മലയാളം: മാറ്റങ്ങളെ ഭയക്കുന്നതെന്തിന്?

വരമൊഴി ഇല്ലാതാകുമ്പോള്‍, അതിനെ വ്യക്തമായി അറിയുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുമ്പോള്‍, പ്രത്യേകിച്ചും വാമൊഴിയുടെ ഉപയോഗം തുച്ഛമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ നിര്‍ബന്ധമല്ലാതിരിക്കുന്ന നാളെകളില്‍ ഭാഷയുടെ ഭാവി തീര്‍ച്ചയായും അപകടത്തില്‍ തന്നെയാണ്. എല്ലാ ചരാചരങ്ങള്‍ക്കും വളര്‍ച്ചയുടെയും തുടര്‍ന്ന് തളര്‍ച്ചയുടെയും നാളുകള്‍ ഉണ്ടെന്നാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ മലയാളഭാഷ നമ്മുടെ ചരിത്രവും സംസ്കൃതിയുമായി അഴിച്ചെടുക്കാനാവാത്തവണ്ണം ഇഴപിരിഞ്ഞുകിടക്കുമ്പോള്‍, ഭാഷയ്ക്ക് സംഭവിക്കുന്ന ജീര്‍ണത നമ്മുടെ ചരിത്രത്തിനും സംസ്കൃതിക്കും സംഭവിക്കുന്ന ജീര്‍ണത തന്നെയാണെന്ന് നാം വേദനയോടെയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്-മലയാള ഭാഷയുമായും ലിപികളുമായും ബന്ധപ്പെട്ട് ദീപാ ഷാജി തുടങ്ങി വെച്ച സംവാദം തുടരുന്നു. ചന്ദ്രകാന്തന്റെ ഇടപെടല്‍

 

 

സിന്ധു നദീതീരത്ത് ജീവിച്ചിരുന്ന പൌരാണികമനുഷ്യരില്‍ തുടങ്ങുന്നു ഭാരതദേശത്തിന്റെ ലിഖിതഭാഷാചരിത്രമെന്ന് എന്‍ ബി എസ് പ്രസിദ്ധീകരിച്ച “ഭാരതചരിത്രം വാല്യം ഒന്ന്” എന്ന പാഠപുസ്തകത്തിന്റെ ആമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഗവേഷകര്‍ കണ്ടെടുത്തത് അതിപ്രാചീനമായ ഒരു ദ്രാവിഡഭാഷയായിരുന്നു. അന്നുമുതല്‍ ഇന്ന് വരെ ഒരുപാട് ദ്രാവിഡഭാഷകള്‍ പിറവി കൊള്ളുകയും കാലം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ആര്യന്മാരുടെ അധിനിവേശമുണ്ടാവുകയും ആര്യഭാഷകള്‍ വേരോടുകയും ചെയ്തു. സംസ്ക്കാരങ്ങള്‍ ഇടകലര്‍ന്നപ്പോള്‍ ഭാഷകളും ഇടകലര്‍ന്നു. ദക്ഷിണ ദ്രാവിഡഭാഷകളില്‍ പ്രധാനിയായ തമിഴിന്റെ ഒരു ഉപഭാഷയായിരുന്നു മലയാണ്‍മ അഥവാ പൌെരാണികമലയാളം. ബ്രാഹ്മണാധിനിവേശം സംസ്കൃതത്തിന്റെ ഗണ്യമായ സ്വാധീനത്തിന് വഴിയൊരുക്കിയപ്പോള്‍ മലയാണ്‍മയില്‍ നിന്ന് കൊടുംതമിഴ് വിട്ടകലുകയും മലയാളം രൂപം കൊള്ളുകയും ചെയ്തു. അങ്ങനെ മലനാടിലങ്ങളമിങ്ങോളം പ്രാദേശികവ്യതിയാനങ്ങളോടെ ജനങ്ങള്‍ മലയാളമെന്ന ഒറ്റ ഭാഷയില്‍ വിനിമയങ്ങള്‍ ആരംഭിച്ചു.

എന്നാല്‍, മലയാളഭാഷയുടെ വരമൊഴി ആദ്യകാലത്ത് വട്ടെഴുത്തെന്ന പേരില്‍ പരിമിതമായ സാധ്യതകളുള്ള ഒരു ലിപി ആയിരുന്നു. മലയാളത്തിന്റെ സങ്കീര്‍ണമായ ശബ്ദവിന്യാസങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ വട്ടെഴുത്ത് പോരാതെ വന്നു. പിന്നീട് ബ്രാഹ്മി ലിപിയായ ഗ്രനഥലിപി മലയാളഭാഷയ്ക്കുതകുന്ന രീതിയില്‍ പരിഷ്ക്കരിച്ച് മലയാളലിപി രൂപീകരിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ മലയാളഭാഷയുടെ ചരിത്രത്തെയും അര്‍ഥവിവക്ഷകളെയും ഒരു വാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം : തമിഴ് ഭാഷയില്‍നിന്നുടലെടുത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ബ്രാഹ്മിലിപിയുടെ ഒരു പരിഷ്കൃതരൂപം (?) ലിപിസഞ്ചയമായി ഉപയോഗിക്കുന്ന, മൂന്നരക്കോടി ജനങ്ങളുടെ മാതൃഭാഷയായ ഒരു ദക്ഷിണദ്രാവിഡഭാഷയാണ് മലയാളം അഥവാ കൈരളി.

ഇത്രയും ചരിത്രം പറയുവാന്‍ കാരണം ഇപ്പറഞ്ഞ മാറ്റങ്ങളൊന്നും ഒന്നോ രണ്ടോ ദിവസംകൊണ്ട് സംഭവിച്ചതല്ല എന്ന് പറയുവാനാണ്. മധ്യകാലഘട്ടത്തിനു മുന്‍പേ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ നീണ്ടുനിന്ന പരിഷ്കരണങ്ങളിലൂടെയാണ് മലയാളഭാഷയും അതിന്റെ ലിപിയും രൂപപ്പെട്ടത്. ഇരുപതാം നൂറ്റാണ്ട് ആവുന്നതുവരെയും ഗ്രനഥലിപിയുടെ അമിതമായ സ്വാധീനം മലയാള അച്ചടിക്ക് ഉണ്ടായിരുന്നു. അതിന്‍ ശേഷമാണ് മലയാളം ഇന്ന് കാണുന്ന മലയാളത്തനിമ കൈവരിച്ചത്. നൂറ്റാണ്ടുകള്‍ നീണ്ട ഈ പരിണാമത്തിന്റെ ചരിത്രപരിസരങ്ങളില്‍നിന്ന് മലയാളഭാഷയുടെ സമകാലികവിനിമയപ്രവണതകള്‍ സസൂക്ഷ്മം വീക്ഷിക്കുമ്പോള്‍ സ്ഥിതി തീര്‍ച്ചയായും ആശങ്കാജനകമാണ്.

 

വാമൊഴിയുടെയും വരമൊഴിയുടെയും ഉപയോഗം
അന്യനാടുകളില്‍ ജനിച്ച് വളര്‍ന്ന്, മലയാളഭാഷ കൈകാര്യം ചെയ്യുവാന്‍ സാഹചര്യം സിദ്ധിച്ചിട്ടില്ലാത്ത ചുരുക്കം ചില കേരളീയരൊഴികെ നാമെല്ലാം മലയാളം സംസാരിക്കുന്നവരാണ്. അതില്‍ തന്നെ നല്ലൊരു ശതമാനം മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരും. ചരിത്രപരമായ കണക്കെടുത്താല്‍ ഒരു പക്ഷേ അന്‍പതോ നൂറോ വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ വരമൊഴിയറിയുന്നവരുടെ ശതമാനം ജനസംഖ്യയില്‍ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് കാണാന്‍ കഴിഞ്ഞേക്കും. പക്ഷേ അന്നത്തെ വിദ്യാഭ്യാസ ശരാശരിയും സാക്ഷരതയും ഇന്നത്തേതിലും എത്രയോ കുറവായിരുന്നു എന്ന് ചിന്തിക്കുക. അന്ന് അഭ്യസ്ത വിദ്യരായ എല്ലാ മലയാളികള്‍ക്കും കുറഞ്ഞപക്ഷം മലയാളം എഴുത്തും വായനയും വശമായിരുന്നു. ഇന്ന് നിര്‍ബന്ധിതവിദ്യാഭ്യാസം സമ്പൂര്‍ണസാക്ഷരതയോളമെത്തിച്ച ഈ സംസ്ഥാനത്ത് അഭ്യസ്തവിദ്യരും മലയാളവരമൊഴി ആശയവിനിമയതലത്തിലും ഔദ്യോഗികവിനിമയതലത്തിലും കാര്യക്ഷമമായ നിലവാരത്തില്‍ അറിയാവുന്നവരും തമ്മിലുള്ള അന്തരം ആശങ്കാജനകമാണ്. എല്ലാ മലയാളിയും അഭ്യസ്തവിദ്യനാണ്, എന്നാല്‍ എല്ലാ അഭ്യസ്തവിദ്യനും മലയാളമെഴുതാനറിയില്ല എന്ന, കടംകഥ പോലെ തോന്നിപ്പിക്കുന്നൊരു അവസ്ഥ സംജാതമായിരിക്കുന്നു.

മലയാളം മംഗ്ളീഷിലെഴുതിയാലും മലയാളത്തിന് കോട്ടം തട്ടില്ല എന്ന് ചിന്തിക്കുന്നത് ഭാഷകളുടെ ചരിത്രത്തെ കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണ്. സ്വന്തമായി വരമൊഴിയില്ലാത്ത ഭാഷകള്‍ കാലത്തെ അതിജീവിക്കുന്ന കാഴ്ച ചരിത്രത്തില്‍ അത്യപൂര്‍വ്വമായൊരു കാഴ്ചയാണ്. കൊങ്ങിണി മുതലായ ഭാഷകള്‍ ലിപിയില്ലാതെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ കൊങ്ങിണി ദൈനംദിനവിനിമയഭാഷയായി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം തുഛമായി വരുന്നതിനാല്‍ അതിന്റെ നിലനില്‍പ്പ് അപകടാവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. തുളുഭാഷയുടെ ഉപയോക്താക്കള്‍ ലിപി നഷ്ടപ്പെട്ടവരാണ്. കന്നട ലിപി അവരുടെ ഭാഷയ്ക്കുമേല്‍ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും തുളു ഭാഷ നിലനില്‍ക്കുന്നത് ആ ഭാഷ ഉപയോഗിക്കുന്നവര്‍ അത് ഒരു അനുഷ്ഠാനം പോലെ കൊണ്ടുനടക്കുന്നതുകൊണ്ടാണ്. ഭൂരിപക്ഷം തുളുബ്രാഹ്മണരും വീടുകളില്‍ തുളുവേ സംസാരിക്കാവൂ എന്ന് നിര്‍ബന്ധമുള്ളവരാണ്. കോട്ടയത്തുള്ള ബ്രാഹ്മണസമൂഹമഠങ്ങളിലെ ബ്രാഹ്മണര്‍ പോലും മഠത്തിന് വെളിയില്‍ മലയാളവും മഠത്തിനകത്ത് തുളുവുമാണ് ഇന്നും സംസാരിക്കുന്നത്. ഈ നിര്‍ബന്ധിത ഉപയോഗം തുളുവിനെ ഇന്നും നിലനിര്‍ത്തുവാന്‍ സഹായകമാണ്. പക്ഷേ ഇതുപോലെ നിര്‍ബന്ധിതമായ, അനുഷ്ഠാനരീതിയിലുള്ള ഒരു ഉപയോഗം മലയാളഭാഷയ്ക്ക് ഇല്ല എന്നതാണ് മലയാളഭാഷയുടെ വാമൊഴിയും വരമൊഴിയും നേരിടുന്ന ഭീഷണി.

ഒരിക്കല്‍ എറണാകുളത്തുനിന്നും തെക്കോട്ടുള്ള ഒരു ട്രെയിനില്‍ ഞാനിരിക്കുമ്പോള്‍ ഒരു യുവതിയും മകളും അമ്മൂമ്മയുമടങ്ങുന്ന ഒരു കുടുംബം സമീപത്ത് വന്നിരുന്നു. യുവതിയും അമ്മൂമ്മയും പരസ്പരം സംസാരിക്കുന്നത് സാധാരണമായ മലയാളത്തിലാകുമ്പോള്‍ നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞുമകളോട് യുവതി സംസാരിക്കുന്നത് ആംഗലേയത്തില്‍ മാത്രമാണ്. അമ്മൂമ്മയും തനിക്കാവുന്ന രീതിയിലൊക്കെ കുഞ്ഞിനോട് ആംഗലേയത്തില്‍ സംവദിക്കുന്നുണ്ട്. ഒരു ബാര്‍ബി പാവയെപ്പോലെ സുന്ദരിയായ ആ കുഞ്ഞിനോട് ഞാന്‍ പേര് ചോദിച്ചപ്പോള്‍ കുഞ്ഞ് എന്റെ മുഖത്തേയ്ക്ക് നിശബ്ദം നോക്കുക മാത്രമാണുണ്ടായത്. അപ്പോള്‍ അവളുടെ അമ്മ ഇടപെട്ട് ‘Molu, Say your name to uncle’ എന്ന് നിര്‍ദ്ദേശിച്ചപ്പോഴാണ് കുട്ടി തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായത്. തുടര്‍ന്ന് “അവള്‍ക്ക് മലയാളം കാര്യമായി അറിയാത്തതുകൊണ്ടാണ്” എന്ന അഭിമാനപൂര്‍വ്വമുള്ള ഒരു ക്ഷമാപണം അമ്മയില്‍നിന്നും വരികയും ചെയ്തു.

കുട്ടിക്ക് മലയാളമറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ, ഒരുവേള സഭാകമ്പത്തിന്റെ അസ്കിതയാവട്ടെ; പക്ഷേ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ പലയിടങ്ങളിലും ഇങ്ങനെയുള്ള അമ്മമാരെയും മക്കളെയും ഇന്ന് കൂടുതലായി കാണുവാന്‍ സാധിക്കും. ഇന്നത്തെ മലയാളിക്കുടുംബങ്ങളില്‍ വീട്ടിനുള്ളില്‍ മലയാളം തന്നെ സംസാരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല ആര്‍ക്കും എന്ന സത്യത്തിലേയ്ക്കാണിത് വിരല്‍ ചൂണ്ടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്താവണം ആംഗലേയത്തിന്റെ ഉപയോഗം മലയാളിവീടുകളുടെ അകത്തളങ്ങളില്‍ കൂടിവരുന്നു. എല്ലാ കുടുംബങ്ങളും എന്ന് ഇതിനര്‍ഥമില്ല. പക്ഷേ അങ്ങനെയുള്ള മംഗ്ലീഷ് കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ് എന്നതാണ് തിരിച്ചറിയേണ്ടുന്ന ആശങ്കാജനകമായ സത്യം. മത്സരസ്വഭാവം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് “കോമ്പീറ്റന്റ് കുട്ടികളെ” വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ വര്‍ദ്ധിച്ചുവരുമെന്നതിനാല്‍ മംഗ്ലീഷ് കുടുംബങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. ഒടുവില്‍ ആ പ്രവണത സമൂഹമാകെ വ്യാപിക്കുന്ന ഒരു നാള്‍ വന്നുകൂടായ്ക ഇല്ല.

വാമൊഴിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീര്‍ണത വരമൊഴിയിലേയ്ക്ക് പടരുന്നതിന്റെ ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു സ്കൂളില്‍, അല്ലെങ്കില്‍ ഒരു കോളേജില്‍ ക്ലാസ്സുകള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ രഹസ്യമായി കൊച്ചുവര്‍ത്തമാനങ്ങള്‍ എഴുതി സംവദിക്കുന്ന കടലാസുകളിലേയ്ക്ക് നോക്കൂ. മലയാളമാണത്. ആംഗലേയലിപിയില്‍ എഴുതുന്ന മലയാളം. മംഗ്ലീഷ് ഭാഷയുടെ, നിര്‍ദോഷമെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള വ്യാപനമാണത്. അതിനര്‍ഥം മംഗ്ലീഷ് സോഷ്യല്‍ മീഡിയകളിലും മൊബൈല്‍ ഫോണുകളിലും മാത്രമൊതുങ്ങുന്ന ഒരു പാവം പ്രതിഭാസമല്ല, അത് ഡിജിറ്റല്‍ ലോകത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നിറങ്ങി, കടലാസുകളിലെ നിത്യജീവിതത്തിലേയ്ക്കും പടരുന്ന അല്‍പ്പം കുഴപ്പം പിടിച്ച ഒന്നാണ് എന്നതാണ്. ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്തേയ്ക്കൊട്ടെത്തിയുമില്ല എന്ന അവസ്ഥയില്‍ ജീവിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളാണ് ഇന്നത്തെ നല്ലൊരു ശതമാനം കുട്ടികളും. അവരെ മലയാളലിപിയില്‍ മലയാളമെഴുതുവാനും ഇംഗ്ലീഷ് ലിപിയില്‍ ഇംഗ്ലീഷ് എഴുതുവാനും അറിയാത്തവരാക്കി മാറ്റിയതാരാണ് എന്നൊരു ചോദ്യവും ഈ സാഹചര്യം ഉയര്‍ത്തുന്നുണ്ട്.

 

 

ഭാഷയും ചരിത്രസംസ്കൃതികളും
ഒരു ജനതയുടെ സ്വന്തമായ വരമൊഴിയുടെ ഉല്‍പ്പത്തിക്ക് മുന്‍പുള്ള അവരുടെ ചരിത്രം ശുഷ്കമായി കാണപ്പെടുന്നത് ഭാഷയ്ക്ക്, പ്രത്യേകിച്ച് വരമൊഴിക്ക് ഒരു സമൂഹത്തിന്റെ ചരിത്രനിര്‍മ്മിതിയിലുള്ള പ്രാധാന്യത്തെ കുറിക്കുന്നു. വരമൊഴിയുടെ പിറവിയോടെ സമൂഹങ്ങള്‍ക്ക് വ്യക്തമായ ലിഖിതചരിത്രങ്ങള്‍ ഉണ്ടാവുന്നു. അവ അറിവുകളും വിശ്വാസങ്ങളും മിത്തുകളുമായി തലമുറകളിലേയ്ക്ക് ആധികാരികതയോടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു സമൂഹത്തിന്റേതായി, തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ബൌെദ്ധിക, സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ആകെത്തുകയാണ് ആ സമൂഹത്തിന്റെ സംസ്ക്കാരവും പൈതൃകവും. അങ്ങനെ നോക്കുമ്പോള്‍ വാമൊഴിയും, അതിനേക്കാളുപരി വരമൊഴിയും ഒരു സമൂഹത്തിന്റെ ചരിത്രനിര്‍മ്മാണത്തിലും സംസ്ക്കാരനിര്‍മ്മാണത്തിലും അതീവപ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണെന്ന് കേരളത്തിന്റെയും മലയാളത്തിന്റെയും വളര്‍ച്ചയുടെ പരസ്പരം ഇഴചേര്‍ന്ന നാള്‍വഴികളില്‍ നിന്നുകൊണ്ട് നമുക്ക് വ്യക്തമായിക്കാണാവുന്നതാണ്.

ഭാഷയിലെ, ഇപ്പോള്‍ ദര്‍ശനീയമായ മാറ്റങ്ങള്‍, മാറുന്ന ഒരു സംസ്കൃതിയെയും സൂചിപ്പിക്കുന്നുണ്ട്. അത് ഗുണകരമോ ദോഷകരമോ എന്നുള്ള ചര്‍ച്ചകള്‍ ഒരുപാട് നടക്കുന്നുണ്ട്. മുതിര്‍ന്ന തലമുറ എന്നും മാറ്റങ്ങളെ ഭയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ചരിത്രവും അനുഭവവും നമ്മെ പഠിപ്പിക്കുന്നു. പുതുതലമുറ എന്നും മാറ്റങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് പതിവെന്നും നമുക്ക് കാണാം. ഇത് മനുഷ്യന്റെ ജനിതകമായ പ്രത്യേകതയാണ്. എല്ലാ ബൌെദ്ധികോപരിവര്‍ഗ്ഗജീവികളെയുമെന്ന പോലെ മനുഷ്യനും ഗൃഹാതുരനാണെന്നതും പ്രായമേറും തോറും ആ ഗൃഹാതുരതയുടെ തീവ്രത വര്‍ദ്ധിക്കുമെന്നതുമാണിതിന്റെ കാരണം. എങ്കിലും നല്ലതെന്നും പ്രായോഗികമെന്നും തോന്നുന്ന മാറ്റങ്ങളെ ആദ്യം അല്‍പ്പം മടിയോടെയാണെങ്കിലും അംഗീകരിക്കുവാന്‍ മനുഷ്യന്റെ പ്രായോഗികബുദ്ധി അവനെ പ്രേരിപ്പിക്കുന്നതിന്റെ അടയാളങ്ങളാണ് ഇന്നത്തെ ഈ ലോകം. പക്ഷേ സ്വീകരിക്കപ്പെടുന്ന മാറ്റങ്ങളുടെ നന്മയുടെ അളവോ, അല്ലെങ്കില്‍ അവയുടെ സാമൂഹ്യവിരുദ്ധമായ പ്രഹരശേഷിയുടെ അളവോ അനുസരിച്ച് അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. ആ കാഴ്ചകള്‍ മനുഷ്യനിലെ ഗൃഹാതുരതയുടെ ജനിതകത്തെ നോവിച്ചുണര്‍ത്തുന്നിടത്താണ് അവന്റെ സംസ്കൃതിയും ചരിത്രവും വെളിപ്പെടുക.

 

 

മാറ്റങ്ങളെ ഭയക്കുന്നതെന്തിന് ?
മാറ്റങ്ങള്‍ സ്വാഭാവികമാണ്. അവയെ എന്തിന് ഭയക്കുന്നു എന്ന ചോദ്യത്തിന് ഇവിടെ അസന്ദിഗ്ദ്ധമായ പ്രസക്തിയുണ്ട്. ശരിയാണ്. മാറ്റങ്ങള്‍ സ്വാഭാവികമാണ്. മലയാളഭാഷയും നൂറ്റാണ്ടുകളിലൂടെ മാറുകയായിരുന്നു. ഇനിയും മാറുക തന്നെ ചെയ്യും. പക്ഷേ നിത്യോപയോഗ മലയാളം മംഗ്ലീഷിലേയ്ക്ക് കൂടുമാറുമോ എന്ന് സംശയമുണര്‍ത്തുന്ന ഈ ചരിത്രസന്ധിയില്‍ നൂറ്റാണ്ടുകളിലൂടെ സംഭവിച്ച മാറ്റങ്ങള്‍ കേവലം മാറ്റങ്ങള്‍ എന്ന നിലയില്‍നിന്നുപരിയായി, ഭാഷയുടെ വളര്‍ച്ചകളായിരുന്നോ അതോ തളര്‍ച്ചകളായിരുന്നോ എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ പ്രധാന മാറ്റങ്ങളത്രയും വളര്‍ച്ചകളായിരുന്നു എന്ന് കാണുവാന്‍ കഴിയും. ആദ്യം തമിഴിന്റെ ഒരു ഉപഭാഷയായി തുടങ്ങി, പിന്നീട് സംസ്കൃതത്തിന്റെ സ്വാധീനത്താല്‍ തമിഴിന്റെ അതിപ്രസരത്തില്‍നിന്ന് മുക്തി നേടി സ്വന്തമായ വ്യക്തിത്വമുള്ള ഒരു വാമൊഴിയായി ഉടലെടുത്തു. എല്ലാ ഭാഷകളേയും പോലെ മലയാളവും, ആ വാമൊഴിയുടെ നിലനില്‍പ്പിനും അതിന്റെ വളര്‍ച്ചയ്ക്കുംവേണ്ടി സാഹിത്യവും ചരിത്രാലേഖനവുമൊക്കെ അവശ്യമാണെന്ന ബോധ്യത്തിന്റെ പുറത്ത് ഒരു വരമൊഴിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു.

അതിനായുള്ള ശ്രമങ്ങളില്‍ വട്ടെഴുത്തും കോലെഴുത്തും പ്രാചീനമലയാളലിപിയുമൊക്കെ പിറവി കൊണ്ടു. ഭാഷയുടെ ഫലപ്രദമായ ഉപയോഗത്തിനായി, ആശയങ്ങളുടെ വ്യക്തമായ പ്രകടനത്തിനായി കാലാകാലങ്ങളിലൂടെ ആ വരമൊഴി പരിഷ്ക്കരിച്ച് ഇന്ന് കാണുന്ന നിലയിലായി. അങ്ങനെ മലയാളം സുവ്യക്തവും കൃത്യവും സമ്പൂര്‍ണ്ണമായ ആശയസംവേദനക്ഷമതയാര്‍ന്നതുമായ വാമൊഴിയും വരമൊഴിയും സ്വന്തമായുള്ള, ആധികാരികതയുള്ള, ലോകത്തിലെ എണ്ണപ്പെട്ട ഭാഷകളുടെ ഗണത്തില്‍ അഭിമാനപൂര്‍വ്വം സ്ഥാനം നേടി. ആംഗലേയവും അറബിയുമുള്‍പ്പെടെയുള്ള ഭാഷകളുമായുള്ള പൂര്‍വ്വകാലവിനിമയങ്ങള്‍ ഇക്കാര്യത്തില്‍ മലയാളഭാഷ്യ്ക്ക് ഗുണമായേ ഭവിച്ചുകാണുന്നുള്ളു. തന്നെയുമല്ല, ഈ വിനിമയങ്ങളൊന്നും മലയാളഭാഷയുടെ ലിപിസഞ്ചയത്തെയും അതിന്റെ ദൈനംദിനവ്യവഹാരങ്ങളെയും ഇതുവരെ ദോഷകരമായി പൊതുവില്‍ ബാധിച്ചിരുന്നുമില്ല.

വരമൊഴിയുടെ ലളിതവല്‍ക്കരണം എന്ന നാട്യത്തില്‍ പുതിയൊരു അച്ചുകൂടലിപി മലയാളത്തിനായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഉയിര്‍കൊള്ളുകയും അതിന്റെ മലിനീകരണപ്രവണയും ഭാഷാലാവണ്യത്തെ നശിപ്പിക്കുവാനുള്ള ത്വരയും തിരിച്ചറിഞ്ഞ് അന്നത്തെ ഭാഷാപ്രേമികള്‍ അതിനെ ചെറുക്കുകയും ചെയ്തതും നമുക്ക് സമീപകാലചരിത്രത്തില്‍ കാണാം. പിന്നീടും അങ്ങനെയുള്ള ലളിതവല്‍ക്കരണശ്രമങ്ങള്‍ മലയാളവരമൊഴിക്കുനേരെ ഉണ്ടാവുകയും സാധ്യമായവയെയൊക്കെ കൈരളി സ്വീകരിക്കുകയും അല്ലാത്തവയെ തള്ളുകയും ചെയ്തു. അവയില്‍ ചിലതിനൊക്കെ ചുക്കാന്‍ പിടിച്ചത് കേരളഭാഷാ ഇന്‍സ്റിട്ട്യൂട്ട് ആണെന്നത് ഒരു വിരോധാഭാസമാണ്. അനൌദ്യോഗികമെങ്കിലും, നിശബ്ദമെങ്കിലും ഇതുപോലെയൊരു അപകടകരമായ ലളിതവല്‍ക്കരണമല്ലേ മംഗ്ലീഷ് ഭാഷയുടെ പ്രചാരം മലയാളത്തോട് ചെയ്യുന്നത് എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. പ്രധാനവ്യത്യാസവും ഏറ്റവും വലിയ അപകടവും എന്തെന്നാല്‍, മുന്‍പുള്ള ലളിതവല്‍ക്കരണങ്ങള്‍ ലിപിയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ളതായിരുന്നുവെങ്കില്‍ ഇത് മലയാളത്തിന്റെ തനതുലിപിയില്‍ നിന്ന് പുറത്തുകടന്ന്, പുതിയ ലിപി മലയാളത്തിനായി സൃഷ്ടിച്ചുകൊണ്ടാണ് / കടം കൊണ്ടുകൊണ്ടാണ്. മലയാളഭാഷ സ്വന്തമായ, വ്യക്തവും ചിട്ടപ്പെടുത്തിയതും സമ്പൂര്‍ണ്ണവുമായ ഒരു വരമൊഴിയെ സൃഷ്ടിച്ചുകഴിഞ്ഞ ഈ സാഹചര്യത്തില്‍ ഈ പുതിയ എഴുത്തുസമ്പ്രദായം ഭാഷയ്ക്ക് വളര്‍ച്ചയല്ല; പിന്നെയോ, തളര്‍ച്ചയാണ് നല്‍കുന്നതെന്ന് മേല്‍പ്പറഞ്ഞ ചരിത്രപരിസരങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകും.

ഈ തളര്‍ച്ച മലയാളഭാഷയുടെ വരമൊഴിയുടെ ഭാവിയെ ദോഷകരമായി ബാധിക്കും എന്നത് എത്രയൊക്കെ ന്യായീകരിക്കുവാന്‍ ശ്രമിച്ചെന്നാലും സന്ദേഹരഹിത സത്യമായി നിലനില്‍ക്കുന്നു. വരമൊഴി ഇല്ലാതാകുമ്പോള്‍, അതിനെ വ്യക്തമായി അറിയുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുമ്പോള്‍, പ്രത്യേകിച്ചും വാമൊഴിയുടെ ഉപയോഗം തുച്ഛമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ നിര്‍ബന്ധമല്ലാതിരിക്കുന്ന നാളെകളില്‍ ഭാഷയുടെ ഭാവി തീര്‍ച്ചയായും അപകടത്തില്‍ തന്നെയാണ്. എല്ലാ ചരാചരങ്ങള്‍ക്കും വളര്‍ച്ചയുടെയും തുടര്‍ന്ന് തളര്‍ച്ചയുടെയും നാളുകള്‍ ഉണ്ടെന്നാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ മലയാളഭാഷ നമ്മുടെ ചരിത്രവും സംസ്കൃതിയുമായി അഴിച്ചെടുക്കാനാവാത്തവണ്ണം ഇഴപിരിഞ്ഞുകിടക്കുമ്പോള്‍, ഭാഷയ്ക്ക് സംഭവിക്കുന്ന ജീര്‍ണത നമ്മുടെ ചരിത്രത്തിനും സംസ്കൃതിക്കും സംഭവിക്കുന്ന ജീര്‍ണത തന്നെയാണെന്ന് നാം വേദനയോടെയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

കെ.എച്ച്. ഹുസൈന്റെ ഇടപെടല്‍ – ലിപി കുത്തിവരയല്ല
ദീപ ഷാജി എഴുതുന്നു:‘ബ്യാരി’പോലാവുമോ മലയാളം?
മുഹമ്മദ് കുട്ടി എഴുതുന്നു: Manglish കൊണ്ട് മരിക്കില്ല, മലയാളം

4 thoughts on “മലയാളം: മാറ്റങ്ങളെ ഭയക്കുന്നതെന്തിന്?

 1. ചന്ദ്രകാന്തന്റേതു് ചരിത്രബോധത്തിന്റെ വേദനയാണു്. അനേകം അക്കാദമിക് ഡിബേറ്റുകളില്‍ പങ്കെടുത്തിട്ടും ഇത്രയും സമഗ്രമായ ഒരു ഉല്‍കണ്ഠ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മംഗ്ലീഷ് വരമൊഴിയായി മാത്രമല്ല വാമൊഴിയിലേയ്ക്കും സംക്രമിക്കുന്നു, കുട്ടികളുടെ സ്വാഭാവികമായ കുത്തികുറിക്കലുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെയുള്ള കണ്ടത്തലുകള്‍ ഗൌരവമായ പഠനങ്ങളും പ്രതിവിധികളും ആവശ്യപ്പെടുന്നു.

  ‘എല്ലാം മാറ്റങ്ങള്‍ക്കു് വിധേയമാകുന്നു’ എന്ന ഉദാസീനമായ പ്രസ്താവന ദൈവസാന്നിദ്ധ്യംപോലെയായിത്തീര്‍ന്നിട്ടുണ്ടു്. ജൈവപരിണാമങ്ങളില്‍ പ്രകൃതി ഇടപെടുന്നതുപോലെ അബോധമായി സംഭവിക്കുന്ന ഒന്നല്ല മനുഷ്യസംസ്കൃതിയുടെ പരിണാമങ്ങള്‍‍ . ‘മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു’ എന്ന ലളിതമായ സത്യം മറക്കാനിടയായ സാഹചര്യം എന്താണു്? മനുഷ്യന്‍ നടത്തിയ ക്ലേശകരമായ യാത്രയുടെ അവശിഷ്ടങ്ങളും ഈടുവയ്പുകളും, സ്വീകരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും പുലര്‍ത്തേണ്ട ജാഗ്രത കൈവിട്ട ഒരു ജനതയുടെ നിലനില്പു് ഏതുവിധമായിരിക്കും?

  സംസ്കൃതിയുടെ പരിണാമങ്ങളില്‍ ഭാഷകളും ലിപികളും ഉദയംകൊണ്ട ഘട്ടം കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഭാഷയോ ലിപിയോ ഇനി ചരിത്രത്തിലുണ്ടാകില്ല. ജൈവപരിണാമത്തിന്റെ ദീര്‍ഘചരിത്രത്തില്‍ കുരങ്ങനില്‍നിന്നും മനുഷ്യന്‍ രൂപംകൊണ്ടതിനു് സമാനമാണിതു്. പുതിയ സാഹചര്യങ്ങളില്‍ കുരങ്ങന്‍മാരില്‍നിന്നും ഹോമോസാപ്പിയന്‍ ഉണ്ടാകില്ല എന്നതു് ജൈവപരിണാമത്തിനെന്നപോലെ സാംസ്കാരികമാറ്റങ്ങള്‍ക്കും ബാധകമാണു്. പുതുതായുണ്ടായികൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷകള്‍പോലും ജൈവഭാഷകളുടെ ചെറിയൊരു ഉല്‍പ്പന്നം മാത്രമാണെന്നോര്‍ക്കുക.

  മനുഷ്യനിര്‍മ്മിതമായ വിസ്മയാവഹമായ ഒരു ലോകമാണു് ഗണിതശാസ്ത്രം. അതു് നിലനില്‍ക്കുന്നതു് 10 അക്കങ്ങളുടേയും ചുരുക്കം ഗണിതക്രിയകളുടേയും ചിഹ്നങ്ങളിലാണു്. ഡിഫറന്‍സിയേഷന്റേയും ലോഗരിതത്തിന്റേയും തൃകോണമിതി ധര്‍മ്മങ്ങളുടേയും ചിഹ്നങ്ങള്‍ ചെറുതാക്കികളയാം എന്നൊരു പരിഷ്കരണം നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ മനുഷ്യനുണ്ടാക്കിയ ശാസ്ത്രസാങ്കേതികതയുടെ നേട്ടങ്ങള്‍ അതോടെ ഒരു ചീട്ടുകൊട്ടാരംപോലെ തകരും. ഗണിതത്തേക്കാള്‍ സങ്കീര്‍ണ്ണവും അമൂര്‍ത്തവുമായ ഭാഷയേയും ലിപിയേയും പരിഷ്കരിക്കാന്‍ തുനിയുന്നവര്‍ എത്ര മാരകമായാണു് മാറ്റങ്ങള്‍ക്കുവേണ്ടി മുറവിളിയിടുന്നതു്. ചന്ദ്രകാന്തന്റെ സൂഷ്മമായ ചരിത്രബോധം അക്കാദമീഷ്യന്മാര്‍ക്കും സാംസ്കാരിക ഉദ്ദ്യോഗസ്ഥര്‍ക്കും കൈമോശം വന്നിരിക്കുന്നു. മംഗ്ലീഷിനേക്കാള്‍ അപകടകരമാണിതു്.

  പന്ത്രണ്ടു് വര്‍ഷങ്ങള്‍ക്കുമുമ്പു് നിത്യചൈതന്യയതിയുമായി നടത്തിയ ഒരു സ്വകാര്യസംഭാഷണത്തില്‍ ‘അക്ഷരങ്ങളെ കണ്ണിലുണ്ണിപോലെ സൂക്ഷിക്കുക, അതു നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കാനാകില്ല, ശ്രമിക്കാന്‍ നാമൊട്ടു് ഉണ്ടാകുകയുമില്ല’ എന്ന അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലം അതിശയോക്തിപരമായാണു് അന്നെനിക്കു തോന്നിയതു്. അക്ഷരങ്ങളുടെ രൂപങ്ങളുമായുള്ള നിരന്തര സഹവാസംകൊണ്ടു് ഇന്നിപ്പോള്‍ ആ പ്രസ്താവനയെ ഭീതിയോടെയാണു് കാണുന്നതു്. സംസ്കൃതിയുടെ, ചരിത്രത്തിന്റെ, നിലനില്പിന്റെ എന്തെല്ലാം ജനിതകങ്ങളാണു് ഈ വരകളില്‍ കൊത്തിവച്ചിരിക്കുന്നതു്.

  • നന്ദി ശ്രീ ഹുസൈന്‍ .. താങ്കള്‍ പറഞ്ഞത് ശരിയാണ്. സംസ്കൃതിയുടെ, ചരിത്രത്തിന്റെ, നിലനില്പിന്റെ എന്തെല്ലാം ജനിതകങ്ങളാണു് ഈ വരകളില്‍ കൊത്തിവച്ചിരിക്കുന്നതു്. ഇത് നമ്മള്‍ കണ്ണിലുണ്ണി പോലെ സൂക്ഷിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അതിനാവുന്നതെല്ലാം ചെയ്യണം.

 2. ഒരു ഭാഷ തിന്റെ ഉള്ളില്‍ നിന്നും നവീകരിക്കുന്നതും മറ്റൊരു ഭാഷ ആദ്യത്തേതിനെ പതിയെ വിഴുങ്ങുന്നതും തമ്മിലുള്ള വ്യത്യാസം ഭംഗിയായി പറഞ്ഞു.
  ഒരു സംശയം “മലയാളം മാറ്റങ്ങളെ ഭയക്കുന്നതെന്തിനു? ഈ തലക്കെട്ട് തികച്ചും സംശയങ്ങളെ ഉണ്ടാക്കുന്നു. മാറ്റങ്ങളെ ഭയക്കുകയാണ്‌ മലയാളമം എന്ന ഇതിനര്‍ഥം കൊടുക്കാം. ആദ്യവായനയില്‍ മാറ്റത്തിനു നേരെ മുഖം തിരിക്കുന്ന പഴഞ്ചര്‍ എന്ന അര്‍ഥം. രണ്ടാമത്തേത് എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വരുന്ന മാറ്റങ്ങളെ ഭയക്കേണ്ടത് എന്ന അര്‍ഥം. ദോഷകരമായി എന്തൊക്കെയോ ഉള്ളതുകൊണ്ട് ഈ മാറ്റങ്ങളെ ഭയക്കണം എന്നര്‍ഥം. ഇത്രകുഴപ്പിക്കുന്ന തലക്കെട്ട് ഒഴിവാക്കാമായിരുന്നു.

  • ഇഗ്ഗൂയി,

   തീര്‍ച്ചയായും ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മലയാളം മാറ്റങ്ങളെ ഭയക്കുക തന്നെയാണ്. ആ ഭയങ്ങളെത്തന്നെയാണ് ഇവിടെ നിരത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അവയെ ഭയക്കേണ്ടതെന്നും ഇവിടെ പറയുന്നുണ്ട്. താങ്കള്‍ പറയുന്നതുപോലെ ഈ തലക്കെട്ടിന് അങ്ങനെ പല അര്‍ഥങ്ങളുണ്ട്. അതൊക്കെയും ബോധപൂര്‍വ്വമാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *