മലയാളി എഴുത്തുകാര്‍ ഇങ്ങനെയാണ് അവരുടെ പേടി പ്രഖ്യാപിച്ചത്

നമ്മുടെ ഭരണകൂടരാഷ്ട്രീയം ‘വലതുമുന്നണി’ എന്നും ‘ഇടത് മുന്നണി’ എന്നും രണ്ടു പുറങ്ങള്‍ ഉള്ള ഒരൊറ്റ രാഷ്ട്രീയം ആണ്. ഇന്ത്യയുടെ തന്നെ ബഹുസ്വര ജനാധിപത്യത്തെ മനസിലാക്കാന്‍ വിസമ്മതിക്കുന്ന, ലോകത്തിലെ വിവിധ സമൂഹങ്ങള്‍ ജനാധിപത്യം ഒരു ഭരണകൂടോപാധിയായി ഏറ്റെടുക്കുന്നതിന്റെ ഏറ്റിറക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ‘സമഗ്രാധിപത്യ വാസനയുള്ള’ ഒരു രാഷ്ട്രീയം ആണത്. അത് ഒരേ സമയം നാടുവാഴിത്ത മാടമ്പിത്തം സംരക്ഷിക്കുന്നതും, വര്‍ഗീയ പ്രീണനം അനുവദിക്കുന്നതും, സ്റാലിനിസ്റ് സ്വേച്ഛാധിപത്യത്തിന്റെ അധികാര ദാര്‍ഷ്ട്യമാണ് പുരോഗമന രാഷ്ട്രീയം എന്ന് വിശ്വസിക്കുന്നതും ആണ് – എഴുത്തുകാരുടെ പക്ഷത്തിന്റെയും ഭയാശങ്കകളുടെയും പുതുചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്റെ ഇടപെടല്‍

 

 

എഴുത്തുകാരെ, ‘ആശയോല്‍പ്പാദകാരായ ബുദ്ധിജീവികള്‍’ എന്ന നിലയിലല്ല മലയാളികള്‍ ‘സാംസ്കാരിക നായകര്‍’ എന്ന് വിളിക്കുന്നത്. അവര്‍, കവികളും കഥാകൃത്തുക്കളും നോവലിസ്റുകളും ഒക്കെ, നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നവരും പറയേണ്ടവരും ആണെന്ന വിശ്വസം കൊണ്ടാണ്. ദൈനംദിന ജീവിതത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയമാണെന്നോ സാംസ്കാരികമാണെന്നോ ഈ സാംസ്കാരിക നായകര്‍ തങ്ങളെക്കാള്‍ വേഗം മനസിലാക്കുന്നു എന്ന് അവര്‍ വിശ്വസിക്കുന്നത് കൊണ്ടാണ്.

കരുണാകരന്‍


വാസ്തവത്തില്‍, ആശയോല്‍പ്പാദകര്‍ ആയ ബുദ്ധിജീവികള്‍ എഴുത്തുകാരുടെ ഇടയില്‍ നമുക്കില്ല. വ്യാഖ്യാതാക്കള്‍ ഇഷ്ടം പോലെ ഉണ്ട്. അവരാകട്ടെ നമ്മുടെ ഭരണകൂട രാഷ്ട്രീയത്തിന്റെ തന്നെ ഭാഗം ആണ്. അഥവാ, അതിന്റെ ആശയ പ്രചാരകര്‍ ആണ്.

നമ്മുടെ ഭരണകൂടരാഷ്ട്രീയം ‘വലതുമുന്നണി’ എന്നും ‘ഇടത് മുന്നണി’ എന്നും രണ്ടു പുറങ്ങള്‍ ഉള്ള ഒരൊറ്റ രാഷ്ട്രീയം ആണ്. ഇന്ത്യയുടെ തന്നെ ബഹുസ്വര ജനാധിപത്യത്തെ മനസിലാക്കാന്‍ വിസമ്മതിക്കുന്ന, ലോകത്തിലെ വിവിധ സമൂഹങ്ങള്‍ ജനാധിപത്യം ഒരു ഭരണകൂടോപാധിയായി ഏറ്റെടുക്കുന്നതിന്റെ ഏറ്റിറക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ‘സമഗ്രാധിപത്യ വാസനയുള്ള’ ഒരു രാഷ്ട്രീയം ആണത്. അത് ഒരേ സമയം നാടുവാഴിത്ത മാടമ്പിത്തം സംരക്ഷിക്കുന്നതും, വര്‍ഗീയ പ്രീണനം അനുവദിക്കുന്നതും, സ്റാലിനിസ്റ് സ്വേച്ഛാധിപത്യത്തിന്റെ അധികാര ദാര്‍ഷ്ട്യമാണ് പുരോഗമന രാഷ്ട്രീയം എന്ന് വിശ്വസിക്കുന്നതും ആണ്.

ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്യ്രസമരത്തിന്റെയും സംഘാടകര്‍ എന്ന നിലയില്‍ ജനാധിപത്യ സമരങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു വന്ന കോണ്‍ഗ്രസ് പോലും ഈ സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ ഇരയായതു നമ്മുടെ രാഷ്ട്രീയ വിചാരങ്ങളിലെ കടുത്ത കമ്മ്യൂണിസ്റ് ആശയങ്ങളുടെ സ്വാധീനം കൊണ്ടാണ്. അവയുടെ ദുര്‍ബ്ബലമായ ബൌദ്ധിക നേതൃത്വത്തിനു എപ്പോഴും സ്റാലിനിസ്റ് ആശയങ്ങളെ പ്രതിരോധിക്കേണ്ടി വന്നത് അത് പുരോഗമനം ആണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്ന് കരുതിക്കൊണ്ടാണ്. കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആദ്യ ദശകം നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വം ഏറ്റെടുത്തതിലൂടെയും പിന്നീടത് അവരുടെ വോട്ടു ബാങ്കാവുകയും ചെയ്തതിനു മുമ്പില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ കൂടി തുടര്‍ച്ചയാണിത്.
 

painting by bryen dryer


 

അങ്ങനെ ഒരേ സമയം ഈ ഒരൊറ്റ ഭരണകൂട രാഷ്ട്രീയത്തിന്റെ രണ്ടു ചേരികളുടെ പ്രചാരകരും സംരക്ഷകരുമായ എഴുത്തുകാരാണ് തങ്ങള്‍ അതിന്റെ ഇരകള്‍ ആണെന്നു ഭയപ്പെടുന്നതും അങ്ങനെ പ്രഖ്യാപിക്കുന്നതും. അപ്പോഴും അവര്‍ ആഘോഷിക്കുന്നത് തങ്ങളുടെ സാംസ്ക്കാരിക പദവിയാണ്.

അതിനു കാരണം , നമ്മുടെ സാഹിത്യ സാക്ഷരതയുടെ രാഷ്ട്രീയം ഉള്ളടക്കത്തില്‍ ഈ രണ്ടു മുന്നണികളെയും വകതിരിവില്ലാതെ സംരക്ഷിക്കുന്നു എന്നതാണ്. അഥവാ, അത്രയും ‘അരാഷ്ട്രീയ’മായാണ് നമ്മുടെ വായനാ സമൂഹം നീങ്ങി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മലയാളി എഴുത്തുകാര്‍ ഒരു തോറ്റ വിഭാഗമാണ് എന്ന് പറയുന്നത്.

ആശയോല്‍പ്പാദകര്‍ ആയ ബുദ്ധിജീവികള്‍ ആവാന്‍ ബൌദ്ധിക പ്രാപ്തിയോ സ്വാതന്ത്യ്രബോധമോ രാഷ്ട്രീയ ജാഗ്രതയോ ഇല്ലാത്ത എഴുത്തുകാര്‍ ആയിരിക്കും നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രശസ്തരായ രോഗികള്‍. എന്നാല്‍, ഈ മുന്നണി രാഷ്ട്രീയം കൊന്നിട്ട ഇരകള്‍ ആണ് അതിന്റെ പരസ്യപ്പെടുത്തിയ ജീവിതം : നമ്മുടെ ദലിത് ആദിവാസി ജീവിതം.

One thought on “മലയാളി എഴുത്തുകാര്‍ ഇങ്ങനെയാണ് അവരുടെ പേടി പ്രഖ്യാപിച്ചത്

  1. Balachandran Chullikkad
    അൻപതിനായിരം രൂപകൊടുത്താൽ മനുഷ്യന്റെ കാലു വെട്ടിക്കളയാൻ ആളുള്ള നഗരമാണു കൊച്ചി. പ്രതികരണത്തിന്റെ പേരിൽ ആരെങ്കിലും എന്റെ കാലു വെട്ടിയാൽ വീരവാദം പറയുന്ന ഒറ്റ മലയാളിയും ഒരു ദിവസം ആശുപത്രിയിൽ എന്റെ ബൈസ്റ്റാന്ററായി നിൽക്കാൻ പോലും തയ്യാറാവില്ല എന്നെനിക്കുറപ്പുണ്ട്. എല്ലാ പാർട്ടിയിലും പെട്ടവർക്ക് ഇവിടെ ടിപ്പർ ലോറി ഉണ്ട്. ഞാൻ ടിപ്പർ ഇടിച്ചു ചത്താൽ ഞാൻ കള്ളുകുടിച്ചു ടിപ്പറിന്റെ മുൻപിൽ ചാടിച്ചത്തതാണെന്നേ ഏതു മലയാളിയും പറയൂ. നഷ്ടം എന്റെ കുടുംബത്തിനു മാത്രം.തന്റെ ഒരു രോമത്തിനു പോലും കേടുപറ്റില്ല എന്ന് ഉറപ്പുള്ളവർക്കു പ്രതികരിക്കാം. എനിക്ക് ആ ഉറപ്പില്ല. അതിനാൽ മേലിലും ആര് ആരെക്കൊന്നാലും എങ്ങനെ കൊന്നാലും ഞാൻ പ്രതികരിക്കില്ല.

    May 16 at 9:24pm · Like · 8

Leave a Reply

Your email address will not be published. Required fields are marked *