വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

എന്തൊക്കെയാവാം സംഭവിക്കുക ?
ഒന്ന് : പലരും പറഞ്ഞപോലെ നെയ്യാറ്റിന്‍കര പാലം, സെല്‍വരാജന്‍ ത്രിവര്‍ണ്ണ മാലയുമണിഞ്ഞ് കടന്നു കഴിയുമ്പോള്‍ ,യു .ഡി എഫിന് ന്യായമായും അവര്‍ അര്‍ഹിക്കുന്ന ഒരു ആലസ്യം വരും. ഇനി കൂടുതല്‍ ചിക്കിച്ചികഞ്ഞ് അന്വേഷിച്ച് , വല്ല കോണ്‍ഗ്രസുകാരന്റെയും പേര് വരുമോ , എന്തിനാണ് ഈ പൊല്ലാപ്പ് എന്ന് മന്ത്രിച്ചു കൊണ്ട് അവര്‍ ഉറക്കത്തിലേക്ക് വീണതായി അഭിനയിക്കും. പിന്നെ ,വിചാരിച്ച കാര്യങ്ങളൊക്കെ ഗ്രൂപ്പ് ,ജാതി ,മതം പിന്നൊരു ഹൈക്കമാണ്ടും എന്ന നിലയില്‍ പകിട എറിഞ്ഞ് ,വന്നത് പകുത്ത് ,”ദേ ..ഇനി രണ്ടു മാസം കൂടെയേ ഉള്ളൂ ” എന്ന് പി .സി ജോര്‍ജ് ലാസ്റ് വാണിംഗ് തരുമ്പോള്‍ ,അതുവരെ കിട്ടിയതുമായി അടുത്ത എല്‍ .ഡി .എഫ് സര്‍ക്കാരിനെ സ്വീകരിക്കാനുള്ള സ്വാഗതസംഘം രൂപീകരിച്ച് ,അതിന്റെ സെക്രട്ടറിയും ഖജാന്‍ജിയുമാകാന്‍ അടിവെച്ചു പിരിയും .

രണ്ട് : തീപ്പന്തമാകുമെന്ന് പറഞ്ഞത് കേട്ടല്ലോ അല്ലേ ? എം. എസ് ,പി ക്കാരുടെ വേട്ടയും ബാക്കി കഥകളും ഓര്‍മയുണ്ടാകുമല്ലോ അല്ലേ ? അടിയന്തിരാവസ്ഥ ? സാറോ ,സാറിന്റെ സഹപ്രവര്‍ത്തകരോ അവിടെ ചെല്ലും . ഒരു വെടിവെയ്പ് സാധ്യത മാനുഫാക്ചര്‍ ചെയ്യപ്പെട്ട സ്ഥലമാണെന്ന് അറിയാതെ ചെല്ലും . സാറോ, സാറിന്റെ ഏതെങ്കിലും നിര്‍ഭാഗ്യവാനായ സഹപ്രവര്‍ത്തകനോ ആ വാക്ക് പറയും “ഫയര്‍ ” . മൂന്നോ നാലോ സാധു സഖാക്കള്‍ അവിടെ വീഴും . ആ നിമിഷം തീര്‍ന്നു ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം .ആ രക്തസാക്ഷികളുടെ രക്തത്തിന് എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും മരണാനന്തരക്കിടക്കയില്‍ നിന്ന് ചന്ദ്രശേഖരന്‍ -ഉദയ് കിരണ്‍ എഴുതുന്നു

 

 

സര്‍, പോലീസുകാര്‍ക്ക് തുറന്നതോ അടഞ്ഞതോ ആയ കത്തെഴുതി ശീലമില്ല . കത്തെഴുതുകയല്ലാതെ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ ഇതിനു മുതിരുന്നത് . കത്തെഴുത്ത് എന്ന പകര്‍ച്ചവ്യാധി പിടിപെട്ടെന്നു കരുതിയാല്‍ മതി. പോലീസുകാരോട് സംസാരിക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും ഒഴിവാക്കി ,സ്ട്രെയിറ്റ് ഫോര്‍വേഡായി , മാറ്റര്‍ ഓഫ് ഫാക്റ്റ് രീതിയില്‍ വേണമെന്ന് അറിയാം . കത്ത് തുറന്ന നിലയിലായതിനാല്‍ മറ്റുള്ളവരും വായിച്ചേക്കും എന്നതിനാല്‍ ചില പശ്ചാത്തലവിവരണവും ആമുഖവും ഒക്കെ വേണ്ടി വരും. ഒക്കെയും മാറ്റര്‍ ഓഫ് ഫാക്റ്റ് ആയി. എങ്കിലും സാറിനത് സ്കിപ് ചെയ്തു പോകാവുന്നതാണ് .

സര്‍, അധികാരവും അധികാരത്തിന്റെ പോര്‍ക്കളികളും തമ്മില്‍ ഒരു ദീര്‍ഘകാലബന്ധമുണ്ട് . നേരിട്ട് പോരടിക്കാന്‍ തന്നെയാണ് മനുഷ്യന് ഇഷ്ടം .അതവന്റെ ജന്തുവാസനയുമാണ് .അത് ചെയ്തു ചെയ്താണ് ,അവനും അവളും ,കാലത്തിന്റെ ഒരു കരകാണാക്കടല്‍,ഒ രു ഇരുള്‍ വിഹായസ്സ് മുതലായ കാവ്യബിംബങ്ങള്‍ നീന്തിക്കടന്ന് ,ചരിത്രവും ,ചരിത്രം തോണ്ടിയെടുക്കുന്നവരും എത്തിപ്പെടാവുന്ന ഒരു തീരത്തെത്തിയത് . അവിടെ വെച്ചാണ് അവന്‍ പെണ്ണ് കെട്ടിയതും ,പെണ്ണ് പെറ്റ ജന്തു ‘അച്ഛാ’ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ട് തുടങ്ങിയതും. ആ വിളി കേട്ടതോടെ അവന്‍ വീട് കെട്ടുകയും തൂമ്പയെടുത്ത് കിളച്ചു തുടങ്ങുകയും ചെയ്തു . അവള്‍ കറിക്കരിഞ്ഞും തുടങ്ങി . (എംഗല്‍സ് സഖാവ് വിസിറ്റ് ചെയ്തിട്ടുള്ള ഏരിയ ആയതിനാല്‍ കൂടുതല്‍ പറയരുത് )

പക്ഷെ, അന്നും നാടുവാഴി , അംശാധികാരി , കോല്‍ക്കാരന്‍ , ഏരിയാ സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ ഉണ്ടായിരുന്നു . അവര്‍ കളിതമാശകളില്‍ ഇമ്പമുള്ളവരും , കാവ്യരസികരും ,പൊതുജനതാല്പര്യസംരക്ഷകരും ആയിരുന്നു . നാട്ടുകാര്‍ക്ക് രസിപ്പാന്‍ അവര്‍ കോഴിപ്പോര്‍, കാളപ്പോര്‍ മുതലായ ലളിതകലാ അക്കാദമി ഐറ്റങ്ങള്‍ ഇറക്കി. തൊട്ടടുത്ത ഒരു ഘട്ടത്തിലാണ് ഗ്ലേഡിയേറ്റര്‍മാരൊക്കെ കസര്‍ത്ത് കളിച്ചു നാട്ടാരെ രസിപ്പിച്ചിരുന്നത് . കോഴികളും കാളകളും ചരിത്രത്തില്‍ പിന്നോക്കം പോയ ഒരു സന്ദര്‍ഭമായിരുന്നു ഇത് .

പിന്നീടൊരു ഘട്ടത്തില്‍ നെഞ്ചുക്ക് വാളും ,വാളോട് നെഞ്ചും ചേര്‍ന്ന് ,ചോര വാര്‍ന്ന്, കല വളര്‍ത്താന്‍ തക്ക സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരന്മാരുടെ അഭാവം കാര്യമായി അനുഭവപ്പെട്ടു തുടങ്ങി . അപ്പോഴാണ് അതുവരെ കാര്യമായി ശ്രദ്ധിക്കാതെ വിട്ട പട്ടാളക്കാര്‍ കണ്ണില്‍ പെടുന്നത് . ഏതു കലയും വഴങ്ങുന്നവരാണ് പട്ടാളക്കാര്‍ എന്ന അറിവ് ഐസക്ക് ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളിനേക്കാള്‍ മധുരതരമായിരുന്നു, പില്‍ക്കാല അധികാരികള്‍ക്ക് . പിന്നീട് നാം ആസ്വദിച്ച അധികാരത്തിന്റെ എല്ലാ ”രാമരാവണയുദ്ധം കഥ ‘ യിലും വേഷക്കാര്‍ പട്ടാളക്കാരും പോലീസുകാരുമായിരുന്നു .

ജന്മനാ കലാകാരന്മാരായ പട്ടാളക്കാര്‍ മടുത്തത് കൊണ്ടല്ല , അവരുടെ കലാപരിപാടികളുടെ വിശ്വാസ്യത, തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് കാര്യമായി ഇടിഞ്ഞു പോയി പിന്നീടൊരു ഘട്ടത്തില്‍ . ശാസ്ത്രം എന്നും ജ്ഞാനം എന്നും ഒക്കെ പറഞ്ഞ് ഒരു കൂട്ടം വന്ന് സംഭവങ്ങളുടെ പരിണാമാഗുപ്തിയില്‍ കാര്യമായ ശല്യപ്പെടുത്തലുകള്‍ നടത്തി . ഇക്കാലത്ത് ജനാധിപത്യം എന്ന ഒരു സന്തതിയും പിറന്നു , വേണ്ട മുന്‍കരുതലുകള്‍ എടുക്കാഞ്ഞതിനാല്‍ . പിന്നെ അതിനെ പോറ്റലായി .

ജനാധിപത്യം ‘നവയൌവനവും വന്ന് നാള്‍തോറും വളര്‍ന്നു’ കൊണ്ടിരുന്ന കാലമെല്ലാം ജനം അതു നോക്കിക്കൊണ്ടു നിന്നെങ്കിലും ,കുറച്ചു കഴിഞ്ഞപ്പോള്‍ ബോറടിച്ചു. കോഴിപ്പോരും ഗ്ലേഡിയേറ്റര്‍മാരുടെ അരീനയും മറ്റും നിയമവിരുദ്ധമായിത്തീര്‍ന്നതിനാല്‍ എന്റര്‍ട്ടെയിന്‍മെന്റിന്റെ ഉത്തരവാദിത്തവും ഭരണാധികാരികള്‍ക്ക് നേരിട്ട് ഏറ്റെടുക്കേണ്ടി വന്നു . അങ്ങനെയാണ് ഭരണപക്ഷം ,പ്രതിപക്ഷം എന്നിങ്ങനെ രണ്ടു ടീമുകള്‍ നിലവില്‍ വന്നതും പ്രദര്‍ശന മല്‍സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയതും . പിന്നീട് ,ഒരു ജനാധിപത്യ രാജ്യത്തിലും ആര്‍ക്കും ബോറടിച്ചിട്ടില്ല .

സര്‍ , WWF കാണുന്ന ഏതു കൊച്ചു കുട്ടിക്കും അറിയാം , ആ കോപാക്രാന്തനയനങ്ങളും , ആ അട്ടഹാസങ്ങളും ,ആ മലത്തിയടിക്കലും ഒക്കെ ഒരു ഫിക്സഡ് ഗെയിമിന്റെ ഭാഗമാണെന്ന് . അത് കൊണ്ട് ഏതെങ്കിലും കുട്ടി അത് കാണാതിരിക്കുന്നുണ്ടോ? ‘Willing suspension of disbelief ‘ പോലെയുള്ള വലിയ ലാവണ്യതത്വങ്ങളൊക്കെ, ഒരു ടി. വി പ്രോഗ്രാം കാണുന്നതിനു വേണ്ടി ഉള്‍ക്കൊള്ളേണ്ടി വരുന്ന കുട്ടികളുടെതിനെക്കാള്‍ എത്ര ഭേദമാണ് ,വാസ്തവമാണെന്ന് വിശ്വസിച്ചു കൊണ്ടും, അത് നമ്മുടെ പേരിലാണെന്ന് അഭിമാനിച്ചു കൊണ്ടും , മാനസികമായി അതില്‍ പങ്കുചേര്‍ന്നു കൊണ്ടും ജനാധിപത്യ ഗെയിമുകള്‍ കാണാന്‍ കഴിയുന്ന നമ്മുടെ അവസ്ഥ ! ഗുരുത്വാകര്‍ഷണത്തിന്റെ പിടിയില്‍ പെടുന്നതിന് ഒരു കഴഞ്ച് ദൂരം ,ഒരു കഴഞ്ച് നേരം മുമ്പേ ,അതിവേഗ മടക്കയാത്രയിലേക്ക് വീഴുന്ന റോളര്‍ കോസ്ററിന്റെ അത്ഭുതകരമായ സംയമനവും ,സമതുലിത ബോധവും പ്രകടിപ്പിക്കുന്നുണ്ട് ,ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയപാര്‍ട്ടി ഭിന്നതകളും ,ധ്രുവീകരണങ്ങളും. ഖജനാവ് കാക്കുന്നവരും, അത് കാക്കാനുള്ള അവസരം കാത്തിരിക്കുന്നവരും തമ്മില്‍ നടക്കുന്ന പ്രചണ്ഡമായ എല്ലാ അങ്കങ്ങളുടെയും പ്രാഥമികമായ പരിഗണന ആ അങ്കത്തട്ടിന്റെ ശാശ്വതമായ നിലനില്‍പ്പാണ്. അതിന്റെ ഉപോല്‍പ്പന്നങ്ങളായാണ് നിരന്തര വിനോദവും ഇടയ്ക്കിടെ ചില കഥാര്‍സിസുകളും നമുക്ക് കിട്ടുന്നത് . കുട്ടികൃഷ്ണമാരാരാണെന്നു തോന്നുന്നു കഥാര്‍സിസിന് വിരേചനതലം എന്ന മലയാളം തന്നത് . നന്നായി. നമുക്ക് ഇടയ്ക്കിടയ്ക്ക് സുഖവിരേചനം .

 

 

ഇത്രയും അധികം അധികപ്രസംഗം നടത്തിയത് , സര്‍ , കേരളം എന്ന സമ്പൂര്‍ണ്ണ രാഷ്ട്രീയ ദേശത്ത് നടന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണച്ചുമതല അങ്ങേയ്ക്കായത് കൊണ്ടാണ് . സത്യസന്ധനും ,നീതിനിഷ്ഠനും ,കുറ്റാന്വേഷണത്തിലെ ആധുനിക സങ്കേതങ്ങള്‍ പരിചയമുള്ളവനും എന്ന നിലയില്‍ അങ്ങയെ ഞങ്ങള്‍ക്കറിയാം . അങ്ങയുടെ മുമ്പില്‍ ഒരു ക്രൈ ഫയല്‍ ആണുള്ളത് . അത് നിര്‍വ്വഹിച്ചവര്‍ ആര് , അതിനു ഒത്താശ ചെയ്തവര്‍ ആര് , അത് പദ്ധതിയിട്ടതും ,അതിനായി ഗൂഡാലോചന നടത്തിയതും ആര് എന്നിവയൊക്കെയാണ് അങ്ങയുടെ അന്വേഷണ മേഖലകള്‍ . അക്കാര്യങ്ങളൊക്കെ ഞങ്ങള്‍ ,നാട്ടുകാര്‍ , പുറത്തറിയുന്നതിലും ഭംഗിയായും കാര്യക്ഷമമായും അങ്ങ് നടത്തി വരുന്നുണ്ട് എന്നും ഞങ്ങള്‍ക്കറിയാം. ഈ കത്ത് സാറിനെ അഭിസംബോധന ചെയ്തു തുടങ്ങിയത് ഒരു പൊതുജനശ്രദ്ധ നേടാന്‍ വേണ്ടി കൂടെയായിരുന്നു . സാറിനി ഇത് വായിച്ച് സമയം കളയണമെന്നില്ല, ഇതിന്റെ അവസാന ഭാഗം വായിച്ചാല്‍ മതി , സാറിനെ ഇനിയും അഭിസംബോധന ചെയ്തു കൊണ്ടിരിക്കുമെങ്കിലും.

കേരളത്തിന്റെ ഭരണം യു .ഡി എഫും ,എല്‍ .ഡി എഫും സ്ഥിരമായി പങ്കിട്ടെടുക്കുന്നതിനാല്‍ കേരള സമൂഹം മുഴുവന്‍ യു .ഡി .എഫ് , എല്‍ .ഡി എഫ് എന്ന് വേര്‍തിരിഞ്ഞു നില്‍ക്കുകയാണെന്ന് ഒരു ധാരണയുണ്ട് പലര്‍ക്കും . രണ്ടിനുമിടയില്‍ ഒരു ചെറിയ സ്ഥലം കൂടെ ഒഴിച്ചിടപ്പെട്ടിട്ടുണ്ട് . അതിനെ വിശേഷിപ്പിക്കാന്‍ മിക്കവാറും ഉപയോഗിക്കപ്പെടുന്ന പദങ്ങള്‍ക്ക് അശ്ലീലവാക്കുകളുടെ നിലവാരമുണ്ട് . ആര്‍ .എസ് .എസ് അഥവാ ഹിന്ദു വര്‍ഗീയവാദികള്‍ ,എന്‍ .ഡി എഫ് etc. ,അഥവാ മുസ്ലീം വര്‍ഗീയവാദികള്‍, പിന്നെ കപട ഇടതുപക്ഷം, മുന്‍ നക്സലൈറ്റുകള്‍, അരാജകവാദികള്‍ എന്നിങ്ങനെ. സാമ്രാജ്യത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ എന്ന ഒരൊറ്റ ബഹുമതി കൂടെയായാല്‍ കേരളത്തിലെ മാര്‍ക്സിസ്റ് നിഘണ്ടുവിലെ തെറിവാക്കുകള്‍ പൂര്‍ണ്ണമാവുന്നു. ഇത്തരം ഒരു അന്തരീക്ഷത്തിലിരുന്ന് വേണം, ഞങ്ങള്‍ക്ക് ,ചന്ദ്രശേഖരന്റെ വധം നീതിയുക്തമായി അന്വേഷിക്കപ്പെടണമെന്നും, സൂത്രധാരകരിലെ അവസാനകണ്ണി വരെ പിടിക്കപ്പെടണം എന്നും ആഗ്രഹിക്കാനും അതിനു വേണ്ടി മുറവിളി കൂട്ടാനും .

ഞങ്ങള്‍ക്ക്, എന്നുവെച്ചാല്‍,ഇടതുപക്ഷ പ്രവര്‍ത്തകരും, അനുഭാവികളും, സഹയാത്രികരുമായ നിശബ്ദ സഹസ്രങ്ങള്‍ക്ക് . ആധുനിക കേരളസൃഷ്ടിയില്‍ കമ്യൂണിസ്റ് പാര്‍ടി വഹിച്ച പങ്കിനെ ചൊല്ലി അഭിമാനം കൊള്ളുന്നതോടൊപ്പം ,അത് ഒരു കേവല അഭിമാന വിജൃംഭനം ആകരുതെന്നും ,അതൊരു ഉത്തരവാദിത്തബോധമായി വളരണമെന്നും വിശ്വസിക്കുന്നവര്‍. ജാതി ,മത ,തീവ്രവാദ ഭ്രാന്തുകളിലേയ്ക്ക് കേരളം മടങ്ങി പോകുന്നതിനെ ചെറുക്കാന്‍ ഇടതുപക്ഷം ഇനിയും നിലനില്‍ക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്നവര്‍ . കേരള സമൂഹത്തില്‍ സംഭവിച്ച ഇടതുപക്ഷവല്‍ക്കരണത്തിന് തെളിവായി ഇവിടുത്തെ വലതുപക്ഷ കക്ഷികളെയാണ് നോക്കേണ്ടതെന്നും ,കേരളത്തിലെ കോണ്‍ഗ്രസും ,ബി.ജെ.പി പോലും ,ഇടതുപക്ഷ സ്വാധീനത്തിന്റെ അടയാളങ്ങള്‍ പേറുന്നു എന്നും ,അതുകൊണ്ട് തന്നെ ഇടതുപക്ഷപാര്‍ടികളുടെ വലതുപക്ഷവല്‍ക്കരണത്തിനെതിരെ അതിനുള്ളില്‍ നിന്ന് തന്നെ സന്ധിയില്ലാത്ത സമരങ്ങള്‍ പൊട്ടിപ്പുറപ്പെടണമെന്നും കരുതുന്നവര്‍ .

 

 

എന്തുകൊണ്ട് ചന്ദ്രശേഖരന്‍
അനേകം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ള നമ്മുടെ നാട്ടില്‍ ചന്ദ്രശേഖരന് മാത്രം എന്താണ് പ്രത്യേകത എന്നാണ് ഇപ്പോള്‍ നിരന്തരം ചോദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് . രമയുടെ വൈധവ്യം മാത്രം ഇങ്ങനെ ഉയര്‍ത്തിക്കാട്ടുന്നത് എന്തിനെന്നും . നിഷ്ഠൂരമായ ഏതു കൊലപാതകവും ചന്ദ്രശേഖരന്റെ വധത്തെക്കാള്‍ കുറഞ്ഞ പ്രാധാന്യമുള്ളതോ, അകാലത്തില്‍ വിധവയാക്കപ്പെടുന്ന ഏതെങ്കിലും ഒരു സ്ത്രീയുടെ ദു;ഖം രമയുടെതിനെക്കാള്‍
തീവ്രത കുറഞ്ഞതോ അല്ല . പിന്നെ വ്യത്യാസം എന്താണ് ?

ആദ്യത്തെ നിര്‍ണ്ണായകമായ വ്യത്യാസം ,കൊലചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ ,കൊലയാളികളെക്കാള്‍ കൂടുതല്‍ ,കൊലയ്ക്ക് ഇരയായവന്‍ അപഹസിക്കപ്പെട്ടു എന്നതാണ് . അമ്പത്തിരണ്ടാമത്തെ വെട്ടായിരുന്നു ‘കുലംകുത്തി ‘ പ്രയോഗം . ” this was the most unkindest cut of all “. പിന്നെ വിശ്വസ്ത അനുയായികള്‍ തിരിഞ്ഞു നോക്കിയിട്ടില്ല . ഏതു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കയറിയാലും, ഭ്രാന്തും തിമിരവും ബാധിക്കാത്ത ഏതൊരാള്‍ക്കും ഈ വെട്ടുകളില്‍ ഒരു ഭാഗം നേരിട്ട് കൊണ്ട് വരാം . (രോഗിയായ അമ്മയുടെ അടുത്ത് ഇരുന്നപ്പോള്‍ , വെട്ടിനുറുക്കപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയെ ഓര്‍ത്തു പോയി എന്നെഴുതിയ ,രാഷ്ട്രീയ നിലപാടിന്റെയോ ,ഭാഷാപ്രാവീണ്യത്തിന്റെയോ പേരില്‍ അറിയപ്പെടാത്ത മോഹന്‍ലാലിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളും അത്ഭുതപ്പെടുത്തുന്നു .)

ഹൃദയം നൊന്തെഴുതിയ , രാഷ്ട്രീയമായ ഘനമുള്ള ഒരു കത്തിന്റെ പേരിലാണ് രമ ആക്രമിക്കപ്പെടുന്നത് .വീട്ടില്‍ ക്യാമറയുമായി വന്ന ഒന്നോ രണ്ടോ ചാനലുകാര്‍ക്ക് കൊടുത്ത അഭിമുഖങ്ങളും. മനസ്സില്‍ വിങ്ങുന്ന അഗ്നിപര്‍വ്വതച്ചൂടിനെ, ക്യാമറയ്ക്ക് വെളിയിലേക്ക് അര്‍ദ്ധനിശ്വാസങ്ങളില്‍ ഒതുക്കി മാറ്റി, ധീരനു ചേര്‍ന്ന ധീരയായ തോഴിയായി പറഞ്ഞ ഏതാനും വാക്കുകളെ ആദരിച്ചില്ലെങ്കിലും വെറുതെ വിടുകയെങ്കിലും ചെയ്യാമായിരുന്നു . (ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖം ) നെയ്യാറ്റിന്‍കരയിലെ യു.ഡി .എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് നോട്ടീസ് എഴുതി എന്നായി ആരോപണം . മീനാക്ഷി ടീച്ചറെ കൊണ്ട് വരെ എഴുതിക്കൊടുത്ത കത്തിനടിയില്‍ ഒപ്പു വെപ്പിച്ചു . അന്ന് രാത്രി തന്നെ അഴീക്കോടന്റെ വിധവയുടെ കാറിനു മേല്‍ കരി ഓയില്‍ ഒഴിച്ച് ഫോട്ടോ എടുത്ത് പത്രത്തിലും കൊടുത്തു .ഇന്നിപ്പോള്‍ ആര്‍ക്കും തുറന്ന കത്തെഴുതാവുന്ന ഒരു വിലാസമായി തീര്‍ന്നിട്ടുണ്ട് ചന്ദ്രശേഖരന്റെ വിധവ .

ഇതാണ് സര്‍ ,ആദ്യത്തെ കാര്യം . പാര്‍ട്ടി ,മരിച്ച ഒരാളെ ഭയപ്പെടുന്നു . രാഷ്ട്രീയ നേതൃത്വത്തിലേക്കൊന്നും വരാത്ത ,അയാളുടെ ഭാര്യയേയും ഭയപ്പെടുന്നു .അവരെ നിറം കുറച്ചു കാട്ടാന്‍ പണിപ്പെടുന്നു . എന്തിന് ?

 

 

രണ്ടാമതായി, പാര്‍ട്ടിയുടെ ഉന്നതഘടകം യോഗം ചേര്‍ന്ന് നടത്തിയ വിലയിരുത്തലാണ് സര്‍, ഞങ്ങള്‍ക്ക് അസ്വസ്ഥതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നത് . പാര്‍ലമെന്ററി ആര്‍ത്തിയായിരുന്നത്രേ ചന്ദ്രശേഖരന്. (പാര്‍ലമെന്ററി ആര്‍ത്തിയുള്ള കമ്യൂണിസ്റ്റുകാരെയൊക്കെ പാര്‍ട്ടി വെട്ടിക്കൊല്ലുമോ ?). പിന്നീടാണ് ചന്ദ്രശേഖരനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത് . എസ്.എഫ്.ഐയുടെ ഉന്നത നേതാവായിരുന്നിട്ടും ഒരു കോളേജ് യൂണിയനിലേക്ക് പോലും മത്സരിച്ചിട്ടില്ല. സി .പി. എമ്മില്‍ പ്രവര്‍ത്തിച്ച കാലത്തും ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല . പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിനു ശേഷം തന്റെ നിലപാടുകളുടെ ജനസ്വീകാര്യത തെളിയിക്കുന്നതിന് വേണ്ടി വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു . യു ഡി എഫിന് ഒരു പ്രതീക്ഷയുമില്ലാത്ത,ആ ഇടതു കോട്ടയില്‍ അവര്‍ പിന്തുണയുമായി സമീപിച്ചപ്പോള്‍ സ്വീകരിച്ചില്ല .അന്ന് ,സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്ന് എയര്‍ ഇന്ത്യയുടെ എക്സിക്യുട്ടീവ് ക്ലാസ്സില്‍ ഡല്‍ഹിക്കും ,തിരിച്ചും , ഏതെങ്കിലും ഒരു പാര്‍ലമെന്ററി സമിതിയില്‍ അംഗമാകുക വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും, സുഖവാസകേന്ദ്രങ്ങളിലെക്കും, ഇടയ്ക്ക് ചില വിദേശ നാടുകളിലേയ്ക്കും പറന്നു നടന്നേനെ ,വള്ളിക്കാട് വളവില്‍ “ആറു മുറിഞ്ഞറുപത്താറ് ഖണ്ഡമായ് , നൂറ് മുറിഞ്ഞ് നൂറ്റെട്ട് തുണ്ടമായ് ,കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറി”യപ്പെട്ട ആ ആര്‍ത്തിക്കാരന്‍ .

വടകരയില്‍ മറ്റൊരു സാധ്യത ഉണ്ടായിരുന്നു . യു .ഡി .എഫ്,സമ്മതം ചോദിക്കാതെ ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചേക്കാവുന്ന ഒരു സാഹചര്യം . “അങ്ങനെയൊരു സാഹചര്യം വന്നാല്‍” , ചന്ദ്രശേഖരന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു “ഞാന്‍ എന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് എല്‍.ഡി .എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് പിടിക്കാനിറങ്ങും “. പഴയ ഷേക്സ്പീരിയന്‍ ചരിത്ര കഥാപാത്രം സുപ്രസിദ്ധമായ ആ പ്രസംഗത്തില്‍ ചോദിച്ചത് പോലെ ” ഇതാണോ സര്‍ ,അത്യാഗ്രഹം? ഇതാണോ സര്‍ ,ആര്‍ത്തി ?”

മറ്റു കൊലപാതകങ്ങളില്‍ നിന്ന് ചന്ദ്രശേഖരന്റെ കൊലപാതകത്തെ വ്യത്യസ്തമാക്കുന്ന മൂന്നാമത്തെ ഘടകം, ഒരു പാര്‍ട്ടി മെഷിനറി മുഴുവന്‍ ആഞ്ഞുശ്രമിച്ചിട്ടും ചന്ദ്രശേഖരനെതിരെ ഒരു ആരോപണം മരണാനന്തരം പോലും കണ്ടെത്താനായില്ല എന്നതാണ് . അങ്ങനെയുണ്ടാകുമോ സര്‍ , പഞ്ചായത്ത് തലത്തില്‍ പോലും ഇന്നൊരു രാഷ്ട്രീയക്കാരന്‍ ? ഫേസ് ബുക്കില്‍ ഏതോ ഒരു സുഹൃത്ത് എഴുതിയത് പോലെ ഓര്‍ക്കാട്ടേരിയിലെ പലചരക്കുകടയില്‍ അരിസാമാനങ്ങള്‍ വാങ്ങിയ വകയില്‍ 736 രൂപ കടം ഉണ്ടായിരുന്നു എന്നെങ്കിലും ഒന്ന് കണ്ടുപിടിച്ചു കൂടായിരുന്നോ ? “ആരോ വെട്ടിക്കൊല ചെയ്യപ്പെട്ട നിലയില്‍ റോഡില്‍ കാണപ്പെട്ടു എന്ന് കേട്ടപാടേ ഒരൊഞ്ചിയംകാരന്‍ അതാദ്യം അറിയിക്കേണ്ട ആളായി ചന്ദ്രശേഖരനെയാണ് കണ്ടത്. മരിച്ചുകിടക്കുന്ന ചന്ദ്രശേഖരന്റെ മൊബൈലിലേക്ക് അയാളത് മെസ്സേജ് ചെയ്തു. ചന്ദ്രശേഖരന്റെ മൊബൈലിലേക്ക് എത്തിയ അവസാനസന്ദേശം തന്നെക്കുറിച്ചു തന്നെയുള്ള ആ സന്ദേശമായിരുന്നു.” കല്പറ്റ നാരായണന്‍ എഴുതുന്നു .”തിന്മയേക്കാള്‍, അസ്വീകാര്യതയേക്കാള്‍ നന്മയാവാം, അതിയായ സ്വീകാര്യതയാവാം അയാള്‍ക്ക് വിനയായത് ” ഞങ്ങള്‍ക്ക് അറിയേണ്ടത് ഈ നന്മ ആര്‍ക്കാണ് ഇത്ര അസഹനീയമായിരുന്നത് എന്നാണ് .

നാലാമത്തെ ഘടകം ,ചന്ദ്രശേഖരന്റെ വ്യക്തിത്വവുമായി ബന്ധമുള്ളതല്ല ,സര്‍ .ഇന്ത്യയില്‍ ഇടതുപക്ഷം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലസന്ദര്‍ഭത്തില്‍ ,ഇത്തരം ഓരോ സംഭവവും സൂക്ഷ്മവും കര്‍ക്കശവുമായ ആത്മപരിശോധനകള്‍ക്ക് വിഷയം ആകണം എന്ന ധാരണയില്‍ നിന്നാണ് ആ പ്രശ്നം ഉദിക്കുന്നത് . വെല്ലുവിളികള്‍ എന്ന് പറയുമ്പോള്‍ എം.എസ്.പിക്കാരുടെ കമ്യൂണിസ്റു വേട്ട, വിമോചനസമരം, അടിയന്തിരാവസ്ഥ എന്നീ ദുര്‍ഭൂതങ്ങളെ ചരിത്രത്തില്‍ നിന്ന് ഒളികണ്ണിട്ട് വിളിച്ചു വരുത്തി, ആക്രമണത്തിന് മുന്‍കൂര്‍ ന്യായമുണ്ടാക്കലല്ല . എകാധിപതിയും ,മുന്‍കോപക്കാരിയും ,’സ്ഥിരതയില്ലാത്തവള്‍’ എന്ന് അടുത്ത അനുയായികള്‍ വരെ സ്വകാര്യ നിമിഷങ്ങളില്‍ അത്ര സ്വകാര്യമല്ലാതെ വിശേഷിപ്പിക്കുന്നതുമായ ഒരു വ്യക്തിക്ക് വേണ്ടിയാണ് , പശ്ചിമ ബംഗാളിലെ ജനത നമ്മുടെ പാര്‍ട്ടിയെയും ,നമ്മുടെ പദ്ധതികളെയും ,നമ്മുടെ ഭരണത്തെയും ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിഞ്ഞത് എന്ന അറിവ് നല്‍കുന്ന ഞെട്ടലില്‍ നിന്ന് തുടങ്ങുന്ന ആത്മപരിശോധനയ്ക്ക് കാരണമാകാവുന്ന വെല്ലുവിളി .

ഒന്നാം കമ്യൂണിസ്റു മന്ത്രിസഭയോട് പോലും താരതമ്യം സാധ്യമാകുന്ന തരം ഭരണ നിര്‍വ്വഹണം നടത്തിയിട്ടും കഴിഞ്ഞ വി .എസ് മന്ത്രിസഭയ്ക്ക് ഒരൂഴത്തിന്റെ കൂടെ തുടര്‍ച്ച നല്‍കാന്‍ കേരള ജനത തയ്യാറാവാതിരുന്നതിനെ കുറിച്ചുള്ള ആലോചനകളിലെ സത്യസന്ധതയില്‍ തെളിഞ്ഞുവരാവുന്ന തരം വെല്ലുവിളി .നാമിതൊക്കെയും ദീര്‍ഘമായി ചര്‍ച്ച ചെയ്തു . ആത്മനിര്‍വൃതിയുടെയും ,സ്വയം ശരികളുടെയും പുതപ്പുകള്‍ പുതച്ച് , എ കെ ജി യുടെ പേരിലുള്ള മന്ദിരങ്ങളില്‍ ഇരുന്ന് ചര്‍ച്ച ചെയ്തപ്പോള്‍ “മത വര്‍ഗീയ ശക്തികള്‍ ഒത്തുകൂടുകയും , ദേശീയ ബൂര്‍ഷ്വാസിയുടെ ‘പിണിയാളുകള്‍’ അതിനു പിന്തുണ ചെയ്യുകയും ,സാമ്രാജ്യത്വം അതിന്മേല്‍ അനുഗ്രഹാശിസ്സുകള്‍ ചൊരിയുകയും ചെയ്തപ്പോള്‍ നമുക്ക് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായി ” എന്ന മട്ടിലുള്ള ശ്രീനിവാസന്‍ ഡയലോഗുകള്‍ മാത്രമാണ് ഉണ്ടായത് .

സംഘടനയുടെ ആദ്യത്തെ പരിഗണന അതിന്റെ അസ്തിത്വം ആണെന്ന് തന്നെ ഞങ്ങളും മനസ്സിലാക്കുന്നു . എന്നാല്‍ ഈ അസ്തിത്വം എന്നത് ജനങ്ങളോടുള്ള ബന്ധവും ,ജനമനസ്സിലെ സ്വീകാര്യതയും ,ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നുവെന്ന് അവരുടെ മനസ്സില്‍ ഉണ്ടാകുന്ന വിശ്വാസവും ആയിട്ടാണ് മനസ്സിലാക്കുന്നത് . സംഘടനയുടെ അസ്തിത്വം എന്നതിനെ ലോക്കല്‍ കമ്മറ്റിയുടെ മൂന്നു നില കെട്ടിടവും , സ്ഥാപനങ്ങളും ,അനുബന്ധ തൊഴില്‍ദായകശേഷിയും ,ഇതിനെയൊക്കെ തുടര്‍ന്ന് ഉണ്ടാകുന്ന ധാര്‍ഷ്ട്യവും ധിക്കാരവുമായി മനസ്സിലാക്കിയാല്‍, ഇടതുപക്ഷ ബോധത്തില്‍ വെള്ളം ചേര്‍ക്കാതെ തലയുയര്‍ത്തി നടക്കുന്നവനെ കാണുമ്പോള്‍ തട്ടിക്കളയാന്‍ തോന്നും. ഇതാണ് സംഭവിച്ചതെങ്കില്‍ , ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷത്തിലെ ഒരു churning point , ഒരു കടയല്‍ സന്ദര്‍ഭമായി , ഒരു പാട് ഇടതുപക്ഷ അനുയായികള്‍ ഇതിനെ കാണുന്നു .

സര്‍ , ഞാന്‍ ഒരു പാട് പറഞ്ഞ് സാറിനെ ബോറടിപ്പിച്ചു. ഇടതുപക്ഷ ആശയങ്ങളോട് സാറിന് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന് പോലും എനിക്കറിയില്ല . അത് വേണമെന്നുമില്ല . ഇനി പറയാന്‍ വന്ന കാര്യം പറയാം . സാറിന്റെ അന്വേഷണമൊക്കെ ഇത്രയും ഗംഭീരമായി മുന്നേറുമ്പോഴും ,അന്വേഷണത്തിന്റെ ലോജിക്കല്‍ കണ്‍ക്ലൂഷനില്‍ എത്തിപ്പെടാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ് . ആരും ,ഈ ആലോചനാക്കണ്ണിയിലെ ഏറ്റവും പുറകിലെ ആളെ (ആളുകളെ )കണ്ടുപിടിക്കാന്‍ പോകുന്നില്ല , കണ്ടുപിടിച്ചാലും അത് പറയാന്‍ പോകുന്നില്ല , പറയാന്‍ നാവെടുത്താലും അത് പറഞ്ഞ് തീര്‍ക്കാന്‍ പോകുന്നില്ല .പിടിക്കുന്ന കാര്യമൊക്കെ പോകട്ടെ .

 

 

എന്തൊക്കെയാവാം സംഭവിക്കുക ?
ഒന്ന് : പലരും പറഞ്ഞപോലെ നെയ്യാറ്റിന്‍കര പാലം, സെല്‍വരാജന്‍ ത്രിവര്‍ണ്ണ മാലയുമണിഞ്ഞ് കടന്നു കഴിയുമ്പോള്‍ ,യു .ഡി എഫിന് ന്യായമായും അവര്‍ അര്‍ഹിക്കുന്ന ഒരു ആലസ്യം വരും. ഇനി കൂടുതല്‍ ചിക്കിച്ചികഞ്ഞ് അന്വേഷിച്ച് , വല്ല കോണ്‍ഗ്രസുകാരന്റെയും പേര് വരുമോ , എന്തിനാണ് ഈ പൊല്ലാപ്പ് എന്ന് മന്ത്രിച്ചു കൊണ്ട് അവര്‍ ഉറക്കത്തിലേക്ക് വീണതായി അഭിനയിക്കും. പിന്നെ ,വിചാരിച്ച കാര്യങ്ങളൊക്കെ ഗ്രൂപ്പ് ,ജാതി ,മതം പിന്നൊരു ഹൈക്കമാണ്ടും എന്ന നിലയില്‍ പകിട എറിഞ്ഞ് ,വന്നത് പകുത്ത് ,”ദേ ..ഇനി രണ്ടു മാസം കൂടെയേ ഉള്ളൂ ” എന്ന് പി .സി ജോര്‍ജ് ലാസ്റ് വാണിംഗ് തരുമ്പോള്‍ ,അതുവരെ കിട്ടിയതുമായി അടുത്ത എല്‍ .ഡി .എഫ് സര്‍ക്കാരിനെ സ്വീകരിക്കാനുള്ള സ്വാഗതസംഘം രൂപീകരിച്ച് ,അതിന്റെ സെക്രട്ടറിയും ഖജാന്‍ജിയുമാകാന്‍ അടിവെച്ചു പിരിയും .

രണ്ട് : തീപ്പന്തമാകുമെന്ന് പറഞ്ഞത് കേട്ടല്ലോ അല്ലേ ? എം. എസ് ,പി ക്കാരുടെ വേട്ടയും ബാക്കി കഥകളും ഓര്‍മയുണ്ടാകുമല്ലോ അല്ലേ ? അടിയന്തിരാവസ്ഥ ? സാറോ ,സാറിന്റെ സഹപ്രവര്‍ത്തകരോ അവിടെ ചെല്ലും . ഒരു വെടിവെയ്പ് സാധ്യത മാനുഫാക്ചര്‍ ചെയ്യപ്പെട്ട സ്ഥലമാണെന്ന് അറിയാതെ ചെല്ലും . സാറോ, സാറിന്റെ ഏതെങ്കിലും നിര്‍ഭാഗ്യവാനായ സഹപ്രവര്‍ത്തകനോ ആ വാക്ക് പറയും “ഫയര്‍ ” . മൂന്നോ നാലോ സാധു സഖാക്കള്‍ അവിടെ വീഴും . ആ നിമിഷം തീര്‍ന്നു ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം .ആ രക്തസാക്ഷികളുടെ രക്തത്തിന് എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും മരണാനന്തരക്കിടക്കയില്‍ നിന്ന് ചന്ദ്രശേഖരന്‍ .

മൂന്ന് : സര്‍ , ഇക്കാര്യം പറയാനാണ് , ഈ കത്തിന്റെ തുടക്കത്തില്‍ ഞാന്‍ അത്രയധികം അധികപ്രസംഗം നടത്തിയത് . യു.ഡി .എഫ് അല്ലാതെ ആരാണ് സര്‍ എല്‍ .ഡി എഫിനെ ഇത്തരം വിഷമഘട്ടങ്ങളില്‍ സഹായിക്കാന്‍ ? സാറിന്റെയോ മറ്റാരുടേയെങ്കിലുമോ അന്വേഷണം ഒരു പൂര്‍വ്വനിശ്ചിതപരിധി കഴിഞ്ഞാല്‍ , ഒരു തട്ടിന് മേലേക്ക് പോയാല്‍ ഞങ്ങള്‍ ഗെയിം ലോക്ക് ചെയ്യും .റോളര്‍ കോസ്റ്ററിന്റെ അദ്ഭുതകരമായ അച്ചടക്കം കൃത്യസമയത്ത് പ്രവര്‍ത്തിക്കും . 2ജി സ്കാമിലും ,കോമണ്‍വെല്‍ത്ത് സ്കാമിലും പെരുമ്പറ കൊട്ടി അകത്തേയ്ക്ക് കൊണ്ട് പോയവരില്‍ ഒരാള്‍ പോലും ഇപ്പോള്‍ തിഹാറില്‍ ഇല്ലാത്തതും ,ഒരു വൃദ്ധന്റെ തളരാത്ത നീതിസമരം ഒന്നുകൊണ്ടു മാത്രം പൂജപ്പുര സന്ദര്‍ശനത്തിനു പോകേണ്ടിവന്നയാള്‍ ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥമായി മരുവുന്നതും അതുകൊണ്ടല്ലേ ? നമ്മെ കാണിക്കുന്ന വൈരുദ്ധ്യങ്ങളൊന്നുമല്ല വൈരുദ്ധ്യം : അവരെല്ലാം ഉള്‍പ്പെടുന്ന ഭരണവര്‍ഗവും ജനങ്ങളും തമ്മിലാണ് വൈരുദ്ധ്യം. പേരുകള്‍ പോലും പുറത്തു വരില്ല . ഞാന്‍ ആദ്യം പറഞ്ഞില്ലേ മിസ്റര്‍, ഗുരുത്വാകര്‍ഷണം പ്രകോപിപ്പിക്കുന്നത് വരെയേ കളിയുള്ളൂ എന്നും ,അതിനുള്ള ടിക്കറ്റേ നിങ്ങള്‍ വാങ്ങിയിട്ടുള്ളുവെന്നും.

അണ്ടി കോര്‍പ്പറേഷനിലേക്കോ , ചകിരി കോര്‍പ്പറേഷനിലേക്കോ ,ട്രെയിനിംഗ് ക്യാമ്പിലെക്കോ നിര്‍ബന്ധിത മാറ്റം കിട്ടി പോകുന്നതിനു മുമ്പ് , സാര്‍ അതുവരെ അറിഞ്ഞ കാര്യങ്ങള്‍ ,ഒരു പത്രസമ്മേളനം നടത്തി വിളിച്ചു പറയുക സര്‍. ഒന്നിനുമല്ല .മറ്റൊരു ക്രൈമും അതിനെ പിന്തുടര്‍ന്ന് ഉണ്ടാവില്ല . സാറിന് ഒരു പാട് നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും വിളിച്ചുപറയുക സര്‍ .സാര്‍ മുന്നും പിന്നും നോക്കാതങ്ങു പറയുക സര്‍ .

വേറൊന്നിനുമല്ല. മനസ്സില്‍ തറച്ചു വെച്ച സ്വന്തം ഛായാപടങ്ങളില്‍ നിന്ന് കുതറിയിറങ്ങാന്‍.

5 thoughts on “വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

 1. അന്പത്തിമൂന്നാമാത്തെ വെട്ടു ഒരു പോലീസുകാരന്റെ നെഞ്ചത്തേക്ക് വേണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
  അതിനു അദ്ദേഹമല്ല, ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല.
  അല്ലെങ്കില്‍ തന്നെ LDF നെ UDF അല്ലാതെ മറ്റാര് സഹായിക്കാന്‍. അഞ്ചു വര്ഷം കൂടുമ്പോള്‍ മാറി മാറി ഭരിക്കുന്ന പരസ്പര സഹായ സഹകരണ സംഘം അല്ലെ ഇവര്‍.

 2. ഉദയ് ,
  ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ പ്രസക്തി തിരിച്ചറിയാത്ത അകത്തു തന്നെയുള്ള ഒരു കൂട്ടം ഒറ്റുകാര്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ നോക്കുമ്പോള്‍ , പുറത്തു പകച്ചു നില്‍ക്കുന്ന എത്രയോ പേരുടെ ആലോചനയും ആശങ്കയും പ്രതീക്ഷയും താങ്കള്‍ നന്നായി തന്നെ പറഞ്ഞു.
  നന്ദി.
  ഒരു രാഷ്ട്രീയ ഉത്തരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ചില ദശാസന്ധികളില്‍ രാഷ്ട്രീയം അത്തരം ഉത്തരങ്ങള്‍ സ്വയം കണ്ടെത്തിയതായി കാണാമല്ലോ ചരിത്രത്തില്‍.

 3. ഒറ്റുകാര്‍, വര്‍ഗവന്ച്ചകര്‍, ശത്രുക്കള്‍,ച്ചുക്കുമരിയാത്തവര്‍, കുലംകുത്തികള്‍ എല്ലാം ഞങ്ങള്‍ തന്നെ, എന്നാലും ഈ ചെടി ഇന്ത്യയില്‍ മരമാകുകയില്ല

 4. ഉള്ളടക്കത്തോട് നൂറു ശതമാനം യോജിക്കുന്നു.
  പക്ഷെ , ഈ മലയാളി മാധ്യമങ്ങള്‍ എന്നാണു നാടു വാഴിത്ത കാലഘട്ടത്തിന്റെ ചുവയുള്ള ‘അങ്ങ് -അങ്ങുന്ന്- അങ്ങത്തെ’ വിളികള്‍ ഉപേക്ഷിക്കുക?
  നേതാവിനേയോ ഉന്നത അധികാരിയെയോ ‘മിസ്ടര്‍’ എന്ന് വിളിക്കുന്നത്‌ ഒരു പക്ഷെ ഒരു മാധ്യമ പ്രതിനിധിക്കും വായനക്കാര്‍ക്കും പരുഷമായി തോന്നും എന്നാണെങ്കില്‍ ‘താങ്കള്‍’ എന്നോ (അല്ലെങ്കില്‍ ‘സര്‍’- ‘സാര്‍’- ‘സാറ്’ എന്നോ ഒക്കെയുള്ള ) സംബോധനകള്‍ ധാരാളം അല്ലെ ?

Leave a Reply

Your email address will not be published. Required fields are marked *