മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

ആദ്യം നിങ്ങള്‍ തിരുത്തപ്പെടും . തിരുത്തപ്പെടാന്‍ വിസമ്മതിച്ചാല്‍ നിങ്ങള്‍ പുറത്തേയ്ക്ക് വലിച്ചറിയപ്പെടും. നിങ്ങള്‍ക്ക് ഏത് കൂടാരത്തിലും ചേക്കേറാം . ശത്രു പാളയത്തില്‍ പോലും . എന്നാല്‍, ആശയത്തിന് പുറത്തേയ്ക്ക് പോകാന്‍ വിസമ്മതിച്ച് ,നിങ്ങളുടെ ശരിയില്‍ ഉറച്ചു നിന്ന് കലഹിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെടാം. ചേകന്നൂര്‍ മൌലവി ഈ തെറ്റാണ് ചെയ്തത്. ജോസഫ് പുലിക്കുന്നേല്‍ ഈ തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നത് . ടി.പി ചന്ദ്രശേഖരന്‍ ചെയ്തതും ഇതേ തെറ്റാണ് .
കുലം കുത്തിയത് തന്നെയാണ് ചന്ദ്രശേഖരന്‍ ചെയ്ത തെറ്റ്. ‘കുലംകുത്തി’ ഒരു നാവു പിഴയല്ല. വര്‍ഗവിശകലനസിദ്ധാന്തവും ,വര്‍ഗസംഘടനാതത്വവും പണ്ടെന്നോ ഉപേക്ഷിച്ച് ,വളര്‍ത്തി വലുതാക്കിയ ‘സ്ഥാപന’ത്തിന്റെ അടിസ്ഥാന നിലനില്‍പ്പ് സിദ്ധാന്തത്തെ ചോദ്യം ചെയ്തു എന്ന കുറ്റപത്രം ,ശിക്ഷാവിധി നടപ്പിലാക്കിയതിനു ശേഷം അവതരിപ്പിച്ചപ്പോള്‍ ,ആലങ്കാരികതയുടെ ഒഴിവിലൂടെ ഒരു ഫ്യൂഡല്‍ ‘കുലം’ ഒഴുകി വന്നു വീണതാണ്. തികച്ചും സത്യസന്ധമായി. തികച്ചും അനുയോജ്യമായി-കേരളത്തിന്റെ സമകാല ധമനികളിലൂടെ ഉദയ് കിരണ്‍ നടത്തുന്ന അന്വേഷണം

 


 

‘നിങ്ങള്‍ ഞങ്ങളോടൊപ്പമോ ,ഞങ്ങള്‍ക്കെതിരോ’ എന്ന ചോദ്യം മുസോളിനിയോട് ചേര്‍ത്താണ് നാം വായിച്ചു വരുന്നത് .ഒരാള്‍ക്ക് മുന്നിലുള്ള വഴികളെ മരണം / അതിജീവനം എന്ന, ആരെയും കൊതിപ്പിക്കാത്ത ദ്വന്ദത്തിലേക്ക് ചുരുക്കിക്കെട്ടുന്ന, സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത ഫാഷിസ്റ് പോസ്റുലേറ്റാണിത്. ഫാഷിസ്റ് ഇറ്റലിയ്ക്ക് പിന്നിലേയ്ക്കും ഈ ചോദ്യത്തിന്, ഒരു ചരിത്രമുണ്ടെങ്കിലും മുസോളിനിയ്ക്കും ഹിറ്റ്ലറിനും മുമ്പ് ,അത് ഇത്ര മാരക ഫലപ്രാപ്തിയോടെ ചോദിക്കപ്പെട്ടിരുന്നില്ല .

പില്‍ക്കാലത്ത് അതിന്റെ ഏറ്റവും കുപ്രസിദ്ധമായ ആവര്‍ത്തനം ഉണ്ടാകുന്നത് ഭീകരവാദവുമായി ബന്ധപ്പെട്ട് ജോര്‍ജ് ബുഷിന്റെ വകയായിട്ടാണ് . ജനാധിപത്യബോധത്തിന്റെ നേരെ മറുതലയ്ക്കല്‍ നില്‍ക്കുന്ന ഈ ചോദ്യത്തെ ഇന്ത്യനവസ്ഥയില്‍ വെച്ച് പരിശോധിക്കുന്ന ഒരാളുടെ മനസ്സിലേയ്ക്ക് പെട്ടെന്ന് ഓടി വരിക നരേന്ദ്ര മോഡിയും ഗുജറാത്ത് വംശഹത്യയുമാണ്. (ഒരു ചോദ്യത്തിന്റെ ഇടവേള വേണ്ടിയിരുന്നില്ല എന്നത് മറ്റൊരു കാര്യം ) വൈവിധ്യത്തിന്റെയും ,പ്രബുദ്ധതയുടെയും, സാക്ഷരതയുടെയും ,സാമൂഹ്യവികാസത്തിന്റെയും അടയാളങ്ങള്‍ പേറി നില്‍ക്കുന്ന കേരള സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വെച്ച് ഈ ചോദ്യത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാം പെട്ടെന്ന് തയ്യാറായി എന്ന് വരില്ല .

കുറയുന്നു, നമ്മുടെ ഇടങ്ങള്‍
നമ്മുടെ ജീവിതപരിസരത്ത് വെച്ച് നമുക്ക് ഈ ചോദ്യത്തെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് മുഖ്യമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ് . ഒന്ന് , ഏകമുഖത്ത് നിന്ന് സമൂഹം മുഴുവനോടുമായി ചോദിക്കപ്പെടുന്ന ചോദ്യം എന്ന നിലയില്‍, നാം ഇതിനെ ചരിത്രപരമായി മനസ്സിലാക്കുന്നു എന്നതാണ്. മരണം / അതിജീവനം എന്ന ദ്വന്ദത്തിന്റെ തീവ്രഭാവത്തത്തിലേക്ക് പൂര്‍ണ്ണമായും വളര്‍ന്നു കഴിഞ്ഞിട്ടില്ല , നമ്മുടെ സമൂഹത്തില്‍ ‘തെരഞ്ഞെടുക്കാന്‍ ലഭ്യമായ വഴികള്‍’ എന്നതാണ് രണ്ടാമത്തെ കാരണം .

ഒരാള്‍ക്ക് പെരുമാറാനും തെരഞ്ഞെടുക്കാനുമുള്ള ഇടം കുറഞ്ഞു വരിക എന്നതാണ് നാം പരിശോധിക്കുന്ന ഫാഷിസ്റ് പോസ്റുലേററ് സൃഷ്ടിക്കുന്ന അവസ്ഥയുടെ ലക്ഷണം . വ്യവസ്ഥാപിത മതങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വെളിയില്‍ പെരുമാറാനുള്ള ഇടം കേരള സമൂഹത്തില്‍ അനുദിനം കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു എന്ന അനുഭവത്തില്‍ നിന്ന് ,തിരികെ യാത്ര ചെയ്തു വേണം ആ സമൂഹം കൈവരിച്ചിരിക്കുന്ന സ്വഭാവത്തെക്കുറിച്ചുള്ള സിദ്ധാന്തവല്‍ക്കരണങ്ങളില്‍ എത്തിച്ചേരാന്‍ .

അന്തര്‍സമൂഹ വൈരുദ്ധ്യങ്ങള്‍
വ്യത്യസ്ത ജനവിഭാഗങ്ങള്‍ ചേര്‍ന്ന ഒരു സമൂഹം എന്ന നിലയിലാണ് , മറ്റേതൊരു സമൂഹത്തെയും പോലെ കേരള സമൂഹവും മനസ്സിലാക്കപ്പെടുന്നത് . വിശാലമായ അര്‍ത്ഥത്തില്‍ -മൂന്ന് മതങ്ങള്‍; അവയിലോരോന്നിലുമുള്ള അവാന്തരവിഭാഗങ്ങള്‍-ജാതികളാവാം, സഭകളാവാം, വിഭാഗങ്ങളാവാം-ഇവയൊക്കെ ചേര്‍ന്ന ഒരു സമൂഹം. ഒരു വശത്ത് കടല്‍ കൊണ്ടും ,മറുവശത്ത് പര്‍വ്വതനിരകള്‍ കൊണ്ടും പിഴവുകളില്ലാത്ത അതിരുകളാല്‍ വ്യതിരിക്തതയും വ്യത്യസ്തതയും പുലര്‍ത്താന്‍ പ്രകൃതി അവസരമൊരുക്കിയ ദേശവും , അതിന്റെ ഭൂപ്രകൃതിയോട് മെരുങ്ങിവളര്‍ന്ന സംസ്കാരവും.

എല്ലാ സമൂഹങ്ങളിലും നിരവധി ഉപവിഭാഗങ്ങള്‍ ,ജാതികള്‍ ,ഗോത്രപാരമ്പര്യങ്ങള്‍ എന്നിവയുണ്ടാവും. വൈരത്തിന്റെയോ പകയുടെയോ പ്രാക്തനസ്മൃതികള്‍ പേറുന്നവയാകാം ഇത്തരം ചില ഉപസമൂഹങ്ങളുടെ ഉഭയബന്ധം. എന്നാല്‍ ഭാരതത്തില്‍ നിലനില്‍ക്കുന്നതു പോലെയുള്ള , പരിമിതികളോട് കൂടിയ ജനാധിപത്യത്തില്‍ പോലും, ഇത്തരം അന്തര്‍സമൂഹ വൈരുദ്ധ്യങ്ങള്‍ തുറന്ന സംഘര്‍ഷങ്ങളായി പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞുവരികയും , മിക്കവാറും തെരഞ്ഞെടുപ്പ് പോലെയുള്ള രാഷ്ട്രീയ പ്രക്രിയകളിലെ ഏറ്റുമുട്ടലുകളായി പരിണമിക്കുകയും ചെയ്യുന്നുണ്ട് .

 

 

രാഷ്ട്രീയ സ്വത്വം, ജാതി സ്വത്വം
ജാതിയുടെയോ വംശത്തിന്റെയോ ഒക്കെ പേരില്‍ രൂപം കൊടുക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പ്രായോഗികത , തെരഞ്ഞെടുപ്പ് വിജയം മുതലായ പരിഗണനകളുടെ ഫലമായി അതേ ജാതിയുടെയും വംശത്തിന്റെയും ശുദ്ധിയില്‍ മായം കലര്‍ത്തുന്നുണ്ട്. ജാതിയുടെ പേരില്‍ ഉണ്ടാകുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന ,അവര്‍ നേടിയെടുക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ സ്വത്വം, ബോധപൂര്‍വ്വമായല്ലെങ്കിലും ,അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജാതി സ്വത്വത്തെ മങ്ങലേല്‍പ്പിക്കുകയും, അതിനെ പിന്നോട്ട് തള്ളുകയും ചെയ്യന്നു എന്നതാണ് .

മനസ്സിലാക്കാന്‍ വിഷമമുള്ള വൈരുദ്ധ്യമൊന്നും ഇതിലില്ല . ഇത്തരം പ്രസ്ഥാനങ്ങളുടെ നേതൃത്വം കയ്യാളുന്നവരുടെ അധികാരമോഹത്തിന്റെ വീണുകിട്ടിയ ഗുണഫലമായി ഇതിനെ കാണാവുന്നതാണ്. വിശാലമായ അര്‍ത്ഥത്തില്‍ ഒരേ ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനാല്‍,പരമ്പരാഗത സാമൂഹ്യസ്വത്വങ്ങളുടെ ശുദ്ധിയും വ്യതിരിക്തതയും അവ്യക്തമാക്കപ്പെടുന്നതിന് പല മാതൃകകളും നമുക്ക് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയും .

ദേശീയ യാഥാര്‍ഥ്യങ്ങള്‍
ഉത്തര്‍പ്രദേശിലെ എസ്. പി / ബി. എസ് . പി , ബീഹാറിലെ നിതീഷ്കുമാറിന്റെയും , ലാലുവിന്റെയും , പാസ്വാന്റെയും പാര്‍ട്ടികള്‍, തമിഴ്നാട്ടിലെ ഡി. എം. കെ / എ. ഐ . എ . ഡി .എം .കെ എന്നിവ ഇതില്‍ പ്രധാനം . പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, സവര്‍ണ്ണ ഹിന്ദുക്കളെ പങ്കിട്ടെടുക്കുന്നു എന്ന നിലയില്‍ , കോണ്‍ഗസ് / ബി. ജെ . പി ദ്വന്ദത്തെക്കുറിച്ചും ഈ വിശകലനം ശരിയാണ്.

ആന്ധ്രാപ്രദേശിലെ പ്രമുഖ പാര്‍ട്ടികളെ തിരിച്ചറിയാന്‍ ജാതിസൂചകങ്ങള്‍ സഹായിക്കില്ല . മറാഠാവാദത്തെ ആധാരമാക്കിയ ശിവസേനയെയും ,അതില്‍ നിന്ന് പൊട്ടിമുളച്ച പാര്‍ട്ടികളെയും പോലും , മഹാരാഷ്ട്രയിലെ മറ്റു പ്രമുഖ പാര്‍ട്ടികളായ എന്‍. സി. പി , ബി. ജെ.പി , കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന് സാമൂഹ്യശാസ്ത്രപരമായി വേര്‍തിരിച്ചറിയാന്‍ ഗോത്ര, വംശ സൂചകങ്ങള്‍ ഉപകരിക്കില്ല .

കര്‍ണ്ണാടകയിലെ ലിംഗായത്ത്-വൊക്കലിഗ വൈരുദ്ധ്യം അവിടുത്തെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ പോലെ ഒരു ആഭ്യന്തര പ്രശ്നവും , സദാ ആന്തരികസമീകരണം ആവശ്യപ്പെടുന്ന ഒരു സാമൂഹ്യഘടനാ സവിശേഷതയുമാണ്. (വ്യക്തമായ ഒരു ലക്ഷ്യം മുന്നില്‍ വെച്ച് . ഒരു ദീര്‍ഘകാലപദ്ധതി ആവിഷ്കരിച്ചു കൊണ്ട് വംശീയഹത്യ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സാമൂഹ്യധ്രുവീകരണം നേടിയെടുത്ത ഗുജറാത്ത് തീര്‍ച്ചയായും വേറിട്ടുനില്‍ക്കുന്നു)

കേരള പാഠങ്ങള്‍
മറ്റേതൊരു ജനതയെയും പഠിക്കാനുപയോഗിക്കുന്ന അളവുകോലുകള്‍ മതിയാവില്ല കേരളസമൂഹത്തെ വിശകലനപരമായി സമീപിക്കാന്‍. അത് മലയാളികള്‍ക്ക് ഇഷ്ടപ്പെടാനും ഇടയില്ല . മറ്റു സ്ഥലങ്ങളില്‍ ന്യൂനപക്ഷം എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയിലല്ല ഇവിടെ. അധികാരത്തിലെ പങ്കാളിത്തത്തിലും അവര്‍ പിന്നിലല്ല. ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന സാമൂഹ്യ വികസന സൂചികകള്‍, ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധത, ഉയര്‍ന്ന സാമൂഹ്യനീതിബോധം, മറ്റു മിക്ക ഭാരതീയഭാഷകളിലേതിനേക്കാളും കൂടുതല്‍ വളര്‍ന്ന സാഹിത്യം, മതേതരത്വം, മതസൌെഹാര്‍ദ്ദം; ഒരു ഉച്ചഭാഷിണി കൂടെ മുന്നിലുണ്ടെങ്കില്‍ രണ്ടു വരി ശ്രീനാരായണഗുരു കൂടെ ചൊല്ലിയേ ഒരു ശരാശരി മലയാളി അവസാനിപ്പിക്കൂ.

 

painting by Rene Magritte


 

സഹവര്‍തിത്വത്തിന്റെ ‘മാതൃകാസ്ഥാനം’
വിവിധ ജനവിഭാഗങ്ങള്‍ ഏതാണ്ട് സഹവര്‍തിത്വത്തില്‍ പുലരുന്ന ‘മാതൃകാസ്ഥാനം’ എന്നത് മറ്റു പലതും പോലെ കേരളത്തെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട ആധുനിക മിത്തുകളിലൊന്നാണ് . വാസ്തവത്തില്‍ ഇത് ജനവിഭാഗങ്ങളുടെ സഹവര്‍തിത്വത്തേക്കാള്‍ ആ ജനവിഭാഗങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളുടെ സഹവര്‍തിത്വമാണ് . രണ്ടും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്.

ജനവിഭാഗങ്ങള്‍ (Communities) താരതമ്യനേ അയഞ്ഞ ഒരു ഘടനയാണ് .അവയുടെ അരികുകളില്‍ നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ ഊടുവഴികളുണ്ട് , അടര്‍ന്നു വീഴാന്‍ ഇടങ്ങളുണ്ട് ,ഇടയ്ക്കൊന്നു ഉലാത്തി വന്നാലും അടയാത്ത വാതിലുകളില്ലായ്മയുണ്ട് . പൊതു ഇടങ്ങള്‍ വളരാനും വ്യാപിക്കാനുമുള്ള സാധ്യതകള്‍ ഉള്ളില്‍ നിലനിര്‍ത്തുന്നുണ്ട് ,ജനവിഭാഗങ്ങള്‍ക്കിടയിലെ കാട് വെട്ടിത്തെളിക്കാത്തതും ,അളന്നു തിട്ടപ്പെടുത്താത്തതുമായ വെളിമ്പുറങ്ങള്‍ .

സ്ഥാപനങ്ങളാകട്ടെ , തിരിച്ചറിയപ്പെടുന്നത് തന്നെ അവയെ ചുറ്റി വളഞ്ഞു നില്‍ക്കുന്ന ഉയര്‍ന്ന മതിലുകളാലാണ് . മതിലുകള്‍ സംസാരിക്കുന്നത,അനുവാദമില്ലാതെ അകത്തേക്കോ പുറത്തേക്കോ കടക്കാന്‍ കഴിയില്ല എന്നതിന്റെ ചിഹ്നഭാഷയായ കവാടങ്ങളിലൂടെയും, കവാടപാലകരിലൂടെയുമാണ് . ഒരു സ്ഥാപനത്തിനും മറ്റൊരു സ്ഥാപനത്തിനും ഇടയില്‍ പരസ്പര ധാരണയാല്‍ ഒഴിച്ചിടപ്പെട്ട ഇടം, വണ്ടി തട്ടിയോ,വെടി കൊണ്ടോ കൊല്ലപ്പെടാവുന്ന ദേശീയപാതയാണ് .

 

 

മത -ജാതികള്‍ കേരളത്തില്‍ ചെയ്തത്
മത, ജാതി വിഭാഗങ്ങള്‍ എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയും , തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയല്ല , കേരളത്തില്‍ സംഭവിച്ചത് . അല്ലെങ്കില്‍, അത്തരം ശ്രമങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രാപ്തി നേടാതെ വന്നപ്പോള്‍ , സ്വയം പ്രസ്ഥാനങ്ങളും, പ്രസ്ഥാനസ്ഥാപനങ്ങളുമായി മാറാന്‍ അവര്‍ തീരുമാനിക്കുകയാണുണ്ടായത്. ഈ സ്ഥാപനവല്‍ക്കരണത്തിന് ഒരു ചരിത്രമുണ്ട് .ചരിത്രത്തിന്റെ കാലഗണന പരിഗണിക്കാതെ പറഞ്ഞാല്‍ കേരളത്തിലെ ക്രിസ്തീയ സഭകളും , മുസ്ലിം വിഭാഗങ്ങളും , അവയെ മാതൃകയാക്കി , ഹിന്ദു മതത്തിലെ രണ്ട് പ്രമുഖ വിഭാഗങ്ങളായ നായന്മാരും ,ഈഴവരും സ്വന്തം നിലയ്ക്ക് കേരളത്തിന്റെ ജീവസ്പന്ദനത്തെയും ,ചലനത്തെയും സ്വാധീനിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളോ , പ്രസ്ഥാനസ്ഥാപനങ്ങളോ ആണിന്ന് .

കത്തോലിക്കാ സഭയുടെ മാതൃക
മലയാളിത്തത്തില്‍ നിന്ന് ആദ്യം ചുറ്റുമതില്‍ കൊണ്ട് ഇടം വകഞ്ഞു കെട്ടിയെട്ധുത് ക്രിസ്ത്യാനികള്‍ , വിശേഷിച്ചും ,കത്തോലിക്കാസഭയാണ് .പല നല്ല കാര്യങ്ങളിലും മുന്നേ നടന്നവര്‍ ആണവര്‍ . ഇന്ത്യയില്‍ ആദ്യമായി യൂറോപ്യന്‍ കൊളോണിയലിസത്തിനെതിരെ ഉയര്‍ന്ന സ്വരവുമായി, പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ കടല്‍ യാത്ര നടത്തിയ സന്ദര്‍ഭത്തെ 360 ഡിഗ്രി തിരിച്ചിട്ട് ,കേരളത്തിലെ 20 ശതമാനം വരുന്ന ജനതയെ മാനസികമായും ആത്മീയമായും യൂറോപ്യന്‍വിധേയത്വമുള്ള പൌെരോഹിത്യത്തിന്‍ കീഴില്‍ തളച്ചിട്ട അടിമത്തവല്‍ക്കരണം നമ്മുടെ പൊതുബൌെദ്ധികതയ്ക്ക് വിഷയമായില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മാനസികമായി വിദേശാധിപത്യത്തിനു അടിപ്പെടുന്നത് എന്നത് നമുക്ക് രാഷ്ട്രീയമോ ,സാമൂഹ്യമോ ആയ ഒരു പ്രശ്നമായില്ല.

ക്രിസ്ത്യാനികള്‍ കേരള സമൂഹത്തിലെ ഒരു ജനവിഭാഗമാണോ ? ആണെങ്കില്‍ ആരൊക്കെയാണ് അതിന്റെ നേതാക്കള്‍ ? രഹസ്യമോ പരസ്യമോ ആയ ഒരു ചര്‍ച്ചയോ , ഒരു മതസൌഹാര്‍ദ്ദ സമ്മേളനമോ നടക്കുമ്പോള്‍ ആരാണ് ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്നത് ? പേര് ഒരു പ്രശ്നമല്ലാത്ത ചില ബിഷപ്പുമാര്‍ . എന്തുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രതിനിധിയായി ഏതെങ്കിലും ഒരു മത്തായിയോ ,തൊമ്മനോ ,വര്‍ഗീസോ അതുമല്ലെങ്കില്‍ ആ കെ.എം മാണിയെങ്കിലുമോ വരാത്തത് ? കേരളത്തിലെ ആദ്യത്തെ ശക്തമായ സാമൂഹ്യ ,സാമ്പത്തിക ,ആത്മീയ സ്ഥാപനമാണ് കത്തോലിക്കാ സഭ .

മുസ്ലിം ലീഗ് ചെയ്തത്
കേരളത്തിലെ മുസ്ലിംകള്‍ ,പ്രത്യേകിച്ച് മലബാറിലെ മാപ്പിളമാര്‍ ,ഒരു മലയാളിത്ത കുടയ്ക്ക് കീഴില്‍ മുറുക്കിത്തുപ്പി രസികത്തം കാട്ടി പുലര്‍ന്നു പോന്നിരുന്നു . ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വിഭജിക്കപ്പെട്ടത് പോലും അവര്‍ വേണ്ട വിധം അറിഞ്ഞിരുന്നില്ല . രാജ്യം മുഴുവന്‍ ചീത്ത വാക്കായി മാറിക്കഴിഞ്ഞ മുസ്ലിം ലീഗിനെ മാത്രം അവര്‍ വിടാതിരുന്നതും സുഖപ്രദമായ ആ അജ്ഞത കൊണ്ടാണ്. അര്‍ത്ഥ വിവക്ഷകള്‍ അറിയാതെ അവര്‍ സ്വീകരിച്ച മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പര്‍ട്ടി പക്ഷെ , മതസഹവര്‍തിത്വബോധം വിട്ടു നടന്നില്ല .

മതമൌലികവാദധാരകള്‍ക്ക് കേരളത്തിലെ മുസ്ലിം മനസ്സുകളിലേയ്ക്ക് ഒരു പാട് കാലം വഴിതടഞ്ഞ് നിന്നത് മുസ്ലിം ലീഗാണെന്ന് അതിശയോക്തിശങ്കയില്ലതെ പറയാം . എന്നാല്‍ ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷമാണ് കേരളത്തിലെ മുസ്ലിംകള്‍ ആത്മീയവും രാഷ്ട്രീയവുമായി വലയിലാക്കപ്പെടുന്നതും വരിഞ്ഞു മുറുക്കപ്പെടുന്നതും. ഇപ്പോള്‍ മുസ്ലീം ലീഗിനെ അകത്തു നിന്നും പുറത്തു നിന്നും , ഇറക്കുമതി ചെയ്യപ്പെട്ട മതതീവ്രവാദം കരണ്ടു തിന്നുന്നു. കത്തോലിക്കാസഭയോട് താരതമ്യം ചെയ്യാവുന്ന ഒരു സംഘടനാ രൂപമില്ലാതെ തന്നെ,പര്‍ദ്ദയിലൂടെയും,ഫത്വകളിലൂടെയും,ഹിന്ദു വര്‍ഗീയത നല്‍കിയ അരക്ഷിതബോധത്തിലൂടെയും ഒരു ആശയ,സാമ്പത്തിക,രാഷ്ട്രീയ സ്ഥാപനം രൂപപ്പെട്ടു .

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും
മേല്‍ജാതി ഹിന്ദുക്കള്‍ക്ക് സംഘടനാ-സ്ഥാപന താല്‍പ്പര്യങ്ങള്‍ ഉണ്ടാകുന്നത് ക്രിസ്ത്യാനികളെ കണ്ടിട്ടാണ്. സംഘടിച്ചതു കൊണ്ടാണ് അവര്‍ക്ക് ,തിരുവിതാംകൂറില്‍ ബ്രാഹ്മണര്‍ക്ക് സമാനമായ സ്ഥാനങ്ങള്‍ കിട്ടുന്നത് എന്ന തിരിച്ചറിവാണ് എന്‍.എസ്.എസിന്റെ സ്ഥാപനത്തിന് കാരണമാകുന്നത. അവര്‍ മാതൃകയാക്കിയതും കത്തോലിക്കാസഭയെയാണ് .

എന്നാല്‍,പിന്നീട്, പൊടുന്നനെ ഉണ്ടായ സാമൂഹ്യമാറ്റത്തില്‍, കാര്യമായി പരിക്കേറ്റ് ,പിന്നാക്കം മറിഞ്ഞു വീണ് ,അവിടെത്തന്നെ ഇത്തിരി ഉറങ്ങിയെണീറ്റപ്പോഴാണ് ,സ്വപ്നത്തില്‍ കണ്ടു പേടിച്ച കമ്മ്യൂണിസ്റ് ദുര്‍ഭൂതം രൂപം മാറി മുന്നില്‍ വന്നു നില്‍ക്കുന്നത് അവര്‍കണ്ടത്. അപ്പോള്‍ ആശ്വാസം തോന്നി കൂട്ടു കൂടിയതും കത്തോലിക്കാസഭയോടായിരുന്നു . കേരള സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ശ്രീനാരായണഗുരുവിന്റെ സംഘം ,പാതി നിര്‍വ്വഹിച്ച ചരിത്രധര്‍മ്മത്തെ ഭൂതത്തിലേയ്ക്ക് തള്ളിമാറ്റി, ഒരു ജനവിഭാഗത്തിന്റെ പേരില്‍ , തനതായ താല്പര്യങ്ങള്‍ വളര്‍ത്തിസംരക്ഷിക്കാന്‍ പറ്റുന്ന സ്ഥാപനമായി പുനരവതരിച്ചത് നാം കാണുന്നു.

 

 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ചത്
എന്നാല്‍, മര്‍ദ്ദനമേറ്റും , രക്തം ചൊരിഞ്ഞും നവകേരളസൃഷ്ടിയില്‍ അനിഷേധ്യമായ പങ്ക് വഹിച്ച കമ്മ്യൂണിസ്റ് പ്രസ്ഥാനം ,ആശയപരമായി നിരന്തരം നവീകരിക്കപ്പെടുക എന്ന അവശ്യപാഠം വഴിയിലുപേക്ഷിച്ച് ,അതിനോടകം സ്വരൂപിച്ച സമ്പത്തും ആള്‍ബലവും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യക എന്ന പ്രാഥമികതാല്പര്യം പുലര്‍ത്തുന്ന ഒരു സ്ഥാപനമായി മാറിയതാണ് സമീപ ദശകങ്ങളില്‍ കേരളസമൂഹം ഏറ്റുവാങ്ങിയ ഏറ്റവും വലിയ പ്രഹരം.

പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ ജനാധിപത്യ ഇടം ഉണ്ടാകാം . കാരണം, പ്രസ്ഥാനം ഒരു ചലനവും ഗതിയുമാണ്. എന്നാല്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സന്ദേഹങ്ങള്‍ക്ക് സ്ഥാനമില്ല .കാരണം, സ്ഥിരതയാണ് ഒരു സ്ഥാപനത്തിന്റെ പ്രാഥമികലക്ഷ്യം.സ്ഥാപനം അതിലെ അംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണവിധേയത്വത്തില്‍ കുറഞ്ഞതൊന്നും ആവശ്യപ്പെടുന്നില്ല . അന്തിമമായ ശരി കൈക്കുള്ളില്‍ ഒതുക്കി എന്ന ഉറച്ച ധാരണ സ്ഥാപനങ്ങളുടെ പൊതു സ്വഭാവമാണ് . അത്തരം ഒരു ധാരണ സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ഒഴിച്ചു കൂട്ടാനാകാത്തതുമാണ്. അതിനെ ചോദ്യം ചെയ്യക എന്നത് ആത്മഹത്യാപരമാണ്.

‘കുലംകുത്തി’ ഒരു നാവു പിഴയല്ല
ആദ്യം നിങ്ങള്‍ തിരുത്തപ്പെടും . തിരുത്തപ്പെടാന്‍ വിസമ്മതിച്ചാല്‍ നിങ്ങള്‍ പുറത്തേയ്ക്ക് വലിച്ചറിയപ്പെടും. നിങ്ങള്‍ക്ക് ഏത് കൂടാരത്തിലും ചേക്കേറാം . ശത്രു പാളയത്തില്‍ പോലും . എന്നാല്‍, ആശയത്തിന് പുറത്തേയ്ക്ക് പോകാന്‍ വിസമ്മതിച്ച് ,നിങ്ങളുടെ ശരിയില്‍ ഉറച്ചു നിന്ന് കലഹിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെടാം. ചേകന്നൂര്‍ മൌലവി ഈ തെറ്റാണ് ചെയ്തത്. ജോസഫ് പുലിക്കുന്നേല്‍ ഈ തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നത് . ടി.പി ചന്ദ്രശേഖരന്‍ ചെയ്തതും ഇതേ തെറ്റാണ് .

കുലം കുത്തിയത് തന്നെയാണ് ചന്ദ്രശേഖരന്‍ ചെയ്ത തെറ്റ്. ‘കുലംകുത്തി’ ഒരു നാവു പിഴയല്ല. വര്‍ഗവിശകലനസിദ്ധാന്തവും ,വര്‍ഗസംഘടനാതത്വവും പണ്ടെന്നോ ഉപേക്ഷിച്ച് ,വളര്‍ത്തി വലുതാക്കിയ ‘സ്ഥാപന’ത്തിന്റെ അടിസ്ഥാന നിലനില്‍പ്പ് സിദ്ധാന്തത്തെ ചോദ്യം ചെയ്തു എന്ന കുറ്റപത്രം ,ശിക്ഷാവിധി നടപ്പിലാക്കിയതിനു ശേഷം അവതരിപ്പിച്ചപ്പോള്‍ ,ആലങ്കാരികതയുടെ ഒഴിവിലൂടെ ഒരു ഫ്യൂഡല്‍ ‘കുലം’ ഒഴുകി വന്നു വീണതാണ്. തികച്ചും സത്യസന്ധമായി. തികച്ചും അനുയോജ്യമായി.

കുലങ്ങള്‍ കുത്തിക്കലക്കിയാണ് വിപ്ലവകാരികള്‍ ഉണ്ടാകുന്നത് എന്നത്, കുലമഹിമയില്‍ പുളയ്ക്കുന്നതില്‍ നിന്ന് ആരെയും തടയുന്നില്ലല്ലോ ! ഒരാളുടെ വധത്തെതുടര്‍ന്ന് ,ഒരു നവ ഇടതുപക്ഷം രൂപപ്പെട്ടു വരുമോ എന്ന ആകാംക്ഷ നിറഞ്ഞ അന്വേഷണം ഉണ്ടാകുന്നത്, വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ നിന്ന് ബഹിഷ്കൃതരായവര്‍ക്ക് ഒരു താവളം ഉണ്ടാവുന്നതിനു വേണ്ടിയല്ല , സ്ഥാപനവല്‍ക്കരിക്കപ്പെടാത്ത ഒരു ഇടതുപക്ഷത്തിനു മാത്രം ചെയ്തു തീര്‍ക്കാവുന്ന ഒരു പാട് കാര്യങ്ങള്‍ ഇനിയും ബാക്കിയുള്ളതു കൊണ്ടാണ് , കേരളത്തില്‍.
 

 

അപഹരിക്കപ്പെട്ട ഇടങ്ങള്‍
കേരളത്തിന്റെ മാനസികഭൂപടം ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പങ്കിട്ടെടുത്തിരിക്കുകയാണ് . അവയില്‍ ഏതിനോടെങ്കിലും പൂര്‍ണ്ണവിധേയത്വമോ ,അനുഭാവമെങ്കിലുമോ രേഖപ്പെടുത്താതെ കേരളത്തില്‍ ജീവിക്കുക ദുഷ്കരമാണ്. മാത്രവുമല്ല , സമൂഹഘടനയുടെ ഈ മാതൃകയെ അറിഞ്ഞോ അറിയാതെയോ മനുഷ്യപ്രവര്‍ത്തനത്തിന്റെ മറ്റു മേഖലകളിലെല്ലാം നാം അനുകരിക്കുകയും ചെയ്തു തുടങ്ങി . അപരിചിതനെ, ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവനെ , വിധേയത്വം കാണിക്കാത്തവനെ ഒക്കെ തട്ടുക എന്ന രീതി സര്‍ഗപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പോലും അനുവര്‍ത്തിച്ചു തുടങ്ങി . മലയാളസിനിമാലോകത്ത് നിന്ന് നാം കേട്ടതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ ആവര്‍ത്തിക്കേണ്ടതില്ലല്ലോ. ഗ്രൂപ്പുകളായി , ക്ലിക്കുകളായി ,കോക്കസുകളായി മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നായിട്ടുണ്ട് , സാഹിത്യമുള്‍പ്പെടെ സകലമേഖലകളിലും.

ഇങ്ങനെ, പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്നത് അറിയാതെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് . പാര്‍ട്ടികള്‍ക്ക് വെളിയില്‍ രാഷ്ട്രീയം സംസാരിക്കാവുന്നതും, മതങ്ങള്‍ക്ക് വെളിയില്‍ ആത്മീയത അന്വേഷിക്കാവുന്നതും, സാഹിത്യസംഘങ്ങള്‍ക്ക് വെളിയില്‍ എഴുതാവുന്നതും ,കവിക്കൂട്ടങ്ങള്‍ക്ക് വെളിയില്‍ കാവ്യാനുശീലനം നടത്താവുന്നതും, താരസംഘടനകള്‍ക്ക് വെളിയില്‍ നടിക്കാവുന്നതുമായ ഇടങ്ങള്‍. പതിയെ, പതിയെ രക്തത്തില്‍ പടരുന്ന വിഷം പോലെ ഭയം നമ്മെ മൂടിക്കൊണ്ടിരിക്കുന്നു .

നമ്മുടെ മൂകതയുടെ ഭാഷ
ഏതെങ്കിലും ഒരു പ്രത്യേക എഴുത്തുകാരന്‍ അല്ലെങ്കില്‍ സാംസ്കാരികനായകന്‍ ചന്ദ്രശേഖരന്റെ ക്രൂരവധത്തോട് പ്രതികരിച്ചില്ല എന്നതില്‍ സവിശേഷ പരാതിയുള്ള ആളല്ല ഇതെഴുതുന്നയാള്‍ . പക്ഷെ, സ്വസ്ഥത തകര്‍ക്കുന്നുണ്ട് ഈ ശ്മശാനമൂകത. ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഈ മൂകതയ്ക്ക് ഒരു ഭാഷ കൊടുത്തത് . ഭീരുത്വം കൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് , സി ആര്‍ പരമേശ്വരന് ഉത്തരമായി . (ഒരു സഹജസ്വഭാവമായ ‘ഭീരുത്വ’ത്ത്ധിന്റെ സ്ഥാനത്ത് ഒരു ജന്യഭാവമായ ‘ഭയം’എന്ന വാക്ക് വെയ്ക്കുന്നു. ) ഇനി അഥവാ, ഒരു നവ ഇടതുപക്ഷം രൂപപ്പെട്ടുവന്നാല്‍ തന്നെ ,തീര്‍ച്ചയായും അതിനെതിരെയും ആക്രോശിക്കുമെന്ന് ഉറപ്പുള്ള സി .ആര്‍ പരമേശ്വരന്റെ ധാര്‍മ്മികരോഷത്തേക്കാള്‍, ഒരു പക്ഷേ അന്ന് അതിനോട് ചേര്‍ന്ന് നിന്നേക്കാവുന്ന ബാലചന്ദ്രന്റെ ഭയപ്രഖ്യാപനത്തിലെ സര്‍ഗാത്മകധീരതയെ സ്വീകരിക്കാനാണിഷ്ടം.

‘നിങ്ങള്‍ ഞങ്ങളോടൊപ്പമോ ഞങ്ങള്‍ക്കെതിരോ ‘ എന്ന ചോദ്യത്തെ നമുക്ക് തിരിച്ചറിയാന്‍ പറ്റാതെ പോയത് അതിനോടുള്ള അമിതപരിചിതത്വം കൊണ്ടാണ് . പല തലങ്ങളായി, പല തട്ടുകളിലായി വികേന്ദ്രീകരിക്കപ്പെട്ടാണ് ഈ ചോദ്യം നമ്മെ സമീപിച്ചത് . ഒരു സ്ഥാപനത്തിന് ഏറ്റവും വിലപ്പെട്ടത് ‘വിശ്വാസ’മാണ് . വിശ്വാസത്തില്‍ ഉലച്ചില്‍ ഉണ്ടാകുന്നവനെ , വിശ്വാസം തീര്‍ന്നു പോകുന്നവനെ, സന്ദേഹങ്ങളുള്ളവനെ ‘നേരെ നടത്താന്‍’ ആ സ്ഥാപനത്തിലെ വിശ്വാസിയായ ഏതൊരു സാധാരണ അംഗത്തിനും കടമയും അധികാരവും ഉണ്ട്.

ആ സ്ഥാപനത്തിന്റെ മുഴുവന്‍ അധികാരവും അയാളില്‍ നിക്ഷിപ്തമാകുന്നു അത്തരം ഘട്ടങ്ങളില്‍. അയാള്‍ , നമ്മുടെ സുഹൃത്താകാം, ബന്ധുവാകാം, അയല്‍ക്കാരനാകാം , വേണമെങ്കില്‍ അപരിചിതനായ അഭ്യുദയകാംക്ഷി പോലുമാകാം. സൂചിമുനയില്‍ നിന്ന് നിലപാടുകള്‍ വ്യക്തമാക്കാന്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് അയാളാണ്.

മുസോളിനി നമ്മുടെ അയല്‍പക്കത്താണ് പാര്‍ക്കുന്നത്.

OTHER POSTS

അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

6 thoughts on “മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

 1. എന്താണിവിടെ നടക്കുന്നതെന്ന് നിശ്ചയമല്ല. പിണറായിയെ വി.എസ് ഡാങ്കേയോട് ഉപമിച്ചതായിരുന്നു വലിയ വാര്‍ത്ത. ആരോപണത്തിലെ ഉള്ളടക്കം കുറിക്കുകൊള്ളേണ്ടതും വി.എസ് ആഗ്രഹിച്ചതും സി.പി.ഐക്കാണ്. പുറത്തുപോന്നവരെ എതിര്‍ത്ത ഡാങ്കേ നിലപാട് പിണറായിയോട് ഉപമിച്ചതോടെ വിലകുറയുക സി.പി.ഐയുടെ കൂടിയാണെന്ന് ആരും ചര്‍ച്ചചെയ്യാതിരുന്നതിന് മുസോളനിയുടെ കടാക്ഷം. ഇപ്പോള്‍, ചര്‍ച്ചയും ഹീറോയും മുസോളനിയാണല്ളോ…ഡാങ്കേയും സി.പി.ഐയും രക്ഷപ്പെട്ടു.

 2. ആശാനെ കലക്കി, കുറച്ചുകാലമായി ശവം തീനികളുടെ മംഗള പത്ര വായന ആയിരുന്നല്ലോ, പുലകുളി കഴിഞ്ഞു കേറാം എന്നാണ് കരുതിയത്‌ . എന്തായാലും കേറിയത്‌ നന്നായി നാലമിടത്തില്‍ അടുത്ത കാലത്ത് വന്നതില്‍ മികച്ച ലേഖനം

 3. തീർത്തും കാലികപ്രസക്തിയുള്ള ലേഖനം.
  “പതിയെ, പതിയെ രക്തത്തില്‍ പടരുന്ന വിഷം പോലെ ഭയം നമ്മെ മൂടിക്കൊണ്ടിരിക്കുന്നു . “

  വളരെ ശരിയാണ്. മതവും പാർട്ടിയും മാധ്യമങ്ങളും എല്ലാം ചേർന്ന് നമ്മളിൽ ഭയം നിറയ്ക്കുകയാണ്.

  ഈ കാലമെന്താ ഇങ്ങനെ. പുരോഗമനം വൃത്താകാരമാണോ? നമ്മൾ തുടങ്ങിയിടത്തോ അതിനേക്കാൾ ഭീകരകായതോ ആയ ഇടത്ത് എത്തി നിൽക്കുന്നു.
  ഒന്നിലും ചേരാതെ നമുക്കു നിലനിൽക്കാനാവാത്ത അവസ്ഥ. !

 4. നല്ല ലേഖനം എന്ന് പറയുമ്പോഴും മുസ്സോളിനി പാര്‍ക്കുന്നു അയല്പക്കത്ത് എന്ന അറിവ് ഭയപ്പെടുത്തുന്നു..ചുറ്റും കാണുന്ന കാഴ്ചകളില്‍ നിന്നും ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനുള്ള വിവേകം പോലും നഷ്ടപ്പെട്ടുപോകുന്നു..ചിന്തകള്‍ വരെ സ്ഥാപനവല്‍കരിക്കപെടുന്നു..എന്നാലും നന്ദി,ശക്തമായ ഭാഷയ്ക്ക്..

 5. Nice article.

  I would like to add that this lack of room for pluralism is inherent in our culture (atleast to the extent I understood it). This reflects in all facets of our lives, anything that we do, from administration to politics to science. The list is endles.

  We can’t agree to disagree. A call for such situation would often end in an offensive.

 6. പ്രസ്തുത വിഷയത്തില്‍ കൂലംകഷമായി ഒരു ചര്‍ച്ച തുടങ്ങാന്‍ താങ്കള്‍ക്കെന്താ ബുദ്ധിമുട്ട്. ആരെങ്കിലുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അതല്ലേ നല്ലത്? മനസ്സുഖവും കിട്ടും. !

Leave a Reply to siva Cancel reply

Your email address will not be published. Required fields are marked *