വി എസ്, അങ്ങ് സ്വയം പുറത്തു പോവുകയാണ് നല്ലത്

എങ്കില്‍ പിന്നെ പാര്‍ട്ടി വി എസ്സിനെ പുറത്തക്കാത്തതെന്ത്? പാര്‍ട്ടി വിരുദ്ധതയിലൂടെ കൈവന്ന ജനപ്രീതിയെ അദ്ദേഹത്തെ പാര്‍ട്ടി യില്‍ തന്നെ നില നിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കനുകൂലമായി തന്നെ ഉപയോഗിക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി പരീക്ഷിച്ചു നോക്കുന്നത് . ദുര്‍ഭൂതത്തെ നേരിടാന്‍ ചെകുത്താനെ കൂട്ട് വിളിച്ചു എന്നര്‍ഥം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രമാണ് വിജയിച്ചത്. വി എസ്സിന്റെ സ്തുതിപാഠകരാകട്ടെ പാര്‍ട്ടി വി. എസ്സിന്റെ മുന്നില്‍ മുട്ട് മടക്കി എന്ന് അഭിമാനിക്കുന്നു. എന്നാല്‍ അവസാനത്തെ ചിരി പാര്‍ട്ടിയുടേതാണ്^പാര്‍ട്ടി നിലപാടുകളുടെ പശ്ചാത്തലത്തില്‍, വി.എസ് അച്യുതാനന്ദന്റെ സമകാലിക ഇടപെടലുകളുടെ രാഷ്ട്രീയം പരിശോധിക്കുന്നു,എസ് ആര്‍ നന്ദകുമാര്‍

(ഈ വിശകലനത്തോടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ നാലാമിടം പ്രസിദ്ധീകരിക്കുന്നു. കുറിപ്പുകള്‍ editor@nalamidam.com, nalamidam@gmail.com എന്നീ വിലാസങ്ങളില്‍ അയക്കാം.)
 

 

ഇടതുപക്ഷമെന്നത് സ്വയംവിമര്‍ശനത്തിനും അന്യവിമര്‍ശനത്തിനുമായി തുറന്നിട്ടിരിക്കുന്ന ഒരു ആശയപ്രപഞ്ചമാണ്. അത് ഗ്രാംഷി നിര്‍വചിച്ച പോലെ സാര്‍വലൌകികവും സമഗ്രവുമാകാന്‍ വെമ്പുന്ന , ഒരു ദേശീയ ജനകീയ സാമൂഹ്യേച്ഛയുടെ വിത്തുകള്‍ സംഗമിക്കുന്ന പ്രാഥമിക ലോകമാണ്. ബോര്‍ദ്യു പറഞ്ഞ പോലെ, ഈ പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ നേട്ടം അതിന്റെ അസ്തിത്വം തന്നെയാണ്. അദൃശ്യതയില്‍ നിന്നും മൌെനത്തില്‍ നിന്നും ശൂന്യതയില്‍ നിന്നും അത് സ്വയം പുറത്തേക്ക് വരുന്നു . നാവരിയപ്പെട്ടവരുടെ ശബ്ദമായും അന്ധരാക്കപ്പെട്ടവരുടെ വെളിച്ചമായും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന സ്വപ്നങ്ങളായും പാതകങ്ങള്‍ പെരുമഴ പോലെ പെയ്യുന്ന കാലമത്രയും അത് നിറഞ്ഞു നില്‍ക്കും. കാലം ബൃഹദാഖ്യാനങ്ങള്‍ക്ക് മരണവാറന്റ് നല്‍കുമ്പോഴും ചൂഷണമെന്ന ബൃഹദാഖ്യാനത്തെക്കുറിച്ച് അത് നിരന്തരം ഓര്‍മിപ്പിക്കും. നാം ജീവിക്കുന്ന ലോകത്തിന്റെ അസംബന്ധങ്ങളുടെ അക്ഷങ്ങളെ അടിസ്ഥാനപരമായി മാറ്റിത്തീര്‍ക്കുന്ന ഇടപെടല്‍ശക്തിയായും തത്വചിന്തയായും അത് ജ്വലിച്ചു നില്‍ക്കും. അതിന്റെ മരണമെന്നത്, മനുഷ്യരാശി കണ്ട ഏറ്റവും ഉദാത്തമായ സ്വപ്നത്തിന്റെ മരണമെന്നാണ് ; അത്, മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ , ഹൃദയശൂന്യമായ രൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും ബാക്കി വെക്കാത്ത ഒരു ചൂഷണ വ്യവസ്ഥയുടെ വിജയമെന്നാണ്.

 

എസ് ആര്‍ നന്ദകുമാര്‍


 

നേതാക്കന്മാര്‍ ഉണ്ടാവുന്നത്
പാര്‍ടി ആത്യന്തികമായി ഒരു സംഘയുക്തിയാണ്. നെരൂദ പറഞ്ഞ പോലെ, നേര്‍ത്തതും ദുര്‍ബലവുമായ അനേക സ്വരങ്ങളെ കൂട്ടിക്കനപ്പിചെടുത്ത ഏകസ്വനചണ്ഡവാതമാണ് പാര്‍ടി. അതുകൊണ്ട് തന്നെ അതിന്റെ ഏറ്റവും വലിയ ശത്രു വ്യക്തിവാദമാണ്. മനുഷ്യനെ ചരിത്രത്തിന്റെ കേവലവും ഏകവുമായ വിധിനിയന്താവായ കര്‍തൃസ്ഥാനമായി കല്‍പ്പന ചെയ്യുന്ന എല്ലാതരം ചിന്തകളും (Humanism/Anthropocentrism) അടിസ്ഥാനപരമായി ആശയവാദമാണ് , മാര്‍ക്സിസ്റ് വിരുദ്ധമാണ്. മാര്‍ക്സിസം മനുഷ്യനെ കാണുന്നത്, സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമെന്ന നിലയ്ക്കാണ്. പക്ഷെ ചരിത്രത്തില്‍ വ്യക്തികളുടെ ഭാഗധേയത്വത്തെ മാര്‍ക്സിസം നിരാകരിക്കുകയോ നിസ്സാരവത്കരികുകയോ ചെയ്യുന്നില്ല. ‘ചരിത്രത്തില്‍ വ്യക്തിക്കുള്ള പങ്ക്’ എന്ന പ്രബന്ധത്തില്‍ പ്ളഖനോവ് ‘മഹാനായ വ്യക്തി മഹാനായിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിഗതമായ പ്രത്യേകതകള്‍ ചരിത്ര സംഭവങ്ങളുടെ മുഖമുദ്രയ്ക്ക് രൂപം നല്കുന്നുവെന്നത് കൊണ്ടല്ല , പൊതുവും പ്രത്യേകവുമായ കാരണങ്ങളാല്‍ തന്റെ കാലത്തുളവാകുന്ന മഹത്തായ സാമൂഹ്യാവശ്യങ്ങളെ നിറവേറ്റാന്‍ തന്നെ ഏറ്റവും യോഗ്യനാക്കുന്ന പ്രത്യേകതകള്‍ അയാള്‍ക്കുള്ളത് കൊണ്ടാണ് ‘.

ഒരു വ്യക്തിയുടെ കഴിവുകളും ആന്തരികശേഷിയും ഒരു സവിശേഷ സാമൂഹ്യസാഹചര്യത്തോട് പൂര്‍ണമായും ഒത്തിണക്കം പ്രാപിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളിലാണ് ഒരു നേതാവ് പിറവിയെടുക്കുന്നത്. എന്നാല്‍ കേവലമായ വ്യക്തിപൂജ നേതാവിന്റെ സമൂഹ്യപര / ചരിത്രപരമായ അസ്തിത്വത്തെ തിരസ്കരിക്കുകയും ആശയത്തോടുള്ള പ്രതിബദ്ധത വ്യക്തിയോടുള്ള ആരാധനയായി അധപതിക്കുകയും ചെയ്യും. സങ്കുചിതമായ വ്യക്തിബോധത്തെ സാമൂഹ്യബോധമായി വര്‍ഗബോധമായി സ്ഥാനാദേശം ചെയ്യാത്ത പ്രസ്ഥാനങ്ങള്‍ക്കൊരിക്കലും ഫാന്‍സ് അസോസിയേഷന്‍ എന്നതിനപ്പുറം വിപ്ളവ പ്രസ്ഥാനമായി രൂപാന്തരപ്പെടനാവില്ല. ഇത്തരക്കാരുടെ പ്രത്യയശാസ്ത്രയുക്തി ഫ്രോയ്ഡ് വിശേഷിപ്പിച്ച സംഘവിരുദ്ധമായ സംഘബോധമാണ് .

 

PHOTO: JAMES-WHITMORE


 

ഇ. എം.എസ്: വ്യക്തിശരീരവും പാര്‍ട്ടിശരീരവും
ഇ എം എസിന്റെ ഏറ്റവും വലിയ നേട്ടം തന്റെ വ്യക്തിശരീരത്തെയും പാര്‍ട്ടിശരീരത്തെയും വേര്‍പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ്. തന്റെ ജീവിതവും പാര്‍ടിയുടെ ചരിത്രവും അവിച്ഛിന്നമായി അദ്ദേഹം കണ്ടു. തന്‍റെ ചിന്തകള്‍ പാര്‍ടിയുടെ ചിന്തകളാണെന്നും പാടിയുടെ സ്വപ്നങ്ങള്‍ക്കപ്പുറം തനിക്ക് സ്വപ്നങ്ങളില്ലെന്നും തോന്നത്തക്കവിധം പാര്‍ടിയുടെ ജീവിതവും തന്റെ വ്യക്തിജീവിതവും തമ്മില്‍ പഴുതുകളില്ലാത്ത വിധം ഒന്നാക്കിമാറ്റാന്‍ ഇ എം എസ്സിന് കഴിഞ്ഞു. ആത്മകഥ എഴുതിയവസാനിപ്പിച്ചുകൊണ്ട് ഇ എം എസ് പറഞ്ഞത്, ഇനിയുള്ള തന്‍റെ ജീവിതം പാര്‍ട്ടിയുടെ ചരിത്രമെഴുതുന്നവര്‍ എഴുതി പൂര്‍ത്തിയാക്കിക്കൊള്ളും എന്നാണ്. ഈയൊരരഥത്തിലാണ് ഇ എം എസ് എല്ലാക്കാലത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരിക്കുന്നത്. അപ്പോഴും ഇ എം എസ് തന്റെ അനുയായികളുടെയും ആരാധകരുടെയും സ്തുതിപാഠകരുടെയും സാമന്യയുക്തികളെ തകിടം മറിച്ചുകൊണ്ടിരുന്നു. അങ്ങനെയുള്ള ഒട്ടേറെ ഉദാഹരണം ചൂണ്ടിക്കാണിക്കാം:

1.ബാബരി മസ്ജിദ് പൊളിച്ചു പരിഹാരം കാണാം എന്ന് ഇ എം എസിന്റെ അഭിപ്രായം
2. എന്‍ ജി ഒ യൂണിയന്‍ പിരിച്ചു വിടണം എന്ന് അവരുടെ സംസ്ഥാന സമ്മേളനത്തില്‍ തന്നെ പ്രസംഗിച്ചു
3. പാര്‍ടിയും അതിന്റെ വര്‍ഗ ബഹുജന സംഘടനകളും തമ്മിലുള്ള ബന്ധം പരിഷ്കരിക്കണം എന്ന് പറഞ്ഞു.
4. ഇനി മുതല്‍ കമ്യൂണിസ്റ്റുകാര്‍ ഗാന്ധിയന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം എന്ന് പ്രസംഗിച്ചു
5. കലയെക്കുറിച്ചുള്ള തന്റെയും പാര്‍ട്ടിയുടെയും ഉപകരണവാദപരമായ സമീപനങ്ങളെ ‘പുരോഗമന പ്രസ്ഥാനം : അന്നും ഇന്നും’ എന്ന ലേഖനത്തിലൂടെ പൂര്‍ണമായും കൈയ്യൊഴിഞ്ഞു കൊണ്ട്

എന്നാലൊരിക്കലും തന്റെ ശരികളും പാര്‍ട്ടിയുടെ ശരികളും വ്യത്യസ്തമാണെന്നദ്ദേഹം സംശയിച്ചില്ല. അദ്ദേഹത്തിന്റെ മൂല്യബോധവും ധാര്‍മികബോധവും നൈതികബോധവും എല്ലാം തന്റെ പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയുടെ വിഭിന്ന പ്രകാശനങ്ങളായിരുന്നു. അദ്ദേഹം പാര്‍ട്ടിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയുമായിരുന്നില്ല , പാര്‍ട്ടിയെ ആന്തരവല്‍ക്കരിക്കുകയായിരുന്നു. അതുകൊണ്ടാണ്, ‘ഇന്നോളം എനിക്ക് ശരിയെന്നു തോന്നുന്നതല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന്പറയാന്‍ സാധിക്കുമ്പോഴും, വ്യക്തിവാദത്തിലേക്ക് അദ്ദേഹം വഴുതി വീഴാത്തത്.

 

image courtesy: wikipedia


 

വി എസ് : ജനപ്രിയതയുടെ രാഷ്ട്രീയം
‘വ്യക്തിവാദം തങ്ങളില്‍ നിന്ന് പൂര്‍ണമായും കഴുകി കളഞ്ഞിട്ടില്ലാത്ത ചില സഖാക്കള്‍ പാര്‍ടിക്ക് തങ്ങള്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് പെരുമ്പറയടിക്കുന്നു. പാര്‍ട്ടി തങ്ങളോട് നന്ദിയുള്ളതായിരിക്കണമത്രേ! തങ്ങളോട് പക്ഷപാതവും ബഹുമാനവും തങ്ങള്‍ക്കു ഉയര്‍ന്ന പദവിയും ആനുകൂല്യങ്ങളും വേണമെന്നവര്‍ വാശി പിടിക്കുന്നു. ഇതംഗീകരിക്കാതിരുന്നാലോ, പാര്‍ട്ടിയോട് ഇവര്‍ക്ക് അലോഹ്യമായി. അവര്‍ പതുക്കെ പതുക്കെ പാര്‍ട്ടിയോട് അകന്നു തുടങ്ങുന്നു. മാത്രമല്ല, പാര്‍ട്ടിയുടെ നയപരിപാടികളെയും അച്ചടക്കത്തെയും തുരങ്കം വെക്കാനും തുടങ്ങുന്നു” ( ഹോ ചി മിന്‍ )

എന്താണ് വി എസ് അച്യുതാന്ദന്‍ എന്ന നേതാവിന്റെ ജനപ്രീതിയുടെ അടിസ്ഥാനം? എന്‍.എം പിയെഴ്സന്‍ എഴുതിയ പോലെ, അത് തീര്‍ച്ചയായും പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ നിതാന്തമായ കലഹങ്ങളാണ്. പാര്‍ട്ടിയെ കൂടുതല്‍ വെല്ലുവിളിക്കുന്തോറും അദ്ദേഹത്തിന്റെ ജനപ്രീതിയും വര്‍ദ്ധിക്കുന്നു. എങ്കില്‍ എന്ത് കൊണ്ടാണ് വി എസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാത്തത്?

ഇതാണ് വാസ്തവത്തില്‍ കാതലായ ചോദ്യം. ഇതിന്റ ഉത്തരമന്വേഷിക്കുമ്പോള്‍ മാത്രമേ ജനപ്രീതിയുടെ രാഷ്ട്രീയത്തെ വിശ്ലേഷണം ചെയ്യാന്‍ സാധിക്കൂ. ഇ എം എസ്സിനെ പോലെ തന്നെ വി എസ്സിനും പാര്‍ട്ടി തന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ ഇ എം എസ്സിന് പാര്‍ട്ടി തന്റെ വ്യക്തിശരീരത്തിന്റെ extension ആയിരുന്നെങ്കില്‍ വി എസ്സിന് അത് തന്റെ വ്യക്തിസ്വരൂപത്തിന്റെ എതിര്‍ദ്വന്ദ്വം ആണ്.

പാര്‍ട്ടിയുടെ വ്യവസ്ഥാപിത ഘടനയ്ക്കുള്ളില്‍ അതിനെ എതിരിട്ടു നില്‍ക്കുന്ന കാലത്തോളം മാത്രമേ വി. എസിനു പ്രസക്തിയുള്ളൂ. പാര്‍ട്ടിശരീരത്തിന് പുറത്തു കടന്നാല്‍ വി. എസ് വെറും വട്ടപ്പൂജ്യം മാത്രമാണ്. അത് മറ്റാരെക്കാളും വി. എസ്സിന് നന്നായി അറിയാം. പാര്‍ടിയിലെ അതികായന്മാര്‍ പലരെയും പണ്ട് നിര്‍ദ്ദയം പുറത്താക്കിയ വി എസ് അവര്‍ക്ക് പിന്നീട് സംഭവിച്ച ദുരന്തങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ടാവുമല്ലോ.

പലതു കൊണ്ടും വി എസ് ഒരത്ഭുതമാണ് . പാര്‍ട്ടിയില്ലാതെ ഒരു പാര്‍ട്ടി നേതാവുണ്ടാകുമെന്നു തെളിയിച്ചു എന്നതാണ് ഏറ്റവും അത്ഭുതം. ഒരു പാര്‍ട്ടി നില നില്‍ക്കണമെങ്കില്‍ മൂന്ന് അടിസ്ഥാന ഘടകങ്ങള്‍ സംഗമിക്കണം എന്ന് ഗ്രാംഷി പറയുന്നുണ്ട്: ഒന്ന്, ജനം എന്ന ഘടകം. രണ്ടു, നേതൃത്വം. മൂന്നാമത്തെ ഘടകമാകട്ടെ, മാധ്യസ്ഥത്തിന്റെ ധര്‍മമാണ് നിറവേറ്റുന്നത്. അത്, ജനം എന്ന ഘടകത്തെ നേതൃത്വം എന്ന ഘടകവുമായി ചേര്‍ത്ത് നിര്‍ത്തുന്നു. ഈ മൂന്ന് ഘടകങ്ങളില്‍ സഖാവ് വി എസ് എന്ത് ധര്‍മമാണ് നിറവേറ്റുന്നത്? അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ സംഘവിരുദ്ധതയെ തനിക്കനുകൂലമായി ധ്രുവീകരിക്കുകയാണ് വി എസ് ചെയ്തു പോന്നത്. കേരളത്തിലെ വലതുപക്ഷ മധ്യവര്‍ഗ രാഷ്ട്രീയഭാവനയ്ക്കനുസൃതമായ ഒരു പിതൃ ബിംബത്തിന്റെ സാന്നിധ്യമാണ് വി എസ് അടയാളപ്പെടുത്തുന്നത്.

എങ്കില്‍ പിന്നെ പാര്‍ട്ടി വി എസ്സിനെ പുറത്തക്കാത്തതെന്ത്? പാര്‍ട്ടി വിരുദ്ധതയിലൂടെ കൈവന്ന ജനപ്രീതിയെ അദ്ദേഹത്തെ പാര്‍ട്ടി യില്‍ തന്നെ നില നിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കനുകൂലമായി തന്നെ ഉപയോഗിക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി പരീക്ഷിച്ചു നോക്കുന്നത് . ദുര്‍ഭൂതത്തെ നേരിടാന്‍ ചെകുത്താനെ കൂട്ട് വിളിച്ചു എന്നര്‍ഥം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രമാണ് വിജയിച്ചത്. വി എസ്സിന്റെ സ്തുതിപാഠകരാകട്ടെ പാര്‍ട്ടി വി. എസ്സിന്റെ മുന്നില്‍ മുട്ട് മടക്കി എന്ന് അഭിമാനിക്കുന്നു. എന്നാല്‍ അവസാനത്തെ ചിരി പാര്‍ട്ടിയുടേതാണ്.
 

 

വന്‍ മരങ്ങള്‍ വീഴുമ്പോള്‍
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകമല്ല ടി പി ചന്ദ്രശേഖരന്റെത്. അവസാനത്തേതുമാകാന്‍ പോകുന്നില്ല. അതിദാരുണവും പൈശാചികവുമായ ഒരു കൊലപാതകമായിരുന്നു അതെന്നു സംശയമില്ല. കക്ഷിരാഷ്ട്രീയഭേദമന്യേ അതിനെ സകലരും അപലപിക്കേണ്ടതുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് പറയാതെ വയ്യ. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടവരെ കുലം കുത്തികള്‍ എന്നൊക്കെ ആക്ഷേപിക്കുന്നത് സഹിഷ്ണുതയുള്ള ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. “If a human disagrees with you, let him live. In a hundred billion galaxies, you will not find another” എന്ന് കാള്‍ സാഗന്‍. വിയോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നിരിക്കെ അതിന്റെ പേരില്‍ ആക്ഷേപം ചൊരിയുന്നത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

എന്നാല്‍, ഇവിടുത്തെ യഥാര്‍ഥ പ്രശ്നം അതല്ല. ടി പി യുടെ കൊലപാതകത്തിന്റെ പേരില്‍ ഒരു മാര്‍ക്സിസ്റ് വിരുദ്ധ മഴവില്‍ മുന്നണി രൂപപ്പെട്ടു എന്നതാണ് സത്യം. കമ്മ്യൂണിസ്റ് വിരുദ്ധ മാധ്യമങ്ങള്‍ അന്വേഷണത്തിന് മുമ്പേ പ്രതികളെയും അവരുടെ പാര്‍ട്ടി ബന്ധങ്ങളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. കോടതി കുറ്റവാളികളെന്നു വിധിക്കുന്നവരെ, അറസ്റിലായവര്‍ പ്രതികളാവുന്നില്ല എന്നും അവര്‍ വെറും കുറ്റാരോപിതര്‍ മാത്രമാണെന്നും പിശാചു വേട്ടയ്ക്കിറങ്ങിയ ഇക്കൂട്ടര്‍ ഓര്‍ക്കണമായിരുന്നു. കേരളത്തിലെ ആദ്യത്തെ കൊലപാതകമെന്ന മട്ടിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മനോരമയും മാതൃഭൂമിയുമൊക്കെ ഒന്നും രണ്ടും പേജുകള്‍ പോലും ഇതിനു വേണ്ടി മാറ്റി വെക്കുകയാണ്.

എന്നാല്‍, വീണ്ടും പറയട്ടെ, ടി പി യുടെ വധം അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ സി പി എമ്മിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു കൊലപാതകമായതിനാലാണ് ഇവര്‍ക്ക് ഇത്ര ആവേശം എന്ന് മനസിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. ഇതേ സ്ഥാനത്ത് കൊല ചെയ്യപ്പെട്ടത്, ഒരു സി പി എം നേതാവായിരുന്നെങ്കില്‍ ഇതേ ഔത്സുക്യത്തോടെയും ജാഗ്രതയോടെയും ഇത് കൈ കാര്യം ചെയ്യുമായിരുന്നോ എന്ന് സ്വയം വിമര്‍ശനപരമായി ആലോചിക്കേണ്ടതാണ്.

ഇതിനിടയിലാണ് വി എസ് അച്യുതാന്ദന്‍ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും സി പി എം സംസ്ഥാന കമ്മിറ്റിയെ ഒന്നടങ്കം മാറ്റണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ വാര്‍ത്ത പുറത്തായത്. ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും താന്‍ അംഗമായിരിക്കുന്ന കമ്മിറ്റിയുടെ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഏതു മേല്‍കമ്മിറ്റിയ്ക്കും കത്തെഴുത്താനുള്ള അവകാശം പാര്‍ട്ടി ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ലീക്ക് ചെയ്യിച്ച് പത്ര മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കൊടുക്കുന്നത് ഒരു നാലാംകിട ഏര്‍പ്പാടാണ്. ടി പി യുടെ വധത്തെ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക മാത്രമാണ് വി എസ് ചെയ്യുന്നത്. പ്രിയപ്പെട്ട വി എസ്, പാര്‍ട്ടി തത്വങ്ങള്‍ക്കനുസൃതമായി സംസ്ഥാന സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പിരിച്ചു വിടാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ നല്ലത്, അങ്ങ് സ്വയം പുറത്തു പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതാണ്.

റഫറന്‍സ്
1.ജയില്‍ക്കുറിപ്പുകള്‍, അന്തോണിയോ ഗ്രാംഷി
2. ഇ എം എസ്സിന്റെ സ്വപ്നം, ബി രാജീവന്‍
3. വിപ്ളവകാരികളുടെ സദാചാരം, ഹോ ചി മിന്‍
4. ചരിത്രത്തില്‍ വ്യക്തിയുടെ പങ്ക്, പ്ലഖനോവ്
5. ഫോയര്‍ബാഹിനുള്ള തീസീസുകള്‍, മാര്‍ക്സ്

23 thoughts on “വി എസ്, അങ്ങ് സ്വയം പുറത്തു പോവുകയാണ് നല്ലത്

 1. വി എസ് ഫാന്‍സ് അസോസിയേഷന്‍കാരുടെ അന്ധമായ ജയ് വിളിക്കപ്പുറം വിശകലന സ്വഭാവമുള്ള ഒരു ലേഖനം ഇപ്പോളാ വായിക്കുന്നത്. ലേഖനം നന്നായി

 2. “ഭൂതകാലത്തിന്റെ ഓർമ്മകളിൽ നിന്ന് മാത്രം വിപ്ലവം സൃഷ്ടിക്കാനാവില്ല “ – അന്തോണിയോ ഗ്രാംഷി . “പാർട്ടികളും ബഹുജനങ്ങളും “ 1921.

  • “ഭൂതകാലത്തിന്റെ ഓർമ്മ ” പ്രയോഗം തെറ്റാണ് മാഷേ .

   “ഓർമ്മകളിൽ നിന്ന് മാത്രം വിപ്ലവം സൃഷ്ടിക്കാനാവില്ല “. എന്ന് മതി OR “ഭൂതകാലത്തിലെ സംഭവങ്ങളില്‍
   നിന്ന് മാത്രം വിപ്ലവം സൃഷ്ടിക്കാനാവില്ല “

 3. For an average person who wants to live in Kerala and retain their freedom of political beliefs/support/working, the brutal killing of a leader like TP Chandrasekharan and the comments made by some CPM leaders after the killing, is nothing short of being in the shade of terror and helplessness. In such circumstances, it is the duty of a real leader to stand by the people (and here people doesn’t mean only those who are members of a particular party). And also to stand up alone against such brutal corruption that leads to killings, needs courage beyond explanation. It is this courage that makes VS a leader who is a class apart. As somebody who believes in the communist ideology, VS stands to support those and has been successful in retaining that glimmer of hope for peaceful existence, to a very large extent. The people of Kerala, I believe, will stand with him. Can the Communist party belong only to those who believe that collective power and money can justify anything, even killing, if they can back it up with some quotes? Isn’t this intellectual dishonesty?

 4. അറബിക്കഥയിലെ ക്യൂബ മുകുന്ദനാണ് വി എസ് എന്ന് കരുതുന്ന പാവങ്ങള്‍ ഇങ്ങേരുടെ ശരിയായ ലക്ഷ്യവും സ്വഭാവവും മനസ്സിലാക്കുന്നില്ല.ലേഖകന്‍ പറഞ്ഞത് പോലെ പാര്‍ട്ടി വിരുധതയാണ് വി എസ്സിനെ വി എസ് ആക്കുന്നത്.

 5. “തന്‍റെ ചിന്തകള്‍ പാര്‍ടിയുടെ ചിന്തകളാണെന്നും പാടിയുടെ സ്വപ്നങ്ങള്‍ക്കപ്പുറം തനിക്ക് സ്വപ്നങ്ങളില്ലെന്നും തോന്നത്തക്കവിധം പാര്‍ടിയുടെ ജീവിതവും തന്റെ വ്യക്തിജീവിതവും തമ്മില്‍ പഴുതുകളില്ലാത്ത വിധം ഒന്നാക്കിമാറ്റാന്‍ ഇ എം എസ്സിന് കഴിഞ്ഞു.” (ബി രാജീവന്‍, ഇ എം എസ്സിന്റെ സ്വപ്നം, ഡി സി ബുക്സ്‌)

 6. tan koodi ulpedunna partye pratisandhikalil etirkunna nayam aanu vs sweekarikunatu..pandu rashtreeya kolapatakangal undayapozhonum kanikkata pradishedam adheham ee prasnatil kanikkunatu adhehatinde aadmarthataye chodyam cheyan preripikkunnu…party ku atetanayi valaran ulla adhehatinde vyagrata matramaye kazhinja sambavavikasangale kanan kazhiyunullu….

 7. ‘Prison Notebooks ‘ ല്‍ ആണോ എന്ന് ഓര്‍മ്മ വരുന്നില്ല , ഒരു നിര്‍ണ്ണായക നിമിഷത്തില്‍ ,തന്നെ, അര്‍ദ്ധരാത്രിയോടടുത്ത് സന്ദര്‍ശിക്കാനെത്തിയ ,ഒരു ചെറു സംഘത്തോട് “പാര്‍ട്ടി തീരുമാനമുണ്ടോ “എന്ന് കൊടിയ ഒരു സുനി ചോദിക്കുന്ന ചരിത്ര സന്ദര്‍ഭം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് . ഈ പറഞ്ഞ ഗ്രാംഷിയും നെരൂദയും (?) പറയുന്ന പാര്‍ട്ടി ഇത് തന്നെയാണല്ലോ അല്ലെ ? അതോ കേട്ട് ,കേള്‍വിപ്പെടുന്നതെല്ലാം കറാര ഒളിപ്പിച്ച ഒരു ചവറ്റു കൂന മേല്‍ തട്ടുകയാണോ ? കേരളത്തിലെ ഒരു പ്രത്യേക ദിശയില്‍ നിന്ന് മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ ഓര്‍മ വരിക ,അകം ചീഞ്ഞ ഒരു ചക്കയുടെ പുറം മടലിലെ പച്ചമുനകള്‍ കൊണ്ട് തൊലി വരഞ്ഞു പോയ ഒരു ബാല്യകാല ചിരിയാണ് .

 8. ലേഖനം വ്യക്തി കേന്ദ്രീകൃതമാണ്‌.. ഒരാള്‍ പാര്‍ട്ടിയെ എതിര്‍ത്ത്‌തുകൊണ്ട് മാത്രം ജനപ്രിയനാകുന്നു എന്നതില്‍ നിന്നും എന്താണ് മനസ്സിലകേണ്ടത്..എനിക്ക് മനസ്സിലായത് ..1, പാര്‍ടിയോടുള്ള അല്ലെങ്കില്‍ പാര്‍ട്ടി നേത്രുതതോടുള്ള അതൃപ്തി അത് ചോദ്യം ചെയ്യുന്നവനെ ജനപ്രിയനാക്കുന്നു.2. അല്ലെങ്കില്‍ ബഹുപൂരിപക്ഷം പേരും പാര്‍ട്ടിയുടെ ആദര്ശതോടും ഇന്നത്തെ സമൂഹത്തില്‍ അതിനുള്ള നിലനില്പിനോടും എതിരഭിപ്രയമുള്ളത് കൊണ്ട് ആ പാര്‍ട്ടിയിലെ നിഷേധിയെ പ്രോത്സാഹിപ്പിക്കുന്നു, ജനപ്രിയനകുന്നു..(ഇവിടെ ജനങ്ങള്‍ പാര്ടിയെയും,നേതാകളെയും നിഷേധിയെയും കഴുതകലക്കുന്നു). 3. അല്ലെങ്കില്‍ ലേഖകന്‍ പറഞ്ഞ പോലെ ദുരഭൂതവും ചെകുത്താനും കൂടി നാടകം നടത്തി ചെകുത്താനെ ജനപ്രിയനകി ബഹുപൂരിപക്ഷവും ജനങ്ങളെയും കഴുതകലക്കുന്നു…ലേഖകനോട് ഒരു കാര്യം. കടിച്ചാല്‍ പൊട്ടാത്ത ബുദ്ധിജീവി ഭാഷ ഉപയോഗിച്ച് എന്തെന്കിലുമോകെ എഴുതുന്നത്‌ ആര്ക് വേണ്ടി? ആത്മാര്‍ഥമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നിലനില്‍ക്കാന്‍ വേണ്ടിയാണോ..അതോ വല്ലവര്കും വേണ്ടി കൂലികെഴുതുന്നതോ? താങ്കള്‍ ഇത്രയതികം വിശതീകരിച്ചു എഴുതിയപ്പോള്‍ പാര്‍ട്ടി പിടിച്ചടക്കുന്ന കുറെ നേതാകളെ, അവരുടെ ഏറന്‍ മൂലികളായി നില്‍കുന്ന കുറെ പര്‍ലിയമെന്ററി മോഹികളെ ഒഴിവാകാന്‍ കാരണം? താങ്കള്‍ കുറെ നേതാകളെ ഉദ്ധരിച്ചു എഴുതിയുടുണ്ടല്ലോ..അവരൊന്നും ഗ്രൂപിസത്തെയും അതുമൂലം പാര്‍ട്ടി പിടിച്ചടക്കുന്നതിനെയും കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ? അതോ ജനപ്രിയനായ വി എസിനെതിരെ എഴുതിയാല്‍ കിട്ടുന്ന വിലകുറഞ്ഞ താല്കാലിക ജന ശ്രധക്കോ?

 9. V S purath poyal gauriyammaykkum , M V R ineyum pole chutti thiriyum.. oru gathi ellathe..
  pinne.. Georginte vakku kettu thullumennu njan pratheekshikkunnilla..

  VS , pinarayiyum okke partiyude sagakkal thanne.. but Partiyanu valuth allathe oru sagavalla…

 10. ഓഫ്:

  >>ബാബരി മസ്ജിദ് പൊളിച്ചു പരിഹാരം കാണാം എന്ന് ഇ എം എസിന്റെ അഭിപ്രായം

  എന്ന് ഇ.എം.എസ്. പറഞ്ഞിട്ടില്ല.

 11. അഭിനന്ദനങ്ങള്‍ക്ക് നന്ദി. ഇനി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയടട്ടെ:

  @കവിത: Can the Communist party belong only to those who believe that collective power and money can justify anything, even killing, if they can back it up with some quotes? Isn’t this intellectual dishonesty? നിങ്ങള്‍ ചോദിക്കുന്നു. പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തെ ഉദ്ധരണികളാല്‍ ന്യീകരിക്കുകയായിരുന്നില്ല ഞാന്‍ എന്ന് വിനീതമായി ഓര്‍മപ്പെടുത്തട്ടെ. ഒരു പച്ച മനുഷ്യനെ നാട് റോഡിലിട്ടു വെട്ടിക്കൊന്നവര്‍ മറന്നു പോയവര്‍ ന്യൂട്ടനിന്റെ മൂന്നാം ചലനനിയമമാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന്. കൊല ആര് ചെയ്തതായാലും അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ വേണം. പിണറായി വിജയന്‍റെ കൈകളില്‍ ചോരക്കറ പുരണ്ടിട്ടുണ്ടെകില്‍ അദ്ദേഹമത് കഴുകി കളഞ്ഞേ മതിയാവൂ. എന്നാല്‍ ഇതിന്റെ പേരില്‍ വി എസ്സിനെ എങ്ങനെ ന്യായീകരിക്കനാവും?? സി പി എം പ്രതിക്കൂട്ടിലാവുന്ന ആദ്യത്തെ രാഷ്ട്രീയ കൊല അല്ല ടി പി യുടേത്‌. ഇതിനു മുമ്പൊരിക്കലും രാഷ്ട്രീയ കൊലകളെ അപലപിക്കുകയോ തള്ളിക്കളയുകയോ ചെയ്ത ചരിത്രം വി എസ്സിനില എന്നോര്‍ക്കുക്ക. ടി പി യുടെ വധം തന്റെ സങ്കുചിതമായ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് മൂപ്പരുടെ ശ്രമം. പാര്‍ട്ടി പ്രതിയാണെങ്കില്‍ അതിന്റെ പാപക്കറയില്‍ വി എസിനും പങ്കുണ്ട്.

  @ഉദയ്‌ : സുഹൃത്തേ, സി പി എം പോലെ, കേരള ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ സമകാലിക ചരിത്രത്തില്‍ ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ഭര്‍ത്സനങ്ങള്‍ക്കും ശരവ്യമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല. ചക്ക ചീയുമ്പോള്‍ നോക്കി നിന്ന് കയ്യടിക്കുകയെന്നാല്‍ സമരപ്രക്ഷോഭങ്ങളിലൂടെ നാമാര്‍ജ്ജിച്ച നന്മകളെക്കൂടി കൈയ്യൊഴിയുകയെന്നാണ് ; സമരോത്സുകമായ നമ്മുടെ ഭൂതകാലത്തെക്കൂടി ഒറ്റിക്കൊടുക്കുകയെന്നാണ്.

  @ രാജീവ്‌ : പാര്‍ടിയെ ന്യയീകരിക്കുക്കുക എന്റെ ബാധ്യതയല്ല. ഞാന്‍ ഒരു പാര്‍ട്ടി അംഗമോ അനുഭാവിയോ പോലുമല്ല. ആര്‍ക്കു വേണ്ടിയും കൂലിയെഴുതാറില്ല. (കൂലിയെഴുതുക അത്ര മോശപ്പെട്ട തൊഴിലാണോ?? അങ്ങനെയെങ്കില്‍ നമ്മുടെ പത്രപ്രവര്‍ത്തകരോക്കെയും കൂലിലിയെഴുതുകാരല്ലേ? സ്വന്തമായി എഴുതാന്‍ അറിയാത്തവര്‍ ghost writers കളുടെ സഹായം തേടുന്നത് തെറ്റല്ല.) ഓരോരുത്തരും അവരവരുടെ ആത്മാവിഷ്കാരത്തിനു ഓരോ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നു. ചിലര്‍ കൊപ്രാ വില്‍ക്കുന്നു. ചിലര്‍ കവിത എഴുതുന്നു. എനിക്ക് അറിയാവുന്ന പണി ഇതാണ്.
  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരെ വിപ്ലവകാരികളും മറ്റു ചിലരെ പാര്‍ട്ടി പിടിച്ചടക്കിയ വില്ലന്മാരുമായി വെട്ടിപ്പിളര്‍തുന്ന മാധ്യമ ഗൂഡാലോചന ആത്മാര്‍ഥമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നിലനില്‍ക്കാന്‍ വേണ്ടിയാണെന്നു അങ്ങ് കരുതുന്നുണ്ടോ?? വി എസ്സിനെതിരെ എഴുതിയാല്‍ കിട്ടുന്ന ജന ശ്രധയെക്കുറിച് അങ്ങ് ചോദിച്ചുവല്ലോ.. എന്റെയും ചോദ്യം അത് തന്നെ. ഇത്രയേറെ മാധ്യമ പരിലാളന കിട്ടിയ മറ്റൊരു കമ്മ്യൂണിസ്റ്റ് കാരനെ ചൂണ്ടി കാണിക്കാമോ? മാധ്യമങ്ങള്‍ തന്നെ പുകഴ്തുമ്പോള്‍ താന്‍ കൂടുതല്‍ ജാഗരൂകനാവുമെന്നാണ് ഇ എം എസ് ഒരിക്കല്‍ പറഞ്ഞത്. ഇ എം എസ് തന്റെ ജീവിതത്തിലുടനീളം പാര്‍ട്ടിയോട്‌ പുലര്‍ത്തിയ സമീപനം ഞാന്‍ വ്യക്തമാക്കിയതാണ്. ഇത്തരമൊരിഴയടുപ്പം വി എസ്സിനുണ്ടായിട്ടുണ്ടോ? വി എസ്സിന്റെ ജനപ്രീതിയുടെ അടിത്തറ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടെലിവിഷന്‍ അദ്ദേഹത്തിനോരുക്കി കൊടുത്ത, ഏറെ പഴക്കമില്ലാത്ത പരാജിതനായ ഒരു വീരനായകന്റെ പരിവേഷമാണ്. അല്ലെന്നു പറയാനാവുമോ? ഓരോ തവണയും വി എസ് പാര്‍ട്ടി വരയ്ക്കുന്ന അതിര്‍വരമ്പുകള്‍ ലംഖിക്കുന്തോരും അദ്ദേഹത്തിന്റെ ജനപ്രീതിയും കൂടും. നമ്മുടേത് പോലൊരു ഇടയാധികാര സമൂഹത്തില്‍ ജനങ്ങള്‍ ഒരു അമാനുഷനെ ആഗ്രഹിക്കുന്നുണ്ട്. ഈ ഇടമാണ് വി എസ് കൈയ്യാളുന്നത്. വി എസിന്റെ നിലപാടുകള്‍ ശരിയോ തെറ്റോ എന്നത് എന്റെ ബാധ്യതയല്ല. പാര്‍ട്ടി ആരെയും അംഗമായി നില്‍ക്കാന്‍ നിര്‍ബന്ധിക്കുനില്ല. തന്റെ സാമൂഹ്യജീവിതത്തിന്റെ ആവിഷ്കാരമായി പാര്‍ടിയെ തിരിച്ചറിയന്നവര്‍ മാത്രം ഇതില്‍ നിന്നാല്‍ മതി. പാര്‍ട്ടിയല്ല താനാണ് ശരി എന്ന അദ്ദേഹത്തിന് തോന്നിയാല്‍ കടിച്ചു തൂങ്ങുന്നതിനു പകരം ഇറങ്ങി പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുകയല്ലേ വേണ്ടത്? ’64 ല്‍ നടന്നത് നിരന്തരം ഓര്‍മപ്പെടുത്തുന്ന വി എസ്സിന് എങ്കില്‍ പിന്നെ അന്നത്തെ പോലെ പാര്‍ടിക്ക് പുറത്തു പോയ്ക്കൂടെ?

  @അന്‍വര്‍ ഹുസ്സൈന്‍: ഇ എം എസ് അങ്ങനെ പറഞ്ഞിട്ടുണ്ട്. ടി ടി ശ്രീകുമാര്‍, മാധ്യമതിലാനെന്നു തോന്നുന്നു, അതെക്കുറിച് പാര്‍ട്ടിക്കെതിരെ ഒരു ലേഖനവുമെഴുതിയിരുന്നു അടുത്ത കാലത്ത്.

 12. താങ്കളുടെ ലേഖനത്തിന് നല്ല ഒഴുക്കുണ്ട്; കാമ്പും. വി.എസിന്റെ തന്ത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി തന്നതിനു സന്തോഷം. പിടിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല സഖാവെ കോടതി വിധിക്ക് മുമ്പ് തന്നെ പ്രതികള്‍ എന്ന പേര് ചാര്‍ത്തപ്പെട്ട് വീടിനും നാടിനും കൊള്ളാത്തവരായത്. വെറും കുറ്റാരോപിതര്‍ മാത്രമായ എത്രയോ നിരപരധികളെ നാം ‘തീവ്രവാദി’ എന്ന പേരിട്ടു വെണ്ടക്കയ്ക്കാ വലുപ്പത്തില്‍ ലീഡാക്കി കൊടുത്തിട്ടുണ്ട്. ആ പിശാചുവേട്ടകളിലൊക്കെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും ഒക്കെ ഉള്‍പ്പെട്ടിരുന്നു

 13. അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ സംഘവിരുദ്ധതയെ തനിക്കനുകൂലമായി ധ്രുവീകരിക്കുകയാണ് വി എസ് ചെയ്തു പോന്നത്. കേരളത്തിലെ വലതുപക്ഷ മധ്യവര്‍ഗ രാഷ്ട്രീയഭാവനയ്ക്കനുസൃതമായ ഒരു പിതൃ ബിംബത്തിന്റെ സാന്നിധ്യമാണ് വി എസ് അടയാളപ്പെടുത്തുന്നത്.

  therva eduthepaksham ennoke annelllo alukal parayunathe,,, evideyo entho mistake ..

 14. കടിച്ചാല്‍ പൊട്ടാത്ത ബുദ്ധിജീവി ഭാഷ ഉപയോഗിച്ച് എന്തെന്കിലുമോകെ എഴുതുന്നത്‌ ആര്ക് വേണ്ടി? ആത്മാര്‍ഥമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നിലനില്‍ക്കാന്‍ വേണ്ടിയാണോ..അതോ വല്ലവര്കും വേണ്ടി കൂലികെഴുതുന്നതോ? താങ്കള്‍ ഇത്രയതികം വിശതീകരിച്ചു എഴുതിയപ്പോള്‍ പാര്‍ട്ടി പിടിച്ചടക്കുന്ന കുറെ നേതാകളെ, അവരുടെ ഏറന്‍ മൂലികളായി നില്‍കുന്ന കുറെ പര്‍ലിയമെന്ററി മോഹികളെ ഒഴിവാകാന്‍ കാരണം? താങ്കള്‍ കുറെ നേതാകളെ ഉദ്ധരിച്ചു എഴുതിയുടുണ്ടല്ലോ..അവരൊന്നും ഗ്രൂപിസത്തെയും അതുമൂലം പാര്‍ട്ടി പിടിച്ചടക്കുന്നതിനെയും കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ? അതോ ജനപ്രിയനായ വി എസിനെതിരെ എഴുതിയാല്‍ കിട്ടുന്ന വിലകുറഞ്ഞ താല്കാലിക ജന ശ്രധക്കോ?

 15. V S ചായുന്നത് മുഴുവനും ശരി എന്ന് കരുതുന്നവരല്ല VS നെ അനുകൂലിക്കുന്നവര്‍ പക്ഷെ സിപിഎം ഇല്‍ കുറച്ചെങ്കിലും ശരി പറയുന്നത് VS മാത്രമാണ് പിണറായിയുടെ മുഗത്തെ ആ മ്രഗീയമായ ഭാവം തന്നേ അതിനുള്ള ഉത്തരം

 16. 100% സത്യ സന്ധ മണീ ലേഖനം, വ്യക്തി പരമായി നേട്ടം കൊയ്യാന്‍ (ആര് ) മേനക്കെട്ടലും അതിനെ ശക്തമായി എതിര്‍ക്കണം. അതുപോലെ പ്രത്യയ ശാസ്ത്ര വിരുദ്ധമായ TP വധത്തെയും എതിര്‍ക്കാന്‍
  സഖാവിന്റെ കൂടെ ഞങ്ങളുണ്ടാവും എന്നും (രാജീവന്റെ സ്വന്തം സഹോദരന്‍ മതം മാറിയതിന്റെ പേരിലുണ്ടായ വധശ്രമം നമ്മള്‍ ചെരുത്തതല്ലേ). ലാല്‍ സലാം

 17. 100% സത്യ സന്ധ മണീ ലേഖനം, വ്യക്തി പരമായി നേട്ടം കൊയ്യാന്‍ (ആര് ) മേനക്കെട്ടലും അതിനെ ശക്തമായി എതിര്‍ക്കണം. അതുപോലെ പ്രത്യയ ശാസ്ത്ര വിരുദ്ധമായ TP വധത്തെയും എതിര്‍ക്കാന്‍……………………………………….
  സഖാവിന്റെ കൂടെ ഞങ്ങളുണ്ടാവും എന്നും (നന്ദന്റെ സ്വന്തം സഹോദരന്‍ മതം മാറിയതിന്റെ പേരിലുണ്ടായ വധശ്രമം നമ്മള്‍ ചെരുത്തതല്ലേ). ലാല്‍ സലാം

 18. അഭിനന്ദനങ്ങള്‍ നന്ദകുമാര്‍! വളരെ കൃത്യമായ ഋജുവായ വാചകങ്ങള്‍.

 19. നന്ദകുമാറിന്റെ മിക്ക കഴച്ചപടുകലോടും യോജിക്കുമ്പോള്‍ തന്നെ ..ഓര്‍ക്കണം എന്ത് കൊണ്ട് പൊതു ജനം v s ഇനെ എത്രമാത്രം ഇഷ്ട്ടപെടുന്നു എന്ന് …പാര്‍ട്ടി ഒരു ആത്മ പരിശോദന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു …..പാര്‍ട്ടി നയങ്ങളോടുള്ള രോഷമാണ്‌ പര്‍ത്യെ സ്നേഹിക്കുന്ന ജനങ്ങള്‍ v .s നെ സപ്പോര്‍ട്ട് ചെയുന്നതിലൂടെ പ്രകടിപ്പിക്കുന്നത് …അല്ലാതെ പാര്‍ട്ടി ചെയ്യുന്നത് എല്ലാം സാരിയാണ് എന്ന് നിര്ഭാദം പിടിച്ചാല്‍ ?………..തെറ്റ് തിരുത്താന്‍ പാര്‍ട്ടി നേത്രത്വം തയ്യാറായാല്‍ …..v .സ സപ്പോര്‍ട്ട് ചെയുന്നത് പോലെ പിണറായിയെയും സ്നേഹിക്കും

 20. “തന്‍റെ ചിന്തകള്‍ പാര്‍ടിയുടെ ചിന്തകളാണെന്നും പാടിയുടെ സ്വപ്നങ്ങള്‍ക്കപ്പുറം തനിക്ക് സ്വപ്നങ്ങളില്ലെന്നും തോന്നത്തക്കവിധം പാര്‍ടിയുടെ ജീവിതവും തന്റെ വ്യക്തിജീവിതവും തമ്മില്‍ പഴുതുകളില്ലാത്ത വിധം ഒന്നാക്കിമാറ്റാന്‍ ഇ എം എസ്സിന് കഴിഞ്ഞു.” (ബി രാജീവന്‍, ഇ എം എസ്സിന്റെ സ്വപ്നം, ഡി സി ബുക്സ്‌).
  vyakthi illathavukayum party mathram sathyamaaayi avasheshikkukayum cheyyunna ee mahatwa valkkaranathinu malayalathil parayunna peranu adimatham ennu. mahatwavalkkarikkapedenda maha thathwavumonnalla athu.
  ithe prathyashastram chandrashekaran kolapathakathil pravarthichathu kaanam. athuvareyum addhehathinte tholil kaayyittum kalyanakathu koduthu kshanikkan mathram aathma bandham sookshichavarum kollan koottuninnathum kollichathumokke party theerumaanam nadappakkanennu parayunnu. vyakthi illathavukayum party enna paramamaya shakthi poornarthathil shariyaanennum varunnu. appol vyakthi bandangallo, ayyalude nanmayo, samoohika pravarthanamo onnum pariganikkapedathe partiyude oradimayayi ninnu swantham suhruthinte kazhutu vettimaatuunna oru kolayalliyaayi maaran kazhiyunnu. appol enthannu party.athu vyakthikal koottam chernnundavunnathalle. allenkil marx ezhuthiya pushtakathilninnu virinhundaya oru jaiva vasthuvo.
  partiyude, athava partiyile kure aalukal chernnedukkunna theerumaanathe chodyam cheyyanum thiruthaanum athile orangathinu cheyyan kazhiyunnillenkil, swathanthryamillenkil pinne aa vyakthi enthaanu. chandra shekaran vadhathiloode charcha cheyyappedendathu ithaanu. vishakalanavum chinthayum aavashyappedunna karyangallaniva.

 21. Dear editor, you have described one side of the coin very well and it is appreciative, at the same time you forget to describe the other side of the coin which is present CPIM state leadership led by Pinarayi. Your writings won’t be complete if you didn’t do that. You may get more contradictory thoughts if u compare EMS & Pinarayi leadership in the communist party.

 22. Hindukkale adhikshpichu samsarikkukayum kardinalinu swagathm koduttappol orulupumillate adhyakshanum upaharadatavumaya cpim netakaleyum Madaniye polullavare support cheyunnavareyum puratuparanuviduka atu Politburo angangal ayal polum avar namukku venda (itokke cheyyaamenkil RSSum BJPum mayum koottukoodaam)

Leave a Reply

Your email address will not be published. Required fields are marked *