എന്നും വാവയായ ഒരാള്‍

അങ്ങനെ ഒരു തുലാവര്‍ഷ രാത്രിയില്‍ ഉമ്മറത്തിണ്ണയിലിരുനു ഊഴം കാക്കേ ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു വാവക്ക് . വാവ അതില്‍ കിടന്ന് കൈവിരലുണ്ടും , കാലുകള്‍ പിണച്ച് വച്ചും മയങ്ങി. ഉറങ്ങിയ കുട്ടിയെ ഉണര്‍ത്താതെ ദൈവം ഇറയത്തേക്ക് തന്നെ വീണ്ടും ഇറക്കി കിടത്തി-അത്ര സാധാരണമല്ലാത്ത ഒരു നാട്ടുജീവിതം പകര്‍ത്തുന്നു, ഉമ രാജീവ്

 

 

ആരായിരിക്കും വാവയെന്നാദ്യം അവനെ വിളിച്ചിട്ടുണ്ടാവുക? എല്ലാകൊല്ലവും മഴയും വെയിലും മഞ്ഞും എന്നപോലെ വയറ്റില്‍ നിന്നൊരു കുട്ടിയും എന്നു കരുതുന്ന ആ അച്ഛനമ്മാര്‍ ലാളിച്ച് വിളിച്ചതാവാന്‍വഴിയില്ല. അച്ഛനും അമ്മയും മൂത്തവരും പണിക്കുപോവുമ്പോള്‍ പ്രാപ്തിയുള്ള ഒരെണ്ണത്തിനെ ഏല്‍പ്പിച്ചു പോയപ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ കൊഞ്ചിച്ചു വിളിച്ചിരിക്കാം ‘എന്റെ വാവേ’ എന്ന്. എന്തായാലും ദേശത്തിന്റെ ചരിത്രത്തില്‍ ഒരു വാവ കൂടിയായി. എന്നും വാവയാവാന്‍ ഒരാള്‍.

തറവാട്ടിലെ തെങ്ങുകയറ്റം എന്ന ചെറിയ ഒരുത്സവപ്രതീതിയുള്ള സംഭവത്തോടനുബന്ധിച്ചാണ് വാവയെ ഞാന്‍ കാണുന്നത്. വലിയ കുട്ടയില്‍ പെണ്ണുങ്ങള്‍
തേങ്ങ കൊണ്ടന്നിട്ടിട്ടു പോവുന്നു, പതുക്കെ പതുക്കെ ആ തേങ്ങയുടെ കൂമ്പാരം വലുതാവുന്നു. അവരുടെ അടുത്തു ചെന്നാല്‍ തെങ്ങിന്റെ കൊതിപ്പിക്കുന്ന ഒരു മണം ഉണ്ടായിരുന്നു.എല്ലാം കഴിഞ്ഞ് വെയിലാറി തുടങ്ങിയാല്‍ ഓലയില്‍ നഖമമര്‍ത്തിയുണ്ടാക്കിയ കണക്കുമായി വാവ വരും , പുറകില്‍ തൂക്കിയിട്ട തിളങ്ങുന്ന കത്തി. പിന്നെ തേങ്ങ എണ്ണലാണ്.

ഇരു കൈ കൊണ്ടും കാലിന്നടിയില്‍ കൂടി തേങ്ങ എണ്ണിമാറ്റും. ഒന്ന് ഒന്ന് ഒന്നേ … രണ്ട് രണ്ട് രണ്ടേ.. എന്നിങ്ങനെ ജോഡികളായാണ് തേങ്ങ എണ്ണിതിട്ടപ്പെടുത്താറ്. ഒരിക്കലും ഒഴിയാത്ത പാല്‍ഗ്ലാസും പിടിച്ച് ഊണുമുറിയിലെ ജനാലയിലൂടെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. അമ്മ അന്ന് പേടിപ്പിക്കാന്‍ കൂട്ടു വിളിച്ചത് വാവയെയാണ്. ‘ഉമക്കൊച്ചേ വേഗം പാലുകുടിച്ചേ’ -ആ ഒറ്റ വരിയില്‍ , നിമിഷത്തില്‍ എന്റെ പാല്‍ഗ്ലാസ് കാലി.

ഉമ രാജീവ്


ആ മുഖത്ത് ഒരു തരി ഗൌരവവും ഉണ്ടായിരുന്നില്ല . വാവ എന്ന പേരിന് ശരിക്കും ചേരുന്ന മുഖം. ഒരു പക്ഷേ, പുറകില്‍ തൂക്കിയിട്ട ആ വാക്കത്തിയാവാം എന്നെ പേടിപ്പിച്ചത്. എണ്ണി തീര്‍ന്ന തേങ്ങയുടെ കണക്ക് അവിടെ മണ്ണില്‍ എഴുതിയിട്ടു, വാവ. എന്നിട്ടെന്നോട് പറഞ്ഞു- ‘നാളെ ഞാന്‍ വന്നു നോക്കുമ്പോള്‍ ഇതിവിടെ കാണണോട്ടാ… ‘

ഞാനതു ശരിക്കും വിശ്വസിച്ചു പിറ്റേദിവസം രാവിലെ എണീറ്റ വഴി അതുണ്ടോ എന്നറിയാന്‍ കിഴക്കോറ്ത്തെ ഇറയത്തേക്കോടി . ചൂല്‍പാട് നിറഞ്ഞ് മനോഹരമായ മുറ്റത്തേക്ക് ഞാന്‍ നിസ്സഹായായി നോക്കി നിന്നു. പത്തുകൊല്ലം മാത്രം കഴിഞ്ഞെങ്കിലും തെങ്ങുകയറ്റവും കൊയ്ത്തുമെല്ലാം ഓര്‍മ്മമാത്രമായി. റേഷന്‍ കടയിലെ അരിയും പൈസ കൊടുത്തു മേടിക്കുന്ന നാളികേരവുമായി ഒറ്റമുറി വാടകവീട്ടിലേക്ക് ജീവിതം മാറി.

 

 

വഴിയില്‍ കാണാം വാവയെ, തെങ്ങുകയറുന്ന മുളയും വെട്ടുകത്തിയുമായി. ഇടക്ക് സ്റ്റോപ്പില്‍. രണ്ട് ആടുകളുണ്ടായിരുന്നു വാവക്ക്. അതിനെ മേയ്ക്കാന്‍ കൊണ്ടു നടക്കലാണ് വാവയിലെ വേറിട്ട മനുഷ്യനെ ആദ്യമെന്റെ ശ്രദ്ധയില്‍ കൊരുത്തത്. ആടുകളെ മോളേ എന്നാണ് വിളിക്കുക. എവിടെ നിന്നു
കിട്ടിയെന്നറിയില്ല, ഇംഗ്ലീഷിലായിരുന്നു ആടുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍. ലെഫ്റ്റ് , റൈറ്റ്, നൊ നൊ , എന്നിങ്ങനെ.

സ്വയം പരിഹാസപാത്രമാവുമായിരുന്നു എങ്കിലും വാവ വാവ തന്നെയായി അവശേഷിച്ചു, ജീവിതം മുഴുവനും . കഞ്ഞിയും കറിയും വച്ചു കളിക്കാന്‍ ഒരു കളിവീട്
വാവയും ഒരുക്കി . എങ്കിലും പുരമേഞ്ഞു തീരും മുമ്പേ ഒരു നട്ടുച്ചക്ക് വാവ കിടപ്പിലായി.

തെങ്ങില്‍ നിന്ന് വീഴുകയായിരുന്നു. ആ വീഴ്ച്ചയില്‍ വാവ ഒന്നു കൂടി കുഞ്ഞായി, കൂട്ടുകാരി അമ്മയായി. മലന്നു കിടന്ന് , കൈകുത്തിയെഴുന്നേറ്റ്, ഇരുന്ന്
മുട്ടുകുത്തി, പിടിച്ചുനടന്ന് …ഒരു കാല്‍ കുത്തി വിറയ്ക്കുന്ന മറ്റേകാല്‍ വലിച്ച് വച്ച് വാവ ജീവിതത്തിലേക്ക് നടന്ന് കയറി.എന്നാല്‍ ശരീരത്തില്‍ അവശേഷിച്ചിരുന്ന പുരുഷത്വം അതോടെ ഇല്ലാതായി. മുഖത്തിനു ചേരുന്ന നിഷ്കളങ്ക ശരീരമായി. മനസ്സും ശരീരവും അന്യോന്യം ആളി .

സദാചാരപൊലീസുകാര്‍ അന്നത്ര സജീവമായിരുന്നില്ലെങ്കിലും പൊലീസ് നായ്ക്കള്‍ ധാരാളം ഉണ്ടായിരുന്നു ഓരോ ഇരുട്ടു വീണ ഇടവഴികളിലും, അവയുടെ
മുരള്‍ച്ചയും മോങ്ങലും കുരക്കലും. അവ ഡീകോഡ് ചെയ്യാന്‍ സ്പെഷ്യല്‍ ഉദ്യോഗസ്ഥന്‍മാരും. പാതിരാത്രിക്ക് സ്വന്തം വീട്ടിലെ അടുക്കളപ്പുറത്തും ആട്ടിന്‍
കൂട്ടിലും ഉറക്കമില്ലാതെ പരതുന്ന വാവ. ഇറയത്ത് വെറുതെ ചിരിച്ചിരിക്കുന്ന , ഏതൊക്കെയൊ പാട്ടുകള്‍ പാടി പാടി, അകമൊഴിയാന്‍, കട്ടിലിന്റെ അരികൊഴിയാന്‍ കാത്തിരിക്കുന്ന വാവ.

അങ്ങനെ ഒരു തുലാവര്‍ഷ രാത്രിയില്‍ ഉമ്മറത്തിണ്ണയിലിരുനു ഊഴം കാക്കേ ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു വാവക്ക് . വാവ അതില്‍ കിടന്ന് കൈവിരലുണ്ടും , കാലുകള്‍ പിണച്ച് വച്ചും മയങ്ങി. ഉറങ്ങിയ കുട്ടിയെ ഉണര്‍ത്താതെ ദൈവം ഇറയത്തേക്ക് തന്നെ വീണ്ടും ഇറക്കി കിടത്തി.

12 thoughts on “എന്നും വാവയായ ഒരാള്‍

 1. കൊള്ളാം, ഉമ, നന്നായിട്ടു വരച്ചിട്ടുണ്ട്, വാവയെ

 2. ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു

 3. എന്നും വാവ ആയിരിക്കാനും , വാവാവോ പാടാനും , ചിലര്‍ക്കേ കഴിയൂ .. .. നിഷ്കളങ്ങര്‍ക്ക്.. അങ്ങിനെ ഉള്ളവര്‍ കുറഞ്ഞുവരുന്ന സമൂഹത്തില്‍
  ഇത്തരം കഥകള്‍ നൊമ്പരമുനര്തുന്നത് തന്നെ … വാവ മാര്‍ കുറഞ്ഞു വരികയും .. പലതിലേക്കും വാ വാ എന്ന് വിളിക്കുന്നവര്‍ കൂടിവരികയും ചെയ്യുന്ന
  ഈ കാലത്ത്, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇത്തരം കഥകള്‍ തികച്ചും ആസ്വാദ്യ കരം തന്നെ.. അഭിനന്ദനങ്ങള്‍ …

 4. കുട്ടിക്കാലം നിറയെ ഇത്തരം കഥകള്‍ .. നന്നായി പറഞ്ഞു , ഉമ. സച്ചിദാ .

 5. നന്നായി കഥ പറയുന്ന രീതി (എങ്കിലും ഇത്ര അതിഭാവുകത്വമെന്തിനെന്നു ചോദിക്കാതെ വയ്യ)

 6. ഒരു തുലാവര്‍ഷ രാത്രിയില്‍ ഉമ്മറത്തിണ്ണയിലിരുനു ഊഴം കാക്കേ ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു വാവക്ക് . വാവ അതില്‍ കിടന്ന് കൈവിരലുണ്ടും , കാലുകള്‍ പിണച്ച് വച്ചും മയങ്ങി. ഉറങ്ങിയ കുട്ടിയെ ഉണര്‍ത്താതെ ദൈവം ഇറയത്തേക്ക് തന്നെ വീണ്ടും ഇറക്കി കിടത്തി..
  touching..;)

Leave a Reply

Your email address will not be published. Required fields are marked *