഭാഷാശാസ്ത്രത്തെ അലട്ടുകയാണ്. എങ്കില്‍ ‘മൊകണ്ടാ എടപെട്വണ്ണ’ എന്നതും മലയാളമാണല്ലോ എന്നാണ് പറയുന്നത്. ഇത് ഭാഷയുടെ പ്രാദേശിക വഴക്കമാണ് എന്നും ‘യോടേ പോന്നേ’ എന്നത് മലയാളമല്ല എന്നുമാണ് ബ്യാരി വാദികള്‍ വാദിക്കുന്നത്. ഹിന്ദിയുള്‍പ്പടെയുള്ള വലിയ ഭാഷകള്‍പോലും അപഭ്രംശഭാഷയുടെ പട്ടികയിലാണ്പെടുന്നത്. അതുപോലെ എന്തുകൊണ്ട് ബ്യാരിയെയും ഉള്‍പ്പെടുത്തികൂടാ എന്ന വാദമാണ് ബ്യാരികള്‍ നിരത്തുന്നത്. കന്നടഭാഷയിലും പ്രാദേശിക വകഭേദങ്ങള്‍ ഉണ്ട്. മംഗലാപുരത്തെ കന്നടയല്ല ബാംഗ്ലൂരുവില്‍ സംസാരിക്കുന്നത്.

ബ്യാരി ഭാഷ സംസാരിക്കുന്ന ഒരു സമൂഹം തന്നെ തുളനാടിലുണ്ട്. അവരുടെ ജീവിതത്തിന്റെ ഭാഗമായ ജീവല്‍ഭാഷയാണ് ബ്യാരി. ഉഡുപ്പിമുതല്‍ കാസര്‍കോട് വരെയുള്ള തുളുനാട് മേഖലയില്‍ ചില ഗ്രാമങ്ങളില്‍ ജനങ്ങള്‍ സംസാരിക്കുന്നത് ഈ ഭാഷയാണ്. ബ്യാരി ഒരു മതമോ മതഭാഷയോ അല്ല. ഒരു സമൂഹം തന്നെയാണ്. അതിന് ചരിത്രപരമായ പശ്ചാത്തലമുണ്ട്.

 

 
2012ലെ മികച്ച ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ‘ബ്യാരി’ എന്ന സിനിമയിലെ പ്രമേയം ഈ ഭാഷയും അത് സംസാരിക്കുന്ന സമൂഹത്തിന്റെ ജീവിതവുമാണ് ആലേഖനം ചെയ്യുന്നത്. ഈ ചിത്രം ദേശീയ മുഖ്യധാരയില്‍ എത്തിപ്പെട്ടതോടെയാണ് ബ്യാരി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.അതിനു മുമ്പ് നീണ്ട മുറവിളിക്കും പ്രക്ഷോഭത്തിനും ശേഷം ബ്യാരിക്ക് ഒരു സാഹിത്യ അക്കാദമി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കര്‍ണാടകത്തില്‍ ബ്യാരിയോട് ഗൌരവത്തിലുള്ള സമീപനമുണ്ടായി. അതിനു മുമ്പ് അറബികള്‍ കച്ചവടത്തിന് വന്ന് കൊങ്ങിണി സ്ത്രീകളെ കല്യാണം കഴിച്ച് പ്രസവിച്ച ഭാഷയാണ് ബ്യാരി എന്ന അപഖ്യാതിയാണ് ബ്യാരിക്കുണ്ടായിരുന്നത്. അറബികള്‍ കച്ചവടത്തിന് വന്ന ദക്ഷിണകാനറ തീരദേശത്ത് താമസിച്ച് മലയാളം,കൊങ്ങിണി, കന്നട ഭാഷയില്‍പെട്ടവരെ കല്യാണം കഴിച്ച്ജീവിച്ചപ്പോള്‍ അവരുടെ അടുക്കളയില്‍ പിറന്ന ഭാഷയാണ് ബ്യാരി എന്ന് അപവാദം. ഈ അപവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത് അക്കാദമിയും ബ്യാരി സിനിമയുമാണ്. ഡോ. സുശീല ഉപാധ്യായ, ബി. എം. ഇച്ചിലംകോട് എന്നിവര്‍ ബ്യാരിയുടെ ചരിത്രം പരിശോധിച്ച് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതോടെ ബ്യാരി സമൂഹത്തില്‍ തല ഉയര്‍ത്തിനിന്നു, ലിപിയുടെ ഇരിപ്പിടമില്ലാതെ.

ബ്യാരി ആര്, എന്ത്
ബ്യാരി ഒരു സമൂഹവും ഭാഷയും സാഹിത്യവും ആയി വളര്‍ന്നത് എങ്ങനെയാണ്? ബ്യാരി എന്ന വാക്കിന്റെ അര്‍ഥം തുളു ഭാഷയില്‍ വ്യാപാരി എന്നാണ്. അറബിയില്‍ ബഹാരി എന്നാണ് വ്യാപാരിക്ക് പറയുന്ന വാക്ക്. തുളു, അറബി ബന്ധം വാക്കില്‍ തന്നെ പ്രകടമാണ്. ദക്ഷിണകാനറ മേഖലക്ക് നൂറ്റാണ്ടുകള്‍ മുമ്പ്തന്നെ അറബി നാടുകളുമായുണ്ടായ വ്യപാര ബന്ധമാണ് ബ്യാരികളുടെ ഉത്ഭവത്തിന് കാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അറബികള്‍ മുസ്ലിംകളാണ്. മുസ്ലിം വ്യാപാരികള്‍ ഇവിടെ കച്ചവടം നടത്തുകയും ദക്ഷിണ കാനറ മേഖല വലിയ വ്യാപാര കേന്ദ്രമാകുകയും ചെയ്തു. നാടിന്റെ മുക്കിലും മൂലയിലും വളര്‍ന്ന കച്ചവട ബന്ധങ്ങള്‍ പുതിയ ഭാഷയുടെ വികാസത്തിന് തുടക്കമിട്ടു. ദക്ഷിണ കന്നട എന്നത് നിരവധി ഭാഷകളുടെ വിളഭൂമിയും ഇരിപ്പിടവുമാണ്. കന്നട, കൊങ്ങിണി, ഉറുദു, മലയാളം, കൊടവ, തമിഴ് എന്നിങ്ങനെ പോകുന്നു പട്ടിക.

ചെറു ചെറു ഗ്രാമങ്ങള്‍ അതാത് ഭാഷകളുടെ ദേശീയ രാഷ്ട്രങ്ങളായിരുന്നു. പരസ്പരം ബന്ധങ്ങള്‍ കുറവായിരുന്നു ഈ ഭാഷാ സമൂഹങ്ങളെ വ്യാപാരം കൊണ്ട് ബന്ധപ്പെടുത്തിയത് അറബി ബ്യാരികളായിരുന്നു. കച്ചവട വസ്തുക്കള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനിടയില്‍ അറിയാതെ കൊടുക്കുകയും വാങ്ങുകയും ചെയ്ത് വികസിച്ച ഭാഷയാണ് ബ്യാരി. 1200വര്‍ഷം പഴക്കമുണ്ടെന്നു പറയുന്ന ബ്യാരിഭാഷ വികാസം കൊള്ളുമ്പോള്‍ തുളുനാടിലെ വ്യാപാര സമൂഹത്തിന്റെ സ്ഥിതിവിവര കണക്ക് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.1891ലെ സെന്‍സസ് പ്രകാരം കാനറ ജില്ലയില്‍ 95000വ്യാപാരികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 90345പേര്‍ മാപ്പിളമാരായിരുന്നു. അതായത് ബ്യാരികള്‍. ഇതില്‍നിന്നും ഈ മേഖലയിലെ വ്യാപാര കുത്തക മുസ്ലിംങ്ങള്‍ക്കായിരുന്നുവെന്ന് വ്യക്തം.

അറബ് വ്യാപാര ബന്ധമാണ് മുസ്ലിംങ്ങളെ വ്യാപാര തല്‍പരരാക്കിയത്. വ്യാപാരവുമായി കാനറയില്‍ എത്തിയ അറബികള്‍ കാനറയില്‍ വലിയ കുടുംബ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ തദ്ദേശീയരുമായി വിവാഹ ബന്ധങ്ങളും സൃഷ്ടിച്ചു. വ്യാപാര ബന്ധങ്ങള്‍വഴി ബ്യാരി വളരാന്‍ ഇത്തരം ബന്ധങ്ങളും സഹായിച്ചു. അറബിയും തുളുവും കന്നടയും കൊങ്ങിണിയും എല്ലാം ഇടകലരാന്‍ പരസ്പര ബന്ധങ്ങള്‍ സഹായിച്ചു. കാനറയുടെ അഥവാ തുളുനാടിന്റെ മറ്റൊരു പ്രത്യേകത ജലപാതകളാണ്. പുഴകളുടെ കേന്ദ്രമാണ് തുളുനാട്. വ്യാപരാത്തിന് വാഹന സൌകര്യമില്ലാതിരുന്ന കാലത്ത് പുഴകള്‍ തന്നെയാണ് പാതകളായി വര്‍ത്തിച്ചത്. തോണി തുഴയല്‍ മുസ്ലിംങ്ങളുടെ തൊഴിലായിരുന്നതായി പ്രൊഫ. ബി.എം. ഇച്ചിലംകോടിന്റെ പഠനത്തില്‍ പറയുന്നുല്‍്. ഈ രീതിയിലെല്ലാം വ്യാപാരം മുസ്ലിംങ്ങളുടെ കുത്തകയായിരുന്നു തുളുനാട്ടില്‍. ഇങ്ങനെ തുളു ഭാഷയിലെ ബ്യാരി എന്ന പദം വ്യാപാരികളായ മുസ്ലിംങ്ങളെ അഭിസംബോധന ചെയ്യാനുള്ളതായി മാറി. ഇവര്‍ ബ്യാരി സമൂഹം എന്ന നിലയിലേക്ക് ഉയര്‍ന്നുവന്നു. ബ്യാരികള്‍ മാപ്പിളമാരല്ല. അവര്‍ ബ്യാരികള്‍ തന്നെയാണെന്ന് അവര്‍ അവകാപ്പെടുന്നു. അതായത് മാപ്പിളമാരില്‍ നിന്നും സ്വന്തമായ വംശീയ വ്യക്തിത്വം തങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ബ്യാരികള്‍ അവകാശപ്പെടുന്നത്. ബ്യാരി ഭാഷ തുളുനാടിന്റെ ഭാഷയാണ്. എന്നാല്‍ തുളുനാടിന്റെ ഏതാനും ഭാഗം മലബാറിനോട് കൂട്ടിച്ചേര്‍ത്തതുകൊണ്ട് ബ്യാരി മാപ്പിള മലയാളവുമായി ഇടകലര്‍ന്ന് വ്യക്തിത്വം നഷ്ടപ്പെടുത്തി.

സംസ്കാരം
ദക്ഷിണകാനറയിലെ മുസ്ലിംങ്ങളില്‍ 80ശതമാനവും ബ്യാരികളാണ്. ഈ 80ശതമാനം ബ്യാരികളില്‍ 90ശതമാനവും വ്യാപാരം തൊഴിലാക്കിയവരാണെന്ന് ബി.എം.ഇച്ചിലങ്കോടിന്റെ ‘ബ്യാരി ഓഫ് തുളുനാട’ എന്ന എന്ന ഗ്രന്ഥത്തില്‍ പ്രദിപാദിച്ചിട്ടുല്‍്. ഈ സ്വാധീനത്തിന്റെ ഫലമായി സ്വന്തം പേരിനൊപ്പം ജാതിപേര് പോലെ ബ്യാരി എന്ന പദം കൊണ്ടുനടന്നു എന്നാണ് മനസിലാക്കേണ്ടത്. ഉദ: റഹ്മാന്‍ ബ്യാരി. പ്രദേശിക ഹിന്ദു വിഭാഗത്തില്‍ ജാതി പേരുകള്‍ സ്വീകരിക്കുംപോലെയാണിത്.
 

 
ഷെട്ടി, മയ്യ, ഭട്ട്, എന്നിങ്ങനെ ഒരു ഉപവിഭാഗമായി ബ്യാരി മാറി, ബ്യാരി ഒരു തൊഴില്‍പരമായ സമൂഹമായി മാറി. ഇസ്ലാമില്‍ മക്കത്തായമാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശിക സ്വാധീനം കൊണ്ടാവാം ബ്യാരികളില്‍ മരുമക്കാത്തായമാണുള്ളത്. മലബാറില്‍ പൊതുവെ ഈ വ്യവസ്ഥയാണുള്ളത്. ബ്യാരികള്‍ക്ക് സ്വന്തമായ ആഭരണ രീതികളും അതിന് അതിന്റേതായയ ഭാഷയുമുണ്ട്. കൈക്ക് ധരിക്കുന്നവയില്‍ ബളെ, എലബളെ, സുര്‍ഗിപിരി,തട്ടുബളെ എന്നിങ്ങനെ പോകുന്നു. കാതില്‍ ധരിക്കുന്നവ അലിക്കത്ത്,കൈയിലം, കോപ്പു,കുടുക്ക,അരുളി, മാലകളില്‍ താലിമാലെ, ഗെജ്ജാതികെ,ചവട,ഉറുകുപീസ്, മിസ്രി മാലെ എന്നിങ്ങനെ പോകുന്നു.

ബ്യാരികള്‍ തനത് സംസ്കാരം ഉള്ളവരാണ്. മുസ്ലിം മതവിശ്വാസമാണ് ബ്യാരികള്‍ക്ക് ഉള്ളത്. എന്നാല്‍ ബ്യാരി ഭാഷ മുസ്ലിം ഭാഷയാണ് എന്ന് തീര്‍ത്ത് പറയാന്‍ നമുക്ക് ആവില്ല. ഹിന്ദുക്കളിലെ ചില വിഭാഗങ്ങളും ബ്യാരി മേഖലയില്‍ ബ്യാരി ഭാഷ സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *