മരണത്തോളം പെയ്യുന്ന ചില മഴകള്‍

പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അവള്‍ ഗര്‍ഭിണിയായിരുന്നു എന്നറിയുന്നത്. എനിക്കൊരു സൂചന പോലും കിട്ടിയില്ല. ആരായിരുന്നു. എന്തായിരുന്നു .ഒന്നും എനിക്കറിയില്ല..ആര്‍ക്കും വേണ്ടാത്തൊരു കുഞ്ഞിന്റെ ജീവിതം എന്താണെന്ന് അവള്‍ കണ്ടതല്ലേ. അതാവും .അതാവും അവള്‍ അങ്ങനെ ചെയ്തത്. പക്ഷെ ഞാന്‍ ഉണ്ടായിരുന്നല്ലോ അവള്‍ക്ക്, അവളുടെ കുഞ്ഞിനും ഞാന്‍ ഉണ്ടാകുമായിരുന്നല്ലോ എന്ന് പറഞ്ഞു കരുണയുടെയും അതിന്‍റെ തിരു ശേഷിപ്പായ സങ്കടത്തിന്റെയും ഒരു കല്‍പ്രതിമ പോലെ അവര്‍ ഇരുന്നു. വാക്കുകളാണ് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ ജീവികളെന്നു ചിലപ്പോള്‍ തോന്നും, ഒരു ഹൃദയത്തെ ചേര്‍ത്ത് പിടിക്കാന്‍ വിരലുകള്‍ക്ക് അതിനേക്കാള്‍ ത്രാണിയുണ്ടെന്നും. ചേര്‍ത്ത് പിടിക്കുമ്പോള്‍ പനി ആറിയതിന്റെ വിയര്‍പ്പു ഗന്ധം അവരെ ചൂഴ്ന്നു നിന്നിരുന്നു, അമ്മയുടെ മണം അതാണെന്ന് എനിക്കപ്പോള്‍ തോന്നി. ഇടയ്ക്കെപ്പോഴെങ്കിലും പനിവന്നു മാറുമ്പോള്‍ ആ പനിചൂടിന്റെ വിയര്‍പ്പു ഗന്ധം വത്സലേച്ചിയുടെ ഓര്‍മ്മ കൊണ്ടു വരും. കരയാന്‍ തോന്നും -സെറീന എഴുതുന്നു

 

 

അടച്ചിട്ട മുറിയ്ക്ക് പുറത്തു പെയ്യുന്ന ഒരു പാതിരാ മഴയാണ് ഭൂതകാലം . ഇനിയത് നനയേണ്ടതില്ല. വര്‍ത്തമാനത്തിന്റെ ഈ ഒറ്റമുറിയില്‍ പുറത്തേക്കുള്ള വാതിലുകളുമില്ല. പക്ഷെ ഇടയ്ക്കെങ്കിലും ഉണര്‍ന്നിരുന്നോ ഉറക്കം ഞെട്ടിയോ ആരാണ് കേള്‍ക്കാത്തത് അതിന്‍റെ വായ്ത്താരികള്‍. ചേര്‍ത്തടച്ചു ആണി വെച്ചെന്ന് എന്നും വിചാരിക്കുന്ന, എന്നാല്‍ സദാ തുറന്നു തന്നെ കിടക്കുന്ന ചില കിളി വാതിലുകളുണ്ട് ഈ മുറിയ്ക്ക്. അതിലൂടൊന്നു കൈനീട്ടിയാല്‍ തൊടാം, മരണം വരെ തോരില്ലെന്നു ഉറപ്പുള്ള ചില മഴകളെ. ആ മഴയില്‍ നിന്നും നനഞ്ഞു കേറി വന്നോരാളെ പോലെ, പെരുമഴയിലേക്ക് ഇറക്കി വിടല്ലേ എന്ന് കണ്ണുകള്‍ കൊണ്ടു പ്രാര്‍ത്ഥിക്കുന്നൊരാളെ പോലെ ചില ഓര്‍മ്മകളുണ്ട്. ജീവിതമെന്ന മൂന്നക്ഷരങ്ങളില്‍ വായിച്ചു തീര്‍ക്കാന്‍ നോക്കിയാലും കഴിയാതെ അതിനുമപ്പുറത്തേക്ക് ജീവിതത്തിന്റെ നാലാം അക്ഷരമായി മാറുന്ന ചിലര്‍. അതിലൊരാള്‍ ഇതാ ഇപ്പോഴെന്റെ നെഞ്ചില്‍ തല ചായ്ച് ഇരിപ്പുണ്ട്. ചുട്ടു പൊള്ളുന്ന പോലെ പനിയ്ക്കുന്നുണ്ട് അവള്‍ക്ക്.പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഉച്ചയില്‍ എന്റെ ഹൃദയത്തില്‍ കൊണ്ടു വെച്ചിട്ട് പോയ ഒരു പനിചൂട്. വത്സലേച്ചി.

മൂത്ത മോള്‍ക്ക് നാല് വയസ്സുള്ളപ്പോള്‍ ടൈഫോയിഡ് വന്നു ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കിടന്നു, അവിടെ വെച്ചാണ് ഞാന്‍ വല്‍സലേച്ചിയെ കാണുന്നത്. കൂടെ നില്‍ക്കുന്നത് ഒരു പെണ്‍കുട്ടിയാണ്, പനിയും ചുവന്ന നിറത്തില്‍ നീരുവന്നു വീര്‍ത്ത കാലുകളുമായി നടക്കാന്‍ വയ്യാഞ്ഞിട്ടും ചുവരില്‍ പിടിച്ചു വരാന്തയില്‍ നടക്കുകയും ഇടയ്ക്കിടെ കട്ടിലിലിരുന്നു മോള്‍ കളിയ്ക്കുന്നത് മുറിയുടെ വാതിലില്‍ വന്നു നോക്കി നില്‍ക്കുകയും ചെയ്യുന്ന അവരെ ആ പെണ്‍കുട്ടി വന്നു വഴക്ക് പറഞ്ഞു വിളിച്ചു കൊണ്ട് പോയി. അവരുടെ മകളാണെന്നാണ് ആദ്യം കരുതിയത്.. പക്ഷെ വല്‍സലേച്ചി ഒറ്റയ്ക്കാണ്, അവരുടെ അയല്‍ക്കാരിയാണ് ആ കുട്ടി, അവള്‍ ഇഷ്ടത്തോടെയല്ല അവിടെ നില്‍ക്കുന്നത്. അവളുടെ അമ്മ നിര്‍ബന്ധിച്ചു പറഞ്ഞയച്ചതാണ് അവളെ, അവധിക്കാലം ആയതിനാല്‍ ഒഴിയാനും നിവൃത്തിയുണ്ടായില്ലത്രേ.

ഒരു ദിവസം അവളെന്നോട് പറഞ്ഞു, എനിക്കൊട്ടും ഇഷ്ടമില്ല ഇവരെ. ഭ്രാന്താണെന്ന് എനിക്ക് നല്ല സംശയമുണ്ട്..ചില നേരം കണ്ടാല്‍ മിണ്ടില്ല. മിണ്ടിയാലോ എവിടെ പോയി, എന്തിന് പോയി എന്നിങ്ങനെ ഒരു ക്രോസ് വിസ്താരവും. ഹൊ. എനിക്കിഷ്ടമേയല്ല. കുട്ടിത്തം നിറഞ്ഞ അവളുടെ ഭാവം കണ്ടു എനിക്ക് ചിരി വന്നു, സാരമില്ല, സുഖമില്ലാതിരിക്കുകയല്ലേ. എന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു. പക്ഷെ രണ്ടു മൂന്നു ദിവസങ്ങള്‍ക്കകം വത്സല എന്ന സ്ത്രീ, മൂര്‍ച്ചയുള്ള ഒരു കല്ലു പോലെ ഉള്ളിലേക്ക് വന്നു വീണ് അവള്‍ എടുത്തു വെച്ച മനുഷ്യപ്പറ്റില്ലാത്ത ആ സ്ത്രീയുടെ ചിത്രം ഉടച്ചു കളഞ്ഞു. ഇപ്പോഴും ഇടയ്ക്കിടെ ചോര പൊടിയുന്ന ഒരോര്‍മ്മയായി. ദൂരെയെങ്ങോ മഴ പെയ്യുമ്പോള്‍ വന്നു തൊടാറുള്ള തണുത്ത കാറ്റ് പോലെ ഒരാളായി.

ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോവണം, ചേച്ചി ഇടയ്ക്കൊന്നു നോക്കണേ എന്ന് പറഞ്ഞിട്ട് അവള്‍ പോയ ദിവസം അവര്‍ മുറിയില്‍ വന്നു. പനിയും നീരുമൊക്കെ കുറവുണ്ട്.നാളെയോ മറ്റന്നാളോ പോകാം..കിടന്നു കിടന്നു മടുത്തു എന്ന് പറഞ്ഞു അകത്തേക്ക് വന്നു. എങ്ങനെയാണ് നിമിഷങ്ങള്‍ കൊണ്ട് അവര്‍ സ്വന്തം ജീവിതം എന്നോട് പറഞ്ഞു തുടങ്ങിയതെന്ന് എനിക്കറിയില്ല. ഞങ്ങള്‍ എങ്ങനെയാണ് ആ സംഭാഷണം തുടങ്ങിയതെന്ന് ഇപ്പോള്‍ ഓര്‍മ്മ തെളിയുന്നില്ല. ഒന്നെനിക്കറിയാം, അതി വിരസമായ ഒരു അടുക്കള പ്രഭാതത്തില്‍ തിളച്ചതെന്തെങ്കിലും കൈയിലേക്ക് തട്ടിത്തൂവി നീറി പുകഞ്ഞു ആ ദിവസത്തെ അകാരണമായൊരു സങ്കടത്തിലേക്ക് മാറ്റി മറിയ്ക്കില്ലേ. അതു പോലെന്തോ സംഭവിച്ചു..

 

 

അവരെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളോടെന്ന പോലെ അല്ലെങ്കില്‍ മനുഷ്യവാസമില്ലാത്ത ഏതോ ദ്വീപില്‍ അകപ്പെട്ട ഒരാള്‍ ആദ്യമായൊരു സഹജീവിയെ കാണുമ്പോഴുള്ള വെപ്രാളം പോലെ അവരുടെ ഭാഷ അക്കാലമത്രയും ഒളിപ്പിച്ചു വെച്ചിരുന്ന ഒഴുക്കുകളെ തുറന്നു വിട്ടു. ഇളകി പോകുമോ എന്ന എന്റെ ഉലച്ചില്‍ അറിഞ്ഞെന്ന പോലെ പെട്ടെന്ന് അവരെന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. പരസ്പരം കോര്‍ത്ത് പിടിച്ച വിരലുകളില്‍ കൈവിടല്ലേ എന്നൊരു മുറുക്കം ഞാനറിഞ്ഞു. അസുഖം വരുമ്പോഴാണ് ഇങ്ങനെ സങ്കടം സഹിക്ക വയ്യാതാകുന്നത്. ആരുമില്ലല്ലോ എന്ന് സങ്കടം തോന്നുന്നത് എന്നവര്‍ പറഞ്ഞു..അവര്‍ ഇന്നെവിടെയാണ് , ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല. വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ കുറിച്ച് കൊടുത്തെങ്കിലും ഒരിക്കല്‍ പോലും വത്സലേച്ചി എന്നെ വിളിച്ചിട്ടില്ല , വാങ്ങി വെയ്ക്കാന്‍ അവര്‍ക്ക് ഒരു ഫോണ്‍നമ്പര്‍ ഉണ്ടായിരുന്നുമില്ല.

അഞ്ചു പെണ്‍കുട്ടികളെ വിവാഹം കഴിച്ചു വിട്ടതിന്റെ പ്രാരാബ്ധങ്ങളുമായി നട്ടം തിരിയുന്ന അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് കുറച്ചു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം രണ്ടു പെണ്‍കുഞ്ഞുങ്ങളെയും കൂട്ടി വിധവയായി വന്നു നില്‍ക്കേണ്ടി വന്നു വത്സലയ്ക്ക്. പട്ടിണിയുടെ വക്കില്‍ നില്‍ക്കുന്ന ആ വീട്ടില്‍ മൂന്നു വയറുകള്‍ കൂടി എന്നത് വലിയൊരു ബാധ്യത ആയിരുന്നു. ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തും മറ്റും അവള്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയി.അതിനിടയില്‍ ഒരിക്കല്‍ ഇളയ കുഞ്ഞിനു പനി കൂടുതലായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു.സര്‍ക്കാരാശുപത്രി വാര്‍ഡിലെ ആ കുറച്ചു ദിവസങ്ങളാണ് അവളുടെ ജീവിതം മറ്റൊന്നാക്കിയത്.

തൊട്ടടുത്ത ബെഡ്ഡില്‍ ഒരു അമ്മയും കുഞ്ഞും കിടന്നിരുന്നു. മേലാസകലം കരുവാളിപ്പും നെറ്റിയിലൊരു പൊട്ടലും പനിയും ഒക്കെയായി ഒരു രണ്ടു വയസ്സുകാരിയും അവളുടെ അമ്മയും. അതു ആ സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞാണ്. അതിനെയും കൂട്ടി സ്നേഹിച്ച മറ്റൊരു പുരുഷനൊപ്പം ഇറങ്ങിവന്നതാണ് ആ സ്ത്രീ. പക്ഷെ ഇപ്പോള്‍ ആ കുഞ്ഞിനെ കൂടെ നിര്‍ത്താന്‍ അയാള്‍ അനുവദിക്കുന്നില്ല.എന്നും അതിന്‍റെ പേരില്‍ കൊടിയ മര്‍ദ്ദനം. ആ കുഞ്ഞിനെ അതിന്‍റെ അച്ഛന് തിരികെ കൊടുക്കുക എന്നതാണ് അയാളുടെ ആവശ്യം. മദ്യപിച്ചു വന്നു കുട്ടിയെ ഉപദ്രവിക്കും, എതിര്‍ക്കുമ്പോള്‍ അവര്‍ക്കും കിട്ടും പൊതിരെ തല്ല്..വിശക്കുന്നു എന്ന് പറഞ്ഞു സദാ സമയവും കരയുന്ന ആ കുഞ്ഞിനു വത്സല ബിസ്കറ്റും ബ്രെഡും കൊടുത്തു. അര്‍ദ്ധ പട്ടിണിയുടെ മിച്ചങ്ങളില്‍ നിന്നും അമ്മ കൊണ്ടു വരുന്ന ചോറും കഞ്ഞിയും ആ അമ്മയ്ക്കും കുഞ്ഞിനും കൂടി അവള്‍ പങ്കിട്ടു. വിശപ്പ് തീര്‍ന്നാലും ആഹാരത്തോട് ആ രണ്ടു വയസ്സുകാരി കാണി ക്കുന്ന ആര്‍ത്തി കണ്ടിട്ട് കരഞ്ഞു പോയി എന്നാണു വത്സല പറഞ്ഞത് .

മിക്കപ്പോഴും ഇതു പട്ടിണിയാണ്. ഇതിനെ കൊണ്ടു കളയാതെ പച്ച വെള്ളം കൊണ്ടു തരില്ല എന്നാണു അയാള്‍ പറയുന്നത്. വല്ല പട്ടിയോ പൂച്ചയോ ആണോ..ഇതിനെ എവിടെ കളയാനാണ് എന്ന് ആ സ്ത്രീ പറയുന്നത് കേട്ടപ്പോള്‍ ^എനിക്ക് തന്നേക്കൂ എന്ന് ഞാന്‍ പറഞ്ഞു പോയി കൊച്ചേ,.എന്‍റെ വീട്ടിലെ അവസ്ഥയോ കഷ്ടപ്പാടോ ഒന്നും ഓര്‍മ്മ വന്നില്ല. അതിന്‍റെ അമ്മയ്ക്ക് പോലും അതിനെ വേണ്ട എന്ന് തോന്നിയപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്, എന്‍റെ മോളെ ചൂണ്ടി ദാ ഇതു പോലൊരു കുഞ്ഞിനെ എങ്ങനെ അതു പോലെ കണ്ടിട്ട് കണ്ടില്ലെന്നു വെയ്ക്കും എന്ന് ചോദിച്ചിട്ട് എന്നെ നോക്കി. അപ്പോള്‍, ആ നോട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആ ആശുപത്രി വാര്‍ഡില്‍ തന്നെ സങ്കടപ്പെട്ടു ഇരിക്കുകയാണ് അവരെന്ന് എനിക്ക് തോന്നി.

ആ കുഞ്ഞിനേയും കൂടി കൊണ്ടാണ് അവര്‍ വീട്ടിലേക്കു മടങ്ങി ചെന്നത്. അച്ഛനും അമ്മയ്ക്കും അവളെ മനസ്സിലാകാഞ്ഞല്ല. ഇതിനെക്കൂടി എങ്ങനെ വളര്‍ത്തും, ഉള്ള പ്രാരാബ്ദങ്ങള്‍ പോരാഞ്ഞാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ടാണ് ഇവിടേയ്ക്ക് വന്നതെങ്കില്‍ നിങ്ങളെന്നെ ഇറക്കി വിടുമായിരുന്നോ എന്ന മറു ചോദ്യം കൊണ്ടവള്‍ പിടിച്ചു നിന്നു. പക്ഷെ കാലം ചെല്ലുമ്പോള്‍ ആ കുട്ടിയുടെ പേരില്‍ പലരോടും പിണങ്ങേണ്ടി വന്നു. രണ്ടു സഹോദരന്മാരോടും അവരുടെ ഭാര്യമാരോടും. വഴക്കുകളില്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ നിവൃത്തിയില്ലാതെ അമ്മയും കൈവിട്ടു തുടങ്ങിയപ്പോള്‍ വത്സല മൂന്നു കുട്ടികളെയും കൊണ്ടു മാറി താമസിച്ചു. ഒടുവില്‍ , ആ കുഞ്ഞിനെ ചൊല്ലിയുള്ള കലഹങ്ങള്‍ കേട്ടു വളര്‍ന്ന സ്വന്തം മക്കളും വല്‍സലയെ കുറ്റപ്പെടുത്തി തുടങ്ങി.. അല്‍പ്പമായ തങ്ങളുടെ ജീവിത സൌെകര്യങ്ങള്‍ പങ്കിട്ടെടുക്കാന്‍ വന്ന ആ കുഞ്ഞിനെ തിരിച്ചു കൊടുക്കാന്‍ തന്നെ അവരും പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഉപേക്ഷിക്കപ്പെടാന്‍ വേണ്ടി മാത്രം പിറന്ന അവളെ കയ്പ്പ് നിറഞ്ഞ ഓരോ വഴക്കുകള്‍ക്കും ഒടുവില്‍ കൂടുതല്‍ ചേര്‍ത്ത് പിടിക്കുകയാണ് ആ സ്ത്രീ ചെയ്തത്. ആരൊക്കെ തന്നെ ഉപേക്ഷിച്ചു പോയാലും ഇവളെ മാത്രം ഞാന്‍ ഉപേക്ഷിക്കില്ല എന്ന ഉറപ്പോടെ!

 

 

ഇപ്പോള്‍ വത്സലയുടെ രണ്ടു പെണ്‍മക്കളും വിവാഹം കഴിഞ്ഞു സുഖമായി കഴിയുന്നു, ഒരു മകള്‍ നഴ്സ് ആണ്. ഓണത്തിനോ മറ്റോ ഒന്ന് വന്നു പോകുന്നതല്ലാതെ അവര്‍ വത്സലയെ അന്വേഷിക്കാറില്ല. അമ്മാവന്മാരുടെ വീടുകളില്‍ വന്നു പോകുമ്പോള്‍ പോലും അമ്മയെ വന്നു കാണാറില്ല.. ഇന്നും തീര്‍ന്നിട്ടില്ല ആ മക്കള്‍ക്ക് അമ്മയോടുള്ള അതൃപ്തി. കുട്ടിക്കാലത്ത് പങ്കിട്ടു കൊടുത്ത മധുരത്തിന്റെയും വാത്സല്യത്തിന്റെയും കയ്പ്പ് അവരിന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു..
ആ കുട്ടി എവിടെയാണെന്ന് ചോദിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒന്നും മിണ്ടാതെ ഒരല്‍പ്പ നേരമിരുന്നിട്ടു അവര്‍ പറഞ്ഞു, അവള്‍ പോയി..

പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അവള്‍ ഗര്‍ഭിണിയായിരുന്നു എന്നറിയുന്നത്. എനിക്കൊരു സൂചന പോലും കിട്ടിയില്ല. ആരായിരുന്നു. എന്തായിരുന്നു .ഒന്നും എനിക്കറിയില്ല..ആര്‍ക്കും വേണ്ടാത്തൊരു കുഞ്ഞിന്റെ ജീവിതം എന്താണെന്ന് അവള്‍ കണ്ടതല്ലേ. അതാവും .അതാവും അവള്‍ അങ്ങനെ ചെയ്തത്. പക്ഷെ ഞാന്‍ ഉണ്ടായിരുന്നല്ലോ അവള്‍ക്ക്, അവളുടെ കുഞ്ഞിനും ഞാന്‍ ഉണ്ടാകുമായിരുന്നല്ലോ എന്ന് പറഞ്ഞു കരുണയുടെയും അതിന്‍റെ തിരു ശേഷിപ്പായ സങ്കടത്തിന്റെയും ഒരു കല്‍പ്രതിമ പോലെ അവര്‍ ഇരുന്നു. വാക്കുകളാണ് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ ജീവികളെന്നു ചിലപ്പോള്‍ തോന്നും, ഒരു ഹൃദയത്തെ ചേര്‍ത്ത് പിടിക്കാന്‍ വിരലുകള്‍ക്ക് അതിനേക്കാള്‍ ത്രാണിയുണ്ടെന്നും. ചേര്‍ത്ത് പിടിക്കുമ്പോള്‍ പനി ആറിയതിന്റെ വിയര്‍പ്പു ഗന്ധം അവരെ ചൂഴ്ന്നു നിന്നിരുന്നു, അമ്മയുടെ മണം അതാണെന്ന് എനിക്കപ്പോള്‍ തോന്നി. ഇടയ്ക്കെപ്പോഴെങ്കിലും പനിവന്നു മാറുമ്പോള്‍ ആ പനിചൂടിന്റെ വിയര്‍പ്പു ഗന്ധം വത്സലേച്ചിയുടെ ഓര്‍മ്മ കൊണ്ടു വരും. കരയാന്‍ തോന്നും .

10 thoughts on “മരണത്തോളം പെയ്യുന്ന ചില മഴകള്‍

 1. വേണ്ടായിരുന്നു.. നെഞ്ചിലൊരു കല്ല്‌ കയറ്റി വച്ചതുപോലെ …

 2. ജീവിതം ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത പ്രതിഭാസം തന്നെ.

 3. സ്നേഹത്തിന്റെ ചൂട് തകര്‍ത്തു കളയുന്നവരെ ഓര്‍ത്തു .
  എന്ത് ഭാഷയിലൂടെടെയാണ് ഒരു വിങ്ങല്‍ ഉള്ള്ളില്‍ നിറച്ചത് .

  ആശംസകള്‍

 4. വാക്കുവിങ്ങി.. സ്വരമടഞ്ഞു.. കരച്ചില്‍ വരുന്നു…

 5. നിര്‍വചനം ഇല്ലാത്ത സ്നേഹം , കരുണ മനസ്സില്‍ ഒരു വിങ്ങല്‍ മാത്രം ..

 6. ” മൂര്‍ച്ചയുള്ള ഒരു കല്ലു പോലെ ഉള്ളിലേക്ക് വന്നു വീണ് അവള്‍ എടുത്തു വെച്ച മനുഷ്യപ്പറ്റില്ലാത്ത ആ സ്ത്രീയുടെ ചിത്രം ഉടച്ചു കളഞ്ഞു.”

  വളരെ നന്നായിട്ടുണ്ട് അഭിനന്ദനം.

Leave a Reply to joy Cancel reply

Your email address will not be published. Required fields are marked *