നമ്മുടെ മനസാക്ഷിയുടെ കുപ്പായത്തില്‍ നമ്മുടെ തന്നെ ഫാസിസ്റ്റ് ഇരട്ട

എന്ത് കൊണ്ട് ടി.പി ചന്ദ്രശേഖരന്റെ മരണം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നും, കൂടുതല്‍ മെച്ചമായൊരു രാഷ്ട്രീയ സാഹചര്യം വിഭാവനം ചെയ്യാന്‍, ഈ മരണം നമ്മോടു പറയുന്നില്ലേ എന്ന ചോദ്യത്തോട്, നില്‍ക്കുന്ന ചേരിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പതിവ് ആവര്‍ത്തനത്തോടെ തുടങ്ങുന്ന മറുപടി, ചോദ്യ കര്‍ത്താവിനെ നടത്തിപ്പ് രാഷ്ട്രീയത്തിന്റെ ഏതെങ്കിലുമൊരു ശവപ്പെട്ടിയ്ക്കുള്ളില്‍ ആണിയടിച്ചു കിടത്താനുള്ള ത്വര അങ്ങിനെ പരിചിതമായ സമീപനങ്ങള്‍. മറ്റു മരണങ്ങളെ പോലെ, ഇതും അസാധുവായിപ്പോവരുത് എന്നാണ് പൊതുവില്‍ ഉയരുന്ന മറ്റൊരു വാദം. അസാധുവായിപ്പോയ, ആയിരക്കണക്കിന് മരണങ്ങള്‍, അനാഥക്കുട്ടികളുടെ കരച്ചില്‍ പോലെ ഇഴഞ്ഞു നടക്കുന്ന മൈതാനമാണ് . ഭാരതത്തിന്റെ ജനാധിപത്യം, ഉപ്പു കുറുക്കിയും, മുണ്ട് മുറുക്കിയുടുത്തും, കാതങ്ങള്‍ നടന്ന ഒരു വൃദ്ധന്റെ നെഞ്ചിലേറ്റ വെടിയുണ്ടകളുടെ ബാക്കി.
ഒരു മരണത്തില്‍ നിന്നും നമ്മളൊന്നും പഠിക്കുന്നില്ല എങ്കില്‍ നമ്മുടെ മനസാക്ഷിയുടെ കുപ്പായമിട്ട് നടക്കുന്നതും നമ്മുടെ മുഖമുള്ള മറ്റാരോ ആണ്. നമ്മുടെ തന്നെ ഫാസിസ്റ്റ് ഇരട്ട.മനുഷ്യത്വം എന്നതിന്റെ സ്യൂഡോ കൂടപ്പിറപ്പ് -ടി.പി ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. ശാലിനി പദ്മ എഴുതുന്നു

 

 

‘രാഷ്ട്രീയം സാധ്യമായവയുടെ കലയാണ്, അതില്‍ സാധ്യമായത് നടത്തിക്കൊണ്ടു പോവലാണ് ‘ -(മാപ്പു പറയലിന്റെ പ്രസക്തി- ഒ.വി വിജയന്‍ -1997)

‘മാപ്പു പറയലിന്റെ പ്രസക്തി’ എന്ന ലേഖനം, മാതൃഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്ത പകര്‍പ്പ് വായിക്കുന്നത് 1998ലാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഞെരുക്കങ്ങള്‍ക്കിടയില്‍ നിന്നും പുസ്തകങ്ങളിലെയ്ക്കിറങ്ങി വരാന്‍ കഴിഞ്ഞ ചെറിയ ഇടവേളകളില്‍ വായിച്ച വാചകങ്ങള്‍ ഓര്‍മ നിന്നത് അന്നതിന്റെ അര്‍ഥം മനസിലാവാത്തത് കൊണ്ടുകൂടിയായിരുന്നു.

‘മാപ്പുപറയലിന്റെ പ്രസക്തി ‘ ഒരു ജനതയോട് മാപ്പു പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. അടിയന്തരാവസ്ഥയുടെ പേരില്‍, കുടുംബ വാഴ്ചയുടെയും, തെറ്റാവരങ്ങളുടെയും തീരാച്ചങ്ങലകള്‍ ആരോപിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ പ്രഹസനങ്ങളുടെ തീരാത്തുടര്‍ച്ചയായി നിലനിര്‍ത്തുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് എന്ന കക്ഷിയോട്, അടിയന്തരാവസ്ഥയുടെ വെളിപാട് തറമേല്‍ നിന്ന് ജനങ്ങളോട് കല്‍പ്പിച്ച സി. പി. ഐ അടക്കമുള്ള കക്ഷികളോട്, വിപ്ലവം എന്ന ജൈവ പ്രക്രിയയുടെ പുറന്തോടില്‍ പറ്റിപ്പിടിച്ചു കിടന്ന്,അതിന്റെ അന്ത സത്തയുടെ മുഖം തന്നെ മാറ്റിക്കളഞ്ഞ സ്റാലിന്‍ എന്ന തെയ്യത്തെ ഇപ്പോഴും കെട്ടിയാടുന്നതിനു സി. പി. എമ്മിനോട്, ഒരു ജനതയോട് മാപ്പിരക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്ല, പ്രാര്‍ഥിയ്ക്കുകതന്നെയായിരുന്നു. വായിച്ചു മറയാതെ, ഓര്‍മയില്‍ നിന്നിറങ്ങിപ്പോവാന്‍ വിസമ്മതിച്ച്. വാക്കുകള്‍.

 

 

ഫാസിസം എന്ന ദിശാസൂചി
ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക, ‘അര്‍ദ്ധ മീശക്കാരാ , ശുദ്ധ മോശക്കാരാ , ആട്ടെ ഹിറ്റ്ലറെ , ങ്ങള് വന്നോ ഹിറ്റ്ലറെ? , ‘ എന്ന സഞ്ജയന്റെ പരിഹാസമാണ്. മുറിമീശയും, ഭ്രാന്തിന്റെ മൂര്‍ത്തീ രൂപവുമായി ഒരു കുറിയ മനുഷ്യന്റെ രൂപത്തില്‍ ആ വാക്ക് നിഘണ്ടുവില്‍ ഒളിച്ചു കിടന്നിരുന്നു. അടുത്ത കാലം വരെ. ഇന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു കേള്‍ക്കുമ്പോള്‍ ഒരു സത്യം കൂടി ബോധ്യപ്പെടുന്നു.

ഓരോ അസഹിഷ്ണുതയും ഓരോ ഫാസിസമാണ്.മുറിമീശയും, കുരുട്ടു ബുദ്ധിയുമായി ആ മനുഷ്യന്‍ , മനുഷ്യര്‍ക്കിടയിലെ ഇടനാഴികളിലൂടെ കറങ്ങി നടക്കുന്നു. ഓരോ അസഹിഷ്ണുതയും ഓരോ തുള്ളി ഇരുട്ടാണ്, അതൊന്നിച്ചൊഴുകിപ്പരന്നു ദിക്കു തെറ്റിയ്ക്കുന്നു. ഭൂഗോളം ചുട്ടുകരിയ്ക്കാന്‍ തുനിഞ്ഞ വംശ വെറിയുടെ കൈകളില്‍ ശാസ്ത്രത്തിന്റെ പൈശാചപ്പിറവിയായ അണ്വായുധി ചെന്നു പെട്ടിരുന്നെങ്കില്‍ എന്ന് നടുങ്ങുമ്പോഴാണ്, പ്രപഞ്ചമനസാക്ഷി എന്നൊന്നുണ്ടെന്നും, അത് നന്മയിലേയ്ക്ക് തിരിച്ചു വെച്ചൊരു ദിശാ സൂചിയാണെന്നും വിശ്വസിച്ചു പോവുന്നത്.

ശാലിനി പദ്മ

സമത്വം എന്ന ആശയം
സന്യാസം എന്തെന്ന്, അപരന് വിശദീകരിച്ചു കൊടുക്കുക എളുപ്പമല്ല. അതൊരു മാനസികാവസ്ഥയാണ് . തീര്‍ച്ചയായും മറ്റേതൊരമൂര്‍ത്തതയും പോലെതന്നെ, അതിനും പ്രത്യക്ഷ ലക്ഷണങ്ങളുണ്ട്. എന്നാലത് ഒരു നിറമോ, കൊടി അടയാളമോ, അല്ല.

കമ്യൂണിസം എന്ന ആശയവും, ഭൌതിക തലത്തില്‍ ഒരു തരം സന്യാസം തന്നെയായിരുന്നു. സന്യാസത്തില്‍ ‘ഞാന്‍’ ഇല്ല , എങ്കില്‍ കമ്യൂണിസത്തില്‍ ‘ഞാന്‍’ എന്നതിന് പകരം ‘ഞങ്ങള്‍’ ആയിരുന്നു എന്നു മാത്രം. പങ്കു വെച്ചും, സാമൂഹ്യ നീതി ഉറപ്പു വരുത്തിയും ഒരുമിച്ച് ഒരു ജനത മുന്നോട്ടു പോവുന്ന, ഒരുവന്റെ സ്വരം അപരന് കാതില്‍ സംഗീതമാവുന്ന കാലം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കു ചേര്‍ന്നും, ഓരോരുത്തര്‍ക്കും,രാഷ്ട്രത്തിനാവും വിധം അത് തിരിച്ചു നല്‍കിക്കൊണ്ടും, മാര്‍ക്സിസം വിഭാവനം ചെയ്തത്, പ്രപഞ്ച മനസാക്ഷിയുടെ ദിശയിലേയ്ക്ക് ഓരോ മനസും തിരിച്ചു വെച്ചൊരു ലോകമായിരുന്നു. ദൈവം ദേവാലയങ്ങളിലല്ല . മാര്‍ക്സിസം പാര്‍ട്ടികളിലും.

 

 

നടത്തിക്കൊണ്ടു പോവലില്‍ സംഭവിയ്ക്കുന്നത്
ചോര. പകരം വെയ്ക്കാനില്ലാത്ത പാപക്കറ. ആശയ പുനര്‍ നിര്‍വചനം, അല്ലെങ്കില്‍ ആശയ നവീകരണം എന്താണെന്ന് മറന്നു പോയ പ്രസ്ഥാനങ്ങള്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ സ്ഥാപനവല്‍ക്കരിയ്ക്കപ്പെട്ടു പോയിരിയ്ക്കുന്നു.നടത്തിപ്പ് മന്ദിരങ്ങള്‍ക്കുള്ളില്‍ മാര്‍ക്സും ലെനിനും, പൊടി പിടിച്ചു കിടപ്പുണ്ട്.

വഴിവക്കിലെ ചുവരെഴുത്തുകളില്‍ നിറയുന്ന മാര്‍ക്സും, ലെനിനും ഗുവേരയും വിദൂരമായൊരു ഭൂപ്രദേശത്ത്, ചുവരെഴുത്തുകള്‍ ഒന്നും വായിയ്ക്കാന്‍ അറിയില്ല എങ്കിലും, നില്‍ക്കുന്നത് ഒരു പ്രാചീന ദേവാലയത്തിലാണെന്നു തിരിച്ചറിയുന്ന തീര്‍ഥാടകനെപ്പോലെ,സാധാരണ മനുഷ്യര്‍ക്ക് അവരോടു തോന്നുന്ന വൈകാരിക ബന്ധുത്വം.തുടര്‍ച്ച നിലച്ചു പോവുന്ന എന്തോ ഒന്നില്‍ ചവിട്ടി നില്‍ക്കുന്നതിന്റെ അസ്വസ്ഥത.നടത്തിപ്പ് സംഘത്തിന്റെ ബാന്റ് മേളങ്ങളില്‍ ഒരുവന്റെ ശബ്ദം അപരന് കേള്‍ക്കാന്‍ സാധിയ്ക്കുന്നില്ല. കാഴ്ച്ചയില്‍ നിറയുന്നത് ചോരയാണ്.

രക്ത സാക്ഷിത്വം എന്ന ബ്ലാസ്ഫെമി
ബ്ലാസ്ഫെമി എന്നത് വിശുദ്ധ വചനങ്ങളുടെ തല തിരിച്ചിടലാണ്.ഒരു സമൂഹം ഒരിയ്ക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു ചെയ്തിയുടെ പ്രതീകം.ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത, അപരിഹാര്യമായ തെറ്റ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്തസാക്ഷിയാണ് ഗാന്ധി. ഗാന്ധിയുടേത് ഒരു സാത്വിക രക്തസാക്ഷിത്വമാണ്. മറ്റൊരു ഗാന്ധിയുടെ ചോര പകരത്തിനു പകരം വീഴ്ത്താന്‍ അത് നമ്മോടു ആവശ്യപ്പെടുന്നില്ല. ചോര വീഴാതെ കാക്കാന്‍ അത് നമ്മോടു മന്ത്രിയ്ക്കുന്നു.
കക്ഷി രാഷ്ട്രീയത്തിന്റെ രക്ത സാക്ഷിത്വം രക്ഷസുകളുടെ കെട്ടഴിച്ചു വിടലാണ്. അടുത്തും അകലെയുമായി രക്ഷസുകള്‍ ജീവിതത്തിലൂടെ കടന്നു പോവുന്നു.ക്രൂരമായി കൊലചെയ്യപ്പെട്ടവരുടെ കൂടെയുള്ളവര്‍. ഉള്ളില്‍ ആരോ മരിച്ചിട്ടും പിടിച്ചു നില്‍ക്കുന്നവര്‍.
ദുഖം ആരോഗ്യകരമായൊരു പ്രതികരണമാണ്, എന്നാല്‍ അതിന്റെ അവസാനത്തെ ചെക്ക് പോസ്റും കടന്നു പോയാല്‍, അതിനപ്പുറം തണുത്ത മരുഭൂമികളാണ്. കരയാതെ, ഉറങ്ങാതെ കണ്ണുകലങ്ങിയ മനുഷ്യര്‍. പല കക്ഷികളില്‍ നില്‍ക്കുന്നവര്‍ക്ക് ഒരേ മുഖം. ഒരു മരണത്തിന്റെ നഷ്ട്ട ബോധവും, അതുണ്ടാക്കുന്ന നിസ്സഹായതയും, തെളിയുന്ന മുഖങ്ങളോട് , നടത്തിപ്പുകാര്‍ മന്ത്രിയ്ക്കുന്നു.അടുത്തവന്റെ ചോരയ്ക്ക് വേണ്ടി പുറപ്പെടാന്‍.

 

 

സ്റാലിനെ അറിയാത്ത വെറും മനുഷ്യര്‍
പാടത്തും പറമ്പിലും പണിയെടുത്തു തളര്‍ന്ന മനുഷ്യന്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് കയറിപ്പോവുന്നത്, ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാല്‍പ്പനിക ദൃശ്യമായിരുന്നു. ചുവരില്‍ തൂങ്ങിക്കിടന്ന കൊമ്പന്‍ മീശക്കാരനെ അവര്‍ക്കറിഞ്ഞുകൂട. അവര്‍ക്ക്, ഭൂമി കിട്ടി, കൃഷിക്ക് വില കിട്ടി, മനുഷ്യരെപ്പോലെ ജീവിയ്ക്കാന്‍ പറ്റി.നടത്തിപ്പുകാര്‍ക്ക് ഇന്നവരെ അറിഞ്ഞുകൂട. അവര്‍ നില നില്‍ക്കുന്നു എന്നുകൂടി അറിഞ്ഞുകൂടാ.

മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ച കാലം മുതല്‍ അതിനു നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ ഗൂഢാലോചനകള്‍, നന്മയുടെ അവശേഷിക്കുന്ന തുരുത്തുകളെയും ആക്രമിക്കുന്നു, എന്ന ബോധ്യത്തില്‍ അവരിപ്പോഴും പാര്‍ട്ടി ഓഫീസുകളെ സംരക്ഷിക്കുന്നു.

കേള്‍ക്കുന്നത് ശെരിയാണോ സഖാവേ ? എന്ന ചോദ്യത്തിന്, അവരെപ്പോലെ തന്നെ ഉത്തരം അറിയാത്ത വേറെ ചിലര്‍. ഒന്നും നേടാതെ, ജീവിച്ചു പോവാന്‍ മാത്രം ആഗ്രഹിയ്ക്കുന്ന ചെറിയ മനുഷ്യര്‍. അക്കാദമിക് തലങ്ങളില്‍ മാര്‍ക്സിയന്‍ ചര്‍ച്ച നടത്തി പുസ്തകങ്ങള്‍ക്കിടയില്‍, ഇരട്ടവാലന്‍ പുഴുവിനെപ്പോലെ കഴിയാന്‍ അറിഞ്ഞുകൂടാത്തവര്‍.

 

 

മനുഷ്യത്വത്തിന്റെ സ്യൂഡോ കൂടപ്പിറപ്പുകള്‍
സയന്‍സിനു സ്യൂഡോ സയന്‍സ് എന്നത് പോലെ മനുഷ്യത്വത്തിനും ഒരു സ്യൂഡോ കൂടപ്പിറപ്പുണ്ട് . ഏതു സംഭവത്തിലും സഹതപിച്ചും, അപലപിച്ചും, സ്വയം വിശുദ്ധമാവുന്ന സമൂഹ മനസാക്ഷിയുടേത് സത്യത്തില്‍ ഒരു സ്യൂഡോ അധര വ്യായാമമാണ്. ഒരു മരണത്തിന്റെ ദൈന്യതയോ, ഭീകരതയോ നമ്മുടെ കേവലമായ സ്യൂഡോ ഹ്യൂമാനിറ്റി പേര്‍സ്പെക്റ്റീവില്‍ അതിനു ഒന്നാം സ്ഥാനമോ, രണ്ടാം സ്ഥാനമോ നല്‍കുന്നില്ല. അത് അപലപിക്കപ്പെടുന്നു , ആഘോഷിക്കപ്പെടുന്നു.വില്‍ക്കപ്പെടുന്നു . മറക്കപ്പെടുന്നു.

സി.ആര്‍ പരമേശ്വരന്റെത് ഒരു സ്യൂഡോ കരച്ചിലിന്റെ തുടര്‍ച്ചയാണ്. അദ്ദേഹത്തിന്റെ രോഷത്തോട്, ഇതിനു മുമ്പ് നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും ചേര്‍ത്ത് വായിക്കുമ്പോള്‍, പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ വിയോജിക്കേണ്ടി വരുന്നു. ഏതൊരു രക്തസാക്ഷിയേയും പോലെ തന്നെ, ടി.പി ചന്ദ്രശേഖരന്റെയും മരണം രാഷ്ട്രീയ ചേരികളുടെ നടത്തിപ്പുകാര്‍ കൊണ്ടാടിക്കൊണ്ടിരിയ്ക്കുന്നു.

എന്ത് കൊണ്ട് ടി.പി ചന്ദ്രശേഖരന്റെ മരണം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നും, കൂടുതല്‍ മെച്ചമായൊരു രാഷ്ട്രീയ സാഹചര്യം വിഭാവനം ചെയ്യാന്‍, ഈ മരണം നമ്മോടു പറയുന്നില്ലേ എന്ന ചോദ്യത്തോട്, നില്‍ക്കുന്ന ചേരിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പതിവ് ആവര്‍ത്തനത്തോടെ തുടങ്ങുന്ന മറുപടി, ചോദ്യ കര്‍ത്താവിനെ നടത്തിപ്പ് രാഷ്ട്രീയത്തിന്റെ ഏതെങ്കിലുമൊരു ശവപ്പെട്ടിയ്ക്കുള്ളില്‍ ആണിയടിച്ചു കിടത്താനുള്ള ത്വര അങ്ങിനെ പരിചിതമായ സമീപനങ്ങള്‍. .

മറ്റു മരണങ്ങളെ പോലെ, ഇതും അസാധുവായിപ്പോവരുത് എന്നാണ് പൊതുവില്‍ ഉയരുന്ന മറ്റൊരു വാദം. അസാധുവായിപ്പോയ, ആയിരക്കണക്കിന് മരണങ്ങള്‍, അനാഥക്കുട്ടികളുടെ കരച്ചില്‍ പോലെ ഇഴഞ്ഞു നടക്കുന്ന മൈതാനമാണ് .ഭാരതത്തിന്റെ ജനാധിപത്യം, ഉപ്പു കുറുക്കിയും, മുണ്ട് മുറുക്കിയുടുത്തും, കാതങ്ങള്‍ നടന്ന ഒരു വൃദ്ധന്റെ നെഞ്ചിലേറ്റ വെടിയുണ്ടകളുടെ ബാക്കി.

ഒരു മരണത്തില്‍ നിന്നും നമ്മളൊന്നും പഠിക്കുന്നില്ല എങ്കില്‍ നമ്മുടെ മനസാക്ഷിയുടെ കുപ്പായമിട്ട് നടക്കുന്നതും നമ്മുടെ മുഖമുള്ള മറ്റാരോ ആണ്. നമ്മുടെ തന്നെ ഫാസിസ്റ്റ് ഇരട്ട.മനുഷ്യത്വം എന്നതിന്റെ സ്യൂഡോ കൂടപ്പിറപ്പ്.

 

 

ശേഷിയ്ക്കുന്നത്
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചരിത്ര പരമായ എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറയുന്ന ഒരു ദിവസം, ജീവിത കാലയളവില്‍ കാണാനാവും എന്ന് കരുതുന്നില്ല. എന്നാല്‍,കൂടി മനുഷ്യത്വപരമായ ഒരിടപെടല്‍, നമ്മുടെ രാഷ്ട്രീയം അര്‍ഹിക്കുന്നു.അല്ലെങ്കില്‍ അങ്ങിനെ ഒരു പക്ഷത്തിന്റെ നിര്‍മാണം, സഹതപിക്കുകയോ, രോഷം കൊള്ളുകയോ ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കൊലപാതകങ്ങള്‍ക്കൊടുവില്‍ കൂട്ടപ്രാര്‍ഥന നടത്തുക എന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമല്ല അര്‍ഥമാക്കുന്നത്. നമുക്ക് വേറെ പോം വഴികളില്ല , ജനങ്ങളിലേയ്ക്ക് തിരിച്ചു ചെല്ലലല്ലാതെ.

കൂത്താടികള്‍ വളരുന്ന, ഒഴുക്ക് നിലച്ച രാഷ്ട്രീയ അന്തരീക്ഷവും, മനസ് പകുത്തെടുക്കുന്ന ജാതി, മത, വംശ, വര്‍ഗീയതകളും, കുമിഞ്ഞു കൂടുന്ന മൂലധനവും, അലസമായ പൊതു സമൂഹവും ചേര്‍ന്ന്, സമാനതകളില്ലാത്ത തരത്തില്‍,നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയത്തില്‍ സാധ്യമായവയുടെ പട്ടികയില്‍ ഏറ്റവും അനിവാര്യമായ ഒന്ന്, ജനങ്ങളുമായി ജൈവ ബന്ധമുള്ള ഒരു പ്രസ്ഥാനമായിരിയ്ക്കുക എന്നതാണ്. അല്ലെങ്കില്‍ ചരിത്രം അസാധുവായിപ്പോയ മരണങ്ങളുടെ കണക്കു സൂക്ഷിപ്പു കേന്ദ്രം മാത്രമായിപ്പോവും അത്.

ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ജനകീയ ഇടതു പക്ഷത്തിനുള്ള സാധ്യകള്‍ ഉയര്‍ത്തുന്നുണ്ടോ, എന്ന ചോദ്യത്തോട്, ആത്മാര്‍ഥമായി, മറുപടി പറയുന്ന വളരെ കുറച്ചു പേരെ ഉള്ളൂ എന്നത് വസ്തുതയാണ്. എതിര്‍ചേരിയുടെ പതനത്തില്‍ ഒതുങ്ങാത്ത രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു ജനകീയ ഇടതു പക്ഷത്തിന്റെ ആവശ്യകതയാണ്, ചന്ദ്രശേഖരനെപ്പോലൊരാളുടെ മരണത്തില്‍ നിന്ന്, നാം കണ്ടെത്തേണ്ടത്.

OTHER POSTS

അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

മലയാളി എഴുത്തുകാര്‍ ഇങ്ങനെയാണ് അവരുടെ പേടി പ്രഖ്യാപിച്ചത്

3 thoughts on “നമ്മുടെ മനസാക്ഷിയുടെ കുപ്പായത്തില്‍ നമ്മുടെ തന്നെ ഫാസിസ്റ്റ് ഇരട്ട

  1. ഇരട്ട മനുഷത്യം(മനസ്സാക്ഷി) എന്നൊന്നുണ്ടോ, ശാലിനി? കുളത്തില്‍ പായല്‍ മൂടി വെള്ളം കാണാനാവാത്ത അവസ്ഥ വരില്ലേ? അതുപോലെതന്നെ.ഒരാളുടെ മനസ്സാക്ഷി മാലിന്യങ്ങളാല്‍ മൂടപ്പെട്ടു, അതിന്റെ സ്വരം കേള്‍ക്കാന്‍ പറ്റാതെയാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *