എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു

ജീവിതത്തെയും സഹജീവികളെയും കുറിച്ച് ഉല്‍ക്കണ്ഠകള്‍ ഇനിയും ബാക്കിയായ അനേകം മനുഷ്യരില്‍ ഉറക്കമറ്റ ദിനങ്ങളുടെ, ഭീതിയുടെ, നിസ്സഹായതയുടെ, പേക്കിനാക്കളുടെ, ഒച്ചയറ്റ നിലവിളികളുടെ, അണപ്പല്ലിറുമ്മലുകളുടെ തുടര്‍നാളുകള്‍ ശേഷിപ്പിച്ചാണ് , അമ്പത് മുറിവുകളുടെ ആഴത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വിട പറഞ്ഞത്. പൊലീസ് അന്വേഷണം, സര്‍ക്കാര്‍ ഇടപെടലുകള്‍, രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള കളിതമാശകള്‍ എന്നിങ്ങനെ പിന്നീടുള്ള ദിവസങ്ങള്‍ കലുഷിതമാവുമ്പോഴും അളന്നുമുറിച്ച നിശ്ശബ്ദതയാല്‍ സാംസ്കാരിക ലോകം മരവിപ്പ് തുടരുമ്പോഴും ഈ മനുഷ്യരുടെ ജീവിതത്തില്‍ ആ മരണം തീര്‍ത്ത കൊടുങ്കാറ്റുകള്‍ ഇപ്പോഴും വീശുകതന്നെയാണ്.

ജീവിക്കുന്ന കാലത്തെ വ്യക്തമായ രാഷ്ട്രീയബോധത്തോടെ സദാ പകര്‍ത്തുന്ന പ്രമുഖ എഴുത്തുകാരന്‍ എന്‍.പ്രഭാകരന്റെ ബ്ലോഗ് ‘ഇറ്റിറ്റിപ്പുള്ള്’ ആ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്. ചന്ദ്രശേഖരന്റെ അരുംകൊലയ്ക്കുശേഷമുള്ള ദിവസങ്ങളില്‍ അദ്ദേഹമെഴുതിയ കുറിപ്പുകളും കവിതകളും ചെറിയ കഥകളുമെല്ലാം പകര്‍ത്തുന്നത് കൊടുങ്കാറ്റില്‍പ്പെട്ട ആ ദിനങ്ങളാണ്. നമുക്കുചുറ്റുമുള്ള മറ്റനേകം മനുഷ്യരുടെ മനസ്സു തന്നെയാണ് ആ വരികള്‍. കേരളത്തിന്റെ ഇടതുപക്ഷ ജീവിതങ്ങള്‍ കടന്നുപോവുന്ന സംഘര്‍ഷഭരിതമായ നാളുകളുടെ അസാധാരണമായ രേഖപ്പെടുത്തല്‍ എന്ന നിലക്ക് ആ ബ്ലോഗ് പോസ്റുകള്‍ നാലാമിടം പ്രസിദ്ധീകരിക്കുന്നു

 

 

പ്രതികരണം

നഗരമധ്യത്തിലെ ഫ്ളാറ്റില്‍ ഏകാകിയായി കഴിയുന്ന വൃദ്ധസാഹിത്യകാരന്റെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കെ കൌമാരപ്രായക്കാരനായ അഭിമുഖകാരന്‍ വല്ലാതെ വിയര്‍ത്തിരുന്നു.

‘സാര്‍’ ഭയവും പരിഭ്രമവും വല്ലപാടും കടിച്ചുപിടിച്ച് അവന്‍ ചോദിച്ചു:
“ഈ കൊലപാതകത്തില്‍ താങ്കള്‍ പ്രതികരിക്കാത്തതെന്താണ്?”

“കൊലപാതകമോ?” പാതിയുറക്കത്തില്‍ നിന്നെന്ന പോലെ തലയുയര്‍ത്തി സാഹിത്യകാരന്‍ ചോദിച്ചു: “കൊലപാതകശ്രമമല്ലേ ഉണ്ടായത്?”

“അല്ല,സാര്‍”അഭിമുഖകാരന്റെ ശബ്ദം അവനറിയാതെ കുറച്ചൊന്നുയര്‍ന്നു പോയി: “അമ്പത്തൊന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കശാപ്പ് ചെയ്യുകയായിരുന്നു.അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല”

“ആണോ?” സാഹിത്യകാരന്റെ ശബ്ദം തികച്ചും നിര്‍വികാരമായിരുന്നു.അയാള്‍ പറഞ്ഞു:”കുഞ്ഞുണ്ണി മാഷ് കവിയല്ല”

“അല്ല സാര്‍,ഞാന്‍ അതല്ല…” അഭിമുഖകാരന്‍ പിന്നെയും തുടങ്ങുമ്പോഴേക്കും സാഹിത്യകാരന്‍ ഒരു പ്രസംഗകന്റെ ഭാവഹാവാദികളോടെ പറഞ്ഞു:

“മഴക്കാലത്ത് മഴ പെയ്യും. രാത്രിനേരത്ത് ടോര്‍ച്ചില്ലാതെ നടക്കരുത്. ജ്ഞാനപീഠ പുരസ്കാരത്തിന്റെ തുക വളരെ കുറവാണ്.ശാര്‍ങധരന്‍ നായര്‍ ശരിയായ നായരല്ല.അവന്റെ കഥകളെല്ലാം പൊട്ടയാണ്.എന്റെ കഥകള്‍ സിനിമയാക്കാന്‍ ഇറ്റലിയില്‍ നിന്ന് ആളുകള്‍ വന്നിരുന്നു.ഇത്രയും ഞാന്‍ പ്രതികരിച്ചു.ഇനി തനിക്ക് പോവാം.”

2012 മെയ് 22\ പുലര്‍ച്ചെ 12:43

 

എന്‍. പ്രഭാകരന്‍

 

കവിതാഡയറി

45
അടുത്ത തിരിവില്‍ ഒരു കൊല നടന്നെന്നറിഞ്ഞ ഉടന്‍
ഞങ്ങള്‍ തിരിഞ്ഞു നടന്നു
നടന്നു നടന്ന്
പഴയൊരു കൊലക്കളത്തിലെത്തി
അവിടെ ആത്മാക്കളും അദൃശ്യരായ
പ്രേതങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ

അവരോട് ഞങ്ങള്‍ തര്‍ക്കിച്ചു,കളി തമാശകള്‍ പറഞ്ഞു

അവരുടെ തെറ്റുകുറ്റങ്ങള്‍ വിസ്തരിച്ചു
അവര്‍ക്കെന്തു തോന്നി എന്നറിയില്ല
ഞങ്ങള്‍ക്കെന്തായാലും മന:സമാധാനമായി
ജീവനുള്ള കൊലയാളിയും കൂട്ടരും
കാവല്‍നില്‍ക്കുന്ന കൊലനിലങ്ങളെയല്ലേ
ഏതൊരാള്‍ക്കും ഭയപ്പെടേണ്ടതുള്ളൂ.

2012 മെയ് 20\ വൈകിട്ട് 4:28

 

Painting: Sandro Sabatini

 

44

പ്രതികരണം-ചില മാതൃകകള്‍

1
വൈകിപ്പോയി,വൈകിപ്പോയി
ഈ കൊലപാതകത്തില്‍
ദു:ഖിക്കാനും പ്രതിഷേധിക്കാനും
വൈകിപ്പോയി
എന്തായാലും ഇത് കൊടുംക്രൂരതയാണ്
രാഷ്ട്രീയം ഞാന്‍ പറയുന്നില്ല
കൊടുംക്രൂരത,കൊടുംക്രൂരത…

2
ചിന്തിച്ച് വേണം പ്രതികരിക്കാന്‍
അതാണ് ഞാന്‍ കുറച്ചൊന്നു വൈകിപ്പോയത്
ആലോചിച്ചാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍
മാത്രമല്ലല്ലോ ക്രിമിനലുകള്‍
ആലോചിക്കൂ,ആലോചിക്കൂ
അധികം ആലോചിച്ചാല്‍
പ്രതികരിക്കാതെ രക്ഷപ്പെടാം.

3
ഇന്നലെ വരെ താങ്കള്‍
ഒന്നിനുമെതിരെയും പ്രതികരിച്ചില്ല
ഞാനും പ്രതികരിച്ചില്ല
ഇന്നീ കൊലപാതകത്തിന്നെതിരെ
താങ്കള്‍ പ്രതികരിക്കുന്നു
താങ്കള്‍ക്കതിനവകാശമില്ല
അതറിയിക്കാന്‍ ,അതില്‍ പ്രതിഷേധിക്കാന്‍
ഇന്നും ഞാന്‍ പ്രതികരിക്കുന്നില്ല.

2012 മെയ് 19\ പുലര്‍ച്ചെ 12:39

 

 

കവിതാഡയറി

43

1
രക്തസാക്ഷി പറഞ്ഞു:പോകൂ,ജീവിതത്തിലേക്ക് പോകൂ
എന്റെ രക്തത്തില്‍ കണ്ണീര് വീഴ്ത്തരുത്
അത് ഭാവിയുടെ ഞരമ്പുകളിലേക്ക് പ്രയാണമാരംഭിച്ചു കഴിഞ്ഞു
അതിനോടൊപ്പം സഞ്ചരിക്കാനാവുമെങ്കില്‍ ഉടന്‍ പുറപ്പെടുക
ഇല്ലെങ്കില്‍ എത്രയും വേഗം അകലേക്കകലേക്ക് പോവുക.

2
മാര്‍ക്സിസ്റ്റിന്റെ അഹന്ത,മാര്‍ക്സിസ്റ് വിരുദ്ധന്റെ അഹന്ത
ഹ്യൂമനിസ്റിന്റെ അഹന്ത,ഫാസിസ്റിന്റെ അഹന്ത
അഹന്തക്ക് വകഭേദങ്ങളില്ല
ആരിലും എവിടെയും അതിന്റെ ആവിഷ്ക്കാരം ഒന്നു തന്നെ.

3
ഇത്തിരി ദൂരമേ ഞാന്‍ പറക്കൂ
ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന ഒച്ചപോലെ
ഭൂമിയിലെ ചെറുകല്ലുകള്‍ക്കറിയാം എന്റെ വേദന
അതുകൊണ്ടവ എന്റെ മുട്ടകള്‍ക്ക് മറയാവുന്നു
ആകാശത്തിനറിയാം എന്റെ ആശങ്കകള്‍
അതുകൊണ്ടത് അടര്‍ന്നു വീഴാതെ സ്വയം കാക്കുന്നു.

2012 മെയ് 15\ പുലര്‍ച്ചെ 2:57

 

Painting: TEDDY DARMAWAN

 

42

കവിതാഡയറി

ശ്മശാനത്തില്‍ കത്തുന്ന ചിതക്കരികിലിരുന്ന്
ബന്ധുക്കള്‍ കരഞ്ഞുവിളിക്കെ
ആ വഴി വന്ന മൂന്നുപേരില്‍
ഒന്നാമന്‍ പറഞ്ഞു:
ചിതയായാല്‍ ഇങ്ങനെ കത്തണം
അതാണതിന്റെ ഭംഗി.

രണ്ടാമന്‍ പറഞ്ഞു:
പണ്ട് ഹനുമാന്‍ ലങ്ക കത്തിച്ചിരുന്നു
അന്നാ നഗരം എങ്ങനെ ആളിക്കത്തിയിരിക്കും!

മൂന്നാമന്‍ പറഞ്ഞു:
എന്റെ വയറ് കിടന്ന് കത്തുകയാണ്
നമുക്ക് പോയി ബീഫും പൊറോട്ടയും അടിക്കാം.

അവര്‍ തിരിച്ചു നടക്കാന്‍ തുടങ്ങി
അവരെ പിന്തുടര്‍ന്ന രണ്ട് കുട്ടികളിലൊരാള്‍
അപരനോട് പറഞ്ഞു:
വാ,നോക്കാം ഇവര്‍ ഏത് പാര്‍ട്ടി ആപ്പീസിലാണ് ചെന്നുകയറുന്നതെന്ന്.

2012 മെയ് 11\ പുലര്‍ച്ചെ 12:47

 

 

കവിതാഡയറി

41

ഓഷ് വിറ്റ്സ് തടങ്കല്‍ പാളയങ്ങളെ കുറിച്ച് വാചാലനായ സഖാവ്
വികാരാധീനനായി കണ്ണീരണിഞ്ഞ് പറഞ്ഞു:

ഹോ,എന്ത് പൈശാചികമായിരുന്നു അവിടത്തെ കൊലപാതകങ്ങള്‍
വാസ്തവത്തില്‍ ഈ ഒഞ്ചിയം സംഭവമൊക്കെ എന്താണ്?
വെറുതെ ഊതിവീര്‍പ്പിച്ചുവിടുന്ന നിസ്സാരംസംഗതിയല്ലേ?

40
ക്വട്ടേഷന്‍ സംഘം ഒരു മനുഷ്യനെ
വെട്ടിക്കൊല്ലുന്നത് നേരില്‍ കണ്ട് തിരിയെ എത്തിയ
യുവകവി ഫെയ്സ്ബുക്കില്‍ എഴുതി:

“ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു
എലി എലിയാണോ?
അതിന്റെ പ്രതിബിംബമാണോ?
ചെളിവെള്ളമാണോ?
ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു.”

ഇരുന്നൂറ്റി മുപ്പത്തിമൂന്നുപേര്‍ അതിന് ലൈക്കടിച്ചു
നൂറ് പേര്‍ കമന്റി

നൂറ്റൊന്നാമന്‍ ഇങ്ങനെ കമന്റി:
ഇതാണ് കവിത
കവിതയില്‍ കവിതയല്ലാതെ മറ്റൊന്നുമുണ്ടാകരുത്.

2012 മെയ് 10\ പുലര്‍ച്ചെ 1:05

 

painting: Robert Lee

 

കവിതാഡയറി

39

1
ഞാന്‍ തിരിയെ വരുന്നു
ജീവിതത്തിലേക്ക്
ഇല്ല,ഇതിനെ ഞാന്‍ മരണത്തിന്റെ
മറുപേരെന്നു വിളിക്കുന്നില്ല
എങ്കിലും…

2
”ആര്‍ക്കാണിതിന്റെ ലാഭം?
ഹു ഈസ് ദി ബെനിഫിഷ്യറി?”
ആരാണിങ്ങനെ ഒച്ചവെക്കുന്നത്?
എന്താണിവിടെ കച്ചവടത്തിനു വെച്ചിരിക്കുന്നത്?
എന്റെ സ്വബോധത്തെ ആരാണ് വെട്ടിക്കൊല്ലുന്നത്?

2012 മെയ് 9\ പുലര്‍ച്ചെ 12:54

 

Painting: Jonathan Talbot

 

കവിതാഡയറി
38

പേടിയൊരു പാപമല്ല സുഹൃത്തേ
ജീവിക്കാനുള്ള ആഗ്രഹം ആര്‍ക്കാണില്ലാത്തത്?
അസത്യത്തിന്റെ അംഗരക്ഷകനാവുന്ന ഭയം പക്ഷേ
കൊടിയ പാപമാണ്,ഹിംസയാണ്.

37

ടൌണില്‍ ഇന്നു കണ്ട സുഹൃത്ത് പറഞ്ഞു:
ഒറ്റ ദിവസം കൊണ്ടാണ് ഞാന്‍ പാപ്പറായത്
എന്റെ സംസ്കാരം,രാഷ്ട്രീയ ബോധം,വിശ്വാസം
എല്ലാം പോയി
കീറിപ്പറഞ്ഞ ഒരു തുണ്ട് തുണികൊണ്ട് നാണം മറച്ച്
ശീതക്കാറ്റില്‍ വിറച്ചുതുള്ളുകയാണ് ഞാന്‍.

36
ഭയം സഹായിയെ തിരയുമ്പോള്‍
പച്ചക്കള്ളം പാഞ്ഞുപാഞ്ഞെത്തും
പിന്നെ ഇരുവരുടെയും കൈകള്‍
സത്യത്തിന്റെ കഴുത്തിലേക്ക്
ഒന്നിച്ചു നീണ്ടു ചെല്ലും.

2012 മെയ് 8\ 11:58 PM

 

painting: Maya Kulenovich

 

36

1
ഈട, ഈ നാട്ടില്
മാവ്മ്മല് തേങ്ങയാ ഇണ്ടാവ്വ്വാ?
അതെ,ഈടയങ്ങനെയാ
അതെന്താപ്പാ അങ്ങനെ?
അത്,ഞാങ്ങള നേതാവ് തീരുമാനിച്ചിറ്റാ.

2
ഞാങ്ങള് പൊട്ടമ്മാറാ,സ്വതവേ പൊട്ടമ്മാറാ
എന്ത് നിങ്ങ പറഞ്ഞാലും ഞാങ്ങക്ക് തിരിയൂല്ല
അതെന്താപ്പാ അങ്ങനെ?
അത് ഞാങ്ങ തീരുമാനിച്ചിറ്റാ
എന്താപ്പാ അങ്ങനെയൊരു തീരുമാനം?
ഞാങ്ങക്ക് ജീവിക്കണ്ടേ,ബേറെയെന്താ നിമൃത്തി?

2012 മെയ് 8\ പുലര്‍ച്ചെ 12:13

35

കുത്തുവാക്ക് ഷെയര്‍ ചെയ്യാം
തമാശ ഷെയര്‍ ചെയ്യാം
തെയ്യത്തിന്റെ ചിത്രം ഷെയര്‍ ചെയ്യാം
സത്യവും ധൈര്യവും ഷെയര്‍ ചെയ്യാന്‍
മറ്റാരെയെങ്കിലും നോക്കെന്റെ ചങ്ങാതീ.

2012 മെയ് 6\ പുലര്‍ച്ചെ 10:01

34

ജനകീയ ജനാധിപത്യം,തൊഴിലാളിവര്‍ഗ സര്‍വാധിപത്യം
കൊഴിഞ്ഞു പോവുന്ന ഭരണകൂടം
മാനിഫെസ്റ്റോ,മൂലധനം,പ്രിസണ്‍ നോട്ബുക്സ്
അന്റോണിയോ നെഗ്രി,സ്ളാവോജ് സിസെക്,ഡെല്യൂസ് ആന്റ് ഗറ്റാരി

നാളെപ്പിറ്റേന്ന് സകലതും ചര്‍ച്ച ചെയ്യാം സഖാവേ
തല്‍ക്കാലം,അമ്പത് വെട്ടേറ്റ് ജീവന്‍ പൊലിഞ്ഞ ഒരു ശരീരം
മനസ്സില്‍ നിന്നിറക്കി വെക്കാന്‍ ഞാനൊരു വഴി കണ്ടെത്തട്ടെ.

2012 മെയ് 6\ പുലര്‍ച്ചെ 1:18

 

painting: Salvador Dali

 

33

1
സഖാവേ,നിന്റെ ഓരോ തുള്ളി രക്തത്തില്‍ നിന്നും
ഒരായിരം പേര്‍ ഒരറിവിലേക്കുണരും

കള്ളവും ചതിയും
കച്ചവടവുമില്ലാത്ത രാഷ്ട്രീയം

തെരുവില്‍ വെട്ടിയും കുത്തിയും
കൊല്ലപ്പെടുമെന്ന അറിവിലേക്ക്.

2
ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു.

3
എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു
അക്ഷരങ്ങളെല്ലാം അദൃശ്യമായിരിക്കുന്നു.

2012 മെയ് 6\ പുലര്‍ച്ചെ 2:12

 

http://ittittippullu.blogspot.in/

8 thoughts on “എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു

 1. നന്നായി;ഇത്രയെംകിലും ഒരെഴുത്തുകാരന്‍ ചെയ്യേണ്ടതുണ്ട്

 2. ”ആര്‍ക്കാണിതിന്റെ ലാഭം?
  ഹു ഈസ് ദി ബെനിഫിഷ്യറി?”
  ആരാണിങ്ങനെ ഒച്ചവെക്കുന്നത്?
  എന്താണിവിടെ കച്ചവടത്തിനു വെച്ചിരിക്കുന്നത്?
  എന്റെ സ്വബോധത്തെ ആരാണ് വെട്ടിക്കൊല്ലുന്നത്?

  ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
  കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു.

 3. ആമുഖത്തിൽ തിരുത്തു വേണ്ടിവരും….

  കൊടുങ്കാറ്റില്പെട്ട ആ ദിവസങ്ങൾ മാത്രമല്ല. അതിനു ശേഷം ഓരോ നിമിഷവും….
  ഇടതുപക്ഷ ജീവിതങ്ങൾ മാത്രമല്ല. .. ഓരോ സാധരണക്കരന്റേയും തലച്ചോറിനെ പൊരിക്കുന്ന ചിന്തകളാണ്.

  എഴുത്തുകാരേ നിങ്ങൾ ഭാഗ്യവാന്മാരാണ്. വാക്കുകൾ ക്രമമായി അടുക്കി മൂർച്ചപ്പെടുത്തി നിങ്ങൾക്ക് ചിന്തകൾ പ്രകടിപ്പിക്കം.

  ഞങ്ങൾ എന്തു ചെയ്യും. ?

 4. ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
  കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു

 5. നന്നായി എന്ന് പറയാന്‍ എനിക്ക് തല്പര്യ്യം എല്ലാ. എങ്കിലും നമുക്ക് പറയാനുള്ളത് നാം തന്നെ ഒരു ഭയവും കൂടാതെ പറയണം… കൊല്ലുന്നെങ്കില്‍ കൊല്ലെട്ടെ… പണ്ടെത്തെ പോലെ തൊഴിലാളികള്‍ അവരുടെ വര്‍ഗമുന്നെട്ടതിനു വേണ്ടി ഒന്നും അഞ്ചും പാത്തും കൊടുത്തു …. ഇന്നവര്‍ ഇന്ത്യ എന്നാ രാജ്യെതെ പനെക്കരെന്‍ മാറാന്…… ഒട്ടിയ വയറിനു വേണ്ടി പനിയെടുക്കുന്നവേരെ അവര്‍ ആ പന്നം കൊടുത്തു കൊല്ലും…അതെ അവര്‍ കൊന്നു തിന്നു കൊതി തീര്‍ക്കെട്ടെ …… വരും അവേരുടെ ഊഒഴം അതിനാനി നമുക്ക് കതൂര്കാം

  • Shari thonnunathu thettella….
   thettu thonnunavan..shari parayilla…

   facebook like adikan alilla..

   aregilum share cheyumayirikkkam

 6. Hopkins എന്ന കവി എന്ന കവിതയില്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട് .
  ദൈവമേ നീ നീതിമാനാണ് ,
  പക്ഷെ ..
  എന്തുകൊണ്ടാണ് ഈ ലോകത്ത് പാപികള്‍ മാത്രം അഭിവൃദ്ധിപ്പെടുന്നത് ?
  (thou art indeed just Lord;
  but why do sinners prospers in this world?’)

 7. ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
  കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു.

  thanthayillaymayude rashtreeyathil
  dheerante ruhiyeriyaa bhakshanamaanu maranam…

Leave a Reply

Your email address will not be published. Required fields are marked *