സമസ്തഭാരതം പി.ഒ ധര്‍മപുരാണം

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ-ഒ.വി വിജയന്റെ ധര്‍മപുരാണവും നമ്മുടെ കാലവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് ചന്ദ്രകാന്തന്‍ എഴുതുന്നു

 


അടിയന്തിരാവസ്ഥക്കാലത്തെ ഭാരതത്തെക്കുറിച്ചുള്ള അന്യാപദേശകഥയാണ് ധര്‍മ്മപുരാണം എന്നൊരു ശ്രുതിയുണ്ട്. പക്ഷേ അത് മുഴുവന്‍ ലോകജനതയുടെയും സര്‍വ്വകാലജീവചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണെന്നതാണ് സത്യം. ഒ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട്, ധര്‍മ്മപുരിയുടെ ആശയം മനസ്സിലുണര്‍ന്നത് 1972ല്‍ ആണെന്നും 74 ആയപ്പോഴേയ്ക്കും നോവല്‍ ഏകദേശം എഴുതിത്തീര്‍ത്തിരുന്നു എന്നും.

ചന്ദ്രകാന്തന്‍

അടിയന്തിരാവസ്ഥ ഭാരതത്തെ ഗ്രസിച്ചത് അതിനുശേഷമാണ്, അതായത് 1974ല്‍ മാത്രമാണെന്നതുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ധര്‍മ്മപുരാണത്തിന്റെ സാര്‍വ്വകാലികസാര്‍വ്വദേശീയസ്വത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും.
ലോകത്തിന്റെ, പ്രത്യേകിച്ച് മൂന്നാം ലോകത്തിന്റെ സമ്പൂര്‍ണ്ണമാതൃകയായ ധര്‍മ്മപുരിയുടെ സമകാലീനഭാരതീയോദാഹരണങ്ങള്‍ ചിലത് കണ്ടപ്പോള്‍ അവയെക്കുറിച്ചെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കുവതെങ്ങിനെ?

 

ധര്‍മപുരാണം: ആദ്യ പേജ്

ധര്‍മപുരിയില്‍ തീപ്പൊരി ഭരണം
യുപിഎ സര്‍ക്കാര്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രജാപതിയപ്പന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍സിംഗ് പറയുന്നു ഭാരതം വന്‍ സാമ്പത്തികവളര്‍ച്ചയിലാണ്, ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ തീപ്പൊരി ഭരണമായിരിക്കുമെന്ന് (അപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷം?). ദാരിദ്യ്രം കുറഞ്ഞു, കാര്‍ഷികവളര്‍ച്ച കൂടി, ഭക്ഷ്യോല്പാദനം സര്‍വ്വകാലറിക്കാഡ് ഭേദിച്ചു, വന്‍ വ്യാവസായിക വളര്‍ച്ച, വിദേശനിക്ഷേപങ്ങളുടെ കുത്തൊഴുക്ക്. കേള്‍ക്കുന്ന ഏതൊരാള്‍ക്കും അടിമുടി കോരിത്തരിക്കുന്ന ഭരണനേട്ടങ്ങള്‍ !

ജനം പുളകിതരായി. ഏത് ജനങ്ങള്‍ ? ദാരിദ്ര്യരേഖ താഴ്ത്തിയതുമൂലം ദരിദ്രരല്ലാതായിത്തീര്‍ന്ന പട്ടിണിജനങ്ങളോ? ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ട അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുവാനായി പണ്ടെങ്ങോ ഏതോ സര്‍ക്കാര്‍ സൃഷ്ടിച്ച റേഷന്‍ കടകളില്‍ റേഷന്‍ സമ്പ്രദായം തകര്‍ന്നതറിയാതെ ക്യൂനിന്ന് ഒന്നുംകിട്ടാതെ മടങ്ങുന്ന സാധാരണജനങ്ങളോ? വൈദ്യുതിയില്ലെങ്കില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ച്, ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ട് നിരാശരാവുന്ന പാവപ്പെട്ട ബാലജനങ്ങളോ? സാമ്പത്തികവളര്‍ച്ചയുടെ ഔന്നത്യത്തില്‍ പട്ടിണികിടന്നാലും സാരമില്ല, പ്രജാപതിയുടെ പ്രസാദമാണ് വിലക്കയറ്റമെന്ന് സമാധാനിക്കുന്ന പാവം പാവം ജനകോടികളോ? ധര്‍മ്മപുരിയില്‍ , ശാന്തിഗ്രാമത്തില്‍ പ്രജാപതി തൂറിക്കൊണ്ടേയിരിക്കുന്നു. പ്രജകള്‍ തീട്ടം തിന്നുകൊണ്ടുമിരിക്കുന്നു!

 

കാര്‍ട്ടൂണ്‍: ഗോപീകൃഷ്ണന്‍ COURTESY: Mathrubhumi

എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം
യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയകാലം പെട്രോള്‍ വില 35 രൂപയ്ക്ക് താഴെയായിരുന്നു. ഈ എട്ടുവര്‍ഷം കൊണ്ട് അത് 75ന് മുകളിലേയ്ക്ക് കടക്കുന്നു. വളര്‍ച്ചാനിരക്കില്‍ അഭിനവധര്‍മ്മപുരിയ്ക്ക് അഭിമാനിക്കാം; സര്‍വ്വകാലറിക്കാഡാണ്! ധര്‍മ്മപുരിയിലെ രസകരമായ കാഴ്ച, അധ്യാത്മകക്ഷിനേതാക്കളെല്ലാം ഇതിനെ അപലപിക്കുന്നു എന്നുള്ളതാണ്. ഈ എണ്ണ വില താങ്ങാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും കേരളത്തിലിരുന്ന് വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും എണ്ണവിഷയത്തില്‍ മാത്രമുള്ള പ്രജാപതിയുടെ ഈ ദാരിദ്യ്രം നമ്മള്‍ മനസ്സിലാക്കണമെന്ന അലിവൂറുന്ന, കണ്ണ് നിറയിക്കുന്ന ഉപദേശവുമുണ്ട് ഒപ്പം. ഉപതിരഞ്ഞെടുപ്പ് വന്ന് മൂക്കത്തിരിക്കുമ്പോ പിന്നെങ്ങനെ പ്രതികരിക്കാനാണ് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന ഗതികേടിലിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാത്മര്‍ ! അല്ലേ?

സമഷ്ടിവാദികള്‍ അധ്യാത്മരേക്കാള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഏതായാലും ഇത്തവണ ഹര്‍ത്താല്‍ എന്ന് പറയപ്പെടുന്ന വണ്‍ഡേ മാച്ചില്‍ ഒതുക്കില്ല പരിപാടികള്‍ എന്നാണ് കോമ്രേഡ് പ്രകാശന്‍ പറഞ്ഞിരിക്കുന്നത്. വിലകുറയ്ക്കുന്നത് വരേയ്ക്കും സമരമത്രേ! നല്ലത്. പക്ഷേ ഒന്നുണ്ട്. ലിറ്ററിന് ഒരുകാലത്തുമില്ലാത്തതുപോലെ എട്ടുരൂപയോളം കൂട്ടിയപ്പോള്‍ തന്നെ അതില്‍ മൂന്ന് രൂപ കുറയ്ക്കുവാനുള്ളതാണെന്നുള്ള കാര്യം പ്രജകള്‍ക്കെല്ലാം അറിയാം എന്നത് അധ്യാത്മരെപ്പോലെ സമഷ്ടിവാദികളും മറക്കരുത്. എണ്ണക്കമ്പനികളുടെ നഷ്ടം നഷ്ടമല്ലെന്നും അത് കൊള്ളലാഭമാണെന്നും പ്രജകള്‍ക്ക് നന്നായറിയാം. അതുകൊണ്ട് എട്ടുരൂപ കൂട്ടി മൂന്ന് രൂപ കുറയ്ക്കുന്ന നാടകം പ്രജാപതി അവസാനിപ്പിക്കുമ്പോഴേയ്ക്ക് വായും പൂട്ടി അടങ്ങിക്കിടക്കുവാതിരിക്കാനുള്ള ചങ്കൂറ്റം സമഷ്ടിവാദികള്‍ക്ക് ഉണ്ടായിരിക്കണം സഖാവേ! കൊള്ള ഭാഗികമായല്ല, പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് യഥാര്‍ഥ സമഷ്ടിവാദവും ശാകുന്തളവും!

പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പുറമേ ഡീസലിനും ഗ്യാസിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടാന്‍ വിലക്കയറ്റോത്സവം പ്രമാണിച്ച് തീരുമാനമായിട്ടുണ്ട്. ഇത്രകാലം തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണക്കമ്പനികളുടെ പട്ടിണിവായ പ്ലാസ്ററുവെച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. മനോഹരമായ വിശദീകരണം! അപ്പോള്‍ പ്രജാപതിക്കും കുഞ്ഞുങ്ങള്‍ക്കുമറിയാം; കാട്ടിക്കൂട്ടുന്നത് ശുദ്ധജനദ്രോഹമാണെന്നും ഇലക്ഷന് തൊട്ടുമുന്‍പ് എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാല്‍ പ്രജകള്‍ വോട്ട് മാറ്റിക്കുത്തുമെന്നും! അതുകൊണ്ടാണ് അവര്‍ ഇലക്ഷന്‍ കഴിഞ്ഞ് പിറ്റേന്ന് വിലകൂട്ടുന്നത്. അതാവുമ്പോള്‍ അടുത്ത ഇലക്ഷന് കാലതാമസമുണ്ടല്ലോ. “ഷോര്‍ട്ട് ടേം മെമ്മറി ലോസ്” എന്ന രോഗത്തിന്റെ അസ്കിതയുള്ള ധര്‍മ്മപുരി ജനത അടുത്ത ഇലക്ഷനാവുമ്പോഴേയ്ക്ക് ഇതെല്ലാം മറന്നുപൊയ്ക്കൊള്ളുമെന്നും അവര്‍ പ്രജാപതിക്കാട്ടം പിന്നെയും തിന്നുകൊള്ളുമെന്നും പ്രജാപതിയ്ക്ക് നന്നായറിയാം.

 

കാര്‍ട്ടൂണ്‍ സുരേന്ദ്ര COURTESY: THE HINDU

അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെ!
വംഗദേശത്താകട്ടെ സമഷ്ടിവാദികളുടെ 34 വര്‍ഷത്തെ യാതൊരു പ്രയോജനവുമില്ലാത്ത ഭരണം അവസാനിപ്പിച്ച് പുല്ലുപോലൊരു പഴയ കോണ്‍ഗ്രസ്സുകാരി അധികാരത്തിലെത്തി. എത്തിച്ചതാണ് ജനങ്ങള്‍ എന്നുപറയുന്നതാണ് കൂടുതല്‍ ശരി. ഒരു അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ജനങ്ങള്‍ ശ്രമിച്ച് നോക്കിയതാണ്. അധികാരം കിട്ടിയശേഷം പക്ഷേ വംഗദേശത്തിന്റെ സിമ്പിള്‍ വുമണിന് ജനങ്ങളോട് എന്തെങ്കിലും മമത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്യ്രം നിഷേധിച്ചും സര്‍ക്കാറിനോട് മമത കുറവുള്ള പത്രങ്ങള്‍ നിരോധിച്ചും ജനകീയസമരങ്ങള്‍ കൊതുകിനെ തല്ലുന്ന ലാഘവത്തോടെ അടിച്ചമര്‍ത്തിയും വിദ്യാര്‍ഥികളെ ഒരു രസത്തിന് മാവോയിസ്റ് ചാപ്പ കുത്തിയും അടിയന്തിരാവസ്ഥയ്ക്ക് പ്രതിസന്ധിയ്ക്ക് തുല്യമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ബംഗാളില്‍ മമത. ഫാസിസമെന്താണെന്ന് ഇപ്പോള്‍ വംഗദേശത്തിന് കുറച്ചുകൂടി നന്നായി മനസ്സിലാകുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും അധ്യാത്മര്‍ എപ്പോഴും അധ്യാത്മര്‍ തന്നെയാണല്ലോ!

 

കാര്‍ട്ടൂണ്‍: ഗോപീകൃഷ്ണന്‍ COURTESY: Mathrubhumi

അമ്പത്തൊന്ന് വെട്ടുകള്‍
മലനാട്ടിലാകട്ടെ ഒന്നും രണ്ടുമല്ല, അമ്പത്തൊന്ന് വെട്ടാണ് ജനങ്ങളുടെ നെറുകംതലയില്‍ ഏറ്റത്. മലനാടിന്റെ സാംസ്ക്കാരികമാനവീയപുരോഗതിയുടെ ജിഹ്വയായ അക്ഷരമാലയില്‍ അമ്പത്തൊന്ന് അക്ഷരങ്ങളാണെന്നത് അവഗണിക്കാനാവാത്ത യാദൃശ്ചികത. സമഷ്ടിവാദികളാണ് പ്രതിക്കൂട്ടില്‍ . സഖാക്കള്‍ അറസ്റിലാകുമ്പോള്‍ വേവുന്നത് വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കാണുന്ന ഒരു സമ്പൂര്‍ണജനതയാണ്, അവരുടെ നെഞ്ചകങ്ങളാണ്. വരികള്‍ക്കിടയില്‍ വായിക്കുവാന്‍ കഴിവുള്ളവരെന്ന് സ്വയം അഭിമാനിച്ചിരുന്ന യുവപ്രജകള്‍ സമഷ്ടിവാദികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ വെറും തമാശകളായാണ് ആദ്യമൊക്കെ കണ്ടത്. കാരണം തങ്ങള്‍ ബുദ്ധിജീവികളാണെങ്കില്‍ സമഷ്ടിവാദിനേതാക്കള്‍ അതിബുദ്ധിജീവികള്‍ ആണെന്നാണ് എല്ലാ ചിന്തിക്കുന്ന ധര്‍മ്മപുരിക്കാന്റെയും വിശ്വസം. ആ വിശ്വാസത്തിന് ആവോളം വളമിട്ടിരുന്നു കൊലനടന്നയുടന്‍ “അസാധാരണമായ” ആവേശം പ്രകടിപ്പിച്ച അധ്യാത്മരും മുഖ്യമന്ത്രിയുമൊക്കെ. പക്ഷേ ആ വിശ്വാസം ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയേക്കാള്‍ കഷ്ടസ്ഥിതിയിലാണ്. ഇപ്പോഴും ചിത്രം പൂര്‍ണമായി വ്യക്തമായിട്ടില്ല; പക്ഷേ സാഹചര്യത്തെളിവുകളെല്ലാം സമഷ്ടിവാദികളുടെ നേരെ നീളുമ്പോള്‍ , ഇപ്പോഴേ ഞാന്‍ പറയാം, പോലീസിന്റെ വാമൊഴി ശരിയാണെങ്കില്‍ സഖാക്കളേ, തകരുന്നത് ഒരു ജനതയുടെ സങ്കല്‍പ്പവിശ്വാസങ്ങളുടെ ഏഴുനിലമാളികയാണ്.

ഇതിന് മുന്‍പും കക്ഷികള്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചോരയ്ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. സാഹചര്യങ്ങള്‍ അതിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ “അസാധാരണമായ” സാമൂഹികപ്രതിബദ്ധത (ആസന്നതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലാണെങ്കിലും) ഈ രക്തസാക്ഷിത്വത്തെ ഇതുവരെയുണ്ടായ എല്ലാ രക്തസാക്ഷിത്വങ്ങളില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കൊലയ്ക്കുശേഷം ഇത്രനാളായും തുടരുന്ന ഈ സാമൂഹികപ്രതിബദ്ധതയ്ക്ക് വണക്കം! (ഒരു ചെന്നായച്ചൂര് അടിക്കുന്നുണ്ടോ മൂക്കിലേയ്ക്ക്?)

 

കാര്‍ട്ടൂണ്‍:::: ഒ.വി. വിജയന്‍

120 കോടിയുടെ ആധി!
കുറ്റാന്വേഷണവാര്‍ത്തകളുടെ പെരുക്കത്തില്‍ കണ്ട മറ്റൊരു കാര്യം പക്ഷേ ചിന്തയെ ഉണര്‍ത്തുന്നുണ്ട്. എണ്ണ വില, ഭാരതത്തിലെ 120 കോടിയില്‍പ്പരം ജനങ്ങളെയും ഭീകരമായി ബാധിക്കുന്ന, ഭാരതത്തിന്റെ ദേശീയജീവിതച്ചെലവ് വീണ്ടും ദുരിതപൂര്‍ണമാംവിധം ഏറ്റുന്ന എണ്ണവിലയുടെ വാര്‍ത്ത കോട്ടയം അച്ചായന്റെ പത്രത്തില്‍ മുന്‍പേജിലെ ഒന്നരയിഞ്ച് വീതിയില്‍ പരന്ന് കിടന്ന ഒരു റോ വാര്‍ത്തയിലൊതുങ്ങി. പിന്നെ നടുപേജില്‍ മുഖ്യന്റെയും അധ്യാത്മനേതാവിന്റെയും ഓരോ ചെറിയ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന ചെറിയൊരു രണ്ടുകോളം ബോക്സിലും. എഡിറ്റോറിയല്‍പേജുള്‍പ്പെടെ സമസ്തപുറങ്ങളും ഇപ്പോഴും സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകാന്വേഷണത്തിലാണ്. (എഡിജിപിയെക്കാള്‍ മുന്‍പേ അച്ചായന്റെ കുഞ്ഞുങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്). ആയ്ക്കോട്ടെ. കുറ്റകൃത്യങ്ങള്‍ക്കെതിരെ മാധ്യമജാഗ്രത നല്ലതാണ്. പക്ഷേ ഒരേയൊരു സംശയമുള്ളത്, 120 കോടി ജനങ്ങളുടെയും ആധിയ്ക്ക് ഇന്ന് ഈ ദിവസം ബൃഹത്തായ 20 പേജ് പത്രത്തില്‍ ഈ ചെറിയ സ്ഥലത്തിന്റെ മാത്രം അവകാശമേയുള്ളോ എന്നാണ്! പടിഞ്ഞാറന്‍ തരിശുവാര്‍ത്തയുടെ ധര്‍മ്മപുരിപ്പതിപ്പില്‍ ഈ ദേശീയദുരന്തത്തിന് ഇത്രയേ ഇടമുള്ളു എന്നോര്‍ത്ത് പ്രജകള്‍ക്ക് സമാധാനിക്കാം.

 

കാര്‍ട്ടൂണ്‍: ഒ.വി. വിജയന്‍

നെയ്യാറ്റിലെ ചൂണ്ട
ഇനിയൊരു തമാശ പ്രധാനസമഷ്ടിവാദിയുടെ സ്ഥാപകനേതാവായ, മലനാട് പ്രതിപക്ഷനേതാവിന്റെ മകനെതിരെയുള്ള അഴിമതിയന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കണ്ടത്തില്‍ മാപ്ലയുടെ പത്രത്തില്‍ പറയുന്നത് കാര്യം അരുണ്മോന്റെ നിയമനം അഴിമതിയാണെങ്കിലും അഛന്‍ ഇപ്പോള്‍ സ്വന്തം കക്ഷിനേതാവിനെതിരെ ശക്തമായി റോക്കറ്റ് വിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ,ഉപതിരഞ്ഞെടുപ്പില്‍ സമഷ്ടിവാദമുപേക്ഷിച്ച് മറുകണ്ടംചാടിയ പരേതാത്മാവിന്റെ വിജയത്തിന് ആ റോക്കറ്റുകള്‍ നല്‍കുന്ന ആവേഗസാധ്യതകള്‍ കണക്കിലെടുത്ത്, ഭരണകക്ഷിക്കാര്‍ തമ്മില്‍ അരുണ്മോന്റെ അഴിമതി തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കുവാന്‍ ധാരണയായിരിക്കുന്നുവെന്ന്. ഭരണകൂടത്തിന്റെ ഉദാരസമീപനം എന്ന് പറയുന്ന പ്രതിഭാസം ഇതായിരിക്കുമല്ലേ? എത്ര സുന്ദരമായ നിയമവാഴ്ച! ഇത്രനാള്‍ കൊടികെട്ടിയ ആരോപണങ്ങളും അന്വേഷണങ്ങളുമായിരുന്നു. ഇപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുകളെല്ലാം തല്‍ക്കാലം അട്ടത്തിരിക്കട്ടെ എന്ന്! അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് വെട്ടിത്തുറന്ന് പറയാന്‍ നെയ്യാറ്റില്‍ ചൂണ്ടയിട്ടിരിക്കുന്ന അധ്യാത്മന്മാര്‍ തയ്യാറായില്ലെങ്കില്‍ കുലത്തില്‍വെച്ച് തലങ്ങും വിലങ്ങും കുത്തേറ്റുകൊണ്ടിരിക്കുന്ന സമഷ്ടിവാദികള്‍ തന്നെ വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

പ്രധാനസമഷ്ടിവാദികക്ഷിയുടെ സ്ഥാപകനേതാവാണെങ്കിലും പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം കാട്ടുന്ന പുന്നപ്രവയലാര്‍ വിപ്ലവസേനാനിയോട് സമഷ്ടിവാദത്തിന്റെ അടിത്തറ പൊളിച്ചുകൊണ്ടിരിക്കുന്ന അഭിനവസ്റാലിന്മാരുടെ മുഷ്ക്കിന്റെ പേരില്‍ നമുക്ക് ക്ഷമിക്കാം. തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *