ഓടി വന്നു കയറുന്ന ഓരോ സ്ത്രീയും ഞാനാണ്

അപരിചിതമായ അകലങ്ങളില്‍നിന്നും പ്രേമം പോലൊരടുപ്പമായി മാറിയ ഡല്‍ഹി മെട്രോയെക്കുറിച്ച് ,നഗരവും സ്ത്രീയും പ്രമേയമായി എഴുത്തുകാരി പ്രഭാസക്കറിയാസ് ആരംഭിക്കുന്ന കോളത്തിലെ ആദ്യ കുറിപ്പ്.

നാലുവര്‍ഷം മുന്‍പ് ഡല്‍ഹി കാണാന്‍ വന്ന നാട്ടിന്‍പുറത്തുകാരിയായ ഒരു എണ്ണതേച്ചുകുളിക്കാരിയുടെ കുതൂഹലക്കണ്ണിലൂടെ മാത്രമേ മെട്രോട്രെയിനിനെ പറ്റി പറഞ്ഞു തുടങ്ങാന്‍ പറ്റൂ. ട്രെയിന്‍ എന്നൊക്കെ പറഞ്ഞാല്‍ വലിച്ചാലോ വലിച്ചാലോ എന്ന് പ്രലോഭിപ്പിക്കുന്ന ചങ്ങലയും തലയില്‍ നിറഞ്ഞുനില്‍ക്കുന്ന കുലുക്കവും എണ്ണയില്‍ കുതിര്‍ന്ന ഏത്തയ്ക്കാബോളിയും മൂത്രം നാറുന്ന വാതിലും സ്ത്രീശരീരത്തിന്‍റെ സൂക്ഷ്മമായ രേഖപ്പെടുത്തലുകലും ചുവരെഴുത്തുകളും ഫോണ്‍ നമ്പറുകളും പാറ്റകളും പേപ്പര്‍ സോപ്പിന്റെ സോപ്പലിഞ്ഞുതീര്‍ന്ന പേപ്പറും കുപ്പിവളയിട്ട ആണ്‍കൈകളും ഭിക്ഷക്കാരു വ്യാജസീഡിക്കച്ചവടക്കാരും എല്ലാം തിങ്ങിനിറഞ്ഞ ഒരു സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്‍റ് മാത്രമായിരുന്നു അതുവരെ. ഇത് എന്തൊരു ഭൂലോകം! വെള്ളിവെളിച്ചം! തൊട്ടുമുത്താന്‍ തോന്നുന്ന തരം വൃത്തി! തിളങ്ങുന്നകണ്ണാടിക്കൊട്ടാരമായിരുന്നു ഭൂമിക്കടിയിലെ മെട്രോ സ്റ്റേഷന്‍! എന്തൊക്കെത്തരം മനുഷ്യരായിരുന്നു അതില്‍, എന്തെല്ലാം തരം വേഷങ്ങള്‍, ഹൊ! ഞാന്‍ അന്ന് ഒരുതവണ ഡല്‍ഹി മെട്രോ എന്ന വിസ്മയം കണ്ടെന്നുവരുത്തിതിരികെപ്പോയ ഒരു അപരിചിത മാത്രമായിരുന്നു. മെട്രോയും അന്ന് പുത്തനായിരുന്നു പോലും. ആകെ സെന്‍ട്രല്‍ സെക്രട്ടറിയറ്റ്‌ മുതല്‍ വിശ്വവിദ്യാലയ വരെ നീളുന്ന ഒരു ചെറിയ കളിപ്പാട്ടത്തീവണ്ടി! ഭൂമിക്കടിയിലെന്നൊക്കെ പറഞ്ഞാല്‍ എന്താ സംഭവം! ഒരു പ്രേമം പോലെ മെട്രോയോടുള്ള ബന്ധം തുടങ്ങുകയായിരുന്നു എന്നാരറിഞ്ഞു, എന്നിട്ടിപ്പോള്‍ നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും മെട്രോയും തമ്മില്‍ കുടുംബപ്രാരാബ്ദങ്ങള്‍ വരെയായി. ഞാന്‍ അതിലെ സ്ഥിരം യാത്രക്കാരി, മെട്രോ ഈ മധ്യവര്‍ഗ്ഗക്കാരിയുടെ തലസ്ഥാനജീവിതം ഉറപ്പുവരുത്ത അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അംഗവും. കാലം പോയ പോക്കും ജീവിതം മാറിയ മാറ്റവുമൊക്കെ പുല്ലുകിളിര്‍ക്കാത്ത മണ്ണുവഴി തന്നെ. ഒടുവില്‍ മൂന്നുനിറങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായിമാറിയെന്നുപറഞ്ഞാല്‍ മതിയല്ലോ, എന്നെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റു വരെ എത്തിക്കുന്ന മഞ്ഞ മെട്രോ, അവിടെ നിന്ന് ജോലിസ്ഥലം വരെ എത്തിക്കുന്ന വയലറ്റ് മെട്രോ. കയറുന്ന കമ്പാര്‍ട്ട്‌മെന്റിന്‍റെ നിറം പിങ്ക്. അതില്‍ പിന്നെ ഊഹിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലല്ലോ, പെണ്ണെന്നും പിങ്കെന്നുമൊക്കെ പറഞ്ഞാല്‍ ഒന്ന് മറ്റൊന്നോടുപമിക്കാമെന്നും മറ്റും കവി പാടിയത് നിലനില്‍ക്കുകയും നിറങ്ങളുടെയും സംസ്കാരങ്ങളുടെയും ചിഹ്നങ്ങളുടെയും ഒക്കെ ജാതിമതവര്‍ഗ്ഗവംശലിംഗഭേദങ്ങളെപ്പറ്റി ഒരു എംഫില്‍ എഴുതി ചെകിടിക്കുകയും ഒക്കെ ചെയ്തതുകൊണ്ട് തല്ക്കാലം ആ വിശകലനം ചിന്ത്യം!

ഡല്‍ഹിയുടെ വിവിധമധ്യവര്‍ഗ്ഗസഞ്ചാരവഴികളെ പരസ്പരം കുടുക്കിട്ടു പിടിച്ചും ചേര്‍ത്തു നിറുത്തിയുമൊക്കെയാണ് വിവിധ മെട്രോപാതകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ വയലറ്റ് ആണ് എന്‍റെ മധ്യവര്‍ഗ്ഗനിറം. തലസ്ഥാനത്തിന്‍റെ വ്യവസായപ്പറമ്പിലുള്ള എന്‍റെ ബഹുരാഷ്ട്രകമ്പനിയിലേയ്ക്കും
മറ്റസംഖ്യം കമ്പനികളിലേയ്ക്കും ഒട്ടനവധി പ്രാരാബ്ധക്കാരെ ചുമക്കുന്ന വയലറ്റ് കളിപ്പാട്ടം. ഈ മെട്രോ എന്നൊന്നില്ലായിരുന്നെങ്കില്‍ വിജയനും വി കെ എന്നും മുകുന്ദനും ഒക്കെ പറയുന്ന കൊണാട്ട് പ്ലേസിനും ഡിഫന്‍സ്‌ കോളനിക്കും ഹോസ്ഖാസിനും അപ്പുറം ഡല്‍ഹിയുടെ പിന്നാമ്പുറങ്ങളിലു അതിര്‍ത്തിവക്കിലുമോക്കെയുള്ള ഇത്തരം പുത്തന്‍ ജോലിയിടങ്ങളിലേയ്ക്ക് ദിവസവും യാത്ര ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ഉള്‍പ്പെടുന്ന ഒട്ടനവധി ആളുകള്‍ ചിന്തിക്കുകപോലുമില്ല. ഞങ്ങളുടെ ലേഡീസ്‌ കമ്പാര്‍ട്ടുമെന്‍റ് എന്നു പറയുന്നത് ഒരു പ്രത്യേകലോകം തന്നെയാണ്. എത്തിനോക്കുന്ന ആണത്തങ്ങളുടെ വീക്ഷണ കോണിലൂടെയല്ല എനിക്ക് ഈ ലോകത്തെ നോക്കാന്‍ കഴിയുക. ഈ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒരേ സമയം ഞാന്‍ കാഴ്ച്ചക്കാരിയും കണ്ണാടിയിലെ പ്രതിബിംബവുമായി മാറുന്നുണ്ട്. ഇതില്‍ പിന്‍സ്ട്രിപ്പ് ട്രൗസറും വെളുത്ത ഷര്‍ട്ടും ലാപ്റ്റൊപ് ബാഗും തളര്‍ന്ന കണ്ണുകളും ഒക്കെയായി ഓടിവന്നുകയറുന്ന ഓരോ സ്ത്രീയും ഞാനാണ്. പലവിധപണികള്‍ ഒതുക്കി ഓടിയലച്ചുവരുന്ന പലരുടെയും ദിവസത്തിലെ ആദ്യത്തെ നിശ്വാസം ഈ പെൺ പെട്ടകത്തിനുള്ളില്‍ ഒന്നുകാല്‍കുത്തിയതിനു ശേഷമാവും. തിരക്കെന്നുപറഞ്ഞാല്‍ എന്നും പെരുന്നാള്‍പ്പറമ്പില്‍ പെട്ടുപോയതുപോലെയാണ്. അതിനിടെ എനിക്ക് നഷ്ടപ്പെട്ട സ്ഥാവരജംഗമങ്ങള്‍ താഴെപ്പറയുന്നവയാണ്: ഭംഗിയായി വളര്‍ത്തി പരിപാലിച്ചിരുന്ന കാല്‍നഖം ഒന്ന്, വള്ളിച്ചെരിപ്പ് ഒന്ന്, തിരക്കില്‍കീറിപ്പോയ മഞ്ഞച്ചുരിദാറിന്റെ അറ്റം, കതകിനിടയില്‍ കുടുങ്ങി ചോരചത്ത വിരലിന്റെ അറ്റം ഒന്ന്, പിന്നെ ഹോസ്റ്റല്‍മുറിയും ഗവേഷണവും കൂര്‍ക്കംവലിയുമൊക്കെയായി കഴിഞ്ഞിരുന്ന കാലത്തെ ഉറക്കം, മനസമാധാനം എന്നിവ.

ദൈനംദിനവയലറ്റ്‌ ലൈന്‍ യാത്രയുടെയും ഡല്‍ഹിജീവിതത്തിന്റെയും കോര്‍പ്പറേറ്റ്‌ ജോലിയുടെയും ഒക്കെ മാസങ്ങള്‍ പിന്നിടുമ്പോള്‍ ജോലിത്തിരക്കുകള്‍ക്കും ഡല്‍ഹിജീവിതത്തിന്റെയും കാലാവസ്ഥാമാറ്റങ്ങളുടെയും സൗന്ദര്യപ്പിണക്കങ്ങള്‍ക്കൊപ്പം എന്‍റെ മുറിഹിന്ദിനാവില്‍ തിക്കിന്റെയും തിരക്കിന്റെയും തെറിയും വിളിയും കൂടി തുളുമ്പിത്തുടങ്ങുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നത് രണ്ടുകാര്യങ്ങളാണ്, ഒന്നാമത്, ഞാനും ഡല്‍ഹിമെട്രോയും ഒരു കുടുംബമായിമാറി, പിന്നെ ഞാനും ഒരു ഡല്‍ഹിക്കാരിയായി മാറി! പാവ, തെര്മോസ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ അപരിചിതവസ്തുക്കള്‍ ബോംബ്‌ ആവാം, തിക്കും തിരക്കും ഉണ്ടാക്കാന്‍ പാടില്ല, അടുത്ത സ്റ്റേഷന്‍ മോഹന്‍ എസ്റ്റേറ്റ്‌ ആണ്, വാതില്‍ ഇടതുവശത്ത് തുറക്കും. പ്ലീസ്‌

മൈന്‍ഡ് ദ ഗ്യാപ്‌!

when you share, you share an opinion
Posted by on Sep 4 2011. Filed under പ്രഭ സക്കറിയാസ്. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “ഓടി വന്നു കയറുന്ന ഓരോ സ്ത്രീയും ഞാനാണ്”

  1. dhanasumod

    മാറുന്ന ഡല്‍ഹി യില്‍ നിന്നും ജനിക്കുന്ന നല്ല നിരീക്ഷണം congrats prabha വലിച്ചാലോ വലിച്ചാലോ എന്ന് പ്രലോഭിപ്പിക്കുന്ന ചങ്ങല എന്ന പ്രയോഗം ഏറെ ഇഷ്ടമായി എനിക്കും വലിക്കണമെന്ന് പലതവണ തോന്നിയിട്ടുണ്ട്

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers